എന്‍റെ അച്ഛന്‍ അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു....എം.എന്‍.ഗോവിന്ദന്‍ നായര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു യൂണിയന്‍റെ പ്രധാന സാരഥിയും..... അങ്ങനെയാണ് എനിക്കും ഈ എം.എന്‍.സ്നേഹം വന്നത്.തിരഞ്ഞെടുപ്പ് പ്രചരണം കത്തിക്കയറുമ്പോള് വരുന്നൂ ഒരു വാര്‍ത്ത...സാക്ഷാല്‍ ഇന്ദിരാഗാന്ധി തിരുവനന്തപുരത്ത് എത്തുന്നു..... അടിയന്തിരാവസ്ഥ എന്ന അഭ്യാസം ഒക്കെ കഴിഞ്ഞ് ആദ്യമൊന്ന് ക്ഷീണിച്ചു എങ്കിലും കര്‍ണ്ണാടകയിലെ ചിക്കമംഗളൂരില്‍ നിന്നും സടകുടഞ്ഞു എഴുനേറ്റുള്ള വരവാണ് ഇന്ദിര.....'ഇന്ദിരയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ' എന്ന ഒരു മുദ്രാവാക്യം അന്ന് ഭാരതം മുഴുവന്‍ പൊടിയടിച്ചുപറത്തി വീശുന്നുണ്ടായിരുന്നു. ആകെ ഒരു താരപരിവേഷം അന്ന് ഇന്ദിരക്ക്.
ഇന്ദിരാഗാന്ധി കടന്നുപോകുന്ന പട്ടം-മുറിഞ്ഞപാലം-ഉള്ളൂര്‍ റോഡിലാണ് അന്ന് ഞങ്ങളുടെ താമസം.ഒരു ദേശീയനേതാവിനെ അന്നുവരെ ഞാന്‍ കണ്ടിട്ടും ഇല്ല.ആഗ്രഹം ഒരു അപേക്ഷയാക്കി ഞങ്ങള്‍ കുട്ടികള്‍ അമ്മയുടെ മുന്നില്‍ അവതരിപ്പിച്ചു.അച്ഛനെക്കാള്‍ മൂത്ത കമ്മൂണിസ്റ്റ് ആണ് അമ്മ.സാക്ഷാല്‍ ജവഹര്‍ലാല്‍നെഹ്രു നേരിട്ട് വന്ന് തോല്‍പ്പിക്കാന്‍ പറഞ്ഞിട്ട് പോലും തോല്‍പ്പിക്കാന്‍ ജയിച്ചുകയറിയ തോപ്പില്‍ ഭാസിയുടെ നാട്ടുകാരിയാണ് എന്ന അഹങ്കാരവും അമ്മയ്ക്കുണ്ട്.അപേക്ഷ സ്വീകരിക്കും എന്ന് ഒരിക്കലും ഞങ്ങള്‍ കരുതിയില്ല.
എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. എന്തായാലും നമ്മള്‍ ഇന്ദിരയെ ഒന്ന് കണ്ടിട്ടുതന്നെ കാര്യം എന്ന അച്ഛന്‍റെ പ്രഖ്യാപനം വന്നപ്പോള്‍ സത്യത്തില്‍ ഞെട്ടിയത് ഞങ്ങളാണ്.
അച്ഛനും അമ്മയും ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും കൂടി കൃത്യസമയത്തിന് മുന്‍പ് മുറിഞ്ഞപാലം കവലയില്‍ എത്തി.പട്ടത്ത് നിന്നും തുറന്ന ജീപ്പിലാണ് ഇന്ദിര വരുന്നത്.ഇരുവശങ്ങളിലും ജനസാഗരം.ആ സാഗരത്തിന് നടുവില്‍ ഒരു വെള്ളിപ്രതിമപോലെ തിളങ്ങുന്ന ഇന്ദിരാഗാന്ധി.എന്തൊരു സുന്ദരി.....
