Ticker

6/recent/ticker-posts

മുഖക്കുറിയുടെ ഇരുനൂറാം ലക്കം....

മുഖക്കുറിയുടെ ഇരുനൂറാം ലക്കം....
സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷങ്ങള്‍.....വായനക്കാരും എഴുത്തുകാരും നല്‍കുന്ന പ്രോത്സാഹനത്തിന് മുഖപുസ്തകത്തിന്റെ പേരില്‍ സ്നേഹം അറിയിക്കട്ടെ......

ഇന്നത്തെ മുഖക്കുറി ലാറി കോളിന്‍സ് എന്ന ഒരു വിദേശചരിത്രകാരനെക്കുറിച്ചാണ്.വിദേശി ആണെങ്കിലും അദ്ദേഹം ഇന്ത്യക്ക് വളരെ പ്രിയപ്പെട്ടവന്‍ ആണ്.പേര് കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാകും എന്ന് ഞാന്‍ കരുതുന്നു.അതെ......വിവാദം സൃഷ്ടിച്ച ''സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍'' എന്ന പുസ്തകം എഴുതിയ ആള്‍ തന്നെ.ഈ പുസ്തകം വായിച്ചിട്ടില്ലാത്തവര്‍ ചുരുക്കമാണ്.കാരണം ലോകത്തില്‍ മുഴുവന്‍ ഉള്ള ബെസ്റ്റ് സെല്ലര്‍ ലിസ്റ്റ് എടുത്താല്‍ അതില്‍ ആദ്യത്തെ പത്ത് പുസ്തകങ്ങളില്‍ Freedom at midnight എന്ന പുസ്തകം ഉണ്ട്.അതിന്‍റെ മലയാള പരിഭാഷയാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. ഡൊമിനിക് ലാപിയര്‍ എന്ന ഫ്രഞ്ചുകാരനെക്കൂടി കൂട്ടുപിടിച്ചാണ് ലാറി കോളിന്‍സ് ഈ പുസ്തകം എഴുതിയത്.

