Ticker

6/recent/ticker-posts

കളീക്കല്‍ സക്കേവൂസ്@അനീഷ്‌ ഫ്രാന്‍സിസ്.

കളീക്കല്‍ സക്കേവൂസ്@അനീഷ്‌ ഫ്രാന്‍സിസ്.
--------------------------------------------------------------------------
ഒരാള്‍ എന്തിനാണ് കഥ എഴുതുന്നത്‌ എന്ന ചോദ്യത്തിന് പ്രശസ്ത സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍നായര്‍ പറഞ്ഞ മറുപടി ശ്രദ്ധിക്കുക.
''ചിലപ്പോള്‍ ചിലത് പറയാന്‍ തോന്നുമ്പോള്‍.....ചില ചോദ്യങ്ങള്‍ നമ്മളെ അസ്വസ്ഥരാക്കുമ്പോള്‍......''
ഈ ചോദ്യങ്ങള്‍ ചിലപ്പോള്‍ അവനവനോട് തന്നെ ആയിരിക്കും.അവനെ തേടിയെത്തുന്ന ചോദ്യങ്ങള്‍ അവന്‍ വായനക്കാരനോടും സമൂഹത്തോടും കാലഘട്ടത്തോടും എന്തിന് പ്രകൃതിയോടും ഈശ്വരനോടുമൊക്കെ പങ്കുവെയ്ക്കും.അങ്ങനെ പോകുന്നു എം.ടി.യുടെ കാഥികന്‍റെ കല എന്ന ലേഖനം.കലയിലേയും സാഹിത്യത്തിലേയും ഏത് രൂപങ്ങള്‍ എടുത്ത് നോക്കിയാലും സാഹിത്യകാരന്‍ അല്ലെങ്കില്‍ കലാകാരന്‍ ചിലത് പറയുകയും,അവനെ അലട്ടുന്ന ചില ചോദ്യങ്ങള്‍ നമ്മളോട് പങ്കിടുകയും ആണെന്ന് നമുക്ക് അറിയാം.
ശ്രീ.അനീഷ്‌ ഫ്രാന്‍സിസ് നീലാംബരിയില്‍ എഴുതിയ 'കളീക്കല്‍ സക്കേവൂസ്' എന്ന ചെറുകഥ വായിക്കുമ്പോള്‍ എം.ടി.നല്‍കിയ ആ ഉത്തരത്തിന്‍റെ വ്യക്തത മനസിലാകും.ഈ കഥയിലൂടെ അനീഷും ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ്.വായനക്കാരോടും അതിലൂടെ ഈ കാലഘട്ടത്തോടും.
പ്ലാന്‍റര്‍ കളീക്കല്‍ വക്കച്ചന്‍,ഭാര്യ ഡോക്ടര്‍ എലിസബത്ത്,അവരുടെ ഏകമകന്‍ ജിയോ എലിസബത്ത് ജോര്‍ജ് എന്നിങ്ങനെ മൂന്ന് പ്രധാന കഥാപാത്രങ്ങള്‍ ആണ് ശ്രീ.അനീഷ്‌ ഫ്രാന്‍സിസിന്‍റെ കഥയില്‍ ഉള്ളത്.ഈ മൂന്ന് കഥാപാത്രങ്ങളും ഈ കാലഘട്ടത്തിലെ മൂന്ന് മനോഭാവങ്ങള്‍ ആണ്.
