പുരാണത്തിലെ ഏറ്റവും ഇഷ്ടമുള്ള സ്ത്രീ കഥാപാത്രം ആരാണ് എന്നുള്ള എന്‍റെ ഒരു സ്നേഹിതൻ ചോദിച്ച ചോദ്യമാണ് ഈ പ്രഭാഷണത്തിന് അടിസ്ഥാനം. വളരെ വേഗത്തിൽ ഞാൻ പറഞ്ഞ മറുപടി മണ്ഡോദരി എന്നായിരുന്നു. അസുരരാജാവായ രാവണന്‍റെ പത്നിയാണ് മണ്ഡോദരി. ആ മണ്ഡോദരി എങ്ങനെ എന്‍റെ പ്രിയപ്പെട്ട സ്ത്രീ കഥാപാത്രമാകും എന്നതായിരിക്കാം അദ്ദേഹത്തിന് തോന്നിയ കൗതുകം. അങ്ങനെ ആ ചിന്ത ആരംഭിക്കുകയും പുരാണത്തിലെ ചില സ്ത്രീകഥാപാത്രങ്ങളെ എന്‍റെ നിരീക്ഷണത്തിലൂടെ അവതരിപ്പിക്കുകയും ചെയ്യുക എന്ന ഒരു ആശയമാണ് ഈ പരമ്പര..
എന്‍റെ സ്നേഹിതന് ഊർമ്മിളയോടാണ് ഇഷ്ടം കൂടുതൽ..ആയിക്കോട്ടെ.. അങ്ങനെയാണെങ്കിൽ എനിക്ക് സീതയോട് ഇഷ്ടമാകാമല്ലോ. അപ്പോള്‍ എന്തുകൊണ്ട് സീത എന്നതാണ് അടുത്ത ചോദ്യം. ആ ചോദ്യത്തിന് ഉത്തരം പറയുമ്പോൾ രാമൻ സംഭാഷണത്തിൽ കടന്നുവരാം. കാരണം രാമനില്ലാതെ സീതയുണ്ടോ. രാമൻ വന്നാൽ അതും ഒരു പ്രശ്നമാണ്. കാരണം രാമൻ ഏറ്റവുമധികം വിമർശിക്കപ്പെട്ടത് സീതയുടെ പേരിലാണ്. ഗർഭിണിയായ സീതയെ ഒരു ദയയുമില്ലാതെ കാട്ടിൽ ഉപേക്ഷിച്ചവനാണ് രാമൻ. കുറ്റം പറയാതെ പറ്റുമോ. ആണായി പിറന്ന ആരെങ്കിലും ചെയ്യുന്ന പണിയാണോ അത്. "അത് ധർമ്മമാണോ രാമാ...." എന്ന് നമ്മൾ നീട്ടിവിളിച്ചു വിമർശിക്കുന്നതിന് മുൻപ് ആരാണ് സീത എന്നത് അറിയണം. എന്താണ് ധർമ്മം എന്നതും. ആരാണ് സീത..?.
രാമായണത്തിലെ സീത രാമന്‍റെ ഭാര്യയാണ്.. രാമന്‍റെ പേരിലാണ് സീത അറിയപ്പെടുന്നത്. നമ്മുടെ ഭാരതത്തിൽ വിവാഹിതയാകുന്ന എല്ലാ സ്ത്രീകളും ഭർത്താവിന്‍റെ പേരിലാണ് അറിയപ്പെടുന്നത് എന്ന് ഞാൻ പറഞ്ഞാൽ ഫെമിനിസ്റ്റ് ചിന്തയുള്ളവർ വടിയെടുക്കരുത്. വിവാഹിതയാകുന്ന സ്ത്രീകളുടെ സർ നെയിം ഭർത്താവിന്‍റെ പേരാണ് ലോകത്തിൽ പലയിടത്തും. എന്നാൽ ഭാരതത്തിൽ ഒരാൾ ഭാര്യയുടെ പേരിൽ അറിയപ്പെടുന്നു എങ്കിൽ അത് രാമൻ മാത്രമാണ്. സീതാരാമൻ എന്ന് രാമനെ സ്നേഹപൂർവ്വം ഭക്തർ വിളിക്കാറുണ്ട്. ആ സീതാരാമൻ എന്തിനാണ് സീതയെ കാട്ടിൽ ഉപേക്ഷിച്ചത് എന്നത് ജാതിമതഭേദമില്ലാതെ എല്ലാവരും ഇന്നും ചോദിക്കുന്ന ചോദ്യമാണ്..
