Ticker

6/recent/ticker-posts

കൊച്ചിൻ എക്സ്പ്രസ്.


എം. എസ്. വിനോദ്

വളരെ ചെറുപ്പം മുതൽ ഞാൻ പ്രേംനസീർ എന്ന നടൻ്റെ കടുത്ത ആരാധകനായിരുന്നു. എൻ്റെ കൂട്ടുകാരിൽ മിക്കവരും മധു, സത്യൻ തുടങ്ങി ആ കാലഘട്ടത്തിലെ മറ്റ് നടന്മാരോട് ഇഷ്ടം വെച്ചു പുലർത്തിയപ്പോൾ ഞാൻ പ്രേംനസീർ ഫാനായിത്തന്നെ തുടർന്നു. സത്യത്തിൽ ഇത് കേൾക്കുമ്പോൾ പലർക്കും ചുണ്ടിൽ ഒരു ചിരി വിടരാം.ഈ നടനെ ജയറാം ഉൾപ്പെടെയുള്ള നടന്മാർ അനുകരിക്കുന്നത് മാത്രം കണ്ട് അറിഞ്ഞിട്ടുള്ള പുതിയ തലമുറ പ്രേംനസീർ എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നതിൽ അത്ഭുതമില്ല.
പ്രേംനസീർ എന്ന നടനെ വിലയിരുത്താൻ മലയാളത്തിന് ഒരിക്കലും കഴിഞ്ഞിട്ടില്ല എന്നത് ഒരു സത്യമാണ്. വാണിജ്യ സിനിമയുടെ ബ്രാൻഡ് അംബാസഡർ മാത്രമായിരുന്നു നമുക്ക് പ്രേംനസീർ. ഇനിയും പുറത്തിറങ്ങാത്ത ത്യാഗസീമയിൽ തുടങ്ങിയ പ്രേംനസീർ യുഗം ഏതാണ്ട് നാല് പതിറ്റാണ്ട് മലയാളസിനിമയെ അടക്കി ഭരിച്ചു. പ്രധാനപ്പെട്ട ഒരു സംസ്ഥാന ദേശീയ പുരസ്ക്കാരങ്ങളും ലഭിച്ചിട്ടില്ല എന്നതാണ് പ്രേംനസീറിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട വിമർശനം. എന്നാൽ ഗിന്നസ് ബുക്കിലെ മൂന്ന് വിഭാഗങ്ങളിൽ സ്വന്തം പേര് അടയാളപ്പെടുത്താൻ കഴിഞ്ഞ നടനാണ് പ്രേംനസീർ. പത്മഭൂഷൺ മാത്രമാണ് പ്രേംനസീറിൻ്റെ പേരിൽ ഉറക്കെപ്പറയാവുന്ന ഒരു ബഹുമതി.

