Ticker

6/recent/ticker-posts

"അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍......."

 "അരികിൽ  നീ ഉണ്ടായിരുന്നെങ്കിൽ......."

അരികിൽ നീ
മലയാളം എഴുതാനോ വായിക്കാനോ അറിയാത്ത മലയാളികൾ പോലും ജീവിതത്തിൽ  ഒരിക്കലെങ്കിലും ഈ വരികൾ  ഇങ്ങനെ മൂളിയിട്ടുണ്ടാകും.''അരികിൽ  നീ ഉണ്ടായിരുന്നെങ്കിൽ.....''ഏറ്റവും പ്രചാരമുള്ള ന്യൂ ജനറേഷന് ചാറ്റിങ് വാചകങ്ങളിൽ  ഒന്നാണല്ലോ I miss you എന്നത് . അതിന്റെ  കാവ്യാത്മകമായ പരിഭാഷതന്നെയാണ് "അരികിൽ  നീ ഉണ്ടായിരുന്നെങ്കിൽ....." . ഇത് എഴുതിയത് ആരാണെന്നോ എന്തിനുവേണ്ടി എഴുതിയെന്നോ അറിയാതെയാണ് ഈ വരികൾ  പലപ്പോഴും പലരും മൂളുന്നത് .

''അരികിൽ  നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ,
ഒരു മാത്ര വെറുതേ നിനച്ചുപോയി......''
ഇതാണ് ആ ഗാനത്തിന്റെ തുടക്കം. എൺപത്തിയേഴിൽ  ജേസി സംവിധാനം ചെയ്ത ഒരു സിനിമയിൽ  ഒ. എൻ.  വി. കുറുപ്പ് എഴുതി ദേവരാജൻ  സംഗീതം നിർവ്വഹിച്ച ഈ ഗാനത്തിനും ഈ സിനിമയ്ക്കും സിനിമയുടേതല്ലാത്ത  മറ്റ് ചില കഥകൾ  പറയാനുണ്ട്. ആ കഥകളിൽ  രണ്ടുപേർ  നായകന്മാരാണ്. അത് ഒ. എൻ. വി, ദേവരാജൻ  സൗഹൃദം തന്നെയാണ്.  ആ കഥയിലേക്ക് വരുന്നതിന് മുൻപ്  ഒരു ചെറിയ മുഖവുര ആവശ്യമാണ്.

ഒ. എൻ. വി യും ദേവരാജനും ബാല്യം മുതൽ  തന്നെ സുഹൃത്തുക്കളാണ്.
രണ്ടുപേരുടെയും സാഹിത്യ- സംഗീത യാത്രയിൽ  അവർ രണ്ടും പരസ്പരം വല്ലാതെ കടപ്പെട്ടിട്ടുണ്ട്. ജാതിയും മതവും തൊട്ടുതീണ്ടലും,  അതിനേക്കാൾ  കൂടുതൽ വേർതിരിവുകളും ഉണ്ടായിരുന്ന ഒരു കാലത്തുപോലും  ഒ. എൻ. വി യുടെ വീട്ടിൽ മേശപ്പുറത്ത്  ഇരുന്ന് ഭക്ഷണം കഴിക്കാനും, അവിടെ അന്തിയുറങ്ങാനും, അവകാശം ഉണ്ടായിരുന്ന ഒരേയൊരു സ്നേഹിതനായിരുന്നു ദേവരാജൻ. ഒ. എൻ. വി , കവി എന്ന നിലയിൽ  വളർന്നപ്പോൾ ആ വരികളിൽ  തൊട്ട് വിരൽ പിടിച്ച് ദേവരാജനും വളർന്നു. 

ലളിതഗാനത്തിന്റെയും പിന്നീട് നാടകഗാനത്തിന്റെയും ചലച്ചിത്രഗാനത്തിന്റെയും പടികൾ  ദേവരാജൻ ചവുട്ടിക്കയറിയത് ഒ. എൻ. വി യുടെ വരികളിലൂടെയാണ്. ഒ. എൻ. വി യുടെ വരികൾക്ക് അപ്പുറം ദേവരാജന് സംഗീതവും ദേവരാജന്റെ സൗഹൃദത്തിനപ്പുറം ഒ. എൻ. വിക്ക് മറ്റൊരു സൗഹൃദവും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണല്ലോ അവർ  കൂടി നട്ടുനനച്ച് വളർത്തിയ KPAC എന്ന മഹാപ്രസ്ഥാനത്തിൽ നിന്നും ദേവരാജൻ ഒരിക്കൽ പടിയിറങ്ങിയപ്പോൾ ഒ. എൻ. വിയും ഒപ്പം ഇറങ്ങിയത്. ആ പടിയിറക്കമാണ് പിന്നീട് കാളിദാസകലാകേന്ദ്രം എന്ന നാടകസമതിക്കും,
''വരിക ഗന്ധർവ്വഗായകാ വീണ്ടും
വരിക കാതോർത്തു നില്ക്കുന്നു കാലം....'' എന്ന ഗാനത്തിന്റെ പിറവിക്കും കാരണമായത്.


