ജോജിത വിനീഷ് കഥ-ശവഭോഗം.
ലോകത്തിലെ ഏറ്റവും സുന്ദരമായ വികാരമാണ് ലൈംഗികത.ജീവികളുടെ പ്രത്യുത്പാദനരീതികളിലും ഒപ്പം അതിന്‍റെ ആസ്വാദനത്തിലുമൊക്കെയായി അത് ബന്ധപ്പെട്ടു കിടക്കുന്നു.അതുകൊണ്ടാണ് മനുഷ്യനെ എന്നും വിസ്മയിപ്പിക്കുന്ന വികാരമായി ലൈംഗികത മാറിയത്.
പ്രത്യയശാസ്ത്രങ്ങളും മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെ ലൈംഗികതയുമായി ബന്ധമുള്ളതാണ്.അതിന് ഒരു പ്രത്യേക രാഷ്ട്രീയവും ഉണ്ട്. അതുകൊണ്ടാകാം
ലോകത്തിലെ എല്ലാ രാജ്യങ്ങളിലേയും സംസ്കാരങ്ങളിലും മതങ്ങളിലുമൊക്കെ ലൈംഗികതയ്ക്ക് ദേവീ-ദേവന്മാര്‍ വരെയുള്ളത്.ഭാരതത്തില്‍ കാമദേവനും രതീദേവിയും ഉള്ളതുപോലെ മിക്കയിടത്തും ഇത് ആരാധിക്കപ്പെടുന്ന അളവില്‍ പ്രാധാന്യം ഉള്ളതാണ്. തീര്‍ച്ചയായും സാഹിത്യത്തിലും സാഹിത്യേതരമണ്ഡലത്തിലും ഒരു വിഷയമായി ലൈംഗികത തെളിഞ്ഞു നില്‍ക്കുന്നുണ്ട്.
ലൈംഗികത ആത്മീയമാണ് എന്ന് വിശ്വസിക്കുന്ന ആ വിശ്വാസത്തില്‍ അടിയുറച്ചു
നില്‍ക്കുമ്പോഴും അതിനൊരു മറുവശം ഉണ്ട്.അത് രതിവൈകൃതങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു.മന:ശാസ്ത്രവിശകലനങ്ങളുടെ വിശാലമായ ലോകത്ത് എക്സിബിഷനിസം, വോയറിസം,ഫെറ്റിഷിസം,പീഡോഫിലിയ,സാഡിസം,മസോക്കിസം തുടങ്ങി വിവിധ വിഷയങ്ങളിലായി വളരെ വലിയ ഒരു ലോകമാണ് അത്.ലൈംഗികതയിലെ സൗന്ദര്യവും രതിവൈകൃതത്തിലെ ഭീകരതയും ഒരുപോലെ സാഹിത്യവിഷയമാണ്.രണ്ടിനും മന:ശാസ്ത്രഅടിത്തറയുള്ളതിനാല്‍ സൂക്ഷിച്ച് വേണം കൈകാര്യം ചെയ്യാന്‍ എന്ന് മാത്രം.ജോജിത വിനീഷ് എഴുതിയ ''ശവഭോഗം'' എന്ന കഥയുടെ പശ്ചാത്തലം ലൈംഗികതയും അതിന്‍റെ മന:ശാസ്ത്രവിശകലനവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ അതിന്‍റെ വായനയും അല്പം സൂക്ഷിച്ച് വേണം എന്നതുകൊണ്ടാണ് ഒരു വലിയ മുഖവുര വേണ്ടിവന്നത്.
കഥകള്‍ക്ക് മന:ശാസ്ത്രഅടിത്തറ ഉണ്ടാകണമോ എന്നത് കഥകളുടെ സാങ്കേതികകാര്യസമതിയില്‍
വര്‍ഷങ്ങളായുള്ള തര്‍ക്കവിഷയമാണ്.നമുക്ക് അതിലേക്ക് പോകണ്ട കാര്യമില്ല.കലയിലും
സാഹിത്യത്തിലും പ്രധാന പ്ലാറ്റ്ഫോം തലച്ചോറ് ആണെന്ന് നിര്‍മ്മാതാക്കളും ഉപഭോക്താക്കളും
ഒരുപോലെ സമ്മതിക്കുമ്പോള്‍, ഏറ്റവും വലിയ ലൈംഗിക അവയവവും തലച്ചോറാണ് എന്ന
വിലയിരുത്തലിനെ അംഗീകരിച്ചുകൊണ്ടുതന്നെ നമുക്ക് മുന്നോട്ടുപോകാം.കാരണം ലൈംഗികതയെ നിയന്ത്രിക്കുന്നത് മസ്തിഷ്ക്കം തന്നെയാണല്ലോ.
ജോജിതയുടെ കഥയുടെ തലക്കെട്ട് ശവഭോഗം എന്നാകുമ്പോള്‍ അത് നെക്രോഫീലിയ എന്ന
രതിവൈകൃതമോ മാനസികരോഗമോ മാത്രം വിഷയമാക്കിയാണെന്ന് സമര്‍ത്ഥിക്കാന്‍ ആര്
ശ്രമിച്ചാലും അത് പൂര്‍ണ്ണമായും അംഗീകരിക്കാന്‍ ഞാന്‍ തയ്യാറല്ല.കാരണം നെക്രോഫീലിയക്ക്
ചരിത്രത്തില്‍ പലതരത്തിലുള്ള അടയാളങ്ങള്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.വിശ്വാസവും മതപരവും ഭൗതികവും ആത്മീയവും ഒക്കെയായ നിരവധി വിശകലനങ്ങള്‍ ഉണ്ട് അതിന്.ഒപ്പം അന്നുമുതല്‍ തന്നെ അത് ഒരു കുറ്റമായി കാണുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്ത ചരിത്രവും ഉണ്ട്.ഗ്രീസില്‍ ഹെറോഡോട്ടസിന്‍റെ കാലത്ത് ശവഭോഗം ഒരു കുറ്റകൃത്യമായി കണക്കാക്കി ശിക്ഷ
നല്‍കിയിരുന്നു എന്ന് തെളിവുകള്‍ ഉണ്ട്.എന്നാല്‍ ജോജിതയുടെ കഥ അതിലൊന്നും ശ്രദ്ധിക്കുന്നില്ല.കാരണം തലക്കെട്ടില്‍ മാത്രമാണ് ഈ കഥയില്‍ ശവഭോഗമുള്ളത്.ആ മാനസികവൈകല്യത്തെ ഇന്നത്തെ സാഹചര്യത്തില്‍ ഒരു വ്യക്തിയുടെ മാത്രമായിട്ടല്ല ഒരു സമൂഹത്തിന്‍റെ മൊത്തത്തിലുള്ള മാനസിക വൈകല്യമായി വിലയിരുത്തി നമുക്ക് കഥ വായിക്കാം.
