Ticker

6/recent/ticker-posts

"Nobody can hurt me without my permission...."

എം. എസ്. വിനോദ്

 "Nobody can hurt me without my permission...."

ഞാൻ ഒരു ഗാന്ധിയനല്ല...
എന്നിട്ടും ഗാന്ധിജിയുടെ ഈ സുപ്രസിദ്ധമായ വചനം ചില്ലിട്ട്, പെട്ടന്ന് നോക്കിയാൽ കാണുന്ന വിധം മുന്നിൽ വെച്ചിട്ടുണ്ട്.ഒരു മന്ത്രമായി മനസിലിട്ട് ആയിരം തവണ ജപിക്കണ്ട. എന്നാൽ ഇടയ്ക്കൊക്കെ നമ്മുടെ കണ്ണ് ഈ വാക്കുകളിൽ അറിഞ്ഞോ അറിയാതെയോ പോയി തട്ടിനിൽക്കും. ഗാന്ധി പറഞ്ഞാലും ഗീത പറഞ്ഞാലും ചില വാക്കുകൾ ഒരു മന്ത്രമാണ്.. ആശ്വാസമാണ്....കരുത്താണ്.
സ്വാതന്ത്ര്യത്തിന്റെ വാർഷികം കൊടി കെട്ടി ആഘോഷിക്കുന്ന തിരക്കിൽ വേറെ ഒന്നും കിട്ടിയില്ലേ ഗാന്ധിയിൽനിന്നു പഠിക്കാൻ എന്ന്‌ കരുതുന്നവർ ഉണ്ടാകും. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് രാജ്യത്തിന് എതിരായി മൂന്ന് പതിറ്റാണ്ട് തുടർച്ചയായി പൊരുതിയ ഗാന്ധിയെ ബ്രിട്ടീഷുകാരൻ പലപ്പോഴായി രണ്ടായിരത്തിലധികം ദിവസം ജയിൽ പിടിച്ചിട്ടു. ബ്രിട്ടന്റെ കണ്ണിലെ പ്രധാന കരടായിരുന്നു കഷ്ടിച്ച് അഞ്ചടി പൊക്കവും 114 റാത്തൽ തൂക്കവുമുള്ള ആ മനുഷ്യൻ. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ ഇളക്കാൻ ഇന്ത്യയ്ക്ക് ആ മനുഷ്യൻ മാത്രം മതിയായിരുന്നു. എന്നാൽ ഗാന്ധിജിയെ ആദരിച്ചുകൊണ്ട് ആദ്യം തപാൽ സ്റ്റാമ്പ് ഇറക്കിയ വിദേശരാജ്യങ്ങിൽ ഒന്നാണ് ബ്രിട്ടൻ. എന്നുവെച്ചാൽ ശത്രുക്കൾക്ക് പോലും ആദരണീയൻ.ബ്രിട്ടന്റെ ശത്രുവായ ഗാന്ധി ഒരു ഇന്ത്യക്കാരന്റെ ശത്രുവായപ്പോൾ കഥയാകെ മാറി. ബ്രിട്ടന് തൊടാൻ കഴിയാത്ത ഗാന്ധിയെ തുടച്ചു മാറ്റാനാണ് അവർ തുനിഞ്ഞത്. പലതവണ ശ്രമിച്ചിട്ടും കൊല്ലാൻ കഴിയാതെ വന്നപ്പോൾ അവസാനം പിന്നിലൊളിപ്പിച്ച തോക്കുമായി മുന്നിലെത്തിയ ഗോഡ്സെ പോലും ഗാന്ധിജിയുടെ മുന്നിൽ തൊഴുതു നിന്നുപോയി.അതാണ് ഗാന്ധിജി. എത്ര തുടച്ചാലും മായാത്ത എന്നാൽ തിളക്കം കൂടുന്ന ഒരു അടയാളമാണ് ഗാന്ധിജി.
ഗാന്ധിജിയുടെ മഹത്തായ ക്വിറ്റ്‌ ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തിയ പ്രക്ഷോഭണത്തിന്റെ വാർഷികമാണ് നാളെ.ഭാരതം നാളെ മുതൽ എഴുപത്തിയഞ്ചാം ജന്മദിനത്തിന് കൊടി കെട്ടുകയാണ്.കൊടികെട്ടാൻ നിലമൊരുക്കുമ്പോൾ,ചരടെടുക്കുമ്പോൾ ആദ്യം എന്റെ മനസിൽ വരുന്ന മുഖം ഗാന്ധിജിയുടെ മാത്രമാണ്...
അക്രമാസക്തമായ ഒരു നൂറ്റാണ്ടിൽ ഗാന്ധിജി ലോകത്തെ പഠിപ്പിച്ച രണ്ട് സമരമുറകൾ അഹിംസയും സത്യഗ്രഹവുമാണ്.അതിൽ സത്യഗ്രഹം എന്ന സമരമുറയുടെ തലക്കെട്ടിന് ഗാന്ധിജിയോട് മാത്രമല്ല ഗാന്ധി കുടുംബത്തിലെ മറ്റൊരു ഗാന്ധിയോടും നമ്മൾ കടപ്പെട്ടിട്ടുണ്ട്.അത് മറ്റാരുമല്ല ഗാന്ധിജിയുടെ അമ്മാവന്റെ ചെറുമകൻ മഗൻലാൽ ഗാന്ധി.