ഒ. എൻ. വി യുടെയും ദേവരാജന്റെയും സൗഹൃദം വെറും സൗഹൃദം ആയിരുന്നില്ല. പരസ്പരം പങ്കുവെയ്ക്കാത്ത ഒരു രഹസ്യങ്ങളും അവർക്ക് ഉണ്ടായിരുന്നില്ല. ഒ. എൻ. വി യുടെ പ്രണയം പോലും ആദ്യം അറിഞ്ഞത് ദേവരാജനാണ്. ദേവരാജന്റെ ജീവിതസഖിയെ കണ്ടെത്താൻ കാരണമായത് ഒ. എൻ. വി യുടെ ഗാനവും. അങ്ങനെ കവിതയും സംഗീതവും കൊണ്ട് പരസ്പരം ഇഴയടുപ്പിച്ച ഇവരുടെ സൗഹൃദം അതിന്റെ ഏറ്റവും ഉയരത്തിൽ‍ നില്ക്കുമ്പോൾ അതിൽ‍ അറിഞ്ഞോ അറിയാതെയോ ഒരു തീപ്പൊരി വീണു. അവർ  രണ്ടുപേരും പരസ്പരം പിരിഞ്ഞു... 

കാരണം എന്തായിരുന്നു എന്നത് ആരോടും  അവർ പറഞ്ഞില്ല. പലരും പല രീതിയിൽ വ്യാഖ്യാനിച്ചു. വീണ്ടും അവർ അടുക്കാതിരിക്കാനും പലരും പരിശ്രമിച്ചു. നീണ്ട പതിമൂന്നു വർഷം ഒ. എൻ. വി ദേവരാജൻ  ടീം മലയാളത്തിൽ ഉണ്ടായിരുന്നില്ല. മലയാള ചലച്ചിത്രസ്നേഹികൾക്ക് അത് ഒരു വലിയ വേദനയും മലയാള ചലച്ചിത്രസംഗീത ശാഖയ്ക്ക് അതൊരു വലിയ നഷ്ടവുമായിരുന്നു.  പരസ്പരം കാണാതെയും മിണ്ടാതെയും അകന്നുപോയ രണ്ടു സൗഹൃദങ്ങളുടെ ഹൃദയബന്ധം കീറി മുറിഞ്ഞപ്പോൾ ചോര പോലും വാർന്നു ഒഴുകിയിരിക്കാം. ഈ സംഭവത്തെക്കുറിച്ച് ഒ. എൻ. വി തന്നെ ഒരിക്കൽ ഇങ്ങനെ എഴുതി..  ''ജീവിതത്തിന്റെ പുസ്തകത്തിലെ ഒരു അച്ചടിത്തെറ്റ്.....'' ആ തെറ്റിന്റെ കാലം അങ്ങനെ പതിമൂന്ന് വർഷങ്ങൾ കടന്നുപോയി. മലയാള സിനിമ അങ്ങനെ ഒരു പൊന്നരിവാൾ  അമ്പിളിയുടെ ടീം പോലും മറന്നു.

ആ കാലത്താണ് കെ.കെ.സുധാകരൻ എഴുതിയ ഒരു കഥയ്ക്ക്  ജോൺ പോൾ തിരക്കഥ എഴുതി ജേസി സംവിധാനം ചെയ്യുന്ന സിനിമയുടെ ആലോചന നടക്കുന്നത്. സിനിമയ്ക്ക്  എന്ത് പേരിടണം എന്നത് ഒരു ആദ്യത്തെ ആലോചന ആയപ്പോൾ ജേസിയുടെ മനസിൽ ഓടിയെത്തിയത് ഒ. എൻ. വി യുടെ പ്രശസ്തമായ ഒരു കവിതയാണ്. ആ കവിതയുടെ പേര് "നിശാഗന്ധി നീയെത്രധന്യ" എന്നാണ്.

