Ticker

6/recent/ticker-posts

പുസ്തകപ്പുഴു@ഉണ്ണി ആര്‍.

വളരെ അവിചാരിതമായാണ് പ്രശസ്ത കഥാകൃത്ത് ഉണ്ണി.ആര്‍.എഴുതിയ പുസ്തകപ്പുഴു എന്ന പുസ്തകം കയ്യില്‍ കിട്ടിയത്.ഒറ്റയിരുപ്പിന് പുസ്തകപ്പുഴുവിനെ തിന്നുതീര്‍ത്തു. വായനയുടെയും വായനക്കാരന്‍റെയും രാഷ്ട്രീയം വ്യക്തമാക്കുന്ന ഒരു പുസ്തകം.പലപ്പോഴായി അദ്ദേഹം എഴുതിയ ലേഖനങ്ങളും കുറിപ്പുകളും ചുരുക്കം ചില പരിഭാഷകളും അദ്ദേഹവുമായി പലരും നടത്തിയ സംഭാഷണങ്ങളും എല്ലാം ഉള്‍ക്കൊള്ളിച്ച ഒരു സുന്ദരന്‍ വിഭവം.....

പുസ്തകപ്പുഴു@ഉണ്ണി ആര്‍-എന്‍റെ വായന @ എം.എസ്.വിനോദ്.

ഈ പുസ്തകത്തില്‍ എന്നെ ആകര്‍ഷിച്ചത് ഉണ്ണി.ആര്‍.നടത്തിയ ഒരു അഭിമുഖത്തെ ക്കുറിച്ചുള്ള വിവരണമാണ്. അഭിമുഖം സത്യത്തില്‍ കഷ്ടിച്ച് ഒരു പേജ് മാത്രമേ ഉണ്ടാകൂ. എന്നാല്‍ ആ അഭിമുഖത്തിനായി ഉണ്ണി.ആര്‍. നടത്തിയ യാത്രകളും പ്രയത്നങ്ങളുമാണ് എന്നെ ആകര്‍ഷിച്ചത്.ദേശാഭിമാനി വാരാന്ത്യപ്പതിപ്പിന് വേണ്ടി ടി.ആര്‍.എന്ന ഒരു കഥാകൃത്തിനെ ഇന്റര്‍വ്യൂ ചെയ്യാനാണ് അദ്ദേഹം കുറെയധികം കഷ്ടപ്പെട്ടത്.നിങ്ങളില്‍ പലര്‍ക്കും ആരാണ് ഈ ടി.ആര്‍.എന്ന സംശയം ഉണ്ടാകും.തുടക്കത്തില്‍ എനിക്കും ഉണ്ടായി ഈ സംശയം.

എം.ടി,ഒ.എന്‍.വി,വി.കെ.എന്‍ തുടങ്ങിയ ചുരുക്കപ്പേരുകള്‍ കേട്ടാല്‍ ഏതൊരു വായനക്കാരനും അതൊക്കെ ആരാണ് എന്ന് വ്യക്തമാണ്.ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ടി.ആര്‍.ആരാണെന്ന കൗതുകമാണ് അഭിമുഖത്തിന്‍റെ വിശദാംശം തേടി പോകാന്‍ എന്നെ പ്രേരിപ്പിച്ചത്.തല്ക്കാലം ഈ ടി.ആര്‍. അങ്ങനെതന്നെ നില്‍ക്കട്ടെ. വിശദമായി അദ്ദേഹത്തെ നമുക്ക് പിന്നീട് പരിചയപ്പെടാം.എന്തായാലും ഉണ്ണി.ആര്‍. കണ്ടെത്താന്‍ ശ്രമിക്കുന്ന ഈ കഥാകൃത്ത്‌ അത്ര നിസാരക്കാരന്‍ അല്ലെന്നത് എനിക്ക് ബോദ്ധ്യപ്പെട്ടു. എഴുതിയ ആള്‍ പുലി വേട്ടക്കാരനല്ല, സാക്ഷാല്‍ ഒറ്റയാന്‍ വേട്ടക്കാരനാണല്ലോ.....

