Ticker

6/recent/ticker-posts

ഇനി വരുന്നൊരു തലമുറയ്ക്ക്.....



ഇനി വരുന്നൊരു തലമുറയ്ക്ക്.....
ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകളായി ഈ ചോദ്യം മലയാളികളുടെ മനസിൽ കിടന്ന് കറങ്ങുന്നുണ്ട്‌.ഒരു അസ്ത്രം പോലെ ചോദ്യം മൂർച്ചകൂട്ടി എയ്തു വിട്ടത് പ്രശസ്ത കവിയും പരിസ്ഥിതി -സാമൂഹ്യ പ്രവർത്തകനുമായ ശ്രീ.ഇഞ്ചക്കാട് ബാലചന്ദ്രനാണ്.
പി.കെ.ബാലചന്ദ്രൻ എന്ന ഇന്നത്തെ ഇഞ്ചക്കാട് ബാലചന്ദ്രനെ ഞാൻ കാണാനും കേൾക്കാനും തുടങ്ങിയിട്ട് ഏതാണ്ട് നാല്പത് വർഷമായി. നാല്പത് വർഷത്തിനിടയിൽ നാല് തവണ മാത്രമാണ് ഞാൻ കവിയോട് സംസാരിച്ചിട്ടുള്ളത്.നാല് വാക്കുകൾക്കപ്പുറം സംസാരിച്ചിട്ടുമില്ല.എന്നാൽ കവി എന്നോട് നിരന്തരമായി സംസാരിച്ചുകൊണ്ടിരിക്കുന്നു.കവികൾ പൊതുവെ അങ്ങനെയാണല്ലോ.ലോകമുള്ള കാലത്തോളം അവർ വായനക്കാരോട് സംസാരിച്ചുകൊണ്ടിരിക്കും. ഓണാട്ടുകരയിലെ വിവിധ കവിയരങ്ങുകളിലും സാംസ്ക്കാരിക വേദികളിലും ഇഞ്ചക്കാട് ബാലചന്ദ്രൻ നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടുകാലം ആയിട്ടുണ്ടാകും.
വളരെ അവിചാരിതമായി കഴിഞ്ഞ ഒരു ദിവസം വീണ്ടും അദ്ദേഹത്തെ കാണാനും ആ വാക്കുകളും വരികളും കേൾക്കാനുമുള്ള അവസരം എനിക്ക് ഉണ്ടായി.നിറഞ്ഞ സദസിനെ നോക്കി അദ്ദേഹം അന്ന് ചോദിച്ച ഒരു ചോദ്യം യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മുതൽ ഇപ്പോൾ ഈ നിമിഷം വരെ എന്നെ ചിന്തിപ്പിക്കുന്നു.അത് വെറുതെ ചിന്തിപ്പിക്കുകയല്ല,ഒരു തരം വേട്ടയാടൽ പോലെ എന്നെ പിന്തുടരുക കൂടിയായിരുന്നു.
കവി സദസിനോട് ചോദിച്ച ചോദ്യം ''എനിക്ക് എത്ര വയസായി എന്ന് പറയാമോ...?'' എന്നായിരുന്നു.
പ്രിയപ്പെട്ട കവിക്ക് പ്രായം ഒട്ടും കുറയ്ക്കണ്ട എന്ന് കരുതിയാകണം ഒരു നിമിഷം നന്നായിത്തന്നെ ആലോചിച്ചിട്ട് സദസിന്റെ പൊതുഅഭിപ്രായം ഒരാൾ ഉറക്കെ പറഞ്ഞു.
''കൂടി വന്നാൽ ഒരു നാല്പത്തിയഞ്ച്.....''
ഉത്തരം കേട്ട് കവി നന്നായിട്ടൊന്ന് ചിരിച്ചു.ഞാനും ചിരിച്ചു.കാരണം നാല്പത് വർഷം മുൻപ് ഞാൻ ആദ്യമായി കാണുമ്പോഴും അദ്ദേഹത്തിന് പ്രായം നാല്പത് ആയിരുന്നു എന്ന് തോന്നും.ചിലർ ഇങ്ങനെയാണ് .... നമ്മുടെ മനസിൽ മാത്രമല്ല നമ്മുടെ കാഴ്ചയിലും അവർ നാല്പതിന്റെയോ നാല്പത്തിയഞ്ചിന്റെയോ നിനവിൽ നിത്യഹരിതമായി തണൽ വിരിച്ച് ഇങ്ങനെ നിൽക്കും.
