ഇന്ത്യന്‍ വ്യാപാരസിനിമയെ നവീകരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ചലച്ചിത്ര സംവിധായകനാണ് ഗുരുദത്ത്. ഇൻഡ്യൻ സിനിമയുടെ ചരിത്രം പഠിക്കാന്‍ ഇറങ്ങുന്ന ഒരു വിദ്യാർത്ഥിക്ക് തീര്‍ച്ചയായും തൊട്ടും അറിഞ്ഞും കടന്നുപോകേണ്ട പേരാണ് അദ്ദേഹത്തിന്‍റെത്. ഇരുപതാമത്തെ വയസിൽ സിനിമയുമായി ബന്ധപ്പെട്ട മേഖലയിൽ എത്തുന്നു. തുടക്കത്തില്‍ ഒരു നടനായും പിന്നീട് സഹസംവിധായകനായും കോറിയോഗ്രാഫറായും നിര്‍മ്മാതാവായും എഴുത്തുകാരനായും അങ്ങനെ സിനിമയുടെ എല്ലാ മേഖലയും കൈകളില്‍ ഒതുക്കിയ സിനിമാക്കാരന്‍. എന്നാല്‍ ആകെ സംവിധാനം ചെയ്തത് എട്ട് സിനിമകൾ. നിർമ്മാതാവായി പ്രവർത്തിച്ചുകൊണ്ട്, താൻ സംവിധാനം ചെയ്ത നാല് സിനിമകളടക്കം ആകെ 8 സിനിമകൾ നിര്‍മ്മിച്ചു. മുപ്പത്തിയൊൻപതാം വയസിൽ ദുരൂഹമായ സാഹചര്യത്തിൽ മരിക്കുന്നു. അപ്പോള്‍ ബാക്കിവെച്ചുപോയത് ലോകസിനിമയ്ക്ക്, സിനിമ എന്തെന്ന് പഠിക്കാന്‍ ചില്ലറ സിനിമകളും അതിലേറെ സ്വപ്നങ്ങളും..... ആ ഗുരുദത്ത് എന്ന സിനിമാ മാന്ത്രികനെപ്പറ്റി ആകട്ടെ ഇന്നത്തെ നമ്മുടെ സംഭാഷണം..
ഗുരുദത്തിന്‍റെ ജീവിതത്തിന് 110 വര്‍ഷത്തെ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ നിര്‍ണായകമായ ഒരു
വേഷമുണ്ട്. കേരളത്തോട് അടുത്ത് കിടക്കുന്ന കര്‍ണാടകപ്രദേശമായ ഉഡുപ്പിയിലാണ്
ഗുരുദത്ത് ജനിച്ചത്. വസന്ത്കുമാർ ശിവശങ്കർ പദുക്കോൺ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്.
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഇന്ത്യയിലെ അന്നത്തെ ഏറ്റവും വലിയ നർത്തകനായ ഉദയ്
ശങ്കറിന്റെ കീഴിൽ ഗുരുദത്ത് നൃത്തം അഭ്യസിക്കാൻ വേണ്ടി കൽക്കത്തയിൽ
എത്തിച്ചേരുന്നു. അന്ന് അദ്ദേഹത്തിന് പ്രായം വെറും 17 വയസ്സ്. സിതാർ പ്രതിഭയായ രവിശങ്കറിന്‍റെ മൂത്തസഹോദരനാണ് ഈ ഉദയ് ശങ്കർ. എന്നാൽ
നിർഭാഗ്യവശാൽ ഗുരുദത്തിന് അവിടെ പഠനം തുടരാന്‍ കഴിഞ്ഞില്ല. 1944 ല്‍ ഉദയ് ശങ്കറിന്‍റെ നൃത്തവിദ്യാലയത്തില്‍
നിന്നും പുറത്തുവരികയോ പുറത്താക്കപ്പെടുകയോ ചെയ്ത ഗുരുദത്തിന്‍റെ പിന്നീടുള്ള
ജീവിതം അല്പം ദുരിതം നിറഞ്ഞത് ആയിരുന്നു. കൂലിവേല മുതല്‍ മുകളിലേക്ക് പല ജോലികളും
ചെയ്ത് അദ്ദേഹം കുറച്ചുകാലം ജീവിച്ചു. സത്യം പറഞ്ഞാൽ അന്നൊക്കെ അദേഹത്തിന്‍റെ മനസിൽ
സിനിമ ഉണ്ടായിരുന്നു എന്ന് കാലം പിന്നീട് തെളിയിച്ചു. കൽക്കത്തയിലെ ജീവിതം ബംഗാളി ഭാഷ പഠിക്കാനും
ഇന്ത്യന്‍ സിനിമയുടെ മുഖചിത്രമായ ബംഗാള്‍ സിനിമയെ അറിയാനും ഗുരുദത്തിനെ സഹായിച്ചു
എന്നുവേണമെങ്കില്‍ പറയാം. അന്നത്തെയും ഇന്ത്യന്‍ സിനിമാവ്യവസായത്തിന്‍റെ പ്രധാന
ഈറ്റില്ലം ബോംബെ ആയിരുന്നു. ബോളിവുഡ് എന്ന ചെല്ലപ്പേരൊന്നും ഇല്ലെങ്കിലും
ബോംബയില്‍ പ്രമുഖരായ സിനിമാക്കാരുടെ നിര്‍മ്മാണക്കമ്പനികള്‍ അന്ന്‍ നിരവധി
ഉണ്ടായിരുന്നു. കല്‍ക്കട്ടയില്‍ നിന്നും ബോംബെയില്‍ എത്തിയ ഗുരുദത്ത് അവിടെയുള്ള
നിരവധി നിര്‍മ്മാണക്കമ്പനി ഓഫിസുകളിലും ചലച്ചിത്ര സ്റ്റുഡിയോകളിലും പല ജോലികള്‍
ചെയ്തു കഴിഞ്ഞു കൂടി.