മുന്‍കൂട്ടി അഭിമുഖത്തിനുള്ള അനുവാദം വാങ്ങി കാത്തിരുന്ന ഉണ്ണി.ആര്‍ പക്ഷെ ഒരിടത്തും ഈ ടി.ആര്‍.എന്ന വ്യക്തിയെ കണ്ടെത്തിയില്ല. ടി.ആര്‍ പറയുന്നിടത്തോക്കെ ഉണ്ണി കൃത്യമായി എത്തുന്നുണ്ട്. എന്നാല്‍ എത്തുന്നതിന് മുന്‍പ് പുള്ളി സ്ഥലം വിട്ടിരിക്കും. മേപ്പടിയാനെ തേടി നമ്മുടെ ഉണ്ണി.ആര്‍ സകലമാന തെരുവിലും തിരുവിലും ബസ്സിലും ബാറിലും ഒക്കെ അലഞ്ഞു. പലടത്തും വെച്ച് ഈ ടി.ആറിനെ പലരും കാണുന്നുണ്ട്.എന്നാല്‍ ഉണ്ണി എത്തുമ്പോള്‍ അദ്ദേഹം അവിടം വിട്ടിരിക്കും.

ഒടുവില്‍ ഒരു ദിവസം നമ്മുടെ നായകന്‍ ഉണ്ണിയുടെ മുന്നില്‍ കീഴടങ്ങി. തൃപ്പൂണിത്തുറ സംസ്കൃത കോളജില്‍ വെച്ചാണ്‌ ടി.ആറിനെ ഉണ്ണി.ആര്‍ പിടികൂടിയത്.അങ്ങനെ ഈ ടി.ആര്‍ ആ കോളജിലെ അദ്ധ്യാപകനാണെന്ന് എനിക്ക് വ്യക്തമായി.അത് ഇപ്പോള്‍ നിങ്ങള്‍ക്കും മനസിലായല്ലോ.

അഭിമുഖത്തിനായി എവിടെയാണ് ഒന്ന് നേര്‍ക്കുനേര്‍ ഇരിക്കുക എന്നതാണ് അടുത്ത പ്രശ്നം.ടി.ആര്‍ ഉടന്‍ തന്നെ അടുത്ത ബാറിലേക്ക് നടന്നു.അവിടെ ഒരു മേശയില്‍ ഇരുവശത്തും ഇരുന്ന് അഭിമുഖം ആരംഭിച്ചു.

മലയാളകഥകളുടെയും പാശ്ചാത്യകഥകളുടെയും ചരിത്രവും സങ്കേതവും ഒക്കെ പരാമര്‍ശിക്കുന്ന ഒന്നോരണ്ടോ ചോദ്യങ്ങള്‍,അതിന്‍റെ ഉത്തരങ്ങള്‍.....കൂടിവന്നാല്‍ ഒരു പത്ത് മിനിട്ട്......അഭിമുഖം കഴിഞ്ഞ് ബാറിലെ ബില്ലും ഉണ്ണിക്ക് വണ്ടികൂലിയും കൊടുത്ത് ടി.ആര്‍ ഇറങ്ങി നടന്നുപോയി.

അടുത്ത ദിവസം ആ ഇന്റര്‍വ്യൂ ദേശാഭിമാനി വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അത് ഒരു പുസ്തകത്തിന്‍റെ ഒരു പേജ് മാത്രം വലിപ്പമുള്ള ഒരു ലേഖനം മാത്രമായിരുന്നു.

