ആരാണ്
വാലിബൻ....
ഈ
സിനിമയുടെ പ്രൊമോഷൻ വേളകളിൽ പറഞ്ഞത് തന്നെയാണ് കാര്യം.. ഒരു നാടോടിക്കഥ.. ഏത്
ദേശത്ത് ഏത് കാലത്ത് എന്നത് അറിയാതെ ആരൊക്കെയോ പാടിയും പറഞ്ഞും നടന്ന ഒരു കഥ..
അതിൽ നമ്മൾ കാണുന്നത് എല്ലാം സത്യമല്ല.. കണ്ടതും സത്യമല്ല.. ഇനി കാണാൻ പോകുന്നത്
തന്നെയാണ് സത്യം..
വാലിബൻ ഒരു
നാടോടി ആണ്.. നായാടിയും.. വാലിബന് തായ്, തന്ത, കുടുംബം, കുട്ടികൾ, ബന്ധുക്കൾ ഇവരാരും ഇല്ല.. എന്നാൽ അയാൾ അനാഥനുമല്ല.. സ്വന്തം ദേശക്കാരെയും പിന്നെ അന്യദേശക്കാരെയും കീഴടക്കിയവൻ ആണ് വാലിബൻ.. കീർത്തികേട്ട നല്ല കളരികളും ചതിയുടെ
കുഴിക്കളരിയും വാലിബന് ഒരുപോലെ പ്രിയം.. രണ്ടും വലിബന്റെ കണ്ണിലും കയ്യിലും
കിടന്നു കറങ്ങും..
തായും
തന്തയില്ലാതെ ഉയിരുകൊണ്ടവൻ.. സൂര്യനെ പോലെ കാതിൽ കുണ്ഡലം ഉള്ളവൻ..പൊന്നുടുപ്പിൻ
തോല് ചുറ്റിച്ചു, തമ്പേറിൻ താളം കൊണ്ട്
കൊട്ടി അയ്യനാർ ആരുടെ വീര്യം പാടി നടക്കുന്നോ അവനാണ് വാലിബൻ.... നമ്മുടെ വടക്കൻ
പാട്ടിലെ ചില കഥാപാത്രങ്ങളുടെ ഛായയുണ്ട് വാലിബാനിൽ..
പീരിയഡ് ഡ്രാമ എന്നതാണ് ഈ സിനിമയുടെ കാറ്റഗറി എന്നാണ്
ഇതുവരെ ലഭിച്ചിരിക്കുന്നത്. ഈ പീരിയഡ് ഡ്രാമ അല്ലെങ്കിൽ പീരിയഡ് പീസ് അല്ലെങ്കിൽ
ഹിസ്റ്റോറിക്കൽ ഡ്രാമ എന്നൊക്കെ പറയുന്നത് ചരിത്രാത്മക നാടകമാണ്....പഴയകാലത്തുള്ള
ഒരു സംഭവം..അതിനെ ചലച്ചിത്രത്തിന്റെയും ടെലിവിഷൻ സീരിയലിന്റെയുമൊക്കെ കോൻഡസ്റ്റ്
ആയി കൊണ്ടുവരുന്നതാണ് ഈ സങ്കേതം..അതിന് ഒത്തിരി സാധ്യതകൾ ഉണ്ട്. യൂറോപ്യൻ അഡ്വഞ്ചർ
സാഹിത്യത്തിലെ നായകസങ്കല്പവുമായി ചേർന്ന് നിൽക്കുന്ന ഒന്നായിരിക്കും ഇതിലെ നായകൻ
വാലിബൻ.. കൗശലക്കാരൻ ആയിരിക്കും.. പരാക്രമശാലി ആയിരിക്കും.. അഭ്യസി ആയിരിക്കും..
സ്ത്രീകളോട് കൂടുതൽ ആദരവ് കാണിക്കുന്നവൻ ആയിരിക്കും.. എന്നുവെച്ചാൽ നല്ല വിളഞ്ഞു
പഴുത്ത റൊമാന്റിക്ക് ആയിരിക്കും എന്ന് സാരം..
