Ticker

6/recent/ticker-posts

പുഷ്പഗന്ധി



''പുഷ്പഗന്ധീ..സ്വപ്നഗന്ധീ...പ്രകൃതീ നിന്റെ
പച്ചിലമേടയിലന്തിയുറങ്ങാനെന്തു രസം!
കാമദേവന്‍ പൂനുള്ളാത്തൊരു താഴ്വരയില്‍
പ്രിയകാമുകനോടൊത്തു താമസിക്കാനെന്തുസുഖം!.....''
1973 ല്‍ പുറത്തിറങ്ങിയ അഴകുള്ള സെലീന എന്ന സിനിമയിലെ ഈ ഗാനം കഴിഞ്ഞ ദിവസം വീണ്ടും കേള്‍ക്കാനിടയായി.വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എങ്കിലും ആ ഗാനം വീണ്ടും കേട്ടപ്പോള്‍ ഉണ്ടായ ചില ഓര്‍മ്മകള്‍ നിങ്ങളോടൊപ്പം ഒന്ന് പങ്കുവെക്കണം എന്ന് തോന്നി.ഈ വരികള്‍ വയലാര്‍ രാമവര്‍മ്മയുടെ ആണ്.കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ ഏഴ് ഗാനങ്ങള്‍ ഉണ്ട്.....'മരാളികേ...മരാളികേ...'എന്ന് തുടങ്ങുന്ന ഗാനവും,'താജ്മഹാള്‍ നിര്‍മ്മിച്ച രാജശില്‍പ്പി.....'എന്ന ഗാനവും, 'ഇവിടുത്തെ ചേച്ചിക്ക് ഇന്നലെ മുതലൊരു ജലദോഷം.....'എന്ന ഗാനവും ഉള്‍പ്പെടെ മുഴുവന്‍ ഗാനങ്ങളും അന്നത്തെയും എന്നത്തേയും ഹിറ്റുകള്‍ ആണ്.പ്രേം നസീര്‍,ജയഭാരതി,വിന്‍സെന്‍റ് എന്നിവര്‍ അഭിനയിച്ച ഈ ചിത്രം മുട്ടത്തുവര്‍ക്കിയുടെ കഥയെ അടിസ്ഥാനമാക്കി തോപ്പില്‍ ഭാസി എഴുതിയ തിരക്കഥയില്‍ ചിത്രകലാകേന്ദ്രം ആണ് നിര്‍മ്മിച്ചത്.മറ്റൊരു മറക്കാനാവാത്ത കാര്യം ഈ ഏഴ് ഗാനങ്ങള്‍ക്കും സംഗീതസംവിധാനം നിര്‍വഹിച്ചത് ഗാനഗന്ധര്‍വ്വന്‍ ആയ കെ.ജെ.യേശുദാസ് തന്നെയാണ് എന്നതാണ്.ഈ ഗാനത്തോടൊപ്പം പറയാന്‍ മറ്റ് ചില വിശേഷങ്ങള്‍ കൂടിയുണ്ട്.ഈ സിനിമയിലെ 'സ്നേഹത്തിന്‍റെ ഇടയനാം യേശുവേ....'എന്ന് തുടങ്ങുന്ന ഒരു ഗാനം സത്യത്തില്‍ എഴുതിയത് വയലാര്‍ അല്ല.എന്നാല്‍ ആ ഗാനം വയലാര്‍ ആണ് എഴുതിയത് എന്ന് പല സ്ഥലത്തും-വയലാറിന്‍റെ സമ്പൂര്‍ണ്ണകൃതികളില്‍ വരെ,പരാമര്‍ശിക്കുന്നുണ്ട്.ആ ഗാനം എഴുതിയത് ഫാ.നാഗേല്‍ എന്ന ഒരു പുരോഹിതന്‍ ആണ്.
1867 ല്‍ വടക്കന്‍ ജര്‍മ്മനിയില്‍ ജനിച്ച വോല്ബ്രെറ്റ് നാഗേല്‍ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒരു അനാഥന്‍ ആയിരുന്നു.തെരുവില്‍ ഒരു ചെരുപ്പുകുത്തിയുടെ സംരക്ഷണയില്‍ ആയ ഈ കുട്ടി പിന്നീട് ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളില്‍ക്കൂടി വളരുകയും ഉന്നതമായ ബിരുദങ്ങള്‍ നേടുകയും ചെയ്തു.ഇരുപതിയഞ്ചാമത്തെ വയസ്സില്‍ നഗേല്‍ ഇന്ത്യയിലും തുടര്‍ന്ന് കേരളത്തിലും മിഷനറി പ്രവര്‍ത്തനങ്ങളുമായി എത്തി.കുന്നംകുളം കേന്ദ്രമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അദ്ദേഹം മലയാളം എഴുതാനും വായിക്കാനും പഠിച്ചു.അക്കാലത്ത് നിരവധി ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ അദ്ദേഹം എഴുതിയതായി പറയപ്പെടുന്നു.''സമയമാം രഥത്തില്‍ ഞാന്‍....'' എന്ന് തുടങ്ങുന്ന ഗാനം ഒരു ഘോഷയാത്രയുടെ ഗാനം അല്ല.അത് നഗേല്‍ എഴുതിയ ഒരു ഭക്തിഗാനം ആണ് എന്ന് പറയപ്പെടുന്നു.ഈ ഗാനം ആണ് പിന്നീട് കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത 'അരനാഴികനേരം' എന്ന സിനിമയില്‍ ലീലയും മാധുരിയും ചേര്‍ന്ന് പാടിയത്.പിന്നീട് ഈ ഗാനം ഇല്ലാതെ ഒരു ശവഘോഷയാത്രയും ക്രിസ്ത്യന്‍വിഭാഗങ്ങളില്‍ നടക്കാതെ ആയി.ഫാ.നഗേല്‍ എഴുതിയ ഭക്തിഗാനങ്ങള്‍ പിന്നീട് പല സിനിമകളിലും നാടകങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്.അത് പലരുടെയും കണക്കില്‍ പലടത്തും രേഖപ്പെടുത്തിയും കാണുന്നുണ്ട്.
ജര്‍മ്മനിയില്‍ ജനിച്ചുവളര്‍ന്ന എന്നാല്‍ മലയാളത്തെ സ്നേഹിച്ച ഫാ.നാഗേല്‍ എന്ന പുരോഹിതനെയും ഓര്‍ക്കാന്‍ ഈ വയലാര്‍ ഗാനം ഇടവരുത്തി എന്നത് ഒരു കൗതുകം ആണ്.
-വിവരങ്ങള്‍ക്ക് കടപ്പാട്,എന്‍റെ വായന-

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