പേരറിയാത്തവർ
എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരത്തിനർഹനായ നടനാണ് സുരാജ് വെഞ്ഞാറമൂട്.. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന
സർക്കാരിൻ്റെ മികച്ച നടനുള്ള പുരസ്ക്കാരം നേടിയ നടനാണ് വിനായകൻ.... മാത്രമല്ല സമീപകാലത്ത്
പ്രകടനം കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തുന്ന രണ്ട് നടന്മാരാണ് ഈ രണ്ടുപേരും..ഇവർ
രണ്ടും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമ എന്നതാണ് ഈ തെക്ക് വടക്ക് എന്ന സിനിമയുടെ
പ്രധാന ഹൈലൈറ്റ്..ബാക്കി എല്ലാ കാര്യങ്ങളും മറന്നേക്കൂ....ഇവർ രണ്ടുപേരും
തമ്മിലുള്ള കോംമ്പോ.. ഇവരുടെ മത്സരിച്ചുള്ള പ്രകടനം.. അത് ആസ്വദിക്കാൻ മാത്രം
ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം..
ശങ്കുണ്ണി
എന്ന അരി മിൽ ഉടമയായിട്ടാണ് സുരാജ് വെഞ്ഞാറമ്മൂട്
അഭിനയിക്കുന്നത്....മാധവൻ
എന്ന ഇലക്ട്രിസിറ്റി ബോർഡ് എഞ്ചിനിയറായിരുന്ന കഥാപാത്രമായി വിനായകനും....ഈ രണ്ടു കഥാപാത്രങ്ങളും ഈ രണ്ട് നടന്മാരുടെ കൈകളിൽ ഭദ്രമാണ് എന്നത് മാത്രമല്ല ഈ
നടന്മാരുടെ മുൻപുള്ള പ്രകടനങ്ങളിൽ നിന്നൊക്കെ.. നമ്മൾ കണ്ടു ശീലിച്ച പ്രകടങ്ങളിൽ
നിന്നൊക്കെ തികച്ചും വ്യത്യസ്തമായ ഒരു അനുഭവം കാണികൾക്ക് സമ്മാനിക്കുന്നു ഈ
സിനിമ. ഈ രണ്ടു നടന്മാർ ചേർന്ന് ഈ സിനിമയുടെ മറ്റെല്ലാ ഘടകങ്ങളെയും നിഷ്പ്രഭമാക്കി
എന്ന് പറയാതിരിക്കാൻ നിർവാഹമില്ല..
ശങ്കുണ്ണിയും മാധവനും ബാല്യകാലം മുതൽ അയൽവാസികളും
സഹപാഠികളും സുഹൃത്തുക്കളുമെല്ലാമാണ്.. ഈ സൌഹൃദം
നിലനില്ക്കുമ്പോൾ തന്നെ ശങ്കുണ്ണിയ്ക്കും മാധവനും ഇടയിൽ ഒരു വൈരുദ്ധ്യം കൂടി
മുളപൊട്ടുന്നുണ്ട്. അത് ബാല്യത്തിൽ എപ്പോഴോ സംഭവിച്ച ഒരു സംഭവത്തിൽ നിന്ന് വളർന്നതാണ് ആ വൈരുദ്ധ്യം.. ആ വൈരുദ്ധ്യം ക്രമേണ വളർന്നു വൈരാഗ്യമായി മാറി പിന്നീട് അതൊരു
കോടതി വ്യവഹാരമായി വീർപ്പുമുട്ടി പൊട്ടിത്തെറിക്കാൻ നിൽക്കുന്ന സാഹചര്യത്തിലാണ്
തെക്ക് വടക്ക് എന്ന സിനിമ ആരംഭിക്കുന്നത്..
