Ticker

6/recent/ticker-posts

ബഷീറും ഉണങ്ങിയ തേങ്ങയും..

വൈക്കം മുഹമ്മദ് ബഷീർ
വൈക്കം മുഹമ്മദ് ബഷീർ
ഒരു പരിചയപ്പെടുത്തലും വേണ്ടാത്ത മനുഷ്യന്‍....
. ബഷീറുമായി ബന്ധപ്പെട്ട നിരവധി കഥകള്‍ ഉണ്ട് മലയാളത്തില്‍. ബഷീര്‍ പ്രേമം മൂത്ത് ഒരിക്കല്‍ ഞങ്ങള്‍ കുറച്ചുപേര്‍ അദ്ദേഹത്തിന്‍റെ സാമ്രാജ്യത്തില്‍ പോയി നേരിട്ട് കണ്ടിട്ടുമുണ്ട്.
ആദ്യം ഒന്ന് തൊടാന്‍ പോലും സമ്മതിച്ചില്ല അന്ന് ആ പഹയന്‍...എന്നാല്‍ യാത്ര പറയുമ്പോള്‍ എല്ലാവരെയും തൊട്ട് അനുഗ്രഹിച്ചു.....ആ വിരല്‍ സ്പര്‍ശം എന്‍റെ വിരല്‍തുമ്പിൽ ‍ ഇപ്പോഴുമുണ്ട്.....പോരുമ്പോള്‍ ഒരു കാര്യം എന്നോട് പ്രത്യേകം പറഞ്ഞു....
''കാമ്പിശ്ശേരിയുടെ ആളായതുകൊണ്ടാ നിന്നെ ഞാന്‍ എന്റെ മുറ്റത്ത് കേറ്റിയത് കേട്ടോ......''
അദ്ദേഹം ഉദ്ദേശിച്ചത് ജനയുഗം പത്രത്തിന്‍റെ എഡിറ്റര്‍ ആയിരുന്ന ശ്രീ.കാമ്പിശ്ശേരി കരുണാകരനെ ആണ് എന്ന് എനിക്ക് അറിയാം. സത്യം പറഞ്ഞാല്‍ ഞാന്‍ കാമ്പിശ്ശേരി കരുണാകരനെ കണ്ടിട്ടുപോലുമില്ല. എന്നിട്ടും അദ്ദേഹത്തിന്‍റെ നാട്ടില്‍ ജനിച്ചത്‌ അപ്പോള്‍ എനിക്ക് ഒരു ഔദാര്യമായി. ബഷീറിന്റെ ചുരുക്കം സുഹൃത്തുക്കളില്‍ ഒരാള്‍ ആയിരുന്നു കാമ്പിശ്ശേരി. എല്ലാ കാര്യങ്ങളും പരസ്പരം ചര്‍ച്ച ചെയ്യുന്ന അടുത്ത സുഹൃത്ത്.
ഞാന്‍ കൂടുതല്‍ വായിച്ചിട്ടുള്ളത് ബഷീര്‍ സാഹിത്യമാണ്.കൂടുതല്‍ എഴുതിയത് ബഷീറിനെക്കുറിച്ചാണ്. എത്ര എഴുതിയാലും തീരാത്ത കഥകള്‍ ആണ് ബഷീര്‍. എത്ര കോരിയാലും വറ്റാത്ത കടലും.....
ബഷീറിനെക്കുറിച്ചുള്ള കഥകളില്‍ ഒരു കഥ പറയാം. രണ്ട് രാമന്മാര്‍ ബഷീറിനെ കാണാന്‍ പോയ കഥ. അതിലൊന്ന് സി.വി.ശ്രീരാമന്‍ ആണ് . അറിയാമല്ലോ സി.വി.ശ്രീരാമനെ. ചെറുകഥകളും നോവലുകളും എഴുതിയ സി.വി.ശ്രീരാമന്‍റെ പല കഥകളും സിനിമ ആയിട്ടുണ്ട്‌. ചിദംബരം, വാസ്തുഹാര, പൊന്തന്‍മാട, പുരുഷാര്‍ത്ഥം തുടങ്ങിയ സിനിമകള്‍ എല്ലാം ഈ സി.വി.ശ്രീരാമന്‍റെ കഥകള്‍ ആണ്.
മറ്റൊരു രാമന്‍ സി.വി.ശ്രീരാമന്‍റെ അനന്തരവന്‍ വി.കെ.ശ്രീരാമന്‍ . അദ്ദേഹത്തെയും നിങ്ങള്‍ക്ക് നന്നായി അറിയാം. സിനിമകളില്‍ ഒക്കെ അഭിനയിക്കുന്ന ആള്‍ തന്നെ. മാത്രമല്ല വേറിട്ട കാഴ്ചകള്‍ എന്ന പ്രശസ്തമായ പുസ്തകവും ഈ വി.കെ.ശ്രീരാമന്‍ എഴുതിയിട്ടുണ്ട്. നമ്മുടെ കഴിഞ്ഞ നീലാംബരീയം സംഗമം തൃശൂര്‍ നടക്കുമ്പോള്‍ ഈ വി.കെ.ശ്രീരാമനെ പങ്കെടുപ്പിക്കാന്‍ ഒരു ശ്രമം നമ്മള്‍ നടത്തിയിരുന്നു. അദ്ദേഹം ഒപ്പിട്ടുതന്ന വേറിട്ട കാഴ്ചകള്‍ എന്‍റെ കൈവശം ഉണ്ട്. ഒരു നല്ല സൗഹൃദവും....
ഈ രണ്ട് ശ്രീരാമന്മാരും കുറച്ചു സിനിമാക്കാരും ഒരിക്കല്‍ നമ്മുടെ സുല്‍ത്താനെ കാണാന്‍ ബേപ്പൂര്‍ പോയി. വെറുതെ ഒരു സൗഹൃദസന്ദര്‍ശനം. അമ്മാവന്‍ ശ്രീരാമന്‍ അന്ന് ബഷീറിന്‍റെ അടുത്ത സുഹൃത്താണ്‌. എന്നാല്‍ അനന്തരവന്‍ ശ്രീരാമന്‍ ആദ്യമായി ആണ് ബഷീറിനെ കാണുന്നത്. അവര്‍ ബേപ്പൂര്‍ എത്തിയപ്പോള്‍ നമ്മുടെ ബഷീര്‍ സ്ഥിരമായി ഇരിക്കുന്ന തണലിൽ ഇരുന്നു ''സുലൈമാനിയ'' ആസ്വദിക്കുകയായിരുന്നു.