എന്നാൽ 2013 ൽ ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികം ആഘോഷിച്ചപ്പോൾ സിനിമാമേഖലയിലെ 50 പേരുടെ സ്റ്റാമ്പുകൾ പുറത്തു വന്നപ്പോൾ അതിൽ മലയാളത്തിൽ നിന്നും പ്രേംനസീർ മാത്രമേ ഉൾപ്പെട്ടിരുന്നുള്ളൂ. മലയാളത്തിൽ 500 ൽ അധികം സിനിമകളും തമിഴ്, തെലുങ്ക്, കന്നഡ എന്നി ഭാഷകളിൽ നൂറിലധികം സിനിമകളും പ്രേംനസീറിൻ്റെ വകയായി ഉണ്ട്. ഒരു വർഷത്തിൽ മുപ്പതിലധികം സിനിമ വരെ പ്രേംനസീറിന് അഭിനയിക്കേണ്ടിവന്നിട്ടുമുണ്ട്. എന്നുവെച്ചാൽ ഒരാഴ്ചകൊണ്ട് ഒരു സിനിമ പൂർത്തിയാക്കേണ്ട അവസ്ഥ. അത്  നമ്മൾ ഒന്ന് ആലോചിച്ചു നോക്കുക.
പ്രേംനസീർ എന്ന നടൻ പല രീതിയിലും സിനിമ എന്ന വ്യവസായത്തിൻ്റെ പാഠപുസ്തകമാണ്. അത് നമുക്ക് ബോധ്യപ്പെടണമെങ്കിൽ അദ്ദേഹം അഭിനയിച്ച ആദ്യകാല സിനിമകൾതന്നെ കാണണം. ഇപ്പോഴത്തെ സൂപ്പർ സ്റ്റാറുകൾ മാത്രമല്ല ന്യൂജനറേഷൻ നായകന്മാർ പോലും പല അവസരത്തിലും പ്രേംനസീറിനെ സുന്ദരമായി അനുകരിക്കാൻ ശ്രമിക്കുന്നത് അപ്പോൾ നമുക്ക് മനസിലാകും.
1967 ൽ പുറത്തിറങ്ങിയ ഒരു പ്രേംനസീർ സിനിമയാണ് കൊച്ചിൻ എക്സ്പ്രസ്. ഈ സിനിമ പൂർണ്ണമായും ഒരു കച്ചവടസിനിമയാണ്. ഇന്നത്തെ സിനിമാ ടാക്കീസിൽ ഈ സിനിമ ചർച്ച ചെയ്യാൻ തീരുമാനിച്ചതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ട്. ഒന്നാമത്തെ കാരണം മലയാളത്തിലെ കുറ്റാന്വേഷണസിനിമകൾക്കെല്ലാം പ്രചോദനമായത് ഈ സിനിമയായിരുന്നു എന്നതാണ്. രണ്ടാമത് മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ച് സൂപ്പർ ഹിറ്റായ നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമ ഈ സിനിമയുടെ അതേ ക്രാഫ്റ്റിൽ ഉണ്ടാക്കിയതാണ് എന്ന തോന്നൽകൊണ്ടും. ഇനിയുമുണ്ട് ഈ സിനിമക്ക് പ്രത്യേകതകൾ. നമുക്ക് അതിലേക്ക് പതുക്കെ വരാം.
സമ്പന്നനും എറണാകുളത്തുകാരനുമായ മാധവമേനോൻ എന്തോ ഔദ്യോഗിക കാര്യത്തിനായി മദ്രാസിൽ എത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. മദ്രാസിൽ നിന്ന് മടങ്ങിപ്പോരുമ്പോൾ മകളുടെ വിവാഹത്തിൻ്റെ ആവശ്യത്തിനായി മുഴുവൻ സ്വർണ്ണവും വാങ്ങി കൊച്ചിൻ എക്സ്പ്രസിൽ യാത്ര തിരിക്കുന്നു. മടക്കയാത്രയിൽ മേനോൻ സഞ്ചരിക്കുന്ന ഒന്നാം ക്ലാസ് കംപാർട്ട്മെൻ്റിൽ മേനോനെ കൂടാതെ ഉണ്ണിക്കണ്ണൻ നായർ എന്ന ഒരു യുവാവും കലാവതി എന്ന ഒരു യുവതിയും മാത്രമാണ് ഉള്ളത്. തീവണ്ടി കാട്പാടി സ്‌റ്റേഷനിൽ എത്തുന്നതിന് മുൻപ് ഉണ്ണിക്കണ്ണൻ നായരും കലാവതിയും തമ്മിൽ നല്ല സൗഹൃദത്തിലാകുന്നു. കാട്പാടി സ്റ്റേഷനിൽ എത്തിയപ്പോൾ ഇവർ രണ്ടു പേരും ചേർന്ന് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങുന്നു. ഭക്ഷണം കഴിച്ചു കൊണ്ടി രിക്കുമ്പോൾ തീവണ്ടി സ്റ്റേഷൻ വിടുന്നു. തീവണ്ടിയിലെ തൻ്റെ ലഗേജുകൾ നഷ്ടപ്പെട്ട പരിഭ്രാന്തിയിൽ ഉണ്ണി സ്റ്റേഷൻ മാസ്റ്ററോട് വിവരം പറയുന്നു. സ്റ്റേഷൻ മാസ്റ്റർ അടുത്ത സ്റ്റേഷനായ ജോലാർ പേട്ടിലേക്ക് വിവരം അറിയിക്കുകയും ഉണ്ണിയുടെ ലഗേജുകൾ അവിടെ ഇറക്കി വെക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ അപ്രത്യക്ഷയായ കലാവതി എന്ന പെണ്ണ് ഒരു ദുരൂഹതയായി മാറുന്നു. അടുത്ത തീവണ്ടിയിൽ ജോലാർ പേട്ടിലെത്തുന്ന ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു. സഹയാത്രികനായി ഉണ്ടായിരുന്ന മേനോൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഈ അറസ്റ്റ്. മേനോൻ സഞ്ചരിച്ചിരുന്ന തീവണ്ടി ജോലാർപേട്ടിൽ എത്തുമ്പോൾ ഉണ്ണിയുടെ ലഗേജുകൾ ഇറക്കാനായി റയിൽവേ അധികാരികൾ കംപാർട്ട്മെൻ്റിൽ കയറിയപ്പോൾ കണ്ട കാഴ്ച മേനോൻ കുത്തു കൊണ്ട് മരിച്ചു കിടക്കുന്നതാണ്. മേനോൻ്റെ കൈവശമുണ്ടായിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടിരുന്നു. മോഷണത്തിനായി കൊലപാതകം നടന്നു എന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേർന്നത്. ഉണ്ണിക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കില്ല എന്ന് മനസിലാക്കിയിട്ടും പോലീസ് ഉണ്ണിയെ കസ്റ്റഡിൽ എടുത്തത് കേസിന് എന്തെങ്കിലും തുമ്പുണ്ടാക്കാൻ വേണ്ടിയാണ്. കേസന്വേഷണം CID ഉദ്യോഗസ്ഥൻ രാജൻ്റെ നേതൃത്വത്തിലാണ്.
എം.കൃഷ്ണൻ നായർ സംവിധാനം നിർവ്വഹിച്ച ഈ സിനിമയിലെ CID ഉദ്യോഗസ്ഥൻ പ്രേം നസീറും ഉണ്ണി അടൂർ ഭാസിയും മേനോൻ ശങ്കരാടിയുമാണ്.
എം. കൃഷ്ണൻ നായർ (നമ്മുടെ സാഹിത്യ വാരഫലം കൃഷ്ണൻ നായർ അല്ല) എന്ന സംവിധായകൻ അന്നത്തെ സൂപ്പർ ഹിറ്റ് ആക്ഷൻ സിനിമകളുടെ സ്ഥിരം സംവിധായകനായിരുന്നു. CID എന്ന പേരിൽ മലയാളത്തിൽ ആദ്യമായി കുറ്റാന്വേഷണ സിനിമാ മേഖല തന്നെ തുടങ്ങിവെച്ചത് ഇദ്ദേഹമാണ്. ഈ സിനിമക്ക് തിരക്കഥയും സംഭാഷണവും എഴുതിയത് എസ്.എൽ.പുരം സദാനന്ദനാണ്‌.ശ്രീകുമാരൻ തമ്പി രചിച്ച് വി.ദക്ഷിണാമൂ ർത്തി സംഗീതം നിർവ്വഹിച്ച പാട്ടുകൾ എല്ലാം ഹിറ്റ് ആയിരുന്നു. ചന്തമുള്ളൊരു പെൺമണി എന്തിനെന്നെ ചതിച്ചു നീ.... എന്ന ഗാനം നിങ്ങൾ ഇടക്ക് കേട്ടിട്ടുണ്ടാകും.L. R. ഈശ്വരിയോടൊപ്പം ഒരു ഗാനത്തിലെ ചില വരികൾ ദക്ഷിണാമൂർത്തിയും  സിനിമയിൽ പാടിയിട്ടുണ്ട്. മറ്റൊരു പ്രത്യേകത നമ്മുടെ
A. R.റഹ്മാൻ്റെ അച്ഛൻ രാജഗോപാൽ കുലശേഖർ എന്ന R.K.ശേഖർ ആണ് പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്താൻ ദക്ഷിണാമൂർത്തിയോടൊപ്പം സഹായിയായി പ്രവർത്തിച്ചത്. ഈ സിനിമയിലെ ടൈറ്റിൽസ് എഴുതിക്കാണിക്കുമ്പോൾ ഗാനങ്ങൾ - ഹരിപ്പാട് ശ്രീകുമാരൻ തമ്പി എന്ന് കാണുമ്പോൾ പുതിയ തലമുറ ഇപ്പോൾ കൗതുകത്തോടെ നോക്കിയിരുന്നേക്കാം.