ഈ സിനിമയുടെ ഒന്നാം പകുതി വിനായകൻ കൈകാര്യം ചെയ്യുന്ന
മാധവന്റെ കൈകളിലും രണ്ടാം പകുതി സുരാജ് വെഞ്ഞാറമ്മൂട് കൈകാര്യം ചെയ്യുന്ന
ശങ്കുണ്ണിയുടെ കൈകളിലുമാണ്....ജയിലറിന്
ശേഷം വിനായകൻ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. വലിയ
വേഷപ്പകർച്ചയോടെയാണ് വിനായകനെത്തുന്നത്. കഷണ്ടിയും നരച്ച കൊമ്പൻ മീശയുമായി
പെട്ടെന്ന് തിരിച്ചറിയാത്ത ഭാവഭേദമാണ് വിനായകന്റേത്. ഗെറ്റപ്പിൽ മാത്രമല്ല നടത്തയിലും ചിരിയിലും ഡയലോഗ് ഡെലിവറിയിലും പുകവലിയിലും
കള്ള് കുടിയിലുമെല്ലാം മറ്റൊരു വിനായകനെ വിനായകൻ സ്വയം സൃഷ്ടിച്ചു.... കഥയ്ക്കോ
തിരക്കഥയ്ക്കോ വിനായകൻ എന്ന നടനെ ഒന്നും ചെയ്യാനാകില്ല എന്ന് തെളിയിക്കുന്നതാണ് ഈ
സിനിമയിലെ കഥാപാത്രം.. വിനായകന്റെ പ്രകടനം കണ്ട് തിരക്കഥപോലും കണ്ണ് തള്ളി
ഇരിക്കുന്നത് പലടത്തും നമുക്ക് അനുഭവപ്പെടും....ഒന്നാം പകുതിയിൽ ഈ സിനിമയെ തൂക്കി
നിർത്തുന്നത് വിനായകൻ ഒറ്റയ്ക്ക് തന്നെയാണെന്ന് പറയാം....ഒന്നാം പകുതിയിലെ കസകസ എന്ന് തുടങ്ങുന്ന ഗാനവും അതിന്റെ
ചിത്രീകരണവും സിനിമയ്ക്ക് കൂടുതൽ വാണിജ്യമൂല്യം നല്കാൻ സഹായിക്കുന്നുണ്ട്..ഒന്നാം
പകുതിയിൽ കോടതിയാണ് ഒരു പ്രധാന ലാൻഡിങ് പ്ലേയ്സ്.. എന്നാൽ കോടതി ഒരിക്കലും
സിനിമയിൽ കാണിക്കുന്നില്ല.. കോടതിയുടെ പരിസരവും ചില വക്കീൽ ഓഫീസുകളും എല്ലാം
കാണിച്ചു കോടതിയെയും കോടതി വ്യവഹാരങ്ങളെയും നമുക്ക് അനുഭവപ്പെടുത്തി സംവിധായകൻ..
അത് ഒരു പുതിയ അനുഭവമായി തോന്നി. രണ്ടുപേർ തമ്മിലുള്ള
തർക്കത്തിൽ യാതൊരു രക്ഷയുമില്ലാതെ കോടതിയിൽ പോകുന്നതും, പിന്നീട് ജീവിതത്തിൽ
നിന്നും ഒഴിവാക്കാൻ കഴിയാത്ത ഇടമായി കോടതി മാറുന്നതും നമ്മളെ ഫീൽ ചെയ്യിക്കുന്നുണ്ട് ഈ
സിനിമയിലെ സുരാജ് അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ഡയലോഗുകൾ..നരയും
പല്ലിലെ പ്രത്യേകതയും സുരാജിനേയും വേറിട്ടു നിർത്തുന്നു.