ഇടയ്ക്കൊന്ന് പറയട്ടെ നമ്മുടെ സുകുമാര്‍ അഴീക്കോടുമായി ആ കാലത്ത് ബഷീര്‍ അല്പം സമരത്തില്‍ ആയിരുന്നു. സാഹിത്യകാരന്മാര്‍ക്ക് ഇടയില്‍ പലപ്പോഴായി പൊട്ടിമുളയ്ക്കുന്ന ഒരു തരം ഈഗോ മാത്രമായിരുന്നു അത്. അന്ന് അതൊക്കെ നാട്ടില്‍ ഒരു വിധം പാട്ടായ കാലത്തിലാണ്‌ ഈ സൗഹൃദസന്ദര്‍ശനം.
അവിടെ എത്തിയ സാഹിത്യനായകന്മാര്‍ എല്ലാവരും ബഷീറിന് ചുറ്റും കിടന്ന കസേരകളില്‍ ഇരുന്നു. അപ്പോള്‍ നമ്മുടെ അനന്തരവന്‍ ശ്രീരാമന് ഇരിക്കാന്‍ കസേര കിട്ടിയില്ല. അദ്ദേഹം അടുത്തുള്ള ഒരു തെങ്ങില്‍ ചാരി വെറുതെ നിന്നു. തെങ്ങില്‍ ചാരി നില്‍ക്കുന്ന അനന്തരവന്‍ ശ്രീരാമനെ ആദ്യമായി കാണുന്ന ബഷീര്‍ ചോദിച്ചു,
''അത് ആരാണ്......?''
കൂടെയുള്ളവര്‍ പരിചയപ്പെടുത്തി....
''അത് നമ്മുടെ സി.വി.ശ്രീരാമന്‍റെ അനന്തരവന്‍ ആണ്....അല്പം സാഹിത്യം ഒക്കെ ഉണ്ട്. സിനിമയില്‍ ഒക്കെ വേഷം ചെയ്യും......''
ഈ പരിചയപ്പെടുത്തല്‍ ഒന്നും ശ്രദ്ധിക്കാതെ ബഷീര്‍ പറഞ്ഞു.
''ആരായാലും വേണ്ടില്ല.......അയാളോട് ആ തെങ്ങിന്‍റെ ചുവട്ടില്‍ നിന്നും മാറി നില്ക്കാന്‍ പറ......നാളെ ആ സുകുമാര്‍ അഴീക്കോട് വരുന്നുണ്ട്......അവന് കണക്കാക്കിവെച്ച ഒരു ഉണങ്ങിയ തേങ്ങയുണ്ട്‌ അതില്‍.........''
അതാണ് വൈക്കം മുഹമ്മദ്‌ ബഷീര്‍...തനിക്കോ തന്‍റെ സാഹിത്യത്തിനോ എതിരായ വിമര്‍ശനങ്ങളെ നേരിടാന്‍ ബഷീറിന്റെ കൈവശം ഉള്ളത് ഇത്തരം സുന്ദരമായ ആയുധങ്ങള്‍ ആണ്.അതുകൊണ്ടുതന്നെ ബഷീറിനെ പ്രൊഫ. എം. എൻ. വിജയൻ വിശേഷിപ്പിച്ച വാചകം ഓർത്തുപോകുന്നു.
''ബഷീര്‍-കാടായിമാറിയ ഒരു ഒറ്റമരം.........''
തലമുറകള്‍ എത്ര കഴിഞ്ഞാലും മായാത്ത കഥകളും കഥയില്‍ പൊതിഞ്ഞ കാര്യങ്ങളും സമ്മാനിച്ച ആ സുല്‍ത്താന്‍റെ ഓര്‍മ്മകളില്‍ പ്രണാമം.....

എം. എസ്. വിനോദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

6 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2022, ഡിസംബർ 9 12:24 PM

    അഴീക്കോട്നു വച്ച ഉണക്ക തേങ്ങാ..എത്ര പെട്ടെന്നാണ് ഇവരുടെയൊക്കെ ചിന്തകൾ ഇങ്ങനെ സഞ്ചരിക്കുന്നത്..മനോഹരമായ കുറിപ്പ് വിനോദ്..ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2022, ഡിസംബർ 9 12:51 PM

    ബഷീറിനെ കുറിച്ചുള്ള ലേഖനം വളരെ രസകരം.നന്നായിട്ടുണ്ട് ❤️❤️

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2022, ഡിസംബർ 9 2:42 PM

    രസകരം സാർ❤️

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2022, ഡിസംബർ 9 2:55 PM

    സർ ഇതുക്കും മേലെ എഴുത്തിനെ ആസ്വദിക്കാൻ വേറെന്താ വേണ്ടത്... ഒരുപാടിഷ്ടം ❤❤❤❤❤❤❤❤❤❤

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2022, ഡിസംബർ 9 9:14 PM

    സുന്ദരമായ വായന👌👌

    മറുപടിഇല്ലാതാക്കൂ