Ticker

6/recent/ticker-posts

കുറുക്കൻ @ എം. എസ്. വിനോദ്

കുറുക്കൻ
സിനിമയുടെ തുടക്കം ഒരു കോടതി രംഗമാണ്...വിവാദം സൃഷ്ടിച്ച ഒരു കേസ്...ഒരു പാവം വാച്ചുമാനെ പണക്കാരനായ ഒരാൾ തല്ലിക്കൊന്നതാണ് സംഭവം.എന്നാൽ അതിന് രണ്ട് ദൃക്സാക്ഷികൾ ഉണ്ട് . കേസ് ജയിക്കുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടറും പൊതുജനവും വിശ്വസിക്കുന്നു.അവർ മാത്രമല്ല... ഞാനും...

വലിയ ഒരു മീഡിയ സംഘവും പോലീസും കോടതി പരിസരത്തുണ്ട്.ഒപ്പം കൊല്ലപ്പെട്ട മനുഷ്യന്റെ ഭാര്യയും മകളും വിസ്താരം കേൾക്കാൻ എത്തിയിട്ടുണ്ട്.വിസ്താരം ആരംഭിക്കുന്നു.ആദ്യ റൗണ്ടിൽ തന്നെ രണ്ട് സാക്ഷികളും കൂറുമാറി.ഒരു സഹപ്രവർത്തകനെ കണ്മുന്നിൽ ഇട്ട് മൃഗീയമായി കൊല്ലുന്നത് കണ്ടിട്ടും പ്രതിയുടെ പണത്തിന്റെ പുറത്തു സാക്ഷികൾ സംഭവം മാറ്റി പറഞ്ഞു. കോടതിയും പരിസരവും ഒരു നിമിഷം കൊണ്ട് നിശബ്ദമായി.ഇനി ഒരു പ്രതീക്ഷയും വേണ്ട എന്ന നിലയിൽ എല്ലാവരും തലകുനിച്ചു നിൽക്കുമ്പോഴാണ് മൂന്നാം സാക്ഷി കൃഷ്ണൻ വിസ്താരത്തിനായി കൂട്ടിലേക്ക് വരുന്നത്..ഈ കൃഷ്ണനെ നിങ്ങൾ ഒന്ന് പരിചയപ്പെടണം.. അയാൾ ഒരു ആധാരമെഴുത്തുകാരനാണ്... എന്നാൽ പോലീസിനെ കുഴപ്പിക്കുന്ന കേസുകളിൽ പൊലീസിന് വേണ്ടി കള്ളസാക്ഷി പറയുന്ന ഒരു ജോലികൂടി ഈ കൃഷ്ണൻ ചെയ്യാറുണ്ട്. അതിനാൽ എല്ലാവർക്കും കൃഷ്ണനെ അറിയാം.കോടതിക്ക് പോലും അറിയാം കൃഷ്ണൻ ഒരു മിടുക്കനായ കള്ളസാക്ഷി ആണെന്ന്....എന്നുവെച്ചാൽ പഠിച്ച കള്ളൻ..
പ്രതിഭാഗം വക്കീൽ കൃഷ്ണനെ വിസ്തരിക്കാൻ തുടങ്ങിയപ്പോൾ വെറും സാക്ഷി ആയ കൃഷ്ണൻ ദൃക്സാക്ഷിയായി മാറി.കൃഷ്ണൻ ഒന്നും കണ്ടില്ലയെങ്കിലും കണ്ടതുപോലെ പറഞ്ഞ കാര്യങ്ങൾ കോടതി കേട്ടപ്പോൾ കൂറ് മാറിയ സാക്ഷികൾ പോലും പ്രതികൾ ആയി..പ്രതി കോടതിയിൽ നിന്നുകൊണ്ടുതന്നെ കുറ്റം സമ്മതിക്കുന്ന അവസ്ഥയായി. കാരണം കൃഷ്ണൻ കള്ളസാക്ഷി പറയുന്നത് തെളിവുകൾ വരെ ഹാജരാക്കി ആയിരുന്നു...ഒടുവിൽ കൊല്ലപ്പെട്ട ആളിന്റെ കുടുംബത്തിന് നീതി കിട്ടി. കള്ളസാക്ഷി പറഞ്ഞ കൃഷ്ണൻ അതിനുള്ള കൂലിയും വാങ്ങി മടങ്ങി പോയി...
വർഷങ്ങൾക്ക് ശേഷം ശ്രീനിവാസൻ വെള്ളിത്തിരയിൽ എത്തിയ കുറുക്കൻ എന്ന സിനിമയുടെ തുടക്കം ഇതാണ്...കൃഷ്ണനായി ശ്രീനിവാസൻ എത്തിയപ്പോൾ സ്വാഭാവികമായും നമ്മൾ കരുതും ഇനി പടത്തിൽ ഈ കുറുക്കന്റെ വിളയാട്ടം ആകുമെന്ന്.. ഒരു പക്കാ കച്ചവടസിനിമക്ക് ആവശ്യമായ ഗംഭീരമായ തുടക്കം....
എന്നാൽ തുടക്കം കഴിഞ്ഞ്‌ കഥ തുടങ്ങിയപ്പോൾ കളി മാറി.അടുത്ത രംഗം സെലിബ്രിറ്റിയും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ ഒരു പെൺകുട്ടി ദുരൂഹമായ സാഹചര്യത്തിൽ കൊലചെയ്യപ്പെട്ട ഒരു ക്രൈം സീനിലേക്ക് പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ദിനേശ് എത്തുന്നതാണ്.. സുരേഷ് ഗോപിയുടെ പോലീസ് വേഷം ഓർമ്മിപ്പിക്കുന്ന രീതിയിൽ മഴയത്ത് ഇറങ്ങി വരുന്ന ദിനേശ് അടുത്ത രംഗത്ത് കാൽ തെന്നി ഉരുണ്ടു വീഴുന്നതോടെ ആൾ ഒരു ശിക്കാരി ശംഭു ആണെന്ന് സിനിമ നമ്മളെ ബോധ്യപ്പെടുത്തുന്നു.. വിനീത് ശ്രീനിവാസൻ ആണ് ആ ദിനേശ് ആയി എത്തുന്നത്. പിന്നെ കേസ് കണ്ടുപിടിക്കാനുള്ള പരിശ്രമത്തിൽ പലതും കാണുമ്പോൾ നമുക്ക് തോന്നും ഈ കുറുക്കൻ സത്യത്തിൽ ഈ ദിനേശ് ആണോ എന്ന്.