''നിഴൽപാമ്പുകൾ  കണ്ണുകാണാതെ നീന്തും നിലാവിൽ 
നിരാലംബശോകങ്ങൾതൻ  കണ്ണുനീർപ്പൂക്കൾ 
കൺചിമ്മി നില്ക്കുന്ന രാവിൽ 
നിശാഗന്ധി നീയേതദൃശ്യപ്രകാശത്തെ
നിന്നുള്ളിലൂതിത്തെളിക്കാനൊരേനിൽപ്പ് നിന്നൂ.
നിലാവും കൊതിക്കും മൃദുത്വം നിനക്കാരു തന്നു......
നിശാഗന്ധി നീ എത്ര ധന്യ.......''
എന്ന് തുടങ്ങുന്ന ഒ. എൻ. വിയുടെ കവിതയിലെ വരികളിൽ  നിന്നുമാണ്
സിനിമയുടെ പേര് ജേസി കണ്ടെത്തിയത്. അതാണ് ''നീയെത്ര ധന്യ'' എന്ന സിനിമയുടെ പിറവി.


സിനിമയുടെ ഗാനങ്ങളെക്കുറിച്ച് ആലോചിച്ചപ്പോൾ അതിൽ അഞ്ച് ഗാനമുഹൂർത്തങ്ങൾ ആണ് ഉള്ളത്. അത് എഴുതാൻ ഒ. എൻ. വി യെത്തന്നെ തീരുമാനിച്ചു. ഇ‌നി തീരുമാനിക്കേണ്ടത് സംഗീതം ആരാണ് എന്ന് മാത്രം. ജേസിയുടെ മനസിൽ അപ്പോൾ തെളിഞ്ഞത് പൊന്നരിവാൾ അമ്പിളിയാണ്.

പതിമൂന്ന് വർഷമായി അജ്ഞാതകാരണത്തിൽ പിണങ്ങിക്കഴിയുന്ന ഒ. എൻ. വി, ദേവരാജൻ ടീമിനെ ഒരുമിപ്പിക്കാൻതന്നെ ജേസി തീരുമാനിച്ചു. രണ്ടുപേരോടും സംസാരിച്ചു. രണ്ടുപേരും തയ്യാറാകുകയും ചെയ്തു. അങ്ങനെ നീണ്ട പിണക്കം തീർത്തു രണ്ട് സൗഹൃദങ്ങളും ഒന്നായി മാറുന്ന സിനിമയായി ''നീ എത്ര ധന്യ'' മാറി. സത്യത്തിൽ മലയാള സിനിമയാണ് അവിടെ ധന്യമായത്. ഈ ഒന്നാകലിനെക്കുറിച്ച് ഒ. എൻ. വി എഴുതിയത് ഇങ്ങനെയാണ്.
''ആ അച്ചടിത്തെറ്റ് അങ്ങനെ ഞങ്ങൾ  തിരുത്തി.......''

സിനിമയ്ക്ക്  ആവശ്യമായ അഞ്ച് പാട്ടുകളിൽ മൂന്നെണ്ണം എഴുതി പൂർത്തിയാക്കിയിട്ടാണ് ഒ. എൻ. വി ദേവരാജനെ നേരിൽ കാണുന്നത് പോലും. നാലാമത്തെ ഗാനം നീയെത്ര ധന്യ എന്ന ഒ. എൻ. വി യുടെ കവിതയിലെ കുറച്ചു വരികൾ എടുത്ത് ഉപയോഗിച്ചു. അതാണ്
''നിശാഗന്ധി നീയെത്ര ധന്യ
നിനക്കുള്ളതെല്ലാം എടുക്കാൻ കൊതിക്കും
നിശാവാദമോടിക്കിതച്ചെത്തിനിന്ന് 
പട്ടുചേലാഞ്ചലത്തിൽ പിടിക്കേ
പട്ടുചേലാഞ്ചലത്തിൽ പിടിക്കെ
കരം കൂപ്പിയേകാഗ്രമായ്‌
ശാന്തം..  നിശ്ശബ്ദമായ്‌
ധീരമേതൊരു നിർവ്വാണ മന്ത്രം ജപിച്ചൂ
നിലാവസ്തമിച്ചു
മിഴിച്ചെപ്പടച്ചു
സനിശ്വാസമാഹംസഗാനം നിലച്ചു
നിശാഗന്ധി നീയെത്ര ധന്യ
നിശാഗന്ധി നീയെത്ര ധന്യ....''


