തലക്കെട്ട് കണ്ടിട്ട് എൻറെ തലയ്ക്ക് അടിക്കാൻ ആരെങ്കിലും ഒരുങ്ങി വരുന്നുണ്ടെങ്കിൽ ഒരു പത്ത് നിമിഷം ദയവായി എനിക്ക് അനുവദിക്കുക. പറയാൻ തുടങ്ങുന്നത് ഞാൻ ഒന്നു പറഞ്ഞു തീർക്കട്ടെ. അത് കഴിഞ്ഞു നിങ്ങൾ തീരുമാനിക്കുക എന്തുവേണമെന്ന്.....
മഹാബലിയും വാമനനും തമ്മിൽ ഒരു തരത്തിലുമുള്ള ശത്രുത ഉണ്ടായിരുന്നില്ല എന്ന് ഞാൻ പറഞ്ഞതല്ല. മഹാബലിയുടെ കഥകൾ പരന്നുകിടക്കുന്ന പുരാണങ്ങൾ ശ്രദ്ധയോടെ വായിക്കുന്ന ആർക്കും അത് മനസ്സിലാക്കുന്നതാണ്..
പുരാണങ്ങൾ പ്രകാരം എല്ലാ വംശങ്ങളും ആരംഭിക്കുന്നത് ബ്രഹ്മാവിൽ നിന്നാണ് എന്നത് നമ്മൾ ഓണത്തിന് കഥ ഒന്നാം ഭാഗത്തിൽ പറഞ്ഞുകഴിഞ്ഞു. ബ്രഹ്മാവിൻറെ പുത്രനായ കശ്യപന് 21 ഭാര്യമാരിൽ ഉണ്ടായതാണ് ലോകത്തിൽ ഇന്ന് കാണുന്ന എല്ലാ ജീവജാലങ്ങളും എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇത് പുരാണങ്ങളുടെ അടിസ്ഥാനത്തിലാണ് പറഞ്ഞത് കേട്ടോ. പഴയ സോവിയറ്റ് യൂണിയൻറെ പഴയ പ്രസിഡൻറ് ഗർബച്ചോവും ക്യൂബയുടെ വിപ്ലവനായകൻ ഫിഡൽ കാസ്ട്രോയും അമേരിക്കയിൽ പ്രസിഡണ്ട് ആയിരുന്ന ജോർജ്ജ് ബുഷുമെല്ലാം ഈ വിഭാഗത്തിൽ കശ്യപന്റെ വംശപരമ്പരയിൽ ഉണ്ടായതാണോ എന്നൊന്നും എന്നോട് തിരിച്ചൊരു ചോദ്യം ചോദിക്കരുത്. അത്തരം ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് ആത്മീയാചാര്യന്മാരാണ് ഞാൻ ഗൃഹസ്ഥനായ വെറുമൊരു സാധാരണക്കാരൻ മാത്രം. പുരാണങ്ങൾ അങ്ങനെയാണ് പറയുന്നത് എന്ന് മാത്രമേ എനിക്ക് പറയാൻ കഴിയു. അത് പിന്നെ എങ്ങനെയാണ് എന്ന് ചോദിച്ചാൽ ഞാൻ വലഞ്ഞു പോകും...
പുരാണങ്ങളെ ഒരു വശത്തും ചരിത്രങ്ങളെ മറ്റൊരു വശത്തും ശാസ്ത്രസത്യങ്ങളെ നടുവിലും നിർത്തിയാണ് നമ്മൾ ഈ കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. അതിൻറെ തുടക്കം വളരെ വിശദമായി നമ്മൾ ഒന്നാംഭാഗത്തിൽ അവതരിപ്പിച്ചു. ഒന്നാം ഭാഗം വായിച്ചിട്ടില്ലാത്തവർക്കായി അതിൻറെ ലിങ്ക് താഴെ ചേർത്തിട്ടുണ്ട്.
കശ്യപന് ആദ്യഭാര്യയായ അദിതിയിൽ നിന്നാണ് ആദിത്യന്മാർ അഥവാ അദിതിയുടെ മക്കൾ എന്നറിയപ്പെടുന്ന 12 പേർ ജനിക്കുന്നത്. ഈ 12 ആദിത്യന്മാരിൽന്നാണ് മുപ്പത്തിമുക്കോടി ദേവന്മാരുണ്ടായത്. ദേവന്മാർ എന്ന് പറഞ്ഞാൽ നിങ്ങൾ തെറ്റിദ്ധരിക്കേണ്ട കേട്ടോ. വിഷ്ണു, ശിവൻ, കൃഷ്ണൻ,രാമൻ തുടങ്ങി ഹിന്ദുക്കൾ ആരാധിക്കുന്ന ദേവന്മാർ ഒന്നും ഈ കൂട്ടത്തിൽ ഇല്ല. ദേവഗണം എന്ന ഒരു വിഭാഗമാണ് ഇത്. കശ്യപന്റെ രണ്ടാമത്തെ ഭാര്യ ദിതിയിൽ നിന്നും ദൈത്യൻമാർ എന്ന വിഭാഗം ജനിച്ചു. അവരാണ് അസുരന്മാർ എന്ന പേരിൽ പ്രസിദ്ധരായത്. ഹിരണ്യാക്ഷൻ, ഹിരണ്യകശിപു എന്നിവരാണ് അവർ.അവർ ഇനിയുമുണ്ട് നിരവധി ആളുകൾ.
അങ്ങനെ കശ്യപന്റെ ഓരോ ഭാര്യമാരിൽ നിന്നും ഓരോ വിഭാഗങ്ങളും ഉണ്ടായി. വിനത എന്ന ഭാര്യയിൽ നിന്നാണ് ഗരുഡൻ ഉണ്ടായത് അത് പക്ഷി വർഗ്ഗമാണ്. കദ്രു എന്ന ഭാര്യയിൽ നിന്നാണ് നാഗങ്ങൾ ഉണ്ടായത്. ഇഴജന്തുക്കളുടെ വർഗ്ഗം. ചുരുക്കിപ്പറഞ്ഞാൽ ഈ ലോകത്ത് കാണുന്ന സകല ജീവജാലങ്ങളും പിന്നിലേക്കു പോയാൽ ഒറ്റ തന്തയ്ക്കു പിറന്നതാണ് എന്ന ഒരു സന്ദേശം നൽകുന്നുണ്ട് പുരാണം. ഡാർവിൻ പരിണാമ സിദ്ധാന്തം അവതരിപ്പിച്ചത് നമ്മുടെ പുരാണങ്ങൾ കൂടി പഠിച്ചിട്ടാണ് എന്ന് ചിലർ വെറുതെ ഒരു കാര്യവുമില്ലാതെ വാദിക്കുന്നതിന് പിന്നിലെ രഹസ്യം മനസ്സിലായിക്കാണുമല്ലോ. നമുക്ക് ആ ആഴത്തിലേക്ക് ഇറങ്ങേണ്ട കാര്യമില്ല. മുങ്ങിപ്പോകും.നമുക്ക് ഇവിടെ ചുറ്റുവട്ടമെല്ലാം പരിശോധിച്ച് ഒരു മേൽനോട്ടം മാത്രം നടത്തി കരയ്ക്കു നിൽക്കാം. കരയ്ക്ക് നിൽക്കുമ്പോൾ ഒരു കാര്യം ഓർമ്മവേണം സർവചരാചരങ്ങളുടെയും പിതാവ് കശ്യപൻ ആണ് അതുകൊണ്ടാണ് കശ്യപനെ കശ്യപപ്രജാപതി എന്ന് നമ്മൾ വിളിക്കുന്നത്.
ഇനിയാണ് മഹാബലിയും വാമനനും തമ്മിലുള്ള ബന്ധത്തിലേക്ക് നമ്മൾ വരുന്നത്.അവർ ശത്രുക്കൾ ആണോ അതോ ബന്ധുക്കളാണോ. അതാണ് നമ്മുടെ മുന്നിലെ ചോദ്യം. ഹിരണ്യകശിപുവിനെ നരസിംഹാവതാരത്തിലെത്തിയ മഹാവിഷ്ണു കൈനഖം കൊണ്ട് മാറുപിളർന്ന് കൊന്നതിനു ശേഷം ആ രാജ്യം ഭരിച്ചത് ഹിരണ്യകശിപുവിനെ മൂത്ത സഹോദരൻ ഹിരണ്യാക്ഷന്റെ മകൻ അന്ധകനാണ്. പ്രഹ്ലാദൻ അന്ന് പ്രായപൂർത്തിയായ ആളല്ലല്ലോ. പ്രഹ്ലാദൻ നേരെ പോയത് പാതാളത്തിലേക്കാണ്. അപ്പോൾ ഈ പാതാളം എന്താണെന്ന് ഒരു ചോദ്യം വരും.