സിനിമ
തുടങ്ങി ഒരു പത്താമത്തെ നിമിഷം കണ്ണ് തള്ളി വാ പിളർന്നു താടിക്ക് കയ്യും കൊടുത്തു
ഇരുന്നുപോകുന്ന വാലിബൻ എൻട്രി...... പണിയറിയാവുന്നവന്റെ കയ്യിൽ വേണം തടി
കൊടുക്കാൻ എന്ന പഴയ ചൊല്ല് സത്യമാണെന്ന് തെളിയിക്കുന്നു ഈ സിനിമ.. പണിയറിയാവുന്ന
ലിജോ എന്ന സംവിധായകനും കാതലുള്ള തടി, നടനവിസ്മയം പ്രിയ മോഹൻലാലും ചേരുമ്പോൾ
നമുക്ക് നമ്മൾ ആഗ്രഹിച്ച ദൃശ്യവിരുന്ന് ഒരു വിസ്മയമായി അനുഭവപ്പെടുന്നു..
രണ്ട്
തടിമാടൻ കാളകൾ വലിക്കുന്ന കാളവണ്ടി ഒരു ഗ്രാമത്തിലേക്ക് കടന്നുവരുന്നിടത്താണ്
സിനിമയുടെ തുടക്കം.. ആ കാളവണ്ടിയോടൊപ്പം ആർപ്പ് വിളിച്ചും തമ്പേറ് കൊട്ടിയും രണ്ട്
പേരുണ്ട്.. കാലകളെക്കാൾ കരുത്തും ആവേശവുമുള്ള രണ്ട് പേര്.. ഒരാൾ മറ്റൊരാളുടെ
കണ്ണിനും കണ്ണായ കുട്ടിമകൻ ചിന്നപ്പയ്യൻ.. ആ ചിന്നപ്പയന്റെ വിറപ്പിലും ഉയിരിലും
കാതലായ ആശാൻ അയ്യനാർ ആശാനും......
"നീ ഉറക്കത്തിലോ ഉണർവിലോ ചിന്നപ്പയ്യ.....'' എന്നുള്ള
അയ്യനാർ ആശാന്റെ ഉറക്കെയുള്ള വാചകം നമ്മളെ ഓർമ്മിപ്പിക്കുന്നത് മൃച്ഛകടികം പോലെയുള്ള സംസ്കൃത നാടകങ്ങളും ഭാസന്റേയും
കാളിദാസന്റേയും നാടകങ്ങളിലെ സൂത്രധാരന്മാരുടെ രംഗപ്രവേശവുമാണ്....സ്വയം
പരിചയപ്പെടുത്തുക.. പിന്നെ പരസ്പരം പരിചയപ്പെടുത്തുക.. പിന്നീട് മറ്റുള്ള
കഥാപാത്രങ്ങളെ പരിചയപ്പെടുത്തുക.. കഥ നടക്കുന്ന ഒരു പ്ലാറ്റ് ഫോം മൊത്തത്തിൽ
പരിചയപ്പെടുത്തുക എന്നിവയൊക്കെയാണ് ഈ സൂത്രധാരന്മാരുടെ ഒരു ധർമ്മം.. എന്നാൽ ഈ
സിനിമയിൽ അവരുടെ ധർമ്മം അതല്ല.. അവർ ഈ കഥയിൽ തുടക്കം മുതൽ ഒടുക്കം വരെ കഥയുടെ
ഗതിയും വേഗവും നിയന്ത്രിക്കുന്ന രണ്ട് ചക്രങ്ങൾ തന്നെയാണ്.... ആ രണ്ട്
ചക്രങ്ങളിലാണ് വാലിബാന്റെ തേരോട്ടം..
