Ticker

6/recent/ticker-posts

ഭാഗ്യലക്ഷ്മിയുടെ ചൂണ്ടുവിരല്‍....

 ഭാഗ്യലക്ഷ്മിയുടെ ചൂണ്ടുവിരല്‍.

എം.എസ്.വിനോദ്.

ഭാഗ്യലക്ഷ്മിയുടെ ചൂണ്ടുവിരല്‍.

സമൂഹത്തിന്‍റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ത്രീകളെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ ഒരു ''വേന്ദ്രനെ'' അവന്‍റെ തൊഴുത്തില്‍ നേരിട്ട് ചെന്ന് കൈകാര്യം ചെയ്യുകയും,പറ്റുന്നപോലെ ആ തൊഴുത്ത് ഒന്നു വൃത്തിയാക്കാന്‍ ശ്രമിക്കുകയും ചെയ്ത ചില സ്ത്രീകള്‍ ഉന്നയിച്ച വിഷയങ്ങളാണ് അന്നുമുതല്‍ വിവിധ തലങ്ങളില്‍ നമ്മള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത്. 

പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീമതി ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ നടന്ന ആ ശുദ്ധീകരണപ്രക്രിയയുടെ ന്യായത്തിലേക്കൊന്നും പോകാന്‍ ഇവിടെ ഞാന്‍ ശ്രമിക്കുന്നില്ല. ''തള്ളയെ തല്ലിയാലും രണ്ടു പക്ഷം''എന്ന ആശ്വാസത്തില്‍ ആശ്വസിക്കുകയും ''തെറിക്ക് മരുന്ന് മുറിപ്പത്തല്‍'' എന്ന ന്യായീകരണത്തില്‍ ചിലപ്പോഴെങ്കിലും വിശ്വസിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന് മുന്നില്‍ ഭാഗ്യലക്ഷ്മി ചൂണ്ടിയ വിരല്‍ നിരവധി പ്രശ്നങ്ങളിലേക്കാണ് നമ്മളെ കൊണ്ടുപോകുന്നത്. 

വിവരസാങ്കേതികവിദ്യയുടെ അത്ഭുതലോകത്തില്‍ മുങ്ങിക്കുളിച്ച് നിന്നുകൊണ്ട് ഈ ലോകം മുഴുവന്‍ ഒരു 'ഒറ്റഗ്രാമം' എന്ന് ചിന്തിക്കുന്ന നമ്മള്‍ ഗൌരവത്തോടെ സമീപിക്കേണ്ട നിരവധി വിഷയങ്ങളാണ് ആ ചൂണ്ടുവിരലില്‍ ഉള്ളത്.ഒത്തിരി വിവാദങ്ങള്‍ ഉയര്‍ത്തിയ ഒരു സംഭവമാണ് ഇത്.ഈ സംഭവത്തെ ഒരു പൊതുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാന്‍ നമുക്ക് കഴിയുന്നുണ്ടോ എന്ന് ഇനിയും പരിശോധിക്കണം.ഇന്‍റര്‍നെറ്റും അനുബന്ധഘടകങ്ങളും ഒരുക്കുന്ന സൌകര്യങ്ങളുടെ ഗുണദോഷങ്ങളല്ല ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്. ഭാഗ്യലക്ഷ്മി തുടങ്ങിവെച്ചതു അനുകരിക്കാനോ ന്യായീകരിക്കാനോ നമുക്ക് കഴിയുകയും ഇല്ല.എന്നാല്‍ അങ്ങനെയൊരു സാഹചര്യത്തിലേക്ക് ഒരുകൂട്ടം സ്ത്രീകളെ എത്തിച്ചതിന്‍റെ മുന്നിലും പിന്നിലുമുള്ള ഘടകങ്ങള്‍ നമുക്ക് സമാധാനമായി ഒന്ന് വിശകലനം ചെയ്യാം.