ഭൂമിയുടെ അടിത്തട്ടിൽ പാതാളം എന്ന് വിളിക്കപ്പെടുന്ന ഒരു ലോകം ഉണ്ടെന്നാണ് പൗരാണിക സങ്കല്പം. ഈ പാതാളത്തിന് ഒന്നിന് താഴെ ഒന്നായി ഏഴ് വിഭാഗങ്ങളുണ്ട്. അതലം, വിതലം, സുതലം,ഈ സുതലത്തിലാണ് ഇപ്പോൾ മഹാബലി ഉള്ളത്. അവിടെ നിന്ന് വേണം ഈ തിരുവോണത്തിന് ഇങ്ങോട്ട് വരാൻ. സുതലത്തിലും താഴെ തലാതലം, മഹാതലം, രസാതലം അവസാനം പാതാളം.ഭൂമിക്കടിയിലുള്ള ഇത് ഏഴും കൂടി ചേർന്നതിനെ മൊത്തത്തിൽ പാതാളം എന്നാണ് വിളിക്കുന്നത്. എന്നാൽ ഏറ്റവും അവസാനത്തെ ലെയറിന്റെ പേരാണ് കൃത്യമായി പാതാളം. നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഈ പാതാളം എന്ന ലെയറിൽ മനുഷ്യരോ മൃഗങ്ങളോ പക്ഷികളോ അസുരന്മാരോ ദേവന്മാരോ ഇല്ല എന്നതാണ് പുരാണം പറയുന്നത്. പാതാളത്തിലെ വിവിധ ലെയറുകളുടെ വിശദാംശങ്ങൾ നമുക്ക് പിന്നീട് മറ്റൊരവസരത്തിൽ വിശദമായി പറയാം. പാതാളത്തിലേക്ക് പോയ പ്രഹ്ലാദൻ അവിടെ എല്ലാം ലെയറുകളിലും ഉള്ള അസുരന്മാരുടെ ചക്രവർത്തിയായി വാഴിക്കപ്പെട്ടു. അവിടെ താമസിച്ചു.പ്രഹ്ലാദൻ ഒരു വിഷ്ണു ഭക്തനായിരുന്നു എങ്കിലും അല്ലറചില്ലറ അസുരസ്വഭാവങ്ങൾ ഒക്കെ കാണിച്ചിട്ടുണ്ട്. അതൊന്നും വിവരിക്കാൻ നമുക്ക് ഇപ്പോൾ നേരമില്ല. എന്തായാലും പാതാളത്തിലും ഇടയ്ക്കിടയ്ക്ക് ഭൂമിയിലുമായി പ്രഹ്ളാദൻ കുറെക്കാലം ജീവിച്ചു. അതിനിടയിൽ ധൃതിയിൽ വിവാഹിതനായി. പ്രഹ്ളാദന്റെ ഭാര്യയുടെ പേരാണ് ധൃതി എന്നത്.ധൃതിയിൽ തന്നെ കുറെ മക്കളുമുണ്ടായി. ഇതിനിടയിൽ ഭൂമിയിൽ വന്ന് ധർമ്മദേവന്റെ പുത്രന്മാരായ നരനാരായണന്മാരുമായി ഒരു പൊരിഞ്ഞ യുദ്ധം നടത്തി. സമൂലം തോറ്റ് തുന്നം പാടി. ആ ചെയ്ത തെറ്റിന് ബദരികാശ്രമത്തിൽ പോയി തപസിരുന്നു കുറെ കാലം. തപസ്സിരിക്കാൻ പോയപ്പോൾ പ്രഹ്ലാദൻ പാതാളത്തിലെ ചക്രവർത്തി പദവി ഉപേക്ഷിച്ചു. തപസ്സ് കഴിഞ്ഞു വീണ്ടും മടങ്ങിവന്നപ്പോൾ പാതാളത്തിൽ അവിടെയുള്ളവർ വീണ്ടും ചക്രവർത്തി ആകണമെന്ന് പുള്ളിയെ നിർബന്ധിച്ചു. പുള്ളി അതിനൊന്നും തയ്യാറായില്ല. അങ്ങനെ ഭൂമി പാതാളം ഭൂമി പാതാളം എന്ന അവസ്ഥയിലായി പ്രഹ്ളാദനെ പിന്നീടുള്ള ജീവിതം. പിന്നെ കുറെ കാലം പാതാളത്തിലെ കൊട്ടാരത്തിലെ പുറത്ത് ഒരു ആശ്രമം ഒക്കെ കെട്ടി അവിടെ ഒരു ഭക്തമുനിയായി പ്രഹ്ലാദൻ കഴിഞ്ഞു. ആ കാലത്ത് അദ്ദേഹത്തിൻറെ റോൾ എന്തായിരുന്നു അറിയാമോ. അസുര രാജാക്കന്മാരുടെ ഉപദേഷ്ടാവായിരുന്നു അദ്ദേഹം..
