Ticker

6/recent/ticker-posts

ഓണത്തിന്റെ കഥ

 ഓണത്തിന്റെ കഥ

ഓണത്തിന്റെ കഥ

ചിങ്ങം പിറന്നപ്പോൾ  ഓണത്തെപ്പറ്റി കേൾക്കാനാണ് എല്ലാവർക്കും താല്പര്യം അല്ലേ. സന്തോഷം..ഓണത്തെപ്പറ്റി പറയാനാണ്  ഞാൻ ഇപ്പോൾ വന്നതും.. 

എന്താണ് ഓണം....? 

ഈ ചോദ്യം അനാവശ്യമാണെന്ന് എനിക്ക് അറിയാം.പരമ്പരാഗതമായ നിരവധി വിശ്വാസങ്ങളും ഇതിഹാസങ്ങളും ഐതിഹ്യങ്ങളും പുരാണങ്ങളും കെട്ടുകഥകളുമെല്ലാം  ചേർന്നതാണ് ഓണം. ഞാൻ അതിലേക്കൊന്നും പോയി ഒത്തിരി ആവർത്തനവിരസത സൃഷ്ടിക്കാൻ ശ്രമിക്കുന്നില്ല. ഓണത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ തന്നെ നൂറുകണക്കിനുണ്ട്. ആചാരങ്ങളുമുണ്ട് നൂറിലധികം.നിരവധി വ്യത്യസ്തങ്ങളായ ആ ഐതിഹ്യങ്ങളും ആചാരങ്ങളും, ഓണശീലങ്ങളും,നമ്മുടെ പഴക്കവും വഴക്കവുമെല്ലാം നിറഞ്ഞ ഓണത്തിന്റെ കഥ എന്നും രുചിയുള്ള മറ്റൊരു സദ്യയാണ് എല്ലാ മലയാളികൾക്കും..  

ഓണത്തിൻറെ നായകൻ മഹാബലിയാണ്. അപ്പോൾ മറ്റൊരാൾ വില്ലനാണല്ലോ എന്ന ചോദ്യം ഉടൻ വരും എന്നെനിക്കറിയാം. കാണം  വിറ്റും ഓണം ഉണ്ണണം എന്ന പഴയ നിലപാടിൽ നിന്നും, ഓണത്തിൽ നായകനാരാണ് വില്ലനാരാണ് എന്ന അന്വേഷണമാണല്ലോ ഇപ്പോൾ നടക്കുന്നത്. അതൊക്കെ ഗവേഷണപണ്ഡിതന്മാരുടെ പണിയായതിനാൽ എന്റെ വിഷയമല്ലെന്ന് വിനയപൂർവ്വം അറിയിക്കട്ടെ. നമുക്ക് ബലിയെ മഹാബലിയായും വാമനനെ  വാമനമൂർത്തിയായും കാണാം. എന്തായാലും ഈ രണ്ടുപേർക്കും ഓണത്തിൻറെ കഥയിലും തിരക്കഥയിലും തുല്യ സ്ഥാനവും മുഖ്യവേഷം ഉണ്ട്. ഇവർ രണ്ടുപേരും മാത്രമല്ല ഇനിയും നിരവധി കഥാപാത്രങ്ങൾ ഓരോ അവസരങ്ങളിലായി എത്തും. പരശുരാമൻ, ശ്രീബുദ്ധൻ, ചേരമാൻപെരുമാൾ, പാണ്ഡ്യ- ചേര-ചോള- പല്ലവ- രാജവംശങ്ങളിലെ ചില രാജാക്കന്മാർ, അവരുടെ സാമന്തന്മാർ, ഈ രാജ്യങ്ങളിലെ പ്രവിശ്യഭരണാധികാരികൾ അങ്ങനെ നീണ്ടു പോകുന്ന നിരവധി നിരവധി കഥാപാത്രങ്ങളും ചരിത്രവുമുണ്ട് ഓണത്തിൻറെ കഥയിൽ.  