കുറച്ചു വര്‍ഷം മുന്‍പ് ഇന്ത്യയില്‍ നിരവധി തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ഹൃസ്വചിത്രമുണ്ട്.
മലയാളിയായ ആര്യന്‍ കൃഷ്ണമേനോന്‍ സംവിധാനം ചെയ്ത Burn My Body.ഈ സിനിമ
പുറത്തുവന്നപ്പോള്‍ ലൈംഗികത സംബന്ധിച്ച് പരമ്പരാഗതമായ നിരവധി വിശ്വാസങ്ങള്‍
സൂക്ഷിക്കുന്ന കേരളസമൂഹവും ഭാരതസംസ്കാരവും ഒന്ന് ഞെട്ടി.ആസ്പത്രി മോര്‍ച്ചറിയുടെ
കാവല്‍ക്കാരന്‍ ഒരു മൃതദേഹത്തില്‍ തന്‍റെ കാമാസക്തി തീര്‍ക്കുന്നത് നേരില്‍ കാണാനിടയായ
അപര്‍ണ്ണ എന്ന നേഴ്സ് അവളുടെ ഡയറിയില്‍ കുറിച്ചിട്ട വാക്കുകളാണ് പിന്നീട് നമ്മുടെ ലോകം
ചര്‍ച്ച ചെയ്തത്.
''ഞാന്‍ അപകടം മൂലം മരിച്ചുപോയാല്‍ എന്‍റെ ശരീരം എത്രയും വേഗം കത്തിച്ചുകളയണം........''
അപര്‍ണ്ണയുടെ വാക്കുകളാണ് ഇത്.റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ്
ആര്യന്‍ ഈ സിനിമ എടുത്തത് എന്നറിഞ്ഞപ്പോളാണ് സത്യത്തില്‍ സഹൃദയലോകം നന്നായി
വിയര്‍ത്തത്.ജീവനുള്ളപ്പോള്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ നിലവിളി കേള്‍ക്കാന്‍ കാതില്ലാത്ത ഒരു സമൂഹത്തിന് ജഡമായ സ്ത്രീ ശരീരങ്ങളുടെ നിലവിളി കേള്‍ക്കാന്‍ കഴിയുമോ എന്ന വെടിപൊട്ടുന്ന ഒരു ചോദ്യമാണ് ഈ ചെറിയ സിനിമയും അപര്‍ണ്ണയും ഉന്നയിച്ചത്. വെറുമൊരു മാനസികവൈകല്യത്തിന്‍റെ വിശകലനത്തിലൂടെ ഇന്നു സ്ത്രീ നേരിടുന്ന എല്ലാ പ്രതിസന്ധികളും ഒറ്റച്ചോദ്യം കൊണ്ട് ചര്‍ച്ചയില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ആര്യന്‍റെ സിനിമയുടെ പ്രസക്തി.ജോജിതയുടെ കഥയും ഈ സംഭവത്തില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് വന്നതാകാം എങ്കിലും കുറച്ചുകൂടി വിശാലമായ ഒരു തലം അതിന് ഉണ്ടോ എന്ന് നമുക്ക് പരിശോദിക്കാം.
മോര്‍ച്ചറിയുടെ കാവല്‍ക്കാരനായ വേലുച്ചാമിയാണ് കഥയിലെ ഏക കഥാപാത്രം.കഥ
ആരംഭിക്കുന്നതും അവസാനിക്കുന്നതും വേലുച്ചാമിയില്‍ ആണ്.എന്നാല്‍ വേലുച്ചാമിയെക്കൂടാതെ നാല് കഥാപാത്രങ്ങള്‍ കൂടി ഈ കഥയില്‍ മറഞ്ഞിരിപ്പുണ്ട്.ഒന്ന് ജീവിതം,രണ്ട് മരണം.പിന്നെ ജീവിതത്തിനും മരണത്തിനും ഇടയിലെ രണ്ട് സ്ഥാപനങ്ങളായ കുടുംബവും സമൂഹവും.വേലുച്ചാമിയിലൂടെ ഇതിനെയെല്ലാം വിശകലനം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് ജോജിത.ഓരോ മരണങ്ങളിലൂടെയും ജീവിതത്തെയും ജീവിതത്തിലൂടെ മരണത്തെയും പരസ്പരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുക വഴി നമുക്ക് മുന്നില്‍ ഈ കഥ നിരത്തിവെക്കുന്ന വെളിപാടുകള്‍ നിരവധിയാണ്.മരണത്തിന് പോലും രണ്ട് അവസ്ഥകള്‍ ഉണ്ട്.ശരീരത്തിന്‍റെ മരണവും മസ്തിഷ്കത്തിന്‍റെ മരണവും.മോര്‍ച്ചറിയിലെ ശവശരീരങ്ങളുടെ
മസ്തിഷ്കം മരിച്ചിട്ടില്ല എന്ന് സൂചിപ്പിക്കാന്‍ കഥയില്‍ ചില സന്ദര്‍ഭങ്ങള്‍ അറിയാതെയോ പറയാതെയോ വന്നിട്ടുണ്ട്.സത്യത്തില്‍ ശവശരീരങ്ങളുടെ മരിക്കാത്ത മസ്തിഷ്കത്തോടാണ്
വേലുച്ചാമി സംവേദിക്കുന്നത് എന്ന് നമുക്ക് തോന്നും.
