Ticker

6/recent/ticker-posts

സുശീലം....ഷീലം.....



സുശീലം....ഷീലം.....

എം.എസ്.വിനോദ്.
------------------------------
ഷീലയെ പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ....
മലയാളം എന്നും ഓമനിക്കുന്ന കറുത്തമ്മ കറുത്തതല്ലെന്നും തനി തങ്കമാണെന്നും നമുക്ക് അറിയാം. ഷീല നമുക്ക് വെറുമൊരു ചലച്ചിത്ര നടി മാത്രമല്ല.ഷീലയിലേക്ക് പോകും മുന്‍പ് നമുക്ക് ഒരു സിനിമയുടെ കഥ കേള്‍ക്കാം. കഥ കേട്ടാല്‍ മാത്രം പോരാ.... ആ കഥയില്‍ നിങ്ങള്‍ക്ക് പരിചയമുള്ള മറ്റൊരു കഥയുണ്ടോ എന്ന് നിങ്ങള്‍ തന്നെ പറയണം. അത് ഇനി
എനിക്ക് തോന്നിയതാണോ എന്നും അറിയണമല്ലോ.......ഷീല സംവിധാനം
ചെയ്ത് 1976 ല്‍ പുറത്തിറങ്ങിയ യക്ഷഗാനം എന്ന സിനിമയുടെ കഥയാണ്
ഞാന്‍ പറയാന്‍ പോകുന്നത്. ശ്രദ്ധിച്ച് കേള്‍ക്കണം....
ബിസിനസുകാരനായ രവിയും ഭാര്യ സാവിത്രിയും അടങ്ങുന്ന കുടുംബം. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് കൂടുതല്‍ നാളായില്ല. മധുവിധു തീര്‍ന്നിട്ടില്ല എന്ന് അര്‍ത്ഥം. സിനിമയില്‍ മധുവും ഷീലയുമാണ് യഥാക്രമം രവിയും സാവിത്രിയുമായി വേഷമിടുന്നത്.രവിയുടെ അമ്മാവനും അമ്മാവിയും ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ആഫ്രിക്കയില്‍ നിന്നും ഒരു മാസം മുന്‍പ് വന്ന് ഇവരോടൊപ്പം താമസിക്കുന്നുണ്ട്. അടൂര്‍ ഭാസിയും അടൂര്‍ ഭവാനിയും ഈ വേഷങ്ങള്‍ ചെയ്യുന്നു. രവിയുടെ ഭാര്യ സാവിത്രി ഒരു നാടന്‍ പെണ്ണാണ്.ധനിക കുടുംബത്തില്‍ ജനിച്ചിട്ടും അവള്‍ ഇപ്പോഴും മുണ്ടും നേര്യതും ആണ് ധരിക്കുന്നത്. മാത്രമല്ല രവി ഓഫീസില്‍ പോയാല്‍ അവള്‍ അധികസമയവും പൂജാമുറിയിലും അമ്പലത്തിലുമാണ് സമയം ചിലവഴിക്കുന്നത്. അടക്കവും ഒതുക്കവും മാത്രമല്ല ഭയവും ഭക്തിയുമുള്ള തനി മലയാളി പെണ്ണാണ് സാവിത്രി. ഭയം അവളുടെ കൂടപ്പിറപ്പ് ആണെന്ന് ഭര്‍ത്താവും അവളുടെ വീട്ടുകാരും ഇടയ്ക്ക് പറയാറുണ്ട്.
ഈ കുടുംബസാഹചര്യത്തിലേക്ക് സാവിത്രിയുടെ മൂത്ത സഹോദരന്‍ ഡോക്ടര്‍ വേണുഗോപാല്‍(കെ.പി.ഉമ്മര്‍) അമേരിക്കയില്‍ നിന്നും എത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. ആ ഒരു അവധിക്കാലം ചിലവഴിക്കാന്‍ ഇവരെല്ലാം കൂടി രവിയുടെ സ്വന്തം എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് അടുത്ത ദിവസം തന്നെ പുറപ്പെടുന്നു.ബംഗ്ലാവില്‍ വേലക്കാരായി മണവാളന്‍ ജോസഫും ഭാര്യയും ഉണ്ട്. അടൂര്‍ ഭാസി,അടൂര്‍ ഭവാനി, മണവാളന്‍ ജോസഫ് എന്നിവര്‍ അടങ്ങുന്ന ഹാസ്യനിര നമ്മളെ
ചിരിപ്പിക്കാന്‍ വേണ്ടതൊക്കെ ഒരുക്കുന്നുമുണ്ട്.