ചരിത്രം, കല്പന എന്നീ രണ്ടു
മേഖലകളെയും വിളക്കിച്ചേർത്തുകൊണ്ടും ഇതിഹാസ-പുരാണാദികളിലെ പ്രചരിതകഥയ്ക്ക് നൂതന
പരിപ്രേക്ഷ്യം ചമച്ചുകൊണ്ടുമാണ് ലിജോ ഈ സിനിമയുമായി മുന്നോട്ട് പോകുന്നത്.. ചിലപ്പോൾ നമുക്ക് ഈ സിനിമ ഏതാണ്ട് ബി.സി. ഒന്നാം നൂറ്റാണ്ടിനോടടുത്ത് കാലഘട്ടം
പറയാം.. പിന്നീട് ആ കഥ എ. ഡി പത്തോ പന്ത്രണ്ടോ.. പിന്നെ പതിനേഴോ പതിനെട്ടോ ആയി മാറാം..
അയ്യനാർ ആശാനും
ചിന്നപ്പയനും പിന്നെ രണ്ട് കൊലക്കൊമ്പന്മാർ കാളക്കൂറ്റന്മാരും ചേർന്നു
കൊണ്ടുവരുന്ന ഉരുപ്പടി എന്താണ് എന്നതാണ് നമുക്ക് കൗതുകം..ഉറക്കത്തിലും ഉണർവ്വിലും
കൻതുറന്നിരിക്കുന്ന ചിന്നപ്പയ്യനോട് അയ്യനാർ ആശാൻ ഉറക്കെ ചോദിക്കുന്നത് അങ്ങനെ
നിന്റെ കണ്ണ് തുറന്നിരിക്കുന്നു എങ്കിൽ പറയട ഈ വണ്ടിക്കുള്ളിൽ കണ്ണ് മൂടി
കിടക്കുന്നത് ആര്.. അടിമയോ.. പുലിയോ.. സിംഹമോ..ഗജമോ..
അപ്പോൾ ചിന്നപ്പയ്യൻ..
"ഈ വണ്ടിക്കുള്ളിൽ ഉറങ്ങുന്നത് കടുവയായും പുലിയായും സിംഹമായും മാറുന്ന നാടെങ്ങും കേഴ്വിയും ഭയവും
നിറയ്ക്കുന്ന കാട്ടുമല്ലന്മാരെയും കാടന്മാരെയും കാപ്പിരികളെയും പോരിൽ ജയിച്ചവൻ....
അവൻ നടക്കുമ്പോൾ ഭൂമി വിണ്ടു മാറും.. പെയ്യാനുള്ള മേഘം പെയ്യും വന്മരങ്ങൾ ഇല
വീഴ്ത്താതെ നില്ക്കും കാറ്റ് വഴിമാറും.. കടൽ മിണ്ടതെയാകും.. തെക്കും വടക്കും
നടക്കും കളരികളിലെ മല്ലന്മാരെ എല്ലാം മലത്തി ആ നാട്ടിലെ സുന്ദരിമാരുടെ ഉള്ളം
മുഴുവൻ തൂത്തുവാരി വാഴുന്നോരായി വാഴും മലൈകോട്ടൈ വാലിബൻ....."
ഈ കഥാപാത്രത്തിന്റെ
എൻട്രി നമുക്ക് മലയാളത്തിൽ അത്ര
സുപരിചിതമല്ല ആ രംഗം സംവിധാനം ചെയ്ത ലിജോ.. അതിൽ വേഷം ചെയ്ത മോഹൻലാൽ ആ രംഗം
ആക്ഷൻ ഡയറക്ടര് ആയി നിന്നവർ എല്ലാവർക്കും അഭിനന്ദനങ്ങൾ.. ആ സീൻ കഴിഞ്ഞാൽ പിന്നെ ഈ
സിനിമയിൽ നിന്ന് നമുക്ക് നമുക്ക് പൊങ്ങിവരാൻ കഴിയില്ല.. ഈ സിനിമയുടെ ആഴത്തിലേക്ക്
നമ്മളെ മുക്കി വെക്കാൻ ആ ഒറ്റ സീൻ മതി....
