മേയ് ഒന്ന്.
ഇന്ന് ലോക തൊഴിലാളി ദിനമാണ്.
ലോകത്താകമാനമുള്ള തൊഴിലാളികളുടെ സാമൂഹ്യ സാമ്പത്തിക നേട്ടങ്ങൾ ഓർക്കുകയും വിലയിരുത്തുകയും ചെയ്യേണ്ട ദിവസം.
മേയ് ദിനത്തിൻ്റെ ചരിത്രത്തിലേക്ക് ഞാൻ കടക്കുന്നില്ല. അതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.1886 ലെ ഒരു മേയ് മാസത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ ഷിക്കാഗോയിൽ നടന്ന തൊഴിലാളി സമരവും ആ സമരത്തെത്തുടർന്ന് ഉണ്ടായ ബോംബാക്രമണവും വെടിവെയ്പ്പും നമ്മൾ ചരിത്രത്തിൽ പഠിച്ചതാണ്.ഷിക്കാഗോയിലെ ഹേയ് മാർക്കറ്റ് അഥവാ വൈക്കോൽ കമ്പോളം എന്നറിയപ്പെടുന്ന മൈതാനത്ത് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തടിച്ചുകൂടിയ തൊഴിലാളികളും അത് നിയന്ത്രിക്കാൻ എത്തിയ പോലീസും തമ്മിൽ ഉണ്ടായ ലഹളയിൽ ഇരുഭാഗത്തുമുള്ള നിരവധി ആളുകൾ മരിച്ചുവീണു.ഈ സംഭവത്തിൽ കുറ്റക്കാരായി ആരോപിക്കപ്പെട്ട തൊഴിലാളി നേതാക്കന്മാരെ പിന്നീട് വിചാരണ ചെയ്ത് തൂക്കിക്കൊല്ലുകയും മറ്റുള്ളവരെ ജയിലിലടക്കുകയും ചെയ്തു. ഇതാണ് പിൽക്കാലത്ത് ഹേയ് മാർക്കറ്റ് കൂട്ടക്കൊല അല്ലെങ്കിൽ കലാപം എന്നൊക്കെ അറിയപ്പെട്ടത്.തുടർന്ന് നടന്ന തൊഴിലാളി സമ്മേളനങ്ങളിൽ ഈ ഹേയ് മാർക്കറ്റ് കൂട്ടക്കൊല ചർച്ച ചെയ്യപ്പെടുകയും ആ തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ ഗൗരവമായി വിശകലനം ചെയ്യപ്പെടുകയും ചെയ്തു. എട്ടു മണിക്കൂർ ജോലി സമയം എന്ന പ്രാഥമിക ആവശ്യം അംഗീകരിക്കപ്പെട്ട ഓർമ്മ പുതുക്കാൻ മേയ് ഒന്ന് ലോക തൊഴിലാളി ദിനമായി ആഘോഷിക്കാനും ധാരണയായി.
ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ ഏതാണ്ട് എഴുപത് ശതമാനം രാജ്യങ്ങളും മേയ് ദിനം ആ ധാരണപ്രകാരം ഇന്ന് ആഘോഷിക്കുന്നു. ചുരുക്കം ചില രാജ്യങ്ങളിൽ ഇത് മറ്റൊരു ദിവസമാണ് എന്നതും ചില നാടുകളിൽ തൊഴിലാളി ദിനം പേരിനു പോലും ഇല്ല എന്നതും സൂചിപ്പിക്കാതെ പറ്റില്ല.
തൊഴിലാളി വർഗ്ഗം ഏതൊരു രാജ്യത്തിൻ്റെയും നിർണ്ണായക സാമൂഹ്യശക്തിയാണ്. അതിനാൽ തൊഴിലാളി ദിനത്തിന് എന്നും ചരിത്രത്തിൽ സ്ഥാനമുണ്ട്. അല്പം സ്വയം വിമർശനപരമായി പറഞ്ഞാൽ ഷിക്കാഗോയിൽ നിന്ന് ആരംഭിച്ച ഈ ദിവസത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യം പലതും ഒന്നര നൂറ്റാണ്ടായി ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നു എന്നതാണ് സത്യം. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് സർക്കാരോ അധികാരി സമൂഹങ്ങളോ വിലയിരുത്തുന്നതിനേക്കാൾ ഗൗരവത്തോടെ കാണേണ്ടത് ഇവിടുത്തെ തൊഴിലാളി സമൂഹം തന്നെയാണ്.
