''അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്......''
---------------------------
ഒരു പണിയും ഇല്ലാതെ വീട്ടില്‍ കുത്തിയിരുന്നപ്പോഴാണ് സിനിമാക്കാരനായ എന്‍റെ സുഹൃത്ത് ശ്രീ.സഹീര്‍ മങ്ങാട്ട് എന്നോട് പറഞ്ഞത് നിനക്ക്
പഴയപോലെ എന്തെങ്കിലുമൊന്ന് എഴുതിക്കൂടെ എന്ന്.കഥയും കവിതയുമൊന്നും ഇപ്പോള്‍ അത്ര വഴക്കം ഇല്ലാത്തതുകൊണ്ടും,അതൊക്കെ എന്നേക്കാള്‍
വൃത്തിയായി മറ്റ് ആമ്പിള്ളേര്‍ എഴുതുന്നതുകൊണ്ടും ഞാന്‍ മൌനം പൂണ്ടു.അപ്പോഴാണ് എന്‍റെ സന്തതസഹചാരിയും കൂട്ടിരുപ്പുകാരനുമായ
ശിവന്‍കുട്ടി ഒരു ഉപാധി മുന്നോട്ടുവെച്ചത്.ഈ മഹാനായ ശിവന്‍കുട്ടിയ്ക്കും എന്നെപ്പോലെ വല്യ പണിയൊന്നുമില്ല.
''അണ്ണന്‍ ഒരു ആസ്വാദനം എഴുതു....അണ്ണന് എല്ലാം ആസ്വദിക്കാന്‍ അല്ലെ താല്പര്യം ഇപ്പോള്‍...''
വെറുതെ പറഞ്ഞതാണെങ്കിലും അവന്‍ പറഞ്ഞത് എന്‍റെ മനസ്സില്‍ കൊണ്ടു.അന്നുതന്നെ ഇന്നത്തെ പുതിയ സിനിമ കാണാന്‍ അവനോടൊപ്പം
പുറപ്പെട്ടു.
നഗരമദ്ധ്യത്തില്‍വെച്ച് പ്രമുഖയായ ഒരു നടി ആക്രമിക്കപ്പെടുന്നു.നടിയുടെ പരാതിയില്‍ പോലീസ് വളരെ സാഹസികമായി പ്രതിയെ പിന്നീട്
ഓടിച്ചിട്ടുപിടിക്കുന്നു.അതും കോടതിക്കുള്ളില്‍ വെച്ച്.പ്രതി കുറ്റം സമ്മതിക്കുന്നു.നടിക്കും പ്രതിക്കും പോലീസിനും കോടതിക്കുമെല്ലാം ആശ്വാസം.
ഇടവേളവരെ കണ്ട് ഞാനും ശിവന്‍കുട്ടിയും ചായയും പരിപ്പുവടയും കഴിച്ചു.ഇടവേള കഴിഞ്ഞ് കണ്ട രംഗങ്ങള്‍ ശിവന്‍കുട്ടിയുടെ ഭാഷയില്‍
പറഞ്ഞാല്‍ 'കിടു'.പ്രതികള്‍ മാറി,രംഗങ്ങള്‍ മാറി,ഇരകള്‍ മാറി,വിചാരണകള്‍ മാറി......സംഘര്‍ഷം നിറഞ്ഞുനിന്ന രണ്ടാം പകുതിയും അവസാനിച്ചു.
സിനിമ കണ്ട് ചിലരൊക്കെ ചിരിച്ചു.ചിലര്‍ തലക്കടിച്ചു.മൂക്കത്ത് വിരല്‍ വെച്ചവരും ഉണ്ട്.ഇപ്പോള്‍ കോടികളുടെ കിലുക്കം മാത്രമുള്ള മലയാള
സിനിമയിലെ ഒരുകോടി ക്ലബിലേക്ക് ഒരു ചലച്ചിത്രകാവ്യം കൂടിയെന്ന് വിമര്‍ശകര്‍പോലും വിലയിരുത്തുന്ന സിനിമ.
കഥ നന്നായിരിക്കുന്നു.തിരക്കഥയില്‍ അല്ലറചില്ലറ പാളിച്ചകള്‍ ഉണ്ടായിരുന്നു.വേഷങ്ങള്‍ അവതരിപ്പിച്ച നടീ-നടന്മാര്‍ പൂര്‍ണ്ണമായും കഥാപാത്രങ്ങളോട്
നീതി പുലര്‍ത്തി.ക്യാമറയും പശ്ചാത്തലസംഗീതവും സംഘട്ടനരംഗങ്ങളും നല്ല നിലവാരം പുലര്‍ത്തി.ആകെമൊത്തം നോക്കുമ്പോള്‍ ഒരുകോടിയല്ല
ഒരു ഒന്നരക്കോടിക്കുള്ള മുതലുണ്ട്.