ഇന്ത്യന്‍
സിനിമയുടെ ചരിത്രം പല ഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. 1890 മുതല്‍ 1920 വരെയുള്ള ആരംഭകാലവും 1920 മുതല്‍ 1940 വരെയുള്ള ടാക്കീസ് കാലവും 1940 മുതല്‍ 1960 വരെയുള്ള സുവര്‍ണ്ണകാലവും. അതില്‍ ഏറ്റവും
പ്രധാനപ്പെട്ട ആ സുവര്‍ണ്ണകാലത്തിലാണ് ഗുരുദത്ത് സിനിമയുടെ ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത്.
പല
വഴികളിലൂടെ ഓടിയും നടന്നും കിതപ്പ് മാറ്റാൻ വേണ്ടി ഗുരുദത്ത് ഒടുവിൽ എത്തിച്ചേർന്നത് പൂനെ കേന്ദ്രമാക്കി
പ്രവർത്തിക്കുന്ന പ്രഭാത് ഫിലിം കമ്പനി എന്ന നിർമ്മാണക്കമ്പനിയിലായിരുന്നു.
അന്നുവരെ പ്രഭാത് സ്റ്റുഡിയോ എന്ന പ്രസ്ഥാനത്തിന്‍റെ ജീവനാഡിയായിരുന്ന വി.
ശാന്താറാം എന്ന മറാത്തിക്കാരൻ പ്രഭാതിനെ കയ്യൊഴിഞ്ഞു സ്വന്തമായി മറ്റൊരു
നിർമ്മാണക്കമ്പനി തുടങ്ങിയ കാലമായിരുന്നു അത്. ആരെക്കിട്ടിയാലും കെട്ടിപ്പിടിച്ചു
കിടന്നു മുങ്ങിച്ചാകാതെ നോക്കാൻ ശ്രമിക്കുന്ന പ്രഭാത് സ്റ്റുഡിയോക്ക് കയ്യിൽ
കിട്ടിയ കച്ചിത്തുതുരുമ്പ് ആയിരുന്നു നമ്മുടെ ഗുരുദത്ത്. പ്രഭാത് സ്റ്റുഡിയോയിൽ
എത്തുന്ന കാലത്ത് ഗുരുദത്തിന് പ്രായം വെറും 20 വയസ്സ്. പ്രഭാത് സ്റ്റുഡിയോ
നിർമ്മിച്ച സിനിമകളിൽ എല്ലാം പിന്നിൽ നിന്ന് പണിയെടുത്ത ഗുരുദത്ത് ആ കാലത്തുതന്നെ
ലക്റാനി എന്ന ഒരു സിനിമയിൽ ഒരു ചെറിയ വേഷവും ചെയ്തു. പ്രഭാത് കമ്പനിയുടെ ഒരു
സിനിമയിൽ സംവിധാന സഹായിയായി പ്രവർത്തിക്കാൻ ഗുരുദത്തിന് അവസരം കിട്ടി. ഹം ഏക്ക് ഹേ
എന്ന ആ സിനിമയിൽ നായകനായി അഭിനയിച്ചത് പിന്നീട് ഇൻഡ്യൻ സിനിമയിലെ നിത്യഹരിത
പ്രണയനായകനായി മാറിയ ദേവാനന്ദ് ആയിരുന്നു. അന്ന് ദേവാനന്ദിന് പ്രായം 23 വയസ്സ്. ഹിന്ദി സിനിമയിൽ ദേവാനന്ദ് പിച്ചവെച്ചു തുടങ്ങിയ
കാലമായിരുന്നു അത്. ആ സിനിമയിൽ സംവിധാന സഹായം മാത്രമല്ല നൃത്തസംവിധാനവും
നിർവഹിച്ചുകൊണ്ട് ഗുരുദത്ത് ഇൻഡ്യൻ സിനിമയിലേക്കുള്ള വരവറിയിച്ചു. ഈ സിനിമ
ഗുരുദത്തിന് സമ്മാനിച്ചത് ദേവാനന്ദ് എന്ന സൗഹൃദമായിരുന്നു. ഹം ഏക്ക് ഹേ എന്ന ആ പേര് പിന്നീട് ഹിന്ദി സിനിമയിൽ വിജയമന്ത്രമായി മാറിയ ഗുരുദത്തും ദേവാനന്ദും തമ്മിലുള്ള ബന്ധത്തിന്‍റെ വളർച്ചയുടെ മുള
പൊട്ടിച്ച പേരായി മാറി.