സദസിന്റെ മറുപടിയിൽ ചിരിച്ച് നിന്ന കവി ആ ചിരിയോടെ തന്നെ സദസിനോട് പറഞ്ഞു തുടങ്ങി.
''എനിക്ക് ഒരു നൂറ്റിയിരുപത് വർഷം ഇവിടെ ജീവിക്കണം....''
ഇത് കേട്ടപ്പോൾ സദസ് കയ്യടിച്ചു.കവി ചിരിച്ചു. കവിയുടെ ചിരിയിൽ ഒന്നല്ല ഒരായിരം അർത്ഥങ്ങളുണ്ടായിരുന്നു......
അർത്ഥത്തേക്കാളേറെ ആകുലതകൾ ....
''ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി...'' എന്ന് പാടിയ കവി എന്താണ് അർത്ഥമാക്കിയതെന്ന് നമുക്ക് അറിയാം.അന്ന് ഈ തീരം അത്രമാത്രം മനോഹരമായിരുന്നു.അതേ തീരത്തു നിന്നാണ് ഇഞ്ചക്കാട് ബാലചന്ദ്രൻ പാടിയത് ''ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ.....''.
കേരളത്തിലെ പരിസ്ഥിതിപ്രശ്നങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ തിരിയാൻ ഈ വരികൾ വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്‌.എന്നാൽ ഇന്ന് ഈ വരികൾ കേരളത്തിന്റെയോ നമ്മുടെ മാത്രം കായൽ സംരക്ഷണത്തിന്റെയോ മുദ്രാവാക്യമല്ല. ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ വരികള്‍ ലോകത്തിന്‍റെ പരിസ്ഥിതി സംരക്ഷണത്തിന്റെ മാനിഫെസ്‌റ്റോ ആണ്.
ആയിരം കോടി മനുഷ്യരേയും അതിലധികം ചരാചരങ്ങളേയും ചുമന്ന് സ്വന്തം ഭ്രമണപഥത്തിലൂടെ കറങ്ങിയും സ്വയം അച്ചുതണ്ടിൽ തിരിഞ്ഞും സൂര്യനെ വലം വെക്കുന്ന ഭൂമി ജീവന്റെ ഏക സങ്കേതമാണെന്നാണ് നമ്മുടെ വിശ്വാസം.ആ ഭൂമിയുടെ ജീവൻ സംരക്ഷിക്കേണ്ടത് ആരാണ് എന്ന ചോദ്യത്തിനാണ് കവിയുടെ ഈ വരികൾ ഉന്നയിക്കുന്ന ചോദ്യവും ഉത്തരം തേടുന്നത്.
ഹരിത രാഷ്ട്രീയത്തിലേക്ക് കവികളുടേയും കലാകാരന്മാരുടേയും ശ്രദ്ധ ആകർഷിക്കപ്പെട്ടിട്ട് വർഷങ്ങളായി.മലയാളത്തിൽ അതിന് തുടക്കം കുറിക്കപ്പെട്ടത് എഴുപതുകളിലാണെന്ന് പറയാം. കേരള ഇലക്ട്രിസിറ്റി ബോർഡ് നടപ്പാക്കാൻ ശ്രമിച്ച സൈലന്റ് വാലി ജലവൈദ്യുത പദ്ധതിയാണ് പൊതുവെ പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിലേക്ക് സാഹിത്യത്തിന്റെ ശ്രദ്ധ ആദ്യമായി സംഘടിതമായി തിരിഞ്ഞത്. ജനങ്ങൾക്കിടയിൽ പുതിയൊരു പരിസ്ഥിതി ബോധമുണ്ടാക്കാൻ അന്ന് കലാ-സാഹിത്യ പ്രവർത്തകർക്ക് സാധിച്ചു. സുഗതകുമാരിയും സച്ചിദാനന്ദനും ഒ.എൻ.വി.യും കടമ്മനിട്ടയും അയ്യപ്പപ്പണിക്കരുമെല്ലാം രംഗത്തിറങ്ങിയപ്പോൾ ഇതിൽ എന്തോ കാര്യമായ കാര്യമുണ്ടെന്ന് ഇവിടുത്തെ പൊതുസമൂഹത്തിന് തോന്നിത്തുടങ്ങി.