പാറമടയും സ്വകാര്യബാങ്കും കണ്‍സ്ട്രക്ഷന്‍ കമ്പനിയും ഹോസ്പിറ്റല്‍ ബിസിനസും റബ്ബര്‍ തോട്ടങ്ങളും ഒക്കെയായി സമൂഹത്തില്‍ ഉയര്‍ന്ന നിലവാരമുള്ള ജീവിതം പിന്തുടരുന്ന കഥാപാത്രമാണ് വക്കച്ചന്‍.വക്കച്ചന്‍റെ എല്ലാ ബിസിനസും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമൂഹത്തിലെ സാധാരണക്കാരനെ ബാധിക്കുന്നതും എന്നാല്‍ അവന് ഒരിക്കലും ഒഴിവാക്കാന്‍ കഴിയാത്തതും ആണ്.മല തുരന്ന് പാറ പൊട്ടിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുന്നുണ്ട് വക്കച്ചന്‍.ജനവാസമേഖലയിലെ പാറമട ജനങ്ങള്‍ക്ക്‌ തൊഴില്‍ ഉറപ്പുവരുത്തുന്നു എങ്കിലും അത് സമ്മാനിക്കുന്ന മാരകരോഗങ്ങള്‍ നിരവധിയാണ്.അതില്‍ എന്തിനാണ് ജനം വിഷമിക്കുന്നത്.അതിനുള്ള പ്രതിവിധിയും വക്കച്ചന്‍ കണ്ടിട്ടുണ്ട്.ഉള്ളത് കിടപ്പാടം ആയാലും ഇത്തിരി പൊന്ന് ആയാലും പണയപ്പെടുത്തിയാല്‍ വലിയ പലിശയോടെ തന്നെ ഉടന്‍ പണം വക്കച്ചന്‍റെ ബാങ്ക് തന്നെ കൊടുക്കും.ആ പണവുമായി ചികിത്സയ്ക്ക് എത്തുന്നത് വക്കച്ചന്‍റെ വക ആശുപത്രിയില്‍.വക്കച്ചന്‍ സൃഷ്ടിക്കുന്ന വൃത്തത്തിനുള്ളില്‍ തന്നെയാണ് സമൂഹം എന്ന് കഥ കാണിച്ചുതരുന്നു തുടക്കം മുതല്‍.തോക്കും മരുന്നും ശവപ്പെട്ടിയും ഭക്ഷണവുമെല്ലാം നിര്‍മ്മിക്കുകയും അത് കൂട്ടിവെച്ച് കച്ചവടം ചെയ്യുകയും ചെയ്യുന്ന കോര്‍പറേറ്റ് കച്ചവടഭീമന്മാരുടെ തനിഗുണമുള്ള ഒരു നാടന്‍വിത്താണ് വക്കച്ചന്‍ എന്ന് വായനക്കാരനെ ബോധ്യപ്പെടുത്താന്‍ കഥാകൃത്തിന് കഴിഞ്ഞു.
അയാളുടെ ഭാര്യ എലിസബത്ത്‌ ഈ കാലഘട്ടത്തിന്‍റെ മറ്റൊരു മനോഭാവത്തിന്‍റെ പ്രതിനിധിയാണ്.അവരുടെ മനസ്സ് പൊതുവെ സ്ത്രീസഹജമായ എല്ലാ വഴക്കങ്ങള്‍ക്കും വിട്ടുവീഴ്ചകള്‍ക്കും വിധേയമാണ്.താന്‍ ഒരു ഡോക്ടര്‍ ആയതിനാല്‍ തന്‍റെ മകനും കുറഞ്ഞപക്ഷം ഒരു ഡോക്ടറെങ്കിലും ആകണം എന്ന ലഘുവായ സ്വപ്നം മാത്രമേയുള്ളൂ എലിസബത്തിന്. പൊതുസമൂഹത്തിലെ മറ്റ് പുരോഗമനചിന്തകള്‍ ഒന്നും അവരെ അലട്ടുന്നില്ല.മകന്‍റെ പേരിനൊപ്പം ഭര്‍ത്താവിന്‍റെ പേര് മാത്രം പോര തന്‍റെ പേര് കൂടി വേണം എന്ന നിബന്ധന വെച്ചുകൊണ്ട് സ്ത്രീ-പുരുഷ സമത്വം എന്ന പ്രസ്ഥാനത്തോട് അവര്‍ ഐക്യദാര്‍ഢൃം പ്രഖ്യാപിക്കുന്നു.അവരെ സംബന്ധിച്ചിടത്തോളം തുല്യനീതിക്ക് അതിനപ്പുറം ഒരു സങ്കല്‍പം ഇല്ല എന്ന് അര്‍ത്ഥം.
ഈ ദമ്പതികളുടെ മകന്‍ ജിയോ നമ്മള്‍ ജീവിക്കുന്ന കാലത്തിലെ കൗമാരത്തിന്‍റെ നേര്‍ചിത്രമാണ്.താന്‍ ആരായിത്തീരണം എന്ന മാതാപിതാക്കളുടെ മത്സരത്തിനെ നിര്‍വ്വികാരമായ ഒരു പുഞ്ചിരിയോടെ നേരിടുന്ന ജിയോ പുതിയ തലമുറയുടെ രസമുകുളങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന കഥാപാത്രമാണ്.സ്വന്തം താല്പര്യങ്ങള്‍ക്ക് ഒരു പ്രസക്തിയും ഇല്ല എന്ന് വിശ്വസിക്കുകയും വര്‍ണ്ണങ്ങളുടെയും സങ്കല്‍പ്പങ്ങളുടെയും ലോകത്ത് ജീവിക്കുകയും ചെയ്യുന്ന ഇന്നത്തെ യുവതലമുറയുടെ പ്രതിനിധിയാണ് ജിയോ.
