മലയാളത്തിലെ ആദ്യത്തെ നോവല്‍ എഴുതിയ ആള്‍ ആരാണ്.....?
എന്നാല്‍ അപ്പു നെടുങ്ങാടി ആരാണ് എന്ന ചോദ്യത്തിന് ഒരു ഉത്തരമല്ല ഒരായിരം ഉത്തരം പറഞ്ഞാലും അത് ശരിയായ ഉത്തരമാകില്ല. ആ ഉത്തരങ്ങളിലേക്ക് പോകും മുന്‍പ് നമുക്ക് ആദ്യത്തെ ചോദ്യത്തിന്‍റെ പ്രസക്തി ഒന്ന് പരിശോധിക്കാം.
ഇനി നമുക്ക് കുന്ദലതയെ വെറുതെ വിടാം.ഈ നോവല്‍ എഴുതിയ അപ്പു നെടുങ്ങാടിയെ ഒന്ന് പരിചയപ്പെടാം.
കോഴിക്കോട് മാങ്കാവ് പുതിയപറമ്പിൽ തലക്കൊടിമഠത്തിൽ കുഞ്ചുക്കുട്ടിക്കോവിലമ്മയുടെയും സാമൂതിരിക്കോവിലകത്തെ മൂന്നാംകൂർവാഴ്ചയായ മാനവിക്രമൻ തമ്പുരാന്റെയും മകനായി 1860 ഒക്ടോബർ 11-നു് ജനിച്ചു എന്നാണ് അപ്പു നെടുങ്ങാടിയുടെ പതിവ് ജീവിതചരിത്രത്തില്‍ എല്ലായിടത്തും കുറിച്ചുവെച്ചിട്ടുള്ളത്. എന്നാല്‍ ഈ എഴുത്തുകാരന്‍ ജനിച്ചത് കോഴിക്കോട്ടല്ല എന്നതാണ് സത്യം. കോഴിക്കോടുകാര്‍ എന്നും സ്വന്തമെന്ന് ഇന്നും അവകാശപ്പെടുന്ന ഈ നോവലിസ്റ്റ് ജനിച്ചത് പഴയ നാട്ടുരാജ്യമായ വള്ളുവനാട്ടിലെ ചെറുപ്പുളശേരിക്ക് അടുത്ത് കോതക്കുറിശ്ശി എന്ന സ്ഥലത്തെ തലക്കുടിമഠം എന്ന തറവാട്ടിലാണ്. തലക്കുടിമഠം വള്ളുവനാടിന്റെ ഭാഗമായ നെടുങ്ങനാട് ഭരിച്ചിരുന്ന സാമൂതിരിമാരുടെ തറവാടാണ്.
മൂന്ന് വയസുവരെ വള്ളുവനാട്ടില്‍ കഴിഞ്ഞ അപ്പു പിന്നീട് കോഴിക്കോട്ട് എത്തിചേരുകയായിരുന്നു.ഇദ്ദേഹത്തിനു 13 വയസ്സുള്ളപ്പോൾ അച്ഛനും പിന്നീട് ഒരു വർഷം കഴിഞ്ഞതിനു ശേഷം അമ്മയും മരിച്ചു.അതിന് ശേഷം സ്വന്തം വീടുവിട്ട് അമ്മാവന്റെ വീട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം.
കോഴിക്കോട് ഗവണ്മെന്റ് സ്കൂളിലും കേരളവിദ്യാശാലയിലും(പിൽക്കാലത്തെസാമൂതിരി-ഗുരുവായൂരപ്പൻ കോളേജ്) പഠിച്ച് എഫ് എ ബിരുദം നേടി. മദ്രാസിൽനിന്ന് ബി.എ. ബിരുദം സമ്പാദിച്ചശേഷം കണ്ണൂരും കോഴിക്കോടും ഹൈസ്കൂൾ അദ്ധ്യാപകനായി.നെല്ലായ കിഴക്കെപ്പാട്ട് കേളു ഏറാടി (അമ്മാവൻ)യുടെ മകൾ മീനാക്ഷിയമ്മയെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് പതിനൊന്നു മക്കളാണ് ഉണ്ടായിരുന്നത്.
