Ticker

6/recent/ticker-posts

മഹാറാണിക്കഥ

എം. എസ്. വിനോദ്
ഇംഗ്ലണ്ടിലെ  എലിസബത്ത് രാജ്ഞി അന്തരിച്ചു എന്ന വാർത്ത കേട്ട് അല്പം വേദനിക്കുകയും ലോകം വേദനിച്ചപ്പോൾ ഒപ്പം വേദനിക്കുകയും ചെയ്തവരാണ് നമ്മൾ. അപ്പോഴാണ് ആ മഹാറാണിയുടെ കഥയിൽ   നമ്മുടെ നാടിൻറെ ചരിത്രവുമായി ബന്ധപ്പെട്ട ചില കൗതുകങ്ങളിലേക്ക്  ഒന്നു പോകണമെന്ന് എനിക്കും തോന്നിയത് . മുത്തശ്ശിക്കഥകൾ കേൾക്കാൻ ഒത്തിരി താല്പര്യമുള്ളവരാണല്ലോ നമ്മൾ. അതുകൊണ്ട് ഈ കഥയ്ക്ക് ഞാൻ മഹാറാണിക്കഥ എന്ന് പേരിട്ടു. എന്നാൽ ഈ കഥയിൽ ഒന്നല്ല രണ്ടല്ല മൂന്നു മഹാറാണിമാർ നായികമാരാണ്. അത് ആരൊക്കെയാണെന്ന് നമുക്ക് ഒന്ന് നോക്കാം.         

ലോകത്താകമാനമുള്ള രാജവംശങ്ങളുടെ ചരിത്രത്തിലൂടെ നമ്മൾ കടന്നുപോകുമ്പോൾ ഓരോ കിലോമീറ്ററിലും ഒരു എലിസബത്ത് രാജകുമാരിയെ  തട്ടാതെയും  തൊടാതെയും നമുക്ക് കടന്നു പോകാനാകില്ല.അത്രമാത്രം എലിസബത്ത് എന്ന പേരുകാരുടെ  അതിപ്രസരമുള്ള ചരിത്രമാണ് യൂറോപ്യൻ രാജവംശങ്ങളുടെ ചരിത്രം.  എന്നാൽ മഹാറാണി പട്ടം കൊണ്ട് ചരിത്രത്തിൽ അടയാളപ്പെടുത്തിയ രണ്ട് എലിസബത്തുമാരാണുള്ളത്. എലിസബത്ത് ഒന്നാമൻ മറ്റൊന്നു എലിസബത്ത് രണ്ടാമൻ.ഒന്നാമനെന്ന വാക്ക്  ലിംഗഭേദമില്ലാതെയാണ് ഞാൻ ഉപയോഗിക്കുന്നത് കേട്ടോ.എലിസബത്ത് ഫസ്റ്റ് ആന്റ് എലിസബത്ത് സെക്കൻഡ്.ഈ രണ്ടു എലിസബത്തുമാർക്കും നമ്മുടെ നാടിന്റെ ചരിത്രത്തിൽ സുപ്രധാനമായ ഒരു ഇടമുണ്ട്.    

ചരിത്രത്തിലെ ഏറ്റവും വലിയ സംഭവങ്ങളുടെ തുടക്കം വളരെ വിനീതമായും  തലകുമ്പിട്ടുമായിരിക്കും എന്നതിന് തെളിവ് കൂടിയാണ് ഇന്ത്യയും ബ്രിട്ടീഷ് രാജവംശവുമായുള്ള ബന്ധം.  അത് ആരംഭിക്കുന്നത് നൂറ്റാണ്ടുകൾക്ക് മുമ്പാണ്.ഇന്ത്യക്കാരനെ വർഷങ്ങളോളം അടിമകളാക്കി വെച്ച ബ്രിട്ടന്റെ  സാമ്രാജ്യധിപത്യത്തിലേക്കുള്ള സാഹസികയാത്ര കേവലം 5 ഷില്ലിംഗിന് വേണ്ടിയായിരുന്നു എന്നതാണ്  ആ ചിത്രത്തിലേക്ക് നമ്മൾ കടന്നുവരുമ്പോൾ കാണുന്ന കൗതുകം.ബ്രിട്ടീഷ് കോമൺവെൽത്ത് നിലവിൽ വന്ന കാലത്തിനും മുൻപുമുതൽ പ്രചാരത്തിലിരുന്ന നാണയമാണ് ഷില്ലിംഗ്. ഇപ്പോഴത് നാലോ അഞ്ചോ രാജ്യങ്ങളിലേക്ക് ഒതുങ്ങി.നമ്മുടെ നാട്ടിലെ പഴയ രൂപ അണ നയാപൈസ പോലെ. 