പ്രഭാത്
സ്റ്റുഡിയോയുമായി ഉള്ള കരാർ കാലാവധി കഴിഞ്ഞു ഗുരുദത്ത് മറ്റ് നിരവധി സിനിമാ
കമ്പനികളിലൂടെ നിരവധി സിനിമകളുടെ അണിയറയിൽ പ്രവർത്തിച്ചു. ആ കാലത്തെ ഒഴിവ്
സമയങ്ങളിൽ അദ്ദേഹം ഇല്ലുസ്ട്രേറ്റഡ് മാസികയ്ക്ക് വേണ്ടി
ഇംഗ്ലീഷിൽ ചെറുകഥകൾ എഴുതിയിരുന്നു.
ദേവാനന്ദ്
സ്വന്തമായി നവകേദൻ
ഫിലിംസ് എന്ന പേരിൽ നിർമ്മാണക്കമ്പനി
ആരംഭിച്ചപ്പോൾ അവരുടെ രണ്ടാമത്തെ സിനിമയുടെ സംവിധാന ചുമതല നല്കിയത് ഗുരുദത്തിന്
ആയിരുന്നു. ബാസി എന്ന സിനിമയുടെ തുടക്കം അതാണ്.. പ്രണയവും പകയും ദുരഭിമാനക്കൊലയും
ചൂതാട്ടവും അണ്ടർവേൾഡും എല്ലാം ചേർന്ന ഒരു പുതിയ ഫോർമുലയായിരുന്നു ആ സിനിമ. ആ
സിനിമ ഹിന്ദി സിനിമയിൽ പ്രധാനമായും മൂന്ന് പേരുടെ ജാതകം തിരുത്തിക്കുറിച്ചു. ആ
സിനിമ സൂപ്പർ ഹിറ്റ് ആയി മാറിയതോടെ ദേവാനന്ദ് എന്ന നടൻ ഹിന്ദി സിനിമയുടെ
ചരിത്രത്തിൽ എതിരാളികൾ ഇല്ലാത്ത താരമായി മാറി. ആദ്യ ചിത്രം തന്നെ ഹിറ്റ് ആയതോടെ
ഗുരുദത്ത് എന്ന സംവിധായകൻ മാർക്കറ്റ് വാല്യൂ ഉള്ള സംവിധായകനായി. ഗീത ചൌധരി എന്ന
ഗായികയ്ക്കും കല്പന കാര്‍ത്തിക് എന്ന നായികയ്ക്കും ബാസി എന്ന സിനിമ
ഉണ്ടാക്കിക്കൊടുത്തത് നൂറില്‍ നൂറ്റിപ്പത്ത് മൈലേജ് ആണ്.
അന്നത്തെ
കാലത്ത് അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ കിടന്ന ചലച്ചിത്ര പിന്നണി ഗായിക ആയിരുന്നു
ഗീത ഘോഷ് റോയ് ചൌധരി. ഗുരുദത്തിന്‍റെ ആദ്യത്തെ സംവിധാന സംരംഭമായ ബാസിയിലേക്ക്
പാട്ടുകൾ പാടാൻ ഈ ഗീതയെ കൊണ്ടുവരുന്നു. ആ സിനിമയിലെ എട്ട് ഗാനങ്ങളിൽ ആറെണ്ണവും
ഒറ്റയിരുപ്പിൽ പാടിക്കൊണ്ട് ആ ഗായിക നമ്മുടെ നായകനായ ഗുരുദത്തിന്‍റെ മനസിൽ
കയറിക്കൂടി. സത്യം പറഞ്ഞാൽ ഈ ബാസി എന്ന പടം ഇൻഡ്യൻ സിനിമയിലെ രണ്ട് ഉഗ്രൻ
പ്രണയങ്ങൾക്ക് കൂടി തിരക്കഥ എഴുതിയ ചിത്രമാണ്. അതിൽ ഒന്നാണ് ഗുരുദത്തും ഈ ഗീത ചൌധരിയും തമ്മിലുള്ളത്. മറ്റൊന്ന് സിനിമയിൽ നായികയായി എത്തിയ കല്പന കാർത്തിക് എന്ന
പഞ്ചാബി കൃസ്ത്യൻ സുന്ദരിയും പിന്നീട് ഇൻഡ്യൻ സിനിമയിലെ നിത്യഹരിത പ്രണയ
നായകനായിരുന്ന ദേവാനന്ദും തമ്മിലുള്ള പ്രണയമായിരുന്നു.