ഈ സിനിമയിലെ മിക്കവാറും എല്ലാ ഗാനങ്ങളും കവിതകൾ  തന്നെയായിരുന്നു. മറ്റൊരു ഗാനം ഇതാണ്.
''ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു
പൂവിന്റെ ജന്മം കൊതിച്ചു
ഒരുവരുമറിയാതെ വന്നു - മണ്ണിൽ
ഒരു നിശാഗന്ധിയായ്‌ കൺ തുറന്നു...''


ദേവരാജനെ നേരിൽ കണ്ട ശേഷമാണ് ഒ. എൻ. വി അഞ്ചാമത്തെ ഗാനം
എഴുതുന്നത്. വർഷങ്ങളുടെ നീണ്ട മാനസികമായ അകലം ഉണ്ടാക്കിയ സംഘർഷം ആ രണ്ട് മനസുകളിലും അലയടിക്കുന്നുണ്ടായിരിക്കാം. അധികമൊന്നും സംസാരിക്കാതെ ഗാനത്തിന്റെ ആദ്യത്തെ നാലുവരികൾ  ഒ. എൻ. വി മനോഹരമായ അക്ഷരത്തിൽ എഴുതി ദേവരാജനെ ഏൽപ്പിച്ചു.
അത് ഇങ്ങനെ ആയിരുന്നു.


''അരികിൽ  നീ ഉണ്ടായിരുന്നെങ്കിൽ  ...
അരികിൽ  നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ 
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി...''


പ്രണയാതുരനായ നായകകാമുകൻ  നായികയെ കാണുമ്പോൾ മനസിൽ 
വിചാരിക്കുന്ന വരികളാണ് അവിടെ ഗാനമായി വരേണ്ടത്. എന്നാൽ ഈ വരികളിൽ  പ്രണയഭാവം കുറവായിരുന്നു എന്നത് സത്യമാണ്. കാരണം ഇതു ഒരു പ്രവാസിയുടെ വേദനയാകാം. സ്വന്തം അമ്മയെക്കുറിച്ചോ, അല്ലെങ്കിൽ അടുത്ത സുഹൃത്തിനെക്കുറിച്ചോ, ആകാം. വരികളിൽ നിറഞ്ഞു നിൽക്കുന്നത് നഷ്ടസൗഹൃദം തന്നെ എന്ന് വ്യക്തം. അതൊരു പ്രധാന കുറവായപ്പോൾ അടുത്ത ചില വരികൾ കൊണ്ട് പ്രശ്നം ഒ. എൻ. വി പരിഹരിച്ചു.


''മുറ്റത്തു ഞാൻ നട്ട ചെമ്പകത്തൈയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളിൽ 
സ്നിഗ്ദ്ധമാം ആരുടെയോ മുടിച്ചാർത്തിലെൻ 
മുഗ്ദ്ധസങ്കല്പ്പം തലോടി നിൽക്കെ
എതോ പുരാതന പ്രേമകഥയിലെ
ഗീതികളെന്നിൽ ചിറകടിക്കേ
ഗീതികളെന്നിൽ ചിറകടിക്കേ
ഒരു മാത്ര വെറുതെ നിനച്ചു പോയി...''


എഴുത്ത് പൂർത്തിയാക്കി ഒ. എൻ. വി മടങ്ങുമ്പോൾ ആദ്യത്തെ വരികളുടെ ശരിയായ വികാരം നന്നായി മനസിലാക്കിയ ദേവരാജൻ  മൌനമായി ഏറെ നേരം ഇരുന്നു....വീട്ടിലെത്തിയ ഒ. എൻ. വി ഭാര്യയോട് മാത്രം അത് തുറന്നു പറഞ്ഞു.
"അരികിൽ  നീ ഉണ്ടായിരുന്നെങ്കിൽ  എന്ന് എഴുതുമ്പോൾ  എന്റെ മനസിൽ പ്രിയ സ്നേഹിതൻ  ദേവരാജൻ  മാത്രമായിരുന്നു... " 
ആ സൗഹൃദത്തിന്റെ ശക്തിയും സൗന്ദര്യവും ആ വരികൾക്ക് ഇപ്പോഴും ഉണ്ട്. അത് ഒരു പ്രണയഗാനം മാത്രമല്ല. ശരിയായ സൗഹൃദത്തിന്റെ എന്നത്തേയും പ്രസക്തമായ അവതരണഗാനം
കൂടിയാണ്.
അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ..

