''............ഞാനന്ന് വീട്ടിലേക്ക് പോയപ്പോൾ ഒരു കുല മുന്തിരിപ്പഴം കൂടി വാങ്ങിക്കൊണ്ട് പോയി. എന്റെ ഹൃദയം മുന്തിരിച്ചാറുകൊണ്ട് നിറഞ്ഞിരിക്കുകയാണല്ലോ...?
എന്നെ വെറുതെ വിട്ട വിവരം അറിഞ്ഞപ്പോൾ അമ്മിണി ആഹ്ളാദം കൊണ്ട് തുള്ളിച്ചാടി. ഇത്രയും ആഹ്ളാദവതിയായിട്ട് ഞാനെന്റെ പെണ്ണിനെ മറ്റൊരിക്കലും കണ്ടിട്ടില്ല. സന്ധ്യയായപ്പോൾ അവൾ കുളിച്ച് മോടിയായി അണിഞ്ഞൊരുങ്ങി. ഒരുങ്ങിക്കണ്ടപ്പോൾ സുന്ദരിയല്ലാത്ത അവൾ അതിസുന്ദരിയാണെന്നെനിക്ക് തോന്നി. അന്ന് നേരത്തെ തന്നെ ഞങ്ങൾ ഉറങ്ങാൻ കിടന്നു. അവള് കണ്ടമാനം ചിരിച്ചു - ഞാനും ചിരിച്ചു. വിളക്കണയ്ക്കാൻ നേരത്ത് തൊട്ടിലിൽ ഉറങ്ങിക്കിടന്ന അജയൻ ഉറക്കത്തിൽ ചിരിക്കുന്നത് അവളെന്നെ വിളിച്ചു കാണിച്ചു .....''
(തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമ്മകൾ എന്ന ആത്മകഥയിലെ അവസാനത്തെ അദ്ധ്യായം.....)
ഒളിവുജീവിതവും പിന്നീടുള്ള ലോക്കപ്പ് വാസവും കഴിഞ്ഞ് നിരപരാധിത്വം കോടതി വിധിയിലൂടെ തെളിയിച്ച് വീട്ടിലെത്തുന്ന തോപ്പിൽ ഭാസിയുടെ മുന്നിലെ ചിരികളുടെ കൂട്ടത്തിൽ ഒരു ചിരി അസ്തമിച്ചു. അജയന് 6 മാസം മാത്രം പ്രായമുള്ളപ്പോൾ ആദ്യത്തെ ഓണത്തിന് മകനെ ഒരു നോക്ക് കാണാൻ പോലീസിന്റെ കണ്ണ് വെട്ടിച്ച് എണ്ണയ്ക്കാട്ട് ഭാര്യ വീട്ടിൽ എത്തുമ്പോൾ ആണ് തോപ്പിൽ ഭാസി പോലീസ് കസ്റ്റഡിയിലാകുന്നത്.
ഇത് ഒരു പഴയ കഥ.
ഇത് ഒരു പഴയ കഥ.
പിന്നെ തോപ്പിൽ ഭാസി കഥ പറയുന്നതു കണ്ടും കേട്ടും വളർന്ന അജയൻ ഒടുവിൽ സിനിമക്കാരനായി. അച്ഛന്റെ നിഴലിൽ സിനിമ ഉണ്ടാക്കുന്നത് കണ്ടു നിന്നപ്പോഴും അജയന്റെ കണ്ണ് സിനിമയുടെ കണ്ണിലായിരുന്നു. അന്നു മുതൽ തുടങ്ങിയ ഫോട്ടോഗ്രാഫിയിലുള്ള കമ്പം ഒടുവിൽ പെരുന്തച്ചൻ എന്ന സിനിമ വരെ എത്തിച്ചു. തോപ്പിൽ ഭാസി മലയാള സിനിമയിൽ നിരവധി അശ്വമേധങ്ങൾ നടത്തിയെങ്കിൽ അജയൻ അശ്വമേധങ്ങൾക്കൊന്നും പോകാതെ ഒറ്റ സിനിമ കൊണ്ട് ഇന്ത്യൻ സിനിമയിൽ ചക്രവർത്തിയായി.
സിനിമ എന്ന് കേട്ട് കോടമ്പാക്കത്തേക്ക് വണ്ടി കയറിയവനല്ല തോപ്പിൽ ഭാസി. കോടമ്പാക്കത്തുനിന്നും സിനിമയെ ആവാഹിച്ചു വരുത്തി വള്ളികുന്നത്ത് പ്രതിഷ്ഠിച്ചവനാണ്. ആ ഭാസിയുടെ മകനും അങ്ങനെ തന്നെ ആയിരുന്നു.