ബാസി
പുറത്തിറങ്ങി രണ്ട് വർഷം കഴിഞ്ഞപ്പോൾ ഗുരുദത്ത് ഗീതയെയും മൂന്ന് വർഷം കഴിഞ്ഞപ്പോൾ
ദേവാനന്ദ് കല്പനയെയും വിവാഹം ചെയ്തു. പിന്നീട് എന്തായി ആ പ്രണയകഥകള്‍ എന്നത്
നമുക്ക് പിന്നീട് പരിശോദിക്കാം.
ബാസി എന്ന
സിനിമയെ തുടർന്ന് ദേവാനന്ദിനെ തന്നെ നായകനാക്കി ഗുരുദത്ത് ജാൽ എന്ന സിനിമ സംവിധാനം
ചെയ്യുന്നു. 1953 ൽ ഗുരുദത്ത് തന്നെ നായകനായ ബാസ് പുറത്തുവരുമ്പോള്‍ ഒരു സൂപ്പര്‍സ്റ്റാര്‍
എന്ന നെറ്റിപ്പട്ടം കൂടി ഗുരുദത്തിന് ലഭിക്കുന്നു, അതോടെ സ്വന്തം പേരില്‍ നിര്‍മ്മാണക്കമ്പനി
അദ്ദേഹം ആരംഭിക്കുന്നു. ഗുരുദത്ത് ഫിലിംസ് എന്ന പേരിലായിരുന്നു പിന്നീട്
അദ്ദേഹത്തിന്‍റെ സിനിമകള്‍ പുറത്തുവന്നത്. ആര്‍ പാര്‍, മിസ്റ്റര്‍ ആന്‍ഡ് മിസിസ്
തുടങ്ങിയ ചിത്രങ്ങള്‍ കൂടി പുറത്തു വന്നപ്പോള്‍ ഹിന്ദി സിനിമയുടെ കടിഞ്ഞാണ്‍
ഗുരുദത്തിന്‍റെ കൈകളില്‍ ഭദ്രമായി.
ഒരു
ഇടവേളയ്ക്ക് ശേഷം ദേവാനന്ദിനെ നായകനാക്കി സി.ഐ.ഡി എന്ന സിനിമ നിര്‍മ്മിക്കാന്‍
ആരംഭിച്ച കാലത്താണ് സിനിമയെന്ന സ്വപ്നവുമായി തമിഴ് നാട്ടിലെ ചെംഗൽപേട്ടിൽ നിന്നും
എത്തിയ നർത്തകി കൂടിയായ വഹീദ റഹ്മാൻ എന്ന കൊച്ചുസുന്ദരിയുടെ കഴിവുകളില്‍ ഗുരുദത്ത് എന്ന സിനിമക്കാരന്‍റെ കണ്ണ്
ഉടക്കുന്നത്. എം. ജി. ആറിന്‍റെ ആലിബാബയും 40 തിരുടർകളും എന്ന തമിഴ് സിനിമയിലും നാഗേശ്വരറാവുവിന്‍റെ റോജുലുമാറായി എന്ന തെലുഗുചിത്രത്തിലും ശ്രദ്ധേയമായ നൃത്ത
രംഗങ്ങൾ അവതരിപ്പിച്ച വഹീദ റഹ്മാൻ സിനിമ കൊണ്ട് ഉപജീവന മാർഗ്ഗം കണ്ടെത്താൻ
തീരുമാനിച്ചു ഇറങ്ങി പുറപ്പെട്ട കാലമായിരുന്നു അത്. അക്കിനേനി നാഗേശ്വരറാവു ആരാണ് എന്നൊരു
സംശയം പുതിയ തലമുറയ്ക്ക് ഉണ്ടാകും. അക്കിനേനി നാഗേശ്വരറാവു....അദ്ദേഹമാണ് സൂപ്പർ
സ്റ്റാർ നാഗാർജ്ജുനയുടെ അച്ഛൻ.. അത് അവിടെ നിൽക്കട്ടെ.. ഈ വഹീദ റഹ്മാൻ ആ കാലത്ത് N .T രാമറാവുവിനൊപ്പവും
അഭിനയിച്ചിരുന്നു. വഹീദയുടെ പ്രകടനത്തിൽ താല്പര്യം തോന്നിയ ഗുരുദത്ത് അവരെ
ബോംബയിലേക്ക് കൊണ്ടുവരികയും ഈ CID എന്ന സിനിമയിൽ പ്രധാനപ്പെട്ട ഒരു വേഷത്തിൽ അഭിനയിപ്പിക്കുകയും ചെയ്തു.