കൈകള്‍ വീശി എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് അവര്‍
തൊട്ടുമുന്നില്‍ എത്തുമ്പോള്‍ ഞങ്ങള്‍ കുട്ടികളുടെ കൈകളില്‍ പൂക്കള്‍ തന്നിട്ട് അത് ഇന്ദിരയ്ക്ക് കൊടുക്കാന്‍ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചു.കിട്ടിയ അവസരം ഞാന്‍ പാഴാക്കിയില്ല.കൊടുത്ത പൂക്കള്‍ എല്ലാം ഇന്ദിരാഗാന്ധി വാങ്ങി.ആ വിരല്‍ എന്‍റെ വിരലില്‍ തൊട്ടു.ഇന്ത്യയുടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഞാന്‍ എന്‍റെ വിരല്‍കൊണ്ട് തൊട്ടതായി എനിക്ക് തോന്നി.ഇന്ദിര കടന്നുപോയിട്ടും പോയ വഴിയില്‍ നോക്കി ഞാന്‍ കുറെനേരം നിന്നു.
തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഭീഷ്മാചാര്യന്‍ എം.എന്‍.ഗോവിന്ദന്‍ നായര്‍ നീലലോഹിതന്‍ നാടാരോട് തോറ്റു.ചരിത്രം കുറിച്ച ഭൂരിപക്ഷത്തില്‍ ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി.ആ വിരല്‍ തൊട്ട സൗഭാഗ്യത്തില്‍ എന്‍റെ വീടിന്‍റെ ജന്നല്‍ പാളിയില്‍ ചോക്കുകൊണ്ട് ഞാന്‍ എഴുതി.''ഇന്ദിരയെ വിളിക്കൂ.....ഇന്ത്യയെ രക്ഷിക്കൂ.....''.മുദ്രാവാക്യങ്ങളുടെ അര്‍ത്ഥമറിയാത്ത എന്‍റെ ബാല്യം.....എഴുതിയത് അച്ഛന്‍ കണ്ടുപിടിച്ചത് കുറേക്കാലം കഴിഞ്ഞാണ്....ഇന്ദിരയെപ്പറ്റി അച്ഛനാണ് പിന്നീട് പറഞ്ഞുതന്നത്....ഇന്ദിരയുടെ കഥ കേട്ടതുകൊണ്ടല്ല ഞാന്‍ കോണ്ഗ്രസ് അല്ലാതായത്.....എന്നാലും എനിക്ക് ഇഷ്ടമുള്ള നേതാവായിരുന്നു ഇന്ദിരാഗാന്ധി........
എന്നും വിവാദങ്ങളുടെ കൂട്ടുകാരിയായ പ്രിയദര്‍ശിനി എന്ന നെഹ്രുപുത്രി....ഈ പോസ്റ്റ് വായിക്കുന്ന ആര്‍ക്കും ഇന്ദിരാഗാന്ധിയെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. ഇന്ദിര എന്ന മൂന്ന് അക്ഷരത്തിന് ഇന്ത്യ എന്ന രാജ്യത്തെക്കാള്‍ വിസ്താരമുണ്ട് അന്ന്. അതുകൊണ്ടാകും ഇന്ത്യയുടെ വടക്കും തെക്കും അതിരുകള്‍ക്ക് ഇന്ദിരാഗാന്ധിയുടെ പേരിട്ടിരിക്കുന്നത്.ജവഹര്‍ലാല്‍ നെഹ്രു-കമലകൗൾ നെഹ്രു ദമ്പതിമാരുടെ ഏകമകള്‍.ഇന്ത്യയുടെ സ്വാതന്ത്യസമരഭൂമികയില്‍ 1917 നവംബര് 19 ന് ജനനം.കോടീശ്വരനായ മുത്തച്ഛന്‍ മോത്തിലാല്‍ നെഹ്രു, കൊച്ചുമകള്‍ പ്രിയദര്‍ശിനിയെ ലോകത്ത് എവിടെ വിട്ട് പഠിപ്പിക്കാനും ഒരുക്കമായിരുന്നു. എന്നാല്‍ ഒരേയൊരു മകളെ പിരിഞ്ഞിരിക്കാന്‍ കമല തയാറായില്ല.രണ്ടാമതൊരു കുഞ്ഞ് പിറന്നെങ്കിലും അതിനെ ജീവനോടെ കിട്ടിയില്ല. കിട്ടിയിരുന്നു എങ്കില്‍ ഇന്ദിരയുടെ തലേലെഴുത്ത് മറ്റൊന്നാകുമായിരുന്നു.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് കീഴിലുള്ള സെന്റ്.സിസിലിയ സ്കൂളില്‍ ചേര്‍ന്നു എങ്കിലും കോണ്ഗ്രസ് പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം അവിടെ പഠനം തുടരാന്‍