നിരവധി കാരണങ്ങൾ ഉണ്ട് അതിന്. കാരണമെല്ലാം കുത്തിയിരുന്നു കേട്ടപ്പോൾ രാമൻ ചെയ്തത് ധർമ്മം എന്നാണ് എനിക്ക് തോന്നിയത്. നിങ്ങൾക്ക് അങ്ങനെ തോന്നണമെന്നില്ല. ഞാൻ നിർബന്ധിക്കുന്നതുമില്ല..
സീത ഉപേക്ഷിക്കപ്പെട്ടത്തിന് പിന്നിൽ പ്രധാനമായും ഒരു ശാപത്തിന്‍റെ കഥയുണ്ട്. സത്യം പറഞ്ഞാൽ സീതയുടെ ജനനം പോലും ഒരു ശാപത്തിന്‍റെ ഫലമാണ്. അത് ആദ്യം തന്നെ പറയാതെ സീതയുടെ കഥ പറഞ്ഞിട്ട് കാര്യമില്ല. സീതയുടെ കഥ പറയുമ്പോൾ ആദ്യം പറയേണ്ടത് രാമന്‍റെ പേരല്ല, മഹാവിഷ്ണുവിന്‍റെ പേരാണ്.. കാരണം മഹാവിഷ്ണുവിന്‍റെ ഭാര്യ ലക്ഷ്മീദേവിയുടെ മനുഷ്യാവതാരമാണ് സീത. മഹാവിഷ്ണുവിന് ലക്ഷ്മീദേവിയെ കൂടാതെ ഗംഗാദേവി, സരസ്വതി എന്നിവർ ഭാര്യമാർ ആണെന്ന് ദേവീഭാഗവതം സൂചിപ്പിക്കുന്നുണ്ട്. മഹാവിഷ്ണു ശ്രീരാമനായി അവതാരമെടുത്തത്തിന് പിന്നിലും ഒരു ശാപം ഉണ്ട്.
ഈ പ്രപഞ്ചത്തിലെ സൃഷ്ടി, സ്ഥിതി, സംഹാരങ്ങളുടെ നിയന്ത്രണമുള്ള ത്രിമൂർത്തികളിൽ ഒന്നാമനായ വിഷ്ണുവിന് ശാപമോ എന്ന സംശയം സ്വാഭാവികമായി നിങ്ങൾക്ക് ഉണ്ടാകും. മഹാവിഷ്ണു പല ഘട്ടങ്ങളിലും നിരവധി ശാപം സ്വീകരിക്കുകയും ശാപം കൊടുക്കുകയും ചെയ്തിട്ടുണ്ട്. പുരാണങ്ങളിലെ ശാപങ്ങളെ ചില നിയോഗമായി മാത്രം നമ്മൾ കണ്ടാൽ മതി. അത് ഈ കാലത്ത് ഞാൻ ഒരാളെ ശപിക്കുന്ന പോലെയോ നിങ്ങളിൽ ഒരാൾ എന്നെ ശപിക്കുന്നപോലെയോ അല്ല.
ദേവന്മാരിൽ ദേവനായ ആദിപുരുഷൻ എന്ന് വിശേഷിപ്പിക്കുന്ന മഹാവിഷ്ണു സ്വന്തം ഭാര്യയായ മഹാലക്ഷ്മിയെയും ശപിച്ചിട്ടുണ്ട്.. വിഷമിക്കണ്ട. മറ്റൊരവസരത്തിൽ ഈ മഹാലക്ഷ്മി തിരിച്ചു മഹാവിഷ്ണുവിനെയും ശപിച്ചിട്ടുണ്ട്. അങ്ങനെ ശപിച്ചത് എന്തിന് എന്നറിയണ്ടേ.