കേസന്വേഷണം ഏറ്റെടുത്ത പ്രേംനസീർ പിന്നീട് അടൂർ ഭാസിയുടെ സഹായത്തോടെ അന്വേഷണമാരംഭിക്കുന്നു. അവർ കണ്ടെത്തുന്ന ചില നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ഒടുവിൽ ഒരു വലിയ കൊള്ളസംഘത്തെ കീഴടക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു. സിനിമയുടെ തുടക്കവും ഒടുക്കവും കൊച്ചിൻ എക്സ്‌പ്രസിൽ തന്നെയാണ് എന്നതും, ആ തീവണ്ടി കഥയിൽ പലയിടത്തും കഥാപാത്രമായി മാറുന്നു എന്നതും പ്രത്യേകത തന്നെ. ആദ്യം നടന്ന കൊലപാതകസാഹചര്യം വീണ്ടും ക്രിയേറ്റ് ചെയ്തു കൊണ്ടാണ് കുറ്റവാളികളെ കണ്ടെത്തുന്നത്.
കൊട്ടാരക്കര ശ്രീധരൻ നായർ, ജി.കെ.പിള്ള എന്നിവരാണ് ഈ സിനിമയിലെ വില്ലന്മാർ. ഇവരോടൊപ്പമുള്ള പ്രേംനസീറിൻ്റെ സംഘട്ടന രംഗങ്ങൾ ഇന്നത്തെ സംഘട്ടനങ്ങളേക്കാൾ മികച്ചു നിൽക്കുന്നു. കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലുകൾ തുടർന്നു വന്ന കുറ്റാന്വേഷണ സിനിമകൾ ഒരു മാതൃകയായി എടുത്തിട്ടുണ്ട്. നാടകീയതയുടെ ഒരു അതിപ്രസരവുമില്ലാതെ നായകവേഷം അഭിനയിച്ച പ്രേം നസീർ എന്തുകൊണ്ട് നാല്പത് വർഷം മലയാള സിനിമാ വ്യവസായം ഭരിച്ചു എന്നതിനുള്ള ഉദാഹരണമാണ് ഈ സിനിമ.
ഈ സിനിമയുടെ എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ് ഷീല എന്ന നായിക. ഷീല ആ കാലത്ത് പ്രേംനസീറിൻ്റെ സ്ഥിരം നായിക എന്ന നിലയിലും മലയാളത്തിലെ അന്നത്തെ ഏറ്റവും താരമൂല്യമുള്ള നടി എന്ന നിലയിലും വലിയ സ്ഥാനം വഹിച്ചിരുന്ന നടിയാണ്. എന്നാൽ ഈ സിനിമയിൽ ഷീല അവതരിപ്പി ക്കുന്നത് തികച്ചും നെഗറ്റീവ് സ്വഭാവമുള്ള ഒരു കഥാപാത്രത്തെയാണ്. അതാണ് ഈ സിനിമയുടെ പ്രധാന സസ്പെൻസ് എന്നതുകൊണ്ട് ഇവിടെ തുറന്നു പറയുന്നില്ല.
അന്നത്തെ ഹിറ്റ് സിനിമകളിലൊന്നായ കൊച്ചിൻ എക്സ്പ്രസ് ഇന്നത്തെ കാലത്ത് കാണുമ്പോൾ ചില നോട്ടപ്പിശകുകൾ സംവിധായകന് സംഭവിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാനാവില്ല. അതിലൊന്ന് റയിൽവേ സ്‌റ്റേഷനിൽ നിന്നും പ്രേംനസീർ ഒരു ടാക്സിയിൽ സഞ്ചരിക്കുന്ന രംഗം ഉണ്ട്. ആരംഭത്തിൽ അതിൻ്റെ ഡൈവർ പാൻസ് ആണ് ധരിച്ചിരുന്നത്. പിന്നീട് ആ യാത്രയിൽ തന്നെ ഡ്രൈവറെ മുണ്ടും ഷർട്ടുമായി നമുക്ക് കാണാം.
മറ്റൊരു പ്രധാന പ്രത്യേകത 50 വർഷം മുൻപുള്ള മദ്രാസ് റയിൽവേ സ്‌റ്റേഷൻ, മദിരാശി നഗരം എന്നിവ കാണുമ്പോൾ ഇന്നത്തെ അവസ്ഥയുമായി താരതമ്യം ചെയ്യാൻ നമുക്ക് കഴിയും. അതാണ് ഈ സിനിമ ഈ കാലത്ത് നമുക്ക് നൽകുന്ന പുതിയ അനുഭവം. സിനിമയുടെ കഥ ഏതോ ഇംഗ്ലീഷ് സിനിമയുടെ കാതലിൽ നിന്ന് കടം കൊണ്ടതാണെങ്കിലും മലയാളത്തനിമ വരുത്താൻ എസ്.എൽ.പുരത്തിൻ്റെ തിരക്കഥക്ക് കഴിഞ്ഞു. സിനിമ മുഴുവൻ കണ്ടു കഴിയുമ്പോൾ കൊച്ചിൻ എക്സ്പ്രസും നമ്പർ 20 മദ്രാസ് മെയിലും ഒരേ പാളത്തിൽ കൂടിയാണ് ഓടിയതെന്ന് നമുക്ക് ബോധ്യപ്പെടും.

