കുമാരനാശാന്‍റെ ചിന്താവിഷ്ടയായ സീത എന്ന കാവ്യം പുറത്തുവന്നിട്ട് നൂറ് വര്‍ഷം തികയുന്നു.ഒരു കാവ്യം എന്നതിനപ്പുറം സീതയുടെ ചിന്തകള്‍ക്ക് പ്രസക്തി ഉണ്ടെന്ന് തെളിയുന്ന ഒരു നൂറാം വാര്‍ഷികം.എന്താണ് ഈ കാവ്യത്തിന്‍റെ കാലികപ്രസക്തി.
ലവകുശന്മാര്‍ വാത്മീകിയോടൊപ്പം അയോദ്ധ്യയിലേക്ക് പോകുമ്പോള്‍ ആശ്രമത്തിനടുത്തുള്ള ഉദ്യാനത്തിലെ ഏകാന്തതയില്‍ സീത ഒറ്റയ്ക്കിരുന്ന് തന്നെപ്പറ്റിയും തന്‍റെ നാടിനെപറ്റിയും തന്‍റെ രാജ്യത്തെപ്പറ്റിയും ചിന്തിക്കുന്നതാണ് ആശാന്‍റെ കാവ്യത്തിന്‍റെ വിഷയം.നമ്മള്‍ നാടിനെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിട്ട് നൂറ് വര്‍ഷം തികയുന്നു എന്നതാണ് ഈ കാവ്യത്തിന്‍റെ ഒന്നാമത്തെ പ്രസക്തി.മലയാളി
സ്വാതന്ത്യത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത് ആശാന്‍റെ സീത ചിന്തിക്കാന്‍ തുടങ്ങിയതിന് ശേഷമാണെന്ന് പറയുന്നത് ഒരുപക്ഷേ തര്‍ക്കം ഉണ്ടാക്കിയേക്കാം. അല്പമൊന്ന് തര്‍ക്കിക്കാന്‍ തന്നെ തീരുമാനിച്ചിട്ടാണ് വീണ്ടും ചിന്താവിഷ്ടയായ സീത കൈയ്യിലെടുത്തത്.സീതയുടെ ചിന്തകളില്‍ നിരവധിതവണ രാജാവ് വിമര്‍ശിക്കപ്പെടുന്നുണ്ട്. അന്നത്തെ രാജാവ് ശ്രീരാമന്‍ ആണ്.രാജ്യം അയോദ്ധ്യയും.
രാമന്‍ ഉത്തമപുരുഷനും പൂര്‍ണ്ണമനുഷ്യനും ആണെന്ന് മുന്‍പുതന്നെ സ്ഥാപിക്കപ്പെട്ടിരുന്നു.ആ രാമന്‍ അതുകൊണ്ടുതന്നെ നമ്മുടെ രാജ്യത്തിന്‍റെ ഭരണത്തിന്‍റെ പ്രതീകമായി പലപ്പോഴും.അത് അങ്ങനെതന്നെ ആയിരിക്കട്ടെ. തുളസീദാസും തുഞ്ചത്ത് എഴുത്തച്ഛനും ത്യാഗരാജസ്വാമികളും എല്ലാം രാമന്‍റെ ഭക്തരാണ്.ഇവരില്‍നിന്നും ഒക്കെ വ്യത്യസ്തമായി കുമാരനാശാന്‍റെ സീത ചിന്തിക്കാന്‍ ആരംഭിച്ചപ്പോള്‍ നൂറ് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇവിടെ ഒരു കലാപം നടക്കേണ്ടതായിരുന്നു. സീത സ്വസ്ഥമായി ചിന്തിച്ചു.സീതയുടെ ചിന്തകള്‍ കേട്ട് പലരും അന്ന് ഞെട്ടി.കാരണം ഇങ്ങനെ ഒരു സീത ഉണ്ടോ എന്നത് അന്ന് പലരും ചോദിച്ചു.