സംഭവത്തിന്‍റെ ആഴങ്ങളിലേക്ക് പോകുമ്പോള്‍ നമുക്ക് മുന്നില്‍ തെളിയുന്ന പ്രധാന വിഷയം ഒരു മാനസികവൈകല്യമാണ്. അതിനുള്ള ചികില്‍സ എന്താണ് എന്ന് ചിന്തിക്കാന്‍ ഇപ്പോള്‍ സമയവും സൌകര്യവുമില്ല.എന്നാല്‍ ഈ വൈകല്യം ഒരിയ്ക്കലും ഇന്‍റര്‍നെറ്റ് സംഭാവന ചെയ്തതല്ല.ഇതൊക്കെ പണ്ടും ഇവിടെ ഉണ്ടായിരുന്നു. ഒരാളുടെ സ്വകാര്യജീവിതം നിറംപിടിപ്പിച്ച കഥകളാക്കി അവതരിപ്പിക്കാന്‍ മാധ്യമങ്ങളെ ഉപയോഗിക്കുന്ന രീതി സജീവവുമായിരുന്നു.മഞ്ഞപ്പത്രങ്ങള്‍ എന്ന ഒരു വിഭാഗവും ''ടോയ് ലറ്റ് സാഹിത്യം''എന്ന ഒരു ശാഖയും നന്നായി അതെല്ലാം ആഘോഷിക്കുകയും ചെയ്തിരുന്നു.എന്നാല്‍ അതിനൊക്കെ ഒരു പരിധിയുണ്ടായിരുന്നു. ഇന്ന് ഇന്‍റര്‍നെറ്റ് ഒരുക്കുന്ന പുത്തന്‍മാധ്യമങ്ങള്‍ മറ്റ് എല്ലാ മാധ്യമങ്ങളെക്കാളും വേഗത്തില്‍ വളരുകയും അതിനൊക്കെ സമൂഹത്തില്‍ സ്വധീനം ശക്തമാകുകയും ചെയ്തപ്പോഴാണ് ഈ മഞ്ഞപത്രങ്ങളുടെ അടപ്പ് തെറിച്ചത്. എതിരാളിയെ തേജോവധം ചെയ്യാന്‍ ഏറ്റവും നല്ല സൌകര്യവും സാധ്യതയും സോഷ്യല്‍ മീഡിയ തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇത്തരമാളുകള്‍ അവിടേക്ക് ഇരച്ചുകയറാന്‍ തുടങ്ങി.പ്രത്യേകിച്ച് ഒരു മൂലധനവും ആവശ്യമില്ലാത്ത എന്നാല്‍ ചുരുങ്ങിയ ചിലവില്‍ പണിപറ്റിക്കാനുള്ള എല്ലാ പഴുതുകളുമുണ്ട് ഇന്‍റര്‍നെറ്റിന്‍റെ വിശാലമായ ലോകത്ത്. അതുകൊണ്ടുതന്നെ മനോരോഗികളായ മനസുകളുടെ പ്രവാഹമായി സൈബര്‍ ലോകത്തേക്ക്.

ലോകത്തിലാദ്യമായി കംപ്യൂട്ടറുകളെ തമ്മില്‍ കൂട്ടിയോജിപ്പിച്ച് വിവരവും വിജ്ഞാനവും പങ്കുവെക്കുന്ന സംവിധാനം നിലവില്‍ വന്നശേഷം അതിന് നിരവധി പരിഷ്ക്കാരങ്ങള്‍ സംഭവിച്ച് ഇന്ത്യയില്‍ എത്തിയത് 1986 ലാണ്. എന്നാല്‍ പിന്നെയും ഏതാണ്ട് പത്ത് വര്‍ഷം കഴിഞ്ഞാണ് ഇന്‍റര്‍നെറ്റ് പൊതുഉപയോഗത്തിനായി അനുവദിക്കപ്പെട്ടത്. എന്നുവെച്ചാല്‍ പൊതുജനം ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങിട്ട് ഏതാണ്ട് കാല്‍നൂറ്റാണ്ട് തികയുന്നു എന്ന് കരുതാം.തുടക്കകാലത്ത് ആമയെപ്പോലെ ഇഴഞ്ഞു നീങ്ങിയ ഇവനിന്ന് 4G യുടെ ബലത്തില്‍ അറുപത് കോടിയിലധികം ജനങ്ങളുടെ ചൂണ്ടുവിരലിലൂടെ ശരവേഗത്തില്‍ കുതിക്കുന്നു. ലോകത്ത് ഏറ്റവും കുറഞ്ഞ ചിലവില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രായം 25 ആയിട്ടും കുഞ്ഞുകളി വിട്ടൊഴിയാത്ത ഇവന്‍തന്നെയാണ് നമ്മുടെ കഥയിലെ നായകനും വില്ലനും. 

ഇന്‍റര്‍നെറ്റ് വ്യാപകമായപ്പോള്‍ അതിന്‍റെ ഉപയോഗത്തില്‍ വിവിധ മാറ്റങ്ങള്‍ ഉണ്ടായി. ഗുണങ്ങള്‍ വളരുന്നതിലും വേഗത്തില്‍ ദോഷങ്ങള്‍ വളര്‍ന്നു. വിതയേക്കാള്‍ വേഗമുണ്ടല്ലോ കളയുടെ കുതിപ്പിന്.2000 ല്‍ ആദ്യത്തെ സൈബര്‍ പോലീസ് സ്റ്റേഷന്‍ നിലവില്‍ വരികയും ആ വര്‍ഷം തന്നെ ആദ്യത്തെ സൈബര്‍ കുറ്റകൃത്യം രേഖപ്പെടുത്തുകയും ചെയ്തു എന്ന് പറഞ്ഞാല്‍ അതിന്‍റെ അര്‍ത്ഥം വ്യക്തമാണല്ലോ. ഉപയോഗിക്കാന്‍ തുടങ്ങി അഞ്ച് വര്‍ഷം തികയും മുന്‍പ് കുരുത്തക്കേടുകള്‍ ആരംഭിച്ചു.പിന്നീടാണ് ഫൈസ് ബുക്ക്,വാട്സ്‌ആപ്പ് തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത വകഭേദങ്ങള്‍ ഉണ്ടായതും അതൊക്കെ വ്യാപകമായതും. ആ കൂട്ടത്തില്‍ പ്രധാനിയായ യൂ ട്യൂബാണ് ഇവിടെ രണ്ടാമത്തെ വില്ലന്‍.   

ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള ഇന്‍റര്‍നെറ്റ് വീഡിയോ ഷെയറിങ് വെബ്സൈറ്റാണ് യൂട്യൂബ്. വെബ് ഡിസൈന്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന മൂന്ന് സുഹൃത്തുകളുടെ മനസില്‍ തോന്നിയ ഒരു ചെറിയ തമാശയെ പിന്നീട് നല്ല ഉദ്ദേശത്തോടെ വികസിപ്പിച്ചെടുത്തതാണ് ഇന്ന് നമ്മള്‍ ആസ്വദിക്കുന്ന യൂ ട്യൂബ്. 2004 ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ട സുനാമിയാണ് യൂ ട്യൂബ് നിര്‍മ്മിതിക്ക് കാരണമായത് എന്നും ഒരു സംസാരമുണ്ട്. എന്തായാലും സുനാമിയെക്കാള്‍ വേഗത്തില്‍ വളര്‍ന്നു വികസിച്ച ഇവനാണ് ഗൂഗിളിന് ഏറ്റവുമധികം വരുമാനം നേടിക്കൊടുക്കുന്നവരില്‍ ഒരാള്‍. ഈ മാര്‍ക്കറ്റിംഗ് വെബ് സൈറ്റ് വഴി ഗൂഗിള്‍ നേടുന്ന വരുമാനത്തിന്‍റെ ഒരു പങ്ക് യൂ  ട്യൂബില്‍  പങ്കാളിയാകുന്നവര്‍ക്ക് പകുത്തുകൊടുക്കുന്ന ഒരു രീതി നിലവില്‍ വന്നതോടെ ഒരു വരുമാനമാര്‍ഗ്ഗം എന്ന നിലയില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ ഗൂഗിളിന് കഴിഞ്ഞു. വ്യക്തമായ നിയമങ്ങളിലൂടെയാണ് ഗൂഗിള്‍ യൂ ട്യൂബ്  പ്രവര്‍ത്തിപ്പിക്കുന്നത്. യൂ ട്യൂബില്‍ എത്തുന്ന സ്വതന്ത്ര നിര്‍മ്മിത വീഡിയോ എത്രമാത്രം ആളുകള്‍ നിരീക്ഷിക്കുന്നു എന്നതും എത്ര മണിക്കൂര്‍ നേരം കാണുന്നു എന്നതും ആശ്രയിച്ചാണ് ഗൂഗിള്‍ പ്രതിഫലം നിശ്ചയിക്കുന്നത്. എന്ത് പറഞ്ഞും എന്തും കാണിച്ചും കൂടുതല്‍ കാഴ്ച്ചക്കാരെ സൃഷ്ടിക്കുക എന്ന തന്ത്രം വിലകുറഞ്ഞ വര്‍ത്തമാനങ്ങളിലേക്ക് പോകാന്‍ പലരെയും നിര്‍ബന്ധിതരാക്കുന്നു.2020 മാര്‍ച്ച് മാസത്തില്‍ ഈ ലോകത്തോടൊപ്പം നമ്മുടെ രാജ്യവും ലോക് ഡൌണ്‍ പ്രക്രിയയിലേക്ക് പോയപ്പോള്‍ നമ്മുടെ ഇന്‍റര്‍നെറ്റ്  ഉപയോഗം ഏതാണ്ട് ഇരുപത് ശതമാനം വരെ വര്‍ദ്ധിച്ചു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എത്രമാത്രം വര്‍ദ്ധിക്കുന്നുവോ അതിനെക്കാള്‍ ഇരട്ടി സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കുന്നു.

ആര്‍ക്കും എന്തും വിളിച്ചുപറയാനുള്ള ഇടമായി സൈബര്‍ ലോകം മാറിയിട്ട് നാളുകളായി. ആ ലോകത്തിന് മൂക്കുകയറിടാന്‍ നിയമസംവിധാനങ്ങള്‍ നിലവിലില്ലേ എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം.ആ ചോദ്യമാണ് നിരവധി ചോദ്യങ്ങള്‍ക്കൊപ്പം ശ്രീമതി.ഭാഗ്യലക്ഷ്മിയും ചോദിച്ചതു.അത് ഏറ്റെടുത്ത പലരും ചോദിക്കുന്നത്.ആ ചോദ്യത്തിന് ഉത്തരം തേടി നിരവധി ചര്‍ച്ചകള്‍ കേരളത്തിലങ്ങോളം നടക്കുന്നു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ നമ്മുടെ നിയമങ്ങള്‍ അപര്യാപ്തമാണോ.....?

നിയമങ്ങളെ പഴിചാരുന്ന വാദം തന്നെയാണ് പ്രബലമായി നില്‍ക്കുന്നത്. എന്നാല്‍ നിയമത്തിന്‍റെ കുഴപ്പമല്ല മറിച്ച് അത് കൈകാര്യം ചെയ്യുന്നവരുടെ അജ്ഞതയാണ് കാരണം എന്ന് നിയമവിദഗ്ദര്‍ പറയുന്നു.IT ആക്ട് നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. ആ ആക്റ്റിലെ 66A എന്ന പ്രധാനപ്പെട്ട ഒരു വകുപ്പ് എടുത്തുകളഞ്ഞതുകൊണ്ടാണ് ഈ കുറ്റകൃത്യങ്ങള്‍ ഇപ്പോള്‍ ഇത്രയധികം വര്‍ദ്ധിക്കുന്നത് എന്ന പരാതി നിലവിലുണ്ട്.ഒരു പ്രത്യേകഉദ്ദേശത്തോടെ 66A എന്ന വകുപ്പ് ദുരുപയോഗം ചെയ്യപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ സുപ്രീംകോടതിയാണ് ആ  വകുപ്പ് തുടരേണ്ടതില്ല എന്ന് തീരുമാനിച്ചത്. ആവശ്യമെങ്കില്‍ അത് പുനസ്ഥാപിക്കാന്‍ കഴിയണം. 