വിനോദയാത്ര.@എം.എസ്‌.വിനോദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

12 അഭിപ്രായങ്ങള്‍

  1. വിശദമായ വിവരണം മാഷെ....
    മനോഹരമായ അവതരണത്തിലൂടെ....
    അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2022, ഒക്‌ടോബർ 9 8:10 PM

    മികച്ച അവതരണം....
    കൊച്ചിൻ എക്സ്പ്രസ്സിലൂടെയുടെ വിനോദ യാത്ര രസകരവും വിജ്ഞാന പ്രദവും.
    .. അഭിനന്ദനങ്ങൾ 👍

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2022, ഒക്‌ടോബർ 9 9:29 PM

    അന്നും ഇന്നും എനിക്ക് ഏററവും ഇഷ്ടമുള്ള നടൻ .രൂപത്തിലും, പ്രവർത്തികളിലും ,മനോഭാവങ്ങളിലും അദ്ദേഹത്തെ കഴിഞ്ഞ് മറെറാരു നടൻ മലയാള സിനിമാ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ് .. യേശുദാസിന്റെ ആലാപനത്തിനൊത്ത് ചുണ്ടുകളനക്കി പ്രണയഗാനങ്ങൾ പാടി അഭിനയിക്കുന്നത് എത്ര മനോഹരമാണ് .ഇപ്പോഴും പഴയ തലമുറയുടെ മനസുകളിൽ അദ്ദേഹം ജീവിക്കുന്നു .. വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയതാരം എന്ന് തോന്നിയിട്ടുണ്ട് .വീണ്ടും ഞാൻ ആവർത്തിച്ചു പറയുന്നു മലയാള സിനിമയിൽ പ്രേംനസീറിനെപ്പോലെ സുമുഖനും, സുശീലനും, സുഭാഷിതനുമായ ഒരു നടൻ വേറെ ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം പറയാം .മലയാളത്തിലെ കുറ്റാന്വേഷണ സിനിമക്ക് തുടക്കം കുറിക്കാൻ തീർത്തും ആവേശം നൽകിയ ഒരു സിനിമ തന്നെയാണ് കൊച്ചിൻ എക്സ്പ്രസ് .സാർ പറഞ്ഞതു ശരിയാണ് .കൊച്ചിൻ എക്സ്പ്രസും, നമ്പർ 20 മദ്രാസ് മെയിലും ഒരേ പാളത്തിൽക്കൂടിത്തന്നെയാണ് ചലിച്ചത് . കൊച്ചിൻ എക്സ്പ്രസ് ടി.വി യിൽ കണ്ടിട്ടുണ്ട് .ആ ചിത്രം നമ്മെ പിടിച്ചിരുത്തും വിധം നന്നായി ചിത്രീകരിച്ചിട്ടുമുണ്ട് .ഗാനങ്ങളും സുന്ദരം ... നന്നായിത്തന്നെ ചിത്രത്തെ വിനോദ് സാർ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ചു ..അഭിനന്ദനങ്ങൾ ..