രാമന്‍റെ നിഴല്‍പോലെ രാമായണത്തില്‍ മാത്രമല്ല അയോദ്ധ്യയിലും കാട്ടിലും മേട്ടിലും മരുഭൂമികളിലും സുഖത്തിലും ദുഃഖത്തിലും അനുയാത്ര ചെയ്ത സീതയല്ല.മറിച്ച് വ്യക്തമായ ധാരണകളും നിലപാടുകളും ഉള്ള സീതയായിരുന്നു ആശാന്‍റെ സീത.സീത ചിന്തിച്ചത് ഒരു രാജ്യം എങ്ങനെ ആയിരിക്കണം എന്നാണ്.അവിടുത്തെ ഭരണം, നീതിന്യായവ്യവസ്ഥ, അധികാരസ്ഥാപനങ്ങള്‍, നാട്ടുനടപ്പുകള്‍, ശീലങ്ങള്‍, ശീലക്കേടുകള്‍ എന്നിങ്ങനെ സീതയുടെ നിലപാടുകള്‍ നമ്മള്‍ ആദ്യം അറിഞ്ഞത് ആശാനിലൂടെയാണ്. രാജാവ് ഒരിക്കലും വിമര്‍ശിക്കപ്പെടാന്‍ പാടില്ല എന്ന് സീത വിശ്വസിക്കുന്നില്ല. തെറ്റുകള്‍ രാജാവിനും സംഭവിക്കാം. ആ തെറ്റുകള്‍ ചൂണ്ടുക്കാണിക്കാന്‍ ഓരോ പ്രജയ്ക്കും അവകാശവും ഉണ്ട്. ഉപദേശകവൃന്ദത്തിന്‍റെ ഉപചാപങ്ങളില്‍ വീഴാതെ രാജ്യം ഭരിക്കാന്‍ രാജാവിന് കഴിയണം. സീതയുടെ നിലപാട് വ്യക്തമാണ്.
രാമനോടൊപ്പം സീത ഇല്ലാതിരുന്ന കാലത്തെ ചില സംഭവങ്ങള്‍ സീത ഓര്‍ക്കുന്നുണ്ട്.രാമന്‍റെ ഭരണത്തെ ഒരു പ്രജയായി മാറിനിന്ന് നോക്കിക്കാണാനും തെറ്റുകള്‍ വിശകലനം ചെയ്യാനും സീത ശ്രമിക്കുന്നുണ്ട്.പ്രത്യക്ഷമായോ പരോക്ഷമായോ സീതയിലൂടെ രാമന്‍ വിമര്‍ശിക്കപ്പെടുന്നും ഉണ്ട്.ശംബൂകന്‍ എന്ന ഒരു ശൂദ്രന്‍ കൊലചെയ്യപ്പെടുന്ന സാഹചര്യം അന്ന് അയോദ്ധ്യയില്‍ ഉണ്ടായി.ശംബൂകന്‍ ചെയ്ത തെറ്റ് പുരോഹിതര്‍ക്ക് മാത്രം അവകാശപ്പെട്ട തപസ്സ് നിര്‍വ്വഹിച്ചു എന്നതായിരുന്നു.നേരെ തപസ്സ് ചെയ്യുന്നത് അത്ര തെറ്റല്ല.ശംബൂകന്‍ തലകുത്തനെ നിന്നാണ് തപസ്സ് ചെയ്തത്.പ്രതീകാത്മകമായ ഒരു പ്രതിഷേധം ആയി ആ തപസ്സ് വിലയിരുത്തപ്പെട്ടു.തലകുത്തനെ ഭരിക്കുന്നവരെ നോക്കിക്കാണാന്‍ തലകുത്തനെ തന്നെ നില്‍ക്കണം എന്ന വ്യാഖ്യാനം.ഭരണകൂടത്തിന് എതിരായ വിമര്‍ശനം കൃത്യമായി മനസിലാക്കാനും തെറ്റ് പറ്റിയെങ്കില്‍ തിരുത്താനും രാമന് കഴിഞ്ഞില്ല എന്നാണ് സീതയുടെ വിമര്‍ശനം.ഒരു പ്രജ സംശയത്തിന്‍റെ പേരില്‍ ഉന്നയിച്ച ഒരു ആരോപണം നീതിബോധമായി കണ്ട് ഭാര്യയെ കാട്ടില്‍ ഉപേക്ഷിച്ച രാമന് എന്തുകൊണ്ട് ഈ പ്രതിഷേധം മനസിലാക്കാനും തെറ്റുണ്ടെങ്കില്‍ തിരുത്താനും കഴിഞ്ഞില്ല.സീതയുടെ ചിന്തകളുടെ കാലികപ്രസക്തി അതാണ്.
