2024 ഫെബ്രുവരി 29.
ലോകത്ത് ആകമാനം ഈ ഒരു ദിവസത്തിന് ഒരേയൊരു പ്രത്യേകത മാത്രമാണുള്ളത്. ഓരോ നാല് വർഷം കൂടുമ്പോഴും ഫെബ്രുവരി മാസത്തിലെ ദിവസങ്ങളിൽ ഒരു ദിവസം അധികമായി വരുന്ന അധിവർഷത്തിലെ അധികദിവസമാണ് ഇന്ന് .
നിയമപ്രകാരം ഇന്നത്തെ മുഖക്കുറി എൻ്റെ സ്നേഹിത ജയലക്ഷ്മി രമേശ് ആണ് എഴുതേണ്ടത്. അധിവർഷമായതിനാൽ അധികം കിട്ടിയ ഈ ഒരു ദിവസം എനിക്ക് തരാമോ എന്ന് അപേക്ഷിച്ചപ്പോൾ എൻ്റെ അപേക്ഷ ജയലക്ഷ്മിക്ക് നിരസിക്കാനും കഴിഞ്ഞില്ല. ഇനി ഒരു നാല് വർഷം കഴിഞ്ഞേ എനിക്ക് ഈ ചാൻസ് കിട്ടാൻ സാധ്യതയുള്ളു എന്നും, അന്ന് ഞാൻ എഴുതാനുണ്ടാകുമോ എന്നറിയില്ല എന്നുമൊക്കെ പറഞ്ഞപ്പോൾ മനസില്ലാമനസോടെ ഒടുവിൽ സമ്മതിച്ചു. എന്താണ് മനസിലിരിപ്പെന്ന് ദൈവത്തിനറിയാം. കിട്ടിയ ചാൻസ് ഞാനും വിട്ടു കളയുന്നില്ല.
അധിവർഷം എന്നത് എന്താണെന്ന് സ്കൂൾ തലങ്ങളിൽ നമ്മൾ പഠിച്ചിട്ടുള്ള വിഷയമായ- തിനാൽ അത് വിശദമാക്കേണ്ടതില്ല എന്ന് കരുതട്ടെ.ഭൂമി ഒരു തവണ സൂര്യനെ പ്രദക്ഷിണം ചെയ്യാൻ എടുക്കുന്ന സമയമാണ് ഒരു വർഷം. ഈ കാലയളവ് കൃത്യമായി പറഞ്ഞാൽ 365 ദിവസം, 5 മണിക്കൂർ,48 മിനിറ്റ്, 46 സെക്കൻ്റ് എന്നാണ് കരുതുന്നത്. ഇതിനെയാണ് നമ്മൾ 365.25 ദിവസം എന്ന് വിളിക്കുന്നത്. എന്നാൽ നമ്മൾ ഉപയോഗിക്കുന്ന കലണ്ടർ പ്രകാരം ഒരു വർഷത്തിൽ 365 ദിവസം മാത്രമേയുള്ളു. ഓരോ വർഷവും അധികമായി വരുന്ന ഈ കാൽ ദിവസത്തെ ഒരുമിച്ച് ചേർത്ത് 4 വർഷം കൂടുമ്പോൾ ഒരു ദിവസമായി കണക്കുകൂട്ടി ഫെബ്രുവരി മാസത്തിൽ കൂട്ടി ചേർക്കുന്നു. അങ്ങനെ കൂട്ടിച്ചേർക്കുന്ന വർഷത്തെ അധിവർഷം അഥവാ ലീപ് ഇയർ എന്ന് വിളിക്കുന്നു. സംഗതി സിമ്പിൾ.
അധിവർഷത്തെ കുറിച്ച് നിങ്ങൾക്കുകൂടി അറിയാവുന്ന ഇത്രയും കാര്യങ്ങളല്ലാതെ അധികമായി എനിക്കൊന്നും അറിയില്ല. ഇത് പറയാനാണോ ജയലക്ഷ്മിയിൽ നിന്നും മുഖക്കുറിയുടെ അവകാശം തട്ടിയെടുത്ത് താൻ രാവിലെ ഇങ്ങോട്ട് വന്നത് എന്ന് നിങ്ങളിലാരെങ്കിലും ചിന്തിച്ചാൽ അല്ല എന്നു തന്നെ ഞാൻ പറയും. എനിക്ക് ചിലത് പറയാനുണ്ട്. നിങ്ങളോടല്ലാതെ ഞാൻ അത് ആരോട് പറയാൻ. ഈ അധിവർഷത്തിലെ അധികദിനം എന്നെ അലോസരപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്.ഒരു സാധാരണക്കാരൻ്റെ ആശങ്കകൾ ...