എന്നാല്‍ 66A നിലവിലില്ലാത്തതിനാല്‍ IT ആക്ട് ദുര്‍ബലമാകുന്നില്ല എന്നാണ് വിദഗ്ധര്‍ സ്ഥാപിക്കുന്നത്.66A വകുപ്പിനെക്കാള്‍ ശക്തമാണ് 67 എന്ന IT ആക്ട് വകുപ്പ്. ആ ഒരൊറ്റ വകുപ്പ് മാത്രം മതി ഏത് ദേവേന്ദ്രനെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാന്‍.ഇ‌നി ഈ IT ആക്ടും നിയമവും ഒന്നുമില്ലാതെതന്നെ നമ്മുടെ പോലീസ് ആക്ട് 119 ല്‍ ശക്തമായ വകുപ്പുണ്ട് ഈ കുറ്റത്തിന്. മാത്രമല്ല 1986 ലെ Indecent Representation of Women (Prohibition)Act No-60 ലെ സെക്ഷന്‍ മൂന്നില്‍ വ്യക്തമായി പറയുന്ന ഒരു നിയമം മാത്രം മതി ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താന്‍. 

അപ്പോള്‍ എന്താണ് നമ്മുടെ കുഴപ്പം....?നിയമം ഇല്ലാത്തതല്ല....അത് പ്രയോഗിച്ച്, കുറ്റവാളികളെ കുരുക്കി കോടതിയുടെ മുന്നില്‍  എത്തിച്ച് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള സാങ്കേതികവിജ്ഞാനം ബന്ധപ്പെട്ടവര്‍ക്ക് ഇല്ല എന്നതാണ് പ്രശ്നം. 

കേരളാ പോലീസിന് സൈബര്‍ ഡോം (Cyber Dome)എന്ന ഒരു വിഭാഗമുണ്ട്. സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം,അപകീര്‍ത്തിപ്പെടുത്തല്‍,ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തുടങ്ങിയ പരാതികള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിനെ നേരിടാന്‍ സാധാരണ പോലീസ് സംവിധാനത്തിന് കഴിയില്ല എന്നതുകൊണ്ടാണ് സൈബര്‍ ഡോം എന്ന പ്രത്യേകവിഭാഗം ഉണ്ടായത്. ഈ വിഭാഗം പൂര്‍ണ്ണമായും ലക്ഷ്യം നേടാന്‍ സാങ്കേതികമായി സുസജ്ജമാണോ എന്ന് ചോദിച്ചാല്‍ നിലവില്‍ അത് ചില ബാലാരിഷ്ടകള്‍ നേരിടുന്നുണ്ട്. സാങ്കേതിക വിദഗ്ദരും പോലീസും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന ശക്തമായ ഒരു സംവിധാനമായി അത് സമീപഭാവിയില്‍ മാറും എന്നത്  ഉറപ്പാണ്. നമ്മുടെ രാജ്യത്ത് കേരളത്തില്‍ മാത്രമാണ് ഇത്തരമൊരു സേന പേരിനെങ്കിലും പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ മാത്രമല്ല ലോകത്തെ വിവിധ രാജ്യങ്ങളിലെ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റുമായും സാങ്കേതികസ്ഥാപനങ്ങളുമായും നമ്മുടെ സൈബര്‍ ഡോം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട് ഇപ്പോള്‍.

പരിമിതികള്‍ നിരവധിയുള്ള ഇവരുടെ പ്രവര്‍ത്തനത്തിന് ശക്തിപകരാന്‍ ആദ്യമായി വേണ്ടത് കേന്ദ്ര സര്‍ക്കാര്‍ നിലവിലുള്ള IT ആക്റ്റ് കാലാകാലങ്ങളില്‍ പരിഷ്കരിച്ച് കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ അടയ്ക്കുക എന്നതാണ്. നിലവിലുള്ള ആക്ട് നമ്മള്‍ നിര്‍മ്മിക്കുന്ന കാലത്ത് ഇന്നത്തെ പല സോഷ്യല്‍ മീഡിയ ഫ്ലാറ്റ് ഫോമുകളും ഇ‌ല്ല എന്നതും, ഉള്ളത് അത്ര സജ്ജീവമായിരുന്നില്ല എന്നതും ശ്രദ്ധിയ്ക്കണം.

അതുകൊണ്ടുതന്നെ നിലവിലുള്ള പല നൂതനകുറ്റവാസനകള്‍ക്കും ശരിയായ നിര്‍വചനം നല്കി ആ ആക്റ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.IT ആക്റ്റ് നിലവില്‍ വന്നതിന് ശേഷം പലപ്പോഴും പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്..... എങ്കിലും പഴുതുകള്‍ പൂര്‍ണ്ണമായി അടഞ്ഞിട്ടില്ല. 