1929 ല്‍ അമേരിക്കയില്‍ ജനിച്ച ലാറി കോളിന്‍സ് ആരംഭത്തില്‍ പ്രോക്റ്റർ ആൻഡ് ഗാംബ്ൾ എന്ന കമ്പനിയുടെ പരസ്യവിഭാഗത്തിൽ കുറച്ചുകാലം ജോലി ചെയ്തു.നമുക്ക് വളരെ സുപരിചിതമായ പേര് ആണല്ലോ പ്രോക്റ്റർ ആൻഡ് ഗാംബ്ൾ. ഉപ്പുമുതല്‍ കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ നമ്മുടെ മുന്നില്‍ അമേരിക്ക എത്തിക്കുന്നത് പ്രോക്റ്റർ ആൻഡ് ഗാംബ്ൾ എന്ന കമ്പനിയുടെ സഹായത്തോടെ ആണ്.അവിടെനിന്നും അമേരിക്കന്‍ സൈന്യത്തിലും തുടര്‍ന്ന് സഖ്യകക്ഷികളുടെ പാരീസ് കാര്യാലയത്തിലും ജോലി ചെയ്ത ലാറി കോളിന്‍സ് ഇതിനിടയില്‍ ഫ്രഞ്ചുകാരനായ ഡൊമിനിക് ലാപിയരെ കണ്ടുമുട്ടി.എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഡൊമിനിക് ലാപിയര്‍ക്ക് തന്‍റെ അഭിരുചിയോട് ഒപ്പം നില്‍ക്കുന്ന സമാനചിന്താഗതിക്കാരനായ ലാറി കോളിന്‍സിന്‍റെ കൂടെ കൂടുന്നതില്‍ ഒരു മടിയും ഉണ്ടായില്ല.നമ്മുടെ സിനിമയിലെ സിദ്ധിക്ക്-ലാല്‍ കൂട്ടുകെട്ട് പോലെ ഇരുവരും ചേര്‍ന്ന് പുസ്തകങ്ങള്‍ എഴുതാന്‍ തീരുമാനിച്ചു. ഒന്നുംരണ്ടുമല്ല ഏതാണ്ട് നാല്പത്തിയഞ്ച് വര്‍ഷക്കാലം അവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. നിരവധി പുസ്തകങ്ങള്‍ അവര്‍ ഒരുമിച്ച് എഴുതിക്കൂട്ടി.അതില്‍ ''ഈസ് പാരീസ് ബേണിംഗ്'' നിരവധി തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.''സിറ്റി ഓഫ് ജോയ്'' എന്ന പുസ്തകം വായനക്കാരെ വല്ലാതെ ആകര്‍ഷിക്കുകയും അത് പിന്നീട് ചലച്ചിത്രം ആകുകയും ചെയ്തു.''ഓ...ജെറുസലേം'' എന്ന പുസ്തകത്തെപ്പറ്റി ചിലരെങ്കിലും കേട്ടിരിക്കും എന്ന് കരുതുന്നു.അതും എഴുതിയത് ഈ കൂട്ടുകെട്ടാണ്.''മൌണ്ട്ബാറ്റണ്‍ ആന്‍ഡ് ദി
പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ'',''ഓര്‍ ഐ വില്‍ ഡ്രസ്സ്‌ യു ഇന്‍ മോര്‍ണിംഗ്'' എന്നിവയും വളരെയധികം വായിക്കപ്പെട്ട പുസ്തകങ്ങള്‍ ആണ്.2005 ല്‍ പുറത്തിറങ്ങിയ ''ഈസ് ന്യൂയോര്‍ക്ക്‌ ബേര്‍ണിംഗ്'' ആണ് ഇവര്‍ ഒരുമിച്ച് എഴുതിയ അവസാനത്തെ പുസ്തകം.ആ പുസ്തകം പുറത്തിറങ്ങിയ വര്‍ഷം ജൂണ്‍ 20 ന് ലാറി കോളിന്‍സ് ഈ ലോകത്തോട്‌ വിടപറഞ്ഞു.ഒപ്പം ഉണ്ടായിരുന്ന ഡൊമിനിക് ലാപ്പിയര്‍ തുടര്‍ന്നും എഴുതുകയും തന്‍റെ പുസ്തകങ്ങളില്‍ നിന്നുള്ള വരുമാനം ഇന്ത്യയിലെ,പ്രത്യേകിച്ചും കല്‍ക്കട്ടയിലെ അനാഥക്കുട്ടികള്‍ക്കായി ചിലവാക്കുകയും ചെയ്തു.ഡൊമിനിക് ലാപിയറിന് ഇന്ത്യ പത്മഭൂഷന്‍ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്.അത് ഈ പുസ്തകത്തിന്‍റെ പേരിലല്ല എന്നത് ശ്രദ്ധിക്കണം.ഭോപ്പാല്‍ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസപ്രവര്‍ത്തങ്ങളില്‍ അന്ന് അദ്ദേഹം സജീവം ആയിരുന്നു.