ഹിരണയക്ഷന്റെ മകൻ അന്ധകന് വളരെ കുറച്ച് കാലം മാത്രമേ രാജ്യം ഭരിക്കാൻ പറ്റിയുള്ളൂ. പിന്നീട് ഭരണം ഏറ്റെടുത്തത് പ്രഹ്ളാദന്റെ പുത്രനായ വിരോചനനാണ്. സ്വന്തം മകനെ രാജ്യം ഏൽപ്പിക്കാൻ പ്രഹ്ളാദൻ ചില കളികൾ കളിച്ചു എന്നും പറയപ്പെടുന്നു. നമ്മുടെ നാട്ടിലും മക്കളെ അധികാരത്തിൽ എത്തിക്കാൻ തന്തമാർ കളിക്കുന്ന കളി നമുക്ക് സുപരിചിതമാണല്ലോ.ഈ വിരോചനൻ ഒരു നല്ല അസുരനായിരുന്നു. പ്രഹ്ലാദൻ പറയുന്നതുപോലെ വിരോചനൻ രാജ്യം ഭരിച്ചു. വിരോചനന്റെ മരണം രണ്ടുതരത്തിലാണ് പുരാണങ്ങളിൽ പറയുന്നത്. മഹാഭാരതം ശാന്തിപർവ്വത്തിൽ വിരോചനനെ ദേവേന്ദ്രൻ കൊന്നു എന്നും ഗണേശ പുരാണത്തിൽ നമ്മുടെ മഹാവിഷ്ണു മോഹിനിയുടെ വേഷത്തിൽ വന്ന് വശീകരിച്ചു കൊന്നു എന്നും രണ്ടു കഥകൾ പറയുന്നു. അതെന്തെങ്കിലുമാകട്ടെ എന്തായാലും വിരോചനന്റെ മരണശേഷം രാജ്യഭരണം ഏറ്റെടുത്തത് പുത്രൻ ബലി ആയിരുന്നു.
പ്രഹ്ലാദനെപ്പോലെയോ വിരോചനനെപ്പോലെയോ ഒരാളായിരുന്നില്ല ബലി. ബലി വളരെവേഗം രാജ്യത്തിൻറെ വിസ്തൃതി വർദ്ധിപ്പിച്ചു. ദേവന്മാരെ നിരന്തരം ആക്രമിച്ചു കീഴടക്കി. പലതവണ ദേവലോകം കൊള്ളയടിച്ചു. ഇന്ദ്രനുമായുള്ള യുദ്ധത്തിൽ ഒരു തവണ മഹാബലി കൊല്ലപ്പെടുന്നുണ്ട് എന്ന് പുരാണങ്ങളിൽ പലയിടത്തും പരാമർശമുണ്ട്. അന്ന് മൃതദേഹവുമായി അസുരന്മാർ അസുരഗുരുവായ ശുക്രാചാര്യരുടെ അടുത്തെത്തുകയും ശുക്രാചാര്യർ മൃതസഞ്ജീവനി വിദ്യയിലൂടെ മഹാബലിക്കു വീണ്ടും ജീവൻ തിരിച്ചു കൊടുക്കുകയും ചെയ്തു. ജീവൻ തിരികെക്കിട്ടിയ ബലിയെക്കൊണ്ട് ഐന്ദ്രമഹാഭിഷേകം എന്ന അഭിഷേകം നടത്തി ശുക്രാചാര്യർ. അതിനുശേഷം വിശ്വജിത്ത് എന്ന യാഗവും നടത്തി അങ്ങനെയാണ് ബലി മഹാബലി ആയത്. തുടർന്ന് 100 അശ്വമേധയാഗവും നടന്നു. ചിലർ പറയുന്നത് അശ്വമേധയാഗം നടത്തുന്നത് തടയാനാണ് വാമനൻ അവതരിച്ചത് എന്നാണ്. എന്നാൽ വിവിധ പുരാണങ്ങൾ നമ്മൾ പരിശോധിക്കുമ്പോൾ അത് തെറ്റാണ് എന്ന് മനസിലാകും.