ഭൂമിയിൽ പിറന്നു വീഴുന്ന ഏതൊന്നിനും അത് മനുഷ്യനായാലും പുൽക്കൊടിയായാലും ഇവിടെ ജീവിക്കാൻ അവകാശമുണ്ടെന്ന് സമർത്ഥിക്കുന്ന ഒരു പുതിയ സിദ്ധാന്തം വളരെ മുൻപ് മനസിൽ വിതച്ചത് മുളപൊട്ടാൻ ഈ സംഭവം ഒരു കാരണമായി. ഭൂമിയുടെ ഏത് അപകടഘട്ടവും ബാധിക്കുന്നത് രാജ്യങ്ങളുടെ അതിർത്തിയോ ജാതി-മത-വർണ്ണ വ്യത്യാസമോ രാഷ്ട്രീയ വീക്ഷണങ്ങളോ നോക്കിയല്ല പകരം ജീവനെ മൊത്തത്തിലാണെന്ന ബോധ്യം ജനങ്ങൾക്ക് ഉണ്ടായിത്തുടങ്ങി.അങ്ങനെയാണ് പരിസ്ഥിതി സംരക്ഷണ പ്രക്ഷോഭത്തിന് ഭാഷയ്ക്കും ജാതിക്കും രാഷ്ട്രത്തിനും രാഷ്ട്രീയത്തിനുമപ്പുറം ഒരു ഏകതാബോധം ഉടലെടുത്തത്.
നമ്മുടെ ജീവിത രീതിയും അത്യാർത്തിയും ആഢംഭര ഭ്രമവും ഭൂമിയുടെ ജീവനെ അപകടപ്പെടുത്തുന്നു എങ്കിൽ മാറേണ്ടത് പ്രകൃതിയല്ല മറിച്ച് നമ്മളാണെന്ന സന്ദേശം പ്രസക്തമാണ്.എല്ലാ സംസ്ക്കാരങ്ങളിലും പ്രകൃതിയാണ് പ്രധാന ആരാധനാ ദേവത. പ്രകൃതിയെ ആക്രമിച്ച് കീഴടക്കി മനുഷ്യൻ അടിമയാക്കാൻ ശ്രമിച്ചപ്പോൾ പ്രശ്നങ്ങൾ ആരംഭിച്ചു.എന്റെയും നിങ്ങളുടേയും സുഖത്തിനും സന്തോഷത്തിനും വേണ്ടി മാത്രമുള്ള ആ വേട്ടയാടലിൽ നമ്മൾ നമ്മളെയല്ലാതെ മറ്റൊന്നിനേയും കണ്ടില്ല.
''ഉണ്ടോ പുരുഷൻ പ്രകൃതിയെ വേറിട്ട്
രണ്ടുമൊന്നത്രേ വിചാരിച്ചു കാൺകിലോ....?''
എന്ന് എഴുത്തച്ഛൻ പാടിയിട്ടുണ്ട്.
പിന്നാലെ വന്ന കവികളാക്കെ സമാനമായ സന്ദേശം പലപ്പോഴും പകർന്നു തന്നിട്ടും നമ്മൾ അത് ചെവിക്കൊണ്ടില്ല.
''എന്നു നീ നീയായ്ക്കാണും പുല്ലിനെപറവ യെ
അന്നു കൈവരും നിനക്കാത്മ വിജ്ഞാനാനന്ദം ....''
എന്ന് സഹികെട്ട് എൻ.വി.കൃഷ്ണവാര്യർ വരെ പാടി.