അവിടെ ഒതുങ്ങുന്നില്ല
വാലിബൻ.. പിന്നെ ഒരു പടയോട്ടം തന്നെയാണ്.. തോട്ട കളരികളെല്ലാം കുത്തിമറിച്ച്
കുഴിതോണ്ടി ഉള്ള ആ യാത്ര മനോഹരമായി നമുക്ക് ഫീൽ ചെയ്യുന്ന വിധം
അവതരിപ്പിക്കുന്നു.. കടന്നുപോകുന്ന ഓരോ ഊരിലും പിന്നെ കാവലിന് മലൈക്കോട്ടൈ വാലിബൻ
മതി എന്ന പ്രഖ്യാപനം ആണ് ഉണ്ടാകുന്നത്.. അങ്ങനെ അവസാനം അയാൾ മലൈക്കോട്ടൈ തന്നെ
മടങ്ങി എത്തുന്നു..ഓരോ ദേശത്തും മല്ലന്മാർ കയ്യടക്കി വെച്ച മണ്ണും പെണ്ണും എല്ലാം
സ്വന്തമാക്കിയുള്ള വലിബാന്റെ യാത്ര മോഹൻലാൽ ആരാധകരെ കസേരയിൽ സമാധാനമായി ഇരുത്തില്ല
എന്നത് ഒരു സത്യമാണ്.. ഈ വേഷം ചെയ്യാൻ മോഹൻലാൽ അല്ലാതെ മറ്റൊരാൾ ഉണ്ടാകുമെന്നത്
നമുക്ക് സങ്കല്പിക്കാന്‍ പോലും കഴിയില്ല..
പോരേ.. ഈ പരിസരവും ഈ
ഡയലോഗും എല്ലാം കേട്ടാൽ ഞാൻ ആദ്യം പറഞ്ഞപോലെ ഒരു സംസ്കൃത നാടകം ആയി ഫീൽ നല്കുന്ന
തുടക്കം അടുത്ത നിമിഷം ഒരു ഹോളിവുഡ് ത്രില്ലർ ആയി മാറുന്ന മാജിക്കാണ് ലിജോയും
മോഹൻലാലും നമുക്ക് നല്കുന്നത്..നാടോടിയായ ഒരു മല്ലൻ.... കാണുന്ന നാടും നഗരങ്ങളും കാടും
കടലും കീഴടക്കിയുള്ള അയാളുടെ യാത്ര...... ഒരു വടക്കൻ പാട്ടിലെ കഥ പോലെ ഒരു ഐതിഹ്യമാല
പോലെ നമ്മളെ വിസ്മയത്തുമ്പിൽ നിർത്താൻ ലിജോയ്ക്ക് കഴിഞ്ഞിട്ടുണ്ട്..
4 അഭിപ്രായങ്ങള്‍
അതി മനോഹരമായ അവതരണം വിനോദ്..ഇതൊരു മോഹൻലാൽ ചിത്രം എന്ന് തന്നെ പറയണം അല്ലേ.ഒരു fantasy yude ലോകത്തേക്ക് വലിബന് പ്രേക്ഷകരെ കൈപിടിച്ച് നടത്തിക്കും എന്ന് പറഞാൽ ഒട്ടും അതിശയോ്ക്തി ആവില്ല എന്ന് വിനോദിൻ്റെ ഈ കുറിപ്പിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത്..വേൾഡ് ക്ലാസ്സ് സാങ്കേതിക വിദ്യകൾ കൂടി ചേരുമ്പോൾ ഈ ചിത്രം പ്രേക്ഷകർക്ക് പുതിയ അനുഭവം ആയിരിക്കും. ആശംസകൾ വിനോദ്
മറുപടിഇല്ലാതാക്കൂസന്തോഷം.. സ്നേഹം സുമ..
ഇല്ലാതാക്കൂവിനോദ് സാറിന്റെ എഴുത്ത് വായിച്ചപ്പോൾ വാലിബനെ തീയറ്ററിൽ പോയി കാണണം എന്ന് തീരുമാനിച്ചു.
മറുപടിഇല്ലാതാക്കൂസന്തോഷം.. സ്നേഹം..
ഇല്ലാതാക്കൂ