ഷെര്‍ലക്ഹോംസ് Vs ബ്രിഗേഡിയര്‍ വിജയന്‍മേനോന്‍.
---------------------------------------------------------------------------------------
കഥാപാത്രങ്ങള്‍ അവരെ സൃഷ്ടിച്ച കഥാകൃത്തിനേക്കാള്‍ വളര്‍ന്ന് വലുതായി നമ്മുടെ നിത്യജീവിതത്തില്‍ നമ്മളോടൊപ്പം ഇന്നും ജീവിക്കുന്ന കാഴ്ചയാണ് ഷെര്‍ലക്ഹോംസിനെയും ബ്രിഗേഡിയര്‍ വിജയന്‍മേനോനെയും കാണുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്നത്.ഈ രണ്ട് കഥാപാത്രങ്ങളെയും
അറിയാത്തവരും വായിക്കാത്തവരുമായ മലയാളികള്‍ ചുരുക്കമാണ്.ഒരാള്‍ വിദേശിയാണ്,മറ്റെയാള്‍ തനിനാടനും.
1859 മെയ് 22ന് ബ്രിട്ടനില്‍ ജനിച്ച സര്‍ ആര്‍തര്‍കോനന്‍ ഡോയല്‍ എന്ന എഴുത്തുകാരന്‍റെ സൃഷ്ടിയാണ് ഷെര്‍ലക്ഹോംസ് എന്ന കഥാപാത്രം.ബഹുമുഖപ്രതിഭയായിരുന്ന ഡോയല്‍ അദ്ധ്യാപകനായും ഡോക്ടറായും ഒക്കെ ജോലി ചെയ്തിട്ടുണ്ടെങ്കിലും അറിയപ്പെടുന്നത് ഒരു അപസര്‍പ്പക കഥാകാരനായിട്ടാണ്.നേവിയുടെ ലൈഫ്-ജാക്കെറ്റ് അദ്ദേഹത്തിന്‍റെ കണ്ടുപിടിത്തമാണെന്നും ഇംഗ്ലണ്ട്ക്രിക്കറ്റ് ടീമില്‍ അദ്ദേഹം കളിച്ചിട്ടുണ്ട് എന്നും ഫുട്ബാള്‍മത്സരങ്ങളില്‍ അന്ന് ഒഴിവാക്കാനാവാത്ത ഡിഫന്‍ഡര്‍ ആണെന്നും ഒപ്പം ഒരു നല്ല ഗുസ്തിക്കാരനാണെന്നും ഒക്കെ
നമ്മളില്‍ പലര്‍ക്കും അറിയില്ല.
എന്നാല്‍ വെറും ചരിത്രനോവലുകളും ശാസ്ത്രലേഖനങ്ങളും എഴുതിക്കൊണ്ട് സാഹിത്യത്തില്‍ കൈവെച്ച ഡോയല്‍ അറിയപ്പെട്ടുതുടങ്ങിയത് 1887ല്‍ പുറത്തിറങ്ങിയ ''എ സ്റ്റഡി ഓഫ് സ്കാര്‍ലറ്റ്'' എന്ന കൃതിയിലൂടെയാണ്.അതിലെ നായകനാണ് നമ്മുടെ കഥാപാത്രങ്ങളില്‍ ഒരാളായ ഷെര്‍ലക്ഹോംസ്. കുറ്റാന്വേഷണകഥാസാഹിത്യത്തിന് അത്രയൊന്നും പ്രാധാന്യം ഇല്ലാതിരുന്ന ആ കാലത്ത്
വായനയുടെ പൂര്‍വ്വകാലചരിത്രം അടിമുടി മാറ്റി എഴുതപ്പെട്ട ഡോയലിന്‍റെ ഈ കൃതി വായനക്കാരന് പ്രിയങ്കരമായി.ഒപ്പം ഷെര്‍ലക്ഹോംസ് എന്ന കഥാപാത്രവും.വിശ്വകഥാസാഹിത്യത്തിലെ മുടിചൂടാമന്നന്‍മാരായ മോപ്പസാങ്ങും ആന്‍റണ്‍ചെഖോവും ഒക്കെ എഴുതുന്ന കാലഘട്ടത്തില്‍
തന്നെയാണ് ഡോയലിന്‍റെ ഷെര്‍ലക്ഹോംസ് രംഗപ്രവേശനം ചെയ്തതെന്നും ഓര്‍ക്കണം. ആദ്യകൃതിമുതല്‍ പിന്നീടുള്ള ഓരോ രചനകളിലൂടെയും ഡോയല്‍ സൃഷ്ടിച്ച കഥാപാത്രം ദൈവതുല്യനായി വളര്‍ന്ന് കഥകളില്‍നിന്നും സ്വയം ഇറങ്ങിവന്ന് കുറ്റവാളികളുടെയും കുറ്റകൃത്യങ്ങളുടെയും ഇടയില്‍ ജീവിക്കുന്ന ഒരു പ്രതിഭാസമായി മാറുകയായിരുന്നു.ഒരു ചലച്ചിത്രതാരത്തിനുപോലും ലഭിക്കാത്ത താരാരാധനയും പുരണകഥകളിലെ
ഹെര്‍കുലീസിന് സമാനമായ ഭയഭക്തിബഹുമാനവും ഡോയലിന്‍റെ ഈ കഥാപാത്രം വളരെപ്പെട്ടന്ന് നേടിയെടുത്തു.