തുടക്കം മുതല്‍ വേലുച്ചാമി അസാധാരണനായ ഒരു കഥാപാത്രമാണ് എന്ന് സ്ഥാപിക്കാന്‍ കഥ ശ്രമിക്കുന്നുണ്ട്.ഡ്യൂട്ടി സമയം തുടങ്ങിയാല്‍ അപ്പോള്‍ തന്നെ മോര്‍ച്ചറിയില്‍ എത്തിച്ചേരാനുള്ള അയാളുടെ വെപ്രാളം കഥയുടെ തുടക്കത്തില്‍ തന്നെ വ്യക്തം.എംബാമിംഗ് ഫ്ലൂയിഡ് ഗന്ധം അയാള്‍ക്ക് സിരകളെ ഉണര്‍ത്തുന്ന മാധ്യമമാണ്.അവിടം മുതല്‍ അയാളിലെ മാനസിക വൈകൃതം വായനക്കാരനില്‍ കൃത്യമായി എത്തിക്കാന്‍ ജോജിതയ്ക്ക് കഴിഞ്ഞു. എന്നാല്‍ അത് നെക്രോഫീലിയ എന്ന മാനസിക രോഗമല്ല.കാരണം ശവങ്ങളുടെ ഗന്ധവും സാന്നിദ്ധ്യവും അയാളെ ഉണര്‍ത്തുന്നുണ്ട് എങ്കിലും അത് രതിയിലേക്ക് നയിക്കുന്നില്ല എന്ന് വ്യക്തം. പ്രണയം നിഷേധിച്ചതിനാല്‍ ഒരു കുപ്പി പെട്രോളില്‍ കത്തിതീര്‍ന്ന പെണ്‍കുട്ടിയുടെ പൂര്‍ണ്ണമായി വെന്തുതീരാത്ത ശരീരഭാഗങ്ങളില്‍ വിരല്‍ തൊട്ട് രസിക്കുന്ന വേലുച്ചാമിയില്‍ ഈ നെക്രോഫീലിയയുടെ ലക്ഷണം അല്ല നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നത്.അങ്ങനെയാണെങ്കില്‍
വിദ്യാഭ്യാസലോണ്‍ കുടിശിക അടയ്ക്കാന്‍ മാര്‍ഗമില്ലാതെ ആത്മഹത്യ ചെയ്ത സുധാകരന്‍റെ ശവശരീരത്തോട് സ്വാഭാവികമായും വേലുച്ചാമിക്ക് മിനിമം സഹതാപം എങ്കിലും തോന്നേണ്ടതല്ലേ.മാത്രമല്ല പെണ്‍കുട്ടിയുടെ പാതി കത്തിയ ശവത്തിലും തൂങ്ങി മരിച്ച സുധാകരന്‍ എന്ന പുരുഷന്‍റെ ശരീരത്തോടും വേലുച്ചാമിക്ക് തൃഷ്ണയുണ്ടാകാനും വഴിയില്ല.എന്നാല്‍
ഈ രണ്ട് സന്ദര്‍ഭത്തിലും വേലുച്ചാമിയില്‍ അഞ്ജാതമായ ഒരു സ്പാര്‍ക്ക് ഉണ്ടാക്കുന്നുണ്ട്.
അവിടൊക്കെ വ്യത്യസ്തമായ വികാരവും വിചാരവുമാണ് വേലുച്ചാമിയില്‍.കഥയുടെ തുടക്കം മുതല്‍ വേലുച്ചാമിയില്‍ പ്രകടമാകുന്നത് കഥാകാരി തന്നെ സൂചിപ്പിക്കുന്നപോലെ ഫിക്ഷണൽ സൈക്കോയുടെ ലക്ഷണങ്ങള്‍ ആണ്.
അവിടെവരെയുള്ള വായനയില്‍ വേലുച്ചാമിയില്‍ ഒരു മാനസികരോഗത്തിന്‍റെ അപൂര്‍വ്വലക്ഷണത്തിന്‍റെ നിറം പിടിപ്പിച്ചുകൊണ്ട് മരണങ്ങളുടെയും ജീവിതങ്ങളുടെയും സമകാലികചിത്രം കൂടി വരയ്ക്കാന്‍ ജോജിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്.മോര്‍ച്ചറിയിലെ തണുപ്പും ശവങ്ങളുടെ ഗന്ധവും അയാളെ പൂര്‍ണ്ണമായും തൃപ്തനാക്കുന്നുണ്ട്.എന്നാല്‍ ആ സംതൃപ്തിയേക്കാള്‍ ഓരോ മനുഷ്യനിലും മരണം അധികാരം സ്ഥാപിച്ചെടുത്ത അവസ്ഥയുടെ ചിത്രീകരണത്തിലാണ് കഥാകാരി കൂടുതല്‍ ശ്രദ്ധ കാണിക്കുന്നത്. ഓരോ ശവങ്ങള്‍ക്കും ഓരോ കഥകള്‍ പറയാനുണ്ട്.ഓരോ മരണങ്ങള്‍ക്കുമുണ്ട് ഓരോ കഥകള്‍ എന്ന മഹത്തായ ഒരു സത്യത്തെ ജോജിത കഥയുടെ ജീവനാഡിയായി എടുത്ത് പ്രദര്‍ശിപ്പിക്കുന്നുണ്ട്.പ്രണയം നിരസിക്കപ്പെടുമ്പോള്‍ ഇരയാകപ്പെടുന്ന പെണ്‍കുട്ടിയും ലോണ്‍ അടച്ചുതീര്‍ക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുന്ന സുധാകരന്‍ എന്ന കര്‍ഷകനും സ്വന്തം പിതാവിനാല്‍ ബലാത്സംഗം ചെയ്യപ്പെട്ടു മരണമടയുന്ന പത്ത് വയസുകാരിയുമെല്ലാം നമ്മുടെ സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നും എടുത്ത ബിംബങ്ങളാണ്.ഇനിയും നിരവധി ശവശരീരങ്ങള്‍ ഉണ്ടാകാം അവിടെ.