ഹിന്ദി സിനിമ മധുബാല, നർഗീസ്, മീനാകുമാരി എന്നീ ത്രിപുരസുന്ദരികളിൽ
കെട്ടിക്കിടന്നു വട്ടം കറങ്ങുന്ന ഒരു കാലത്താണ് ഗുരുദത്ത് വഹീദ റഹ്മാനെ പോലെ ഒരു
ജൂനിയർ ആർട്ടിസ്റ്റിനെ കൊണ്ടുവരുന്നത്. CID
എന്ന സിനിമ ബമ്പർ ഹിറ്റ് ആയി മാറി. അതിലൂടെ വഹീദ റഹ്മാൻ എന്ന
നടിയുടെ മെന്ററും ഗുരുവുമായി ഗുരുദത്തും മാറി. തുടർന്നുള്ള സിനിമകളിൽ വഹീദ
റഹ്മാനും ഗുരുദത്തും നായികാനായകന്മാർ ആയി എത്തിയപ്പോള്‍ ബോളിവുഡ് ലോകത്തെ ഗോസിപ്പ്
കോളങ്ങൾ കളം വരച്ചു തുടങ്ങി. ആ ഗോസിപ്പുകൾ ഗുരുദത്തിന്റെ സ്വകാര്യജീവിതത്തിലും
കേറി വര വരയ്ക്കാൻ തുടങ്ങിയപ്പോൾ അസ്വസ്ഥതകള്‍ ആരംഭിച്ചു.
സാങ്കേതിക മികവിൽ
കൂടുതൽ ശ്രദ്ധിച്ചിരുന്ന ഗുരുദത്ത് ഇൻഡ്യൻ സിനിമയിലെ ആദ്യത്തെ സിനിമാസ്കോപ്പ്
സിനിമ നിർമ്മിക്കാൻ തീരുമാനമെടുത്ത കാലമായിരുന്നു അത്. ഗൌരി എന്ന പേരിൽ ഗുരുദത്ത്
ആരംഭിച്ച ആ പ്രോജക്ടിൽ പ്രധാന റോളും മുഖ്യപങ്കും ഭാര്യ ഗീതാദത്തിന് തന്നെ
ആയിരുന്നു. എന്നാൽ ഒന്നോരണ്ടോ ദിവസത്തെ ചിത്രീകരണത്തിന് ഒടുവിൽ ഗുരുദത്ത് ആ
പ്രോജക്റ്റ് ഉപേക്ഷിച്ചു. ആ പ്രോജക്റ്റ് അവസാനിപ്പിച്ചപ്പോൾ തന്നെ ഗുരുദത്തും
ഗീതാദത്തും തമ്മിലുള്ള ദാമ്പത്യ ജീവിതവും ഏതാണ്ട് അവസാനിച്ചു എന്ന് പറയാം. അവര്‍
രണ്ടും രണ്ട് വഴികളില്‍ പിരിഞ്ഞു രണ്ട് വീട്ടിലായി.
ഗുരുദത്തിന്‍റെ
വ്യക്തിജീവിതത്തിലുണ്ടായ അസ്വസ്ഥകള്‍ക്ക് വഹീദ റഹ്മാന്‍ എന്ന ഉത്തരമാണ് ശരിയെന്ന്‍
സമര്‍ഥിക്കാന്‍ അന്നത്തെ ചലച്ചിത്ര നിരൂപകര്‍ക്കും പാപ്പരാസി പരിഷകള്‍ക്കും എന്തോ
വല്ലാത്ത ആര്‍ത്തി ആയിരുന്നു.
ഗുരുദത്തും വഹീദ
റഹ്മാനും ഒരുമിച്ച് അഭിനയിച്ച പ്യാസ എന്ന സിനിമ ചരിത്രം തന്നെ മാറ്റിഎഴുതിയപ്പോള്‍
പലര്‍ക്കും അവരുടെ രക്തം കുടിക്കാന്‍ ആര്‍ത്തി കൂടി. Time മാഗസിൻ അവരുടെ പ്രവർത്തന
കാലത്തെ 100 മികച്ച സിനിമകൾ ഈ കഴിഞ്ഞ അഞ്ചു വർഷങ്ങൾക്ക് മുൻപ് തിരഞ്ഞെടുത്തപ്പോൾ
അതിൽ ഒരു സിനിമ പ്യാസ ആയിരുന്നു. പ്യാസയുടെ വിജയത്തോടെ ഒരു നിർമ്മാതാവ് എന്ന
നിലയിൽ ഗുരുദത്തും അദേഹത്തിന്റെ നിർമ്മാണ കമ്പനിയായ ഗുരുദത്ത് ഫിലിംസ് പ്രൈവറ്റ്
ലിമിറ്റഡും ഹിന്ദി സിനിമയിലെ ഒന്നാമത്തെ സ്ഥാനത്ത് എത്തി. സാമ്പത്തികമായി
ഗുരുദത്തും താരമൂല്യമുള്ള നടി എന്ന നിലയിൽ വഹീദ റഹ്മാനും ഗുണമുണ്ടായ സിനിമയാണ്
പ്യാസ. അന്നത്തെ കാലത്ത് ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ
മൂന്നാം സ്ഥാനത്ത് ആയിരുന്നു വഹീദ റഹ്മാൻ. സാമ്പത്തികമായി ആത്മവിശ്വാസം നേടിയ
ഗുരുദത്ത് എന്നത്തേയും തന്റെ സ്വപ്നമായ ആദ്യത്തെ സിനിമാസ്കോപ്പ് സിനിമ എന്ന
പ്രോജക്റ്റ് വീണ്ടും പൊടി തട്ടി എടുത്തു.