1947 ജനുവരി മുതല്‍ 1948 ജനുവരി വരെയുള്ള ഇന്ത്യയുടെ കഥയാണ് സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍ എന്ന പുസ്തകത്തിലൂടെ ലാറി കോളിന്‍സും ഡൊമിനിക് ലാപിയറും ചേര്‍ന്ന് അവതരിപ്പിക്കുന്നത്‌.ഇന്ത്യയുടെ സ്വാതന്ത്യത്തെക്കുറിച്ച് നിരവധി പുസ്തകങ്ങളും സമാനരേഖകളും ഉണ്ടായിട്ടുണ്ട് എങ്കിലും അതില്‍ നിന്നും ഒക്കെ വ്യത്യസ്തമായ ഒരു അനുഭവമാണ്‌ ഈ പുസ്തകം നമുക്ക് തരുന്നത്. അതുകൊണ്ടുതന്നെ പുസ്തകം പുറത്തിറങ്ങിയപ്പോള്‍ വലിയ ഒച്ചപ്പാടും ബഹളവും ഇന്ത്യയില്‍ ഉണ്ടായി. സ്വാതന്ത്യസമരത്തില്‍ പങ്കെടുത്ത പ്രമുഖരായ ആളുകള്‍ക്ക് പോലും മനസിലാകാതിരുന്ന നിരവധി നാടകീയസംഭവങ്ങള്‍ ഈ രണ്ട് ചരിത്രകാരന്മാരും ചേര്‍ന്ന് ചികഞ്ഞ് പുറത്തുകൊണ്ടുവന്നു.
മൌണ്ട്ബാറ്റണ്‍,മഹാത്മാഗാന്ധി എന്നിവരെ കേന്ദ്രീകരിച്ചാണ് പുസ്തകം നില്‍ക്കുന്നത് എങ്കിലും അന്നത്തെ പ്രശസ്തരായ മിക്കവാറും എല്ലാവരുടെയും അപൂര്‍വ്വമായ രേഖാചിത്രം ഈ പുസ്തകത്തില്‍ ഉണ്ട്.മൂന്ന് വര്‍ഷത്തെ നിരന്തരമായ ഗവേഷണപഠനങ്ങളും യാത്രകളും വേണ്ടിവന്നു ഈ പുസ്തകം തയാറാക്കാന്‍. ആയിരത്തിലധികം ആളുകളെ നേരില്‍കണ്ട് പുസ്തകത്തിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു.കൈബര്‍ ചുരം മുതല്‍ മദ്രാസ് വരെയും കല്‍ക്കട്ട മുതല്‍ പോര്‍ബന്തര്‍ വരെയും 6000 ല്‍ അധികം കിലോമീറ്റര്‍ യാത്ര ചെയ്താണ് ഈ പുസ്തകം പൂര്‍ണ്ണമാക്കിയത്.പുസ്തകം പുറത്തിറങ്ങിയപ്പോള്‍ വെറുമൊരു രാഷ്ട്രീയചരിത്രം മാത്രമല്ല ഇന്ത്യയുടെ ഭൂമിശാസ്ത്രവും മതവും സംസ്കാരവും ഭാഷകളും വര്‍ഗ്ഗങ്ങളും വേഷവും ആചാരവും എല്ലാം കൂടിച്ചേര്‍ന്ന ഒരു സമഗ്രമായ പഠനഗ്രന്ഥമായി അത് മാറി.സ്വാതന്ത്യത്തിന്‍റെ പിന്നാമ്പുറങ്ങളില്‍ നടന്ന രസകരവും നാടകീയവുമായ നിരവധി കാര്യങ്ങള്‍ ലാറി കോളിന്‍സ് ഓരോന്നായി എടുത്ത്പു റത്തിട്ടു.ഗാന്ധിയുടെ വധവും അഭയാര്‍ത്ഥികളുടെ പാലായനവും കൂട്ടക്കൊലയും എന്തിനേറെ ചതിയുടെയും കൂട്ടിക്കൊടുപ്പിന്റെയും നിരവധി ഉദാഹരണങ്ങള്‍ പുസ്തകം വെളിച്ചത്ത് കൊണ്ടുവന്നു.

