Ticker

6/recent/ticker-posts

ലാറി ബേക്കര്‍

ലാറി ബേക്കർ

ലാറി ബേക്കര്‍

ഹൈസ്ക്കൂള്‍ വിദ്യാഭ്യാസകാലത്ത് ഞാന്‍ കുറച്ചു നാള്‍ പഠിച്ചത് തിരുവനന്തപുരം നാലാഞ്ചിറ സെന്റ്‌ ജോണ്‍സ് മോഡല്‍ സ്ക്കൂളില്‍ ആണ്. തിരുവനന്തപുരം നഗരത്തില്‍ നിന്നും കുറച്ചു അകന്ന് നില്‍ക്കുന്ന ഒരു ഗ്രാമമായിരുന്നു അന്ന് നാലാഞ്ചിറ. മാര്‍ ഇവനോയോസ് കോളേജ് എന്ന പ്രശസ്തമായ കലാലയം നാലാഞ്ചിറയില്‍ ആണ്.ആ കോളേജ് ഗ്രൗണ്ടില്‍ ആണ് ഞാന്‍ പറഞ്ഞ ഈ സ്ക്കൂളും സ്ഥിതിചെയ്യുന്നത്. കോളജ് ചുറ്റി വലിയ റബര്‍ തോട്ടങ്ങളും ചെറിയ കുന്നുകളും ആണ്. നാലാഞ്ചിറ ബസ്‌ സ്റ്റോപ്പില്‍ നിന്നും ഏതാണ്ട് നൂറിലധികം പടികള്‍ കയറി വേണം സ്ക്കൂളില്‍എത്താന്‍. തട്ടുതട്ടായി നില്‍ക്കുന്ന തെങ്ങിന്‍തോപ്പുകള്‍ക്കും റബ്ബര്‍മരങ്ങള്‍ക്കും ഇടയില്‍ കൂടിയാണ് ആ കുന്നുകയറ്റം.

ആ സ്ക്കൂള്‍ കാലഘട്ടത്തില്‍ എനിക്ക് ചുരുക്കം കൂട്ടുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.അതില്‍ പ്രധാനിയാണ്‌ സിബി.പി.അലക്സ്‌.അവന്‍ അന്ന് താമസിച്ചിരുന്നത് സ്ക്കൂളില്‍നിന്നും അത്രയൊന്നും അകലെ അല്ലാത്ത ഒരു വാടകവീട്ടില്‍ആയിരുന്നു. ഉച്ചഭക്ഷണം കഴിക്കാന്‍ അവന് വീട്ടില്‍ പോയി വരാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളു.സൗഹൃദം ശക്തമായപ്പോള്‍ ഞാനും അവന്‍റെ അടുത്ത സുഹൃത്തുക്കളില്‍ ചിലരുമായി ഞങ്ങള്‍ കൊണ്ടുവരുന്ന ഉച്ചഭക്ഷണവുമായി അവന്‍റെ വീട്ടില്‍ പോയി ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ തുടങ്ങി.
ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ കുത്തനെയുള്ള ഇറക്കത്തില്‍ തട്ടുതട്ടായി കിടക്കുന്ന കാട്ടുവഴിയിലൂടെ ഉള്ള ആ യാത്ര രസകരമായകൊണ്ട് ഞങ്ങള്‍ നന്നായി ആ ഉച്ചവിശ്രമങ്ങള്‍ ആസ്വദിച്ചു.അത് മാത്രമല്ല അവന്‍റെ വീടിന് അന്നത്തെ ഞങ്ങളുടെ വീടുകളില്‍ നിന്നും നിരവധി വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.വീടിന്‍റെ ഒത്ത മധ്യത്തില്‍ നിന്നുംഒരു തെങ്ങ് വളര്‍ന്ന് മുകളിലേക്ക് പോയി രണ്ടാം നിലയും കടന്ന് വീടിന് മുകളില്‍ വരെ വളര്‍ന്ന് നില്‍ക്കുന്നുണ്ടായിരുന്നു.ആ തെങ്ങിന്‍റെ തടിക്ക് ചുറ്റും ആണ് വൃത്താകൃതിയില്‍ ഉള്ള ഊണുമേശ ക്രമീകരിച്ചിട്ടുള്ളത്.ഒരു തെങ്ങിന് ചുറ്റും ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്‌ എന്ന് ഒരിക്കലും തോന്നിപ്പിക്കാത്ത വിധമാണ് ക്രമീകരണം. മറ്റൊന്ന് എത്ര ചൂട് പുറത്തുണ്ടെങ്കിലും വീടിനുള്ളില്‍ നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. അന്നത്തെക്കാലത്ത് എയര്‍ കണ്ടീഷന്‍ ഒന്നും അത്ര പ്രചാരത്തില്‍ ഇല്ലെങ്കിലും ആ ഒരു തണുപ്പ് അതിലെ എല്ലാ മുറികളിലും അനുഭവിക്കാന്‍ കഴിയുന്നുണ്ടായിരുന്നു.ആ വീടിന്‍റെ മൊത്തത്തില്‍ ഉള്ള അന്തരീക്ഷവും പുറംഭംഗിയും ഞങ്ങള്‍ കുട്ടികള്‍ക്ക് വല്ലാത്ത ഒരു ആകര്‍ഷണം ആണ് ആ വീടിനോട് തോന്നിയത്.അന്ന് ആ വീട്ടുപേര് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു. ദി ഹാംലെറ്റ് എന്നായിരുന്നു ആ വീടിന്‍റെ പേര്.എന്‍റെ സുഹൃത്തും കുടുംബവും അവിടെ സത്യത്തില്‍ വാടകയ്ക്ക് ആയിരുന്നില്ല താമസിച്ചിരുന്നത്. എന്നാല്‍ അത് അവരുടെ സ്വന്തവും അല്ല. ഏതോ പ്രശസ്തനായ സായിപ്പ് ഉണ്ടാക്കിയതാണ് ആ വീട് എന്നും ആ സായിപ്പിന്‍റെ ഭാര്യ സിബിയുടെ അച്ഛന്‍റെ അടുത്ത ബന്ധു ആണെന്നും അതിനാല്‍ കുറച്ചുകാലം ഇവിടെ താമസിക്കാന്‍ അവര്‍ക്ക് അവകാശം നല്‍കിയതാണ് എന്നും ഒക്കെ ഞാന്‍ അവനില്‍ നിന്നും അന്ന് മനസിലാക്കി. ആ സായിപ്പിനെ അവനും അവന്‍റെ സഹോദരിയും മറ്റെല്ലാവരും വിളിച്ചിരുന്നത്‌ ഡാഡി എന്നായിരുന്നു.അതിനപ്പുറം കൂടുതല്‍ ഒന്നും എനിക്ക് അന്ന് അറിയില്ലായിരുന്നു.
ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം അവിടെ പൂര്‍ത്തീകരിക്കാതെ ഞാന്‍ എന്‍റെ നാട്ടിലേക്ക്  മടങ്ങി വന്നു. അച്ഛന്‍ കോട്ടയത്തേക്ക് സ്ഥലംമാറ്റം ആയതുകൊണ്ട് ആണ് ഞങ്ങള്‍ക്ക് മടങ്ങേണ്ടിവന്നത്. കുറച്ചുനാള്‍ ഞാന്‍ ദി ഹാംലെറ്റ് എന്ന മേല്‍വിലാസത്തില്‍ എന്‍റെ സുഹൃത്തിന് കത്തുകളും അയച്ചിരുന്നു. പിന്നീട് എപ്പോഴോ ആ സൗഹൃദം എങ്ങനെയോ കൊഴിഞ്ഞുപോയി.