നമ്മുടെ ഓണം നമ്മൾ കരുതുന്നത് പോലെ ഒരു നിസാര ഓണമല്ല. ഇപ്പോൾ അത് തൊട്ടാൽ പൊള്ളുന്ന ഒരു വിഷയമാണ്. അതുകൊണ്ട് തന്നെ അല്പം കരുതലോടെ നമുക്ക് ഓണത്തിൻറെ കഥയിലേക്ക് കടക്കാം. ഗവേഷണം തലയ്ക്കുപിടിച്ച പുത്തൻ ചരിത്രകാരന്മാർ തനിയാവർത്തനം പോലെ പറഞ്ഞു നടക്കുന്ന സവർണ്ണപുരോഹിതനിർമ്മിതിയായ പ്രധാന ഐതിഹ്യം തന്നെ നമുക്ക് ആദ്യം എടുക്കാം. ആ കഥ എല്ലാവർക്കും സുപരിചിതമായതിനാൽ  ഒറ്റയടിക്ക് ഞാൻ കത്തിച്ചു വിടും. കൂട്ടത്തിൽ ഞാൻ അല്പം പുരാണവും പറയും കേട്ടോ.അതിന് ഒരു ചാൻസ്  കിട്ടിയാൽ ഞാൻ വിടില്ല എന്നറിയാമല്ലോ.. 

നമ്മുടെ വേദങ്ങളിലും ഉപനിഷത്തുകളിലും മഹാബലി വാമനൻ തുടങ്ങിയവയെപ്പറ്റി പരാമർശങ്ങൾ ഒന്നുമില്ല. ബലി എന്ന അസുരചക്രവർത്തിയും മഹാവിഷ്ണുവിൻറെ അഞ്ചാമത്തെ അവതാരമായ വാമനനും നമുക്ക് മുന്നിലെത്തുന്നത് മഹാഭാരതത്തിലെ ചില സൂചനകളിൽ കൂടിയാണ്. പിന്നെ രാമായണത്തിലും ഭാഗവതത്തിലും വിഷ്ണുപുരാണത്തിലും മത്സ്യപുരാണത്തിലും വാമനപുരാണത്തിലും  യോഗവാസിഷ്ഠം പോലെയുള്ള ഗ്രന്ഥങ്ങളിലുമൊക്കെ ആയിട്ടാണ് മഹാബലി വാമനൻ കഥകൾ  പരന്നുകിടക്കുന്നത്. ആകെമൊത്തം പരിശോധിക്കുമ്പോൾ ബലി എന്ന മഹാബലിയുടെ പ്രൊഫൈൽ  അത്ര പെർഫെക്റ്റ് അല്ല. അതിന് കാരണം മുത്തുമുത്തച്ഛനായ ഹിരണ്യകശിപു തന്നെയാണ്.  

ബലിയുടെ മുത്തച്ഛൻ പ്രഹ്ലാദൻ  ഒരു നല്ല നടപ്പും സൽപ്പേരും ഉള്ള ആളായിരുന്നു. ദേവന്മാർക്ക് വളരെ പ്രിയപ്പെട്ടവനും. എന്തായാലും ബലിയുടെ കുടുംബത്തിനുവേണ്ടി മഹാവിഷ്ണുവിന് പലതവണ പൂർണ്ണ അവതാരം എടുക്കേണ്ടി വന്നു എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്.  

ഹിരണ്യകശുപുവിനെപ്പറ്റി അത്രയും പറഞ്ഞ സ്ഥിതിക്ക്  നമുക്ക് അല്പം പുറകിലേക്ക് പോയി കൗതുകമുള്ള ഒരു കഥ കേൾക്കാം. മഹാവിഷ്ണുവിൻറെ വാസസ്ഥലമായ വൈകുണ്ഠത്തിൽ ജയനും വിജയനും എന്ന് പേരായ രണ്ട് ദേവകുമാർ ഉണ്ടായിരുന്നു. അവർ വൈകുണ്ഠത്തിലെ ദ്വാരപാലകരും മഹാവിഷ്ണുവിൻറെ സേവകരും ആയിരുന്നു.  

ഒരിക്കൽ സനകാദിമുനികൾ മഹാവിഷ്ണുവിനെ ഒന്ന്  കാണുന്നതിന് വൈകുണ്ഠത്തിലെത്തി. നാല് മുനിമാർ ചേരുന്നതാണ് ഈ സനകാദികൾ എന്ന് പറയുന്നത്. ബ്രഹ്മാവിന്റെ മാനസപുത്രന്മാരായി വർണ്ണിക്കപ്പെടുന്ന ഇവർ സത്യത്തിൽ മഹാവിഷ്ണുവിന്റെ അംശവതാരങ്ങളാണ്. നാല് പേരുടെയും പേരുകൾ തുടങ്ങുന്നത് സ എന്ന അക്ഷരത്തിൽ ആയതിനാൽ ഇവരെ നാലുപേരെയും ചേർത്ത് സനകാദികൾ എന്നറിയപ്പെടുന്നു. സനകൻ, സനന്ദൻ, സനാതനൻ, സനൽക്കുമാരൻ എന്നിങ്ങനെയാണ് അവരുടെ പേര്,  ഇവർ വൈകുണ്ഠത്തിലേക്ക് വന്നപ്പോൾ  പ്രവേശനകവാടത്തിൽ കാവൽനിന്ന ജയവിജയന്മാർ ഇവരെ  തടഞ്ഞുനിർത്തി. കുപിതരായ മുനിമാർ  ജയവിജയന്മാരെ  ശപിച്ചു. രണ്ടുപേരും ഇനിയുള്ള മൂന്നു ജന്മം ഈ ലോകത്തിൽ അസുരന്മാരായി കഴിഞ്ഞു കൂടട്ടെ എന്നായിരുന്നു ശാപം.. 