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2022, ഒക്‌ടോബർ 9 9:30 PM

    അന്നും ഇന്നും എനിക്ക് ഏററവും ഇഷ്ടമുള്ള നടൻ .രൂപത്തിലും, പ്രവർത്തികളിലും ,മനോഭാവങ്ങളിലും അദ്ദേഹത്തെ കഴിഞ്ഞ് മറെറാരു നടൻ മലയാള സിനിമാ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ് .. യേശുദാസിന്റെ ആലാപനത്തിനൊത്ത് ചുണ്ടുകളനക്കി പ്രണയഗാനങ്ങൾ പാടി അഭിനയിക്കുന്നത് എത്ര മനോഹരമാണ് .ഇപ്പോഴും പഴയ തലമുറയുടെ മനസുകളിൽ അദ്ദേഹം ജീവിക്കുന്നു .. വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയതാരം എന്ന് തോന്നിയിട്ടുണ്ട് .വീണ്ടും ഞാൻ ആവർത്തിച്ചു പറയുന്നു മലയാള സിനിമയിൽ പ്രേംനസീറിനെപ്പോലെ സുമുഖനും, സുശീലനും, സുഭാഷിതനുമായ ഒരു നടൻ വേറെ ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം പറയാം .മലയാളത്തിലെ കുറ്റാന്വേഷണ സിനിമക്ക് തുടക്കം കുറിക്കാൻ തീർത്തും ആവേശം നൽകിയ ഒരു സിനിമ തന്നെയാണ് കൊച്ചിൻ എക്സ്പ്രസ് .സാർ പറഞ്ഞതു ശരിയാണ് .കൊച്ചിൻ എക്സ്പ്രസും, നമ്പർ 20 മദ്രാസ് മെയിലും ഒരേ പാളത്തിൽക്കൂടിത്തന്നെയാണ് ചലിച്ചത് . കൊച്ചിൻ എക്സ്പ്രസ് ടി.വി യിൽ കണ്ടിട്ടുണ്ട് .ആ ചിത്രം നമ്മെ പിടിച്ചിരുത്തും വിധം നന്നായി ചിത്രീകരിച്ചിട്ടുമുണ്ട് .ഗാനങ്ങളും സുന്ദരം ... നന്നായിത്തന്നെ ചിത്രത്തെ വിനോദ് സാർ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ചു ..അഭിനന്ദനങ്ങൾ ..

    മറുപടിഇല്ലാതാക്കൂ
  5. ഇതിപ്പോ ആ സിനിമ കാണിച്ചേ അടങ്ങു എന്നായല്ലോ.. പ്രേം നസീർ എന്ന മനുഷ്യനെ പറ്റി ഒരുപാട് കേട്ടിട്ടുണ്ട്..ഓവർ ആക്ടിങ് ,ആണ് അഭിനയമെന്നു കരുതിയ കാലത്ത് പഴയകാല നടന്മാർ ഒക്കെ ഓരോ മാനറിസം കാട്ടി അഭിനയിച്ചിട്ടുണ്ട്..ഇന്നത്തെ തലമുറ സ്നേഹത്തോടെ അവരെ അനുകരിക്കുന്നു. സാങ്കേതികമായി വളർച്ച നേടിയ സിനിമ രംഗത്തു വന്ന മാറ്റങ്ങളിൽ കൂടി കഥാപാത്രങ്ങളായി ജീവിക്കുന്ന നടൻമാർ ക്കിടയിലും ഇവരെ നമ്മൾ ഓർക്കുന്നു.
    സിനിമ കണ്ടത് പോലെ യുള്ള വിവരങ്ങൾ നൽകി സസ്പെൻസ് നിലനിർത്തിയപ്പോൾ യൂ ട്യൂബ് തേടി പോകേണ്ട അവസ്ഥയിലാക്കി..മദ്രാസ് മെയിൽ കണ്ടിട്ടുണ്ട്..ഈ വായനയിലുടനീളം ആ ചിത്രത്തിലെ പല സീനുകളും മുന്നിൽ തെളിഞ്ഞു..അസ്സലായി.. എന്തായാലും ഒന്നു കാണണം..ഈ വിവരണം black n white ചിത്രങ്ങളുടെ കാലത്തേയ്ക്ക് കൂട്ടി എന്നു പറയാതെ വയ്യ..മനോഹരമായ ഈ അവതരണത്തിന് നന്ദി,സ്നേഹം വിനോദ്

    മറുപടിഇല്ലാതാക്കൂ
  6. പ്രേംനസീർ പഴയ തലമുറയ്ക്ക് ഹീറോ തന്നെ... എത്രയെത്ര വേഷങ്ങൾ... ശരിക്കും നിത്യഹരിത നായകൻ..
    നല്ല അവലോകനം സർ
    ആശംസകൾ 🌹

    മറുപടിഇല്ലാതാക്കൂ
  7. പ്രേം നസീറിനെ ഒരുപാട് ഇഷ്ടമായിരുന്നു . ഒരു കാലത്ത്മലയാളസിനിമ അടക്കി ഭരിച്ച നടന്നാണ്ണല്ലോ. ഇരിട്ടിയിൽ പഴശ്ശി ദ സൈറ്റിൽ

    മറുപടിഇല്ലാതാക്കൂ