ഇങ്ങനെ അടുത്ത കാലത്ത് കൂടുതല്‍ അസ്വസ്ഥതപ്പെടുത്തിയ മരണങ്ങളാണ് മോര്‍ച്ചറിയിലെ ഓരോ വെള്ളപുതച്ച ശവശരീരങ്ങളിലും നമ്മള്‍ കാണുന്നത്.അതാണ് ജോജിത കഥ പറയാന്‍ ഒരുക്കിയ സ്റ്റേജ്.വേലുച്ചാമി സത്യത്തില്‍ ശവങ്ങളല്ല കാണുന്നത്.മരണങ്ങളുടെ ചരിത്രമാണ്.പോലിസ് തയാറാക്കുന്ന ഓരോ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിനും പിന്നില്‍ ഓരോ മരണങ്ങള്‍ക്കും ഓരോ ചരിത്രം ഉണ്ട്.അതിന് കാരണമാകുന്ന ഘടകങ്ങള്‍ക്ക് ഈ സമൂഹത്തിനും അതില്‍ ഉള്‍പ്പെടുന്ന എനിക്കും നിങ്ങള്‍ക്കും പങ്കുണ്ട്.ഇതാണ് കഥയുടെ ഒന്നാം ഘട്ടം.
ഈ ഒന്നാം ഘട്ടത്തില്‍ വേലുച്ചാമിയുടെ മുന്നിലേക്ക് ഒരു സ്വാഭാവികമരണത്തെയും ജോജിത
കൊണ്ടുവരുന്നില്ല.അപ്പോള്‍ മോര്‍ച്ചറി എന്ന ശവം സൂക്ഷിപ്പ് കലവറയും അതിന്‍റെ നിര്‍വചനവും കഥയുടെ വ്യാഖ്യാനത്തിലൂടെ വ്യക്തമാണ്.മോര്‍ച്ചറിയില്‍ അടയ്ക്കപ്പെടുന്നത്
ശവശരീരങ്ങള്‍ മാത്രമല്ല അസ്വാഭാവിക രഹസ്യങ്ങള്‍ കൂടിയാണ്.ഒപ്പം അസംതൃപ്തരായ മനസുകളുമാണ്. ''വിഷാദ രോഗത്തിൻ അടിമയായി ആത്മഹത്യ ചെയ്ത രജസ്വലയായ സ്ത്രീ ശരീരങ്ങൾ........'' എന്ന പരാമര്‍ശം വെറുതെയല്ല എന്നത് കഥയുടെ തുടര്‍ന്നുള്ള പറച്ചിലില്‍ നിന്നും നമുക്ക് മനസിലാകും.അത് സമൂഹത്തില്‍ ഇന്നു പടര്‍ന്നു കയറുന്ന മറ്റൊരു മാരകമായ ഒരു രോഗത്തിന്‍റെ ലക്ഷണങ്ങള്‍ ആണ്.
സ്ത്രീയും പുരുഷനും ചേര്‍ന്ന് കുടുംബവും കുടുംബങ്ങള്‍ ചേര്‍ന്ന് സമൂഹവും സമൂഹങ്ങള്‍ ചേര്‍ന്ന് രാഷ്ട്രവും നിര്‍മ്മിക്കുമ്പോള്‍ രാഷ്ട്രത്തിന്‍റെ ഏറ്റവും അടിസ്ഥാനശിലയായ കുടുംബത്തിന്‍റെ ഇപ്പോഴത്തെ അസ്വസ്ഥമായ സ്ഥിതിയും ഒരു വരികൊണ്ട് കഥാകാരി വ്യക്തമാക്കുന്നു.വിഷാദരോഗത്തിന് അടിമയായ സ്ത്രീകള്‍ എന്ന് മാത്രം പറഞ്ഞ് കഥ തുടങ്ങാമായിരുന്നു.അല്ലെങ്കില്‍ വിഷാദരോഗമുള്ള ആളുകള്‍ എന്ന് മാത്രം പറയാമായിരുന്നു. രജസ്വലയായ സ്ത്രീ എന്നാല്‍ ജീവിതം ജീവിച്ച് തീരാത്തവള്‍ എന്നുതന്നെയാണ് അര്‍ത്ഥം.
കുടുംബജീവിതത്തില്‍ സ്ത്രീ പലതരത്തില്‍ അസ്വസ്ഥരാണ് എന്ന മറച്ചുപിടിക്കാന്‍ കഴിയാത്ത ഒരു സത്യം കൂടി മോര്‍ച്ചറിയിലെ പുതപ്പുകള്‍ക്ക് ഉള്ളില്‍ ഉണ്ടെന്ന് ജോജിത വ്യക്തമാക്കാന്‍
ശ്രമിക്കുന്നു.അതും ഈ സമൂഹത്തിന്‍റെ അപചയം തന്നെയാണ്.ഇങ്ങനെയുള്ള കുറെയധികം അപ്രിയസത്യങ്ങള്‍ തുറന്നുപറയാന്‍ വേലുച്ചാമിയില്‍ ഒരു മാനസികവൈകല്യം ആരോപിക്കുന്നതിലൂടെ കഴിയും എന്ന കഥാകാരിയുടെ തീരുമാനം വ്യക്തമായി.ഒരു കുറ്റാന്വേഷണകന് കുറ്റവാളിയെ മാത്രമേ കണ്ടെത്താന്‍ കഴിയൂ.കുറ്റവാളിയെ കണ്ടെത്തി ശിക്ഷിക്കുന്നത് കൊണ്ട് കുറ്റം ഇല്ലാതാകുന്നില്ല.കുറ്റം എന്നത് വ്യക്തിയില്‍ നിന്നല്ല മറിച്ച് സമൂഹത്തില്‍ നിന്നുകൂടിയാണ് ഉണ്ടാകുന്നത്.അപ്പോള്‍ കുറ്റം തുടച്ചുനീക്കണമെങ്കില്‍ സമൂഹം ശുദ്ധീകരിക്കപ്പെടണം.അങ്ങനെ ശുദ്ധീകരിക്കാന്‍ സമൂഹത്തില്‍ നിന്നും ജോജിത കണ്ടെത്തിയ ഒരു DNA ആണ് വേലുച്ചാമി. വേലുച്ചാമിയിലൂടെ സമൂഹത്തെ ബാധിച്ചിട്ടുള്ള മുഴുവന്‍ ക്യാന്‍സറും ഒരു സ്കാനിംഗ് ഫിലിമിലെപ്പോലെ മുന്നില്‍ എത്തിക്കുന്നു ജോജിത.അതാണ് ഞാന്‍ തുടക്കത്തില്‍ പറഞ്ഞത് വേലുച്ചാമിയും അയാളുടെ നാല് അതിരുകളില്‍ നില്‍ക്കുന്ന നാല് കഥാപാത്രങ്ങളും അടങ്ങുന്നതാണ് ജോജിതയുടെ കഥ എന്ന്.