വർഷങ്ങൾക്ക് ശേഷം, ദേവരാജന്റെ മരണശേഷം ഒ. എൻ. വി എഴുതിയ ‍ഓർമ്മക്കുറിപ്പ്പുസ്തകമായപ്പോൾ അതിന്റെ പേര്  "അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ.. " എന്നാണ്.
എനിക്കും നിങ്ങൾക്കും  പരസ്പരം  ഓർക്കാൻ ഒരു നല്ല സൗഹൃദം ഉണ്ടെങ്കിൽ തീർച്ചയായും നമ്മൾ  മനസിൽ  ഒരിക്കലെങ്കിലും പറഞ്ഞിട്ടുണ്ടാകും ഈ വരികൾ......

അതുതന്നെ ഞാൻ  നിന്നോടും ഉറക്കെ പറയുന്നു.....
"അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ .......'' 

എം. എസ്. വിനോദ് 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

8 അഭിപ്രായങ്ങള്‍

  1. ആ പാട്ടു മൂളാത്തവർ ഉണ്ടൊ? മനോഹരമായ എഴുത്ത് 👌👌👌

    മറുപടിഇല്ലാതാക്കൂ
  2. ആത്മാർത്ഥ സുഹൃത്ത് മായി പിരിഞ്ഞതും വീണ്ടും തെറ്റുകൾ തിരുത്തി സുഹൃത്തുക്കൾ ആയതും മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് എന്നും ഓർത്തിരിക്കാൻ ഗാനം സമ്മാനിച്ചത് ,വളരെ സുന്ദരമായ അവതരണം..ആശംസകൾ വിനോദ്..പതിവുപോലെ മനോഹരമായ ശൈലിയിൽ എഴുതി

    മറുപടിഇല്ലാതാക്കൂ
  3. ഒഎൻവി ദേവരാജൻ ടീമിൻറെ ഈ ഗാനം മറക്കില്ല
    നന്നായി അവതരിപ്പിച്ചു

    മറുപടിഇല്ലാതാക്കൂ
  4. എന്നും ഇഷ്ടമുള്ള ഗാനം. ഒരു കാമുകൻ തൻ്റെ കാമുകിയെ എത്ര മേൽ സ്നേഹിക്കുകയും ,ഓർക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെന്ന് തെളിയിച്ച ഗാനം . സാറിൻ്റെ എഴുത്ത് വളരെ മനോഹരമായി❤️

    മറുപടിഇല്ലാതാക്കൂ
  5. അതെ അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാനും ഒരുമാത്ര നിനച്ചു പോകുന്നു.നമ്മൾ പ്രിയ സൗഹൃദങ്ങളെ കുറിച്ചോർക്കുമ്പോൾ മനസ്സിൽ അറിയാതെ തന്നെ മൂളിപ്പോകുന്നു. എന്നെന്നും ആത്മാർഥ സൗഹൃദങ്ങൾക്ക് ഒരു പ്രണയ ഗാനം. നല്ലെഴുത്ത്. ആശംസകൾ മാഷേ സ്നേഹാദരങ്ങൾ ❤️❤️🥰

    മറുപടിഇല്ലാതാക്കൂ
  6. സാർ, ഇങ്ങനെയൊരു കഥ ഇതിന് പിന്നിൽ ഉണ്ടായിരുന്നോ, ഇത് പുതിയ അറിവാണ്.
    സൗഹൃദം ഒരു സമ്പത്ത് തന്നെയാണ്. അരികിൽ നീയുണ്ടായിരുന്നെങ്കിൽ..... ഏറെ ഇഷ്ടപ്പെട്ട ഗാനമാണ്... ഒ എൻ വി സാറിന്റെയും ദേവരാജൻ മാഷിന്റെയും ഇത്രമേൽ ആഴത്തിലുള്ള സൗഹൃദം വായിച്ചപ്പോൾ സന്തോഷം തോന്നി.... ഇനി ഈ ഗാനം കേൾക്കുമ്പോൾ അതായിരിക്കും ഓർമ്മയിൽ വരിക. മനസിലുള്ള പ്രിയ സൗഹൃദങ്ങളെയും...
    ഒരു നല്ല വായനയും അറിവും തന്നെ നല്ലെഴുത്തിനോട് സ്നേഹാദരങ്ങളോടെ..... ആശംസകൾ സാർ 🌹🌹🌹

    മറുപടിഇല്ലാതാക്കൂ