ഒരു ഷില്ലിംഗിന്  ഇന്നത്തെ മാർക്കറ്റ് വാല്യൂ പ്രകാരം ഒരു രൂപ 60 പൈസ ഇൻഡ്യൻ റുപ്പീസ് വിലയുണ്ട്.എന്നാൽ നമ്മൾ പറയുന്നത് 450 വർഷം മുമ്പുള്ള ചരിത്രമാണ്.അന്നത്തെ മലഞ്ചരക്ക് വ്യാപാരത്തിൻറെ ലോകകുത്തക ഡച്ചുകാർക്ക് ആയിരുന്നു. ഡച്ചുകച്ചവടക്കാർ ഒരു സുപ്രഭാതത്തിൽ  കുരുമുളകിന് ഒരു റാത്തലിന്  5 ഷില്ലിംഗ് വില വർധിപ്പിച്ചു.ഈ നടപടിയിൽ പ്രതിഷേധിച്ച് ലണ്ടൻ നഗരത്തിലെ പുരാതന മാർക്കറ്റായ ലെഡൻ ഹാൾ തെരുവിലെ കച്ചവടക്കാർ അവർ 24 പേർ ചേർന്ന് 1599 സെപ്റ്റംബർ 24 തീയതി ഒരു സാങ്കല്പിക സൊസൈറ്റി രൂപീകരിച്ചു.സെപ്റ്റംബർ 24 അവരും 24. 

ഞാൻ പറഞ്ഞില്ലേ നമ്മുടെ ഇവിടുത്തെ ചാലക്കമ്പോളം, മിഠായിതെരുവ് ബ്രോഡ് വേ  പോലെയുള്ള,  ലണ്ടനിലെ ഒരു കച്ചവടത്തെരുവിലെ  ഇടിഞ്ഞുപൊളിഞ്ഞ ഒരു കെട്ടിടത്തിൽ നിന്നും ആരംഭം.ജോൺ കമ്പനി എന്നോ കമ്പനി ബഹാദൂർ എന്നോ തുടക്കത്തിൽ അറിയപ്പെട്ടിരുന്ന ഒരു  ജോയിൻ സ്റ്റോക്ക് കമ്പനി .അന്ന് അവിടെ ഒത്തുകൂടിയ 24 പേരിൽനിന്ന് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഏതാണ്ട് 125 ഷെയർ ഉടമകളിലേക്കും അവർ പിരിച്ചെടുത്ത 72000 പവൻ മൂലധനത്തിലേക്കും വളർന്ന കമ്പനി. 1599 ഡിസംബർ 31 ന് കമ്പനിയുടെ പ്രവർത്തനത്തിന് ഔദ്യോഗിക അനുമതി നൽകിക്കൊണ്ട് കേപ്പ് ഓഫ്  ഗുഡ് ഹോപ്പിന്  അപ്പുറമുള്ള എല്ലാ രാജ്യങ്ങളുമായും വ്യാപാരം നടത്താനുള്ള കുത്തകഅവകാശം കമ്പനിക്ക്  നൽകുന്ന രാജകീയ ശാസനത്തിൽ അന്ന് ഒപ്പിട്ടത് ബ്രിട്ടണിലെ അന്നത്തെ മഹാറാണി എലിസബത്ത് ഫസ്റ്റ്.വളരെ വിനീതമായി അവർ ആരംഭിച്ച ആ  വാണിജ്യ സ്ഥാപനത്തിന് ലാഭം മാത്രം ആയിരുന്നു മോട്ടീവ്. 