ഇന്ദിരയ്ക്ക് കഴിഞ്ഞില്ല.തുടര്‍ന്നു നിരവധി സ്കൂളിലായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇന്ദിര ബാല്യം മുതല്‍ വീട്ടിലെ സ്ഥിരം സന്ദര്‍ശകനും കോണ്ഗ്രസ് പ്രവര്‍ത്തകനുമായ ഫിറോസുമായി അടുത്തു.ഇന്ദിരയുടെ അമ്മ കമലയുടെ സാമൂഹ്യപ്രവര്‍ത്തങ്ങളില്‍ ഒരു പ്രധാന സഹായി ആയിരുന്നു അന്ന് ഫിറോസ്.ഈ ബന്ധത്തെ നെഹ്രുവോ കമലയോ അനുകൂലിച്ചില്ല.
ഉന്നതപഠനത്തിനായി ഇന്ദിരയെ ഓക്സ്ഫഡ് സർവ്വകലാശാലയിൽ ചേര്‍ന്നു.എന്നാല്‍ അവിടെ തുടരുമ്പോള്‍ അമ്മ കമല ക്ഷയരോഗം മൂലം അന്തരിച്ചു.അമ്മയുടെ മരണം ഇന്ദിരയെ വല്ലാതെ അലട്ടി.ഈ കാലത്ത് പലതരം രോഗങ്ങള്‍ ഇന്ദിരയെയും ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. ചികിത്സയ്ക്കായി നിരന്തരം യാത്രകള്‍ വേണ്ടിവന്നു.
യൂറോപ്പില്‍ ആകമാനം നാസി കലാപങ്ങള്‍ നടക്കുന്ന ഒരു കാലമായിരുന്നു അന്ന്.എല്ലാംകൂടി വല്ലാതെ വലച്ചപ്പോള്‍ മിക്കവാറും പരീക്ഷകളില്‍ ഇന്ദിര തോറ്റു. അന്നത്തെ സര്‍വകലാശാല അധികാരികള്‍ പഠനം നിര്‍ത്തി മടങ്ങാന്‍ ഇന്ദിരയോട് ആവശ്യപ്പെട്ടു.ഈ കാലത്ത് വീണ്ടും ഇന്ദിരയും ഫിറോസും തമ്മില്‍ അടുത്തു.
ഇന്ത്യയില്‍ മടങ്ങിവന്ന ഇന്ദിര സ്വാതന്ത്യസമരത്തില്‍ പങ്കാളിയായി.കുട്ടികളെയും
വിദ്യാര്‍ത്ഥികളെയും സംഘടിപ്പിച്ചുകൊണ്ട് വാനരസേന എന്ന ഒരു പ്രസ്ഥാനം ഇന്ദിര ഉണ്ടാക്കി.ബ്രിട്ടീഷുകാരുടെ കണ്ണുവെട്ടിച്ച് സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള രഹസ്യസന്ദേശങ്ങളെത്തിച്ചിരുന്നതും, പതാകകൾ തുന്നുക,പരുക്കേറ്റ സ്വാതന്ത്ര്യസമരസേനാനികളെ ശുശ്രൂഷിക്കുക തുടങ്ങിയ ചില ജോലികൾകൂടി ഈ വാനരസേനയിലെ അംഗങ്ങൾ ചെയ്തിരുന്നു. ഈ കാലത്ത് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ സമ്മതമില്ലാതെ തന്നെ ഇന്ദിര ഫിറോസിനെ വിവാഹം ചെയ്തു.ക്വിറ്റ് ഇന്ത്യസമരവുമായി ബന്ധപ്പെട്ട് ഇവര്‍ ഇരുവരും ജയിലില്‍ ആയി.ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് ഇന്ദിര രാജീവ്,സഞ്ജയ് തുടങ്ങിയ മക്കളെ പ്രസവിച്ചു.അതാണ് അവരുടെ ജീവിതത്തിലെ ഒന്നാം ഘട്ടം.