ഡിസംബർ 13 ന് നട്ടുച്ചയ്ക്ക് സൂര്യൻ അസ്തമിക്കുമെന്ന സൈബർ ലോകത്ത് ആഞ്ഞടിച്ച പ്രവചനം അക്ഷരാർത്ഥത്തിൽ വള്ളികുന്നത്ത് സംഭവിച്ചു. വള്ളികുന്നിൽ അന്ന് ഒരു സൂര്യൻ നട്ടുച്ചക്ക് തന്നെ അസ്തമിച്ചു. എന്നെപ്പോലെ സിനിമയെ സ്നേഹിക്കുന്ന വള്ളികുന്നത്തുകാർക്ക് ആ ചെറുപുഞ്ചിരി മാത്രം സമ്മാനിച്ച് ഒരു സൂര്യൻ മറഞ്ഞു. മഞ്ഞ് പെയ്ത് മനസ് തണുപ്പിക്കുന്ന ഡിസംബറിനെ ഞാൻ വെറുക്കുന്നു. ഒപ്പം വൃശ്ചികത്തിന്റെ ഈ വൃത്തികെട്ട കുസൃതികളേയും. ഇതേപോലെ ഒരു ഡിസംബറിലാണ് തോപ്പിൽ ഭാസിയും വേഷം അഴിച്ചു വെച്ച് തിരശ്ശീലയ്ക്ക് പിന്നിൽ മറഞ്ഞത്. ഒരു വർഷത്തിന്റെ കണക്കെടുമ്പോൾ ഭാരം കുറയുന്നെങ്കിൽ ഞങ്ങളുടെ ഇത്തരം കനമുള്ള സമ്പാദ്യങ്ങളെ...സ്വപ്നങ്ങളെ എന്തിന് നീ അപഹരിക്കുന്നു എന്ന് വർഷാവസാനത്തോട് വള്ളികുന്നത്തുകാരൻ ചോദിച്ചു പോകുന്നു....
തോപ്പിൽ തറവാട്ടിലെ ആളൊഴിഞ്ഞ ആ തൊട്ടിൽ ആടിക്കൊണ്ടിരിക്കുന്നു.... ഇനിയുമൊരു തച്ചനെ പ്രതീക്ഷിച്ച്.....ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെ നാടിന്റെ സിനിമാസ്വപ്നങ്ങളുടെ പെരുന്തച്ചനായി വീണ്ടും വരുമെന്ന് ഉറപ്പുനൽകിയാണ് ഈ യാത്ര എന്ന് ഞാനും വിശ്വസിക്കുന്നു....ഒത്തിരി മോഹങ്ങളും പദ്ധതികളും ബാക്കി വെച്ചു കൊണ്ട്, മനസിലൊളിപ്പിച്ച മാണിക്യക്കല്ലുമായി അസ്തമിച്ച സിനിമയുടെ പെരുന്തച്ചന് പ്രണാമം....
4 അഭിപ്രായങ്ങള്‍
ഏറെ ദുഃഖത്തിലാഴ്ത്തിയ വിവരണം ......
മറുപടിഇല്ലാതാക്കൂവിവരണം ശ്രീ അജയനെ കുറിച്ച്... നൊമ്പരം..
മറുപടിഇല്ലാതാക്കൂ🙏🏼❤
വൃശ്ചികത്തിന്റെ നഷ്ടം..വള്ളികുന്നംകാരുടെ സൂര്യൻ അസ്തമിച്ചു എന്നു പറയുമ്പോൾ തന്നെ അദ്ദേഹം ആ നാടിന്റെ അഭിമാനമായിരുന്നു എന്നു ചേർത്തു വായിക്കുന്നു. മനോഹരമായ അനുസ്മരണം വിനോദ്
മറുപടിഇല്ലാതാക്കൂസർ തൂലികയിൽ വിരിഞ്ഞ ഓരോ ഇതളുകളായി വിരിഞ്ഞ അക്ഷരക്കൂട്ടുകൾക്ക് അഭിമാനത്തിൻെറ...വേർപാടിൻെറവേദന എല്ലാം ഒപ്പിയെടുക്കുവാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ.
മറുപടിഇല്ലാതാക്കൂ