എന്തുകൊണ്ടാണ് തൊഴിലാളി വർഗ്ഗം അവർ അർഹിക്കുന്നതോ ആഗ്രഹിക്കുന്നതോ ആയ നിലവാരത്തിലേക്ക് ഉയരാതെ പോയത് എന്ന് ചിന്തിക്കുമ്പോൾ അതിന് നിരവധി കാരണങ്ങൾ ഉണ്ട്.അതിൽ ഏറ്റവും പ്രധാന കാരണം തൊഴിലാളിവർഗ്ഗ നിർവ്വചനത്തിൽ ഓരോ കാലത്തിലും പൊതു സമൂഹത്തിന് ഉണ്ടായ അബദ്ധ ധാരണയാണ്. ഫാക്റ്ററിയിൽ പണിയെടുക്കുന്നവരും പാടത്തും പറമ്പിലും ജോലി ചെയ്യുന്നവരും മാത്രമാണ് തൊഴിലാളികൾ എന്ന് നമ്മൾ മലയാളികൾ പോലും വിശ്വസിച്ചു പോന്നു. അതു കൊണ്ടു തന്നെ തൊഴിൽ ചെയ്ത് ജീവിക്കുന്ന ഭൂരിപക്ഷം പേരും നിയമപരമായും അല്ലാതെയും ഈ വർഗ്ഗത്തിന് പുറത്ത് നിന്നു.തൊഴിലാളിയുടെ പ്രശ്നം എന്നാൽ അത് എൻ്റെ പ്രശ്നം അല്ല എന്ന് ഗൾഫിൽ ജോലി ചെയ്യുന്നവരും, ഇവിടെ സ്വന്തമായി ഒരു വർക്ക്ഷോപ്പ് നടത്തുന്നവരും ധരിച്ചു വെച്ചിരുന്നു.അത് ഒന്നാമത്തെ പ്രശ്നം.
രണ്ടാമതായി സംഘടിതമേഖല മാത്രമാണ് തൊഴിൽ മേഖല എന്ന സർക്കാരിൻ്റെ നയം. രാഷ്ട്രീയമായോ സംഘടനാപരമായോ സംഘടിച്ചിട്ടുള്ളവർക്ക് മാത്രം തൊഴിലാളി എന്ന പദവി നൽകാനാണ് വിവിധ സർക്കാർ നയങ്ങൾ ശ്രമിച്ചത്.അതിനാൽ അംഗീകരിക്കപ്പെടാത്ത ലിസ്റ്റിൽ ഉള്ളവർ പുറത്ത് നിന്നു.ഇത് ഒരു പ്രധാന ന്യൂനതയായി മനസിലാക്കാൻ ഒരു ഭരണാധികാരിക്കും കഴിഞ്ഞില്ല.
മൂന്നാമത്തെ വിഷയം പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും തൊഴിലാളികളെ വിഘടിപ്പിച്ച് അവരവരുടെ കൊടിക്കീഴിൽ മാത്രം ഒതുക്കി നിർത്താൻ കക്ഷിരാഷ്ട്രീയക്കാർക്ക് കഴിഞ്ഞു. അതിനാൽ തൊഴിലാളികളെ ബാധിക്കുന്ന പൊതു വിഷയങ്ങളിൽ പോലും ഒരുമിച്ച് നിന്ന് പോരാടാൻ തൊഴിലാളിക്ക് കഴിയാതെയായി. കാലാകാലങ്ങളിൽ മാറി മാറി വരുന്ന സർക്കാർ നയങ്ങളെ പിന്തുണച്ച് സ്വന്തം അവകാശങ്ങൾ അടിയറ വെക്കേണ്ട അവസ്ഥ തൊഴിലാളിക്ക് ഉണ്ടായി.
