Ticker

6/recent/ticker-posts

അബു ഏബ്രഹാം

അബു ഏബ്രഹാം
കുട്ടിക്കാലത്ത് കുട്ടിയും കോലും കളിച്ച് നടക്കേണ്ട ഒരു കുട്ടി. ഓലപ്പന്തുകൾ മെടഞ്ഞ് ഓടി നടക്കേണ്ട പ്രായത്തിൽ മറ്റുള്ള കുട്ടികളെ വിട്ട് ഒറ്റയ്ക്ക് അവൻ പ്രകൃതിയെ നോക്കി അവനിലെ അവനെ തിരിച്ചറിഞ്ഞു. മൂന്നാമത്തെ വയസിൽ അവൻ ചിത്രം വരയ്ക്കാൻ തുടങ്ങി. വീട്ടുമുറ്റത്തെ ഒരു തെങ്ങിന്റെ ചുവട്ടിൽ കെട്ടിയിട്ട നായയുടെ തലയിൽ ഒരു തേങ്ങാ വന്ന് വീണപ്പോൾ ഉള്ള ഭാവമാണ് നേരിട്ട് കണ്ട് അവൻ ആദ്യം വരച്ചത്. "മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ .." എന്ന നാടൻ ചൊല്ലിലെ ഫലിതമോർത്ത് നിങ്ങൾ ചിരിക്കുന്നുണ്ടാകും... അവിടം മുതൽ തുടങ്ങി പിന്നീട് നിർദോഷമായ ഫലിതം നിറഞ്ഞ കാർട്ടൂണുകൾ കൊണ്ട് ഈ ലോകം മുഴുവൻ വിറപ്പിച്ച ആ കുഞ്ഞിന്റെ പേര് അബു എബ്രഹാം. പിന്നെ വലിയ വരകളുടെ പൂരപ്പറമ്പായി ആ വീട് ... അയൽവാസികളേയും അദ്ധ്യാപകരേയും ആ കുഞ്ഞ് മനസ് കാരിക്കേച്ചറുകളാക്കി. ആ കുഞ്ഞിന്റെ വിരൽതുമ്പിൽ കുരുങ്ങാത്ത ആരും ആ നാട്ടിൽ ഉണ്ടായിരുന്നില്ല.