ഉണ്ണി.ആര്‍ എഴുതിയ ''ടി.ആര്‍.ചില വര്‍ത്തമാനങ്ങള്‍'' എന്ന ലേഖനം മുഴുവന്‍ വായിച്ചപ്പോഴും ഈ പരാമര്‍ശിക്കുന്ന ടി.ആര്‍. എന്‍റെ മുന്നില്‍ ഒരു സമസ്യയായി നിന്നു. അതുകൊണ്ടുതന്നെ ഞാന്‍ അഭിമുഖം കഴിഞ്ഞ് ബാറില്‍ നിന്നും ഇറങ്ങിപ്പോയ ആ ടി.ആറിന് പിന്നാലെ പോയി.ഇറങ്ങി നടന്ന ടി.ആര്‍.അടുത്ത കവലയിലെ ഒരു അങ്ങാടിക്കടയില്‍ നിന്നും എന്തോ ഒരു പച്ചമരുന്നിന്‍റെ വേര് വാങ്ങി വായിലിട്ട് ചവച്ചുകൊണ്ട് തൃപ്പൂണിത്തുറ സംസ്കൃത കോളജിലേക്ക് നടന്നുപോയി എന്നാണ് ഉണ്ണി.ആര്‍ രേഖപ്പെടുത്തിയത്.

ആരായിരുന്നു ഈ ടി.ആര്‍....

മലയാള ചെറുകഥയില്‍ ആധുനികപ്രവണതകളുടെ ആദ്യത്തെ വെടിമരുന്ന് നിറച്ചവരില്‍ അറിയപ്പെടാതെ പോയ ടി.രാമചന്ദ്രന്‍ എന്ന കഥാകൃത്താണ് നമ്മുടെ മുന്നിലൂടെ നടന്നുപോയ ടി.ആര്‍ എന്ന രണ്ടക്ഷരനായകന്‍.അച്ഛന്‍ തൃപ്പൂണിത്തുറ താമരക്കുലങ്ങര മണ്ണൂര്‍ മഠത്തില്‍ രാമന്‍ നമ്പ്യാര്‍.അമ്മ എളമക്കര പേരണ്ടൂര്‍ കൊച്ചുമഠത്തില്‍ സാവിത്രി ബ്രാഹ്മണിയമ്മ.1944 ഒക്ടോബര്‍ 26 ന് ജനിച്ചു.

പുസ്തകപ്പുഴു@ഉണ്ണി ആര്‍-എന്‍റെ വായന @ എം.എസ്.വിനോദ്.

ഇടപ്പള്ളി, കൊടുങ്ങല്ലൂർ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസം. എറണാകുളം സെന്റ്‌ ആൽബർട്‌സ്‌ കോളജിൽനിന്ന്‌ സുവോളജിയിൽ ബിരുദവും തേവര സേക്രഡ്‌ ഹാർട്ട്‌ കോളജിൽനിന്ന്‌ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലാങ്ങ്‌ഗ്വേജ്‌ ഇൻസ്‌റ്റിട്യൂട്ടിൽനിന്ന്‌ ഇംഗ്ലീഷിൽ ഡിപ്ലോമയും നേടിയശേഷം രണ്ടു വർഷം തേവര സേക്രഡ്‌ ഹാർട്ട്‌ കോളജിൽ ഇംഗ്ലീഷ്‌ അധ്യാപകനായി. പിന്നീട്‌ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യയിൽ ഓഫീസറായും ടൈംസ്‌ ഒഫ്‌ ഇന്ത്യയിൽ പത്രപ്രവർത്തകനായും ജോലി ചെയ്‌തു. അതിനു ശേഷം ദീർഘകാലം എറണാകുളം മഹാരാജാസ്‌, തലശ്ശേരി ബ്രണ്ണൻ, മടപ്പള്ളി ഗവ. കോളജ്‌, പാലക്കാട്‌ വിക്‌ടോറിയ, തൃപ്പൂണിത്തുറ സംസ്‌കൃത കോളജ്‌ എന്നിവിടങ്ങളിൽ ഇംഗ്ലീഷ്‌ അധ്യാപകനായിരുന്നു. 1994 ഡിസംബർ 31 ന്‌ പാലക്കാട്‌ വിക്‌ടോറിയ കോളജിൽ നിന്ന്‌ സ്വമേധയാ വിരമിച്ചു.എങ്ങനുണ്ട് ബയോഡേറ്റ. തീര്‍ന്നില്ല.