വിമര്‍ശനങ്ങളെ എന്നും ഭയക്കുന്നു ഭരണകൂടം.അത് രാജാവ് ആയാലും ബ്രിട്ടീഷ്‌കാരനായാലും നമുക്കുവേണ്ടി നമ്മള്‍ തെരഞ്ഞെടുത്ത നമ്മുടെ മാത്രം ജനാധിപത്യഭരണം ആയാലും.അന്ന് ഒരു സീതയാണ് ഈ അവസ്ഥ കണ്ടതും അനുഭവിച്ചതും എങ്കില്‍ ഇന്നു കോടിക്കണക്കിന് സീതമാര്‍ ഈ അവസ്ഥ കാണുകയും ചിന്തിക്കുകയും ചെയ്യുന്നു.രാമന്‍റെ ഭാര്യ മാത്രമാണ് സീത എന്നും രാമനെ വിമര്‍ശിക്കാന്‍ സീതയ്ക്ക് എന്താണ് അര്‍ഹത എന്നും ആശാന്‍റെ സീതയെ കണ്ട് ചോദിച്ചവര്‍ അന്നുണ്ടായിരുന്നു. സീതയെ നന്നായി പഠിക്കാത്ത ആളുകള്‍ക്ക് അത് ചോദിക്കാം.കാരണം അവര്‍ രാമനെ മാത്രമേ കണ്ടിട്ടുള്ളു.രാമായണം മാത്രമേ വായിച്ചിട്ടുള്ളൂ.രാമായണം മാത്രം വായിച്ചാലും അല്പസ്വല്പം സീതയെ അറിയണമല്ലോ.തിരഞ്ഞ് നോക്കിയാലോ തുരന്നു നോക്കിയാലോ രാമായണത്തില്‍ സീതയെ നന്നായി കാണാന്‍ കഴിയില്ല.അയ്യായിരം പേര്‍ ചുമന്നുകൊണ്ടാണ് ശൈവചാപം രാമന്‍റെ മുന്നില്‍ എത്തിച്ചത്.രാമന്‍ അത് ഒറ്റകൈകൊണ്ടു ഉയര്‍ത്തി കുലയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒടിഞ്ഞുപോയി.രാമന്‍ ശക്തനായ രാജാവാണ് എന്നതിന് വേറെ എന്താണ് തെളിവ് വേണ്ടത്. ശക്തനായ ഒരു രാജാവിന്‍റെ കീഴില്‍ ഏത് രാജ്യവും ശക്തമായിരിക്കും.പ്രജകള്‍ സുരക്ഷിതരും ആയിരിക്കും. അതാണല്ലോ ഇപ്പോള്‍ ജനാധിപത്യത്തിലും നമ്മള്‍ ഉറക്കെ പറയുന്നത്.ശിവചാപം എടുത്ത് മുറിച്ച രാമന്‍ ശക്തനാണ്.എന്നാല്‍ അതേ ശൈവചാപം സീത ഒരു കുട്ടിയായിരുന്നപ്പോള്‍ ഒറ്റക്കൈകൊണ്ട് എടുത്ത് ആകാശത്ത് അമ്മാനമാടി കളിച്ചിട്ടുണ്ട് എന്ന് വാത്മീകിരാമായണം ബാലകാണ്ഡംപറയുന്നു. രാമനെക്കാള്‍ സീത എത്രയോ ശക്തയാണ് എന്ന് വാത്മീകിയുടെ വാക്യം തന്നെ സാക്ഷ്യം.സീതയുടെ ചിന്തകളും അതുകൊണ്ടുതന്നെ ശക്തമാണ്.