കാലം കുറെ മുന്നോട്ടുപോയി.കേരളത്തിലെ കെട്ടിടനിര്‍മ്മാണസംരംഭങ്ങളെക്കുറിച്ചുള്ള ചില ലേഖനങ്ങളിള്‍ വായിക്കുമ്പോഴാണ് ചിലവുകുറഞ്ഞ വീടുകള്‍ എന്ന ആശയം
പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവന്ന ആധുനികകേരളത്തിന്‍റെ പെരുംതച്ചന്‍ എന്ന്
വിശേഷിപ്പിക്കുന്ന ലാറി ബേക്കര്‍ എന്ന സായിപ്പിനെക്കുറിച്ചു വായിച്ചത്. നാലാഞ്ചിറയിലെ ദി ഹാംലെറ്റ് എന്ന വീട്ടുപേര് വീണ്ടും ഞാന്‍ കണ്ടത് ആ ലേഖനത്തില്‍ ആണ്. അപ്പോളാണ് ഞാന്‍ മനസിലാക്കുന്നത്‌ ലോകപ്രശസ്തനായ ലാറി ബേക്കര്‍ നിര്‍മ്മിച്ച അദ്ദേഹത്തിന്‍റെ സ്വന്തം വസതിയാണ്‌ കുറച്ചുകാലം എങ്കിലും എനിക്ക് ഉച്ചഭക്ഷണം കഴിക്കാന്‍ ഞാന്‍ ഉപയോഗിച്ചത് എന്ന്. അന്ന് ഞാന്‍ ആ വീട് എനിക്ക് സമ്മാനിച്ച സുഖകരമായ അനുഭവങ്ങളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ കൈകൂപ്പി നിന്നുപോയി. ലാറി ബേക്കര്‍ എന്ന പെരുംതച്ചന്‍റെ ഓര്‍മ്മദിവസം ആയ ഇന്നും ഞാന്‍ അങ്ങനെതന്നെ നിന്നുപോകുന്നു.
ലോകത്തിലെ ഏറ്റവും വലിയ പണക്കാര്‍ ജീവിക്കുന്ന ഇംഗ്ലണ്ട് എന്ന രാജ്യത്തെ
ബക്കിങ്ഹാം നഗരത്തില്‍ ജനിച്ച് പിന്നീട് ഇന്ത്യയിലേക്ക് വരികയും ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച് ഇന്ത്യക്കാരന്‍ ആകുകയും ചെയ്ത ലോറന്‍സ് ബേക്കര്‍ എന്ന സായിപ്പ്. മലയാളിയായ ഒരു പെണ്ണിനെ വിവാഹം ചെയ്ത് മലയാളത്തിന്‍റെ മരുമകനായി മാറുകയും ഒരു ജീവിതകാലം മുഴുവനും മലയാളക്കരയില്‍ ജീവിച്ച് മലയാളിയുടെ ഭവനനിര്‍മ്മാണസങ്കല്‍പ്പങ്ങളെ മുഴുവന്‍ മാറ്റിമറിച്ച് പുതിയ ഒരു കെട്ടിടനിര്‍മ്മാണ സംസ്കാരം പടുത്തുയര്‍ത്തുകയും ചെയ്ത ലാറി ബേക്കര്‍.