ശാപം കേട്ട് ദുഖിതരായ ജയവിജയന്മാർ ശാപമോക്ഷത്തിനായി അപേക്ഷിച്ചു.ശപിച്ചാൽ ശപിച്ചതാണ് എന്ന് നമുക്കറിയാം. മൂന്നു ജന്മവും അസുരന്മാരായി ജനിച്ചേ തീരു. ഓരോ ജന്മത്തിലും മഹാവിഷ്ണുവിൻറെ കൈകൊണ്ട് തന്നെ മരിക്കുമെന്നും മൂന്നാം ജന്മം കഴിഞ്ഞാൽ മോക്ഷപ്രാപ്തി ലഭിച്ച്  വൈകുണ്ഠത്തിൽ തന്നെ മടങ്ങിവരും എന്നും ശാപമോക്ഷം കൊടുത്തു മുനിമാർ  മടങ്ങിപ്പോയി. അങ്ങനെ ആദ്യജന്മം ജയവിജയന്മാർ ഹിരണ്യാക്ഷൻ, ഹിരണ്യകശിപു എന്ന രണ്ട് അസുരന്മാരായി ജനിച്ചു. അതിൽ ഹിരണ്യാക്ഷനെ മഹാവിഷ്ണു ആദ്യം തന്നെ വധിച്ചു. ഹിരണ്യകശുപുവിനെ വധിക്കാനായിട്ടാണ്  നാലാമത്തെ അവതാരമായ  നരസിംഹമൂർത്തിയായി  മഹാവിഷ്ണു അവതരിക്കുന്നത്. ഈ ജയവിജയന്മാർ തന്നെയാണ് പിന്നീട് രാവണനും കുംഭകർണ്ണനുമായി ജനിക്കുന്നത്  രണ്ടാമത്തെ ജന്മത്തിൽ. അവിടെയാണ് ഗൗരവമായ ഒരു ആശയക്കുഴപ്പം പുരാണ നിർമ്മാതാക്കൾക്ക് സംഭവിച്ചത്.അതുകൂടി പറഞ്ഞേക്കാം..   

വാല്മീകിരാമായണം യുദ്ധകാണ്ഡത്തിൽ 67 ആം അധ്യായം 170 ആം പദ്യത്തിൽ ശ്രീരാമൻ കുംഭകർണ്ണനെ വധിച്ചുവെന്ന് വാത്മീകി പറയുന്നു. എന്നാൽ മഹാഭാരതം വനപർവ്വത്തിൽ 287 ആം അധ്യായത്തിൽ 18 ആം പദ്യത്തിൽ ലക്ഷ്മണൻ കുംഭകർണ്ണനെ വധിച്ചതായി വ്യാസൻ പറയുന്നു. ശനകാദിമുനികളുടെ ശാപമോക്ഷപ്രകാരം കുംഭകർണ്ണനെ വധിക്കേണ്ടത് സത്യത്തിൽ ശ്രീരാമൻ ആയതിനാൽ വാത്മീകി പറഞ്ഞത് മാത്രമാണ് ശരിയെന്നും, വ്യാസന് തെറ്റുപറ്റിയത് ആണെന്നും പണ്ഢിതന്മാർ വ്യാഖ്യാനിക്കുന്നു എന്ന് പുരാണിക് എൻസൈക്ലോപീഡിയ അവതരിപ്പിച്ച ശ്രീ.വെട്ടം മാണി സമർത്ഥിക്കുന്നുണ്ട്. അടുത്ത ജന്മത്തിൽ ജയവിജയന്മാർ ശിശുപാലനും ദന്തവക്ത്രനുമായി  ജന്മമെടുത്ത്  കൃഷ്ണാവതാരത്താൽ നിഗ്രഹിക്കപ്പെട്ട്  ശാപമോക്ഷം നേടി ദേവകുമാരന്മാരായി വൈകുണ്ഠത്തിൽ എത്തിച്ചേർന്നു.