ബംഗ്ലാവില്‍ എത്തിയ ആദ്യത്തെ ദിവസം നടക്കാനിറങ്ങിയ രവിയും സാവിത്രിയും കുന്നിന്‍ചരിവും, പാറക്കെട്ടുകളില്‍ കൂടി ഒഴുകുന്ന പുഴയുടെ തീരവും ഒക്കെ നടന്നുകണ്ടു. കുന്നില്‍ മുകളിലെ ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒരു വലിയ വൃക്ഷം രവിയില്‍ ചില ഗതകാലഓര്‍മ്മകള്‍ ഉണര്‍ത്തുന്നുണ്ട്. പുഴയോരത്തെ ചില പ്രത്യേക ശബ്ദങ്ങളും ആ സാഹചര്യവും സാവിത്രിയില്‍ ഒരു അസ്വസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു.
അവിടം മുതല്‍ സിനിമയുടെ ഗതി മാറുകയാണ്. വീട്ടില്‍ മടങ്ങിയെത്തിയ സാവിത്രി എന്തോകണ്ട് ഭയപ്പെടുകയും ബോധം കെട്ട് വീഴുകയും ചെയ്യുന്നു. ഒന്ന് ഉറങ്ങി ഉണര്‍ന്ന സാവിത്രിയുടെ പിന്നീടുള്ള രീതികള്‍ വിചിത്രമായിരുന്നു. കണ്ണുതുറന്ന അവള്‍ ഭര്‍ത്താവിനെ രവി എന്ന് വിളിച്ചാണ് ആലിംഗനം ചെയ്യുന്നത്. അന്നുവരെ രവിയേട്ടാ എന്ന് മാത്രം വിളിക്കുന്ന അവളുടെ ഈ പെരുമാറ്റം രവിയെ ഒന്ന് അത്ഭുതപ്പെടുത്തിയെങ്കിലും അയാള്‍ അത് കാര്യമാക്കുന്നില്ല. എന്നാല്‍ സഹോദരന്‍ വേണുവിനെ കണ്ടപ്പോള്‍ തുടക്കത്തില്‍ സാവിത്രി തിരിച്ചറിയുന്നില്ല എന്നത് വേണുവില്‍ സംശയത്തിന് ഇടനല്‍കുന്നുണ്ട്. തുടര്‍ന്നുള്ള സാവിത്രിയുടെ രീതികളെല്ലാം ആ വീട്ടിലുള്ളവരെ ആശയക്കുഴപ്പത്തില്‍ എത്തിക്കുന്നുണ്ട്.
സ്ഥിരം വേഷമായ മുണ്ടും നേര്യതും സാവിത്രി ഉപേക്ഷിക്കുന്നു. സാരിയുടുത്തു പൂക്കള്‍ തലയില്‍ ചൂടി അവള്‍ മറ്റൊരു പെണ്ണായി മാറുകയായിരുന്നു.സാവിത്രിയിലെ ഈ മാറ്റങ്ങള്‍ ഭര്‍ത്താവ് രവി അടക്കം എല്ലാവരും അവഗണിച്ചപ്പോള്‍ സഹോദരനും ഡോക്ടറുമായ വേണുവിന്‍റെ ശ്രദ്ധയില്‍ മാത്രം അത് കൂടുതല്‍ സംശയം വളര്‍ത്തുന്നു. വേണു സൂക്ഷ്മമായി സാവിത്രിയെ നിരീക്ഷിക്കാന്‍ തുടങ്ങി. ഒരു ദിവസം വീട്ടില്‍ നിന്നും പുറത്തിറങ്ങി നടന്നപ്പോകുന്ന സാവിത്രിയെ അവള്‍ അറിയാതെ വേണു പിന്തുടരുന്നു. കുന്നിന്‍റെ താഴ്വാരത്തുള്ള ഒരു കുടിലില്‍ ആണ് സാവിത്രി എത്തിച്ചേര്‍ന്നത്. അവിടെ എത്തിയ സാവിത്രി ആ വീട്ടില്‍ താമസിക്കുന്ന പ്രായമായ സ്ത്രീയെ അമ്മ എന്ന് സംബോധന ചെയ്തു സംസാരിക്കുന്നതും ആ വീട്ടില്‍ സ്ഥിരപരിചമുള്ള ഒരാളായി പെരുമാറുന്നതും കണ്ട് വേണു അമ്പരക്കുന്നു.
