Ticker

6/recent/ticker-posts

ഭരത് ഗോപി@അഭിനയകലയുടെ ഗോപിക്കുറി.

ഭരത് ഗോപി-അഭിനയകലയുടെ ഗോപിക്കുറി.

ഭരത് ഗോപി
ചരിത്രത്തില്‍ ഒരു ചോദ്യം എന്നും ഇങ്ങനെ ഉണ്ടാകും.
ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ആരാണ്....?
ഉത്തരം മിക്കവാറും പേര്‍ക്ക് അറിയാം
''ലൂയി മൌണ്ട്ബാറ്റണ്‍''
എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ അവസാനത്തെ ഭരത് അവാര്‍ഡ് ജേതാവ് ആരാണ് എന്ന ചോദ്യം ഇപ്പോഴും തര്‍ക്കവിഷയം ആണ്.ആ തര്‍ക്കം എവിടെ തുടങ്ങിയാലും എവിടെ അവസാനിച്ചാലും ചിറയിന്‍കീഴ് ആല്‍ത്തറമൂട് കൊച്ചുവീട്ടില്‍ വേലായുധന്‍ നായര്‍ മകന്‍ ഗോപിനാഥന്‍ നായരെ നമ്മള്‍ ഭരത് ഗോപി എന്ന് തന്നെ വിളിക്കും.പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞത് ശരിയാണെങ്കില്‍ അവസാനത്തെ ഭരത് നമ്മുടെ സ്വന്തം കൊടിയേറ്റം ഗോപി തന്നെ ആയിരിക്കും.അവസാനത്തെ വൈസ്രോയി ആര് എന്ന ചോദ്യം പോലെ നമുക്ക് പ്രിയങ്കരമാണ് അവസാനത്തെ ഭരത് നടന്‍ ആര് എന്ന ചോദ്യത്തിന്‍റെ ഉത്തരവും.കൊടിയേറ്റം ഗോപി അവശേഷിപ്പിച്ച ഇടം ഏറ്റെടുക്കാന്‍ പിന്നീട് ഒരു നടന്‍ പിറന്നില്ല എന്നതുകൊണ്ട്‌ കൂടി ആയിരിക്കാം നമ്മള്‍ ആ ഉത്തരം തന്നെ വീണ്ടും വീണ്ടും പറയുന്നത്.അങ്ങനെ അല്ല എന്ന് പറയുന്നത് അംഗീകരിക്കാന്‍ നമ്മുടെ മനസ്സ് സമ്മതിക്കാത്തതും അതുകൊണ്ടാകാം.
സ്വയംവരം എന്ന ആദ്യ സിനിമയില്‍ ഒരു ചെറിയ വേഷം അഭിനയിക്കുമ്പോഴും ഗോപി എന്ന ഗോപിനാഥന്‍ നായരുടെ മനസ്സില്‍ നിറയെ നാടകം മാത്രമായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ പഠിക്കുന്ന കാലത്ത് അഭിനയിച്ച നാടകം മുതല്ല, അതിന് മുന്‍പുതന്നെ തുടങ്ങി നാടകക്കമ്പം.അത് ഇപ്പോഴത്തെ പല നടന്മാര്‍ക്കും ഉണ്ടാകുന്നപോലെ സിനിമയിലേക്ക് ഒരു വഴിവെട്ടാന്‍ ആയിരുന്നില്ല.പഠനം കഴിഞ്ഞ് സര്‍ക്കാര്‍ ഗുമസ്തപ്പണിയും മുഴുവന്‍ സമയനാടകവുമായി നടക്കുന്ന കാലത്താണ് ജി.ശങ്കരപ്പിള്ളയുടെ മുന്നില്‍ ചെന്നുപെടുന്നത്.അരങ്ങിലെ പുത്തന്‍ നാടകചിന്തകളുടെ വക്താവ്  ജി.ശങ്കരപ്പിള്ള ഗോപിയെയും കൂട്ടത്തില്‍ കൂട്ടി.പ്രസാധന എന്ന നാടകസമതിയുടെ പിറവി അങ്ങനെ ആയിരുന്നു.അവിടെ ഗോപി പ്രധാന നടന്‍ മാത്രമായിരുന്നില്ല.നാടകരചയിതാവും സംവിധായകനും ഒക്കെയായി നടനം ആരംഭിച്ചു.പത്തുവര്‍ഷത്തോളം അരങ്ങില്‍ ചവിട്ടിത്തെളിഞ്ഞ കാലുകള്‍ പിന്നെ ചവുട്ടിക്കയറിയത്‌ നാടകത്തിന്‍റെ ദൈവത്താന്‍ ആയ കാവാലം നാരായണപ്പണിക്കരുടെ തിരുവരങ്ങിലേക്ക്.ആ കളരിയില്‍ വെച്ച് ഗോപി അഭിനയത്തിന്‍റെ അടവുകള്‍ പതിനെട്ടും പഠിച്ചു.നാട്യശാസ്ത്രത്തിലെ 'അവനവന്‍ കടമ്പ' നിഷ്പ്രയാസം കടന്ന് ഭാവങ്ങളുടെ 'ഒറ്റയാന്‍' ആയി മാറുകയായിരുന്നു ഗോപി എന്ന നടന്‍.