കഥയുടെ രണ്ടാം ഘട്ടത്തില്‍ അല്പം കൂടി സങ്കീര്‍ണ്ണമായ മറ്റൊരു വിഷയത്തിലേക്ക് പോകാനാണ്
കഥാകാരി ശ്രമിക്കുന്നത്.ഒരു പത്ത് വയസുകാരിയുടെ മൃതദേഹത്തിലൂടെ അടുത്ത കാലത്ത്
വിവാദങ്ങള്‍ സൃഷ്ടിച്ച നിരവധി സംഭവങ്ങള്‍ വായനക്കാരനെ ഓര്‍മ്മിപ്പിക്കുന്നു.ഒരുപക്ഷേ
വായനക്കാരന്‍ കൂടുതല്‍ നോന്തുപോകുകയും സ്വയം ലജ്ജിക്കുകയും ചെയ്യുന്ന ഒരു നിമിഷമാണത്.
"എനിക്ക് വേദനിക്കുന്നച്ഛാ ... എനിക്ക് വേദനിക്കുന്നു.. ..''
എന്ന കഥയിലെ വാക്കുകള്‍ തന്നെ കടമെടുത്ത് ഞാന്‍ അതിന്‍റെ വിശകലനത്തില്‍ നിന്നും
രക്ഷപെടുകയാണ്.പിഞ്ചുകുഞ്ഞിനെപ്പോലും വെറുതെ വിടാന്‍ കഴിയാത്ത വിധം നമ്മുടെ സമൂഹത്തില്‍ വളര്‍ന്ന് വരുന്ന ലൈംഗികഅധപ്പതനം വ്യക്തമാക്കാന്‍ ആ കുഞ്ഞിന്‍റെ ശവശരീരത്തില്‍ നിന്നും ഉയര്‍ന്ന ശബ്ദത്തിലെ "വേദനിക്കുന്നച്ഛാ......'' എന്ന ഒരു വാക്ക് മാത്രം മതി.അതില്‍ എല്ലാം ഉണ്ട്.കുഞ്ഞുങ്ങള്‍ സ്വന്തം വീടുകളില്‍ പോലും സുരക്ഷിതരല്ല എന്ന സത്യം ഈ ഒറ്റ വാക്കുകൊണ്ട് ഏറ്റവും വലിയ നീതിപീഠമായ സമൂഹമനസാക്ഷിക്ക് മുന്നില്‍ ജോജിത
വെച്ചിട്ടുണ്ട്.നമ്മള്‍ ഓരോരുത്തരും വിലയിരുത്തുകയും വിധിപറയുകയും ചെയ്യട്ടെ എന്ന അടിക്കുറിപ്പോടെ.മൃഗത്തോളം എന്നത് തിരുത്തി മനുഷ്യനോളം മനുഷ്യന്‍ ഭൗതികമായും ആത്മീയമായും തരംതാഴ്ന്നു എന്നതിന്‍റെ തെളിവാണ് ആ കുഞ്ഞിന്‍റെ നിലവിളി.ഇവിടെവെച്ചു തീരുന്നു സത്യത്തില്‍ കഥാകാരിയുടെ ധര്‍മ്മം.കഥയുടെ പരിണാമഗുപ്തിയിലേക്ക് പോകുന്നതിന് മുന്‍പ് വേലുച്ചാമിയെ ഒന്ന് ഫിനിഷ് ചെയ്യുക- അല്ലെങ്കില്‍ അവസാനിപ്പിക്കുക എന്ന ധര്‍മ്മം കൂടി മാത്രം ഇനി കഥയ്ക്ക്.