ഇംഗ്ലണ്ട് ബർമിങ്ഹാം സ്ക്കൂൾ ഓഫ്‌ ആർക്കിടെക്ചറിൽനിന്നും വിവിധ
ശൈലിയിലുള്ള കെട്ടിട നിർമ്മാണത്തെക്കുറിച്ച് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ലാറി ബേക്കര്‍ വാസ്തുശിൽപകല സാധാരണക്കാർക്ക്‌ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് മാത്രമാണ് ചിന്തിച്ചത്. പഠനം കഴിഞ്ഞ് തൊഴിൽപരിശീലനം ആരംഭിച്ച സമയത്താണ് രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചത്. എല്ലാ ബ്രിട്ടീഷ് പൗരന്മാരേയും പോലെ അദ്ദേഹവും നിർബന്ധിത സൈനിക സേവനം അനുഷ്ഠിക്കേണ്ടതായി വന്നു. അന‍സ്തേഷ്യയിൽ (മയക്കുന്ന വൈദ്യശാസ്ത്ര മേഖല) അദ്ദേഹം പ്രത്യേക പരിശീലനം നേടി യുദ്ധത്തിൽ മുറിവേറ്റവരെ ശുശ്രൂഷിക്കുവാനുള്ള പ്രത്യേക സംഘത്തിൽ അദ്ദേഹം ചൈനയിൽ സേവനം അനുഷ്ടിച്ചു. എന്നാൽ ഇംഗ്ലണ്ടിലേക്കുള്ള മടക്ക യാത്രയിൽ അദ്ദേഹത്തിന് ഇന്ത്യയിലെ മുംബൈയിൽ മൂന്നുമാസം കഴിച്ചു കൂട്ടേണ്ടി വന്നു. ഈ കാലത്ത് മഹാത്മാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും അതു ജീവിതത്തിലെ വഴിത്തിരിവാകുകയും ചെയ്തു.
ലാറി ധരിച്ചിരുന്ന ഷൂസ് ഗാന്ധിയുടെ ശ്രദ്ധയിൽ പെട്ടു. തയ്യൽ കടയിലെ ഉപയോഗശൂന്യമായ തുണികൾ വച്ച് തുന്നിയുണ്ടാക്കിയതായിരുന്നു അത്.
പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മാണം നടത്താനുള്ള ലാറിയുടെ ചാതുര്യം ഗാന്ധി തിരിച്ചറിയുകയും അദ്ദേഹത്തെ ഇന്ത്യയിലെ പാവപ്പെട്ടവർക്കായി പ്രവർത്തിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഈ ഒത്തുചേരൽ ബേക്കറുടെ ജീവിതത്തെ വീണ്ടും വഴിതിരിച്ചുവിട്ടു.
ഗാന്ധിജിയുടെ പാത പിന്തുടർന്ന് 1945-ൽ ഇന്ത്യയിലെത്തിയ ബേക്കർ മൂന്നു
വർഷക്കാലം കുഷ്ഠരോഗികൾക്കിടയിൽ പ്രവർത്തിച്ചു. കുഷ്ഠരോഗികൾക്കുള്ള
പാർപ്പിടനിർമ്മാണത്തിനിടയിലാണ്‌ ഇന്ത്യൻ വാസ്തുശിൽപവിദ്യയുടെ പ്രത്യേകതകൾ ബേക്കർ മനസ്സിലാക്കുന്നത്‌. ഇതിനിടയിൽ ഹൈദരാബാദിൽ വെച്ച് പരിചയപ്പെട്ട മലയാളിയായ ഡോ. എലിസബത്തിനെ ജീവിതപങ്കാളിയാക്കി.