ആ കാലത്താണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സാമുവേല്‍ ബക്കറ്റിന്‍റെ വിഖ്യാതമായ ഒരു നാടകം അവതരിപ്പിക്കാന്‍ തീരുമാനിക്കുകയും അതില്‍ പ്രധാന വേഷം ചെയ്യാന്‍ ഗോപിയെ തെരഞ്ഞെടുക്കയും ചെയ്തത്.ഈ കാലയളവില്‍ ദേശീയനിലവാരത്തില്‍ വരെ ചര്‍ച്ചചെയ്യപ്പെട്ട നിരവധി നാടകങ്ങളില്‍ അഭിനയിച്ച ഗോപി അരങ്ങില്‍ തന്‍റെ മേല്‍വിലാസം ഉറപ്പിച്ചുകഴിഞ്ഞിരുന്നു.
അടൂര്‍ ഗോപാലകൃഷ്ണനുമായുള്ള സൌഹൃദം ആണ് 1972 ല്‍ പുറത്തിറങ്ങിയ സ്വയംവരം സിനിമയില്‍ ഒരു വേഷം ചെയ്യാന്‍ ഗോപിയെ പ്രേരിപ്പിച്ചത്.ആ സിനിമ ദേശീയഅവാര്‍ഡ് വരെ നേടിയെങ്കിലും ഗോപി നാടകത്തില്‍ തന്നെ തുടര്‍ന്നും അഭിനയിക്കുകയായിരുന്നു. അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം അടൂര്‍ കൊടിയേറ്റം ആരംഭിച്ചപ്പോള്‍ അതിലെ ഒരു ലോറി ഡ്രൈവരുടെ നിഷ്കളങ്കനായ സഹായി ശങ്കരന്‍കുട്ടിയായി ഗോപി നായകവേഷത്തില്‍ തന്നെ അഭിനയിച്ചു.ആ അഭിനയത്തിന് ഇന്ത്യയിലെ ഏറ്റവും നല്ല നടന്‍ എന്ന ബഹുമതി ഗോപിയില്‍ എത്തിച്ചേര്‍ന്നു.അങ്ങനെ നമ്മുടെ ഗോപിനാഥന്‍ നായര്‍ കൊടിയേറ്റംഗോപി എന്ന ഭരത്ഗോപി ആയി മാറി.
എഴുപതുകളുടെ തുടക്കം മുതല്‍ മലയാളസിനിമയില്‍ സുപ്രധാനമായ പല നല്ല പ്രവണതകളും ഉണ്ടായി എന്ന് പറയാതിരിക്കാന്‍ കഴിയില്ല.മലയാളസിനിമയുടെ നവോത്ഥാനകാലം ആരംഭിക്കുന്നത് എഴുപതുകളുടെ തുടക്കത്തിലാണ്‌ എന്ന് പൊതുവെ വിശ്വസിക്കുന്നു.ആ നവോത്ഥാനത്തിന്‍റെ സ്വാധീനം കൊടിയേറ്റത്തിനും ഉണ്ടായിരുന്നു.
കൊടിയേറ്റം ഗോപി എന്ന് ഓമനിച്ചു വിളിച്ച ഈ നടന്‍റെ സൂക്ഷ്മാഭിനയസുഖത്തിന്‍റെ രുചി പിടിച്ച നമ്മള്‍ തുടര്‍ന്ന് ആ അഭിനയ വിസ്മയം കണ്ട് അത്ഭുതപ്പെട്ടു.ശങ്കരന്‍കുട്ടിയുടെ നിഷ്കളങ്കമായ മുഖത്തുനിന്നും തമ്പിലെ വില്ലനായി മാറിയ വേഷപ്പകര്‍ച്ച പെട്ടന്നായിരുന്നു.യവനികയിലെ തബലിസ്റ്റ് അയ്യപ്പന്‍റെ തീഷ്ണമായ നോട്ടം ഇന്നും നമ്മുടെ നെഞ്ച് കീറി മുറിക്കുന്നു.ആ നോട്ടം കൊണ്ട് നമ്മളെ വിറപ്പിച്ച ഭാവം ആയിരുന്നില്ല മാമാട്ടിക്കുട്ടിയമ്മയിലെ അച്ഛന്‍ വേഷം നമുക്ക് പകര്‍ന്നു നല്‍കിയ വാത്സല്യം.കള്ളന്‍ പവിത്രനിലെ മാമച്ചന്‍റെ അസൂയ പുരണ്ട മുഖമല്ല പാളങ്ങളിലെ കാമം കത്തുന്ന കണ്ണുകള്‍ക്ക്‌.