കഥാപാത്രങ്ങളിലൂടെ കഥയുടെ കളിസ്ഥലം ഒരുക്കിവെക്കുന്ന കഥാകൃത്ത്‌ നിരവധി കാലികബിംബങ്ങളെ അടുക്കിപ്പെറുക്കി യഥാസ്ഥാനങ്ങളില്‍ കൃത്യമായി വെച്ചിട്ടുണ്ട്.ഇനി വേണ്ടത് ഒരു വഴിത്തിരിവ് ആണ്.വക്കച്ചന്‍ പാറ തുരന്നെടുത്ത സ്ഥലത്തെ വലിയ പാറക്കുളവും അതിലെ നീലജലവും ജിയോയെ ആകര്‍ഷിക്കുന്നത് ഒരു നാടകീയതയും ഇല്ലാത്ത കഥാഗതിയോടെ ആണ്.എന്നാല്‍ അതേ പാറക്കുളത്തില്‍ അവിചാരിതമായി കാല്‍തെന്നി വീണ് ജിയോ മരിക്കുന്നതോടെ കഥയ്ക്ക്‌ ഒരു പ്രധാന വഴിത്തിരിവും നാടകീയതയും ഉണ്ടാകുന്നു.
ഈ ഒന്നാം അങ്കം ഒന്ന് വിലയിരുത്തുമ്പോള്‍ കഥാകൃത്ത്‌ ബുദ്ധിപരമായി ഉപയോഗിച്ച ചില കഥാബിംബങ്ങളെ വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവരാതെ മുന്നോട്ട് പോകാന്‍ കഴിയില്ല.അതില്‍ പ്രധാനമായത് ആ പാറക്കുളം തന്നെയാണ്.മറ്റ് കഥാപാത്രങ്ങളോടൊപ്പം ആ കുളവും കഥയിലെ ഒരു പ്രധാന കഥാപാത്രമാണ്.പണത്തോടുള്ള അല്ലെങ്കില്‍ പദവികളോടുള്ള വക്കച്ചന്‍റെ ആര്‍ത്തിയുടെ ഫലമാണ് ആ കുളം.അത് ജിയോയെ ആകര്‍ഷിക്കുന്നു എങ്കില്‍ കഥാകാരന്‍ ലക്ഷ്യബോധത്തോടെ ഒരു സന്ദേശം അവിടെ രൂപപ്പെടുത്തുന്നുണ്ട്.ആ കുളത്തിലെ നീലജലവും അതിലെ തിലോപ്പിയ മത്സ്യങ്ങളും വായനക്കാരനെ ചിന്തയുടെ പല വഴികളിലൂടെ കൊണ്ടുപോകുന്നുണ്ട്‌.നീലനിറത്തിന്‍റെ മാസ്മരികതയിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങി സ്വയം ഒളിക്കാനുള്ള യുവതലമുറയുടെ പ്രവണത വായനക്കാരനെ ബോധ്യപ്പെടുത്തുന്നു.''ഒഴുകാന്‍ ആഗ്രഹിക്കുന്നു എങ്കിലും തടഞ്ഞുനിര്‍‍ത്തപ്പെട്ട നീലജലം....''എന്ന ഒറ്റ വരിയിലൂടെ ഒരു തലമുറയുടെ മുഴുവന്‍ ശീലങ്ങളും രൂപങ്ങളും കഥാകൃത്ത്‌ മുക്കി വെച്ചു.സ്വയം ഒരു ബലിക്ക് മാത്രം വിധിക്കപ്പെട്ട മത്സ്യങ്ങളുടെ താവളമായി പാറക്കുളങ്ങള്‍ സൃഷ്ടിക്കുന്ന വക്കച്ചന്മാര്‍ ഒരു നിമിഷം എങ്കിലും അവര്‍ കുഴിക്കുന്ന കുഴികളില്‍ വീഴുന്ന കുഞ്ഞുങ്ങളെ ഓര്‍ക്കണം എന്ന് കഥാകൃത്ത്‌ ആഗ്രഹിക്കുന്നു എന്ന് വ്യക്തം.ജിയോയുടെ മരണത്തോടെ കളരിക്കല്‍ തറവാട്ടില്‍ ഒരു അംഗത്തിന്‍റെ കുറവുണ്ടായി എന്ന് എടുത്തുപറയുന്നതിലൂടെ കഥാകൃത്ത്‌ സത്യത്തില്‍ ഉദ്ദേശിക്കുന്നത് വക്കച്ചന്‍റെയും എലിസബത്തിന്‍റെയും മരണവും അവരുടെ മനോഭാവങ്ങളുടെ അവസാനവും ആണ് എന്നതാണ് സത്യം.അവിടെയാണ് സക്കേവൂസ് എന്ന കഥാപാത്രത്തിന്‍റെ ജനനവും.