അതിന് ആദ്യമായി വേണ്ടത് സൈബര്‍ സെക്യൂരിറ്റി എന്ന അവസ്ഥ പൂര്‍ണ്ണമായും വ്യാഖ്യാനിക്കാനും അത് നിയമപരിധിയില്‍ കൊണ്ടുവരാനും കഴിയണം.ആ നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ്. അത്തരത്തില്‍ ഒരു നിയമനിര്‍മ്മാണം നടത്തിയാല്‍ മാത്രമേ സംസ്ഥാനങ്ങള്‍ക്ക് നെറ്റ് മോണിട്ടര്‍ ഫലപ്രദമായി ചെയ്യാനും നിയമം മറികടക്കുന്നവരെ പിടികൂടാനും സാധിക്കൂ. 

രണ്ടാമത്തെ വിഷയം കുറ്റകൃത്യത്തിന്‍റെ തോത് നിര്‍ണയിക്കുക എന്നതാണ്.അത് ഒരു പുലിവാല്‍ പ്രശ്നം തന്നെയാണ് എന്നത് സമ്മതിക്കുന്നു. എന്താണ് അശ്ലീലം എന്നതും കീര്‍ത്തിയുടെയും അപകീര്‍ത്തിയുടെയും പരിധി എവിടെവരെയാണെന്നും ഗണിച്ചെടുത്ത് നിയമത്തില്‍ കൂട്ടിച്ചേര്‍ക്കുന്നത് അല്പം ശ്രമകരമായ പണിയാണ്. അതൊക്കെ കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ച് IT ആക്ട് നിയമങ്ങള്‍ നേരെചൊവ്വേയാക്കണം. സംസ്ഥാനങ്ങള്‍ക്ക് അപ്പോള്‍ മാത്രമേ ആ ആക്ടിന് കീഴില്‍ ആക്ട് ചെയ്യാന്‍ കഴിയൂ. 

കൃത്യമായ സൈബര്‍ പെട്രോളിങ് സംസ്ഥാനങ്ങള്‍ ഏറ്റെടുത്ത് നടത്തണം.നമ്മുടെ റോഡുകളിലും തെരുവുകളിലും പോലീസ് പെട്രോളിങ് നടക്കുന്നതുപോലെ ഒരു നിരീക്ഷണം സൈബര്‍ ലോകത്തും ഉണ്ടാകണം. കുറ്റവാളികളെ കയ്യോടെ പിടികൂടുകയും അവരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരികയും ചെയ്യുമ്പോള്‍ ഈ നെറ്റിന്‍റെ വലമറയില്‍ ഒളിച്ചിരുന്ന് അന്യനെ ആക്രമിക്കാന്‍ ആരും ഒന്ന് ഭയപ്പെടും.അവിടെയാണ് ഇപ്പോള്‍ ഒരു ചെറിയ ബലഹീനത പ്രകടമാകുന്നത്.സൈബര്‍ കുറ്റവാളികളെ കണ്ടെത്തുന്നതിലും പ്രയാസമാണ് ആ കേസ് ഭംഗിയായി ഫ്രയിം ചെയ്യുക എന്നത്. ഒരു സൈബര്‍ കേസ്ഫ്രയിം ചെയ്യാന്‍ ആവശ്യമായ സാങ്കേതിക പരിജ്ഞാനം നമ്മുടെ പോലീസ് സേനയ്ക്ക് ഇല്ല എന്നത് വേദനയോടെ സമ്മതിക്കാതെ വയ്യ. അതിന്‍റെ പരിഹാരമായിട്ടാണ് സൈബര്‍ ഡോം എന്ന വിഭാഗത്തെ സംസ്ഥാന സര്‍ക്കാര്‍ വളര്‍ത്തികൊണ്ടുവരുന്നത്. ഒരു സൈബര്‍ കേസ് ഫ്രയിം ചെയ്യാനും, അതിന് ആവശ്യമായ തെളിവുകള്‍ സമാഹരിക്കാനും, അത് അവതരിപ്പിക്കാനുമുള്ള കഴിവ് ഇന്നത്തെ പോലീസിന് നല്കാന്‍ സൈബര്‍ ഡോം ഡിപ്പാര്‍ട്ട്മെന്‍റിന് കഴിയണം. അത് ഇല്ലെന്ന ഒരു പൊതുധാരണ സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നതിന്‍റെ തെളിവാണ് കുറ്റവാളിയെന്ന് ആരോപിക്കപ്പെട്ടവരില്‍ നിന്നും ലാപ്ടോപ്പും അനുബന്ധഉപകരണങ്ങളും പിടിച്ചെടുത്ത് പോലീസിന് കൈമാറാന്‍ ഈ സംഘം തയാറായത്. തെളിവിനായി അങ്ങനെ ഒരു കര്‍മ്മം ആവശ്യമില്ല എന്നതാണ് സത്യം. ചക്കിന് വെച്ചത് കൊക്കിന്  കൊണ്ടു എന്നതുപോലെ അത് മോഷണക്കുറ്റമായി മറ്റൊരു കൌണ്ടര്‍ ക്രിമിനല്‍ കേസായി മാറുകയാണ് ചെയ്തത്. ഇത്തരത്തിലുള്ള ചില അറിവില്ലായ്മകളാണ് ഒത്തിരി വിവാദം സൃഷ്ടിക്കുന്ന സൈബര്‍ കേസുകളുടെ വഴിതിരിച്ചു വിടുകയും കുറ്റവാളികള്‍ രക്ഷപ്പെടുന്ന രീതിയില്‍ അത് പിന്നീട് തള്ളിപ്പോകുകയും ചെയ്യുന്നത്. അതുതന്നെ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. സൈബര്‍ കേസുകളെല്ലാം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയ്ക്കാന്‍ മാത്രം നിസാരമായി മാറിപ്പോകുന്നത് അതില്‍ ഇടപ്പെടുന്ന ആളുകള്‍ക്ക് -അത് പോലീസ് ആയാലും പൊതുജനമായാലും നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതുകൊണ്ട് മാത്രമാണ്. ഈ പരാജയം നിയമത്തിന്‍റെയും നീതിപീഠത്തിന്‍റെയും പരാജയമായി പിന്നീട് വ്യാഖ്യാനിക്കപ്പെടുന്നു. അതുകൊണ്ടാണ് സൈബര്‍ കുറ്റവാളികളുടെ ജാമ്യം പോലും പൊതുസമൂഹം കൊട്ടും കുരവയും താലപ്പൊലിയുമായി ഇവിടെ ആഘോഷിക്കുന്നത്. പൊതുസമൂഹത്തെ നിയമം മനസിലാക്കിക്കൊടുത്ത് വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ പ്രാപ്തരാക്കുക എന്ന കടമകൂടി അതാത് ഭരണകൂടങ്ങള്‍ക്കുണ്ട് എന്നതും പറയാതെ വയ്യ.