ഇരുപത്തിരണ്ടാം വയസ്സില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മൃഗം എന്ന ചെറുകഥയില്‍ തുടങ്ങിയ സാഹിത്യസഞ്ചാരം.ആ കഥയെ അന്ന് മാതൃഭൂമിക്ക് അവഗണിക്കാന്‍ കഴിയാത്തതിനാല്‍ ഒടുവിലത്തെ പേജില്‍ വെറും ഒരു പുറത്തില്‍ പ്രസിദ്ധീകരിച്ചു.കഥയുടെ ശീര്‍ഷകത്തിന് മുകളില്‍ ചെറുകഥയെന്ന് പോലും രേഖപ്പെടുത്താന്‍ മാതൃഭൂമി അന്ന് മിനക്കെട്ടില്ല. വിശാലമായ ഒരു മൈതാനത്തിന് സമീപത്തുകൂടിയുള്ള റോഡിലൂടെ കാര്‍ ഓടിച്ചുപോകുന്ന ഒരു ഡ്രൈവറും, കാറിലെ പിന്‍സീറ്റില്‍ ഇരിക്കുന്ന നിഷ്കളങ്കയായ ഒരു പെണ്‍കുട്ടിയുമാണ്‌ കഥയുടെ വിഷയം. ആ വഴിയില്‍ മെല്ലെ നടന്നുനീങ്ങുന്ന മൃഗങ്ങളും കഥയിലുണ്ട്. മുന്നില്‍ മൃഗങ്ങളെ കാത്തിരിക്കുന്ന ചന്തയും മൃഗങ്ങള്‍ക്ക് മുകളില്‍ പുളയുന്ന ചാട്ടയും......

മൃഗം,ചന്ത,അവള്‍,ചാട്ടവാര്‍,വില്പന,ലാഭം.......പദങ്ങള്‍ കൊണ്ട് കഥയല്ല കവിതയാണ് ടി.ആര്‍. രചിച്ചത്. പെണ്‍വാണിഭങ്ങളുടെ സമകാലിക സന്ദര്‍ഭങ്ങളില്‍ അന്‍പത് വര്‍ഷം മുന്‍പ് എഴുതിയ ഈ കഥ വില്പനച്ചരക്കായ ഒരു സ്ത്രീയുടെ ചിത്രം വ്യക്തമായി വെളിപ്പെടുത്തുന്നു. തുടര്‍ന്നങ്ങോട്ട് ടി.ആര്‍, കഥകളുടെ വിസ്മയം വായനക്കാരനെ അനുഭവിപ്പിച്ചു.

അറുപതുകളുടെ തുടക്കത്തില്‍ മലയാള ചെറുകഥാസാഹിത്യത്തില്‍ ഉണ്ടായ ഉണര്‍വ്വുകളെ ടി.ആര്‍. ഉഴുതുമറിച്ചു. കടമെടുക്കാത്ത ശൈലിയും ഒറ്റയാന്‍ രീതികളുമായി ടി.ആര്‍ ആരാധകരെ നിര്‍മ്മിച്ചു. ബുദ്ധിജീവി പട്ടം അലങ്കരിച്ച സാഹിത്യകാരന്മാര്‍ക്കിടയില്‍ ഒറ്റമുണ്ട് ഉടുത്ത് മുറുക്കി ചുവപ്പിച്ച് ഒറ്റക്ക് നടന്നു. പാരമ്പര്യക്കസര്‍ത്ത് കണ്ട കഥയുടെ ലോകം ഈ കഥാകാരന്‍റെ മുന്നില്‍ വല്ലപ്പോഴും തലകുനിച്ചു നിന്നിട്ടുണ്ട്. കഥയുടെ മാത്രമല്ല ചിത്രകലയുടെയും സമ്പന്നമായ ഒരു വിജ്ഞാനം ടി.ആര്‍ സ്വന്തമാക്കിയിരുന്നു.എന്നിട്ടും ടി.ആറിന്‍റെ ലോകത്തേക്ക് വായനക്കാരന്‍ ഇന്നും കടന്നുകയറാന്‍ ഭയപ്പെട്ട് നില്‍ക്കുന്നു എന്നാണ് എനിക്കും തോന്നുന്നത്.അതാണല്ലോ ആ പേര് കേട്ടിട്ടും നമുക്ക് പരിചയം കുറവുള്ളപോലെ തോന്നുന്നത്.