ബൈബിള്‍ കഥയിലെ സക്കേവൂസ് എന്ന ധനികനും ചുങ്കകാരനുമായ കഥാപാത്രത്തിന്‍റെ മാനസാന്തരകഥയിലേക്ക്‌ വക്കച്ചനെ സുന്ദരമായി അനീഷ്‌ ചേര്‍ത്ത് നിര്‍ത്തി.യേശുവിനെ നേരില്‍ കാണുക വഴി ജീവിതം ആകെ മാറി മറിഞ്ഞ സക്കേവൂസിനെപ്പോലെ ജിയോയുടെ മരണശേഷം വക്കച്ചനും ആകെ മാറി.'കര്‍ത്താവിന്‍റെ ദൃഷ്ടികള്‍ എല്ലായിടത്തും പതിയുന്നു....' എന്ന മഹത്തായ വചനം കാതലാക്കി മറ്റൊരു കഥപോലെ കഥ തുടരുകയാണ് അനീഷ്‌ അവിടെനിന്നും ആദ്യം മുതല്‍.
കഥയുടെ രണ്ടാം ഭാഗം ഇവിടം മുതല്‍ തന്നെ വായനക്കാരന്‍ കുറച്ചൊക്കെ തിരിച്ചറിയുന്നുണ്ട് എന്നത് ഒരു ന്യൂനത അല്ല.തന്നിലേക്ക് ഈ സമൂഹം അടിച്ചേല്‍പ്പിച്ച ചോദ്യങ്ങള്‍ക്ക് വായനക്കാരന്‍ കൂടി ഉത്തരം കണ്ടെത്തട്ടെ എന്ന തന്ത്രം അനീഷ്‌ ഈ കഥയുടെ രചനയില്‍ സ്വീകരിച്ചിട്ടുണ്ട്.സാരോപദേശകഥകളുടെ സങ്കേതത്തില്‍ നിന്നുകൊണ്ട് കര്‍ത്താവിനെയും ഒരു പത്രോസിനേയും ചേര്‍ത്ത് വെച്ച് സുന്ദരമായ ഒരു 'വിഷ്കംഭം' ഒരുക്കിക്കൊണ്ട് വ്യത്യസ്തമായ അവതരണത്തിലൂടെ തന്‍റെ മുഴുവന്‍ ചോദ്യങ്ങളും വായനക്കാരനെ പിടിച്ചിരുത്തി പറഞ്ഞു കേള്‍പ്പിക്കുകയാണ് അനീഷ്‌ ചെയ്യുന്നത്.
ഈ കഥയില്‍ യുക്തിക്ക് നിരക്കാത്ത ഒന്നും തന്നെയില്ല.അത് ഉണ്ടാകരുത് എന്ന പൂര്‍ണ്ണനിര്‍ബന്ധവും രചനയുടെ തുടക്കം മുതല്‍ അനീഷ്‌ നിലനിര്‍ത്തുന്നുണ്ട്.ഒരിടത്ത് പോലും കഥാകാരന്‍ തന്‍റെ ശക്തിയും കൗശലവും വായനക്കാരില്‍ അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്നില്ല.എഴുത്തില്‍ മറ്റ് രചനകളില്‍ നിന്നും വ്യത്യസ്തമായ ഉദ്ദേശശുദ്ധിയും കൂടുതല്‍ ഭാഷാവൃത്തിയും അനീഷ്‌ പ്രകടിപ്പിക്കുന്നത് ഈ വിഷയത്തോടുള്ള കഥാകൃത്തിന്‍റെ പ്രതിബദ്ധത കാണിച്ചുതരുന്നു.മകനെ ഒരു എന്‍ജിനീയര്‍ ആക്കണമെന്ന വക്കച്ചന്‍റെ ആഗ്രഹത്തിലെ 'റോബോട്ടിക് സര്‍ജറി'യുടെ പരാമര്‍ശത്തിലൂടെ വൈദ്യശാസ്ത്രക്കച്ചവടതന്ത്രങ്ങളെ ഒന്ന് പരിഹസിക്കാനും വിവരസാങ്കേതികവിദ്യയുടെ ദുരുപയോഗങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ദുരന്തങ്ങളെ ഓര്‍മ്മിപ്പിക്കാനും യുവതലമുറയുടെ വ്യക്തവും നിശ്ചയവും ഇല്ലാത്ത യാന്ത്രികഭാവങ്ങള്‍ തുറന്നു കാണിക്കാനും കഥയിലൂടെ കഴിയുന്നുണ്ട്.