മദ്രാസ് ക്രിസ്ത്യൻ കോളജിൽ ട്യൂട്ടറായിരിക്കെ ബി.എൽ. പരീക്ഷ ജയിച്ചു. ബാങ്കിങ്ങും പഠിച്ചു. ഇംഗ്ലീഷ് സാഹിത്യവുമായി ഗാഢബന്ധത്തിലായി. ഇക്കാലത്താണ് കുന്ദലത രചിക്കുന്നത്. ബി.എൽ. പരീക്ഷയിൽ ആദ്യമുണ്ടായ പരാജയത്തിൽനിന്ന് രക്ഷനേടാനാണ് കുന്ദലത രചിച്ചതെന്നു പറയാം. എത്രയുമാണ് കഥാനായകന്‍റെ ഒരു ലഘുജീവചരിത്രം.മലയാളത്തിലെ ആദ്യത്തെ നോവല്‍ സാഹിത്യകാരന് ഇത്രയുമൊക്കെ മതി. ആദ്യത്തെ ചോദ്യത്തിന്‍റെ ഉത്തരം അവസാനിച്ചു.
എന്നാല്‍ അവിടംകൊണ്ട് തീരുന്നില്ല കുന്ദലതയുടെ പിതാവിന്‍റെ വിശേഷണങ്ങള്‍. മദ്രാസില്‍ നിന്നും മടങ്ങിവന്ന അപ്പു കോഴിക്കോട് ഒരു ബാങ്ക് സ്ഥാപിച്ചു. അതാണ് നെടുങ്ങാടി ബാങ്ക്. കേരളത്തിലെ സ്വകാര്യമേഖലയിലെ ആദ്യത്തെ ബാങ്കാണ് നെടുങ്ങാടി ബാങ്ക്. തെക്കേ ഇന്ത്യയിലെ മികച്ച ബാങ്കുകളിലൊന്നായിരുന്നു അക്കാലത്തു നെടുങ്ങാടി ബാങ്ക്.ഈ ബാങ്ക് സ്ഥാപിക്കുന്നതിന് ഒരു ലക്ഷ്യമുണ്ടായിരുന്നു.മാതാപിതാക്കളുടെ മരണശേഷം അപ്പു തുടര്‍വിദ്യാഭ്യാസത്തിന് സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടി.പഠിക്കാനായി താന്‍ അനുഭവിച്ച ബുദ്ധിമുട്ട് തുടര്‍ന്നു പഠിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഉണ്ടാകരുത് എന്ന ഉദേശത്തോടെയാണ് അദ്ദേഹം നെടുങ്ങാടി ബാങ്ക് സ്ഥാപിച്ചത്. എന്നുവെച്ചാല്‍ ആദ്യത്തെ വിദ്യാഭ്യാസവായ്പയുടെ പിതാവുകൂടിയാണ് അപ്പു നെടുങ്ങാടി. അദ്ദേഹം സ്ഥാപിച്ച നെടുങ്ങാടി ബാങ്ക് ഒരു വലിയ പ്രസ്ഥാനമായി വളരുകയും അടുത്തകാലത്ത് അത് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കുകയും ചെയ്തു.
ഒരു സാഹിത്യകാരന്‍ എന്ന നിലയിലല്ല മറിച്ച് ഒരു വ്യവസായി എന്ന നിലയിലാണ് അപ്പു പൂര്‍ണ്ണമായും ജീവിച്ചത്. മലബാറിലെ ആദ്യത്തെ
ക്ഷീരവ്യവസായക്കമ്പനി സ്ഥാപിക്കുന്നത് അപ്പു നെടുങ്ങാടിയാണ്. ഇതിന് പുറമെ ജൗളി, കൊപ്രാ, സ്റ്റേഷനറി എന്നിവയുടെ
വിപണനത്തിലും ഇദ്ദേഹം വ്യാപൃതനായി. പല വ്യവസായത്തിലും
നഷ്ടം സംഭവിക്കുകയും ചെയ്തുവെങ്കിലും അതൊന്നും അദേഹത്തെ ഒട്ടും തളര്‍ത്തിയില്ല.