ശിവന്‍കുട്ടി പറഞ്ഞപോലെ ഒരു ആസ്വാദനം എഴുതി വിടാം.അതിന് പ്രത്വേകിച്ചു വലിയ പണിയൊന്നും വേണ്ടല്ലോ.കൊഴിമുട്ടയെപ്പറ്റിപോലും
ആസ്വാദനം ആര്‍ക്കും എഴുതാം,വിമര്‍ശിക്കാം,എന്നാല്‍ 'ഒരു മുട്ട ഇട്ട് കാണിക്കൂ' എന്ന് ആരും പറയില്ലല്ലോ.
ഏറെ പുതുമയുള്ളതും എന്നാല്‍ മലയാളത്തിലെന്നല്ല ഹോളിവുഡില്‍ പോലും ഇതിനുമുന്‍പ് കണ്ട് പരിചയം ഇല്ലാത്തതുമായ ഒരു കഥ തിരഞ്ഞെടുത്ത
നിര്‍മ്മാതാവിനേയും സംവിധായകനെയും ആദ്യം തന്നെ ഒന്ന് പോക്കിയേക്കാം.ആര്‍ക്ക് ആരെയാണ് എപ്പോള്‍ ഉപകാരമാകുന്നത് എന്ന് പറയാന്‍
പറ്റില്ലല്ലോ.കഥയുടെ സൌന്ദര്യത്തിനും ശക്തിക്കും അനുസരിച്ച് തിരക്കഥ തയ്യാറാക്കിയവര്‍ അല്പം പരിചയക്കുറവ് ഉള്ളവരാണെന്നും പറഞ്ഞു
വെക്കണം.തിരക്കഥാകൃത്തിനെ ഒന്ന് ഞോണ്ടിയാല്‍ അത് ഒരു സുഖമാണ്.എന്നാല്‍ ആ പരിചയക്കുറവ് വരുത്തിയ വീഴ്ചകള്‍ സംഭാഷണങ്ങള്‍
എഴുതിപ്പിടിപ്പിച്ച കരങ്ങള്‍ പരിഹരിച്ചു എന്ന് കൂടി പറയുമ്പോള്‍ അതിന് ഒരു താത്വികമായ വിശകലനത്തിന്‍റെ ഭാവം വരും.കഥയും തിരക്കഥയും
കോര്‍ത്തിണക്കുന്ന സംവിധായകന്‍റെ ന്യൂ ജനറേഷന്‍ തന്ത്രം ഫലപ്രദമായി എന്നും പറഞ്ഞേക്കാം.സംവിധായകന്‍ മാര്‍ക്കറ്റിംഗിലും മിടുക്കനാകണമല്ലോ
സിനിമയില്‍.കഥയിലുടനീളം സംഘര്‍ഷവും കണ്ണുനീരും മൂക്കുചീറ്റലും ഒക്കെ മനോഹരമായി കുത്തിനിറച്ചിട്ടുണ്ട് തിരക്കഥാകാരന്‍.ഒപ്പം ഒരു
ആധികാരികചരിത്രനിറം സിനിമക്ക് നല്‍കാന്‍ പാര്‍ലമെന്റും നിയമസഭയും സങ്കേതമായി അവതരിപ്പിക്കുന്നുമുണ്ട്.ഇടയ്ക്ക് വന്നുപോകുന്ന
ചില വിഡ്ഢിവേഷങ്ങള്‍ പറഞ്ഞുപോകുന്ന വളിപ്പുകള്‍ മാറ്റിനിര്‍ത്തിയാല്‍ ചലച്ചിത്രം ഗൌരവമുള്ളതാണ്.ഹാസ്യത്തിന് പ്രാധാന്യം കുറവാണ്
എന്ന് അര്‍ത്ഥം.മലയാളത്തിലെ ഒട്ടുമിക്ക നടീ-നടന്മാരെയും സങ്കേതികപ്രവര്‍ത്തകരെയും-ആദ്യപകുതിയില്‍ വേഷം കിട്ടാതെ അലഞ്ഞുതിരിഞ്ഞു
നടന്നവരെയും-അണിനിരത്താന്‍ അവസാനനിമിഷം തിരക്കഥയില്‍ വരുത്തിയ മാറ്റങ്ങള്‍ സംവിധായകന്‍റെ മാത്രം കഴിവാണ് എന്ന് സമ്മതിച്ചേ
മതിയാകു.സിനിമ എന്നാല്‍ സംവിധായകന്‍റെ സൃഷ്ടി ആണെന്നല്ലേ പറയുന്നത്.സിനിമയുടെ തുടക്കത്തിലെ നായിക പിന്നീട് സഹനായിക ആകുന്നതും
വില്ലന്‍ നായകനാകുന്നതും മലയാളിക്ക് ഒരു പുതിയ അനുഭവമായി.തുടക്കത്തില്‍ വെറുതെ മണ്ണുംചാരി നിന്നവരൊക്കെ ഒടുവില്‍ അരങ്ങ്
അടക്കിഭരിക്കുന്നത് കണ്ട് പ്രേക്ഷകന്‍ 'കൂള്‍മയിര്‍'കൊണ്ടുപോയി.നടീ-നടന്മാരുടെ പ്രകടനത്തില്‍ ആര് ആരുടെ മുന്നിലെന്ന് അളന്നുനോക്കാന്‍ കഴിയുന്നില്ല.