ഹിരണ്യകശിപുവിനെ മകൻ പ്രഹ്ലാദന്റെ മക്കളിൽ ഒരാളായ വിരോചനന്റെ പുത്രനാണ് നമ്മുടെ ഓണം കഥയിലെ മഹാബലി എന്ന ചക്രവർത്തി. അല്പം സൂക്ഷ്മമായി പരിശോധിച്ചാൽ ഈ വംശാവലിയിലും  ഒരു ചെറിയ തെറ്റ് നമുക്ക് കണ്ടെത്താനാകും. പുരാണങ്ങൾ പ്രകാരം എല്ലാ വംശങ്ങളും ആരംഭിക്കുന്നത് ബ്രഹ്മാവിൽ നിന്നാണ്. മഹാഭാരതം പറയുന്നത് ബ്രഹ്മാവിൻറെ പുത്രനായ മരീചിയുടെ പുത്രനാണ് കശ്യപൻ എന്നാണ്. എന്നാൽ രാമായണം പറയുന്നത് ബ്രഹ്മാവിനെ പുത്രൻ തന്നെയാണ് കശ്യപൻ എന്നും. അപ്പോൾ കശ്യപനെ ബ്രഹ്മാവിൻറെ പുത്രനായോ പൌത്രനായോ കണക്കുകൂട്ടി നമുക്ക് വംശാവലി പരിശോധിക്കേണ്ടിവരും. കശ്യപന് 21 ഭാര്യമാരുണ്ടായിരുന്നു ഈ 21 ഭാര്യമാരിൽ നിന്നാണ് ലോകത്തിൽ ഇന്നു കാണുന്ന എല്ലാ ജീവജാലങ്ങളും ഉണ്ടായതെന്നാണ് രാമായണവും വിഷ്ണുപുരാണവും അഗ്നിപുരാണവുമെല്ലാം വ്യക്തമാക്കുന്നത്. കഥ ഒത്തിരി പറഞ്ഞു ഞാൻ വിഷയത്തിൽ നിന്നും മാറി പോവുകയല്ല. നമ്മുടെ ഓണത്തിൻറെ കഥയ്ക്ക് വിശാലമായ ഒരു പ്ലാറ്റ്ഫോം കൂടി ഉണ്ടെന്ന് ഓർമ്മിപ്പിച്ചു എന്ന് മാത്രം..  

നമ്മുടെ ഇതിഹാസങ്ങളേയും  പുരാണങ്ങളേയും  നമ്മുടെ നാടിൻറെ ചരിത്രവുമായി ചേർത്തുവയ്ക്കുന്ന ഒരു വ്യായാമം പലപ്പോഴും നമ്മൾ നടത്താറുണ്ട്. അത് യുക്തിയാണെന്നോ  സത്യമാണെന്നോ പറയാനോ, അതിന്  കയ്യടിക്കാനോ ഞാൻ തയ്യാറല്ല. അത്തരത്തിലുള്ള എന്തെങ്കിലും വ്യായാമം ഹിരണ്യകശിപുവിന്റെ കാര്യത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് നമുക്ക് നോക്കാം. 

ഹിരണ്യകശിപു ഭരിച്ച രാജ്യം പുരാണത്തിലെ സൂചനകൾ പ്രകാരം വളരെ വിശാലമാണ്. അതുകൊണ്ടുതന്നെ അത് തേടി പോകുന്നതും വളരെ പ്രയാസപ്പെട്ട പണിയാണ്. ആകെ പരതി നോക്കിയാൽ നരസിംഹാവതാരം പിറന്നുവീണത് ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലുള്ള അഹോബിലം എന്ന സ്ഥലത്താണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഞാൻ പറയുന്നത് കേട്ട് അവിടെ തന്നെയാണ് എന്നൊന്നും നിങ്ങൾ ആരോടും ഉറപ്പിച്ചു പറയേണ്ട കേട്ടോ. പുണ്യ പുരാണ കഥാപാത്രങ്ങളുടെ ജന്മസ്ഥലം ഓരോ കഥകളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിൽ മാറിക്കൊണ്ടിരിക്കും. നരസിംഹം അവതരിച്ചത് ഈ പ്രദേശത്താണ് എന്ന പ്രബലമായ ഒരു വിശ്വാസം നിലനിൽക്കുന്നു എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്.  അപ്പോൾ തീർച്ചയായും ഹിരണ്യകശിപുവിന്റെ സാമ്രാജ്യം ആന്ധ്ര കൂടി ഉൾപ്പെടുന്നതോ ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങൾ കൂട്ടി ചേരുന്നതോ  ആയിരിക്കാം എന്ന നിഗമനത്തിലാണ് ചിലർ. അത് എന്തുമാകട്ടെ. നമുക്ക് ഓണത്തിന്റെ കഥയാണ് പ്രധാനം. ഓണത്തിൻറെ കഥയിൽ മഹാബലി ഒരു കഥാപാത്രമായതിനാൽ നമ്മൾ മഹാബലിയുടെ വേരുകൾ തേടി ഇപ്പോൾ ആന്ധ്രപ്രദേശത്ത്  വന്നു എന്ന് മാത്രം. 

ആന്ധ്രപ്രദേശിലെ ഈ അഹോബിലം എന്ന സ്ഥലത്ത് നരസിംഹമൂർത്തിയുടെ നിരവധി ക്ഷേത്രങ്ങൾ ഉണ്ട്. ഇന്ത്യയിൽതന്നെ ഏറ്റവുമധികം നരസിംഹക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. അതുകൊണ്ട് കൂടിയായിരിക്കാം ഈ പ്രദേശമാണ് നരസിംഹമൂർത്തിയുടെ അവതാരസ്ഥാനം എന്ന് ചിലർ ചിന്തിക്കുന്നത്.

പതിനാലാം നൂറ്റാണ്ട് മുതൽ പതിനാറാം നൂറ്റാണ്ട് വരെ തെക്കേഇന്ത്യയുടെ വിവിധ ഭാഗങ്ങൾ ഭരിച്ചിരുന്ന വിജയനഗരസാമ്രാജ്യത്തിലെ വിവിധ  രാജാക്കന്മാരാണ് ഈ ക്ഷേത്രത്തിൻറെ പണി പൂർത്തിയാക്കിയത് എന്ന് പറയപ്പെടുന്നു. എന്നാൽ രണ്ടാം നൂറ്റാണ്ടിലും മൂന്നാം നൂറ്റാണ്ടിലും കണ്ടെടുത്ത ചില അവശിഷ്ടങ്ങളിൽ നരസിംഹമൂർത്തിയുടെ വിഗ്രഹങ്ങൾ കൂടി ഉണ്ടായിരുന്നു. അപ്പോൾ ആ കാലത്തിനു മുമ്പുതന്നെ നരസിംഹാവതാരം ആരാധിക്കപ്പെട്ടിരുന്നു  എന്ന് നമുക്ക് കരുതാം. ചരിത്രത്തിലെ ഈ വഴികളും കഥകളും വിശദമായി പറയേണ്ടിവന്നത്  മഹാബലിക്ക് നമ്മുടെ നാടുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നിരീക്ഷിക്കാൻ വേണ്ടിയാണ്. മഹാബലി മലയാളി അല്ലെന്ന തർക്കം മാറി ഇൻഡ്യക്കാരൻ പോലുമല്ല എന്ന വാദത്തിലാണ് ഇപ്പോൾ ചിലർ നില്ക്കുന്നത്.

ചരിത്രം കണ്ണുതുറക്കുന്ന കാലം മുതൽ കേരളം തമിഴ്നാട് കർണാടകം ആന്ധ്രപ്രദേശ് ഇപ്പോൾ തെലുങ്കാന ആയി മാറിയ പ്രദേശത്തിൻറെ കുറച്ചു ഭാഗങ്ങളും ചേർന്ന തെക്കേ ഇന്ത്യ അല്പം വേറിട്ടുനിന്ന ഒരു പ്രദേശമാണ്. പഴയ പുരാണങ്ങളിൽ നിന്നും പുതിയ ചരിത്രത്തിലേക്ക് വന്നപ്പോഴും സാങ്കേതികമായല്ലെങ്കിലും സൗകര്യത്തിനായി നമ്മൾ അതിനെ ആര്യദ്രാവിഡ പദങ്ങൾകൊണ്ട് ഒരു സങ്കല്പരേഖ വച്ച് മാറ്റിനിർത്തി. ദ്രാവിഡഭാഷാ കുടുംബത്തിലെ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളെ ദ്രാവിഡർ എന്ന് ആദ്യം വിളിച്ചത് റോബർട്ട് കാൾഡ്വെൽ എന്ന സ്കോട്ട്‌ലൻഡ് കാരനാണെന്ന് പരക്കെ പറയുന്നു. ഭാഷാശാസ്ത്രകാരനായ അദ്ദേഹത്തെയാണ് തമിഴ് ഭാഷയുടെ തലതൊട്ടപ്പനായി ചിലർ കാണുന്നത്. ഞാൻ അങ്ങനെ വിശ്വസിക്കുന്നില്ല കേട്ടോ. ഈ റോബർട്ട് കാൾഡ്വെൽ അങ്ങനെ വിളിക്കുന്നതിന് മുൻപും ദ്രാവിഡരെ ദ്രാവിഡർ എന്ന് വിളിച്ചിരുന്നു എന്നതിന് നിരവധി തെളിവുകൾ ഉണ്ട്.  