വിശ്വജിത്ത് എന്ന യാഗം കഴിഞ്ഞപ്പോൾ തന്നെ മഹാബലി ഇന്ദ്രതുല്യനായി. യാഗം കഴിഞ്ഞപ്പോൾ യജ്ഞദേവൻ പ്രത്യക്ഷപ്പെട്ട് ഇന്ദ്രരഥത്തിന് തുല്യമായ ദിവ്യരഥവും സുവർണമയമായ ധനുസ്സും അമ്പോടുങ്ങാത്ത നിരവധി ആവനാഴികളും ഒരു ദിവ്യകവചവുമൊക്കെ ബലിക്ക് നൽകിയിരുന്നു. എന്നുവെച്ചാൽ അക്ഷരാർത്തത്തിൽ ഇന്ദ്രൻ തന്നെയായി എന്ന് സാരം. ആ യജ്ഞങ്ങളിൽ എല്ലാം പ്രഹ്ലാദനും സന്നിഹിതനായിരുന്നു. തുടർന്ന് ഒരു പ്രത്യേക സാഹചര്യത്തിൽ ദേവൻമാരെ ആക്രമിക്കാൻ കഴിയും ബോധമുണ്ടായിരുന്ന ശുക്രാചാര്യരുടെ നിർദേശപ്രകാരം ബലി നേരെ പോയി ഇന്ദ്രനുമായി യുദ്ധം ചെയ്ത് പൂർണമായും ദേവൻമാരെ മുഴുവൻ തോൽപ്പിച്ച് ഓടിച്ചു. ദേവലോകം പൂർണമായി കീഴടക്കിയ മഹാബലി പ്രഹ്ളാദനെ ദേവലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. മഹാബലിയെ ഇന്ദ്രനായി അഭിഷേകം ചെയ്തത് സത്യത്തിൽ പ്രഹ്ലാദൻ ആണ്. അപ്പോൾ ബലി പ്രഹ്ളാദന്റെ കയ്യിൽ നിന്നും ഒരു ഉപദേശം സ്വീകരിക്കുന്നതായി വാമനപുരാണം പറയുന്നു..
എപ്പോഴും ധർമ്മമേ വിജയിക്കുകയുള്ളൂ ആ ധർമ്മത്തിൽ നിന്നും വ്യതിചലിക്കാതെ രാജ്യം ഭരിക്കുക.. അതായിരുന്നു ഉപദേശം. അതിൽ നിന്നും നമുക്ക് മനസിലാക്കാൻ കഴിയുന്നത് അന്നുവരെ ബലി ചെയ്ത ഒരു കാര്യങ്ങളിലും പ്രഹ്ലാദന് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നില്ല എന്നാണ്.
മൂന്നു ലോകങ്ങളും ഇപ്പോൾ മഹാബലിയുടെ നിയന്ത്രണത്തിനായി.. ദേവഗണങ്ങൾ എല്ലാം ദേവഭൂമി വിട്ട് കാട്ടിൽ കയറി ഒളിച്ചു. പലതവണ ദേവന്മാർ മഹാവിഷ്ണുവിനെ കണ്ട് പരാതി പറഞ്ഞു.പരാതികൾ മഹാവിഷ്ണു അത്ര കാര്യമാക്കിയില്ല. കാരണം ബലിയുടെ ഭരണസംവിധാനത്തിൽ രാജ്യത്ത് എല്ലാവർക്കും സുഖം കിട്ടുന്നു എന്ന തോന്നലാണ് മഹാവിഷ്ണുവിനും ഉണ്ടായിരുന്നത്. ബ്രാഹ്മണർക്കും ദേവകൾക്കും ചില സൗകര്യങ്ങളൊക്കെ ഉണ്ട് എന്നത് സത്യമായിരുന്നു.
എന്നാൽ ദേവന്മാരെല്ലാം കാടുകളിൽ കേറി ഒളിച്ചിരിക്കുന്നത് ദേവമാതാവായ അദിതിക്ക് ഒത്തിരി മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കി. അവർ ഭർത്താവായ കശ്യപപ്രജാപതിയോട് നിറകണ്ണുകളുമായി പരാതി പറഞ്ഞു. പെറ്റ വയറിന് മാത്രമേ മക്കളെ ഓർത്ത് വിഷമിക്കാൻ കഴിയൂ. അത് ദേവനായാലും അസുരനായാലും പാമ്പായാലും പന്നിയായാലും പെറ്റമ്മയ്ക്ക് തൻ കുഞ്ഞ് പൊൻകുഞ്ഞ് തന്നെയാണ്.