സത്യഗ്രഹം എന്ന സമരമുറ പിറഞ്ഞുവീണത് ദക്ഷിണാഫ്രിക്കയിൽ ആണ്. ഏഷ്യാറ്റിക്ക് ഓർഡിനൻസിന്‌ എതിരായി ഒരു സമരപ്രസ്ഥാനം രൂപപ്പെടുത്തുമ്പോൾ അതിന് ഒരു പേര് വേണം എന്നത് ഗാന്ധിജിയുടെ ആഗ്രഹമായിരുന്നു.സമരത്തിന് ഒരു തത്ത്വം നിലവിൽ വന്നു എങ്കിലും ഒരു തലക്കെട്ട് ഉണ്ടായിരുന്നില്ല. ദുർബലരുടെ ആയുധം എന്ന വ്യാഖ്യാനമുള്ള Passive Resistance എന്ന ശൈലിയിൽ മുന്നോട്ട് പോയ സമരത്തിന് ഇന്ത്യൻ പോരാട്ടങ്ങളുടെ നിർവചനമായി മാറാൻ കഴിയുന്ന ഒരു പേര് ഗാന്ധിജി ആഗ്രഹിച്ചു. എത്ര ശ്രമിച്ചിട്ടും ഒരു പുതിയ പേര് കണ്ടെത്താൻ കഴിഞ്ഞില്ല.
ഒടുവിൽ ഏറ്റവും നല്ല പേര് നിർദ്ദേശിക്കുന്ന വായനക്കാരന് ഒരു സമ്മാനം പ്രഖ്യാപിച്ചുകൊണ്ട് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ ഒപ്പീനിയൻ എന്ന പ്രസിദ്ധീകരണത്തിൽ ഒരു പരസ്യം കൊടുത്തു.ഗാന്ധിജിയുടെ മേൽനോട്ടത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും ഹിന്ദി,തമിഴ്,ഇംഗ്ലീഷ് ഭാഷകളിൽ പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പ് ആണ് ഇന്ത്യൻ ഒപ്പീനിയൻ. ആ പരസ്യം കണ്ട് ഗാന്ധിജിയുടെ ബന്ധുവായ മഗൻലാൽ ഗാന്ധിയാണ് 'സദാഗ്രഹ' എന്ന പേര് നിർദ്ദേശിച്ചത്. സത് എന്നാൽ സത്യം,ആഗ്രഹ എന്നാൽ ഉറച്ചുനിൽക്കുക.ആ പേര് നിർദ്ദേശിച്ച മഗൻലാൽ ഗാന്ധി ആ സമ്മാനവും കരസ്ഥമാക്കി.
സദാഗ്രഹ എന്ന പേര് കൂടുതൽ വ്യക്തത വരുത്താൻ ഗാന്ധിജിയാണ് പിന്നീട് സത്യഗ്രഹം എന്നു പരിഷ്കരിച്ചത്.1906 ൽ ദക്ഷിണാഫ്രിക്കയിൽ വിത്ത് വിതച്ചു മുളച്ച ആ സമരമാണ് പിന്നീട് സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യത്തെ പിടിച്ചു കുലുക്കിയത്. ഇന്ന് ലോകം മുഴുവൻ അംഗീകരിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന ഒരു വലിയ സമരായുധം പിറന്ന കഥയാണ് ഇത്.
ഏറ്റവും പ്രചാരമുള്ള സ്വാതന്ത്ര്യ സമരമുദ്രാവാക്യമാണ് ക്വിറ്റ്‌ ഇന്ത്യ. നാളെ അതിന്റെ ഓർമ്മകൾ പങ്കുവെച്ച് നമുക്ക് സ്വാതന്ത്ര്യദിന വാർഷികമധുരം നുണയാം.
അപ്പോഴും ഓർക്കുക ഗാന്ധിജി നമുക്ക് സമ്മാനിച്ച മഹത്തായ മന്ത്രങ്ങളിൽ ഒന്ന്....
Nobody can hurt me without my permission.

എം.എസ്.വിനോദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍

  1. മഹാത്മാവിന് പ്രണാമം. ക്വിറ്റ് ഇന്ത്യ സമരവും അഹിംസയും സത്യഗ്രഹങ്ങളും ഓർമ്മിപ്പിക്കുന്ന പേരാണ് അർദ്ധനഗ്നനായ ഫകീർ എന്നറിയപ്പെടുന്ന ഗാന്ധിജിയുടേത്. ഞാൻ വിചാരിക്കാതെ എന്നെ ആർക്കും വിഷമിപ്പിക്കാൻ ആവില്ലെന്ന് പറയുവാൻ ഉറച്ച മനസ്സുള്ളവർക്കെ കഴിയൂ.ഞാനും ഒരു ഗാന്ധിയൻ അല്ല.അതിന് പല കാരണങ്ങളും ഉണ്ട്,എങ്കിലും അദ്ദേഹത്തോട് യോജിക്കുന്ന പലതും ഉണ്ട്..മനോഹരമായ കുറിപ്പ് വിനോദ്..ആശംസകൾ.. ഹേ റാം💕🙏💕

    മറുപടിഇല്ലാതാക്കൂ