സ്വാതന്ത്യത്തിന് ശേഷം ജവഹര്‍ലാല്‍ പ്രധാനമന്ത്രിയായപ്പോള്‍ ഇന്ദിര ഭരണത്തിന്‍റെ ഇടനാഴികളില്‍ എത്തിച്ചേര്‍ന്നു. പ്രധാനമന്ത്രിയുടെ ഉപദേശകസംഘത്തില്‍ അവര്‍ അംഗമായി തുടക്കം മുതല്‍.തുടര്‍ന്നു അവര്‍ കോണ്ഗ്രസ് പ്രസിഡന്റ് ആയി.ഈ പതിനഞ്ചുവര്‍ഷക്കാലം കൊണ്ട് ഇന്ദിരാഗാന്ധിയിലെ രാഷ്ട്രീയക്കാരി നന്നായി വിളഞ്ഞു പാകപ്പെട്ടു കഴിഞ്ഞിരുന്നു.
എന്നാല്‍ ഈ കാലത്തുതന്നെ വ്യക്തിജീവിതത്തില്‍ ഇന്ദിര നിരവധി കാര്യങ്ങള്‍
വിട്ടുകളയുകയും ചെയ്തു.ഫിറോസുമായുള്ള ബന്ധം ഇതിനിടയില്‍ പലതവണ വഷളായി.കോണ്ഗ്രസിനും നെഹ്രുവിനും ഭരണത്തിനും എതിരായി ഒരു തനിറിബലായി ഫിറോസ് വളരുകയായിരുന്നു. മാത്രമല്ല അന്നത്തെ പല സുന്ദരിമാരുമായും ഫിറോസിനുള്ള അതിരുവിട്ട ബന്ധങ്ങള്‍ പൊതുസദസ്സില്‍ ചര്‍ച്ചയായി.അങ്ങനെ ഫിറോസുമായുള്ള കുടുംബജീവിതം ഏതാണ്ട് പൂര്‍ണ്ണമായും അവസാനിച്ചിരുന്നു.ഒടുവില്‍ ഫിറോസ് മരിക്കുമ്പോള്‍ പോലും ഇന്ദിര ഒപ്പം ഉണ്ടായിരുന്നില്ല.അച്ഛനോടൊപ്പം അവര്‍ ഒരു ഔദ്യോഗിക പര്യടനത്തില്‍ ആയിരുന്നു.
ഇന്ദിരയുടെ രാഷ്ട്രീയജീവിതത്തിന്‍റെ മറ്റൊരു ദശ ആരംഭിക്കുന്നത് നെഹ്രുവിന്‍റെ മരണശേഷമാണ്. സ്വന്തം അച്ഛനില്‍ നിന്നും പഠിച്ച ഭരണതന്ത്രങ്ങളും അച്ഛന്‍
ബാല്യത്തില്‍ പഠിപ്പിച്ച ദേശീയരസതന്ത്രങ്ങളും കൂട്ടിക്കുഴച്ചു ഇന്ദിര പടിപടിയായി ഓരോ സ്ഥാനങ്ങളും കീഴടക്കി. ലാല്‍ ബഹാദൂര്‍ ശാസ്ത്രി സര്‍ക്കാരിലെ വാര്‍ത്താവിനിമയമന്ത്രിയായി തുടക്കം.തുടക്കം ഗംഭീരമാക്കിയ ഇന്ദിര പതുക്കെ ഇന്ത്യയുടെ ഹൃദയങ്ങള്‍ കീഴടക്കി.സാധാരണക്കാരനിലേക്ക് ഇറങ്ങിച്ചെല്ലാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാമോ അതെല്ലാം ഇന്ദിരയ്ക്ക് അറിയാമായിരുന്നു. 1965 ല്‍ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം നടന്നപ്പോള്‍ പട്ടാളക്കാരുടെ വേഷം ധരിച്ച് ഇന്ദിരാഗാന്ധി യുദ്ധരംഗത്ത് എത്തി. ''മന്ത്രിസഭയില്‍ ഇന്ദിരാഗാന്ധി ഒഴിച്ച് എല്ലാവരും പെണ്ണുങ്ങള്‍'' ആണെന്ന് അന്നത്തെ ഒരു പ്രമുഖപത്രം തലവാചകം എഴുതി.
