Ticker

6/recent/ticker-posts

ആ താളം ഇനി ഓര്‍മ്മയായി.....

ആ താളം ഇനി ഓര്‍മ്മയായി.....
--------------------------------------------------
നടനും താളത്തിന്‍റെ കാമുകനുമായ ഹരിനാരായണന്‍ ഓര്‍മ്മയായി.......
ജോണ്‍ എബ്രഹാമിനോടുള്ള ആരാധനയാണ് എന്നെ ഹരിനാരായണന്‍ എന്ന വ്യക്തിയില്‍ എത്തിച്ചത്.ജോണ്‍ എബ്രഹാമിന്‍റെ അമ്മ അറിയാന്‍ എന്ന സിനിമയില്‍ സ്വന്തം പേരില്‍ തന്നെയുള്ള ഒരു തബലിസ്റ്റ് ആയിട്ടാണ് ഹരിനാരായണന്‍ വേഷം ഇട്ടത്.നല്ല സിനിമയുടെ ജോണ്‍സങ്കല്‍പം ആയ ഒഡേസയുടെ സജ്ജീവപ്രവര്‍ത്തകനും ആയിരുന്നു ഹരിനാരായണന്‍.തബലയും സംഗീതവും നാടകവും കവിതയും ഡോക്കുമെന്‍ററിയും രാഷ്ട്രീയവും ഒക്കെയായി ഒരു വലിയ ക്യാന്‍വാസിലാണ് ഹരിനാരായണന്‍ ജീവിച്ചത്.
ജോണും ഹരിയും തമ്മില്‍ ഒരു നല്ല മാനസികബന്ധം ഉണ്ടായിരുന്നു.ഹരിനാരായണന്‍റെ വീട്ടിലെ നിത്യസന്ദര്‍ശകന്‍ ആയിരുന്നു ജോണ്‍ അന്നൊക്കെ.ഹരിയുടെ അമ്മ ബാലമീനാക്ഷി ജോണിന്‍റെ പല ശാഠൃങ്ങളും അറിയുന്ന ആളുമായിരുന്നു.ഒരുപക്ഷെ ഇവിടെ നിന്നും ആയിരിക്കാം അമ്മ അറിയാന്‍ എന്ന സിനിമയുടെ തിരക്കഥ ജോണ്‍ എബ്രഹാം രൂപപ്പെടുത്തിയത്.ഹരി എന്ന ഒരു കഥാപാത്രത്തിന്‍റെ ആത്മഹത്യയും ആ വാര്‍ത്ത‍ ഹരിയുടെ അമ്മയെ അറിയിക്കാന്‍ വേണ്ടിയുള്ള യാത്രയും ആണല്ലോ അമ്മ അറിയാന്‍ എന്ന സിനിമയുടെ ഇതിവൃത്തം.
ജീവിതത്തില്‍ ഒരു തികഞ്ഞ അരാജകവാദി എന്ന് സ്വയം പ്രഖ്യാപിക്കുന്ന ഹരിനാരായണന്‍ കലയോട് തികഞ്ഞ സത്യസന്ധതയും ആരാധനയും പുലര്‍ത്തിയിരുന്നു എന്നതിന് ഒത്തിരി തെളിവുകള്‍ ഉണ്ട്.അമ്മ അറിയാന്‍ എന്ന സിനിമയില്‍ ഹരി എന്ന കഥാപാത്രം ഒരു പ്രത്യേകമാനസികാവസ്ഥയില്‍ തബല കത്തികൊണ്ട് കുത്തിക്കീറുന്ന ഒരു രംഗം ഉണ്ട്.എന്നാല്‍ ദക്ഷിണ വെച്ച് തബല പഠിക്കുകയും അത് തൊഴിലായി സ്വീകരിക്കുകയും ചെയ്ത ഹരിനാരായണന്‍ അത്തരം ഒരു രംഗത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചു.യഥാര്‍ത്ഥ തബലയ്ക്ക് പകരം ഡമ്മി ഉപയോഗിക്കാന്‍ ജോണ്‍ എബ്രഹാമും തയാറായില്ല.ഒത്തുതീര്‍പ്പുകള്‍ക്ക് ഒരിക്കലും തയാറാകാത്ത ജോണ്‍ ആ രംഗം ഒരിക്കലും ഒഴിവാക്കാനും സമ്മതിച്ചില്ല.കലയെ സംബന്ധിച്ചുള്ള ഈ രണ്ട് നിലപാടുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ആ സിനിമയുടെ തുടര്‍ന്നുള്ള ചിത്രീകരണം നിന്നുപോയ ഒരു സാഹചര്യം ഉണ്ടായി.
ജോണ്‍ എബ്രഹാമിന്‍റെ നിലപാടിനെ ഹരിനാരായണനും ഹരിയുടെ ആദര്‍ശത്തെ ജോണ്‍ എബ്രഹാമും പരസ്പരം അംഗീകരിച്ചുകൊണ്ട് യഥാര്‍ത്ഥ തബലയില്‍ ഇടതുകൈകൊണ്ട് കത്തി കുത്തിയിറക്കിയാണ് പിന്നീട് ആ രംഗം ചിത്രീകരിച്ചത്.
സത്യസന്ധനാകാനുള്ള വീര്യം ആണ് കല എന്നും കലാകാരന്‍ ചിലപ്പോള്‍ എങ്കിലും ക്രൂരന്‍ ആകുന്നത് ആ സത്യസന്ധത സൂക്ഷിക്കാന്‍ വേണ്ടിയാണ് എന്നും ഹരിനാരായണന്‍ നമ്മളെ പഠിപ്പിക്കുന്നു.
ഹരിയുടെ താളം നിലയ്ക്കാതെ നില്‍ക്കട്ടെ എന്നും കലയുടെ മനസ്സ് തെളിയുന്ന വഴികളില്‍.....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