“വീടുകൾ അതിന്റെ അഞ്ചു മൈൽ ചുറ്റളവിൽ ലഭിക്കുന്ന സാമ്രഗ്രികൾ ഉപയോഗിച്ച് നിർമ്മിക്കണം”എന്ന ഗാന്ധിജിയുടെ ആദർശം പ്രാവര്‍ത്തികമാക്കാന്‍ ലാറി ബേക്കര്‍ തീരുമാനിച്ചു. 1963 ല്‍ കേരളത്തില്‍ മടങ്ങിവന്ന അദ്ദേഹം ആദ്യം വാഗമണ്‍ എന്ന സ്ഥലത്താണ് താമസിച്ചത്. അവിടെയും തുടക്കത്തില്‍ കുഷ്ഠരോഗി പരിചരണമായിരുന്നു പ്രവർത്തനം.1968 മുതൽ തിരുവനന്തപുരം ആർച്ച് ബിഷപ്പിന്റെ ക്ഷണപ്രകാരം പാവപ്പെട്ടവർക്കു വേണ്ടി 3000 രൂപയിൽ താഴെ ചെലവു വരുന്ന വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി അദ്ദേഹം വിജയകരമായി പൂർത്തിയാക്കി. ഇതോടെ അദ്ദേഹം കൂടുതൽ അറിയപ്പെടാൻ തുടങ്ങി.ഈ സമയത്ത് സാധാരണ ജീവനക്കാരനായ ഒരു നമ്പൂതിരിപ്പാട് അദ്ദേഹത്തെ കാണാനെത്തി. പതിനായിരം രൂപ മാത്രം മൂലധനമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ആറു മുറികളുള്ള രണ്ടുനില വീട് ബേക്കർ പണിതു കൊടുത്തു. ഇതോടെ ബേക്കർ പ്രശസ്തിയിലേക്ക് ഉയർന്നു.എങ്ങും അദ്ദേഹത്തിന്റെ വാസ്തുശില്പ രീതി ചർച്ചാവിഷയമായിത്തീർന്നു. താമസിയാതെ നിരവധി പേർ ചെലവു കുറഞ്ഞ വീടുകൾക്കായി അദ്ദേഹത്തെ സമീപിച്ചു.
ഉപയോഗശൂന്യമായ വസ്തുക്കൾ ഗൃഹനിർമ്മാണത്തിന് പ്രയോജനപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലിയുടെ മറ്റൊരു സവിശേഷത.പൊട്ടിയ തറയോടുകളും മറ്റും മുറ്റം പാകുവാനും പല വർണ്ണത്തിലുള്ള കുപ്പികളും മറ്റും ജനലുകളിൽ പതിപ്പിച്ച് മുറിയിൽ വർണ്ണജാലം സൃഷ്ടിക്കാനും അദ്ദേഹത്തിന് കഴിയുമായിരുന്നു. നിർമ്മാണ സാമഗ്രികൾ ദൂരെ നിന്ന് ഇറക്കുമതി ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. എന്തൊക്കെയാണോ കെട്ടിടം പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ
പരിസരങ്ങളിൽ ലഭ്യമായിരുന്നത് അവയിൽ നിന്നും അദ്ദേഹം സാമഗ്രികൾ തിരഞ്ഞെടുക്കുമായിരുന്നു.
നൂതനസാങ്കേതികവിദ്യകളെ അപ്പാടെ തള്ളിക്കളഞ്ഞ ആളായിരുന്നില്ല ബേക്കർ. മറിച്ച് അവശ്യഘട്ടങ്ങളിൽ അവ ഉപയോഗിക്കുകയും ചെയ്തിരുന്നു. വീടിന് യോജിച്ചതും ആവശ്യമായതുമായ സാങ്കേതികത മതി എന്നായിരുന്ന അദ്ദേഹത്തിന് താല്പര്യം. ആവശ്യക്കാരുടെ വിവരണം ഒരു സംക്ഷിപ്തമായി മാത്രം കേൾക്കുക.ധാരാളിത്തത്തേയും ആഡംബരത്തേയും നിരുത്സാഹപ്പെടുത്തുക. പ്രകൃതി വിഭവങ്ങൾ അമിതമായി ചൂഷണം ചെയ്യാതിരിക്കുക എന്നിവയൊക്കെ ആയിരുന്നു അദ്ദേഹം സ്വീകരിച്ച രീതികള്‍.