തമിഴ്, മലയാളം, കന്നട, തെലുങ്ക്, തുളു തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളെ സംസ്കൃതത്തിൽ നിന്നും വേർതിരിച്ചു മാറ്റി ദ്രാവിഡർ എന്ന മുദ്രവെച്ചതിൽ വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നു. ദ്രാവിഡഭാഷാ ഗണത്തിൽപെട്ട ബ്രഹൂയി എന്ന ഭാഷ സംസാരിക്കുന്ന മറ്റൊരു വിഭാഗം പടിഞ്ഞാറൻ പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഇപ്പോഴും ജീവിക്കുന്നുണ്ട്. അവർ അറിയപ്പെടുന്നത് ബ്രഹൂയികൾ എന്ന പേരിലാണ്. ദ്രാവിഡഭാഷാ കുടുംബത്തിൽ ഇന്ത്യയ്ക്ക് പുറത്ത് മാത്രം സംസാരിക്കുന്ന ഏക ഭാഷയാണ് ബ്രഹൂയി. ശ്രീലങ്കയിൽ തമിഴ് പോലെയുള്ള ഭാഷകൾ ഉണ്ടെങ്കിലും അതൊക്കെ ഇന്ത്യയിലും ഉപയോഗത്തിൽ ഉള്ളതിനാൽ ബ്രഹൂയി മാത്രമാണ് നമ്മൾ ആ ഗണത്തിൽ ഉൾപെടുത്തുന്നത്. ആ പ്രദേശത്ത് ഒരു ദ്രാവിഡ ഭാഷയും കുറച്ച് ദ്രാവിഡരേയും കണ്ടപ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു. ഒന്നും തോന്നുന്നില്ലേ.

ബ്രിട്ടീഷുകാർ ഇന്ത്യ മൊത്തത്തിൽ ഏറ്റെടുത്തു അടക്കി ഭരിക്കാൻ തുടങ്ങിയ കാലത്ത് അവൻറെ ഭരണസൗകര്യത്തിനായി അവർ തീവണ്ടിയും കൊണ്ടുവന്നു. തീവണ്ടിപ്പാത നിർമ്മിക്കാൻ കുഴിയെടുത്ത സായിപ്പ് കുഴിച്ചു പോയി ചെന്നുനിന്നത് ഹരപ്പൻ സംസ്കാരത്തിലാണ്.അന്നുവരെ വേദങ്ങളുടെ കാലഘട്ടമാണ് നമ്മുടെ നാടിൻറെ ജനവാസ ചരിത്രത്തിൻറെ ആരംഭം കുറിച്ച കാലഘട്ടം എന്ന് കരുതിയിരുന്ന വിശ്വാസത്തിൽനിന്ന് പിന്നെയും മൂവായിരത്തിലധികം വർഷങ്ങൾക്ക് പിന്നിലേക്ക് നമ്മുടെ നാടിൻറെ കഥ പോയി. ഇന്ത്യയെപ്പറ്റിയുള്ള ചരിത്രപഠനത്തിന്റെ ഗതി മാറ്റിമറിച്ചത് ബ്രിട്ടീഷുകാരൻ ലാഹോറിൽ നിന്നും മുൾട്ടാനിലേക്കുള്ള തീവണ്ടിപ്പാതയ്ക്ക് കുഴിയെടുത്തതിൽ നിന്നാണ്. അതോടെ ഈജിപ്തിലെ നൈൽ നദീതടവും മെസപ്പെട്ടോമിയയിലെ യൂഫ്രട്ടീസ്-ടൈഗ്രിസ് നദീതടങ്ങളും പോലെ നമ്മുടെ നാട്ടിലെ സിന്ധു-സരസ്വതി നദീതടസംസ്കാരങ്ങൾ മനുഷ്യ സംസ്കാരത്തിൻറെ കളിത്തൊട്ടിലായി മാറി. ഞാനിത്  പറഞ്ഞപ്പോൾ സരസ്വതി എന്ന നദിയെ നിങ്ങൾ  നിങ്ങൾ ഓർത്തുകാണും എന്നെനിക്ക് അറിയാം. നമ്മുടെ ഇതിഹാസങ്ങളിലും പുരാണങ്ങളിലും സൂചിപ്പിക്കുന്ന ഈ നദി ഇപ്പോൾ ഈ ഭൂമുഖത്തില്ല. സിന്ധു നദീതടസംസ്കാരം മരിച്ചു മണ്ണടിഞ്ഞു പോകാൻ ഈ നദിയും കാരണമായേക്കാമെന്ന നിഗമനത്തിലാണ് ചരിത്രകാരന്മാർ..  