തുടര്‍ന്നു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്ദിരയുടെ തേരോട്ടമായിരുന്നു.ആ തേരോട്ടത്തില്‍ ഇന്ത്യ പല നിറങ്ങളില്‍ തിളങ്ങി.പ്രതീക്ഷിക്കാത്ത
മേഖലകളില്‍ വമ്പന്‍ കുതിച്ചുകയറ്റം ഉണ്ടാക്കാനും വിപ്ലവകരമായ പല നടപടികളും സ്വീകരിക്കാനും ഇന്ദിരയ്ക്ക് കഴിഞ്ഞു.ഭരണം ഏറ്റെടുത്ത കാലങ്ങള്‍ ഒന്നും സാമൂഹ്യമായോ സാമ്പത്തികമായോ അനുകൂലം ആയിരുന്നില്ല. എന്നാല്‍ ആ സാഹചര്യങ്ങളെ ഇന്ദിരാഗാന്ധി ധൈര്യപൂര്‍വ്വം നേരിട്ടു.അവരുടെ പല നടപടികളും സ്വന്തം പാര്‍ക്കാരെ പോലും നോവിക്കുന്നത് ആയിരുന്നു.തന്നെ അംഗീകരിക്കാന്‍ വിഷമം ഉണ്ടായിരുന്ന നേതാക്കന്മാരെ അരികില്‍ ഇരുത്തി പ്രസ്ഥാനത്തെ ഇന്ദിര രണ്ടായി പിളര്‍ത്തി.പാര്‍ട്ടി പിളര്‍ത്തി പുറത്തിറങ്ങിയ ഇന്ദിര അന്ന് ഉയര്‍ത്തിയ മുദ്രാവാക്യമാണ് ഗരീബി ഹഠാവോ. എന്നുവെച്ചാല്‍ ദാരിദ്ര്യം അവസാനിപ്പിക്കുക. സ്വന്തം പാര്‍ട്ടിക്കാരെ മുഴുവന്‍ പട്ടിണിയിലാക്കി ഇന്ദിര പാര്‍ട്ടിയെ സ്വന്തം പേരിലാക്കി.ബംഗ്ലാദേശ് വിമോചനസമരം ഇന്ദിരയുടെ ആഗോളപ്രശസ്തി വര്‍ദ്ധിപ്പിച്ചു.ആ വിജയം കണ്ട അന്നത്തെ പ്രതിപക്ഷനേതാവ് അടല്‍ ബിഹാരി വാജ്പേയി ഇന്ദിരയെ വിശേഷിപ്പിച്ചത് ഇന്ത്യയുടെ ദുര്‍ഗ്ഗാദേവി എന്നാണ്.അണുബോംബും ഹരിതവിപ്ലവവും ധവളവിപ്ലവവും, ഭാഷാനയവും എന്നുവേണ്ട എല്ലാം എടുത്ത് വാരിവിതറിയ ഇന്ദിര ഒടുവില്‍ അടിയന്തിരാവസ്ഥ എന്ന കറുത്ത തിരശീലയിട്ട് ഇന്ത്യയെ അടിമുടി മൂടി.