ക്ലൈമാക്സില്‍ തകര്‍ത്തു അഭിനയിച്ച നമ്മുടെ രണ്ടു സൂപ്പര്‍ താരങ്ങള്‍ തന്നെയാണ് തമ്മില്‍ കട്ടക്കുപിടിച്ചു നിന്നത്.അഭിനയിക്കാന്‍ തിരക്കഥയില്‍
സംഭാഷണങ്ങള്‍ വേണ്ട എന്ന് ആരാധകരുടെ മുന്നില്‍ തെളിയിക്കാന്‍ കിട്ടിയ അവസരം രണ്ടുപേരും നന്നായി വിനിയോഗിച്ചു.വീണ്ടും ഒരു
ദേശീയഅവാര്‍ഡ് ഇവരില്‍ ആരെങ്കിലും ഒരാളോ അല്ലെങ്കില്‍ രണ്ടുപേരും ചേര്‍ന്നോ അങ്ങ് ഡല്‍ഹിയില്‍ നിന്നും താങ്ങിചുമന്നുകൊണ്ടുവന്ന്
നമുക്ക് തന്നാല്‍ അതില്‍ അത്ഭുതപ്പെടേണ്ടകാര്യമില്ല.അത്രയ്ക്ക് 'നിര്‍ഗുണപരബ്രഹ്മാണ്ഡ' അഭിനയമാരുന്നു.രണ്ടാംനിര നടന്മാര്‍ മുഴുവന്‍ വേഷംകെട്ടി
നന്നായി ചെയ്തു.എന്നാലും സംസ്ഥാനഅവാര്‍ഡിന് അര്‍ഹത നേടാന്‍ അല്‍പംകൂടി പക്വത കാണിക്കണമെന്ന് ഇടതുപക്ഷചിന്തകര്‍ പ്രദര്‍ശനത്തിന്
ശേഷം പ്രഖ്യപിച്ചിട്ടുള്ളതുകൊണ്ട് ഞാന്‍ അതിലേക്ക് കൂടുതല്‍ കടക്കുന്നില്ല.നടന്മാരുടെ പ്രകടനം നടിമാരുടെ പ്രകടനത്തിനെ ഒരു തരത്തിലും
ബാധിച്ചില്ല എന്ന് ഒറ്റ ഫേസ്ബുക്ക് രംഗത്തില്‍ നിന്നും നമുക്ക് മനസിലാകും.വെള്ളിത്തിരയില്‍ നേരിട്ട് പ്രത്യക്ഷപ്പെടാതെ ഒരു ഇ-മെയില്‍ വഴി
അരങ്ങ് കീഴടക്കിയ നടി പ്രത്വേക പരാമര്‍ശം അര്‍ഹിക്കുന്നു.ലോകസിനിമയില്‍ പോലും ഇങ്ങനെ ഒരു രംഗപ്രവേശനം ഇതു ആദ്യമാണെന്ന്
സംവിധായകന്‍ തന്നെ സ്വയം പ്രശംസിക്കുന്നുണ്ട്.പൊതുവെ മലയാളസിനിമയില്‍ പുരുഷമേധാവിത്വം ഉണ്ടെന്ന നടികളുടെ പരാതി കണക്കിലെടുത്ത്
ഒരു നായികയെ ഇരുകസേരകള്‍ക്ക് ഇടയില്‍ നിര്‍ത്തി നായകനെ കസേരയില്‍ ഇരുത്തി പരാതി പരിഹരിച്ചു എന്ന് സംവിധായകന് അഭിമാനിക്കാം.
