Ticker

6/recent/ticker-posts

ഉദയാമൃതം @ എം.എസ്.വിനോദ്



പ്രിയ സൗഹൃദങ്ങൾക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു....
നീലാംബരിയുടെ ഉദയാമൃതം ആയിരം ലക്കങ്ങളിലേക്ക് അടുക്കുകയാണ്.ഈ ആയിരം ലക്കങ്ങൾ നൂറുകണക്കിന് എഴുത്തുകാർ ചേർന്നാണ് എല്ലാ ദിവസവും നിങ്ങൾക്ക് മുന്നിൽ മുടങ്ങാതെ എത്തിക്കുന്നത്. മൂന്ന് വർഷമായി തുടരുന്ന ഉദയാമൃതത്തിൽ ഇതിന് മുൻപ് ഒരിക്കൽ മാത്രം പകരക്കാരനായി ഒരു ദിവസം വന്നത് മാറ്റി നിർത്തിയാൽ എൻ്റെ സംഭാവന വെറും വട്ടപ്പൂജ്യമാണ്. അതിന് കാരണം മറ്റൊന്നുമല്ല. ഉദയാമൃതം പകർന്നു തരുന്ന വെളിച്ചത്തിനും സന്ദേശത്തിനും പാകപ്പെട്ടതല്ല എൻ്റെ മനസും ചിന്തയും എന്നതുകൊണ്ടും, എനിക്ക് അറിയാവുന്ന കാര്യങ്ങളേക്കാൾ എനിക്ക് അറിയാത്ത കാര്യങ്ങളാണ് അധികം എന്നതുകൊണ്ടും ഈ വലിയ സംരംഭത്തിൽ നിന്നും ഞാൻ ബോധപൂർവ്വം ഒഴിഞ്ഞു മാറുകയായിരുന്നു പതിവ്. എന്നിട്ടും ഒരു പകരക്കാരനായി ഇന്ന് വീണ്ടും എനിക്ക് വരേണ്ടി വന്നു.
ഉദയാമൃതം എഴുതാനിരിക്കുമ്പോഴാണ് ഈ ഉദയാമൃതമെഴുത്ത് എത്രയോ കഠിനം എന്ന് എനിക്ക് ബോധ്യമാകുന്നത്.കരിമലക്കയറ്റ ത്തേക്കാൾ പ്രയാസം... ഈ പ്രയത്നം ഭംഗിയായി നിർവ്വഹിക്കുന്ന എൻ്റെ സഹപ്രവർത്തകരായ മുഴുവൻ ഉദയാമൃതമെഴുത്തുകാരെയും സല്യൂട്ട് ചെയ്യുന്നു.
എന്താണ് ഈ ദുരിതകാലത്ത് ഞാൻ നിങ്ങൾക്ക് നൽകേണ്ട സന്ദേശം എന്ന് ഇന്നലെ രാത്രി മുഴുവൻ ചിന്തിക്കുകയായിരുന്നു. ദിനവും ജീവിതത്തിലേക്ക് സന്ദേശങ്ങളുടെ പ്രവാഹമാണല്ലോ ഇപ്പോൾ.അതിനാൽ ഒരു സന്ദേശത്തിന് പ്രസക്തിയില്ല.മറ്റൊരു വിഷയത്തെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യാം.
നിലവിൽ നമ്മൾ നേരിടുന്ന അവസ്ഥയെക്കുറിച്ച് നല്ല ബോധം നമുക്കുണ്ട്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഏറ്റവും കൂടുതൽ വിചാരണ ചെയ്യപ്പെടുന്നത് ആരാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ. അത് മറ്റാരുമല്ല. ദൈവം തന്നെ...
ഈ വൈറസ് കാലത്ത് ഏറ്റവുമധികം പ്രകീർത്തിക്കപ്പെട്ടത് പ്രതിരോധനിരയിൽ മുന്നിൽ നിന്ന ആരോഗ്യ പ്രവർത്തകരും വിമർശിക്കപ്പെട്ടത് ദൈവവുമാണ്,ശരിയല്ലേ.
തീർച്ചയായും ആരോഗ്യ പ്രവർത്തകരെല്ലാം അർഹിക്കുന്നതാണ് ഈ ആദരവും പരിഗണ നയും. സ്വന്തം ജീവനും അവരവരുടെ കുടുംബവും മറന്ന് ഒരു മഹത്തായ പ്രസ്ഥാന ത്തിൽ മുന്നണിയിൽ നിന്ന് പോരാടുന്നവരാണ് ആരോഗ്യ പ്രവർത്തകർ. അവർ നമ്മുടെ മുന്നിൽ നമ്മൾ നേരിട്ടു കാണുന്ന ദൈവങ്ങളാണ്.
ദൈവം വിമർശിക്കപ്പെട്ട മറ്റൊരു സാഹചര്യം ഇതിന് മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ല. ഈ പ്രസ്താവന കേൾക്കുമ്പോൾ സ്വാഭാവികമായും ഇപ്പോൾ ചിലരെങ്കിലും എന്നോട് ചോദിക്കാം നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ എന്ന്. എന്നാൽ ദൈവം തന്നെയാകട്ടെ ഇന്നത്തെ ചിന്താവിഷയം.