അന്നുവരെ ഉണ്ടായിരുന്ന കോണ്ഗ്രസ് നിറങ്ങള്‍ എല്ലാം കഴുകിക്കളഞ്ഞ് ഇന്ദിര പുതിയ പാര്‍ട്ടിയും ചിഹ്നവും ഉണ്ടാക്കി.നിലമുഴുന്ന കര്‍ഷകനും, പശുവും കിടാവും, ചര്‍ക്ക തുടങ്ങിയ പരമ്പരാഗത ചിഹ്നങ്ങളില്‍ നിന്നും കൈപ്പത്തിയില്‍ എത്തിയപ്പോള്‍ പാര്‍ട്ടി പൂര്‍ണ്ണമായും കൈകളിലായി.ആ ചിഹ്നം കേരളത്തിലെ പാലക്കാട് ജില്ലയിലെ കല്ലേക്കുളങ്ങര അകത്തേത്തറ ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ ഉള്ള വിശ്വാസമാണ് എന്ന് ഒരു കഥയും ഉണ്ട്.ആ ക്ഷേത്രത്തിലെ പ്രതിഷ്ഠ സാക്ഷാല്‍ കൈപ്പത്തിതന്നെയാണ്.
അടിയന്തിരാവസ്ഥക്ക് ശേഷം അടിപതറിയ ഇന്ദിര വളരെപ്പെട്ടന്ന് മടങ്ങിവന്നു.ആ മടങ്ങിവരവിലാണ് ഇന്ദിരയുടെ വിരല്‍ തൊടാന്‍ എനിക്ക് ഭാഗ്യം സിദ്ധിച്ചത്.
വീണ്ടും വിവാദങ്ങളുടെ തേരില്‍ തന്നെ ഇന്ദിരാഗാന്ധി യാത്ര തുടര്‍ന്നു. തന്ത്രങ്ങളുടെ ചക്രവര്‍ത്തിനി എന്ന് മുദ്രകുത്തപ്പെട്ട ഇന്ദിരയുടെ പേരില്‍
നിരവധി സംഭവങ്ങള്‍ ആരോപിക്കപ്പെട്ടു.അതിലൊന്നും ഇന്ദിര വീണില്ല എന്ന് മാത്രമല്ല ഇത്തിരിപോലും താണുകൊടുത്തില്ല.ആണവപരീക്ഷണം ആദ്യം നടത്തിയപ്പോള്‍ ബുദ്ധന്‍ ചിരിക്കുന്നു എന്ന വിളിപ്പേര് കൊടുത്ത് അത് സര്‍വ്വലോകസമാധാനസന്ദേശമാക്കി അവര്‍. തേനും പാലും ഒഴുക്കുമോ എന്ന് കളിയാക്കിയവര്‍ക്ക് മറുപടിയായി ധവളവിപ്ലവം നടത്തി അക്ഷരാര്‍ത്ഥത്തില്‍ പാല്‍ ഒഴുക്കി.ഹിന്ദിക്ക് എതിരായ കലാപത്തെ ഇംഗ്ലീഷ് വെച്ച് അവര്‍ പ്രതിരോധിച്ചു.അടിയന്തിരാവസ്ഥ എന്ന ദുരവസ്ഥയെ ഇന്ത്യയിലെ പ്രമുഖരെകൊണ്ട് അംഗീകരിപ്പിച്ചു.ആരാധ്യനായ വിനോബാഭാവേയും സര്‍വ്വസമ്മതയായ മദര്‍ തെരേസയും അന്നും ഇന്ദിരയുടെ കൂടെ നിന്നു.ഭരണഘടന അനുവദിച്ചു തരുന്ന പ്രധാന പൗരാവകാശങ്ങളെല്ലാം കത്തിച്ച് ചാരമാക്കിയിട്ടും, മൊറാര്‍ജിയുടെ വാക്കിനെ മറികടന്ന് തന്നെ അറസ്റ്റ് ചെയ്ത ചരണ്സിംഗിന്റെ ഒറ്റനടപടി കൊണ്ട് ഇന്ത്യയിലെ മുഴുവന്‍ പൗരന്മാരെയും പിന്നീട് ഇന്ദിര കയ്യിലെടുത്തു.ഭര്‍ത്താവ് ഫിറോസ്,ലാല്‍ ബഹാദൂര്‍ ശാസ്ത്രി തുടങ്ങിയവരുടെ മരണങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ ഇന്ദിര പതറിയില്ല.എന്നാല്‍ സഞ്ജയ് ഗാന്ധി അകാലത്തില്‍ അപകടത്തില്‍ മരിച്ചപ്പോള്‍ ഇന്ദിരയുടെ മനസും സാമ്രാജ്യവും ആടിയുലഞ്ഞു.
