Ticker

6/recent/ticker-posts

വിവേകാനന്ദൻ വൈറലാണോ | Vivekanandan Viralanu

വിവേകാനന്ദൻ വൈറലാണ്

കമൽ സംവിധാനം ചെയ്ത "വിവേകാനന്ദൻ വൈറലാണ്.." എന്ന സിനിമ.. ഷൈൻ ടോം ചാക്കോ നായകൻ.. സ്വാസിക, ഗ്രേസ് ആൻ്റണി, മറീന മൈക്കിൾ, മാലാ പാർവതി.. അവർ വെറും ഒരു നടി മാത്രമല്ല സമൂഹ്യപ്രവർത്തകയും ആണ് കേട്ടോ....പിന്നെ ജോണി ആന്റണി അദ്ദേഹം നടൻ മാത്രമല്ല സംവിധായകനുമാണ്.. .. ശരത് സഭ, വിനീത് തട്ടിൽ, നിയാസ് ബക്കർ, സ്മിനു സിജോ, പ്രമോദ് വെളിയനാട്, രമ്യാ സുരേഷ്, സിദ്ധാർത്ഥ് ശിവ തുടങ്ങി നിരവധി താരങ്ങൾ ഉണ്ട്.. ആരും ഒട്ടും മോശക്കാർ അല്ല.. പിന്നെ എന്തു പറ്റിയതാണ് ഈ വിവേകാനന്ദന് എന്ന് ചോദിച്ചാൽ കുഴഞ്ഞ് പോകും.......

ഈ സിനിമയ്ക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു സത്യത്തിൽ.. അത് എന്തുകൊണ്ടാണ് കാത്തിരുന്നത് എന്നത് വിശദമായി ഒരു  വീഡിയോയിൽ പറഞ്ഞിരുന്നു..ആ വീഡിയോ താഴെ കൊടുക്കാം.. താല്പര്യമുള്ളവർ കാണുക..  

റിലീസ് ആയ ദിവസം ആദ്യത്തെ ഷോ തന്നെ ഈ സിനിമ കണ്ടു.. എന്നാൽ ഉടൻ ഒരു അഭിപ്രായം പറഞ്ഞു സിനിമയ്ക്ക് അത് ഒരു ദോഷം ആകണ്ട എന്ന് കരുതി കാത്തിരുന്നത് ആണ്.. ആറിയ കഞ്ഞി പഴങ്കഞ്ഞി എന്ന് അറിയാം.. എന്നാലും പറയാനുള്ളത് പറഞ്ഞിട്ട് പോകാം എന്ന് കരുതി..

