മാര്‍ച്ച് 30.പ്രിയ കഥാകാരന്‍ ഒ.വി.വിജയന്‍റെ ഓര്‍മ്മ ദിവസം.....
സന്ദേഹിയായ ഒരു നായകനിലൂടെ മലയാളനോവല്‍ സാഹിത്യത്തെ കീഴടക്കുകയും പിന്നീട് ആ സാഹിത്യത്തെ തനിക്ക് മുന്‍പും തനിക്ക് ശേഷവും എന്ന് വിഭജിപ്പിക്കുകയും ചെയ്ത സാഹിത്യകാരന്‍ ആണ് ഓട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി.വിജയന്‍.എളുപ്പം നടക്കാനുള്ള വഴികള്‍ ആയിരുന്നില്ല ഒ.വി.വിജയന്‍റെ രചനകള്‍.എന്നാല്‍ ഒരിക്കല്‍ നടന്നു തുടങ്ങിയാല്‍ അതൊക്കെ ഒരിക്കലും തീരാത്ത പ്രയാണങ്ങള്‍ ആയിരുന്നു.
ഒ.വി.വിജയനെ ഓര്‍ക്കുമ്പോള്‍ വിജയന്‍ സൃഷ്ടിച്ച സാങ്കല്പികരാജ്യമായ ഖസാക്കിനെയും ആ ഖസാക്കിന് വഴി തുറന്ന പാലക്കാടന്‍ ഗ്രാമങ്ങളെയും ഓര്‍ക്കാതെ പോകാന്‍ കഴിയില്ല.ചെമ്മണ്ണ്‍ പുതച്ചുകിടക്കുന്ന ഗ്രാമങ്ങള്‍.....പച്ചപിടിച്ചു കിടക്കുന്ന പാടങ്ങള്‍...അതിലും കൂടുതല്‍ പച്ചപിടിച്ച വിശ്വാസങ്ങള്‍....നിറയെ പൂത്തുകിടക്കുന്ന ആചാരങ്ങള്‍...മാടനും ഒടിയനും ഒളിച്ചിരിക്കുന്ന ഇരുട്ട് നിറഞ്ഞ മനസ്സുകള്‍... അത്തരത്തില്‍ ഉള്ള ഒരു ഗ്രാമത്തില്‍ ജനിച്ച ഒ.വി.വിജയന് ഒത്തിരി കയ്പ്പും മധുരവും നിറഞ്ഞ ഒരു ബാല്യം ഉണ്ടായിരുന്നു.
കടുത്ത സാമൂഹ്യനിയമങ്ങള്‍ നിലനിന്നിരുന്ന കല്പാത്തി അഗ്രഹാരവീഥികളില്‍ നിന്നും നേരിട്ട സുഖകരമല്ലാത്ത അനുഭവങ്ങള്‍ കേട്ടുവളര്‍ന്ന ഒരു ബാല്യം ആയിരുന്നു വിജയന്‍റെത്.ബാലാരിഷ്ടകളുടെ ഇരുട്ടില്‍ ആയിരുന്നു വിജയന്‍റെ ബാല്യദിനങ്ങള്‍ ഉദിച്ചതും അസ്തമിച്ചതും.ഒരു കുഞ്ഞിന്‍റെ ഉള്‍ക്കണ്ണുകൊണ്ട് ബാല്യത്തില്‍ വിജയന്‍ ആദ്യം വരച്ചത് ചിത്രങ്ങള്‍ ആയിരുന്നു.നാവില്‍ ആദ്യാക്ഷരങ്ങള്‍ എഴുതിയിട്ടും ബാലാരിഷ്ടത ദുര്‍ബലനാക്കിയ വിജയന്‍ പള്ളിക്കൂടം കണ്ടില്ല.മലബാര്‍ സ്പെഷ്യല്‍ പോലീസില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന അച്ഛന്‍ വേലുക്കുട്ടിയോ വാത്സല്യത്തിന്‍റെ പര്യായമായ അമ്മ കമലാക്ഷിയോ പഠിയ്ക്കാത്തതിന് വിജയനെ ഒരിക്കലും ശിക്ഷിച്ചിട്ടും ഇല്ല.