മേധാവിത്വം തങ്ങള്‍ക്കാണ് എന്ന് സിനിമ കണ്ടിറങ്ങിയ സ്ത്രീകളും പറഞ്ഞതായി ട്വിറ്റെര്‍ പറയുന്നുണ്ട്.കുട്ടികള്‍ക്ക് ഈ സിനിമയില്‍ കാര്യമായ
പങ്ക് ഇല്ലാത്തതുകൊണ്ടാകാം സിനിമയുടെ തുടക്കത്തില്‍ 'കുട്ടികള്‍ കണ്ട് പഠിക്കേണ്ട ചിത്രം' എന്ന് എഴുതിക്കാണിച്ചത്.തുടക്കം മുതല്‍ നിര്‍ത്താതെ
ഡയലോഗ് പറഞ്ഞവരും ഒന്നും മിണ്ടാതെ ഇടക്ക് മിന്നിമറഞ്ഞവരും ചേര്‍ന്ന് കക്ഷി-രാഷ്രീയ-ജാതി-മത-വര്‍ഗ്ഗ വ്യത്യാസമില്ലാതെ ഈ സിനിമ ഒരു
ആഗോളവാണിജ്യമൂല്യമുള്ള കലാസൃഷ്ടിയാക്കിയെടുക്കാന്‍ അഹോരാത്രം പണിയെടുത്തു എന്ന് പറയുന്നതാണ് ശരി.അനുബന്ധമായി ഒരു കാര്യം
കൂടി പറയട്ടെ.''ചായ കുടിച്ചിട്ട് പിരിഞ്ഞുപോകാം'' എന്ന ഏറ്റവും ജനപ്രീതി നേടിയ ഡയലോഗ് ആരുടേതാണെന്ന് കഥയുടെ അവസാനം വരെ
മറച്ചുവെച്ചതും,എത്ര സീരിയസ്സായി കോമഡി പറഞ്ഞാലും അത് വെറും കോമഡിയായി പ്രേക്ഷകര്‍ക്ക് തോന്നിപ്പിക്കാന്‍ കഴിവുള്ള ഒരു നടനെക്കൊണ്ട്
''അമ്മ...അമ്മ...''എന്ന് ഒത്തിരിവട്ടം പറയിപ്പിച്ചതിന്‍റെയും യുക്തി എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല എന്ന ഒരു വിമര്‍ശനം ഉണ്ട്.
ഞാന്‍ എന്‍റെ എഴുത്ത് തുടരുമ്പോള്‍ ശിവന്‍കുട്ടി എന്‍റെ മുന്നില്‍ എന്‍റെ വായില്‍ നോക്കി ഇരിക്കുന്നുണ്ട്.അണ്ണന്‍ പറയുന്നതൊക്കെ എന്തൊരു
വാസ്തവം എന്ന മട്ടില്‍.എന്‍റെ അമ്മ വരാന്തയിലെ അരമതിലില്‍ ചാരിയിരുന്നു പത്രം വായിക്കുകയാണ്.പത്രവാര്‍ത്ത ഉറക്കെ വായിക്കുന്ന
ശീലമാണ് അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അമ്മയ്ക്ക് ഉള്ളത്.അത് മാത്രം അച്ഛന്‍റെ കാലശേഷവും അമ്മ തുടരുന്നു.
''ജിയെസ്റ്റിവന്നു....ഇനി സിനിമാകാണാന്‍ ചെലവ് കൂടും.......''
എന്‍റെ എഴുത്ത് ഇടക്കുവെച്ചു മുറിഞ്ഞ അസ്വസ്ഥതയില്‍ ഞാന്‍ അമ്മയോട് അല്പം തട്ടിക്കയറി.
അമ്മയ്ക്ക് ഒന്ന് മനസ്സില്‍ വായിച്ചൂടെ എന്നായി ഞാന്‍.
അല്പം ദേഷ്യത്തോടെ പത്രം എന്‍റെ മുന്നില്‍ വലിച്ചെറിഞ്ഞു പോകുമ്പോള്‍ അമ്മ സ്വയം പറയുന്നുണ്ടായിരുന്നു.
''അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്......''
******************************
0 അഭിപ്രായങ്ങള്‍