ഈ സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തിന് ഒരു കാലികപ്രസക്തിയുണ്ട് എന്നും.. അതിന് ഒത്തിരി ലെയർ ഉണ്ട്.... തലങ്ങൾ ഉണ്ട്.. നമ്മുടെ നാട്ടിൽ നടക്കുന്ന സ്ത്രീധന പീഡനങ്ങൾ മുതൽ.. കൊലപാതകങ്ങൾ വരെയും.. ഒളിച്ചോട്ടങ്ങൾ മുതൽ ഉൾക്കൊള്ളാൻ ആകാത്ത റിലേഷൻ ഷിപ്പ് വരെയും.... വിവാഹമോചനം മുതൽ നമ്മുടെ നാട്ടിലെ കുടുംബ കോടതികൾ നിറയ്ക്കുന്ന ഒത്തിരി കാര്യങ്ങൾക്ക് ഒക്കെ പിന്നിൽ ഈ വിഷയം അറിഞ്ഞോ അറിയാതെയോ ഒരു പങ്കാളി ആകുന്നുണ്ട്..വ്യക്തവും ശുദ്ധവും സമാധാനപൂർണ്ണവും ആരോഗ്യകരവുമായ ഒരു കുടുംബത്തിന്റെ നിർമ്മാണത്തിന് ഈ പ്രശ്നം ഒരു വലിയ ഭീഷണിയാണ്..എന്നാൽ ആ വിഷയത്തെ കമൽ സമീപിച്ച രീതി കമലിന്റെ ക്വാളിറ്റിക്ക് ചേർന്നതായിരുന്നോ എന്ന് പടം കണ്ടിട്ട് കമൽ തന്നെ തീരുമാനിക്കുക.. അത്ര ലാഘവത്തോടെ ആണ് കമൽ വിഷയത്തെ സമീപിച്ചത്.. അത് പോസിറ്റീവ് ആയ ഗുണം ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല ചില നെഗറ്റീവായ കീഴ്വഴക്കങ്ങൾക്ക് വെള്ളം കോരി ഒഴിച്ച് അത് വളർത്തി വിടുകയും ചെയ്തു....അല്ല അതിന് നമ്മൾ കമലിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല.. കാരണം ഈ സിനിമയുടെ കഥ എഴുതിയതോ ഈ സിനിമ സംവിധാനം ചെയ്തതോ കമൽ അല്ലെന്നാണ് ഇന്നും ഞാൻ തീർത്തും വിശ്വസിക്കുന്നത്...ഇത് നമ്മൾ കമലിൽ നിന്നും പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ അല്ല.. തന്റെ ലൈഫിൽ കമൽ ചെയ്തുവെച്ച സിനിമകളിൽ ഏറ്റവും താഴെ.. ഏറ്റവും മോശം സിനിമ എന്ന് കമൽ തന്നെ  എഴുതി വെച്ചിട്ടുണ്ട് ഈ സിനിമയിൽ....

ലൈംഗികതയെപ്പറ്റിയുള്ള ഒരു പുരുഷന്റെ  വികലമായ കാഴ്ചപ്പാടാണ് ഈ സിനിമ പ്രമേയമാക്കുന്നത്..  അത് അടച്ചും അടക്കിയും ഒതുക്കിയും പറയാൻ കമലിന് കഴിയുമായിരുന്നു..അത് അങ്ങനെ ഒതുക്കി സ്ക്രീനിൽ അവതരിപ്പിക്കാൻ കമൽ ശ്രമിക്കണമായിരുന്നു..  ഈ സിനിമയിൽ അഭിനയിച്ച എല്ലാ നടീനടന്മാർക്കും ഈ സിനിമയുടെ വിഷയം വൾഗർ ആകാതെ എക്സ്പ്രസ് ചെയ്യാൻ ടാലന്റെ ഉള്ളവർ ആയിരുന്നു..അവരോട് കഥാപാത്രങ്ങൾ ഇന്നതാണ് എന്ന് വ്യക്തമായി പറഞ്ഞു കൊടുത്താൽ ചില അനാവശ്യരംഗങ്ങൾ ഒന്നുമില്ലാതെതന്നെ ആ ഒരു  ഫീൽ പ്രേക്ഷകരിൽ നിർമ്മിക്കാൻ കഴിവുള്ളവരായിരുന്നു..  അപ്പോൾ കുഴപ്പം ആർട്ടിസ്റ്റുകളുടെയല്ല..  

വിവേകാനന്ദൻ ഒരു രോഗിയാണെന്ന് സിനിമ തുടങ്ങിയപ്പോൾ തന്നെ പ്രേക്ഷകരെ ബോധ്യപ്പെടുത്തി.... തോപ്പിൽ ഭാസിയുടെ അശ്വമേധം എന്ന നാടകത്തിലും പിന്നീട് അത് സിനിമയായപ്പോഴും ആ സിനിമയുടെ ടാഗ് ലൈൻ ആയി നമ്മൾ കണക്കാക്കുന്ന ഒരു ഡയലോഗ് ഉണ്ട്..  രോഗം ഒരു കുറ്റമാണോ എന്നതായിരുന്നു അത്.. കുഷ്ഠരോഗം പ്രധാന വിഷയമായി വന്നു നാടകത്തിലും സിനിമയിലും വിപ്ലവം സൃഷ്ടിച്ച ആ തിരക്കഥ രോഗിക്ക് എതിരല്ല എന്നത് നമ്മൾ ഓർക്കണം..  രോഗം കുറ്റമല്ല എന്ന് നമ്മൾ ഇപ്പോഴും വിശ്വസിക്കുന്നു എങ്കിൽ വിവേകാനന്ദൻ കുറ്റവാളിയുമല്ല....  അപ്പോൾ ഈ സിനിമ അയാൾക്ക് നല്കിയത് അർഹിക്കുന്ന പരിഗണനയോ ശിക്ഷയോ ആണോ....അത്തരത്തിൽ ശിക്ഷിക്കാൻ കഴിയുന്ന വിധം വിവരം ഇല്ലാത്തവരും വിദ്യാഭ്യാസം ഇല്ലാത്തവരും ആണോ മലയാളത്തിലെ സ്ത്രീ സമൂഹം....