സൂര്യനും ഭൂമിയും തമ്മിലുള്ള പരസ്പര ബന്ധത്തിൻ്റെ അടിസ്ഥാനത്തിലാണല്ലോ ഈ കലണ്ടർ സമ്പ്രദായം ഉണ്ടായത്. എന്നാൽ ഈ ബന്ധത്തെക്കുറിച്ച് അത്രയൊന്നും ആഴത്തിൽ അറിവില്ലായിരുന്ന മെസപ്പെട്ടേമിയക്കാരാണ് കലണ്ടർ പരിപാടി തുടങ്ങിവെച്ചത്.അവരാണ് കലണ്ടർ ആദ്യം ഉണ്ടാക്കിയതും. അവരുടെ കലണ്ടർ ചന്ദ്രനെ അടിസ്ഥാനമാക്കി യുള്ളതായിരുന്നു. അതേ കാലഘട്ടത്തിൽ തന്നെ പ്രാചീന ഭാരതത്തിലും കലണ്ടറിന് ഒരു പ്രാകൃത രൂപം ഉണ്ടായിരുന്നു എന്നതിനും തെളിവുകളുണ്ട്. നമ്മൾ അവിടെയും ഒട്ടും മോശക്കാരല്ല.
ഭൂമിക്ക് സ്വന്തം അച്ചുതണ്ടിൽ ഒരു തവണ സ്വയം തിരിയാൻ 24 മണിക്കൂർ വേണം. ഇത് ആദ്യം മനസിലാക്കിയത് മെസപ്പെട്ടോമിയ ആണ്.ഒരു ഉദയം മുതൽ മറ്റൊരു ഉദയം വരെ എന്നാണ് ആദ്യകാലത്ത് വിലയിരുത്തിയത്. എന്നാൽ ഉദയങ്ങൾക്കും അസ്തമയങ്ങൾക്കും സമയകൃത്യത ഇല്ലാതിരുന്നതിനാൽ ഇത് നമ്മൾ പരിഷ്ക്കരിച്ചു. ഇപ്പോൾ അർദ്ധരാത്രി 12 മണി കേന്ദ്രീകരിച്ചാണ് ഒരു ദിവസത്തിൻ്റെ കണക്കെടുപ്പ് നടത്തുന്നത്.
സൂര്യനെ ഉൾപ്പെടുത്തി കലണ്ടർ നിർമ്മിച്ചത് ഈജിപ്തുകാരാണ്. നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന കലണ്ടറിൻ്റെ പിതാവ് ക്രിസ്തുവിനും മുൻപ് ജീവിച്ചിരുന്ന ജൂലിയസ് സീസർ ആണെന്നാണ് പറയുന്നത്. സീസറെ പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ. സിസേറിയൻ എന്ന വാക്ക് ഉൾപ്പെടെ ലോകത്തിന് പലതും സംഭാവന ചെയ്ത ഒരു മഹാനാണ് അദ്ദേഹം.നിരവധി കുരുത്തക്കേടുകൾ കൈയ്യിലുണ്ടായിരുന്ന സീസറിൻ്റെ ഓർമ്മയ്ക്കായി കലണ്ടറിൽ നമ്മൾ ജൂലൈ എന്ന മാസം ഇപ്പോഴും നിലനിർത്തുന്നു. സീസറിൻ്റെ കഥ പോലെ രസകരമാണ് ജൂലൈയുടെ കഥ.ക്വിൻ്റിലസ് എന്നായിരുന്നു ഈ ജൂലൈ മാസത്തിൻ്റെ ആദ്യത്തെ പേര്.സീസറുടെ കാലത്തെ കലണ്ടറിൽ മാർച്ച് മാസം മുതൽ തുടങ്ങി ഫെബ്രുവരി വരെയായിരുന്നു ക്രമം.റോമാക്കാരുടെ യുദ്ധദേവനായ മാർസിൽ നിന്നാണ് മാർച്ച് എന്ന പേര് വന്നത്.പന്ത്രണ്ട് മാസവും 30, 31 എന്നീ ക്രമത്തിലായിരുന്നു ദിവസങ്ങൾ. അന്ന് ഫെബ്രുവരിക്ക് 30 ദിവസമായിരുന്നു. എണ്ണം തികയ്ക്കാൻ അഞ്ചാം മാസമായ ക്വിൻ്റിലസ് മാസത്തിന് 29 ദിവസവും. സീസർ ജനിച്ചത് ക്വിൻ്റിലസ് മാസത്തിലായതിനാൽ തൊട്ടടുത്ത മാസത്തിൽ നിന്നും 2 ദിവസം കൂട്ടിച്ചേർത്ത് ആ മാസത്തിന് 31 ദിവസമാക്കി.ഒപ്പം തൻ്റെ പേരിലെ ജൂലിയസ് ഒന്ന് പരിഷ്ക്കരിച്ച് ആ മാസത്തിന് ജൂലൈ എന്ന് പേരും പ്രഖ്യാപിച്ചു.