കോഴിക്കോട് നഗരസഭയിൽ അംഗമായ അപ്പു നെടുങ്ങാടി 1918-19 കാലത്ത് അതിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് സര്‍ക്കാര്‍ നെടുങ്ങാടിക്ക് 1919-ൽ റാവുബഹദൂർ ബഹുമതി നല്കി ആദരിച്ചു.അപ്പു നെടുങ്ങാടി, ഒരു വിദ്യാഭ്യാസപ്രവർത്തകൻ കൂടിയായിരുന്നു. ഇദ്ദേഹം സ്ത്രീവിദ്യാഭ്യാസ പുരോഗതിക്കായി ഒരു സമിതി (സൊസൈറ്റി ഫോർ ദ പ്രൊമോഷൻ ഓഫ് എജുക്കേഷൻ ഓഫ് വിമൻ) സംഘടിപ്പിച്ച് അതിന്റെ ആഭിമുഖ്യത്തിൽ ചാലപ്പുറത്ത് ഒരു ഇംഗ്ളീഷ് സ്കൂൾ സ്ഥാപിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാനുദ്ദേശിച്ച് അപ്പു നെടുങ്ങാടി ചാലപ്പുറത്തു സ്ഥാപിച്ച ഈ പെൺപള്ളിക്കൂടമാണ് പിന്നീട് ഗവ.അച്യുതൻ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളായി മാറിയത്. കോഴിക്കോട് മുൻസിപ്പൽ കൗൺസിലിന്റെ അന്നത്തെ ചെയർമാനായിരുന്ന അച്യുതൻ വക്കീലിന്റെ മുൻകൈ പ്രവർത്തനം മൂലമാണ് സ്ക്കൂൾ സർക്കാർ ഏറ്റെടുക്കുന്നത്. ഇക്കാരണത്താലാണ് പൊതുജനാഭ്യർഥന പ്രകാരം വിദ്യാലയത്തിന് അച്യുതൻ ഗേൾസ് എന്നു പേരു വന്നത്.
കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളപത്രികയുടെ തുടക്കക്കാരിൽ
ഒരാളായിരുന്നു നെടുങ്ങാടി. കേരള സഞ്ചാരി (കോഴിക്കോട്), വിദ്യാവിനോദിനി (തൃശൂർ) എന്നീ പത്രമാസികകളിലും ഉടമസ്ഥന്‍
ആയിരുന്നു.തീര്‍ന്നില്ല കേരളത്തിലെ ആദ്യത്തെ കിടത്തിചികില്‍സ
സൗകര്യമുള്ള ആശുപത്രി സ്ഥാപിച്ചതും അപ്പു നെടുങ്ങാടിയാണ്.
പ്രമേഹം ബാധിച്ച് കിടപ്പിലായ അപ്പു നെടുങ്ങാടി 1933 നവംബർ 7-ന്
അന്തരിക്കുമ്പോള്‍ എഴുപതു വയസ്സ് പ്രായമുണ്ടായിരുന്നു.ഈ കാലത്തിനിടയില്‍ അപ്പു കൈവെക്കാത്ത ഒരു മേഖലയും
ഉണ്ടായിരുന്നില്ല.ഇപ്പോള്‍ ആരായിരുന്നു അപ്പു നെടുങ്ങാടി എന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങള്‍ ആയില്ലേ. എന്നിട്ടും തീരുന്നില്ല നെടുങ്ങാടിചരിതം.
ഇനി നമുക്ക് കുന്ദലതയിലേക്ക് വരാം.അപ്പു തന്‍റെ ഇരുപത്തിനാലാമത്തെ വയസിലാണ് കുന്ദലത എഴുതി പ്രസിദ്ധീകരിക്കുന്നത്. ഈ നോവല്‍ വള്ളുവനാടന്‍ ഭാഷയിലാണ് അദ്ദേഹം എഴുതിയത്. വള്ളുവനാട് നാട്ടുരാജ്യത്തിലെ തന്‍റെ തറവാട് വീടിനടുത്തുള്ള വില്വാദ്രി മലയുടെ ഭാഗമായ അനങ്ങന്‍ മലയുടെ അടിവാരത്തിലെ ഒരു ഗ്രാമവും അവിടെ ജീവിച്ച കുറച്ചു മനുഷ്യരും കുന്ദലതയില്‍ കഥാപാത്രങ്ങളാണ്. അവിടെ ധര്‍മ്മപുരി എന്ന ഒരു ഗ്രാമമുണ്ട്. ബ്രാഹ്മണര്‍ വളരെ കുറവായിരുന്നു ആ ഗ്രാമത്തില്‍. അവിടെ അധികമായി ഉണ്ടായിരുന്നത് വസ്ത്രം നെയ്യുന്നവരും എണ്ണ ആട്ടിക്കൊടുത്ത് ജീവിക്കുന്നവരുമായിരുന്നു. അവിടെനിന്നാണ് കുന്ദലതയുടെ തുടക്കം. എന്നിട്ടും സാഹിത്യപണ്ഡിതന്മാരുടെ സിസേറിയനില്‍ കുന്ദലത ലക്ഷണമില്ലാത്ത സൃഷ്ടിയായി മാറിയത് എങ്ങനെ എന്ന് ചിന്തിക്കുകയാണ് ഞാന്‍.വള്ളുവനാടൻ ഭാഷ ആദ്യമായി നോവൽ സാഹിത്യത്തിൽ ചേർത്തുവെച്ച ക്രഡിറ്റും അപ്പുവിന് നൽകാൻ നമ്മൾ തയാറല്ല.