സ്വന്തം രോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടത് വിവേകാനന്ദൻ ആയിരുന്നു അല്ലെങ്കിൽ ആ രോഗം മൂലം ബുദ്ധിമുട്ടുന്ന അയാളോടൊപ്പം സഹകരിക്കുന്നവരാണ്. ഇതിന് രണ്ടിനും ഉള്ള സാധ്യത ഇന്ന് നമ്മുടെ കേരളത്തിലെ ആരോഗ്യ രംഗത്തുണ്ട്..  ഈ സിനിമയിൽ വിവേകാനന്ദന് സ്ഥിരമായി മരുന്ന് കൊടുക്കുന്ന ഡോക്ടർ പോലും ഒരിക്കൽ അയാളോട് തന്നെ ചോദിക്കുന്നുണ്ട് എന്താ വിവേകാനന്ദ ശരിക്കും ഇയാളുടെ പ്രശ്നം എന്ന്.. അപ്പോൾ ഈ വിവേകാനന്ദൻ പറയുന്നുണ്ട് അത് ഡോക്ടർക്ക് അറിയില്ലേ എന്ന് അപ്പോൾ ഡോക്ടർ പറയുന്ന മറുപടി..  അതിന് എന്നെ എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്നാണ്.. അങ്ങനെയാണ് തിരക്കഥയുടെ പോക്ക്.. വിവേകാനന്ദന്റെ രോഗം വിവേകാനന്ദന്റെ മാത്രം ആനന്ദമാണ്..  ആ ആനന്ദം അനുഭവിക്കാനും ആസ്വദിക്കാനും അയാൾക്ക് കിട്ടുന്ന ടൂൾ അല്ലെങ്കിൽ മിഷ്യൻ മാത്രമാണ് ഭാര്യയും കാമുകിയും കണ്ണിൽ കാണുന്ന പെണ്ണുങ്ങൾ എല്ലാവരും.. അതാണ് ഒറ്റ വാചകത്തിൽ പറഞ്ഞാൽ ഈ സിനിമയുടെ തിരക്കഥ..

ലോകത്തുള്ള എല്ലാ ആണുങ്ങളും ലൈംഗികഉത്തേജനഔഷധം തേടി നടക്കുകയാണെന്നും അതിനുവേണ്ടി മാത്രം സ്പെഷ്യലൈസ്  ചെയ്ത ഡോക്ടർമാർക്ക് മാത്രമാണ് ഡിമാൻഡ് എന്നും ഒളിച്ചു പറയാതെ നേരെ പറഞ്ഞു എന്ന് കമലിന് നാളെ അഭിമാനിക്കാം..