കുട്ടിക്കാലം മുതല്‍ അച്ഛനോടൊപ്പം മലപ്പുറത്തെ വിവിധ മലബാര്‍ പോലീസ് ക്യാമ്പുകളില്‍ ആണ് വിജയന്‍ കൂടുതല്‍ കാലം ബാല്യം ചിലവഴിച്ചത്.ഒന്നാം ക്ലാസ്സില്‍ പോയിട്ടില്ല.രണ്ടാം ക്ലാസ്സില്‍ പിന്നീട് ചേര്‍ന്നെങ്കിലും പോകാന്‍ കഴിഞ്ഞില്ല. മലപ്പുറം അരിയക്കോട് ഹയര്‍ എലിമെന്ററി സ്കൂള്‍ താഴ്വാരത്തില്‍ ആയിരുന്നു. കുന്നിന്‍മുകളിലുള്ള പോലീസ് ക്യാമ്പില്‍ നിന്നും സ്കൂളില്‍ എത്താന്‍ 2 കിലോമീറ്റര്‍ നടക്കണം.എന്നും കുന്ന് ഇറങ്ങാനും കയറാനുമുള്ള ശാരീരികശേഷിയില്ലാത്ത വിജയനെ സ്കൂളില്‍ വിടാന്‍ വേലുക്കുട്ടി-കമലാക്ഷി ദമ്പതികള്‍ തയാറായില്ല.കുന്നിന്‍ മുകളിലെ പോലീസ് ക്യാമ്പുകളുടെ മുള്ളുവേലികള്‍ക്ക് ഉള്ളില്‍ ഇരുന്ന് വിജയന്‍ നിരവുറ്റ പ്രകൃതിയെ കണ്ടു.മരങ്ങളും പച്ചത്തഴപ്പുകളും പക്ഷികളും ചെങ്കല്‍പ്പാറകളും മഴയും സൂര്യകാന്തികളും വിജയന്‍റെ കൂട്ടുകാര്‍ ആയി.അവിടെയിരുന്ന് ദൂരെക്കാണുന്ന ചെക്കുന്നുമലയുടെ സാത്വികഭാവം നോക്കി വിജയന്‍ ധ്യാനിക്കാന്‍ പഠിച്ചു.
ഗ്രാമ്യം എന്നതിനപ്പുറം വന്യമായ ഒരു ഭാവം ഉണ്ടായിരുന്നു ആ ബാല്യത്തിന് എന്ന് ഒരിക്കല്‍ ഒ.വി.വിജയന്‍ തന്നെ പറഞ്ഞിട്ടുണ്ട്.ആ വന്യത വിജയന്‍റെ മനസ്സില്‍ ആദ്യം കോറിയിട്ടത് വരകള്‍ ആയി ആയിരുന്നു.പിന്നീട് ഗ്രാമീണതയും വന്യതയും ഒരുപോലെ സന്നിവേശിപ്പിച്ച് അക്ഷരങ്ങളിലൂടെയും വരകളിലൂടെയും ഒ.വി.വിജയന്‍ മന്ത്രവും അണുബോംബും നിര്‍മ്മിച്ചു.അരിയക്കോട് വാസത്തിനിടയില്‍ ആണ് വിജയനിലേക്ക് ആദ്യത്തെ ഗുരുസാന്നിദ്ധ്യം എത്തിച്ചേരുന്നത്.പാഠപുസ്തകങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ച വിജയന്‍ പകരം മറ്റൊരു പാരായണമുറയുടെ മുറിക്കുള്ളില്‍ കയറി സ്വയം അടച്ചിട്ട് അടയിരുന്നു.ബ്ലാക്ക് ആന്‍ഡ് സണ്‍സ് കുട്ടികള്‍ക്കായി പ്രസിദ്ധപ്പെടുത്തുന്ന കഥമാലകള്‍ ആയിരുന്നു വിജയന്‍റെ മുറിക്കുള്ളിലെ കൂട്ടുകാര്‍.യക്ഷിക്കഥകളും യവന റോമന്‍ മിഥോളജിയും ആ ഏഴ് വയസ്സുകാരന്‍റെ മനസ്സിലെ ആഴങ്ങളില്‍ ആഴ്ന്നിറങ്ങി. കഥകളുടെ മായാബിംബങ്ങളിലൂടെ സാക്ഷരതയുടെ പുതിയ ലോകം നിര്‍മ്മിക്കുകയായിരുന്നു വിജയന്‍.