നിയമവ്യവസ്ഥയിലുള്ള വിശ്വസം പൊതുസമൂഹത്തിന്, പ്രത്യേകിച്ചും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരിയ്ക്കലും നഷ്ടപ്പെടാന്‍ പാടില്ല.അങ്ങനെ സംഭവിച്ചിട്ടുണ്ട് എന്ന് തോന്നിപ്പിക്കാന്‍ ഈ സംഭവം ഇടയാക്കി എന്ന് വേണമെങ്കില്‍ വിലയിരുത്താം. നിയമവ്യവസ്ഥയുടെ അപര്യാപ്തതയോ നിയമം നടപ്പാക്കേണ്ടവരുടെ അനാസ്ഥയോ ആയി വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍ യഥാര്‍ത്ഥകാരണങ്ങള്‍ നമ്മള്‍ കാണാതെ പോകുന്നു.ഇതെല്ലാം ഒരു ഭരണകൂടത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളായതിനാല്‍ നിയമനിര്‍മ്മാണ സഭയുടെ അടിയന്തിരശ്രദ്ധ ലഭിക്കേണ്ട വിഷയമായി ഇതു മാറുന്നു.

ഈ സംഭവം എല്ലാ അര്‍ത്ഥത്തിലും അപലപനീയമായി മാറിയിട്ടും അതിന്‍റെ ശരിയായ ആഴം മനസിലാക്കികൊണ്ട് ഒരു ചര്‍ച്ച നടന്നു എന്ന് കരുതാന്‍ കഴിയില്ല. വിഷയത്തെ മറ്റ് തലങ്ങളിലേക്ക് പിടിച്ചിറക്കിക്കൊണ്ടുപോയി തുടര്‍ച്ചയായ രാത്രിചര്‍ച്ചകള്‍ക്ക് വിധേയരാക്കിയ ചാനലുകളും ലക്ഷ്യമിട്ടത് മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ തന്നെയാണ്. ഈ സംഭവത്തെപ്പറ്റി ഒരു വാര്‍ത്താചാനല്‍ നടത്തിയ ഒന്നരമണിക്കൂര്‍ ചര്‍ച്ചയുടെ അവസാനം, അവതാരകന്‍ ലക്ഷക്കണക്കായ പ്രേക്ഷകരോട് ഉപസംഹാരമായി പറഞ്ഞത് പരാമര്‍ശിക്കപ്പെട്ട സംഭവങ്ങളുടെയെല്ലാം വീഡിയോ യൂ ട്യൂബില്‍ ഉണ്ട് എന്നാണ്. താല്പര്യമുള്ളവര്‍ക്ക് അത് സന്ദര്‍ശിച്ച് വിലയിരുത്താം എന്നൊരു ആഹ്വാനവും നടത്താന്‍  അവതാരകന്‍ മറന്നില്ല. ഇത്തരം വീഡിയോ തേടിപ്പിടിച്ചു കാണാനുള്ള ഒരു മാനസികാവസ്ഥ പൊതുജനത്തിന് ഉണ്ടെങ്കില്‍ അതും ബുദ്ധിപൂര്‍വ്വം പ്രോല്‍സാഹിപ്പിക്കപ്പെടുന്നു .