ഒരിക്കൽ മഹാവിഷ്ണു മഹാലക്ഷ്മിയുടെ മുഖത്ത് നോക്കി ഒന്ന് വെറുതെ ചിരിച്ചു. ഭാര്യയുടെ മുഖത്ത് നോക്കി ഒരു ഭർത്താവ് വെറുതെ ഒന്ന് ചിരിച്ചാൽ പോലും അതിന് പല അർഥം ഉണ്ട്. എന്നാൽ അനവസരത്തിലെ ആ ചിരി മഹാലക്ഷ്മിക്ക് പിടിച്ചില്ല. ദേഷ്യം വന്ന മഹാലക്ഷ്മി മഹാവിഷ്ണുവിന്‍റെ തലയറ്റ് പോകട്ടെ എന്ന് ശപിച്ചു. അല്ല പിന്നെ, ഈ തല ഉള്ളത് കൊണ്ടാണല്ലോ ചിരി വരുന്നത്. ശാപം ഫലിച്ചു. ഒരു അവസരത്തിൽ വിഷ്ണുവിന്‍റെ തലയറ്റ് പോയി. പകരം ഒരു കുതിരയുടെ തല എടുത്തു ഫിറ്റ് ചെയ്തു നമ്മുടെ വിശ്വകർമ്മാവ്. ആ തലയുമായി പോയാണ് മഹാവിഷ്ണു ഹയഗ്രീവൻ എന്ന ഒരു കൊടും തീവ്രവാദിയായ അസുരനെ കൊന്നത്. അങ്ങേരാണെങ്കില്‍ ആയിരം വർഷം തപസ്സ് ചെയ്തു "കുതിരത്തല ഉള്ള ഒരുത്തൻ മാത്രമേ എന്നെ കൊല്ലാൻ പാടുള്ളൂ..." എന്ന ഒരു വരവും മേടിച്ചു അടിച്ചു പൊളിച്ചു നടക്കുകയായിരുന്നു. ഇപ്പ മനസിലായില്ലേ വരം കൊണ്ട് മാത്രമല്ല ശാപം കൊണ്ടും പല ഗുണങ്ങളും ഉണ്ടെന്ന്.
ഒരിക്കൽ രേവന്തൻ എന്ന ഒരു സുന്ദരനായ രാജാവ് വൈകുണ്ഠത്ത് വന്നു. അയാൾ നമ്മുടെ ദേവേന്ദ്രന്‍റെ അടുത്ത സ്നേഹിതനാണ്. ഈ രേവന്തൻ വന്നത് ഇന്ദ്രന്‍റെ കുതിരയായ ഉച്ചൈശ്രവസ് എന്ന കുതിരപ്പുറത്താണ്. ആള് കോമളനും സുന്ദരനുമാണ് കേട്ടോ. രേവന്തനെ കണ്ട ലക്ഷ്മീദേവീ ഒരുനിമിഷം മതിമറന്നു നിന്നുപോയി. അത് മഹാവിഷ്ണു കാണുന്നുണ്ടായിരുന്നു. മഹാവിഷ്ണുവിന് അത് അത്ര പിടിച്ചില്ല. ഒറ്റ ശാപം വെച്ചുകൊടുത്തു. ലക്ഷ്മീദേവി ഭൂമിയിൽ പോയി ഒരു പെൺകുതിരയായി ജനിക്കട്ടെ എന്നത് ആയിരുന്നു ശാപം. അത് തന്നെ സംഭവിച്ചു. ലക്ഷ്മീദേവി ശാപകാലാവധി അവസാനിക്കുന്ന വരെ ഭൂമിയിൽ ഒരു പെൺകുതിരയായി ജീവിച്ചു. അത് പുരാണത്തിലെ മറ്റൊരു കഥയാണ്.
അതൊക്കെ അവിടെ നിൽക്കട്ടെ. നമ്മൾ പറഞ്ഞു തുടങ്ങിയത് സീതയുടെ കഥയാണ്. ആ കഥയിൽ വിഷ്ണുവും ലക്ഷ്മിയുമാണ് പൂർവകഥാപാത്രങ്ങൾ. അവർക്ക് കിട്ടിയ ശാപങ്ങളാണ് രാമനും സീതയുമായി ജനിക്കാനും കാരണം. ശാപങ്ങൾക്ക് പോലും ചില നിയോഗങ്ങൾ ഉണ്ട്..