ഇനി നമുക്ക് ആ കുഞ്ഞിന്റെ ജീവിതചരിത്രത്തിലേക്ക് പോകാം. അബു എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന ആറ്റുപുറത്ത് മത്തായി എബ്രഹാം സത്യത്തിൽ എന്റെ നാട്ടുകാരനാണ്. മാവേലിക്കര ചെറുകോൽ ആറ്റുപുറത്ത് വക്കീൽ ഏ.എം.മാത്യുവിന്റെ മകനായി 1921 ലെ ജൂൺ മാസത്തിൽ ജനനം. നാട്ടിലെ പഠനം കഴിഞ്ഞ് ഒരു അഭിഭാഷകനോ എൻജിനീയറോ ആകണമെന്ന മാതാപിതാക്കളുടെ ആഗ്രഹത്തിന്റെ ഭാരവും പേറി മത്തായി എബ്രഹാം എത്തിയത് തിരുവനന്തപുരത്ത്. യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ബിരുദമെടുത്ത് പിന്നീടൊരു തൊഴിൽ തേടി പഴയ ബോംബെ നഗരത്തിലെത്തി. വിശാലമായ ബോംബെ നഗരം എല്ലാവരേയുമെന്ന പോലെ മത്തായി എബ്രഹാമിനേയും സ്വീകരിച്ചു. എന്നാൽ അവിടെ ഒരു പത്രപ്രവർത്തകന്റെ വേഷമായിരുന്നു തുടക്കത്തിൽ. ബോംബേ ക്രോണിക്കിൽ ഒരു പ്രാദേശിക ലേഖകനായി അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഒപ്പം മറ്റ് നിരവധി പത്രങ്ങൾക്ക് വേണ്ടി വാർത്തകൾ ശേഖരിക്കാനും ചെറിയ കാർട്ടൂണുകൾ വരയ്ക്കാനും എബ്രഹാം സമയം കണ്ടെത്തി. ഒരു പത്രപ്രവർത്തകൻ എന്ന നിലയിലും ഒരു കാർട്ടൂണിസ്റ്റ് എന്ന നിലയിലും മാത്യു എബ്രഹാം ബോംബെ മാധ്യമ ലോകത്ത് ശ്രദ്ധിക്കപ്പെടാൻ തുടങ്ങി.
മാത്യു എബ്രഹാമിലെ മൂർച്ചയുള്ള കാർട്ടൂണിസ്റ്റിനെ തിരിച്ചറിഞ്ഞ ശങ്കേഴ്സ് വീക്കിലിയുടെ സാരഥി ശങ്കർ കൈയ്യോടെ പിടിച്ച് ഡൽഹിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് മാത്യു എബ്രഹാമിന്റെ കളിത്തട്ട് ഭരണ സിരാകേന്ദ്രമായ ഡൽഹിയായിരുന്നു. അന്ന് രാജ്യം ഭരിക്കുന്നത് ജവഹർലാൽ നെഹ്രു. ഭരണത്തിന്റെ ഇടനാഴികളിൽ ഇന്ദിരാഗാന്ധി വിളക്കും പിടിച്ച് നിൽക്കുന്ന കാലം. നെഹ്രുവിന്റെയും ഇന്ദിരയുടേയും കണ്ണ് സ്വഭാവികമായി ഈ മാവേലിക്കരക്കാരൻ കാർട്ടൂണിസ്റ്റിലും വീണു എന്ന് പറയാം.
എന്നാൽ ആർക്കും പിടി കൊടുക്കാതെ മാത്യു എബ്രഹാം ഡൽഹിയിൽ നിന്നും ലണ്ടനിലേക്ക് ചേക്കേറി. മാത്യു എബ്രഹാമിന്റെ കാർട്ടൂണുകളിലെ അന്തർദേശീയ സ്വഭാവം മനസിലാക്കിയ പഞ്ച് എന്ന യൂറോപ്യൻ മാധ്യമമാണ് മാത്യു എബ്രഹാമിനെ ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ട് പോയത്. ചുരുങ്ങിയ കാലം കൊണ്ട് മാത്യു എബ്രഹാം യൂറോപ്പ് കീഴടക്കി. ഒന്നോ രണ്ടോ വരയിൽ ഒതുങ്ങുന്ന സ്വന്തം ശൈലികൊണ്ട് ലോകത്തിലെ പത്രപ്രവർത്തന മേഖലയിൽ മാത്യു എബ്രഹാം സ്വയം അടയാളപ്പെടുത്തി. യൂറോപ്പിന്റെ നെടുംതൂണായ വിശ്വവിഖ്യതമായ ഈസ്റ്റേൺ വേൾഡ്, ഡെയിലി സ്കെച്ച്, പഞ്ച് തുടങ്ങിയ മാധ്യമങ്ങളിൽ മാത്യു എബ്രഹാമിന്റെ വരയും ലേഖനങ്ങളും തുടർച്ചയായി വരാൻ തുടങ്ങി. ആ കാലത്ത് യൂറോപ്പിലെ ഒബ്സർവർ എന്ന പത്രസ്ഥാപനത്തിന്റെ ഉടമ മാത്യു എബ്രഹാം എന്ന പേരിലെ യഹൂദ നിറം ചൂണ്ടിക്കാണിച്ചു. ഇസ്രയേൽ വിഷയം കത്തി നിൽക്കുന്ന ഒരു കാലത്ത് സ്വതന്ത്രമായി കാര്യങ്ങളെ സമീപിക്കാൻ തന്റെ പേരിലെ മതത്തിന്റെ അടയാളം ഉപേക്ഷിക്കാൻ മാത്യു എബ്രഹാം തീരുമാനിച്ചു. അങ്ങനെ തന്റെ ബാല്യത്തിലെ ചെല്ലപ്പേരായ അബു ഒരു തൂലിക നാമമായി സ്വീകരിച്ചു. അന്നുമുതൽ abu എന്ന പേര് കാർട്ടൂണിന്റെ ട്രേഡ് മാർക്ക് ആയി. ആ മൂന്നക്ഷരം ആക്ഷേപഹാസ്യത്തിന്റെ വെളിപാട് മന്ത്രങ്ങളായി.
അബു ഏബ്രഹാം
വിയറ്റ്നാം, കംബോഡിയ, ക്യൂബ, ജപ്പാൻ, ഓസ്ട്രേലിയ, ഫ്രാൻസ്, കെനിയ, എത്യോപ്യ, പോളണ്ട്, ഹംഗറി, അമേരിക്ക തുടങ്ങി എല്ലാ ലോകരാജ്യങ്ങളും സന്ദർശിച്ച അബു എന്ന പത്രക്കാരൻ, പോയി വന്ന നാട്ടിലൊക്കെ വരച്ചു വെച്ച അടയാളങ്ങൾ നിരവധി. ക്യൂബൻ നേതാവ് ചെഗുവരയെ നേരിൽ കണ്ട അബു, ചെ യുടെ ചിത്രം നിന്ന നിൽപ്പിൽ വരച്ച് സമ്മാനമായി നൽകി. ആ ചിത്രത്തിൽ ചെ ഗുവര സ്വന്തം കൈയ്യൊപ്പ് വെച്ച് അബുവിന് സമ്മാനിച്ചു. ഫിഡൽ കാസ്ട്രോ ഉൾപ്പെടെയുള്ള ലോകനേതാക്കൾ അബുവിന്റെ സുഹൃത്തുക്കളായിരുന്നു.
ലോകം ചുറ്റിക്കറങ്ങിയ അബു എബ്രഹാം തിരികെ നാട്ടിലെത്തുമ്പോൾ നെഹ്രുവിന്റെ കാലം കഴിഞ്ഞിരുന്നു. പിന്നീട് വന്നത് ഇന്ദിരാഗാന്ധിയുടെ കാലമായിരുന്നു. ഇന്ത്യൻ എക്സ്പ്രസ് പത്രത്തിലെ പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് എന്ന പദവി ഏറ്റെടുത്തു കൊണ്ട് അദ്ദേഹം ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുമ്പോൾ ഇന്ദിരാഗാന്ധിയുടെ പ്രത്യേക ദൂതൻ അബുവിനെ തേടിയെത്തി. ആ ദൂത് രാജ്യസഭയിലേക്കുള്ള പ്രവേശനമായിരുന്നു. ഇന്ദിരാഗാന്ധിയോടുള്ള വിയോജിപ്പ് എല്ലാ മേഖലയിലും പ്രകടിപ്പിച്ച അബുവിന്റെ രാജ്യസഭാ പ്രവേശനം എല്ലാവരിലും കൗതുകമുണർത്തി. തുടർന്ന് വന്ന അടിയന്തിരാവസ്ഥക്കാലത്തും അബു രാജ്യസഭയിൽ ഉണ്ടായിരുന്നു.
അന്ന് പത്ര സ്ഥാപനങ്ങൾക്ക് കടുത്ത നിയന്ത്രണം നിലവിൽ വന്നപ്പോൾ ഇന്ദിരാഗാന്ധിയോട് അബു എബ്രഹാം ചോദിച്ച ചോദ്യം ഇന്ത്യയിലാകമാനം ചിരിയും ചിന്തയും ഉയർത്തി. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും അഭ്യൂഹങ്ങളിലൂടെ ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുകയും ചെയ്യുന്ന വാർത്തകൾ തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നാണ് അന്ന് ഇന്ദിരാഗാന്ധി പറഞ്ഞത്. അതിനെതിരായി പാർലമെന്റിൽ ഒറ്റക്ക് എഴുന്നേറ്റ് നിന്ന് അബു എബ്രഹാം പറഞ്ഞു.