സീസറുടെ കാലം കഴിഞ്ഞപ്പോൾ പുതിയതായി വന്നത് സീസർ ഓഗസ്റ്റസ് ആണ്.അദ്ദേഹത്തിൻ്റെ ജന്മമാസം കലണ്ടറിലെ സെക്റ്റിലിസ് എന്ന മാസത്തിലായിരുന്നു. അന്നത്തെ കലണ്ടർ കണക്ക് പ്രകാരം അത് ആറാമത്തെ മാസമാണ്. തൻ്റെ ജന്മമാസത്തിനും 31 ദിവസം വേണമെന്ന പിടിവാശിയിൽ അവസാന മാസമായ ഫെബ്രുവരിയിൽ നിന്നും രണ്ട് ദിവസങ്ങൾ എടുത്ത് അന്നത്തെ ആറാം മാസത്തിനിട്ട് അതിന് തൻ്റെ പേരിട്ടു. അതാണ് ഇന്നത്തെ ആഗസ്റ്റ് .
പിന്നീട് ആരും ആ റോമാ സാമ്രാജ്യത്തിൽ ഫെബ്രുവരിയിൽ ജനിക്കാതിരുന്നത് നന്നായി. ജനിച്ചിരുന്നെങ്കിൽ കലണ്ടറിൽ വീണ്ടും മാറ്റം വരുമായിരുന്നു.അങ്ങനെ ചോദിക്കാനും പറയാനും ആരുമില്ലാതെ വർഷത്തിൽ അവസാന മാസമായി 28 ദിവസങ്ങളുമായി പാവം ഫെബ്രുവരി അങ്ങനെ സഹിച്ചു കിടന്നു. ഇന്ന് ആ സ്ഥിതിയൊക്കെ മാറി. മഹാരഥന്മാരായ നിരവധിയാളുകൾ ഫെബ്രുവരിയിൽ ജനിച്ചു എന്നാലും തീയതി തിരുത്താനുള്ള കാലിബർ അവരിൽ ആർക്കും ഇല്ലാതെ പോയി. ഇതിനിടയിൽ പറയട്ടെ എൻ്റെ ജന്മമാസവും ഫെബ്രുവരിയിലാണ്. അന്ന് ഞാൻ ആ റോമാസാമ്രാജ്യത്തിലെങ്ങാനം പോയി ഫെബ്രുവരിയിൽ ജനിച്ചിരുന്നെങ്കിൽ ഫെബ്രുവരിക്ക് ഈ ഗതി വരുമായിരുന്നോ. ഫെബ്രുവരിയെ ഇങ്ങനെ സിസേറിയൻ നടത്താൻ ഞാൻ സമ്മതിക്കില്ലായിരുന്നു. എന്തായാലും അങ്ങനെ സംഭവിക്കാതിരുന്നത് ഭാഗ്യം.
ഇത്രയും പറഞ്ഞത് കലണ്ടർ രൂപപ്പെട്ട ആദ്യ നാളുകളുടെ ചരിത്രം പറയാനാണ്. ഭൂമി സ്വയം ചുറ്റുകയും സൂര്യനെ ചുറ്റുകയും ചെയ്യുന്ന സമയക്രമം മുൻനിർത്തി 365 ദിവസങ്ങളെ പന്ത്രണ്ട് മാസങ്ങളായി അടുക്കി വെക്കുകയും ഓരോ ഭരണാധികാരി കളുടേയും സൗകര്യത്തിനനുസരിച്ച് മാറ്റിയും തിരിച്ചും വെക്കുകയും ചെയ്യുകയായിരുന്നു അന്നത്തെ കലണ്ടർ.ഭൂമിയേയും സൂര്യനേയും കുറിച്ചുള്ള വിശദമായ പഠനങ്ങൾ ഈ അവസ്ഥക്ക് മാറ്റം വരുത്തി.സീസറുടെ നിയന്ത്രണം കലണ്ടറിൽ നിന്നും പിടി വിട്ടു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പഴയ കലണ്ടറിനെ 1582 ൽ പരിഷ്ക്കരിച്ച് ഈ രൂപത്തിലാക്കിയത് പോപ്പ് ഗ്രിഗറി പതിമൂന്നാമൻ ആണ്.ഗ്രിഗോറിയൻ കലണ്ടർ നവീകരിച്ചതാണ് ഇപ്പോഴത്തെ കലണ്ടർ. യേശുക്രിസ്തു ജനിച്ച വർഷത്തെ അടിസ്ഥാനമാക്കിയാണ് ഗ്രിഗോറിയൻ രൂപപ്പെടുത്തിയത്. അത് പല പരിഷ്ക്കാരങ്ങൾ വരുത്തി ഇന്ന് ഏകരൂപ ത്തിൽ ലോകം മുഴുവൻ ഉപയോഗിക്കുന്നു. നമ്മുടെ വീട്ടിലെ ഭിത്തിയിൽ തൂങ്ങിയാടുന്ന കലണ്ടറിന് അങ്ങനെ എത്ര പറഞ്ഞാലും തീരാത്ത നിരവധി ചരിത്രമുണ്ട്.ഇതിനൊപ്പം ഓരോ രാജ്യങ്ങളിലും പ്രാദേശിക കലണ്ടറുക ളും പ്രചാരത്തിലുണ്ട്.ഇന്ത്യയിലെ ശക കലണ്ടർ ഇസ്ലാം മതം അംഗീകരിച്ച ഹിജറ തുടങ്ങി മലയാളത്തിൻ്റെ ചിങ്ങമാസം വരെയുള്ള വ്യത്യസ്ത കലണ്ടറുകൾ നമ്മൾ ഉപയോഗിക്കുന്നുണ്ട്. ഓരോ ഭാഷയിലും ഇന്ത്യൻ സംസ്ഥാനങ്ങളിലും വിവിധ കലണ്ടർ കാഴ്ചപ്പാട് ഉണ്ട്. കലണ്ടറിൻ്റെ കഥ അവിടെ നിൽക്കട്ടെ. എൻ്റെ ആശങ്ക പറഞ്ഞ് ഇന്നത്തെ മുഖക്കുറി അവസാനിപ്പിക്കാം.