അക്കാലത്ത് നാരായണന്‍നായര്‍ എന്ന ഇന്‍റെര്‍മീഡിയറ്റുകാരനായ ഒരു തൊഴില്‍രഹിതന്‍ തൊഴില്‍ തേടി വിജയന്‍റെ അച്ഛന്‍ വേലുക്കുട്ടിയെ സമീപിച്ചു.വിജയന് ട്യൂഷന്‍ എടുക്കാനുള്ള ജോലിയാണ് വേലുക്കുട്ടി നാരായണന്‍നായരെ ഏല്‍പ്പിച്ചത്.ഭക്ഷണവും താമസവും മാത്രമാണ് ശമ്പളം.അദ്ധ്യാപനപരിശീലനത്തിന്‍റെ ബാലപാഠം പോലും അറിയാത്ത നാരായണന്‍നായര്‍, വിജയന്‍ എന്ന ഏഴ് വയസ്സുകാരന്‍റെ മുന്നില്‍ തീരെ നിരായുധനായി നിന്നു.ഒടുവില്‍ മറ്റ് മാര്‍ഗ്ഗം ഇല്ലാതെ നാരായണന്‍നായര്‍ അയാള്‍ പഠിച്ച് അവസാനിപ്പിച്ച ഇന്‍റെര്‍മീഡിയറ്റില്‍ നിന്നും വിജയന്‍റെ വിദ്യാഭ്യാസം ആരംഭിക്കാന്‍ തീരുമാനിച്ചു.
ഏഴ് വയസുകാരന്‍റെ മുന്നില്‍ നാരായണന്‍നായര്‍ തുറന്നുവെച്ചത് റോബര്‍ട്ട് ബ്രോണിംഗ് എഴുതിയ ഗഹനമായ ഒരു കാവ്യം.മഷി ഒപ്പിയെടുക്കുന്ന ഒരു ഒപ്പുകടലാസ് പോലെ വിജയന്‍ എന്ന ബാലന്‍ അന്നുതന്നെ ബ്രൌണിങ്ങിനെ ഒപ്പിയെടുത്തു.അന്നുമുതല്‍ വിജയന്‍ കാലത്തിനേക്കാള്‍ ഇരുപത് വര്‍ഷം മുമ്പേ നടന്നു.ലോകത്ത് ആകമാനമുള്ള സാഹിത്യവും സംസ്കാരവും രാഷ്ട്രീയവും വിപ്ലവവും പ്രത്യയശാസ്ത്രവും ജീവിതരീതികളും എല്ലാം വിജയന്‍ ഊറ്റിയെടുത്തു.