കവിതയുടെ ജൈവഗുണം കൂടുതൽ പ്രകടമായിത്തുടങ്ങിയ ആധുനികകാലത്ത് കവികൾ പരിസ്ഥിതി വിഷയങ്ങളോട് കൂടുതൽ അടുത്തു നിൽക്കാൻ തുടങ്ങി.അതിന് നിർണ്ണായകമായി മാറിയ ഒരു വേദി ഒരുക്കാൻ സോഷ്യൽ മീഡിയയ്ക്ക് കഴിഞ്ഞു.സംസ്ക്കാരത്തിന്റെ ഉറവകൾ വറ്റിത്തുടങ്ങുന്നത് ആദ്യം തിരിച്ചറിയുന്നത് കലാകാരന്മാരും കവികളും ആണല്ലോ.മണ്ണിന്റെ ഗുണത്തോടും മണത്തോടും ഒട്ടിനിന്ന കർഷകന്റെ പരിമിതമായ കാർഷിക വിജ്ഞാനത്തിലേക്ക് ആർത്തിമൂത്ത ഉപഭോഗസംസ്ക്കാരം നിർബന്ധിച്ച് വിതച്ച വിഷം ആദ്യം വീണത് ഈ മണ്ണിലാണ്. പരമ്പരാഗതവിത്തുകൾക്ക് പകരം അത്യന്താധുനിക വിത്തിനങ്ങളും,അവക്ക് വളവും കീടനാശിനിയും മണ്ണിൽ ചേർന്നപ്പോൾ ആ വിഷം പുരണ്ട മണ്ണിൽ നിന്നും മരത്തിലേക്കും മരത്തിൽ നിന്നും മനുഷ്യനിലേക്കും വിഷം വ്യാപിച്ചു.മുന്നിൽ കണ്ട കായ് പറിച്ചു തിന്നും മണ്ണിൽ കണ്ട കനി മാന്തിത്തിന്നും ജീവിച്ച മനുഷ്യൻ പണ്ട് ആരോഗ്യത്തോടെ നൂറ്റിയിരുപത് വർഷം ജീവിച്ചു.
ഇവിടെയാണ് കവിയുടെ ആവശ്യത്തിന്റെ പ്രസക്തി പ്രകടമാകുന്നത്.എനിക്ക് നൂറ്റിയിരുപത് വർഷം ജീവിക്കണം എന്ന് കവി സദസിനെ നോക്കിപ്പറഞ്ഞത് കവിക്ക് മാത്രം ജീവിക്കാനുള്ള ആർത്തി കൊണ്ടല്ല.ഈ തലമുറക്കല്ല ഇനി വരുന്ന മുഴുവൻ തലമുറയ്ക്കും ഇവിടെ ആയുസും ആരോഗ്യത്തോടും ജീവിക്കാൻ......ഈ ഭൂമിയെ ഒരുക്കാൻ......ഈ മണ്ണിനെ പാകപ്പെടുത്താൻ ഒരു പുതിയ പടയണിയും അതിന് പണിയാളും വേണമെന്ന സന്ദേശമാണ് കവി നൽകിയത്.
പടയണിക്ക് മുൻപ് പണിയാളിനെ ഒരുക്കുന്ന പുതിയ ദൗത്യത്തിലാണ് കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഇപ്പോൾ.വിഷം വീണ മനസുകളെ ശുദ്ധീകരിക്കാനും പുതിയ വിത്തുകളിലേക്ക് വിഷം പടരാതെ സൂക്ഷിക്കാനുമുള്ള ഒരു യജ്ഞത്തിന്റെ യാഗശാല ഉയരുകയാണ് മേയ് 11ന് പത്തനാപുരം ഗാന്ധിഭവനിൽ വെച്ച്.ഇനി വരുന്നൊരു തലമുറയുടെ സുരക്ഷിതവാസത്തിനുള്ള ഇടമൊരുക്കാൻ കവിയോടൊപ്പം നമ്മളും ഉണ്ടാകണം.പുതിയ തലമുറയിലേക്ക് വിഷം ഒഴുകി നിറയാതെ അണക്കെട്ട് തീർക്കുന്നതിനൊപ്പം പലതരം വിഷം ബാധിച്ച നമ്മുടെ മനസുകൾ കൂടി ശുദ്ധീകരിക്കാൻ ഈ യജ്ഞത്തിന് സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
മൃഗമാകാനല്ല സത്യത്തിൽ ലോകത്താകമാനമുള്ള മനുഷ്യത്വം സ്വീകരിച്ച് മനുഷ്യനാകാനാണ് കവി നമ്മളെ ശാസിച്ചതെന്ന് ഉൾക്കൊണ്ടുകൊണ്ട് മുന്നിൽ കാണുന്ന എന്തിൽ നിന്നും മാനവികതയുടെ വിത്തുകൾ ശേഖരിക്കാനും,എന്തിനും ഏതിനും പടിഞ്ഞാറേക്ക് നോക്കാതെ കിഴക്കുദിക്കുന്ന സൂര്യനാകാനും നമുക്ക് ശ്രമിക്കാം.ഈ യജ്ഞം അത്തരമൊരു മഹാപ്രസ്ഥാനത്തിന്റെ തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