വാസ്തു ശില്പ വിദ്യയിൽ അദ്ദേഹത്തിന്റെ ഗഹനമായ അറിവിനെ മാനിച്ച് കേരള സർക്കാർ അദ്ദേഹത്തിന്റെ സേവനം നിരവധി മേഖലകളിൽ ഉപയോഗപ്പെടുത്തി. ഇതിൽ പ്രമുഖനായിരുന്നത് മുൻ മുഖ്യമന്ത്രി സി. അച്യുതമേനോൻ ആയിരുന്നു. ലാറിയെ അദ്ദേഹം തൃശ്ശൂർ കേന്ദ്രമാക്കി സഥാപിച്ച 'കോസ്റ്റ് ഫോഡ്' എന്ന സ്ഥാപനത്തിന്റെ അദ്ധ്യക്ഷനും മുഖ്യ ഉപദേഷ്ടാവും ആക്കി.ഈ സ്ഥാപനം ചെലവുകുറഞ്ഞ കെട്ടിടങ്ങളുടെ പ്രചാരത്തിന് ഊന്നൽ നൽകിയിരുന്നു.ഇവ കൂടാതെ പ്ലാനിങ്ങ് കമ്മീഷനിലും ഹഡ്കോയിലും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലും സി.ബി.സി.ആർ.ഐ.-യുടെ ശാസ്ത്രീയ ഉപദേഷ്ട സംഘത്തിലും അനവധി സർക്കാർ,അർദ്ധസർക്കാർ സംരംഭങ്ങളിലും ലാറി ബേക്കർ അംഗമായിരുന്നു.
കോസ്റ്റ് ഫോഡിന്റെ ഓഫീസ് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അവസാനം വരെ പ്രവർത്തിച്ചിരുന്നത്.
മിത്രാനികേതൻ- വാഗമൺ,തിരുവനന്തപുരം ആർച്ച് ബിഷപ്പിന്റെ മന്ദിരം, ആക്കുളത്തെ ചിത്രലേഖ ഫിലിം സ്റ്റുഡിയോ, കൊല്ലം ജില്ലാപഞ്ചായത്ത് മന്ദിരം, ഇന്ത്യൻ കോഫീ ഹൗസ്, തമ്പാനൂർ തുടങ്ങിയ നിരവധി കെട്ടിടങ്ങള്‍ ലാറി ബേക്കര്‍ നിര്‍മ്മിച്ചവയാണ്. ഇന്ത്യാ ഗവണ്മെന്റ് 1990-ൽ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. കേരള സര്‍വകലാശാല ഡി. ലിറ്റ് നല്‍കിയത് ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ജന്മം കൊണ്ട് ഒരിന്ത്യാക്കാരനല്ലാതിരുന്നിട്ടുകൂടിയും അനുപമമായ സേവനങ്ങളിലൂടെ ഏതൊരു ഇന്ത്യാക്കാരനേക്കാൾ അല്ലെങ്കിൽ ഏതൊരു മലയാളിയേക്കാളും ത്യാഗം അദ്ദേഹം കേരളത്തിനും നാട്ടുകാർക്കുമായി അർപ്പിച്ചു. അദ്ദേഹത്തിന്റെ മരണത്തിലൂടെ ബേക്കർ യുഗം അവസാനിച്ചുവെങ്കിലും അദ്ദേഹത്തിന്റെ വാസ്തുശില്പരീതി കോൺക്രീറ്റ് മരുഭൂമികൾക്ക് നടുവിൽ മരുപ്പച്ചയായി അനശ്വരമായി നില‍കൊള്ളുന്നു.
തന്റെ തൊണ്ണൂറാമത്തെ ജന്മദിനം ഏറ്റവും ലളിതമായി ആഘോഷിച്ച് ഒരു മാസത്തിന് ശേഷം 2007 ഏപ്രിൽ ഒന്നിന് തിരുവനതപുരം നാലാഞ്ചിറയിലെ ദി ഹാംലെറ്റ് എന്ന വസതിയില്‍ വെച്ച് അദ്ദേഹം അന്തരിച്ചു. ബേക്കറുടെ ഭൗതിക ശരീരം വിശ്രമിക്കുന്ന പാളയം ക്രൈസ്റ്റ് ദേവാലയത്തിലെ കല്ലറയും അദ്ദേഹം തന്നെ രൂപകല്പന ചെയ്തതാണ്.

എം.എസ്.വിനോദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