വിഷ്ണുന്‍റെ ഭാര്യമാരുടെ സ്ഥാനത്തുള്ള ലക്ഷ്മി, സരസ്വതി, ഗംഗ എന്നിവര്‍ തമ്മില്‍ ഒരു വഴക്ക് ഉണ്ടാകുകയും അവര്‍ പരസ്പരം ശപിക്കുകയും ചെയ്തു. എന്തിനായിരുന്നു വഴക്ക് എന്നതും എന്തായിരുന്നു ശാപത്തിന്‍റെ ഉദ്ദേശം എന്നതും വിശദമായി മറ്റൊരു അവസരത്തില്‍ പറയാം. ആ ശാപത്തിന്‍റെ ഫലമായിട്ടാണ് ലക്ഷ്മി തുളസിയായും വേദവതിയായും സീതയായും പാഞ്ചാലിയായും പല ജന്മങ്ങള്‍ ജനിക്കുന്നത്. സരസ്വതിയും ഗംഗയും നദികളായും അവതരിക്കുന്നു. സീതയെ രാമന്‍ കാട്ടില്‍ ഉപേക്ഷിക്കാന്‍ കാരണമായ ശാപത്തിന്‍റെ കഥ വേഗത്തില്‍ പറഞ്ഞു നമുക്ക് മറ്റുള്ള കഥകളിലേക്ക് പോകാം.
മിഥിലയിലെ രാജാവായ ജനകന്‍റെ വളര്‍ത്തുപുത്രിയാണ് സീത എന്നാണ് നമ്മള്‍ മനസിലാക്കി വെച്ചിരിക്കുന്നത്. മനസിലാക്കിയത് ശരിയാണ്.. എന്നാല്‍ അതില്‍ ചില കാര്യങ്ങള്‍ കൂടി നമ്മള്‍ കൂടുതല്‍ മനസിലാക്കാനുണ്ട്. അതും സൗകര്യം പോലെ പിന്നീട് പറയാം. തല്‍ക്കാലം സീതയുടെ വളര്‍ത്തച്ഛനാണ് ജനകന്‍ എന്നത് ഇരിക്കട്ടെ. മിഥിലയിലെ രാജധാനിയിൽ എല്ലാ സുഖസൌകര്യങ്ങളോടും കൂടി ജീവിക്കുന്ന കാലത്ത് ഒരിക്കൽ പൂന്തോട്ടത്തിലൂടെ കളിച്ചു നടക്കുമ്പോൾ ഒരു ആൺതത്തയും പെൺതത്തയും ഒരു മരക്കൊമ്പിൽ ഇരുന്നു മനുഷ്യരുടെ ഭാഷയിൽ സംസാരിക്കുന്നത് കേൾക്കാൻ ഇടയായി. ആ തത്തകൾ സംസാരിച്ചത് ശ്രീരാമൻ എന്ന സുന്ദരനായ ഒരു രാജാവിനെക്കുറിച്ചായിരുന്നു. ഒരുപക്ഷേ സീത രാമന്‍റെ പേര് ആദ്യമായി കേള്‍ക്കുന്നത് ഈ തത്തകളുടെ സംഭാഷണത്തില്‍ നിന്നും ആയിരിക്കാം. കൗതുകംകൊണ്ട് സീത ആ തത്തകളുടെ സംഭാഷണം ശ്രദ്ധിച്ചു. “ഭൂമിയില്‍ സുന്ദരനായ ഒരു രാജാവ് ഉണ്ടാകും....ആ രാജാവിന്‍റെ പേര് ശ്രീരാമന്‍ എന്നായിരിക്കും.... ആ രാജാവിന്‍റെ ഭാര്യയുടെ പേര്‍ സീത എന്നായിരിക്കും. അവരുടെ ദാമ്പത്യം ഏറ്റവും സുഖകരമായിരിക്കും....” ഇതാണ് ആ തത്തകള്‍ തമ്മിലുള്ള സംഭാഷണത്തിന്‍റെ സാരം. ഇത് കേട്ടപ്പോള്‍ സീതയ്ക്ക് കൂടുതല്‍ സന്തോഷവും, ഈ തത്തകളെ പറ്റി കൂടുതല്‍ അറിയാനുള്ള ആകാംഷയും ഉണ്ടായി. ഉടന്‍തന്നെ സീത ആ തത്തകള്‍ക്ക് ഭക്ഷണം നല്‍കാന്‍ തോഴിമാരോട് ആവശ്യപ്പെട്ടു. ഭക്ഷണം കഴിക്കുന്നതിനിടയില്‍ സീത ആ തത്തകളോട് വിവരങ്ങളും വിശേഷങ്ങളും തിരക്കി. വനത്തില്‍ വാല്മീകി എന്ന ഒരു മഹര്‍ഷി ഉണ്ടെന്നും അദ്ദേഹത്തിന്‍റെ ആശ്രമത്തിലാണ് ഞങ്ങളുടെ വാസം എന്നും ആ തത്തകള്‍ സീതയോട് പറഞ്ഞു. ആ മഹര്‍ഷി സംഭവിക്കാന്‍ പോകുന്ന രാമായണം കഥ എഴുതി ശിഷ്യന്മാരെ പഠിപ്പിക്കുന്നു എന്നും, അങ്ങനെ ആ കഥ കേട്ട് പഠിച്ചാണ് ഇങ്ങനെ സംസാരിക്കാന്‍ കഴിയുന്നത് എന്നും ആ തത്തകള്‍ സീതയോട് പറയുന്നു. രാമനാൽ ഉപേക്ഷിക്കപ്പെട്ട സീത വാല്മീകിയുടെ ആശ്രമത്തിൽ എത്തിച്ചേരുമ്പോൾ എഴുതപ്പെട്ടത് അല്ല രാമായണം. രാമന്‍റെ അയനം ഒരുപക്ഷേ സീതയുടെ ജനനത്തിനും മുൻപ് കവി ഭാവനയിൽ കണ്ടു എഴുതിയത് തന്നെ ആണ്. അതവിടെ നിൽക്കട്ടെ..