സോഷ്യലിസ്റ്റ് സോവിയറ്റ് റഷ്യയെ ചേര്‍ത്ത് പിടിക്കുകയും അമേരിക്കയെ വട്ടം കറക്കുകയും ചെയ്തപ്പോള്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് നിക്സണ് ഇന്ദിരയ്ക്ക് ഒരു ചെല്ലപേരിട്ടു. ''ഏഷ്യയിലെ മന്ത്രവാദിനി''.ആയിരം കൊല്ലത്തിനിടയില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രമുഖയായ വനിത ആരെന്ന് കണ്ടെത്താന്‍ ബി.ബി.സി.നടത്തിയ സര്‍വേ തിരഞ്ഞെടുപ്പില്‍ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയെയും മേരിക്യൂറിയെയും മദർതെരേസയെയും മറികടന്ന് ഒന്നാംസ്ഥാനത്ത് എത്തിയത് ഇന്ദിരാഗാന്ധിയാണ്. ഇന്ത്യയിലെ പ്രാദേശിക രാഷ്ട്രീയത്തിന് മൂക്കുകയറിടാന്‍ പ്രാദേശികമറുമരുന്ന് കണ്ടെത്താനുള്ള ഇന്ദിരയുടെ പരിശ്രമമായിരുന്നു സുവര്‍ണ്ണക്ഷേത്രത്തില്‍ പിന്നീട് പൊട്ടിത്തെറിച്ചത്. ആ പൊട്ടിത്തെറിയുടെ തീപ്പൊരി വന്നുവീണത് ഡല്‍ഹിയിലെ സഫ്ദർജംഗ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലുള്ള ഉദ്യാനത്തിലും.
നാളുകള്‍ എത്ര വേഗമാണ് കടന്നുപോകുന്നത്.സ്കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഞാന്‍ നാട്ടിലെത്തി.കായംകുളം എം.എസ്.എം.കോളജില്‍ കാമ്പസ് വിദ്യാഭ്യാസം ആരംഭിച്ച കാലം.1984 ഒക്ടോബര് 31....അന്നൊരു ബുധനാഴ്ചയായിരുന്നു.രാവിലെ റേഡിയോയില്‍ നിന്നും കേട്ട വാര്‍ത്ത അല്പം ആശങ്ക ഉണ്ടാക്കി. ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സുരക്ഷാഉദ്യോഗസ്ഥന്മാരുടെ വെടിയേറ്റ് ആശുപത്രിയിലായി എന്നായിരുന്നു ആ വാര്‍ത്ത.അപകടനില തരണം ചെയ്തു എന്നാലും ആശങ്ക...... പ്രഖ്യാപനത്തിന് ശേഷം ആള്‍ ഇന്ത്യ റേഡിയോ പരിപാടികളെല്ലാം മാറ്റിവെച്ച് ദുഖാചരണസംഗീതം ആരംഭിച്ചു.തുടര്‍ന്ന് വാര്‍ത്തകള്‍ ഒന്നും അറിയാതിരുന്നതിനാല്‍ ഞങ്ങള്‍ കൂട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പറമ്പില്‍ ഷട്ടില്‍ കളിയ്ക്കാന്‍ ആരംഭിച്ചു.കളി നല്ല കിക്കില്‍ നടക്കുമ്പോഴാണ് ഞങ്ങളുടെ അദ്ധ്യാപകനും നാട്ടിലെ പ്രധാന ഗാന്ധിയനുമായ ഡാനിയേല്‍ സര്‍ അതുവഴി വന്നത്.കളിക്കളത്തില്‍നിന്നും എന്നെ വിളിച്ചുമാറ്റി ഡാനിയേല്‍ സര്‍ പറഞ്ഞു ''വിനോദേ......കളി നിര്‍ത്തി എല്ലാവരും വീട്ടില്‍ പോ......'' കാര്യമറിയാതെ സാറിനെ നോക്കിനിന്ന എന്നോട് ഇടറുന്ന സ്വരത്തില്‍ അദ്ദേഹം പറഞ്ഞു''ഇന്ദിരാജി മരിച്ചു......ഇനി നിങ്ങള്‍ രണ്ട് ദിവസത്തേക്ക് കളിക്കണ്ട......''അവസാന വാക്കുകള്‍ കൃത്യമായി പുറത്തുവന്നില്ല. അദ്ദേഹത്തിന്‍റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ കുടുകുടാ ഒഴുകി......ബാറ്റ് നെഞ്ചിനോട് ചേര്‍ത്ത് പിടിച്ച് ഞാന്‍ അവിടെത്തന്നെ നിന്നു.