നോവല്‍ സാഹിത്യം നൂറ്റിമുപ്പത് വര്‍ഷം
പിന്നിടുമ്പോള്‍ കുന്ദലത വീണ്ടും നമ്മള്‍ വായിക്കണം. ഇപ്പോഴും പുതുമയുടെ മണമുള്ള ആ നോവലും അപ്പു നെടുങ്ങാടി എന്ന വ്യക്തിയെയും പഠിച്ചു കഴിഞ്ഞാല്‍ നമ്മുടെ ചോദ്യങ്ങളുടെ ഉത്തരം പൂര്‍ണ്ണമാകും.
കുന്ദലത-
അധ്യായം ഒന്ന്യോഗീശ്വരൻ
--------------------
''ദണ്ഡകാരണ്യത്തിന്റെ എത്രയും ഉത്തരഭാഗത്ത് വില്വാദ്രി എന്നൊരു മലയുടെ താഴ്വാരത്തിൽ ധർമ്മപുരി എന്നൊരു ഗ്രാമം ഉണ്ടായിരുന്നു.അവിടെ ഈ കഥയുടെ കാലത്ത് രണ്ടോ നാലോ ബ്രാഹ്മണഗൃഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അധികം ജനങ്ങൾ ചക്കാലന്മാരായിരുന്നു. ധർമപുരിയിൽ നിന്ന് ഒരു കാതം ദൂരത്തു് ഒരു ചന്തയും ഉണ്ടായിരുന്നു. ആ ചന്തയിൽ എണ്ണ വിറ്റിട്ടായിരുന്നു അവരുടെ നിത്യവൃത്തി. ഒരു ദിവസത്തെ വഴി കിഴക്കോട്ടായി സാമാന്യം വലിയ ഒരു പട്ടണം ഉണ്ടായിരുന്നതിലേക്കു പോകുന്ന പെരുവഴി ധർമപുരിയുടെ സമീപത്തിൽക്കൂടിയായിരുന്നതിനാൽ ഒരു കുഗ്രാമമാണങ്കിലും അവിടെ ദിവസേന രണ്ടുനാലു വഴിപോക്കന്മാർ എവിടുന്നെങ്കിലും എത്തിക്കൂടുക പതിവായിരുന്നു.........''
3 അഭിപ്രായങ്ങള്‍
നല്ല ലേഖനം
മറുപടിഇല്ലാതാക്കൂഅപ്പു നെടുങ്ങാടിയെ കൂടുതൽ അടുത്തറിഞ്ഞു....
സന്തോഷം സാർ
എപ്പോഴും നല്ല വായന തരുന്നതിൽ....
ഇഷ്ടം 🌹
അപ്പു നെടുങ്ങാടി യെ വിശദമായി പരിചയപ്പെടുത്തിയത് ഉചിതമായി....വേണ്ടവിധത്തിൽ അദ്ദേഹത്തെ കേരള ചരിത്രം.രേഖപ്പെടുത്തിയിട്ടില്ല....എനിക്കും ഇഷ്ടമാണ് കുന്ദ ലത....പശ്ചാത്തലം കേരളമല്ല എന്നാണ് ചിലർ എങ്കിലും കരുത്തിയിട്ടുള്ളത്.മാൽഗുഡി പോലെ ഒരു സങ്കൽപ്പ ഗ്രാമമ്മ്മാകാം.. എന്നാണ് ഞാനും കരുതിയത്....പുതിയ അറിവുകൾക്ക് നന്ദി....ഗംഭീരം...
മറുപടിഇല്ലാതാക്കൂഅപ്പു നെടുങ്ങാടി യെ വിശദമായി പരിചയപ്പെടുത്തിയത് ഉചിതമായി....വേണ്ടവിധത്തിൽ അദ്ദേഹത്തെ കേരള ചരിത്രം.രേഖപ്പെടുത്തിയിട്ടില്ല....എനിക്കും ഇഷ്ടമാണ് കുന്ദ ലത....പശ്ചാത്തലം കേരളമല്ല എന്നാണ് ചിലർ എങ്കിലും കരുത്തിയിട്ടുള്ളത്.മാൽഗുഡി പോലെ ഒരു സങ്കൽപ്പ ഗ്രാമമ്മ്മാകാം.. എന്നാണ് ഞാനും കരുതിയത്....പുതിയ അറിവുകൾക്ക് നന്ദി....ഗംഭീരം...
മറുപടിഇല്ലാതാക്കൂ