6 അഭിപ്രായങ്ങള്‍
ഇതിഹാസ കർത്താവ് എഴുതിവച്ച പലതും ഇന്നത്തെ തലമുറ അതിൻ്റെ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കുന്നില്ല. മര്യാദാ പുരുഷോത്തമൻ ആയ രാമൻ ഗർഭിണിയായ സീതയെ കാട്ടിൽ ഉപേക്ഷിച്ചു എന്ന് പറയുന്നവർക്ക് ഈ കഥ കൊടുക്കുന്ന ഒരു വലിയ സന്ദേശം ഉണ്ട്.പ്രകൃതിയും മനുഷ്യനും പരസ്പരം സാഹോദര്യത്തിൽ ആണ് ജീവിക്കേണ്ടത് . മനോഹരമായ അവതരണം വിനോദ്.ആശംസകൾ
മറുപടിഇല്ലാതാക്കൂസ്നേഹാദരം സുമ......
ഇല്ലാതാക്കൂവെറുതെ ശപിക്കുകയല്ല! ശാപങ്ങൾക്കും ഒരു കഥ പറയാനുണ്ടെന്ന് ഈ ഭാഷണത്തിലൂടെ തെളിയുന്നുണ്ട്. അലക്കുകാരൻ്റ് വാക്കു കേട്ട് സീതയെ ഉപേക്ഷിച്ച രാമനെ നമ്മൾ ഇത്രയും നാൾ കുറ്റപ്പെടുത്തി അല്ലെ?മുൻപത്തെ വീഡിയോയെക്കാൾ വളരെ മനോഹരം ,സീതാദേവിയുടെ കഥ പറഞ്ഞ ഈ ലക്കം. അഭിനന്ദനങ്ങൾ സാർ!🙏🙏🙏
മറുപടിഇല്ലാതാക്കൂവെറുതെ ശപിക്കുകയല്ല! ശാപങ്ങൾക്കും ഒരു കഥ പറയാനുണ്ടെന്ന് ഈ ഭാഷണത്തിലൂടെ തെളിയുന്നുണ്ട്. അലക്കുകാരൻ്റ് വാക്കു കേട്ട് സീതയെ ഉപേക്ഷിച്ച രാമനെ നമ്മൾ ഇത്രയും നാൾ കുറ്റപ്പെടുത്തി അല്ലെ?മുൻപത്തെ വീഡിയോയെക്കാൾ വളരെ മനോഹരം ,സീതാദേവിയുടെ കഥ പറഞ്ഞ ഈ ലക്കം. അഭിനന്ദനങ്ങൾ സാർ!🙏🙏🙏
മറുപടിഇല്ലാതാക്കൂപുരാണം ഒത്തിരി അറിയാനുള്ള മഹാസാഗരമാണ്. വായനയിലൂടെ പുരാണേതിഹാസങ്ങളുടെ വിശാലതയിലേക്കിറങ്ങി അറിവു പങ്കുവെക്കുന്ന വിനോദ് സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെ കഥാപാത്രങ്ങളിലൂടെ കഥയിലൂടെ അറിവുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ആശംസകൾ🌹
മറുപടിഇല്ലാതാക്കൂവിശദമായ ആഖ്യാനം മാഷേ..
മറുപടിഇല്ലാതാക്കൂആശംസകൾ...അഭിനന്ദനങ്ങൾ.. ❤️