ജവര്‍ഹര്‍ലാല്‍ നെഹ്രുവിന്‍റെ പ്രണയവും,ജിന്നയുടെ അവസാനം വരെ വെളിപ്പെടുത്താത്ത രോഗവും മാത്രമല്ല ആറ്റ്ലി,ചര്‍ച്ചില്‍,എഡ്വിനമൌണ്ട്ബാറ്റന്‍,പട്ടേല്‍,വി.പി.മേനോന്‍ തുടങ്ങിയ ചരിത്രം സൃഷ്ടിച്ച പലരുടെയും ജീവചരിത്രങ്ങള്‍ വരെ ഇതിലൂടെ വളരെ സുന്ദരമായി അവതരിപ്പിക്കപ്പെട്ടു. ഗാന്ധിവധത്തിലെ പ്രതികളുമായി നേരിട്ട് അഭിമുഖം നടത്തിയ വിവരങ്ങള്‍ ഈ പുസ്തകത്തില്‍ ഉണ്ട്.ഗാന്ധിവധത്തിന്‍റെ ഗൂഢാലോചന പൂര്‍ണ്ണമായും തെളിയിക്കുന്ന എല്ലാ രേഖകളും പുസ്തകം വിശദീകരിക്കുന്നുണ്ട്.ചില വെളിപ്പെടുത്തലുകള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ മാത്രമല്ല കാഴ്ചക്കാരും സത്യത്തില്‍ പ്രതികളാണ് എന്ന സൂചന നല്‍കുന്നു‍.ഗാന്ധി വധക്കേസില്‍ തടവുശിക്ഷ മാത്രം ലഭിച്ച് പുറത്തിറങ്ങിയ പ്രതികളെ മുഴുവന്‍ കണ്ടുപിടിച്ച് അവരുമായി വിപുലമായ അഭിമുഖങ്ങള്‍ നടത്തിയാണ് പുസ്തകം തയാറാക്കിയത്.ഗാന്ധിജിക്ക് നേരെ രണ്ടുതവണ വധശ്രമം നടന്ന സ്ഥലങ്ങള്‍ അവരോടൊപ്പം സന്ദര്‍ശിച്ചു.വെടിവെക്കാന്‍ പരിശീലനം നടത്തിയ വനത്തില്‍ പോലും പ്രതികളോടൊപ്പം ലാറിയും ഡൊമിനിക്കും പോയി.ബിര്‍ളാ ഹൗസ് മൈതാനത്ത് വധശ്രമം പോലും പ്രതികള്‍ പുനരാവിഷ്കരിച്ചു കാണിച്ചുകൊടുത്തു എന്ന് ഈ ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നു.അത്തരത്തില്‍ പുസ്തകം മുന്നോട്ടുവെക്കുന്ന വിഷയങ്ങളില്‍ ആധികാരിക ഉണ്ടെന്ന് സമര്‍ത്ഥിക്കാന്‍ ഈ ചരിത്രകാരന്മാര്‍ ശ്രമിക്കുന്നുണ്ട്.അനേകം ഔദ്യോഗികരേഖകളും ഡയറിക്കുറിപ്പുകളും പത്രക്കുറിപ്പുകളും ഇന്ത്യയെക്കുറിച്ചും ഇന്ത്യാവിഭജനകാലഘട്ടത്തെക്കുറിച്ചും എഴുതപ്പെട്ട നൂറുകണക്കിന് ഗ്രന്ഥങ്ങളും പഠിച്ചതിന് ശേഷമാണ് അവര്‍ ഈ പുസ്തകം എഴുതിയത്.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വിഭജനവുമായി ബന്ധപ്പെട്ട് നടന്ന കലാപങ്ങളിൽ മനം മടുക്കുകയും,അത് കൈകാര്യം ചെയ്യുന്നതിൽ പരാജിതനായെന്ന് മനസ്സിലാക്കുകയും ചെയ്ത ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു,മൗണ്ട് ബാറ്റൺ പ്രഭുവിനോട് "ദയവ് ചെയ്ത് സ്വാതന്ത്ര്യം തിരിച്ചെടുക്കുക,ഇല്ലെങ്കിൽ ഇന്ത്യ തന്നെ ഇല്ലാതാകും" എന്നു പറഞ്ഞ സംഭവം ഒരു ചരിത്രരേഖകളിലും രേഖപ്പെട്ടിട്ടില്ല.ഇന്ത്യൻ സ്വാതന്ത്ര്യമുമായി ബന്ധപ്പെട്ട ഇത്തരം പല ചരിത്രസംഭവങ്ങളും നമുക്ക് വിവരിച്ചു തരുന്ന പുസ്തകമാണ് ഇത്.