രണ്ടാം ക്ലാസ്സ് പഠനം കോട്ടയ്ക്കൽ രാജാസ് ഹൈസ്കൂളിലേക്ക് മാറി.മൂന്നാം ക്ലാസ്സ് മറ്റൊരു സ്കൂള്‍ ആയ കൊടുവായൂര്‍ ബോർഡ് ഹൈസ്കൂളിൽ.നാലാം ക്ലാസ്സ് മുതൽ ആറാം ക്ലാസ്സ് മദ്ധ്യംവരെ പാലക്കാട് മോട്ടിലാൽ മുനിസിപ്പൽ ഹൈസ്കൂളിൽ.ആറാം ക്ലാസ്സ് അവസാനഭാഗം മദിരാശിയിലെ താംബരം കോർളി ഹൈസ്കൂളിൽ. ഇൻറ്‍റർമീഡിയറ്റും ബി.എയും പാലക്കാട് ഗവൺമെൻറ്‍റ് വിക്ടോറിയ കോളജിൽ.മദ്രാസിലെ പ്രസിഡൻസി കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ ബിരുദം നേടി.പഠനത്തിന് ശേഷം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി ഔദ്യോഗികജീവിതത്തിന് അരങ്ങേറ്റം കുറിക്കുമ്പോള്‍ സാക്ഷാല്‍ ഒ.വി.വിജയനെ മലയാളം അറിഞ്ഞു തുടങ്ങിയിരുന്നു.പിന്നീടുള്ള ഒ.വി.വിജയന്‍ നമുക്ക് പൂര്‍ണ്ണമായും പരിചിതന്‍ ആണ്.അദ്ധ്യാപകവേഷം വളരെപ്പെട്ടന്ന് അഴിച്ചുവെച്ച് ശങ്കേഴ്സ് വീക്കിലിയിലും പിന്നീട് പേട്രിയറ്റ് ദിനപത്രത്തിലും കാർട്ടൂണിസ്റ്റായി.ഫാർ ഈസ്റ്‍റേൺ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്),പൊളിറ്റിക്കൽ അറ്റ്‌ലസ്, ഹിന്ദു,മാതൃഭൂമി,കലാകൗമുദി എന്നിവയ്ക്കു വേണ്ടി കാർട്ടൂൺ വരച്ചു.ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം (കലാകൗമുദിയിൽ) എന്ന കാർട്ടൂൺ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പരയും (മലയാളനാട് വാരികയിൽ പ്രസിദ്ധീകരിച്ചു). മാതൃഭൂമി,ഇന്ത്യാ ടുഡേ എന്നിവയിലെഴുതിയ പരമ്പരകളും പ്രശസ്തമാണ്.
ഖസാക്കിന്‍റെ ഇതിഹാസം, ധര്‍മ്മപുരാണം,ഗുരുസാഗരം,മധുരം ഗായതി,പ്രവാചകന്‍റെ വഴി,തലമുറകള്‍ തുടങ്ങിയ നോവലുകള്‍ അരിമ്പാറ,കടല്‍തീരത്ത്,മുരുകന്‍നായര്‍,കാറ്റ് പറഞ്ഞ കഥ,ഉപനിഷത്ത്,എട്ടുകാലി,ആല്‍മരം,അമ്മയും മകളും തുടങ്ങി നൂറുകണക്കിന് ചെറുകഥകളും ഒപ്പം ലേഖനങ്ങള്‍, കാര്‍ട്ടൂണ്‍,കവിതകള്‍,കത്തുകള്‍ അങ്ങനെ ഒരു വലിയ സാഹിത്യശേഖരം ഒ.വി.വിജയന്‍റെ പേരില്‍ ഉണ്ട്.ആഫ്ടർ ദ ഹാങ്ങിങ്ങ് ആൻഡ് അദർ സ്റ്‍റോറീസ്,സാഗ ഓഫ് ധർമപുരി (ധർമപുരാണം)ലെജൻഡ് ഒഫ് ഖസാക്ക് (ഖസാക്കിന്റെ ഇതിഹാസം),ഇൻഫിനിറ്റി ഓഫ് ഗ്രെയ്സ് (ഗുരുസാഗരം)ഒ.വി. വിജയൻ സെലക്റ്റഡ് ഫിക്ഷൻ (ഖസാക്കിന്റെ ഇതിഹാസം,ധർമപുരാണം,ഗുരുസാഗരം - കഥകൾ) 1998 -ൽ പെൻഗ്വിൻ ഇന്ത്യ (വൈക്കിങ്ങ്)യും ഒ.വി.വിജയന്‍റെ സംഭാവനയായി ഇംഗ്ലീഷ് സാഹിത്യത്തില്‍ ഉണ്ട്.കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (ഗുരുസാഗരം),കേരള സാഹിത്യ അക്കാദമി പുരസ്കാരം (ഗുരുസാഗരം),വയലാർ അവാർഡ് (ഗുരുസാഗരം),മുട്ടത്തുവർക്കി അവാർഡ് (ഖസാക്കിന്റെ ഇതിഹാസം),എം പി പോൾ അവാർഡ് (തലമുറകൾ) എന്നിവയ്ക്ക് പുറമേ 2001 ലെ എഴുത്തച്ഛന്‍ പുരസ്കാരവും ലഭിച്ച ഒ.വി.വിജയനെ 2003 ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചു.