ഭൂമി സൂര്യനെ ചുറ്റുന്ന സമയക്രമം 365.25 ദിവസമാണ് എന്ന് നിഗമനത്തിലാണ് കലണ്ടറും അധിവർഷവും എല്ലാം നമ്മൾ തീരുമാനിക്കുന്നത്. ഭൂമി സൂര്യനെ ചുറ്റുന്നത് അതിൻ്റെ സ്വയം തീരുമാനപ്രകാരമാണ്. ഭൂമിയെക്കൊണ്ട് സൂര്യനു ചുറ്റും ഈ ചുറ്റ് ചുറ്റിക്കുന്നത് നമ്മളാണ് എന്ന ഒരു അന്ധ വിശ്വാസം നമുക്കിടയിൽ ഉണ്ടോ എന്ന് എനിക്ക് ഒരു സംശയം. ലോകം മുഴുവൻ കൈപ്പിടിയിലാണെന്ന് അഹങ്കരിക്കുന്ന മനുഷ്യൻ മനസിലാക്കേണ്ട ഒരു സത്യമുണ്ട്. സൂര്യനു ചുറ്റും കൃത്യമായ ഇടവേളയിൽ ഭൂമി ചുറ്റിക്കൊണ്ടിരിക്കുന്നതു കൊണ്ടാണ് ഞാനും നിങ്ങളും ഈ മണ്ണിൽ ഇങ്ങനെ ചവിട്ടി നിൽക്കുന്നത്. അതിനാൽ ആദ്യം ഈ മണ്ണിനെ സ്നേഹിക്കാൻ പഠിക്കുക. പ്രകൃതിയേയും ഇവിടുത്തെ സർവ്വ ചരാചരങ്ങളേയും ചേർത്ത് നിർത്താൻ ശ്രമിക്കുക. ഒപ്പം മനുഷ്യനെ മനുഷ്യനായിത്തന്നെ കണ്ട് സഹനവും സ്നേഹവും ഉയർത്തിപ്പിടിക്കുക. ഈ മനുഷ്യജന്മം നിനക്ക് ലഭിച്ച ഭാഗ്യമാണെന്ന് നീ കരുതുന്നുണ്ട് എങ്കിൽ അതേ ഭാഗ്യം ലഭിച്ച നിൻ്റെ അയൽക്കാരൻ്റെ നേരേ ഒരു വിശ്വാസത്തിൻ്റെയും ഒരു തർക്കത്തിൻ്റെയും പേരിൽ നീ വാളെടുക്കില്ല. ഇവിടെ ഒരു തുള്ളി ചോര വീഴില്ല.
കോടാനുകോടി വർഷങ്ങൾക്ക് മുൻപ് സൂര്യനിൽ നിന്ന് അടർന്ന് വീണ് അതിൻ്റെ സഞ്ചാരപഥത്തിൽ ആറിത്തണുത്ത് ഉണ്ടായ ഭൂമി ഈ 365 എന്ന കണക്കിൽ എന്നും കറങ്ങിക്കൊണ്ടിരിക്കും എന്ന് കരുതണ്ട. സ്വയം തിരിയുന്ന ഭൂമിയുടെ ചലനത്തിലും സൂര്യനെ ചുറ്റുന്ന ഭൂമിയുടെ ദിവസത്തിലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. അത് ശാസ്ത്രലോകം അംഗീകരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഋതുക്കൾ നമ്മള് അറിയാതെ മാറുന്നതും, പ്രവചിക്കാനാവാത്ത പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്നതും ഈ സഞ്ചാരസമയത്തിൽ വരുന്ന മാറ്റങ്ങളിലൂടെ എന്നത് ശാസ്ത്രമാണ് തെളിയിക്കേണ്ടത്. ഒരു അധിവർഷത്തിലെ അധിക ദിനം കൊണ്ടോ അറ്റോമിക് സമയക്രമം സ്വയം കൂട്ടിച്ചേർത്ത് പൊരുത്തപ്പെടുത്തിയതു കൊണ്ടോ ഭൂമിയുടെ സ്വയം ചലനത്തെ നെല്ലട മാറ്റാൻ നമുക്ക് കഴിയില്ല എന്നത് ഓർക്കണം. ഒരു കാലത്തുമില്ലാത്ത വിധം മനുഷ്യൻ മനുഷ്യനെത്തന്നെ കടിച്ചുകീറിയും കത്തിച്ചും കൊന്നു തിന്നുന്ന അസുരകാലത്തിൽ ഒന്നല്ല ഒരായിരം അധികദിന ങ്ങൾ ചേർത്തുവെച്ച് നമുക്ക് സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഒരു കലണ്ടർ ഉണ്ടാക്കണം.ആ കലണ്ടർ ഓരോ മനസുകളിലും തൂക്കിയിട്ട് നമ്മൾ പുതിയ ലോകമുണ്ടാക്കണം. അത്തരം ഒരു ചിന്തയുണ്ടാകാൻ ഈ അധിദിവസം ഇടയാക്കട്ടെ എന്ന് ആശംസിക്കുന്നു.
@
1 അഭിപ്രായങ്ങള്‍
very informative
മറുപടിഇല്ലാതാക്കൂgood Narration
Excellent writeup