വേലുച്ചാമിയുടെ വ്യക്തിജീവിതവും ഭാര്യ സീതയുടെ ആത്മീയസാന്നിദ്ധ്യവും
ക്ലൈമാക്സിന് മുന്‍പ് കഥയിലേക്ക് കൊണ്ടുവരുന്നത് കഥയുടെ തിരശീല ഇടാനാണ്. വേലുച്ചാമിയും ഭാര്യയും മാത്രം അടങ്ങുന്ന ഒരു കുടുംബം.എന്നുവെച്ചാല്‍ ഒരു രാഷ്ട്രത്തിന്‍റെ
ആധാരശിലയിലെ പ്രധാനകണ്ണി.ഇവരില്‍ നിന്ന് വേണം നമ്മള്‍ മഹത്തായ ഒരു രാഷ്ട്രം നിര്‍മ്മിക്കാന്‍.വേലുച്ചാമിയിലോ സീതയിലോ മാനസികമായും ശാരീരികമായും ഒരു തരത്തിലുമുള്ള പൊരുത്തം നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നില്ല.ദാമ്പത്യത്തിന്‍റെ പ്രാഥമികധാരണ പോലും ഇവരില്‍ ഇല്ല എന്നതാണ് സത്യം.അതിന്‍റെ കാരണങ്ങളായി കഥ നല്‍കുന്ന സൂചനകളില്‍ നിരവധി സത്യങ്ങള്‍ ഉണ്ട്.നമ്മുടെ കേരളത്തിന്‍റെ പൊതുസമൂഹമനസാക്ഷി പുറത്തറിയിക്കാതെ
ഉള്ളിലൊതുക്കി വെച്ചിരിക്കുന്ന ഒത്തിരി കാര്യങ്ങള്‍ അതിന് കാരണമാകാം. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ നാട്ടിലെ നൂറില്‍ നൂറ് ശതമാനം കുടുംബങ്ങളിലും അറിഞ്ഞോ അറിയാതെയോ ഒരു അണുബോംബ് ഉണ്ട്.ചിലയിടങ്ങളില്‍ അത് പൊട്ടുന്നുണ്ട്.ചിലയിടത്ത് അത് ചീറ്റുന്നുണ്ട്. ചിലയിടത്ത് അത് നിര്‍ജ്ജീവമാക്കാന്‍ ശ്രമിക്കുന്നുണ്ട് എങ്കിലും അത് അവിടെതന്നെയുണ്ട്. പുരുഷനും സ്ത്രീയും ഒരുമിച്ചു ചിന്തിച്ച് ഓരോ കുടുംബത്തിലും ഉള്ള ബോംബിന്‍റെ വ്യത്യസ്ത സ്വഭാവം കണക്കാക്കി അത് പൂര്‍ണ്ണമായും നിര്‍ജ്ജീവമാക്കുന്നിടത്ത് മാത്രമേ പ്രതീക്ഷയുടെ ഒരു തിരി നമുക്ക് കാണാന്‍ കഴിയൂ.പ്രകടനവും സമ്മേളനവും മതിലും മണ്ണാങ്കട്ടയും ഒന്നും ഒരു പരിഹാരമേയല്ല.വേലുച്ചാമി-സീത ദമ്പതികള്‍ ശരാശരി കേരളകുടുംബങ്ങളുടെ പ്രതിനിധിയാണ്.
ഗാര്‍ഹിക അന്തരീക്ഷത്തിലെ മുഴുവന്‍ അസ്വസ്ഥതകളും പെട്ടന്ന് ടോര്‍ച്ച് തെളിച്ച് ഒന്ന് കാണിക്കാന്‍ കഥയ്ക്ക് കഴിഞ്ഞു.അത്തരം അസ്വസ്ഥതകളില്‍ നിന്നും സ്വയം രക്ഷപെടാന്‍ ആണ്
വേലുച്ചാമി മോര്‍ച്ചറിയിലെ ആത്മരതിയുടെ അരങ്ങില്‍ തകര്‍ത്താടുന്നത് എന്ന ന്യായീകരണവും ഉണ്ട്.ആണും പെണ്ണും അടങ്ങുന്ന കുടുംബത്തിന്‍റെ അടിത്തറ ഇളകിയാല്‍ അത് പിന്നീട് എന്തെല്ലാം ദുരന്തങ്ങള്‍ക്ക് കാരണമാകും എന്ന ഒരു സന്ദേശം കഥയുടെ അവസാനം നമുക്ക് വായിച്ചെടുക്കാം.
കഥയുടെ എഴുത്തിലും വിഷയം തിരഞ്ഞെടുത്തതിലും ഒക്കെ അസാധാരണമായ ധൈര്യം കഥാകാരി പ്രകടിപ്പിച്ചിട്ടുണ്ട്.സമൂഹത്തിലെ ചലനങ്ങള്‍ കഥയ്ക്ക് ആവശ്യമായ നിരവധി ഇടങ്ങളില്‍ ചേര്‍ത്ത് വെച്ച് കഥയെ നന്നായി അലങ്കരിക്കാനും ജോജിതയ്ക്ക് കഴിഞ്ഞു.സുന്ദരമായ ചില ബിംബങ്ങള്‍ കഥയിലുണ്ട്.''ഒരു പ്രണയകോശം കൂടടർന്ന് വീഴുന്നു.....'' എന്ന് പറയുന്നിടത്ത്
ഒരു കാവ്യവും ''അണ്ണാക്കോടൊട്ടിയ നാക്കുമായി ഒരു വവ്വാൽ......''എന്നിടത് നല്ല നാടകീയതയും ഒക്കെ ഉണ്ടെന്ന് തെളിയിക്കാന്‍ ജോജിതക്ക് കഴിഞ്ഞു.
കഥയില്‍ ചില ഇടങ്ങളില്‍ ഉണ്ടായ ന്യൂനത പരിഹരിക്കാന്‍ ജോജിതയ്ക്ക് തന്നെ കഴിയും എന്നാണ് എനിക്ക് തോന്നുന്നത്.ഉദാഹരണമായി വേലുച്ചാമിയുടെ കഥാപാത്രനിര്‍മ്മാണത്തില്‍ പ്രകടമാകുന്ന അവ്യക്തതയും സീതയുടെ പാത്രസൃഷ്ടിയില്‍ വന്ന പൂര്‍ണ്ണതയും ശ്രദ്ധിക്കുക.