തുടര്‍ന്നു വേണു ഒരു കുറ്റാന്വേഷകനെ പോലെ രവിയുടെ കൗമാരത്തിലെ
ഒരു പ്രണയകഥ തേടിക്കണ്ടുപിടിക്കുന്നു. രവി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയിച്ചിരുന്ന രജനി എന്ന പെണ്ണിന്‍റെ ആത്മാവാനാണ് ഇപ്പോള്‍ സാവിത്രിയില്‍ കടന്നുകൂടിയിരിക്കുന്നത് എന്ന് വേണു കണ്ടെത്തുന്നു. ആ
ആത്മാവിന്‍റെ ഉദ്ദേശം രവിയുടെ ആത്മാവിനെ കൂടെ കൊണ്ടുപോകാൻ ആണെന്ന് മനസിലാക്കുന്ന വേണു ആകെ ആശയക്കുഴപ്പത്തില്‍ ആയി.
രവി പഠിക്കുന്ന കാലത്ത് എസ്റ്റേറ്റ് ജോലിക്കാരനായ ഒരു ഒരാളുടെ മകളായ
രജനിയെ സ്നേഹിച്ചിരുന്നു. ആദ്യമൊക്കെ രവിയുടെ അച്ഛന്‍ വിവാഹത്തിന്
എതിരായി നിന്നെങ്കിലും ഒടുവില്‍ സമ്മതിക്കുന്നു. എന്നാല്‍ രജനിയുടെ
മുറച്ചെറുക്കന്‍ അവളെ അപായപ്പെടുത്താന്‍ നടത്തിയ ശ്രമത്തിനിടയില്‍ രജനി പുഴയില്‍ വീണ് മരിക്കുകയാണ് ഉണ്ടായത്. കൊതിതീരും വരെ പ്രണയിച്ചു തീരാത്ത രജനിയുടെ ആത്മാവ് വര്‍ഷങ്ങളായി ആ ബംഗ്ലാവിന് ചുറ്റും കറങ്ങി നടക്കുകയും ഒരു അവസരം വന്നപ്പോള്‍ സാവിത്രിയുടെ ശരീരത്തില്‍ പ്രവേശിക്കുകയും ആണ് ചെയ്തത്.
സഹോദരിയുടെ ശരീരത്തില്‍ പ്രവേശിപ്പിച്ചിട്ടുള്ള രജനിയുടെ ആത്മാവില്‍ നിന്നും സഹോദരിയെ രക്ഷിക്കുക എന്നത് മാത്രമല്ല, രവിയുടെ ജീവന്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും വേണുവിന്‍റെ ആകുന്നു. അതിനായി ആരോടും പറയാതെ വേണു നഗരത്തിലെ തന്‍റെ സുഹൃത്തായ പ്രശസ്ത മനോരോഗ ഡോക്ടറെ പോയി കണ്ട് ഉപദേശം തേടുന്നു. ആത്മാക്കള്‍ ഉണ്ടെന്നും
അവര്‍ക്ക് അന്യശരീരങ്ങളില്‍ കടന്നുകയറി ഇതുപോലെ അവര്‍ ആഗ്രഹിക്കുന്ന
പലതും ചെയ്യാന്‍ കഴിയുമെന്നും നിരവധി ഉദാഹരണങ്ങളും ശാസ്ത്രീയ തെളിവുകളും പുരാണകഥകളും നിരത്തി മനശാസ്ത്രജ്ഞന്‍ സ്ഥാപിക്കുന്നു.