ക്രിസ്തുവിനും 3000 വർഷങ്ങൾക്കു മുമ്പ് നിലവിലുണ്ടായിരുന്ന നമ്മുടെ സിന്ധു-സരസ്വതി സംസ്കാരങ്ങൾക്ക് ആ കാലഘട്ടം പരിശോധിക്കുമ്പോൾ ഏറ്റവും പുരോഗമിച്ച സംസ്കാരമായിരുന്നു. നൈൽ നദീതട സംസ്കാരത്തിൻറെ വിസ്തൃതിയെക്കാൾ ഇരട്ടി വലിപ്പവും യൂഫ്രട്ടീസ്-ടൈഗ്രിസ് നദീതടസംസ്കാരങ്ങളുടെ നാലിരട്ടിയും വിസ്താരമുണ്ട് സിന്ധുനദീതടസംസ്കാരത്തിന്. ഏതാണ്ട് ആറ് ലക്ഷത്തിലധികം ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് ഈ സംസ്കാരം നിലനിന്നത്. മൂവായിരം കൊല്ലങ്ങൾക്ക് മുൻപ് അത് നശിച്ചുപോയി. അത് നശിച്ചതിന് കാരണമായി നമ്മൾ ആദ്യം വിശ്വസിച്ചിരുന്നത്  ആര്യന്മാരുടെ ആക്രമണമാണ് എന്നാണ്. എന്നാൽ ആ കണ്ടെത്തലുകൾ പാടെ തള്ളിക്കളയുന്ന പുതിയ തെളിവുകൾ ശാസ്ത്രലോകം പുറത്തുവിടുന്നു ഇപ്പോൾ. 

നരവംശശാസ്ത്രം, പുരാവസ്തുശാസ്ത്രം, ഭാഷാശാസ്ത്രം, ചരിത്രം, ഫോസിൽ പഠനം എന്നീ ഡിപ്പാർട്ട്മെൻറ്കളും  ജനിതകശാസ്ത്ര രംഗത്തെ പുതിയ കണ്ടെത്തലുകളും ചേർത്തു വെച്ചുള്ള പഠനങ്ങളിൽ ആര്യന്മാരെന്ന് പറയപ്പെടുന്നവർ കടന്നുവരുന്നതിനും മുൻപ് നമ്മുടെ സിന്ധു നദീതടസംസ്കാരം പ്രകൃതിക്ഷോഭം മൂലം നശിച്ചു കഴിഞ്ഞിരുന്നു എന്നതാണ് പുതിയ കണ്ടെത്തൽ. കടുത്ത വരൾച്ചയോ അല്ലെങ്കിൽ വെള്ളപ്പൊക്കമോ അതിനു കാരണമായിരിക്കാം എന്നാണ് കരുത്തുന്നത്. പല ഭാഗത്തേക്കും ചിതറിപ്പോയ ആ സംസ്കാരത്തിലെ ജനവിഭാഗങ്ങൾ ഇന്ത്യയുടെ തെക്കേയറ്റത്തേക്ക് പതുക്കെ നീങ്ങിത്തുടങ്ങി. കാലാവസ്ഥയും കൃഷി ചെയ്യാൻ പറ്റിയ മണ്ണും തേടിയുള്ള യാത്രയിൽ അവർ കൂടെ കൊണ്ടുവന്നത് അവരുടെ ഭാഷയും സംസ്കാരവും ജീവിതരീതിയും പിന്നെ കുറച്ച് കഥകളുമൊക്കെയാണ്.. 