" അഭ്യൂഹങ്ങളെ നിങ്ങൾ തടഞ്ഞോളൂ .....എന്നാൽ പൊതുജനത്തിന്റെ ചിരിക്കാനുള്ള അവകാശം തടയാൻ നിങ്ങൾക്ക് അധികാരമില്ല..."
അത് കേട്ട ഭരണ പ്രതിപക്ഷം ഒരുപോലെ ചിരിച്ചു. ഇന്നും ഇന്ത്യയിൽ പ്രസക്തമാണ് ഈ വാക്കുകൾ....
അബു ഏബ്രഹാം
സംസ്കൃതത്തിൽ വാർത്താ ബുള്ളറ്റിനുകൾ ആകാശവാണി പ്രക്ഷേപണം ചെയ്യുന്നതിന് കാരണക്കാരനായത് അബു എബ്രഹാം ആണെന്നത് മലയാളിക്ക് അഭിമാനിക്കാം.
അടിയന്തിരാവസ്ഥക്കാലത്ത് കുളിമുറിയിൽ ബാത്ത് ടബിൽ കിടന്നുകൊണ്ട് ഓഡിനൻസുകൾ ഒപ്പിട്ട് തള്ളുന്ന രാഷ്ട്രപതിയുടെ ഗതികേട് ചിത്രീകരിക്കുന്ന കാർട്ടൂൺ അന്ന് ഒത്തിരി കോളിളക്കം സൃഷ്ടിച്ചു. അന്ന് അടിയന്തിരാവസ്ഥയെ രൂക്ഷമായി വിമർശിച്ച അബുവിനെ തൊടാൻ ഇന്ദിരാഗാന്ധി പോലും ഭയന്നു. ഒറ്റവരിയുള്ള എഡിറ്റോറിയലുകളായി മാറിയ തീ പിടിപ്പിക്കുന്ന അസ്ത്രങ്ങളായിരുന്നു അബു എബ്രഹാമിന്റെ ഓരോ കാർട്ടൂണും...രാജ്യം ആവശ്യപ്പെടുന്ന ഒരു വിമർശകന്റെ വേർപാടിന് തീർത്താലും തീരാത്ത നഷ്ടമുണ്ടെന്ന് ഇപ്പോൾ നമ്മൾ ബോധ്യപ്പെടുന്നു.
അബു എബ്രഹാമിന്റെ ആദ്യഭാര്യ ജാനകി തമിഴ്നാട്ടുകാരിയായിരുന്നു. നിർഭാഗ്യവശാൽ ആ ബന്ധം അധികനാൾ നീണ്ടു നിന്നില്ല. പിന്നീട് അദ്ദേഹം വിവാഹം കഴിച്ചത് ഒരു വിദേശ വനിതയായ സൈക്കിയ എന്ന എഴുത്തുകാരിയെയാണ്. രണ്ട് പെൺമക്കളിൽ ഒരാളിന്റെ പേര് ജാനകി എന്നുതന്നെയാണ് എന്നത് മറ്റൊരു കൗതുകം.
പ്രിയമുള്ളവരേ... അബു എബ്രഹാമിന്റെ ജീവചരിത്രം അവസാനിക്കുന്നില്ല. അത് ഒരു ഓർമ്മക്കുറിപ്പിൽ ഒതുങ്ങുന്നതുമല്ല. വരയും വരയിലെ നർമ്മവും കൊണ്ട് സാമൂഹ്യവിമർശനത്തിന്റെ കൊടുങ്കാറ്റ് ലോകം മുഴുവൻ കെട്ടഴിച്ചുവിട്ട ഈ മനുഷ്യൻ ഒരു മലയാളി എന്നതിൽ നമുക്ക് അഭിമാനിക്കാം. മലയാളത്തെ ലോകം മുഴുവൻ അറിയിച്ച പത്രക്കാരൻ.
ജീവിതത്തിന്റെ അവസാനനാളുകളിൽ അദേഹം തിരുവനന്തപുരത്ത് ആയിരുന്നു. അന്നൊക്കെ കവടിയാർ പരിസരത്തും ടെന്നീസ് ക്ലബിലും പോയിട്ടുള്ളവർ അദ്ദേഹത്തെ അന്ന് കണ്ടിരിക്കാം. 2002 ഡിസംബർ 1 ന് എഴുപത്തിയെട്ടാം വയസിൽ അന്തരിച്ചു.
ഇനിയൊരു ജന്മമുണ്ടെങ്കിൽ അബു എബ്രഹാമായിത്തന്നെ ജനിച്ച് വായിക്കാൻ കഴിയാതെ പോയ പുസ്തകങ്ങൾ വായിച്ചു തീർക്കണം എന്ന ഈ മനുഷ്യന്റെ മോഹമാണ് എന്നെ ഏറ്റവും ആകർഷിച്ചത്. അറിവിനെ പ്രണയിച്ച പ്രതിഭക്ക് പ്രണാമം.....