കേസിൽ ഹരി എന്ന ഒരു ചെറുപ്പക്കാരനെ പ്രതിയായി സംശയിച്ചു അറസ്റ്റ് ചെയ്‌തുന്നതാണ് സിനിമയുടെ വഴിത്തിരിവ്. ഈ കേസിൽ പോലീസിനെ സഹായിക്കാൻ കള്ളസാക്ഷി പറയാൻ കൃഷ്ണനും എത്തുന്നതോടെ സിനിമ നമ്മളെ രസിപ്പിക്കും എന്ന ഒരു വിശ്വാസത്തിൽ നമ്മൾ കസേരയിൽ ഒന്ന് അമർന്നു ഇരിക്കും...തുടർന്ന് കുറുക്കൻ ആരാണെന്ന് സിനിമ കാണിക്കുന്നത് ഞാൻ പറയുന്നില്ല.. അത് നിങ്ങൾ കണ്ടുതന്നെ അറിയണം... അതാണ് സിനിമയേക്കാൾ വലിയ കോമഡി.
സിനിമയുടെ ക്ളൈമാക്‌സ് ലോകോത്തരമാണെന്ന് എന്റെ ഒരു സ്നേഹിതനായ നിരൂപകൻ പറഞ്ഞതുകൊണ്ടാണ് ഞാൻ അവസാനം വരെ കടിച്ചു പിടിച്ചു കുത്തിയിരുന്ന് കണ്ടത്.ഞാൻ അത് ആവർത്തിച്ചു പറഞ്ഞു നിങ്ങളെ പിടിച്ചിരുത്തുന്നില്ല.. ലോകോത്തരമാണോ കഴുത്തിന് മുകളിൽ വീഴുന്ന കഴുക്കോൽ ആണോ എന്നൊക്കെ നിങ്ങൾ തന്നെ അനുഭവിച്ചു അറിയുക.
സിനിമ കാണാൻ തുടങ്ങിയ കാലം മുതൽ ഞാൻ സ്നേഹിക്കുന്ന ശ്രീനിവാസൻ എന്ന സിനിമാക്കാരനെ വെള്ളിത്തിരയിൽ വീണ്ടും കണ്ടു എന്നത് മാത്രമാണ് ഈ കുറുക്കൻ എനിക്ക് തന്ന ഏക സന്തോഷം. അദ്ദേഹത്തിന് ആരോഗ്യവും ആയുസും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ...
അച്ഛന്റെ വഴിയിലൂടെ നടന്ന് പലതും കണ്ടും കേട്ടും പഠിച്ച വിനീത് കുറച്ചൊന്നുമല്ല എന്നെ നിരാശപ്പെടുത്തിയത്. ഹരി എന്ന വേഷത്തിൽ എത്തിയ ഷൈൻ ടോം ചാക്കോ അദ്ദേഹത്തിന്റെ ഉള്ളിൽ കിടക്കുന്നത് പുറത്തു ചാടാതെയിരിക്കാൻ വല്ലാതെ കഷ്ടപ്പെടുന്നത് കണ്ട് സഹതാപം തോന്നി.ആകെ ആശ്വാസം ശ്രീകാന്ത് മുരളിയുടെ ജഡ്ജി തന്നെയാണ്...ഇഷ്ടമായി കേട്ടോ ശ്രീകാന്ത് മുരളി..ന്നാ താൻ പോയി കേസ് കൊട് എന്ന് മാത്രം പറയരുത്.
തിരക്കഥ എഴുതിയ എഴുത്തുകാരൻ ശ്രീനിവാസന്റെ ഏറ്റവും അടുത്ത മന:സാക്ഷി സൂക്ഷിപ്പുകാരിൽ ഒരാൾ ആണ്..ആ മന:സാക്ഷി കുറുക്കനിൽ കണ്ടില്ല എന്ന് മാത്രം. അതിനിടയിൽ ഒരു പ്രണയഗാനം കൂടി കുത്തിത്തിരുകി സിനിമയ്ക്ക് ഒരു റൊമാന്റിക്ക് മൂഡ് ഉണ്ടാക്കാൻ സംവിധായകൻ ശ്രമിച്ചത് എന്തിനായിരുന്നു എന്ന് ചിന്തിക്കുകയാണ് ഞാനും.
ക്രൈം സീനിലേക്ക് വരുന്ന വിനീത് ശ്രീനിവാസൻ തെന്നിയടിച്ചു വീഴുന്നതും പിന്നെ പിന്നാമ്പുറം കഴുകുന്നതും സഹപ്രവർത്തകയായ പോലീസുകാരി കഴുകിയ ഇടം തുടച്ചു കൊടുക്കുന്നതുമെല്ലാം സർക്കാസ്റ്റിക്ക് കോമഡി ആണെന്ന് കൂലി എഴുത്തുകാരെ കൊണ്ട് എഴുതിച്ചു പൊക്കിപ്പിടിച്ചു നടന്നാൽ കുറുക്കൻ ഓടും എന്ന് ആരും ധരിക്കേണ്ട....ഓടുന്നത് കുറുക്കൻ ആയിരിക്കില്ല....ആദ്യം ഞാൻ ഓടും....ഒരു കുറുക്കനും പിടിതരാതെ ഞാൻ ഓടും കേട്ടോ.....