ഇനിയുമുണ്ട് നിരവധി വിഷയങ്ങൾ. അത് ഒരു വലിയ ക്യാൻവാസിൽ ചർച്ച ചെയ്യേണ്ടതാണ് എന്നതിനാൽ ഇവിടെ അവതരിപ്പിക്കുന്നതിൽ അർത്ഥമില്ല. എന്തായാലും നമുക്ക് ഈ മേയ് ദിനമെന്നാൽ മാറിയും തിരിഞ്ഞും ഒരു സൈക്കിൾ റാലിയും മുക്കിന് മുക്കിന് ഓരോ പതാക ഉയർത്തലും മാത്രമാണോ വേണ്ടത് എന്ന് പൊതുസമൂഹം ചിന്തിക്കണം. ഈ സമൂഹത്തിൽ നമ്മൾ ഭൂരിപക്ഷവും തൊഴിലാളികൾ തന്നെയാണ്. വ്യക്തമായ ഒരു തൊഴിൽ സംസ്ക്കാരം വളർത്തിയെടുക്കുകയും തൊഴിലാളിവർഗ്ഗ ബോധം നവീകരിക്കുകയും ചെയ്യാതെ ഒരു നാടും പുരോഗതിയിലേക്ക് അതിവേഗം പോകില്ല എന്ന് തിരിച്ചറിയുക.
ഒന്നര നൂറ്റാണ്ട് പഴക്കമുള്ള തൊഴിൽ ദിന ആഘോഷങ്ങളിൽ ഇത്തവണത്തെ ആഘോഷത്തിൻ്റെ പ്രത്യേകത ഞാൻ വിവരിക്കേണ്ടതില്ലല്ലോ. പുതിയ സാഹചര്യ ത്തിൽ ലോക തൊഴിലാളി വർഗ്ഗം ഒരു കാലത്തും നേരിടാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ലോകത്തിൻ്റെ ആകെയുള്ള ഇന്നത്തെ സാമ്പത്തിക സ്ഥിതി ബാധിക്കുന്നത് തൊഴിലാളി വർഗ്ഗത്തെത്തന്നെയാണ്.
ലോകത്തിൻ്റെ നിരുകയിൽ നിന്ന് താഴെയിറങ്ങി നമ്മുടെ നാടിൽ കാലുറപ്പിച്ച് നിന്നാൽ അതിലും ഗുരുതരമായ അവസ്ഥയാണ് കേരളം നേരിടാൻ പോകുന്നതെന്ന് ഇന്ന് ഓരോ കൊടികൾ ഉയർത്തുമ്പോഴും നമ്മൾ മനസിലാക്കണം. തൊഴിൽ നഷ്ടപ്പെട്ട് സ്വന്തം നാട്ടിലേക്ക് വണ്ടി കയറാൻ കാത്തു കിടക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾ ഒരു ഭാഗത്തും അതിനേക്കാളധികം പ്രവാസികൾ അന്യനാടുകളിൽ സുരക്ഷിതരല്ലാതെ മറുഭാഗത്തും.
സർവ്വ രാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ എന്ന് പറയാൻ നാവ് അനങ്ങാത്ത അവസ്ഥ.ഒപ്പം നമുക്ക് നഷ്ടപ്പെടാൻ പലതും ഉണ്ടായിരുന്നു എന്ന് തൊഴിലാളി തിരിച്ചറിയുന്ന അവസ്ഥ.ഈ ദുരവസ്ഥയിൽ നിന്നു കൊണ്ട് പഴയ മുദ്രാവാക്യങ്ങളും നയങ്ങളും തൊഴിലാളിയും മുതലാളിയും ഒരു പോലെ തിരുത്തി പുതിയ ലോകം നിർമ്മിക്കേണ്ട സാഹചര്യം.
ലോകത്തിലെ ഏറ്റവും വലിയ ചാലകശക്തി യായ സർവ്വ രാജ്യത്തൊഴിലാളികളും ഒരുമിച്ച് സംഘടിച്ച് ഈ ലോകം പഴയപടി നിർമ്മിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട ദിവസമാണ് ഇന്ന്. ആ പ്രതിജ്ഞക്ക് ഒപ്പം എൻ്റെയും നിങ്ങളുടേയും മനസിൽ ഉയരുന്ന കൊടിയുടെ നിറം ഏതായാലും ബോധം ഒന്നായിരുന്നാൽ നമ്മൾ ലക്ഷ്യം കാണും. അതിന് തൊഴിലാളി വർഗ്ഗത്തിന് കഴിയണം എന്ന് ആഗ്രഹിച്ചു കൊണ്ട് ലോകത്താകമാനമുള്ള തൊഴിലാളികൾക്ക് ഹൃദയത്തിൽ ചേർത്ത സല്യൂട്ട് സമർപ്പിച്ചു കൊണ്ട് ഒരു പുതുസുപ്രഭാതവും അത് വാഗ്ദാനം ചെയ്യുന്ന പുതുയുഗപ്പിറവിയും ആശംസിക്കുന്നു.
0 അഭിപ്രായങ്ങള്‍