വായനക്കാരന് സ്വന്തം കഥാപാത്രമായ ഷെര്‍ലക്ഹോംസിനോട് തോന്നിയ ഈ അമിതമായ ആരാധനയും
ആവേശവും തുടക്കത്തില്‍ ഡോയല്‍ എന്ന എഴുത്തുകാരന് സന്തോഷവും അഭിമാനവും നല്‍കുന്നതായിരുന്നു.എന്നാല്‍ മൂന്നാംകിടസാഹിത്യമെന്ന് കരുതുന്ന കുറ്റാന്വേഷണകഥകളെക്കാള്‍ ഡോയലിന് താല്പര്യം ചരിത്രാഖ്യായികകളും ആത്മീയഗവേഷണവും തന്നെയായിരുന്നു.തന്‍റെ ഗവേഷണവും പഠനവും തുടരാന്‍ കൂടുതല്‍ സമയം കണ്ടെത്താന്‍വേണ്ടി ഷെര്‍ലക്ഹോംസ്കഥകള്‍ അവസാനിപ്പിക്കാനാണ് ഡോയല്‍ തീരുമാനിച്ചത്.അങ്ങനെ ഒരു കഥയുടെ അവസാനത്തില്‍ തന്‍റെ എന്നത്തേയും പ്രശസ്തനായ ഷെര്‍ലക്ഹോംസ് എന്ന കഥാപാത്രത്തെ മരണത്തിന് വിട്ടുകൊടുത്തുകൊണ്ട് ഡോയല്‍ ഹോംസ്കഥകള്‍ അവസാനിപ്പിച്ചു.
ഡോയല്‍ കരുതിയപോലെ അത്ര നിസാരമായിരുന്നില്ല വായനക്കാരന്‍റെ പ്രതികരണം.ശക്തമായ
പ്രതിഷേധങ്ങളും കലാപങ്ങളും ഉയര്‍ന്നുവന്നു.ഷെര്‍ലക്ഹോംസ് ഇല്ലാത്ത ഡോയലിന്‍റെ രചനകള്‍ വായനക്കാരന്‍ ബഹിഷ്കരിക്കാന്‍ തുടങ്ങി.ഒടുവില്‍ ഗത്യന്തരമില്ലാതെ ഡോയല്‍ ഒരു വിശദീകരണക്കുറിപ്പോടെ ഷെര്‍ലക്ഹോംസിനെ മടക്കിക്കൊണ്ടുവന്നു.ആ മടങ്ങിവരവ് ആദ്യപകുതിയേക്കാള്‍ ഗംഭീരമായിരുന്നു.ഷെര്‍ലക്ഹോംസ് നായകനായി നൂറിലധികം രചനകള്‍ പുറത്തുവന്നിട്ടുണ്ട്.അതിന്‍റെ പൂര്‍ണരൂപം മലയാളത്തിലും ലഭ്യമാണ്.1930ല്‍ ഡോയല്‍ അന്തരിച്ചു.എന്നാല്‍ ഷെര്‍ലക്ഹോംസ് ഇന്നും ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്നവരാണ് അധികവും.