അടുത്ത ദിവസം അമാവാസി ആണെന്നും ആ അമാവാസി ദിവസം രജനിയായി ഇപ്പോള്‍ മാറിയിട്ടുള്ള സാവിത്രി രവിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ രവിക്ക് മരണമാണ് സംഭവിക്കുകയെന്നും മനശാസ്ത്രജ്ഞനും വേണുവും കൂടി ഒരു നിഗമനത്തില്‍ എത്തുന്നു. അത് എങ്ങനെയെങ്കിലും തടഞ്ഞാല്‍ രണ്ടുപേരുടെയും
ജീവന്‍ രക്ഷിക്കാന്‍ സാധിയ്ക്കും എന്ന ശാസ്ത്രജ്ഞന്‍റെ ഉപദേശം സ്വീകരിച്ചു കൊണ്ട് മഹത്തായ ആ ദൗത്യം ഏറ്റെടുത്ത് നടപ്പാക്കാന്‍തന്നെ ഡോക്ടര്‍ വേണു തീരുമാനിക്കുന്നു. ബംഗ്ലാവില്‍ മടങ്ങിയെത്തുന്ന വേണു കാര്യങ്ങള്‍ വിശദമായി രവിയെ ധരിപ്പിക്കുന്നു. സാവിത്രിയുടെ രോഗം മാറാന്‍ എന്ത് ത്യാഗത്തിനും തയാറായി നില്‍ക്കുന്ന രവി വേണുവിന്‍റെ നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്കാന്‍ തയാറാകുന്നു. ഇതിനിടയില്‍ സാവിത്രിയെ മദ്രാസില്‍ കൊണ്ടുപോയി ചികില്‍സിപ്പിക്കാന്‍ വരെ രവി ഒരുങ്ങുന്നുണ്ട്. എന്നാല്‍ ഈ അമാവാസി കടന്നുകിട്ടിയാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും എന്ന വേണുവിന്‍റെ ഉറപ്പില്‍ അവർ ഒരുമിച്ച് ഒരു പദ്ധതി തയാറാക്കി രവിയെ ഒറ്റയ്ക്ക് ഉറങ്ങാന്‍ വിട്ട് വേണു ഉറക്കമൊഴിച്ച് ബംഗ്ലാവില്‍ കാവലിരിക്കുന്നു.
ഇത്രയും കഥ ഞാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് അടുത്തകാലത്ത് കണ്ട ഏതെങ്കിലും ഒരു സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ കഥയുമായി ഒരു സാമ്യം തോന്നുണ്ടോ. ആ സിനിമയുടെ പേര് ഞാന്‍ സൂചിപ്പിക്കുന്നില്ല. എന്നാല്‍ നാല്‍പ്പത്തിയഞ്ച് വർഷം മുന്‍പ് പുറത്തിറങ്ങിയ ഈ സിനിമയില്‍ നിന്നും അതുപോലെ പതിച്ചെടുത്ത നിരവധി രംഗങ്ങളും മുഹൂര്‍ത്തങ്ങളും എന്തിന് സംഭാഷണങ്ങള്‍ പോലും ഉണ്ട് നിങ്ങള്‍ ഉദേശിക്കുന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലും. ഡോക്ടര്‍ വേണുവിന് തടയാന്‍ കഴിയാത്ത ഒരു വലിയ ദുരന്തത്തില്‍ ആണ് യക്ഷഗാനം അവസാനിക്കുന്നത്.എന്നാല്‍ സൂപ്പര്‍ ചിത്രം എല്ലാവരെയും സന്തോഷിപ്പിക്കുന്ന ഒരു സുഖപര്യവസാനം ആണ് എന്ന് മാത്രം.
യക്ഷഗാനം യൂ ട്യൂബില്‍ ലഭ്യമായതിനാല്‍ അത് കണ്ട് ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്താന്‍ താല്പര്യമില്ലാത്തതിനാല്‍ ക്ലൈമാക്സ് ഞാന്‍ ഇവിടെ പറയുന്നില്ല.
യക്ഷഗാനത്തിന്‍റെ ഏറ്റവും വലിയ ഹൈ ലൈറ്റ് നിശീഥിനീ.....എന്ന് തുടങ്ങുന്ന ഒരു ഗാനമാണ്.