@ എം. എസ്. വിനോദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

12 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2023, ഒക്‌ടോബർ 7 7:52 PM

    മനോഹരമായ എഴുത്ത് .അഭിനന്ദനങ്ങൾ സാർ

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2023, ഒക്‌ടോബർ 7 8:19 PM

    ഒരു സിനിമയുടെ സത്യസന്ധമായ വിലയിരുത്തൽ.... വിനോദ് sir nte അഖ്യാന ശൈലി മനോഹരം

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2023, ഒക്‌ടോബർ 7 8:39 PM

    സമയവും പൈസയും നഷ്ടപ്പെട്ടത് മിച്ചം അല്ലേ ?

    മറുപടിഇല്ലാതാക്കൂ
  4. സിനിമ കണ്ടില്ല. സാറിന്റെ എഴുത്ത് വായിച്ചപ്പോൾ ഏകദേശം ഒരു ചിത്രം മനസിലെത്തി. എന്തായാലും സിനിമ കാണാം, ആ ക്ലൈമാക്സ്‌ ഒന്ന് കണ്ടുപിടിക്കണമല്ലോ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് ശ്രീനിവാസൻ. Master Brain അല്ലെ......

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2023, ഒക്‌ടോബർ 7 9:38 PM

    മനോഹരമായി എഴുതിയിരിക്കുന്നു വിനോദ്..കണ്ടത് പോലെ..ആശംസകൾ വിനോദ്

    മറുപടിഇല്ലാതാക്കൂ