അതാണ് കാഗസ് കേ ഫൂൾ എന്ന സിനിമ.. മലയാളത്തിൽ കടലാസുപൂക്കൾ എന്നാണ് അർഥം . ഗുരുദത്ത് തന്നെ നായകനായി അഭിനയിച്ച
സിനിമയില്‍ സ്വാഭാവികമായും വഹീദ റഹ്മാന്‍ നായികയായി മാറി. രണ്ടേമുക്കാൽ മണിക്കൂർ ദൈര്‍ഘ്യമുള്ള
സിനിമയാണ് കാഗസ് കേ ഫൂല്‍. അതില്‍ എസ്. ഡി. ബര്‍മ്മന്‍ സംഗീത സംവിധാനം നിര്‍വഹിച്ച
എട്ട് ഗാനങ്ങള്‍ ഉണ്ടായിരുന്നു. എന്നുവെച്ചാല്‍ സിനിമയുടെ മുക്കാല്‍ മണിക്കൂര്‍
നേരവും പാട്ടുകള്‍ ആയിരുന്നു എന്ന്‍ സാരം.
ഈ
സിനിമയുടെ തുടക്കത്തില്‍ തന്നെ പല രീതിയിലുള്ള കല്ലുകടി ഉണ്ടായി. ഈ സിനിമയുടെ കഥ
ഗുരുദത്തിന്‍റെ ഗുരുസ്ഥാനത്ത് നില്‍ക്കുന്ന ആളും മെന്ററുമായ ഗ്യാന്‍ മുഖര്‍ജി എന്ന
ചലച്ചിത്ര സംവിധായകന്‍റെ ജീവിതകഥയാണ് എന്നതായിരുന്നു ആദ്യം പുറത്തുവന്ന വിവരങ്ങള്‍.
അശോക്
കുമാര്‍ എന്ന സൂപ്പര്‍സ്റ്റാറിനെ നിര്‍മ്മിച്ച സിനിമാക്കാരന്‍ ആണ് ഈ ഗ്യാന്‍ മുഖര്‍ജി.
അദ്ദേഹം തിരക്കഥ എഴുതിയ ബന്ധന്‍, സംവിധാനം ചെയ്ത ജ്ഹൂല, തിരക്കഥ എഴുതിയ നയാ സന്‍സാര്‍, തുടങ്ങി അന്ന്‍ ബോംബെ
ടാക്കീസ് നിര്‍മ്മിച്ച സിനിമകളില്‍
കൂടിയാണ് അശോക് കുമാര്‍ താരമാകുന്നത്. ഈ ഗ്യാന്‍ മുഖര്‍ജിയും ഇന്ത്യന്‍
സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തിലെ ഒരു സ്വര്‍ണ്ണ പ്രതിഭയായിരുന്നു.
എന്നാല്‍
മറ്റുചിലര്‍ ഇതിനെ ഗുരുദത്തിന്‍റെ തന്നെ ആത്മകഥാംശം ഉള്ള സിനിമയായി ആണ് കണ്ടത്. ഈ
തര്‍ക്കത്തില്‍ തന്നെയാണ് സിനിമയുടെ ചിത്രീകരണം പുരോഗമിച്ചത്.
അസംതൃപ്തമായ
കുടുംബജീവിതം നയിക്കുന്ന ഒരു ചലച്ചിത്ര സംവിധായകന്‍റെ കഥയാണ് കാഗസ് കേ ഫൂല്‍... ആ
സംവിധായകന്‍ തന്‍റെ സിനിമയിലേക്ക് ഒരു പുതുമുഖ നായികയെ കണ്ടെത്തുന്നു. പിന്നീട് ആ
നായികയിലേക്ക് അയാള്‍ അടുക്കുന്നു. ഭാര്യയിൽ നിന്നും അകലുകയും പുതുമുഖ
നായികയിലേക്ക് അടുക്കുകയും ചെയ്യുന്ന ഒരു സിനിമാ സംവിധായകന്റെ കഥയാണ് കാഗസ് കേ
ഫൂൾ.. ആ ബന്ധത്തില്‍ തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികളും പ്രത്യാഘാതങ്ങളുമാണ് ഈ
സിനിമയുടെ കഥ എന്ന് കേട്ടപ്പോൾ തന്നെ ആ കഥ വേണ്ട എന്ന് ആദ്യം പറഞ്ഞത് സംഗീത
സംവിധായകനായ എസ്. ഡി. ബെർമൻ ആണ്. ഈ കഥ കേട്ടപ്പോൾ നിങ്ങൾക്കും തോന്നിയില്ലേ എന്തോ
ഒരു വശപ്പിശക്. ആ പിശക് മനസിലാക്കിയ എസ്. ഡി. ബെർമൻ ഇത് താൻ സംഗീത സംവിധാനം
നിർവഹിക്കുന്ന അവസാനത്തെ ഗുരുദത്ത് സിനിമ ആയിരിക്കും ഇത് എന്ന് പരസ്യമായി
പ്രഖ്യാപിച്ചു തുടർന്നുള്ള എല്ലാ ഗുരുദത്ത് പ്രൊജെക്റ്റ്കളിൽ നിന്നും പിന്മാറി.