ഒരാളുടെ സ്വകാര്യത അയാളുടെ മാത്രമായി മാറണം. അത് സൈബര്‍ ബുള്ളിയിങ്ങിന് ഒത്താശ ചെയ്യുന്ന സാമൂഹ്യവിരുദ്ധരായ ആളുകള്‍ക്ക് ഒരു താക്കീതായി മാറാന്‍ പൊതുസമൂഹത്തെ രൂപപ്പെടുത്തുക എന്ന കടമ ഇവിടുത്തെ എല്ലാ മാധ്യമങ്ങള്‍ക്കും ഉണ്ട്.അതിന് കുടപിടിക്കുന്നവരെ ഒറ്റപ്പെടുത്താനും നമുക്ക് കഴിയണം.അത് യൂ ട്യൂബിലൂടെ ആയാലും വാര്‍ത്താചാനലുകളുടെ അത്താഴചര്‍ച്ചയില്‍ ആയാലും.

മറ്റൊരു പ്രധാനപ്പെട്ട ഒരു വഴിത്തിരിവ് ഉണ്ടായത് ഈ  സംഭവത്തെ ഫെമിനിസവുമായി ബന്ധപ്പെടുത്തിക്കൊണ്ട് നടന്ന ചര്‍ച്ചയാണ്. സ്ത്രീസമത്വവാദം എന്ന സാങ്കേതികഅര്‍ത്ഥത്തില്‍ സ്ത്രീ മാത്രമാണ് ഫെമിനിസ്റ്റ് എന്ന് വ്യാഖ്യാനിച്ചുകൊണ്ട് ഈ സംഭവത്തെ ഫെമിനിസത്തിന്റെ തലയിലെ പൊന്‍തൂവല്‍ എന്നൊക്കെ വിശേഷിപ്പിച്ച സാംസ്കാരികപ്രമുഖര്‍ ഉണ്ട്. സ്ത്രീവാദസിദ്ധാന്തത്തിന് അതിന്‍റെ ചരിത്രത്തിന് ലോകത്തിലും ഭാരതത്തിലും നിരവധി തരംഗങ്ങള്‍ ഉണ്ടെന്ന് അവര്‍ മറക്കരുത്. ആ തരംഗങ്ങളോരോന്നും നിരവധി സംസ്കാരങ്ങളെയും നിയമങ്ങളെയും മാറ്റിമറിച്ചിട്ടുണ്ട്. തുല്യപങ്കാളിത്തം,സ്വത്തവകാശം, വിദ്യാഭ്യാസം, സമ്മതിദാനാവകാശം,തുടങ്ങിയ വിഷയങ്ങളില്‍ മഹത്തായ സംഭാവനകള്‍ നല്കിയ ഫെമിനിസ്റ്റ് പ്രസ്ഥാനമുന്നേറ്റങ്ങളോടു ചേര്‍ത്ത് കെട്ടുമ്പോള്‍ അല്പം വീണ്ടുവിചാരം വേണം. ഇത് കാണുകയും അനുഭവിക്കുകയും ചെയ്ത ഒരു തലമുറ ഇതാണ് ഫെമിനിസം എന്ന് മനസിലാക്കാതിരിക്കാന്‍ ജാഗ്രത കാണിക്കേണ്ടത് ശരിയായ ഫെമിനിസ്റ്റ് കാഴ്ച്ചപ്പാടുള്ള സമൂഹത്തിന്‍റെ കൂടി ഉത്തരവാദിത്വമാണ്.

ഭരണകൂടത്തിന് എതിരായ ഒരു പൊതുജനഅഭിപ്രായം രൂപപ്പെടാന്‍ ഇടയാക്കിയ ഈ സംഭവത്തില്‍ സൂക്ഷ്മമായ നിരീക്ഷണം ഉണ്ടാകാന്‍ അവരും ശ്രദ്ധിക്കണം. വനിതാ ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിതയ്ക്ക് പോലും കാലങ്ങളായി സൈബര്‍ ആക്രമണം നേരിടേണ്ടിവരുന്നു എന്നതും അതില്‍ ഒരാളെപ്പോലും പ്രതിക്കൂട്ടിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും ഈ സന്ദര്‍ഭത്തില്‍  കൌതുകത്തോടെയാണ് ജനം വീക്ഷിക്കുന്നത്. 

സങ്കുചിതമായി ചിന്തിക്കാതെ ഈ വിഷയത്തില്‍ എല്ലാവരുടെയും സഹകരണവും പിന്തുണയും ഉറപ്പുവരുത്തുന്ന സാമൂഹ്യബോധം കൂടി ഉയര്‍ത്തികൊണ്ടുവരേണ്ടത് അനിവാര്യമാണ്. സൈബര്‍ ഇടം ഒരു പൊതുഇടമാണ് എന്ന ബോധത്തില്‍ പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയണം. ട്രോള്‍ ആര്‍മികളെ നിയന്ത്രിക്കാന്‍ അതിന് ചുക്കാന്‍ പിടിക്കുന്ന എല്ലാ സംഘടനകളും ശ്രദ്ധിക്കേണ്ടതാണ്. അത്തരം ആര്‍മികള്‍ വെറും ഗുണ്ടകളായി മാറുമ്പോള്‍ നമ്മുടെ തെരുവുകളെക്കാള്‍ കൂടുതല്‍ ചോര വീഴുന്നത് സൈബര്‍ ലോകത്ത് ആയിരിക്കും എന്നത് മറക്കണ്ട. 