കുമാരനാശാന്‍ തുടങ്ങിവെച്ച സീതാചിന്ത പിന്നീട് ഇന്ത്യയുടെ വിവിധ ഭാഷകളില്‍ പ്രധാന ചിന്തയായി വളര്‍ന്നു.ഭൂരിപക്ഷം അല്ല ശരിയായ പക്ഷം എന്ന നിലപാട് അംഗീകരിക്കാന്‍ ഏത് രാജാവ് മടികാണിച്ചാലും ആ രാജ്യം പോകുന്നത് ശരിയായ ദിശയിലേക്ക് അല്ല എന്ന് സൂചനയും നല്‍കുന്നു സീത.ന്യായം ഒരു ന്യൂനപക്ഷപക്ഷത്തിന്‍റെ ഭാഗത്ത് ആണെങ്കില്‍ അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഒരു രാജാവിനായാലും പ്രധാനമന്ത്രിക്കായാലും കഴിയണം. ആശാന്‍റെ സീത ചിന്തിച്ചുകൂട്ടിയ കാര്യങ്ങള്‍ അങ്ങനെ നിരവധിയാണ്.
തലകീഴായി ഭരണം നടക്കുന്ന എല്ലാ രാജ്യത്തും തലകീഴായി തപസ്സ് ചെയ്യാന്‍ ആളുണ്ടാകും. അവരുടെ തലകൊയ്യുന്നതല്ല ശരിയായ നീതിന്യായം എന്ന തിരിച്ചറിവ് ഭരിക്കുന്നവര്‍ക്ക് നല്‍കാന്‍ ചിന്താവിഷ്ടയായ സീത വീണ്ടും വായിക്കുകയാണ് കേരളം. സത്യത്തില്‍ അത് ഇന്ത്യ മുഴുവന്‍ വായിക്കേണ്ടതാണ്. ഇന്ത്യയെക്കൊണ്ട് വായിപ്പിക്കേണ്ടതാണ്.
ചട്ടങ്ങളെ മാറ്റാന്‍ പറഞ്ഞ അതേ ശക്തിയില്‍ തന്നെ മാറ്റിയ ചട്ടങ്ങള്‍ എങ്ങനെ ഉപയോഗിക്കണം എന്നും സീതയിലൂടെ ആശാന്‍ കാണിച്ചുതരുന്നു. ഒരു പെണ്‍വിലാപം മാത്രമായി ഈ പുസ്തകം മാറ്റിവെച്ചവര്‍ ഉണ്ടാകും. ഇന്നത്തെ നാടിന്‍റെ രാഷ്ട്രീയസാഹചര്യത്തില്‍ വീണ്ടും മലയാളി വായിക്കുമ്പോള്‍ അതൊരു വിലാപം അല്ല മറിച്ച് ശക്തമായ ഒരു സന്ദേശം ആണെന്ന് തോന്നിപ്പോകുന്നു.