എസ്. ഡി. ബെർമൻ അന്നത്തെ കാലത്ത് ഒരു ചലച്ചിത്ര സംഗീത സംവിധായകൻ
മാത്രമായിരുന്നില്ല. പൊതുസമൂഹത്തെ സ്വാധീനിക്കാൻ കൂടി കഴിവുള്ള ഒരു വ്യക്തികൂടി
ആയിരുന്നു. സച്ചിൻ ദേവ് ബെർമൻ എന്നാൽ സംഗീത ചക്രവർത്തി എന്നൊക്കെ നമ്മൾ പറയും.
എന്നാൽ റിയലായും അദ്ദേഹം രാജകുമാരൻ തന്നെ ആയിരുന്നു. മണിപ്പൂരിലെ രാജകുടുംബത്തിലെ
ഇളയ രാജകുമാരിയെ വിവാഹം കഴിച്ചത് ത്രിപുരയിലെ മറ്റൊരു രാജകുടുംബത്തിലാണ്. അങ്ങനെ
രണ്ടു രാജ്യങ്ങളിൽ അധികാരമുള്ള രാജകുമാരൻ തന്നെയായിരുന്നു ഈ സച്ചിൻ ദേവ് ബെർമൻ.
അദ്ദേഹത്തോടുള്ള ആരാധന കൊണ്ടാണ് നമ്മുടെ ക്രിക്കറ്റ് ഇതിഹാസമായ സച്ചിന് അദ്ദേഹത്തിന്റെ
അച്ഛൻ ടെണ്ടുൽക്കർ സച്ചിൻ എന്ന പേര് ഇട്ടത്. ഈ സച്ചിൻ ദേവ് ബെർമന്റെ മകനാണ് ആർ.
ഡി. ബെർമൻ എന്ന രാഹുൽ ദേവ് ബർമ്മൻ. ഈ ആർ. ഡി. ബെർമ്മനും ആദ്യമായി സിനിമയിൽ
അവസരം കൊടുത്തത് ഗുരുദത്ത് ആണെന്നത് മറ്റൊരു കൌതുകം.
എന്തായാലും
കാഗസ് കേ ഫൂൾ എന്ന സിനിമ അത്ര നല്ല രുചിയോടെയല്ല പുറത്തുവന്നത്. ആദ്യദിവസംതന്നെ
സിനിമാ വിമർശകരും പത്രമാധ്യമങ്ങളും സിനിമയെ തലങ്ങും വിലങ്ങും വിമർശിച്ചു. നിരൂപകർ
വെട്ടി പരിക്ക് പറ്റിയ സിനിമ എട്ടുനിലയിൽ പൊട്ടി.അതോടെ ഗുരുദത്ത് സംവിധാനം എന്ന
മേഖല ഉപേക്ഷിച്ചു. ചില സിനിമകൾ നിർമ്മിക്കുകയും ചിലതിൽ വേഷം ചെയ്യുകയും
ചെയ്തുകൊണ്ട് ഒരു കോണിലേക്ക് ഒതുങ്ങിയ ഗുരുദത്ത് മദ്യത്തിനും ഏകാന്തജീവിതത്തിനും
അടിമയായി എന്ന് പറയാം.
1964 ഒക്ടോബർ
10 ന് ബോംബേയിലെ പെഡർ റോഡിൽ ഉള്ള വാടക വസതിയിൽ മരിച്ച നിലയിൽ
ഗുരുദത്തിനെ കണ്ടെത്തിയപ്പോൾ അത് ഒരു ആത്മഹത്യയാണെന്ന് പലരും എഴുതി പിടിപ്പിച്ചു.