രാവിലെ 9.30 ന് സഫ്ദർജംഗ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലുള്ള ഉദ്യാനത്തിൽ വെച്ച് ഇന്ദിരയ്ക്ക് നേരെ സ്വന്തം അംഗരക്ഷകര്‍ തന്നെ വെടിവെച്ചു.ബ്രിട്ടീഷ് നടനായ പീറ്റർ ഉസ്റ്റിനോവിന് ഒരു ഹ്രസ്വചിത്രത്തിനു വേണ്ടി അഭിമുഖം നൽകാൻ തന്‍റെ തോട്ടത്തില്‍ കൂടി നടക്കുകയായിരുന്നു.അപ്പോള്‍ ആണ് സംഭവം.ഉടന്‍തന്നെ ഇന്ദിരാഗാന്ധിയെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസില്‍ എത്തിച്ചു.ആകെ മുപ്പതിലധികം വെടിയുണ്ടകള്‍. അതില്‍ ഏഴെണ്ണം നീക്കം ചെയ്യാനേ കഴിഞ്ഞുള്ളൂ.അപ്പോഴേക്കും ഇന്ദിരാഗാന്ധി ലോകത്തോട് വിടപറഞ്ഞു. വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ചില സാങ്കേതികതടസങ്ങള്‍ ഉണ്ടായിരുന്നു.എന്നാല്‍ ബി.ബി.സി.ഉള്‍പ്പെടെ മിക്കവാറും എല്ലാ മാദ്ധ്യമങ്ങളും അത് സ്ഥിരീകരിച്ചു.
ഒരു യുഗമാണ് അവസാനിച്ചത്......അന്നത്തെ സൂര്യന്‍ കുറച്ചു മുന്‍പുതന്നെ അസ്തമിക്കുന്നു എന്ന് എനിക്ക് തോന്നി.അതെ അന്ന് സൂര്യന്‍ ഉദിച്ചപ്പോള്‍ തന്നെ അസ്തമിച്ചു ഇന്ത്യയില്‍.....
നിരവധി വിഷയങ്ങളില്‍ എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരിക്കാം...... എന്നാല്‍ ഇന്ദിരയാണ് അന്നും ഇന്നും എന്‍റെ ആരാധനാപാത്രമായ നേതാവ്.....
ഡല്‍ഹിലെ ശക്തിസ്ഥലില്‍ ഇന്ദിരാഗാന്ധി ഉണര്‍ന്നിരിക്കുന്നുണ്ടാകും.....ഒരിക്കലും ഉറങ്ങാത്ത 'പ്രിയദര്‍ശിനി ഇന്ദിരാഗാന്ധി'ക്ക് പ്രണാമം.......
ഇത് എഴുതിക്കഴിഞ്ഞ് ഞാന്‍ എന്‍റെ വിരലുകളിലേക്ക് നോക്കി.
ആ സ്പര്‍ശനത്തിന്‍റെ നിറം ഇപ്പോഴും മങ്ങാതെ എന്‍റെ വിരലിലുണ്ട്........
0 അഭിപ്രായങ്ങള്‍