നാം നാളെയുടെ നാണക്കേട്‌ എന്ന കഥയിലൂടെ ടി.ആര്‍ നടത്തിയ സാമൂഹ്യവിമര്‍ശനം ഇന്നും നമ്മുടെ നെറ്റിയില്‍ എഴുതി ഒട്ടിച്ചിട്ടുണ്ട് എന്ന് കാലം തെളിയിക്കുന്നു. കോനാരി, കോരുന്ന്യേടത്ത് കോമുട്ടി,ജാസ്സക്കിനെ കൊല്ലരുത് തുടങ്ങിയ കഥകളിലൊക്കെ ടി.ആര്‍ എന്ന കഥാകാരന്‍റെ പ്രതിഭയുടെ വിശ്വരൂപം കാണാം.എന്നാല്‍ ഇതൊന്നും മലയാളി നന്നായി വായിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല.

നിഷേധത്തിന്‍റെ ശബ്ദം ഒരു കറുത്ത ഫലിതമാക്കി നമ്മളുടെ അകവും പുറവും നോവിക്കുന്ന കഥകളുടെ ഭാണ്ഡവും ചുമന്നുകൊണ്ടു ഏകാകിയായി നടന്ന ടി.ആര്‍.......
ഈ മനുഷ്യന്‍ ആധുനികതയുടെ അന്നത്തെ തലതൊട്ടപ്പന്മാരുടെ ആരാധനാകഥാപാത്രമായിരുന്നു.....ചിലരുടെ പേടിസ്വപ്നവും.....

എ.അയ്യപ്പന്‍,ജോണ്‍ എബ്രഹാം,വിക്റ്റര്‍ ലീനസ് എന്നിങ്ങനെയുള്ള വലിയ ഒരു സുഹൃത്ത്‌ സംഘത്തിന് ഉടമയായിരുന്നു ടി.ആര്‍ അത് മാത്രമോ നോബല്‍ സമ്മാനജേതാവും വിഖ്യാത ജർമ്മൻ നോവലിസ്റ്റും നാടകകൃത്തുമായ ‌ ഗുന്തർ ഗ്രാസിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി മഹാരാജാസ് കോളജില്‍ കൊണ്ടുവന്ന് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ നിര്‍ത്തുകയും അദ്ദേഹത്തെക്കൊണ്ട് അവിടെ ഒരു പ്രഭാഷണം അവതരിപ്പിക്കുകയും ചെയ്തു. ഇന്ത്യ സന്ദര്‍ശിക്കാന്‍ കല്‍ക്കട്ടയില്‍ എത്തിയ ഗുന്തർ ഗ്രാസ് ടി.ആറുമായുള്ള സൗഹൃദത്തിന്‍റെ പേരിലാണ് കേരളത്തില്‍ എത്തിയത്.അന്ന് അദ്ദേഹം ദിവസങ്ങളോളം ടി.ആറിനൊപ്പം തങ്ങി.

ടി.ആര്‍.തിരക്കഥ എഴുതിയ 'നന്മയില്‍ ഗോപാലന്‍' എന്ന കഥ ജോണ്‍ എബ്രഹാം സിനിമയാക്കാന്‍ തീരുമാനിക്കുകയും അതിന്‍റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.നിര്‍ഭാഗ്യവശാല്‍ ജോണ്‍ എബ്രഹാം ഒരു അപകടത്തില്‍ പെട്ട് മരിച്ചുപോയി.ജോണിന് ഒത്തിരി പ്രതീക്ഷയുള്ള ഒരു സിനിമയായിരുന്നു അത്.