വിവേകാനന്ദന്  വിവേകമല്ല ആനന്ദമാണ് അതും സ്വന്തമാനന്ദമാണ് മുഖ്യം.. ആ അർത്ഥത്തിൽ ഈ സിനിമയുടെ പേരിനോട് നമുക്ക് യോജിക്കാം.. എന്നാൽ അയാളെ വൈറലാക്കുന്നവരുടെ മാനസികരോഗമാണ് സത്യത്തിൽ ഈ വിവേകാനന്ദന്റെ രോഗത്തേക്കാൾ അപകടം.. അതിനോട് കമൽ നിലപാട് വ്യക്തമാക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.... എന്റെ ശരീരം എന്റെ അവകാശം എന്നൊക്കെ സ്ത്രീ കഥാപാത്രങ്ങളെ കൊണ്ടു മുദ്രാവാക്യം എഴുതി നെറ്റിയിൽ ഒട്ടിപ്പിച്ചു അവരെയെല്ലാം കമൽ കൂട്ടത്തോടെ മേയിച്ചു കൊണ്ടുപോകുന്നത് എങ്ങോട്ടാണ്....ജീവിക്കാൻ വേണ്ടിയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും താല്പര്യത്തിന് വേണ്ടിയോ സ്വന്തം ശരീരം വിൽക്കുന്നു എന്ന് കമൽ പറയുന്ന ഒരു സ്ത്രീ കഥാപാത്രത്തെ ആ സമരത്തിന് ബ്രാൻഡ് അംബാസഡർ ആക്കി നിർത്തി കമൽ ഈ സിനിമയിലൂടെ നല്കിയ രാഷ്ട്രീയ സന്ദേശം എന്താണ്.. സിനിമ കണ്ട് ഇറങ്ങി പോകുമ്പോൾ കൂടെ കൊണ്ടുപോകാൻ ഒരു സെൻറ് സിനിമ പോലും നൽകിയില്ല ഈ സിനിമ... ഓർക്കാനോ അഭിമാനിക്കാനോ ഇതിൽ ഒന്നുമില്ല ബാക്കി നിങ്ങൾ സിനിമ കണ്ടിട്ട് തീരുമാനിക്കുക..... ഈ സിനിമ എല്ലാവരും പറ്റിയാൽ തീയേറ്ററിൽ തന്നെ പോയി കാണണമെന്നാണ് അഭിപ്രായം..  അഭിപ്രായങ്ങൾ കമൻറ് ആയി രേഖപ്പെടുത്തുക.. ഒരുപക്ഷേ എൻറെ അഭിപ്രായം ആകില്ല നിങ്ങൾക്ക്.. ഇത് എൻറെ മാത്രം അഭിപ്രായമാണ് അതിൽ നിന്ന് ഞാൻ ഇവിടെ മാറാനും ശ്രമിക്കുന്നില്ല.. വിവേകാനന്ദന്  നിത്യശാന്തി നേരുന്നു..

#vinodtalkies

@vinodtalkies

എം. എസ്. വിനോദ് 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍

  1. വിവേകാനന്ദൻ വൈറൽ ആകുന്ന തോടൊപ്പം കമലിൻ്റെ സമീപ കാല സിനിമകളിലൂടെ ഒരു എത്തിനോട്ടം വിനോദ് sir നടത്തി. നല്ല നിരീക്ഷണങ്ങളിലൂടെ സമ്പന്നമാണ് ഈ video

    മറുപടിഇല്ലാതാക്കൂ
  2. വിനോദ്മാഷ് വിവേകാനന്ദന് നിത്യശാന്തി നല്കുന്നുവെങ്കിൽ സിനിമയിനി കണ്ടിട്ടു തന്നെ കാര്യമില്ലെന്നാണ് എനിക്കു തോന്നുന്നത്.

    ഒരു ജനന വൈകല്യത്തെ Boost ചെയ്യുമ്പോൾ കാണിക്കേണ്ട പക്വതയിലും പ്രകടനപരതയിലും കമൽ എന്ന സംവിധായകൻ ട്ടു പോയെന്നു തോന്നുന്നു.

    തിയറ്ററിൽ സിനിമ കാണലില്ലാത്തതുകൊണ്ട് സത്യസന്ധമായ ഈ എഴുത്തിനെ ഞാൻ മാനിക്കുന്നു.

    അഭിനന്ദനങ്ങൾ🙏

    മറുപടിഇല്ലാതാക്കൂ