അങ്ങനെ അവർ തെക്കേ ഇന്ത്യയിലെ കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ അടിഞ്ഞുകൂടി എന്നതാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ഹരപ്പൻ സംസ്കാരത്തിലെ ജീവിതരീതിയും സംസ്കാരവുമാണ് നമ്മുടേത്. അവശേഷിക്കുന്ന ഒരു വിഭാഗം ഇപ്പോഴും അവിടെ ഉണ്ടെന്നുള്ളതിന്റെ  തെളിവാണ് ഇപ്പോഴും ദ്രാവിഡ ഭാഷ സംസാരിക്കുന്ന ഒരു വിഭാഗം ഇന്ത്യയ്ക്ക് പുറത്ത് പാകിസ്ഥാനിലുള്ളത്. ഈ മൈഗ്രേഷന് ശേഷമാണു ആര്യന്മാർ എന്ന് പറയപ്പെടുന്ന നാലാം മൈഗ്രേഷൻ ഇന്ത്യയിലേക്ക് വരുന്നത്. നാലാം മൈഗ്രേഷൻ എന്ന് ഞാൻ പറഞ്ഞത് അതിനു മുൻപ് മൂന്നു കുടിയേറ്റങ്ങൾ നടന്നിട്ടുണ്ട് എന്നതുകൊണ്ടാണ്. പല കാലഘട്ടങ്ങളിലും നടന്ന കുടിയേറ്റങ്ങൾ എല്ലാം ചേർന്ന് പരസ്പരം കലർന്ന ഒരു സംസ്കാരം രൂപപ്പെട്ടു. ആ സംസ്ക്കാരത്തെയാണ് നമ്മൾ ഇപ്പോൾ പിന്തുടരുന്നത്. അതിനെ നമുക്ക് എന്ത് പേര് വേണമെങ്കിലും വിളിക്കാം. ഞാനിപ്പോൾ ഒരു പേരും നൽകാൻ ആഗ്രഹിക്കുന്നില്ല.

ഏതു കാലത്തിൽ ആര് എഴുതിയതെന്ന് അറിയാതെ നമ്മൾ പാടുപ്പെടുകയും എന്നാൽ എല്ലാ ഓണക്കാലത്തും ഒത്തിരി പാടുകയും ചെയ്യുന്ന ഒരു പാട്ടുണ്ട്..

''മാവേലി നാടുവാന്നീടും കാലം,മാനുഷരെല്ലാരും ഒന്നുപോലെ..''     

ഈ പാട്ടിൽ കേട്ടില്ലേ ഒരു നാടിൻറെ കഥ..ആ നാട്ടിലേക്കാണ് കള്ളവും പൊളിയും ചതിയും കടന്നുവന്ന്,  മതവും രാഷ്ട്രീയവും അതിനിടയിൽ കൂടിക്കലർന്ന്,  തമ്മിലടിച്ചും മത്സരിച്ചും പിടിച്ചുപറിച്ചും വമ്പ് കാട്ടിയും, കണ്ടാലറിയാത്തവരും കൂടികലരാത്തവരുമായി മാറിയ ഈ വല്ലാത്ത കാലത്ത് നമുക്ക് ഓർക്കാൻ ഒരു പഴയ നാട് ഉണ്ടെന്ന ഓർമ്മ നമ്മളേ ചേർത്തുവയ്ക്കുന്നു..ആ ഓർമ്മയുടെ പേരാണ് ഓണം.. അതാണ് കവി പാടിയത് ഓർമ്മകളുടെ പേരാണ് ഓണം എന്ന്.. 

ആ ഓർമ്മയുടെ പേരുകൾ വരുന്നത് അങ്ങ് വടക്ക് സിന്ധുനദീതട തീരങ്ങളിൽ നിന്നാണെന്ന് ഓർമ്മിപ്പിക്കാനാണ് ഈ ചരിത്രം പറയേണ്ടി വന്നത് ഞാൻ പറഞ്ഞില്ലേ ഓണത്തിന്റെ കഥ ഒരു ചെറിയ കഥയല്ലെന്നു. നമുക്ക് ആ കഥ തുടരാം..

എല്ലാവർക്കും ഒരു നല്ല പൊന്നോണം ആശംസിക്കുന്നു... 

എം. എസ്. വിനോദ് 



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