അയ്യപ്പനും ജോണ്‍ എബ്രഹാമും ടി.ആറും തമ്മിലുള്ള ആഴമുള്ള സൗഹൃദത്തില്‍ ഒരു സമാനത കൂടിയുണ്ട്.അയ്യപ്പനെപോലെ, ജോണ്‍ എബ്രഹാമിനെപ്പോലെ ടി.ആറും തെരുവില്‍ കിടന്നാണ് മരിച്ചത്.എന്നും പ്രഭാതസവാരിക്കായി ഇറങ്ങി നടക്കുന്ന ശീലം ഉണ്ടായിരുന്ന ടി.ആര്‍ ഒരു ദിവസം നടത്തത്തിനിടയില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.അയ്യപ്പനെപോലെയും ജോണിനെപ്പോലെയും ആരാധകര്‍ക്കിടയില്‍ മണിക്കൂറുകളോളം ഏറണാകുളത്ത് പാടിവട്ടത്തെ ഒരു ആല്‍മരചുവട്ടില്‍ അനാഥമൃതദേഹമായി കഥകളുടെ ഒറ്റയാന്‍ അന്ന് കിടന്നു.

മരണശേഷം ടി.ആറിന്‍റെ സമ്പൂര്‍ണ്ണകഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിത്രകലയും ചെറുകഥയും ഒരു പഠനം എന്ന ഒരു പുസ്തകവും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ലാറ്റിനമേരിക്കൻ നോവലുകളെക്കുറിച്ച്‌ ഗഹനമായ പഠനങ്ങൾ നടത്തുകയും നിരവധി ലേഖനങ്ങള്‍ എഴുതുകയും ചെയ്തു. ചെറുകഥയുടെ ആഖ്യാനതന്ത്രങ്ങളെക്കുറിച്ചും പഠനത്തിലേർപ്പെടുകയും പാശ്‌ചാത്യ, പൗരസ്‌ത്യ നോവലുകളെ ഉദാഹരിച്ച്‌ വിവിധ കോണുകളിലൂടെയുളള ആഖ്യാനരീതിയെപ്പറ്റി വിശദമായ പഠനങ്ങൾ തയ്യാറാക്കുകയും ചെയ്‌തിട്ടുണ്ട്.

കഥകളെ സ്നേഹിക്കുന്ന വായനക്കാര്‍ക്ക് തേടിപ്പിടിക്കാന്‍ ടി.ആര്‍ എന്ന ഒരു പേരാണ് എനിക്ക് ഈ ദിവസം തരാനുള്ളത്‌.ഒരു ദശാബ്ദം തിരശീല മടക്കുമ്പോള്‍ നമുക്കിടയില്‍ തികച്ചും അജ്ഞാതനായി ജീവിച്ച് അനാഥനായി മരിച്ച ഒരു കഥാകാരന്‍റെ കഥയാണ് ഈ പുതുവര്‍ഷത്തെ എന്‍റെ വിനോദയാത്രയുടെ ഭരതവാക്യം.......

ഈ ഭരതവാക്യത്തിന് പ്രേരണ നല്‍കിയ കഥാകാരന്‍ ഉണ്ണി.ആര്‍.നും അദ്ദേഹത്തിന്‍റെ പുസ്തകപ്പുഴു എന്ന പുസ്തകത്തിനും ഈ ചെറിയ പുസ്തകപ്പുഴുവിന്‍റെ വിനീത നമസ്കാരം....

എം.എസ്. വിനോദ്.

പുസ്തകപ്പുഴു@ഉണ്ണി ആര്‍-എന്‍റെ വായന @ എം.എസ്.വിനോദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