''നിശീഥിനീ..... നിശീഥിനീ......
ഞാനൊരു രാപ്പാടീ
പാടാം..... പാടാം.... എന്‍ വിരഹഗാനം
പ്രാണനിലുണരും യക്ഷഗാനം.....''
എന്ന ഗാനവും അതിന്‍റെ തുടക്കത്തിലെ ആ..... എന്ന ഹമ്മിങ്ങും തുടര്‍ന്നു നിരവധി സിനിമകളിലും സീരിയലുകളിലും എന്തിന് കോമഡി ഷോകളിൽ വരെ പ്രേതങ്ങളെ അവതരിപ്പിക്കാന്‍ അവതരണഗാനമായി ഇപ്പോഴും ഉപയോഗിച്ചുവരുന്നു.
''തേന്‍ കിണ്ണം പൂങ്കിണ്ണം
താഴേക്കാട്ടിലെ താമരക്കുളമൊരു
തേന്‍ കിണ്ണം പൂങ്കിണ്ണം
താഴേക്കാട്ടിലെ താമരക്കുളമൊരു
തേന്‍ കിണ്ണം പൂങ്കിണ്ണം.....''എന്ന ഗാനവും
''അറുപത്തിനാലു കലകൾ
അവയുടെ മുഖങ്ങളിൽ നവരസങ്ങൾ
കലകളിൽ കാമമൊരപ്സര സ്ത്രീ......''എന്ന ഗാനവും എന്നത്തേയും ഹിറ്റ് ഗാനങ്ങള്‍ ആണ്.
വയലാര്‍ രാമവര്‍മ്മയുടെ ഗാനങ്ങള്‍ എല്ലാം സിനിമയുടെ വിഷയവുമായി അലിഞ്ഞ് നില്‍ക്കുന്നതാണ്. വയലാര്‍ അന്തരിച്ചതിന് ശേഷമാണ് ഈ ചിത്രവും ഗാനങ്ങളും പുറത്തുവന്നത് എന്നതുകൊണ്ട് വയലാറിന്റെ അവസാനകാല രചനകളുടെ കൂട്ടത്തില്‍ ഈ ഗാനങ്ങളും ഉള്‍പ്പെടും. സിനിമ തുടങ്ങുന്നതുതന്നെ വയലാറിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ്.
ഈ സിനിമയുടെ കഥ സിനിമയുടെ ടൈറ്റിലില്‍ എഴുതി കാണിക്കുന്നത് മേധാവി എന്ന ഒരു പേരാണ്.അത് സത്യത്തില്‍ ആരാണ് എന്ന് എനിക്ക് വ്യക്തമല്ല. എന്നാല്‍ തിരക്കഥയും സംഭാഷണവും എഴുതിയത് എസ്.എല്‍.പുരം സദാനന്ദന്‍ ആണ്. മലയാളത്തിലെ ആദ്യത്തെ സ്ത്രീ സംവിധായകയെന്ന പേര് ഈ സിനിമയിലൂടെ ഷീല നേടിയെടുത്തു എന്നാണ് വിശ്വസിക്കുന്നത്. പിന്നീട് ജയനെ നായകനാക്കി മലയാളത്തില്‍ ''ശിഖരങ്ങള്‍'' എന്ന ഒരു സിനിമയും ജയഭാരതിയെ നായികയാക്കി തമിഴില്‍ ''നിനൈവുകളേ നീങ്കിവിട്'' എന്ന ഒരു ടെലി ഫിലിമും ഷീല സംവിധാനം ചെയ്തിട്ടുണ്ട്.
നല്ല ഒരു എഴുത്തുകാരികൂടിയായ ഷീലയുടെ പേരില്‍ മുപ്പതോളം ചെറുകഥകളും ''കുയിലിന്റെ കൂട്'' എന്ന ഒരു നോവലും ഉണ്ട്. കൂടുതല്‍ ആര്‍ക്കും അറിയില്ലയെങ്കിലും ഷീല ഒരു നല്ല ചിത്രകാരി കൂടിയാണ്. മനോഹരമായി ചിത്രം വരയ്ക്കുന്ന അവരുടെ ചിത്രപ്രദര്‍ശനം ഒരിക്കല്‍ കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി. എനിയുമുണ്ട് ഷീലയെക്കുറിച്ച് പറയാന്‍ കുറെയധികം കാര്യങ്ങള്‍ .