വേലുച്ചാമിയും സീതയും തമ്മിലുള്ള കുടുംബബന്ധം ചിത്രീകരിക്കുമ്പോള്‍ ''അവൾ സീത,
തന്റെ പ്രിയതമ,ഒരേയൊരു കൂട്ട്.....''എന്ന വേലുച്ചാമിയുടെ ഒരു ആത്മഗതം ഉണ്ട്.അതില്‍ നിന്നും
പങ്കാളിയോടുള്ള വേലുച്ചാമിയുടെ കൂറ് വ്യക്തം.എന്നാല്‍ അതിനോട് ചേര്‍ത്തുതന്നെ
''അവൾ ഉറങ്ങുന്നത് വരെ അവൻ എന്നും കാത്തിരിക്കും.ഗാഢമായ ഉറക്കത്തിൽ
വഴുതിവീഴുമ്പോൾ അവനിലെ പുരുഷൻ ഒരു രാജവെമ്പാലയായി അവളെ ചുറ്റിവരിഞ്ഞ്
മുറുക്കാൻ തുടങ്ങും.....'' എന്ന പ്രസ്താവന ചേര്‍ത്ത് വെക്കുമ്പോള്‍ സത്യത്തില്‍ വേലുച്ചാമിയോട്
ഒരുവിഭാഗം വായനക്കാര്‍ക്ക് സഹതാപം തോന്നാം.കാരണം വ്യക്തമാണല്ലോ.ഭാര്യയുടെ ആഗ്രഹത്തിനൊത്ത് കുടുംബജീവിതത്തില്‍ ഇടപെടാന്‍ പുരുഷന് കഴിയാതെ വരുന്നത് ചിലപ്പോള്‍ എങ്കിലും സഹതാപം അര്‍ഹിക്കുന്ന കാര്യമാണ്.ഇവിടെ വേലുച്ചാമി ഒരു പൂര്‍ണ്ണ ആരോഗ്യവാന്‍ അല്ലാത്ത പുരുഷനായി ചിത്രീകരിക്കപ്പെടുന്നു.വേലുച്ചാമി മാനസികമായും
ശാരീരികമായും ഒരു രോഗി ആണെങ്കില്‍ അയാളെ ചികിത്സിക്കേണ്ടത് ഒരു ഡോക്ടര്‍ മാത്രമല്ല ഭാര്യയായ സീതകൂടിയാണ്.എന്നാല്‍ ''അവന്റെ നിരാസവേളകളിൽ എഴുത്തിലും വായനയിലും തല പൂഴ്ത്തിയിരുന്നവൾ......'' എന്ന സീതയെക്കുറിച്ചുള്ള വ്യക്തി വര്‍ണ്ണനയില്‍ നിന്നും കുടുംബത്തിലെ സീതയുടെ റോള്‍ തെറ്റായി വ്യഖ്യാനിക്കപ്പെടുകയാണ്. സ്വാഭാവികമായും അവന്‍റെ നിരാസത്തിന് ഒരു കാരണം ഉണ്ടാകണം.അതിന് ഒരു ഉപകഥയോ സൂചനയോ കഥയില്‍ ഇല്ല.എന്നാല്‍ മാനസികമായ ഒരു ഡിസോഡര്‍ വേലുച്ചാമിയില്‍ ഉണ്ട്. മറ്റെന്തെകിലും ഒരു രോഗം ആണെങ്കില്‍ അയാള്‍ സഹതാപം അര്‍ഹിക്കുന്നു. ആ ഒരു ചെറിയ ശതമാനം സഹതാപം വേലുച്ചാമിയില്‍ നിലനില്‍ക്കുന്നത് തന്നെയാണ് ആ കഥാപാത്രത്തിന്‍റെ അവ്യക്തത.ഒപ്പം സീതയെ എഴുത്തും വായനയും ഉള്ള സ്ത്രീ എന്ന നിലയില്‍ ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്തിക്കാട്ടിക്കൊണ്ട് വേലുച്ചാമിയുടെ പേരില്‍ എല്ലാ കുറ്റവും ചാര്‍ത്തിക്കൊടുക്കുമ്പോള്‍ തീര്‍ച്ചയായും ഉദ്ദേശശുദ്ധി ചോദ്യംചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.
സ്ത്രീയും പുരുഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കുടുംബം എന്ന സ്ഥാപനത്തിന്‍റെ സ്വഭാവത്തില്‍ ഉണ്ടായ മാറ്റം ഇപ്പോഴത്തെ സമൂഹത്തില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ കഥ ചൂണ്ടിക്കാണിക്കുന്നുണ്ട്.വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ നിന്നും വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ അവിടെയും രണ്ട് മുറികള്‍ തീര്‍ത്ത സ്വകാര്യതയിലേക്ക് സ്ത്രീയും പുരുഷനും മുങ്ങിപ്പോകുകയും അത്താഴത്തിന് സമയമാകുമ്പോള്‍ 'വിശക്കുന്നു അത്താഴം വിളമ്പിക്കോ' എന്ന് ഭാര്യക്ക് ഭര്‍ത്താവ് വാട്ട്‌സ് ആപ്പ് സന്ദേശം അയക്കുന്നതും ഭാര്യ സ്നേഹത്തോടെ
'കൈകഴുകൂ വിളമ്പാം' എന്ന് വാട്ട്‌സ് ആപ്പ് സന്ദേശം തിരികെ അയച്ച് ഉണ്ണാന്‍ ക്ഷണിക്കുന്നതും
ഒക്കെ ഇന്നത്തെ നമ്മുടെ സമൂഹത്തില്‍ പതിവാണ്.അടിത്തറയില്‍ നിന്നും സ്ത്രീയും പുരുഷനും
ഒത്തിരി അകന്നുപോകുന്നു എന്ന പ്രവണതയെ സൂക്ഷ്മമായി ജോജിത നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ അതില്‍ തികച്ചും ഏകപക്ഷീകമായ ഒരു നിലപാട് കഥയില്‍ ഉണ്ട്.വേലുച്ചാമിമാര്‍ മാത്രമല്ല അതില്‍ കുറ്റക്കാര്‍.....സീതമാരും വിചാരണ ചെയ്യപ്പെടണം.
ഇവിടെ സീത കൂടുതല്‍ പൂര്‍ണ്ണതയിലേക്ക് വികസിക്കുമ്പോള്‍ വേലുച്ചാമിയെ പലടത്തും
നഷ്ടപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ഒരു ശ്രമം നടന്നോ എന്ന സംശയം ഉയര്‍ന്നുവരാന്‍ ഇടയുണ്ട്.
''ശവം പോലും ഭോഗിക്കാൻ അറിയാത്തവൻ......''
എന്ന പരിഹാസത്തില്‍ നിന്നും വേലുച്ചാമി സ്വയം രക്ഷപെടുന്നത് മോര്‍ച്ചറിയിലെ പൂജ്യത്തിനും
താഴെ നില്‍ക്കുന്ന കാലാവസ്ഥയിലാണ്.ഈ ഒരു അവസ്ഥയിലും കഥയുടെ അവസാനം
''ചോദ്യങ്ങൾ നിർത്തിവെച്ച് ആ പ്രേതം മെല്ലെ അവനരികിലേക്ക് നീങ്ങി.