സമാനമായ ഒരു കഥാപാത്രം നമുക്ക് മലയാളത്തിലും ഉണ്ട്.അത് മറ്റാരുമല്ല.നമ്മുടെ സ്വന്തം ബ്രിഗേഡിയര്‍.മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ ബ്രിഗേഡിയര്‍കഥകളിലെ നായകനായ ബ്രിഗേഡിയര്‍ വിജയന്‍മേനോനും വായനക്കാര്‍ക്കിടയില്‍ സുപരിചിതനാണ്.സര്‍ ആര്‍തര്‍കോനന്‍ ഡോയലിനെപ്പോലെ മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ ജീവിതവും സംഭവബഹുലവും സര്‍ഗ്ഗാത്മകവുമാണ്.1927ല്‍ പാലക്കാട്ട് കല്‍പ്പാത്തിയില്‍ ജനിച്ച രാമകൃഷ്ണഅയ്യര്‍ എന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍ അദ്ധ്യാപകനായും വക്കീലായും ചിത്രകാരനായും രാഷ്ട്രീയക്കാരനായും ഒക്കെ തിളങ്ങി.പത്രപ്രവര്‍ത്തകനായും
മജിസ്ട്രേറ്റായും ജോലിനോക്കിയിട്ടുണ്ട്.1958ല്‍ IAS ലഭിക്കുകയും സബ്കളക്ടര്‍, ജില്ലാകളക്ടര്‍, ഗവ:സെക്രട്ടറി,ലളിതകലാഅക്കാദമി ചെയര്‍മാന്‍ തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.ചെറുകഥ,നോവല്‍,തിരക്കഥ,കാര്‍ട്ടൂണ്‍,ചലച്ചിത്രസംവിധാനം എന്നീ മേഖലകളില്‍ മലയാറ്റൂര്‍ സ്വന്തം കൈയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.ബ്രോംസ്റ്റോക്കറുടെ ഡ്രാക്കുളയും ഷെര്‍ലക്ഹോംസ് കഥകളും മലയാളത്തിലേക്ക് ആദ്യമായി വിവര്‍ത്തനം ചെയ്തതും മലയാറ്റൂര്‍ ആണ്.വയലാര്‍അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും പുരസ്കാരങ്ങളും ലഭിച്ചിട്ടുള്ള മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ
അനന്തരവനാണ് പ്രശസ്തസിനിമാതാരം ജയറാം.
ബ്രിഗേഡിയറെ നായകനാക്കി മലയാറ്റൂര്‍ നൂറിലധികം കഥകള്‍ എഴുതി. ഡോയല്‍, ഡോക്ടര്‍.വാട്സണിലൂടെയാണ് ഷെര്‍ലക്ഹോംസിനെ അവതരിപ്പിച്ചതെങ്കില്‍ മലയാറ്റൂര്‍,സ്വന്തം പേരില്‍ തന്നെ ബ്രിഗേഡിയര്‍കഥകളില്‍ ഒരു കഥാപാത്രമായി.പ്രശസ്തമായ അനന്തപുരം ക്ലബിലെ ബാറില്‍ തന്‍റെ ബടായികളും പോങ്ങച്ചങ്ങളുമായി ബ്രിഗേഡിയര്‍ വിജയന്‍മേനോന്‍ അരങ്ങുതകര്‍ക്കുന്നത് നമ്മള്‍ വായനക്കാര്‍ നന്നായി ആഘോഷിച്ചു.ഇടയ്ക്ക് ഒന്നോരണ്ടോതവണ ബ്രിഗേഡിയര്‍പുരാണം അവസാനിപ്പിക്കാന്‍ മലയാറ്റൂരും ശ്രമിച്ചതായി സംസാരമുണ്ട്. ഷെര്‍ലക്ഹോംസിനോളം വരില്ലെങ്കിലും ബ്രിഗേഡിയര്‍ക്കും ആരാധകരും അനുയായികളും ഉണ്ടായിരുന്നു.അതുകൊണ്ടാകാം മലയാറ്റൂര്‍ ശ്രമം ഉപേക്ഷിച്ചത്.
സര്‍ ആര്‍തര്‍കേനല്‍ ഡോയലും മലയാറ്റൂര്‍ രാമകൃഷ്ണനും കാലത്തിന്‍റെ യവനികയില്‍ മറഞ്ഞു.എന്നാല്‍ ഒരിക്കലും മരിക്കാതെ അവര്‍ സൃഷ്ടിച്ച ഷെര്‍ലക്ഹോംസും ബ്രിഗേഡിയര്‍ വിജയന്‍മേനോനും നമുക്കിടയില്‍ ഇന്നും ജീവിക്കുന്നു.ബേക്കല്‍ തെരുവിലെ
221ബി എന്ന മുറിയിലിരുന്ന് ഷെര്‍ലക്ഹോംസ് പുതിയ പരീക്ഷണങ്ങള്‍ തുടരുന്നു.അനന്തപുരം ക്ലബ്ബില്‍ ബ്രിഗേഡിയര്‍ വിജയന്‍മേനോന്‍ പുതിയ പുരാണങ്ങള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു.വായനക്കാര്‍ മാത്രമല്ല ഗവേഷണവിദ്യാര്‍ഥികള്‍ പോലും അവരെക്കുറിച്ച് പഠിക്കുന്നതും
ഗവേഷണം നടത്തുന്നതും നോക്കിക്കണ്ടുകൊണ്ട്.
-------------------------
0 അഭിപ്രായങ്ങള്‍