ആ ചെറിയ കമ്പനിയാണ് പിന്നീട് വളർന്നതും വികസിച്ചതും ഭാവം മാറിയതും രൂപം മാറിയതും ഓണറബിൾ ഈസ്റ്റിന്ത്യാ കമ്പനി എന്ന പക്കാ  ഈസ്റ്റിന്ത്യാ കമ്പനിയായി വിശ്വരൂപത്തിൽ പിന്നീടുള്ള 250 വർഷം ഇന്ത്യ അടക്കി ഭരിച്ചതും. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യവും കൊട്ടാരവും സത്യത്തിൽ ഇൻഡ്യ ഭരിച്ചത് വെറും 70 വർഷക്കാലം മാത്രമാണ്.   

ഈ കമ്പനി ഇൻഡ്യയിൽ കാലെടുത്തു കുത്തുമ്പോൾ ഇന്ത്യയുടെ ഏതാണ്ട് ഭൂരിഭാഗവും ഭരിച്ചിരുന്നത് മുഗൾ  രാജാക്കന്മാരായിരുന്നു. അക്ബറിന്  ശേഷം ഭരണത്തിൽ വന്ന ജഹാംഗീർ, ഷാജഹാൻ, ഔറംഗസീബ് എന്നിവരുമായി വിനീതവേഷത്തിലും വിധേയഭാവത്തിലും നിന്ന് കമ്പനി കച്ചവടം കൊഴിപ്പിച്ചു. ലാഭവും സ്വാധീനവും വർദ്ധിച്ചപ്പോൾ രാജാവിന്റെ അന്തപ്പുരത്തിലെ പെണ്ണിൽ നിന്ന് ഭാരതത്തിന്റെ മണ്ണിനോടുള്ള ബ്രിട്ടീഷുകാരന്റെ കൊതിയേറി. അത്  മറ്റൊരു ചരിത്രമാണ് അവിടേക്ക് നമ്മൾ ഇപ്പോൾ പോകുന്നില്ല. ബ്രിട്ടീഷ് ഭരണത്തിൽ  എത്തിച്ചേരാൻ കാരണമായ ഈസ്റ്റിന്ത്യാ കമ്പനിയുടെ തുടക്കമായി മാറിയ വ്യാപാരവഴിയുടെ നാൾവഴിയിൽ ആദ്യത്തെ ഒപ്പിട്ടത് ആദ്യത്തെ എലിസബത്ത്മഹാരാജ്ഞിയാണ്. എലിസബത്ത് ഫസ്റ്റ്..  എന്നാൽ ഒപ്പിട്ടു കൊടുത്ത ഉടമ്പടിയിൽ കമ്പനി ലാഭം കൊയ്യുന്നത് കാണാനുള്ള തലയിലെഴുത്ത് ആ മഹാറാണിയ്ക്ക് ഉണ്ടായില്ല.   അഞ്ചു വർഷം തികയുന്നതിനുമുൻപ് 1603 മാർച്ച് 24 ന് അവർ 69 ആമത്തെ വയസ്സിൽ അന്തരിച്ചു. ഓർക്കുക അതും ഒരു 24.  ഇന്ത്യയെ കണ്ടിട്ടില്ല എന്നത് പോയിട്ട് ഇന്ത്യ എന്ന  ഒരു നാട് ഉണ്ടോ എന്ന് പോലും ആ പാവത്തിന് അറിയാമായിരുന്നോ എന്ന് അറിയില്ല.  അതാണ് ആദ്യത്തെ മഹാറാണിയുടെ കഥ.. എലിസബത്ത് മഹാറാണി ദ ഫസ്റ്റ്.. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍

  1. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വരവും മുഗൾ രാജാക്കന്മാരിൽ നിന്നും നമ്മുടെ മണ്ണിനെ കൈമാറ്റം ചെയ്യപ്പെട്ടതും ഒക്കെ പണ്ട് പഠിച്ച ചെറിയ ഓർമ്മ..അന്നൊന്നും ഇത്ര വിശദമായി അറിയാനോ പഠിക്കാനോ ശ്രമിക്കാഞ്ഞത് ആ പ്രായത്തിൽ അടിച്ചേൽപ്പിച്ച ചരിത്രപഠനത്തോടുള്ള താല്പര്യമില്ലായ്മയാവാം..ഇന്നിപ്പോളിതൊക്കെ നിധിപോലെ കിട്ടിയ അറിവുകൾ..മനോഹരമായ ലേഖനം..തുടർവായണക്കായി കാത്തിരിക്കുന്നു..ആശംസകൾ വിനോദ്

    മറുപടിഇല്ലാതാക്കൂ