പ്രേംനസീര്‍,സത്യന്‍ എന്നിവരൊക്കെ കൂടി മലയാള സിനിമയില്‍ ആദ്യത്തെ താര സംഘടന ഉണ്ടാക്കിയപ്പോള്‍ അതിന്‍റെ അമരത്ത് ഉണ്ടായിരുന്നു ഷീല.മലയാള ചലച്ചിത്ര പരിഷത്ത് എന്ന ആ സംഘടനയ്ക്ക് പ്രവര്‍ത്തന ഫണ്ട് ഉണ്ടാക്കാന്‍ കേരളത്തില്‍ ഉടനീളം ഷീലയും
നസീറും സത്യനുമൊക്കെ ചേര്‍ന്ന് നാടകം കളിച്ചിട്ടുണ്ട്. എറണാകുളത്ത് അന്ന്
ആ സംഘടനയ്ക്ക് മുപ്പത് സെന്‍റ് സ്ഥലവും ഓഫീസും ഉണ്ടായിരുന്നു. പ്രതിഫലം ലഭിക്കാത്തവര്‍ക്ക് അത് വാങ്ങി കൊടുക്കാനും സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കാനും ഒക്കെ ആ സംഘടനയ്ക്ക് അന്ന് കഴിഞ്ഞിട്ടുണ്ട്. നിലവില്‍ അതിന്‍റെ അവസ്ഥ എന്താണ് എന്ന് അറിയില്ല.
പ്രേംനസീറിനൊപ്പം ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായികയായി എന്ന
മലയാളത്തിലെ റെക്കാര്‍ഡ് ഒരുപക്ഷേ ലോക സിനിമയിലെ തന്നെ റെക്കാര്‍ഡ്
ആയിരിക്കാം. മലയാളത്തില്‍ ആദ്യത്തെ ഫാന്‍സ് അസോസിയേഷന്‍ ഷീലയുടെ പേരിലാണ് ഉണ്ടായത് എന്നതും അത് എപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്നതും നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് അതിലൂടെ ഷീല ഇന്നും നേതൃത്വം കൊടുക്കുന്നുണ്ട് എന്നതും സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ്.
ന്യൂ ജനറേഷന്‍ വിലയിരുത്തുമ്പോൾ അല്പം അമിതാഭിനയം ഉണ്ടെന്ന് തോന്നാമെങ്കിലും ഒരു കാലത്ത് ആ കാലം ആവശ്യപ്പെട്ട അഭിനയം അവര്‍ നമുക്ക് നല്കി എന്നത് സമ്മതിക്കാതെ വയ്യ. അല്പം വിവാദം ഉണ്ടാകുമെങ്കിലും ഷീലയെപ്പറ്റിയുള്ള ഒരു ശ്രുതി കൂടി സൂചിപ്പിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.ഒത്തിരി പ്രസിദ്ധമായ പഴയ സ്മാര്‍ത്ത വിചാരത്തിലെ കുറിയേടത്ത് താത്രിയുടെ ചെറുമകളാണ് ഷീല എന്ന് ഒരു സംസാരം ഉണ്ട്. അവര്‍തന്നെ അത് ഒരിക്കല്‍ സമ്മതിക്കുകയും പിന്നീട് നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാലും പകരം വെക്കാനാകാത്ത മലയാള സൗന്ദര്യമായി അവര്‍ എപ്പോഴും നമ്മളോടൊപ്പമുണ്ട് എന്നത് സന്തോഷം.

                                                     എം.എസ്.വിനോദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍

  1. പതിവുപോലെ ആകാംക്ഷ ജനിപ്പിക്കുന്ന എഴുത്ത്.
    സത്യസന്ധമായും വിശദമായും എഴുതി..തുടരൂ. ആശംസകൾ

    മറുപടിഇല്ലാതാക്കൂ