ഭാര്യയുടെ സങ്കടങ്ങളൊക്കെ കേട്ടപ്പോൾ കശ്യപന്റെ മനസലിഞ്ഞു. അദ്ദേഹം ഭാര്യയോട് ദ്വാദശി വ്രതമനുഷ്ഠിക്കാൻ ഉപദേശിച്ചു.ആ വ്രതാചരണത്തിന്റെ വിധികളും മറ്റ് നടപടിക്രമങ്ങളും കശ്യപൻ ഭാര്യ അദിതിയെ പഠിപ്പിച്ചു. ജീവിതക്ലേശത്തിന് അറുതി വരുത്തുന്നതിനു വേണ്ടി ഹൈന്ദവമതങ്ങളുടെ വിശ്വാസപ്രകാരം മീനമാസത്തിൽ ശുക്ലപക്ഷത്തിൽ വിധിക്കപ്പെട്ട ഒരു വൃതമാണ് ദ്വാദശീവൃതം. ഇപ്പോഴും ഈ വൃതം നോക്കുന്ന ആളുകളുണ്ട്. ആ വൃതത്തിന്റെ പുറകിലെ പൗരാണിക ചരിത്രമാണ് ഞാനിപ്പോൾ പറഞ്ഞത്..ഭാഗവതം അഷ്ടമസ്കന്ധത്തിൽ ആണ് ഈ സൂചനയുള്ളത്. പുരാണത്തിലെ ചിലയിടത്ത് പയോവൃതമാണ് അനുഷ്ടിച്ചതിന് എന്നും പറയുന്നുണ്ട്. ഏത് വൃതമായാലും ആ വൃതം ശക്തി പ്രാപിച്ചപ്പോൾ മഹാവിഷ്ണുവിന് പ്രത്യക്ഷപ്പെടാതിരിക്കാൻ കഴിയാത്ത സാഹചര്യമായി. അങ്ങനെ കശ്യപന്റെ ഭാര്യയുടെ മുന്നിൽ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു.പ്രത്യക്ഷപ്പെടുമ്പോൾ ഒരു വരം ചോദിക്കുകയും കൊടുക്കുകയും വേണം എന്നാണ് നിയമം. മഹാവിഷ്ണു മകനായി ജനിച്ച് മഹാബലിയെ പരാജയപ്പെടുത്തി തൻറെ മക്കളായ ദേവഗണങ്ങൾക്കും അവരുടെ രാജാവായ ദേവേന്ദ്രനും ദേവലോകം തിരികെ വാങ്ങി കൊടുക്കണം എന്നതായിരുന്നു അദിതിയുടെ ആവശ്യം. അവർ വ്രതമനുഷ്ഠിച്ചതുകൊണ്ടാണ് പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ട് ചോദിക്കുന്നത് കൊടുക്കാതിരിക്കാൻ യാതൊരു നിർവ്വാഹവുമില്ല. സത്യത്തിൽ വിഷ്ണു ഇന്നസെൻറ്ണ്. വിഷ്ണു അത് സമ്മതിച്ചു. കശ്യപന്റെ തപസ്സിൽ അധിഷ്ഠിതനായി അദിതിയുടെ ഗർഭത്തിൽ പിറക്കാമെന്ന് വാക്കുകൊടുത്തു വിഷ്ണു മറഞ്ഞു. വരം ലഭിച്ച ബലത്തിൽ കശ്യപൻ ചിരകാലതപസ്സു കൊണ്ട് സമ്പാദിച്ച വീര്യത്തെ അദിതിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു. അതിദി ഗർഭിണിയായ നിമിഷം മുതൽ മഹാബലിയുടെ കഷ്ടകാലം ആരംഭിച്ചു. എല്ലാം ഉണ്ടായിട്ടും ബലി തൊടുന്നതെല്ലാം വമ്പൻ ദുരന്തങ്ങളായി മാറി. ക്രമേണ രാജ്യവും രാക്ഷസന്മാരും ക്ഷയിക്കാൻ തുടങ്ങി. നാശോന്മുഖമായ ഈ പോക്ക് കണ്ട് ബലി കാരണം അന്വേഷിച്ചു. അസുരഗുരുവായ ശുക്രന് പോലും കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ ബലി പ്രഹ്ളാദന്റെ അടുത്തെത്തി. പ്രഹ്ളാദൻ പറഞ്ഞു ഭഗവാൻ വിഷ്ണു വാമനാവതാരത്തിനായി വല്യപ്പൂപ്പൻ കശ്യപന്റെ ഭാര്യ അദിതിയുടെ ഗർഭപാത്രത്തിൽ ഇപ്പോൾ സ്ഥിതിചെയ്യുകയാണ്. അതാണ് രാജ്യത്തിനും അസുരവംശത്തിനും അടിക്കടി നാശം വന്നുകൊണ്ടിരിക്കുന്നത്. അതിനാൽ നീ വേണ്ടത് ചെയ്യണം എന്ന് ഉപദേശിച്ചു. എന്നാൽ മഹാബലിയുടെ ഈഗോ അത് അപ്പോൾ ഉൾക്കൊള്ളാൻ തയാറായില്ല. വിഷ്ണുവിനെക്കാൾ ശക്തി തനിക്ക് ഉണ്ടെന്ന് വെറുതെ ഒരു വീമ്പ് പറഞ്ഞു പ്രഹ്ളാദന്റെ ഉപദേശം മഹാബലി തള്ളിക്കളഞ്ഞു. അപ്പോൾ പ്രഹ്ളാദൻ മഹാബലിയെ ശപിച്ചു. നിന്റെ രാജ്യം നശിച്ചു പോകട്ടെ എന്നായിരുന്നു ആ ശാപം. ശാപം കേട്ട മഹാബലി സത്യം മനസിലാക്കി പ്രഹ്ലാദനോട് മാപ്പ് ചോദിക്കുന്ന സന്ദർഭം വാമനപുരാണത്തിൽ ഉണ്ട്. എന്നാൽ കാര്യങ്ങൾ എല്ലാം കൈയീന്ന് പോയിട്ട് മാപ്പ് പറഞ്ഞിട്ട് കാര്യമുണ്ടോ..
ഭദ്രപദ മാസത്തിൽ ശുക്ലപക്ഷത്തിൽ ഒരു പന്ത്രണ്ടാം തീയതി ശ്രാവണം നക്ഷത്രത്തിൽ ദിവ്യമായ ഒരു മുഹൂർത്തത്തിൽ കശ്യപന്റെ ഭാര്യ അദിതി ഒരു ആൺ കുഞ്ഞിന് ജന്മം നല്കി. ആ കുട്ടിയാണ് വാമനൻ. ഇത്രയും കാര്യങ്ങൾ ഭാഗവതം ഉറപ്പിച്ചു പറയുന്നതാണ്. എന്റെ ഭാവന അല്ല. ഇപ്പോൾ നിങ്ങൾക്ക് വ്യക്തമായോ മഹാബലിയും വാമനനും ബന്ധുക്കൾ ആണെന്ന്. കശ്യപന് മകൻ ഹിരണ്യകശിപുവിനെ മകൻ പ്രഹ്ളാദന്റെ മകൻ വിരോചനന്റെ മകൻ മഹാബലിയെ നിഗ്രഹിക്കാൻ പിറന്നത് മഹാബലിയുടെ വല്യപ്പൂപ്പൻ ആയ കശ്യപന്റെ മകൻ തന്നെയാണ്.ഇതിഹാസങ്ങളും പുരാണങ്ങളും വ്യക്തമായി വായിക്കാതെയും മനസിലാക്കാതെയും നമ്മൾ നമ്മുടെ ഭാവനയിൽ ചില കഥകൾ പടച്ചുണ്ടാക്കും. എന്നിട്ട് അതൊക്കെ പുരണമാണ് എന്ന് വ്യാഖ്യാനിക്കും. പുരണങ്ങളെ അടിസ്ഥാനമാക്കി പുതിയ കഥകൾ ഉണ്ടാക്കാൻ നമുക്ക് അവകാശം ഉണ്ട്.. എന്നാൽ അത് പുരാണം ആകുന്നില്ല.
സത്യത്തിൽ ഈ അസുരന്മാരും ദേവന്മാരുമെല്ലാം പരസ്പരം ബന്ധുക്കളാണ്. എന്നാൽ അവരുടെ പേരിൽ നമ്മൾ ഭൂമിയിൽ കിടന്നു പരസ്പരം അടിക്കും.. ചില രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തെരുവിൽ തമ്മിൽ തല്ലി ചാകുമ്പോൾ നേതാക്കന്മാർ എല്ലാം നല്ല സൌഹൃദത്തിൽ കെട്ടിപ്പിടിച്ചു കഴിയുന്നു എന്ന് പറഞ്ഞപോലെ ആണ് പണ്ടത്തെ കാര്യവും. നിരവധി ഉദാഹരണങ്ങൾ നമുക്ക് പുരാണത്തിൽ കാണാം..