അപ്പുണ്ണിയിലെ അയ്യപ്പന്‍നായരുടെ കൗശലവും കാറ്റത്തെ കിളിക്കൂടിലെ ഷേക്സ്പിയര്‍ കൃഷ്ണപിള്ളയുടെ വളിച്ച ചിരിയും നമ്മള്‍ നന്നായി ആസ്വദിച്ചു.മാത്രമോ ഓര്‍മ്മയ്ക്കായി എന്ന സിനിമയിലെ ഊമവേഷവും പഞ്ചവടിപ്പാലത്തിലെ പ്രസിഡന്‍റും സന്ധ്യമയങ്ങും നേരത്തിലെ ജഡ്ജിയും......അങ്ങനെ നിരവധി വേഷങ്ങള്‍.ഓരോ വേഷങ്ങളും അഭിനയകലയുടെ ഓരോ സര്‍വകലാശാലാപാഠങ്ങള്‍ തന്നെയായിരുന്നു.കെട്ടിയാടിയ കഥാപാത്രങ്ങളുടെ ആത്മാവ് പോലും ഈ നടന്‍ ഊറ്റിയെടുത്തു നമുക്ക് മുന്നില്‍ വെച്ചു.അന്ന് വരെ സെല്ലുലോയിഡില്‍ ചീകി മിനുക്കി പൌഡറിട്ട് വെച്ച നായകസങ്കല്പങ്ങളെ മാത്രമല്ല മസിലുപിടിച്ചു പൊട്ടിച്ചിരിച്ചു അലറിവിളിക്കുന്ന വില്ലന്‍ ഭാവങ്ങളെയും ഈ നടന്‍ ഒറ്റയ്ക്ക് വലിച്ചുകീറി കളഞ്ഞ് അവിടൊക്കെ പുതിയ അഭിനയനിര്‍വ്വചനങ്ങളുടെ കൊടികുത്തി അടയാളം വെച്ചു.
മലയാളത്തില്‍ മാത്രമല്ല ഹിന്ദിയിലും വേഷം ചെയ്ത് മലയാളത്തിന്‍റെ യശസ്സ് ഉയര്‍ത്തിയ ഈ നടന്‍ ഒരു എഴുത്തുകാരന്‍ എന്ന നിലയിലും സ്വന്തം വിലാസം എഴുതി വെച്ചു.മികച്ച സിനിമപുസ്തകത്തിനുള്ള ദേശീയപുരസ്‌കാരം ലഭിച്ച 'അഭിനയം അനുഭവം'എന്ന പുസ്തകവും മികച്ച നാടകഗ്രന്ഥമായി കേരള സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് ലഭിച്ച 'നാടകനിയോഗം' എന്ന പുസ്തകവും ഭരത്ഗോപിയുടെ പേരില്‍ ഉള്ളതാണ്.ഭരത് അവാര്‍ഡിന് പുറമേ ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ് 5 തവണ നേടിയ ഭരത് ഗോപി അഭിനയത്തോടൊപ്പം ചലച്ചിത്രസംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിട്ടുണ്ട്.കലയുടെ അരങ്ങില്‍ ഇന്നും വെളിച്ചം വീശി നില്‍ക്കുന്ന ഈ മഹാനടന്‍ കാലത്തിന്‍റെ യവനികയില്‍ മറഞ്ഞു.പറയാനും എഴുതാനും ഓര്‍ക്കാനും ഇനിയുമുണ്ട് നമുക്ക് ഈ മഹാപ്രതിഭയെപ്പറ്റി നിറയെ കാര്യങ്ങള്‍.ഈ സ്ഥലപരിധി മതിയാകുന്നില്ല എല്ലാം പറയാന്‍.
1991 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഭരത് ഗോപിക്ക് നമ്മള്‍ എന്ത് പേരിട്ട് വിളിക്കണം.പത്മശ്രീ....ഭരത്....കൊടിയേറ്റം....
എന്ത് വിളിച്ചാലും കൊടിയേറുന്ന ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു.....

എം.എസ്.വിനോദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍

  1. അഭിനയ കുലപതി... ചോക്കലേറ്റ് നായകസങ്കൽപ്പങ്ങൾക്കിടയിൽ സ്വതസിദ്ധമായ അഭിനയശൈലി കൊണ്ട് തൻ്റെ സിംഹാസനമുറപ്പിച്ച നടൻ... നന്നായെഴുതി

    മറുപടിഇല്ലാതാക്കൂ