പത്മാസനം എന്ന ഒരു പുസ്തകം ആരംഭിച്ചു എങ്കിലും അത് അവസാനിപ്പിക്കാന്‍ കഴിയാതെയാണ് മാര്‍ച്ച് 30 ന് വാര്ഷികകണക്കെടുപ്പിന്റെ അവസാനനാളുകളില് ഒ.വി.വിജയന്‍ മലയാളത്തില്‍ നിന്നും കണക്കൊഴിഞ്ഞു യാത്രയായത്.
മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ അദ്ധ്യാപകനായി ജോലിനോക്കുമ്പോള്‍ ഒരിക്കല്‍ ഒ.വി.വിജയന്‍ അവിചാരിതമായി പഴയ നാരായണന്‍നായാരെ കണ്ടുമുട്ടി.സൈന്യത്തില്‍ ഉയര്‍ന്ന ഉദ്യോഗത്തില്‍ എത്തിച്ചേര്‍ന്ന നാരായണന്‍നായരെ കണ്ടപ്പോള്‍ ഓടിച്ചെന്ന് ആ കൈപിടിച്ച ഒ.വി.വിജയന്‍ പറഞ്ഞു.
''സര്‍.....എനിക്ക് ഭാഷയില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നുണ്ട് എങ്കില്‍ അതിന് കാരണക്കാരന്‍ മാഷ് ആണ്.....''
''സര്‍.....എനിക്ക് ഭാഷയില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നുണ്ട് എങ്കില്‍ അതിന് കാരണക്കാരന്‍ മാഷ് ആണ്.....''
അന്ന് ഒട്ടൊക്കെ അറിയപ്പെടുന്ന സാഹിത്യകാരനായി കഴിഞ്ഞ ഒ.വി.വിജയന്‍റെ സര്‍...മാഷ് തുടങ്ങിയ വിളികള്‍ കേട്ട് നാരായണന്‍നായര്‍ അമ്പരന്നു നിന്നു.കാരണം ആ പഴയ ബ്രൌണിംഗ് കാവ്യങ്ങളൊക്കെ നാരായണന്‍നായര്‍ മറന്നുപോയിരുന്നു.എന്നാല്‍ ഒ.വി.വിജയനെ സംബന്ധിച്ചിടത്തോളം അത് ഗുരുകാരുണ്യത്തിന്‍റെ ആദ്യത്തെ പൊന്‍മോതിരം ആയിരുന്നു.ആ ഗുരു സങ്കല്പം ഒ.വി.വിജയന്‍റെ എല്ലാ രചനകളിലും നമുക്ക് കാണാം.
സനാതനമായ ഊര്‍ജ്ജം ജൈവരൂപത്തില്‍ സഫലീകരിക്കുന്ന പ്രയാണവും പരിണാമവും ആണ് ഗുരു എന്ന് നമ്മളെ ബോധ്യപ്പെടുത്തുന്ന ഗുരുസാഗരം എന്ന നോവലില്‍ നായകനായ കുഞ്ഞുണ്ണിയില്‍ വിജയന്‍ ഉണ്ടെന്ന് കണ്ടെത്താന്‍ നമുക്ക് പ്രയാസമില്ല. ആത്മമാംശം ഉള്ള കുഞ്ഞുണ്ണി, കല്യാണി എന്ന കൊച്ചുകുട്ടിയില്‍ നിന്നുപോലും ഗുരുകൃപ സ്വീകരിക്കുമ്പോള്‍ കുന്നിന്‍മുകളിലെ ബാല്യത്തിന്‍റെ ധ്യാനം വിജയനില്‍ നിറച്ച പ്രകാശം നമുക്ക് അനുഭവിക്കാന്‍ കഴിയും.