ഈ മഹാബലിയുടെ പുത്രനാണ് ബാണൻ എന്ന പേരിലറിയപ്പെടുന്ന ബാണാസുരൻ. ബാണന്റെ പുത്രി ഉഷയെ വിവാഹം കഴിച്ചത് ശ്രീകൃഷ്ണൻറെ പൗത്രനും പ്രദ്യുമ്നന്റെ പുത്രനുമായ അനിരുദ്ധനാണ്.നിങ്ങൾക്ക് ഓർമ്മയുണ്ടാവും ബന്ധനസ്ഥനായ അനിരുദ്ധൻ എന്ന മഹാകവി വള്ളത്തോളിന്റെ കാവ്യം. അനിരുദ്ധനെ ബന്ധനസ്ഥനാക്കിയത് മഹാബലിയുടെ മകനായ ബാണൻ ആണ്.അന്ന് ആ ബാണന് കൊട്ടാരം കാവൽ ആരായിരുന്നു എന്നറിയാമോ. സാക്ഷാൽ പരമശിവൻ. ശ്രീകൃഷ്ണനും പരിവാരങ്ങളും വന്നാണ് ബാണനെ യുദ്ധത്തിൽ തോൽപ്പിച്ച് ബാണന്റെ പുത്രിയായ ഉഷയെ അനിരുദ്ധനെകൊണ്ട് വിവാഹം കഴിപ്പിച്ചത്. സത്യത്തിൽ ദേവന്മാർ അസുരന്മാർ എന്നൊക്കെ പറഞ്ഞ് ഇവര് നമ്മുളെ പറ്റിക്കുകയാണ് അവരെല്ലാവരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ബന്ധുക്കളാണ്. കഥയ്ക്ക് ഇടയിൽ ഒരു കാര്യം കൂടി പറയട്ടെ. കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്നും 20 കിലോമീറ്റർ അകലെ പശ്ചിമഘട്ടത്തിൽ ഒരു അണക്കെട്ട് ഉണ്ട്. ആ അണക്കെട്ടിന്റെ പേര് ബാണാസുര സാഗർ അണക്കെട്ട് എന്നാണ്.മഹാബലിയുടെ മകനായ ബാണാസുരന്റെ പേരിൽ ആണ് ആ അണക്കെട്ട് എങ്കിൽ അതിന്റെ കഥയും ചരിത്രത്തിന്റെ വഴികളിൽ നമുക്ക് അന്വേഷിക്കാം. അതേ.. ഓണത്തിന്റെ കഥയ്ക്ക് പുരാണത്തിൽ മാത്രമല്ല ചരിത്രത്തിലും കഥകൾ ഒത്തിരി പറയാനുണ്ട്.. നമുക്ക് ആ ചരിത്രത്തിലേക്ക് പോകാം..
മഹാബലി Vs വാമനൻ,ശത്രുക്കൾ അല്ല,ബന്ധുക്കൾ..?
പ്രിയമുള്ളവരേ.. ഞാൻ പറഞ്ഞില്ലേ ഓണത്തിന്റെ കഥ ഒരു ചെറിയ കഥയല്ല എന്ന്.. പറഞ്ഞു പറഞ്ഞു അതിപ്പോൾ ഒരു വലിയ മുട്ടൻ കഥയായി.. ഓണത്തിൻറെ കഥയിലെ ഇത്തരം രസകരമായ കാര്യങ്ങൾ അവസാനിക്കുന്നില്ല..കൂടുതൽ വിശേഷങ്ങളുമായി നമുക്ക് വീണ്ടും കാണാം എല്ലാവർക്കും ഒരു നല്ല ഓണക്കാലം ആശംസിക്കുന്നു..
3 അഭിപ്രായങ്ങള്
മഹാബലിയുടെയും വാമനന്റെയും പൂർവികം ഹൃദ്യമായി അവതരിപ്പിച്ചു.. സുരാ സുരന്മാർ ബന്ധുക്കൾ ആവാനാണ് സാധ്യത.. എഴുത്ത് അസാധ്യം.. അഭിനന്ദനങ്ങൾ വി സർ
മറുപടിഇല്ലാതാക്കൂമഹാബലിയും വാമനനും സത്യത്തിൽ രക്തബന്ധുക്കൾതന്നെ എന്ന കാര്യം ഏറെ രസകരമായി അവതരിപ്പിച്ചു. സമകാല രാഷ്ട്രീയവുമായി പുരാണത്തെ ബന്ധിപ്പിച്ചത് അസ്സലായി മാഷേ! അഭിനന്ദനങ്ങൾ! ആശംസകൾ .
മറുപടിഇല്ലാതാക്കൂബ്രഹ്മാണ്ട പുരാണം എത്ര ലളിതമായി പ്രതിപാദിച്ചിരിക്കുന്നു
മറുപടിഇല്ലാതാക്കൂ