ഒരു നിലയില്ലാക്കയത്തിലേക്ക് മുങ്ങിത്താഴ്ന്നു,വേലുച്ചാമി എന്ന ശക്തനായ പുരുഷനിലേക്ക്.....!''
എന്നിടത്തെ ''ശക്തനായ പുരുഷന്‍'' എന്ന പ്രയോഗം വീണ്ടും വേലുച്ചാമിയെ കൂടുതല്‍ അവ്യക്തനാക്കുന്നു.പുരുഷനും സ്ത്രീയും ചേര്‍ന്നുള്ള സമത്വസുന്ദരലോകം സ്വപ്നം കാണുന്ന നമുക്ക് മുന്നില്‍ കിടപ്പറയിലെ ആധിപത്യം പുരുഷന് മാത്രമാണ് എന്ന് തോന്നിപ്പിക്കുക വഴി
അവിടെനിന്നും പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹം വീണ്ടും നിര്‍മ്മിക്കപ്പെടുന്നു എന്ന വ്യാഖ്യാനത്തിലേക്കും കഥയുടെ വഴി പോയേക്കാം.ഒപ്പം പുരുഷന്‍റെയും സ്ത്രീയുടെയും ലൈംഗിക താല്പര്യങ്ങളെയും സങ്കല്പങ്ങളെയും രണ്ടായി വേര്‍തിരിക്കുന്നതിലൂടെ പൊതുസമൂഹത്തില്‍ സ്ത്രീയാണ് കൂടുതല്‍ അസംതൃപ്ത എന്ന സന്ദേഹവും പടരാന്‍ ഇടയാക്കും.അവിടെയാണ് വേലുച്ചാമിയെ അവ്യക്തന്‍ ആക്കുന്നതില്‍ വരുന്ന ദോഷങ്ങള്‍.
കഥയുടെ തുടക്കത്തില്‍ ഓരോ ശവശരീരങ്ങളും പരിശോധിക്കുന്ന വേലുച്ചാമി ഈ കൂട്ടത്തില്‍ ഒരാളെ പ്രതീക്ഷിക്കുന്നു എന്ന സൂചന ഉണ്ട്.പിന്നീട് പ്രേതമായി ഒരു സ്ത്രീ രൂപം പ്രത്യക്ഷപ്പെടുമ്പോള്‍ അത് വേലുച്ചാമി പ്രതീക്ഷിച്ച ആളാണ് എന്ന് ഉള്‍ക്കൊള്ളാന്‍ വായനക്കാരന് കഴിയുന്നില്ല.സീത എന്ന കഥാപാത്രത്തെയാണ് അവിടെ പ്രതിഷ്ഠിക്കാന്‍ കഥാകാരി ആഗ്രഹിച്ചത് എങ്കില്‍ അവിടെയും ഒരു അവ്യക്തത നിലവില്‍ ഉണ്ട്.ഒപ്പം
''ഒരു ശക്തമായ ഒരു ശിഖരം തേടി അവൻ നട്ടുവളർത്തിയ മാവിലേക്ക് പടർന്ന് കയറി.....''എന്ന ഈ വാചകം സുന്ദരമായി കഥയുമായി കൂട്ടിച്ചേര്‍ക്കാമായിരുന്നു എന്ന് തോന്നി.മറ്റൊരിടത്ത്
''അവൻ പരിഹാസഭാരംകൊണ്ട് മുഖം കുനിച്ചു.....''എന്ന വാചകത്തിലെ പരിഹാസഭാരം എന്ന
വാക്ക് അവിടെ യോജിക്കുന്നോ എന്ന് പരിശോധിക്കുക.ഓഷോ വചനവും നെരൂദയുടെ കവിതയും മലമ്പുഴയിലെ യക്ഷിയും കഥയുടെ ഗ്രൗണ്ടില്‍ നിന്നും ഒത്തിരി ഉയരെയോ അല്ലെങ്കില്‍ താഴെയോ നില്‍ക്കുന്നു എന്ന ഒരു തോന്നല്‍ ഒന്നോ രണ്ടോ വായനയിലും മറയുന്നില്ല.
ഒരു കഥയിലൂടെ നിരവധി വ്യാഖ്യാനങ്ങള്‍ വായനക്കാരന്‍ കണ്ടെത്തുന്നു എങ്കില്‍ അതിന്‍റെ
അര്‍ത്ഥം കഥയ്ക്ക് ഒന്നിലധികം തലങ്ങള്‍ ഉണ്ട് എന്നാണ്.നേരിട്ട് പറയുന്നതോ വെറുതെ
കേള്‍ക്കാന്‍ വേണ്ടി പറയുന്നതോ അല്ല കഥ.കേള്‍ക്കാന്‍ വേണ്ടി മാത്രം കഥ പറയുന്ന
കഥാകാരിയല്ല ജോജിത.അതിനാല്‍ ഈ കഥ നമുക്ക് തിരിച്ചും മറിച്ചും വായിക്കാം.കഥയുടെ
ആദ്യബീജം മലയാളത്തില്‍ വീഴ്ത്തിയ വാസനാവികൃതി എത്ര തവണ വായിച്ചാലും നമുക്ക് ഓരോ വായനയും ഓരോ പുതിയ കണ്ടെത്തല്‍ തന്നെയാണ്. ഓരോ കഥയും പറയുമ്പോള്‍ അതിനുള്ളില്‍ തന്നെ ഒരായിരം കഥകള്‍ അടുക്കിവെക്കാന്‍ ജോജിത വിനീഷ് എന്ന കഥാകാരിക്ക് ഇതുപോലെ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് നമുക്ക് ശവഭോഗം വായിക്കാം.
എം.എസ്.വിനോദ്.
0 അഭിപ്രായങ്ങള്‍