എന്താണ് ഈ ദൈവം....?
മനുഷ്യൻ ചിന്തിക്കാനാരംഭിച്ച കാലം മുതൽ വിശ്വാസികളേയും അവിശ്വാസികളേയും ഒരു പോലെ വേട്ടയാടുന്ന ഒരു ചോദ്യമാണ് ഇത്. ഇതിൻ്റെ ഉത്തരം കണ്ടെത്താനോ,ഉണ്ടെന്നോ ഇല്ലെന്നോ സമർത്ഥിക്കാനോ ഞാൻ ശക്തനല്ല. ഉണ്ടെന്ന് വിശ്വസിക്കുന്നവരും ഇല്ലെന്ന് തർക്കിക്കുന്നവരും നമുക്കിടയിൽ ഉണ്ട്.
എന്താണ് ദൈവം എന്ന ചോദ്യത്തിന് നിത്യ ചൈതന്യയതി നൽകിയ ഉത്തരം വളരെ വളരെ രസകരമാണ്.
"ദൈവം എന്താണെന്ന് ദൈവത്തിന് മാത്രമേ അറിയൂ..... "
സ്വാമി വിവേകാനന്ദൻ കഴിഞ്ഞാൽ നമുക്ക് ഏറ്റവും പരിചിതനായ വിപ്ലവകാരിയായ സന്യാസിയാണ് ഗുരു നിത്യചൈതന്യയതി. എത്ര മനോഹരമായാണ് അദ്ദേഹം ഉത്തരം നൽകിയത്.ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്ന വർക്കും ഇല്ലെന്ന് സമർത്ഥിക്കുന്നവർക്കും ഒരുപോലെ തൃപ്തികരമായ ഉത്തരം കണ്ടെത്തിയതുകൊണ്ടാണ് അദ്ദേഹത്തെ നമ്മൾ വിപ്ലവകാരിയായ സന്യാസി എന്ന് വിളിച്ചത്.
നമുക്ക് അറിയാൻ കഴിയാത്ത പ്രപഞ്ച സത്യങ്ങൾ ശേഖരിച്ചുവെക്കാനുള്ള ഒരു പത്തായമാണ് ദൈവം എന്ന് ചിലരെങ്കിലും വിശ്വസിക്കുന്നുണ്ടാകും. നമ്മുടെ അറിവില്ലാ യ്മക്ക് നമ്മൾ പലപ്പോഴും ദൈവത്തിൽ അഭയം പ്രാപിക്കുകയും ചെയ്യും. അതു കൊണ്ടു തന്നെ ദൈവത്തെക്കുറിച്ചുള്ള ചർച്ച വളരെ സജ്ജീവമായി ഇന്നും ഈ ലോകത്ത് നടക്കുന്നു. പാമരനും പണ്ഡിതനും വിഢിയും ഭ്രാന്തന്മാരും കവികളും കലാകാരന്മാരും ദൈവത്തെ അവരവരുടെ യുക്തിയിൽ വ്യാഖ്യാനിക്കുന്നു. ചിലർ വിശ്വസിക്കുന്നു. മറ്റ് ചിലർ നിഷേധിക്കുന്നു. ഇവർ തമ്മിലുള്ള യുദ്ധമാണ് ഇന്ന് ലോകത്ത്‌ നടക്കുന്ന ഏറ്റവും വലിയ തർക്കം.
എന്നാൽ ആ തർക്കം ആരോഗ്യകരമായി ഈ രണ്ട് കൂട്ടരും മുന്നോട്ട് കൊണ്ടു പോയാൽ അത് മനുഷ്യൻ്റെ ബൗദ്ധികമണ്ഡലത്തെ കൂടുതൽ തിളക്കമുള്ളതാക്കാൻ ഉപകരിക്കും എന്ന് കരുതുന്ന പക്ഷക്കാരനാണ് ഞാൻ. ഇത് പറയേണ്ടി വന്നത് ഈ കൊറോണക്കാലത്തെ ചില അനുഭവങ്ങളിൽ നിന്നാണ്.
ഈസ്റ്റർ ദിനത്തിൽ നമ്മുടെ പ്രിയ സ്നേഹിത ഷൈല നെൽസൺ നീലാംബരി അംഗങ്ങൾക്ക് ആശംസ അർപ്പിച്ചുകൊണ്ട് ഒരു ലേഖനം എഴുതി. ആ സന്ദേശത്തിന് താഴെ ഒരു അംഗം രേഖപ്പെടുത്തിയ വില കുറഞ്ഞ അഭിപ്രായം ഷൈലനെൽസണെ മാത്രമല്ല മുഴുവൻ അംഗങ്ങളേയും വേദനിപ്പിക്കുന്നതായിരുന്നു. വിമർശനം അധികമായപ്പോൾ തമാശയായി പറഞ്ഞതാണ് എന്ന് പറഞ്ഞ് മാന്യവ്യക്തി തടി തപ്പി. ഒരാളിൻ്റെ വിശ്വാസത്തെ തമാശകൊണ്ട് മുറിവേൽപ്പിക്കുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്തി അദ്ദേഹം ഒരു നിമിഷം അനുഭവിച്ചിട്ടുണ്ടാകും. അവിടെയാണ് എന്താണ് ദൈവം എന്ന ചോദ്യത്തിന് പ്രസക്തി വർദ്ധിക്കുന്നത്.