അമിതമായി മദ്യപിച്ചുകൊണ്ടു ഓവര്‍ ഡോസ് സ്ലീപ്പിങ് പിൽസ് ഉപയോഗിച്ചത് മൂലമാണ് മരണം
സംഭവിച്ചത് എന്ന് മെഡിക്കൽ വൃത്തങ്ങൾ പറയുന്നു. എന്നാൽ മുൻപ് രണ്ടോ മൂന്നോ തവണ
ഗുരുദത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട് എന്നത് ചൂണ്ടിക്കാണിച്ചാണ് അതൊരു ആത്മഹത്യയാണെന്ന് പലരും ആരോപിച്ചത്. എന്നാൽ അടുത്ത
സിനിമയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി നടക്കുകയും അതിന് വേണ്ടി അന്നത്തെ പ്രമുഖ
താരങ്ങളായ രാജ്കപൂറിനെയും മാലസിൻഹയെയും കാണാൻ അടുത്ത ദിവസം അപ്പോയിമെന്റ് ഫിക്സ്
ചെയ്യുകയും ചെയ്തിട്ട് ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവുമില്ലെന്ന് മറ്റൊരു വിഭാഗം
വാദിക്കുന്നു.
എന്തായാലും ഈ കാഗസ് കേ ഫൂൾ എന്ന
സിനിമയുടെ പരാജയം ഗുരുദത്ത് എന്ന സിനിമക്കാരനെ വല്ലാതെ തകർത്തുകളഞ്ഞു എന്നത്
സമ്മതിക്കാതെ വയ്യ. അന്ന് നിരൂപകരും സിനിമാക്കാരും പ്രേക്ഷകരും തള്ളിക്കളഞ്ഞ ആ
സിനിമ ഇന്ന് ഇൻഡ്യയിലെ ഉൾപ്പെടെ ലോകത്തിലെ
വിവിധ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലും സർവകലാശാലകളിലും സിലബസിൽ ഉള്ള ഒരു
പഠനവിഷയമാണ്.
പ്രിയമുള്ളവരേ.. മലയാളത്തിൽ റിവ്യൂ
ബോംബിങിന്റെ പേരിൽ ചലച്ചിത്ര നിരൂപണം ഇപ്പോൾ കോടതിയുടെ പരിഗണനയിൽ വന്നതുകൊണ്ടാണ്
എഴുപത് വർഷങ്ങൾക്ക് മുൻപ് നെഗറ്റീവ് റിവ്യൂ കാരണം പരാജയപ്പെട്ടുപോയി എന്ന്
വിലയിരുത്തപ്പെടുന്ന ഒരു സിനിമയേയും അതിന്‍റെ സംവിധായകനേയും ഓർത്തുപോയത്.സിനിമയ്ക്ക്
റിവ്യൂ വളമാണോ അതോ അത് സിനിമയുടെ മരണമാണോ എന്നെല്ലാം നമുക്ക് തുടർന്നുള്ള
ദിവസങ്ങളിൽ ചർച്ച ചെയ്യാം.
കാലം കരുതിവെച്ച ആദരവും ഏറ്റുവാങ്ങി
ഗുരുദത്ത് എന്ന ചലച്ചിത്രകാരന്‍ ഇന്നും ഇന്ത്യന്‍ ചലച്ചിത്ര പ്രേമികളുടെ മനസ്സില്‍
ജീവിക്കുന്നു എന്നതിന് തെളിവാണ് അടുത്തിടെ അദ്ദേഹത്തിന്‍റെ ജീവിതവും സിനിമയുമായി
ബന്ധപ്പെടുത്തി പുറത്തുവന്ന ചുപ്പ് എന്ന സിനിമ.. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍
സല്‍മാന്‍ നായകനായി അഭിനയിച്ച ആ സിനിമ എന്താണ് പറയുന്നത് എന്ന കൌതുകം നമുക്ക്
ഉണ്ടാകും.... ആ സിനിമയുടെ വിശേഷങ്ങളുമായി നമുക്ക് വീണ്ടും കാണാം......
3 അഭിപ്രായങ്ങള്‍
പ്രണയം തകർത്ത ജീവിതം..ഗോസിപ്പുകൾക്ക് ഒരു പഞ്ഞവുമില്ല സിനിമാലോകത്ത്.മനോഹരമായ അവതരണം.. ഗരുദ ത്ത് എന്ന് സംവിധായകൻ്റെ പ്രണയവും തുടർന്ന് അദ്ദേഹം നേരിട്ട അവസ്ഥകളും കണ്ണ് നിറഞ്ഞു..മനോഹരമായി.ആശംസകൾ വിനോദ്
മറുപടിഇല്ലാതാക്കൂസന്തോഷം.. സ്നേഹം സുമ..
ഇല്ലാതാക്കൂപ്രണയം തകർത്തെറിഞ്ഞ ജീവിതം... വളരെ വിശദമായി ഗുരുദത്തിനെ അറിയാൻ കഴിഞ്ഞു... വളരെ മികച്ച അവതരണം.. ഗംഭീരം മാഷേ..
മറുപടിഇല്ലാതാക്കൂ❤️❤️❤️
അനുമോദനങ്ങൾ