കഥയുടെ അവസാനത്തില്‍ വിഷയത്തെ ഒന്ന് തെളിയിച്ചു കൊണ്ടുവരാന്‍ അഭിനയത്തെക്കുറിച്ച് കര്‍ത്താവ് പത്രോസിനോട് പറയുന്ന ചെറിയ ഫലിതത്തില്‍ പോലും സാമൂഹ്യജീവിതത്തിലെ ആത്മീയതയേയും ഭൗതികവികാരങ്ങളെയും കളിയാക്കി തൊടുത്ത് വിട്ട ഒരു മൂര്‍ച്ചയുള്ള അസ്ത്രമുണ്ട്.എലിസബത്തിന്‍റെ കഥാപാത്രത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ അവരിലെ മാതൃത്വത്തെ ഉയര്‍ത്തിപ്പിടിക്കാനും അതിന്‍റെ ശക്തിയും സൗന്ദര്യവും അല്പം പോലും കുറച്ചു കാണിക്കാതെ അത് അവരില്‍ ഒരു പ്രകാശമായി കൊളുത്തി വെച്ച് അവരെ കഥയുടെ അവസാനത്തില്‍ പത്രോസിന്‍റെ പടിവാതിലില്‍ കൃത്യസമയത്ത് എത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.മാതൃത്വത്തിന്‍റെ മൂല്യങ്ങളിലൂടെ സ്ത്രീത്വത്തിന്‍റെ മൂല്യങ്ങളും പകര്‍ന്ന് നല്കാന്‍ കഥ ശ്രമിക്കുന്നു.ദുരന്തത്തെ നേരിടാന്‍ വക്കച്ചനും എലിസബത്തും തുടക്കത്തില്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ വ്യത്യസ്തമാണ്.വക്കച്ചന്‍ മദ്യത്തിന് അടിമയാകുന്നതും എലിസബത്ത് ആത്മീയകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും കാണാം.എന്നാല്‍ ഈ രണ്ടിനെയും പൂര്‍ണ്ണമായും നിരാകരിച്ചുകൊണ്ട്‌ ശരിയായ കര്‍മ്മം എന്താണ് എന്ന തിരിച്ചറിവാണ് കഥയുടെ സന്ദേശം.
മനുഷ്യനെ സ്വയം തിന്നുതീര്‍ക്കുന്ന വികലമായ മനോഭാവങ്ങളെ പുതിയ കാലത്തിന്‍റെ ക്യാന്‍സര്‍ ആണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടാണ് കഥ അവസാനിക്കുന്നത്‌.അതിനുള്ള ചികിത്സയും കഥയുടെ സന്ദേശത്തില്‍ ഉണ്ട്.പിതാവ്-പുത്രന്‍-പരിശുദ്ധാത്മാവ് എന്ന ക്രൈസ്തവപ്രമാണത്തെ വിശ്വാസത്തിലെടുക്കുകയും അതിനെ വ്യത്യസ്തമായ ഒരു വീക്ഷണത്തിലൂടെ സമീപിക്കുകയും ചെയ്തുകൊണ്ട് ശരിയായ കര്‍മ്മത്തിനുള്ള വഴി തുറന്നിടുന്ന ഈ കഥയുടെ വഴികള്‍ വായനക്കാരന്‍റെ മനസ്സില്‍ കുറേക്കാലം കയറിയും ഇറങ്ങിയും മായാതെ കിടക്കും എന്നത് ഉറപ്പാണ്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