വ്യത്യസ്തമായ നിരവധി ആശയങ്ങളും വ്യത്യസ്തമായ നിരവധി നിലപാടുകളും ഉള്ള നാടാണ് ഭാരതം. ഈ ചിന്താധാരകളെല്ലാം മനുഷ്യൻ്റെ നന്മയാണ് ആഗ്രഹിക്കുന്നത്. എതിരാളിയായ ഒരാളെ നമുക്ക് ആദരിക്കാൻ കഴിയുമ്പോഴാണ് വിശ്വാസി- അവിശ്വാസി വേദി സമ്പന്നമാകുന്നത്. വിരുദ്ധ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന രണ്ടുപേർക്കിടയിൽ അവർ പരസ്പരം സൂക്ഷിക്കുന്ന ആ ബഹുമാനത്തെയും ആദരവിനേയും നമുക്ക് തൽക്കാലം ദൈവം എന്ന് വിളിക്കാം. മനുഷ്യൻ തന്നെ ദൈവം എന്ന സങ്കല്പത്തിൽ എത്തുന്ന മഹത്തായ ലോകത്തിലാണ് നമ്മൾ ഇപ്പോൾ നിൽക്കുന്നത് എന്ന ബോധ്യം ഉണ്ടാകണം.
മനുഷ്യന് പഠിക്കുവാൻ മനുഷ്യനേക്കാൾ ശ്രേഷ്ഠമായ മറ്റൊരു നന്മയില്ല ഈ ലോകത്ത് എന്നാണ് സോക്രട്ടീസ് പറഞ്ഞത്.
ദൈവം, മതം, ഭക്തി, വിശ്വാസം എന്നിവയെല്ലാം ഒരാളിൻ്റെ സ്വകാര്യതയെന്ന് അംഗീകരിക്കാൻ കഴിയുകയും വ്യത്യസ്തമായ ചിന്താഗതി നമുക്ക് ഉണ്ടെങ്കിലും മറ്റൊരാളിൻ്റെ വിശ്വാസത്തെ ബഹുമാനിക്കാൻ ശ്രമിക്കുകയും ചെയ്താൽ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ശാരീരിക മത്സരം അവസാനിക്കും. ഒപ്പം വിവേകാനന്ദൻ ഒരിക്കൽ പറഞ്ഞതുപോലെ യുക്തിക്ക് മുകളിലുള്ള ഭക്തിയിൽ അടിയുറച്ചു നിന്നുകൊണ്ട് മതത്തെയും വിശ്വാസത്തേയും നവീകരിക്കാൻ വിശ്വാസികളും, ഒരു നശീകരണശക്തിയാകാ തെ സമൂഹത്തിൻ്റെ നവീകരണശക്തി യാകാൻ അവിശ്വാസിയും ശ്രമിക്കണം.
പ്രപഞ്ചത്തിൻ്റെ പൂമുഖത്ത് വാളും ചിലമ്പുമായി സിംഹാസനത്തിലിരിക്കുന്ന പ്രതിഭാസമല്ല ദൈവം എന്നത് തിരിച്ചറിയണം. ദൈവത്തിൻ്റെ പേരിൽ മതങ്ങൾ വേർതിരിച്ച് മനുഷ്യൻ പരസ്പരം മത്സരിക്കുമ്പോൾ നഷ്ടമാകുന്ന നന്മകൾ തിരികെ എത്തിക്കാൻ നമുക്ക് കഴിയണം. പരസ്പരസ്നേഹത്തിൻ്റെയും ബഹുമാനത്തിൻ്റെയും ത്യാഗത്തിൻ്റെയും മുത്തുകൾ കോർത്ത് ലോകത്തെ ആകെ ഒന്നായി കോർക്കാൻ ഈ കൊറോണ ഇടയാക്കുന്നു എങ്കിൽ നമ്മൾ അത് നൽകുന്ന പാഠങ്ങൾ കാണാതെ പഠിക്കുക തന്നെ വേണം.
ദിക്കും ദിശയും ഉദയവും അസ്തമയവും എല്ലാം ഒരു സങ്കല്പമാണെന്ന സത്യം പോലെ ഒപ്പമുള്ളവരുടെ ദൈവസങ്കല്പങ്ങളേയും നമുക്ക് ബഹുമാനിക്കാം... ഇന്ന് മാത്രമല്ല എന്നും നല്ല ഉദയ ചിന്തകൾ തെളിയട്ടെ...
ശുഭദിനം...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