അഞ്ജന ഫിലിപ്പിൻ്റെ ഉടമസ്ഥതയിലുള്ള അഞ്ജനാ ടാക്കീസും പ്രശസ്ത സംവിധായകൻ വി.എ. ശ്രീകുമാറിൻ്റെ ഉടമസ്ഥതയിലുള്ള വാർസ് സ്റ്റുഡിയോസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വിനായകനും സുരാജ് വെഞ്ഞാറമ്മൂടിനുമൊപ്പം നിരവധി സോഷ്യൽ മീഡിയ താരങ്ങൾ ഒന്നിക്കുന്ന സിനിമകൂടിയാണ് തെക്ക് വടക്ക്. ശങ്കുണ്ണിയുടെ സഹായിയായ പെട്ടി എന്ന പേരിൽ അറിയപ്പെടുന്ന കഥാപാത്രമായി ഷമീർ ഖാൻ,മാധവന്റെ സഹായിയായ മാധവൻ ഫ്രണ്ട് എന്ന് വിളിക്കുന്ന കഥാപാത്രമായി മെൽവിൻ ജി ബാബു തുടങ്ങി ഒരു നല്ല താര നിരയുണ്ട് സിനിമയിൽ. കോട്ടയം രമേഷ്, നന്ദിനി, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ, മനോജ് തുടങ്ങി നൂറോളം അഭിനേതാക്കൾ ചിത്രത്തിലുണ്ട്.
മ്യൂസിക്: സാം സിഎസ്, ഡിഒപി: സുരേഷ് രാജൻ, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ: റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യൂം: ആയിഷ സഫീർ, മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, ശബ്ദ മിശ്രണം: അജിത് എ ജോർജ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ശബ്ദലേഖനം: നിധിൻ ലൂക്കോസ്, കാസ്റ്റിങ് ഡയറക്ടർ: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ: സജി ജോസഫ്, ഫിനാൻസ് കൺട്രോളർ: അനിൽ ആമ്പല്ലൂർ, ഡിസൈൻ: പുഷ് 360- തുടങ്ങിയവരാണ് അണിയറയിൽ.
ഫാർസ് ഫിലിം ആണ് ഗ്ലോബൽ റിലീസ് ചെയ്യുന്നത്. ശ്രീപ്രിയയുടെ സഹകരണത്തിൽ കേരളത്തിലും റിലീസ് ചെയ്യും. തിങ്ക് മ്യൂസിക്കിലൂടെ നാല് ഗാനങ്ങൾ ആസ്വാദകരിലെത്തും.
3 അഭിപ്രായങ്ങള്‍
തെക്കുവടക്ക് സിനിമയുടെ വിശദമായ വിവരണം ഗംഭീരംമാഷേ...
മറുപടിഇല്ലാതാക്കൂആകർഷണീയം....
സിനിമയെ കുറിച്ചും അതുല്യ നടന്മാരായ വിനായകനേയും
സുരാജ് വെഞ്ഞാറമ്മൂടി നെയും കുറിച്ചുള്ള ഒരു സംക്ഷിപ്ത വിവരണവും കിട്ടി... പടം വരട്ടെ കാണുന്നുണ്ട് ..ആശംസകൾ..അനുമോദനങ്ങൾ വിനു.... ❤️
ഈ വായന സിനിമ കാണാനുള്ള പ്രചോദനം ആയല്ലോ .... എന്തായാലും കാണണം. നല്ല അവതരണം സാർ... 🌹
മറുപടിഇല്ലാതാക്കൂആശംസകൾ 🌹🌹🌹🌹🌹
ആദ്യം തന്നെ ഹരീഷ്,വിനായകൻ എന്നിവരോട് ഒരു പഥ്യവും ഇല്ലാത്ത ആളാണ് ഞാൻ എന്ന് പറയട്ടെ.വിനായകനും സുരാജും അഭിനയ കല അറിയുന്നവർ തന്നെയാണ്.എങ്കിലും വിനായകൻ എൻ്റെ good books il ഇല്ലെന്ന് തന്നെ പറയാം..വിനോദിൻ്റെ ഈ വിവരണം,സിനിമ മുഷിപ്പ് ഇല്ലാതെ കണ്ടിരിക്കാം എന്ന് പറഞ്ഞു..മനോഹരമായ അവതരണം.ആശംസകൾ.വിനോദ്
മറുപടിഇല്ലാതാക്കൂ