എം. എസ്. വിനോദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24 അഭിപ്രായങ്ങള്‍

  1. ഇപ്പോളാണ് കണ്ടത് ഇങ്ങനെ ഒരു കാര്യം. അഭിനന്ദനങ്ങൾ വിനു

    മറുപടിഇല്ലാതാക്കൂ
  2. പ്രതിഭാധനനായ അബു എബ്രഹാം... വിവരണം ഗംഭീരം വിനു... അഭിനന്ദനങ്ങൾ...

    മറുപടിഇല്ലാതാക്കൂ
  3. ഗംഭീരം വിനു...❤️
    അഭിനന്ദനങ്ങൾ...
    പ്രതിഭാധനനായ അബുവിന്
    പ്രണാമം...🌹

    മറുപടിഇല്ലാതാക്കൂ
  4. അബു എന്ന അതുല്യപ്രതിഭയെ വളരെ മനോഹരമായി പരിചയപ്പെടുത്തി. കൂടുതൽ അറിവുകൾ ലഭിച്ചു ഈ ലേഖനത്തിലൂടെ. അവതരണം ഗംഭീരം. അനുമോദനങ്ങൾ മാഷേ.

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2022, ഡിസംബർ 1 2:05 PM

    സ്നേഹാദരങ്ങൾ മാഷേ..
    അബുവെന്ന വലിയവരയെ ഇത്രയും മനോഹരമാക്കി വായനയ്ക്കു തന്നപ്പോൾ ഹൃദ്യമാക്കി വയ്ക്കാൻ എളുപ്പമായി.
    ചെ. ഗുവേരയെയും ഇന്ദിരാഗാന്ധിയെയും എല്ലാം വരകളിൽ ഒതുക്കിയ മഹാൻ.
    ആദരവോടെ സ്മരണാഞ്‌ജലി🌹🌹🌹

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2022, ഡിസംബർ 1 2:07 PM

    അഭിനന്ദനങ്ങൾ ജീ

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2022, ഡിസംബർ 1 3:24 PM

    അറിവ് തേടൽ ജീവിതോപാസനയാക്കിയ വിനോദ് സാർ അറിവിനെ പ്രണയിച്ച പ്രതിഭാസമ്പന്നനായ ശ്രീ അബു എബ്രഹാമിനെ കുറിച്ചെഴുതിയ ഓർമ്മകുറിപ്പ് അതിമനോഹരമായിരിക്കുന്നു. ഇന്ത്യയുടെ ഉരുക്കുവനിതക്കു നേരെ പോലും തന്റെ ശക്തമായ ആക്ഷേപഹാസ്യത്തിന്റെ ആയുധം സധൈര്യം പ്രയോഗിച്ച വിശ്വവിഖ്യാതനായ ചിരിവര മാന്ത്രികനെ കുറിച്ച് നന്നായി വിവരിച്ചു . അദ്ദേഹത്തിന്റെ സ്മരണകൾക്കുമുന്നിൽ ആദരാഞ്ജലികൾ- നല്ലൊരു വായനാ വിഭവം സമ്മാനിച്ച വിനോദ് സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.🌹

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍2022, ഡിസംബർ 1 7:20 PM

    സംക്ഷിപ്തമായി വലിയ ഒരു മനുഷ്യൻറെ ജീവിതം നോക്കിക്കാണാൻ ഈ ലേഖനം ഉപകരിച്ചു.അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  9. അജ്ഞാതന്‍2022, ഡിസംബർ 2 8:11 AM

    അറിവിനെ പ്രണയിച്ച മഹാന് ഓർമ്മപ്പൂക്കൾ 🌹🌹🌹
    ആശംസകൾ മാഷേ

    മറുപടിഇല്ലാതാക്കൂ