രാമന്‍റെ പേരിലാണ് രാമായണവും രാജ്യവും ഭരണവും എല്ലാം.രാമായണത്തിലെ ഏറ്റവും പ്രസക്തമായ വാക്യം ഏതാണ് എന്ന ചോദ്യത്തിന്‍റെ ഉത്തരം കണ്ടെത്തിയതും രാമഭക്തര്‍ തന്നെയാണ്. അതിലെ വരികള്‍ ഒരിക്കല്‍കൂടി കൂടി വായിക്കുക. ''അയോദ്ധ്യാം അടവീം വിദ്ധി........'' എന്നുവെച്ചാല്‍ കാട് അയോദ്ധ്യയായി കാണുക എന്ന് പ്രധാന വ്യാഖ്യാനം. രാമന്‍ എവിടെ ഉണ്ടോ അവിടമാണ് അയോദ്ധ്യ. രാമന്‍ എന്‍റെ ഹൃദയത്തിലാണ് എങ്കില്‍ എന്‍റെ ഹൃദയം ഒരു അയോദ്ധ്യ എന്ന് ആദ്യം അറിയുക എന്നാണ് സുമിത്ര ലക്ഷ്മണനോട് പറഞ്ഞത്. ഇതാണ് രാമായണത്തിലെ പ്രധാന ശ്ലോകം എന്ന് കണ്ടെത്തിയ വരരുചിയ്ക്ക് പിന്നെ ആ നാട്ടില്‍ ജീവിക്കാന്‍ കഴിഞ്ഞില്ല. പ്രാണരക്ഷാര്‍ത്ഥം നമ്മുടെ മലയാളത്തില്‍ വരെ വരേണ്ടിവന്നു ആ പാവത്തിന്. അവിടെനിന്നും ആരംഭിച്ച പറയിപെറ്റ പന്തിരുകുലം ആണല്ലോ നമ്മുടെ പൈതൃകം എന്ന് നമ്മള്‍ വല്ലപ്പോഴും അവകാശപ്പെടുന്നത്. കോടിക്കണക്കിന് ഇന്ത്യക്കാരന്‍റെ ഹൃദയത്തിലാണ് രാമന്‍ എന്ന് വരരുചി കണ്ടെത്തിയെങ്കില്‍ അത് ഉള്‍ക്കൊള്ളാന്‍ മലയാളിക്ക് കഴിഞ്ഞു. വരരുചിയെ പടിയിറങ്ങിയ വടക്കേയിന്ത്യന്‍ മനസ്സുകളില്‍ രാമനല്ല രാവനാണ് അരങ്ങുതകര്‍ക്കുന്നത് എന്ന് ഓരോ അനുഭവങ്ങളില്‍ നിന്നും നമ്മള്‍ അറിയുന്നു. ഹൃദയങ്ങളില്‍ ഉയരേണ്ട രാമമന്ത്രം ഇപ്പോള്‍ തെരുവുകളില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നു. തലകുത്തിനിന്ന് ഭരിക്കുന്നവര്‍ കാണുന്നത് എല്ലാവരും തലകുത്തി നില്‍ക്കുന്നു എന്നാണെങ്കില്‍ അത് തെറ്റാണെന്ന് സീത പറയുന്നു.
ചിന്താവിഷ്ടയായ സീതയുടെ പുനര്‍വായന പൂര്‍ണ്ണമാകുമ്പോള്‍ ഇവിടെ സീതമാര്‍ ചിന്താഭാരത്താല്‍ തളരുന്നുണ്ട്. സീതയുടെ ചിന്തയ്ക്ക് ഒപ്പം നിന്ന് തിരുത്താനും തിരുത്തപ്പെടാനും കഴിയുന്ന ഒരു ഭരണകൂടം ഉണ്ടാകും എന്ന് സീതയെപ്പോലെ ഞാനും ആഗ്രഹിക്കുന്നു. നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുമാരനാശാന്‍ കൊളുത്തിവെച്ച ചിന്ത നൂറ് വര്‍ഷം കഴിഞ്ഞിട്ടും നമ്മള്‍ വായിച്ചുതീരുന്നില്ല. മഹത്തായ കൃതികള്‍ അങ്ങനെയാണ്.എത്ര വായിച്ചാലും തീരില്ല......
വിനോദയാത്ര@..
0 അഭിപ്രായങ്ങള്‍