ജാതീയതയുടെ മൂര്‍ത്തഭാവമായ ബ്രാഹ്മണ്യം നേടിയെടുക്കാനുള്ള തീവ്രശ്രമവുംഅത് സ്വന്തമാകുമ്പോള്‍ തോന്നുന്ന നിഷ്പ്രയോജനതയും തുടര്‍ന്നുള്ള അവജ്ഞയും തലമുറകള്‍ എന്ന നോവലില്‍ കൂടി അവതരിപ്പിക്കുമ്പോള്‍ ഒ.വി.വിജയന്‍ നില്‍ക്കുന്നത്പഴയ കല്പാത്തിയിലെ നിരോധിതവീഥികളില്‍ അല്ല മറിച്ച് പുതിയ കല്പാത്തിയുടെ ശുദ്ധീകരിച്ച ഹൃദയത്തില്‍ ആണ്.
ബീഭത്സമായ കാമരൂപങ്ങള്‍കൊണ്ട് നിറഞ്ഞ ഒരു നാടിന്‍റെ ദുരന്തവിധി അനാവരണം ചെയ്യുന്ന ധര്‍മ്മപുരാണം പ്രവചനമനസ്സോടെ അവതരിപ്പിക്കുന്ന ഒ.വി.വിജയന്‍ മലമ്പുഴ അണക്കെട്ടിന്‍റെ വരവ് പോലും മുന്‍കൂട്ടിക്കണ്ട് ഖസാക്കിന്‍റെ ഇതിഹാസത്തില്‍ രേഖപ്പെടുത്തി.ഏഴാമത്തെ വയസ്സ് മുതല്‍ കാലത്തിന് മുന്നില്‍ നടന്ന ഒ.വി.വിജയന്‍ ഇന്നത്തെ രാഷ്ട്രീയ ഇന്ത്യയെപോലും നേരുത്തെ വരച്ചുവെച്ചിരുന്നു എന്നതാണ് സത്യം.
ലൈംഗികതയുടെയും അക്രമത്തിന്‍റെയും സ്നേഹത്തിന്‍റെയും ധ്യാനത്തിന്‍റെയും പ്രതിഷേധത്തിന്‍റെയും പ്രതികാരത്തിന്‍റെയും സന്ദേഹത്തിന്‍റെയും സന്ധിയുടെയും ഒക്കെ നിരവധി കഥകള്‍,വെടിമരുന്ന്നിറച്ച കാര്‍ട്ടൂണ്‍കള്‍,വെടിയുണ്ടപോലെയുള്ള രാഷ്ട്രീയലേഖനങ്ങള്‍....
ഏതാണ്ട് ആറ്പതിറ്റാണ്ട് കാലം ഒ.വി.വിജയന്‍ മലയാളം അടക്കി ഭരിച്ചു.ഒരു സന്യാസിയെപോലെ ഭാഷയില്‍ തപസ്സിരുന്നു.വാക്കുകള്‍ തേഞ്ഞുപോയപ്പോള്‍ പുതിയ തിളക്കം അതില്‍ രാകിച്ചേര്‍ത്ത് മൂര്‍ച്ചകൂട്ടി.ആ മൂര്‍ച്ചയില്‍ നില്‍ക്കുന്ന മലയാളത്തോടൊപ്പം ഞാനും ആ സാഹിത്യഹിമാലയത്തെ നമിക്കുന്നു.......
0 അഭിപ്രായങ്ങള്‍