അടിമുടി നാടകീയത നിലനിര്‍ത്തിക്കൊണ്ട് ഒരു നോവല്‍ വായിക്കുന്ന സുഖത്തോടെ വായിച്ചുതീര്‍ക്കാം എന്നതാണ് എഴുത്തിന്‍റെ മേന്മ.നിരവധി വിമര്‍ശങ്ങളും ഭിന്നാഭിപ്രായങ്ങളും ഈ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. വിമര്‍ശിക്കുന്നവര്‍പോലും സമ്മതിക്കുന്നുണ്ട് ഈ പുസ്തകം വായിക്കപ്പെടേണ്ടത് തന്നെ എന്ന്.അതുകൊണ്ടാണല്ലോ മലയാളത്തില്‍ മാത്രം ഇതിന് മുപ്പതിലധികം പതിപ്പുകളില്‍ ഏതാണ്ട് ഒരു ലക്ഷത്തിലധികം പ്രതികള്‍ അച്ചടിക്കേണ്ടിവന്നത്.ഇന്ത്യയുടെ സ്വാതന്ത്യസമരചരിത്രം രണ്ട് വിദേശികള്‍ ചേര്‍ന്ന് എഴുതി സമര്‍ത്ഥമായി അവതരിപ്പിച്ചു എന്നതിനപ്പുറം വലിയ മേന്മയൊന്നും ഇതിനില്ല എന്ന് പറയാന്‍ ശ്രമിക്കുന്നവരെ ഈ പുസ്തകം
നന്നായി പ്രകോപിപ്പിച്ചു എന്ന് പറയാതെവയ്യ.ചരിത്രപഠിതാക്കള്‍ക്ക് ഒരു നല്ല റെഫറന്‍സ് ഗ്രന്ഥം എന്ന നിലയില്‍ സ്വീകരിക്കാവുന്ന രേഖയാണ് ഇത്.

ഇന്ത്യയുടെ തോഴിയായ എഡ്വിന മൌണ്ട്ബാറ്റണ്‍ 1960 ല്‍ മരിക്കുമ്പോള്‍ അവരുടെ ആഗ്രഹം അനുസരിച്ച് മൃതദേഹം കടലില്‍ ഒഴുക്കുകയാണ് ചെയ്തത്.അവരോടുള്ള ആദരസൂചകമായി ഇന്ത്യയുടെ ത്രിശൂല്‍ എന്ന പടക്കപ്പല്‍ അതിന് അകമ്പടിയായി പോയിരുന്നു.നെഹ്രുവിന്‍റെ ചിതാഭസ്മം ഇന്ത്യയിലെ കൃഷിയിടങ്ങളില്‍ വിതറിയപ്പോള്‍ ഈ സമാനത അവരുടെ മനസ്സുകളുടെ സമാനതയായി നമുക്ക് തോന്നുന്നതില്‍ തെറ്റ് ഇല്ല.ഇത്തരത്തില്‍ നിരവധി വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ ഈ പുസ്തകം നമുക്ക് സമ്മാനിക്കുന്നുണ്ട്.

ചരിത്രവും രാഷ്ട്രീയവും ഇഷ്ടപ്പെടുന്ന ഏതൊരു വായനക്കാരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍.എന്‍റെ ഇതുവരെയുള്ള വായനയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം എന്ന നിലയില്‍ ആ പുസ്തകം സമ്മാനിച്ച ലാറി കോളിന്‍സ് എന്ന ചരിത്രകാരന്‍റെ ഓര്‍മ്മദിവസമായ ഇന്ന് ഈ മുഖക്കുറിയിലൂടെ ആ മഹത്തായ ദൗത്യത്തെ നമിക്കുന്നു......

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