ചര്‍ച്ചകള്‍ക്കിടയില്‍ സ്ത്രീസമൂഹം എങ്ങനെ പെരുമാറണം എന്ന രീതിയില്‍ വ്യത്യസ്ത നിലപാടുള്ള സംവാദങ്ങളും ഉയര്‍ന്നുവന്നു.അങ്ങനെ നിര്‍ബന്ധം പിടിക്കാനുള്ള ഒരു അവകാശവും ആര്‍ക്കുമില്ലെന്ന തിരിച്ചറിവ് ആദ്യംതന്നെ ഉണ്ടാകണം. അത് സ്ത്രീ-പുരുഷ ബന്ധത്തിലെ പുരുഷാധിപത്യപരമായ വേരുകളെ ഉറപ്പിക്കാന്‍ മാത്രമേ സഹായിക്കൂ.അതിന്‍റെ അടുത്ത പടിയായി ഉയര്‍ന്നുവരാന്‍ സാദ്ധ്യതയുള്ള ഒരു ന്യായം ഇതു പുരുഷമേധാവിത്വത്തിന് കൊണ്ട അടിയാണ് എന്ന നിലയിലായിരിക്കും. ഈ രണ്ടു വാദമുഖങ്ങളും ആരോഗ്യകരമായ ഒരു സമൂഹനിര്‍മ്മിതിക്ക് ദോഷമുണ്ടാക്കുന്നതാണ്. 

നിയമവും നീതിന്യായവും പരാജയപ്പെടുന്നിടത്ത് സാധാരണ പൌരന്‍, അത് ആണായാലും പെണ്ണായാലും ആ നടപടി ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നത് ഒരു സമൂഹത്തിന്‍റെ അധപ്പതനത്തിന്റെ ലക്ഷണമാണ്. നിര്‍ഭാഗ്യവശാല്‍ സിനിമയിലും നാടകത്തിലും കഥയിലും നോവലിലുമൊക്കെ അത്തരം കഥാപാത്രങ്ങള്‍ വമ്പന്‍ ഹീറോ ആയി മാറുന്നുണ്ട്. അതൊക്കെ സാമാന്യജനത്തിന്‍റെ മനസിന്‍റെ സ്ഥിതി അളക്കാനുള്ള സ്കെയില്‍ ആയി കാണുക. ഓരോ പൌരനും ഈ സമൂഹത്തോട് ചില ഉത്തരവാദിത്വങ്ങള്‍ ഉണ്ട്.അതൊക്കെ മുറുകെപിടിച്ചുകൊണ്ട് സമചിത്തതയോടെ പെരുമാറുന്നവനാണ് എന്നും അവസാനം വരെ താരം എന്നത് നമ്മള്‍ ഇടയ്ക്ക് ആവര്‍ത്തിച്ച് പറയണം. 

ശ്രീമതി.ഭാഗ്യലക്ഷ്മിയുടെയും ഒപ്പം വിചാരണ ചെയ്യപ്പെട്ട മുഴുവന്‍ സ്ത്രീകളുടെയും ഹൃദയവികാരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുമ്പോഴും ഈ സംഭവത്തിലുണ്ടായ ജാഗ്രതക്കുറവ് പറയാതിരിക്കാന്‍ കഴിയില്ല. വൈകാരികമായി പ്രതികരിക്കുന്നതിലൂടെ നമുക്ക് നഷ്ടമാകുന്നത് നമ്മുടെതന്നെ വ്യക്തിത്വമാണെന്ന തിരിച്ചറിവ് നമ്മള്‍ ഈ സംഭവത്തിലൂടെ പഠിക്കുന്നു.

പ്രതികരണത്തിന്റെ സ്വഭാവം എന്തുതന്നെയായാലും ഗൌരവമുള്ള ഒരു വിഷയത്തിലേക്ക് വിരല്‍ ചൂണ്ടാന്‍ ഭാഗ്യലക്ഷ്മിക്ക് കഴിഞ്ഞു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. പൊതുസമൂഹത്തിന് മുന്നിലും നിയമനിര്‍മ്മാണസഭയ്ക്ക് മുന്നിലും ഭരണാധികരികള്‍ക്ക്  മുന്നിലും ആ ചൂണ്ടിയ വിരല്‍ താഴാതെ അങ്ങനെതന്നെ നില്‍ക്കട്ടെ....

വിനോദയാത്ര@എം.എസ്.വിനോദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍

  1. 'വളരെ നല്ല ലേഖനം, വിനോദ്
    സൈബർ മേഖലയെ പറ്റി പുതുതായികുറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി
    ഭാഗ്യലക്ഷ്മി വികാരപരമായി പ്രതികരിച്ചത് നിയമത്തിൻ്റെ വഴിയിൽ നീതി കിട്ടില്ലായെന്ന തോന്നൽ കൊണ്ടു തന്നെയാവണം.
    നിയമങ്ങൾ ശക്തമായി പാലിക്കപ്പെടാനുള്ള സന്നദ്ധതയും, ആർജ്ജവവും എത്രയും പെട്ടെന്ന് ഭരണകൂടങ്ങൾക്കുണ്ടാവട്ടെ.

    അഭിനന്ദനങ്ങൾ, ആശംസകൾ.വിനോദ്



    '

    മറുപടിഇല്ലാതാക്കൂ
  2. സൈബർ വൈകൃതങ്ങൾ..നന്നായിട്ടുണ്ട് വിനോദ്

    മറുപടിഇല്ലാതാക്കൂ