Ticker

6/recent/ticker-posts

സന്മനസ്സുള്ള ചന്ദ്രന്‍റെ ദിവസം-സന്തോഷ്‌ ചെറുകടവ്-ആസ്വാദനം@എം.എസ്.വിനോദ്.

സന്മനസ്സുള്ള ചന്ദ്രന്‍റെ ദിവസം-കഥ.
സന്തോഷ്‌ ചെറുകടവ്.
ആസ്വാദനം@എം.എസ്.വിനോദ്.

ചന്ദ്രന്‍ ഒരു സന്മനസ്സുള്ളവനാണ്.എന്നാല്‍ സന്മനസ്സുള്ള മിക്കവാറും ആളുകള്‍ക്ക് സംഭവിക്കുന്ന ജീവിതദുരിതങ്ങളൊക്കെ ചന്ദ്രന്‍റെ ജീവിതത്തിലും ഉണ്ടായി.എത്രയൊക്കെ ദുരിതങ്ങള്‍ ഉണ്ടായാലും ഈശ്വരന്‍ സന്മനസ്സുള്ളവരെ ഒരിക്കലും കൈവിടില്ല എന്നാണ് ശ്രീ.സന്തോഷ്‌ ചെറുകടവ് നീലംബരിയില്‍ എഴുതിയ ''ചന്ദ്രന്‍റെ ദിവസം'' എന്ന കഥ പറയുന്ന കഥ.
പൗര്‍ണ്ണമിദിവസം ആകാശത്ത്‌ ഉദിച്ചു നിന്ന് നിലാവ് പകരുന്ന പൂര്‍ണ്ണചന്ദ്രനെപ്പോലെയാണ് നമ്മുടെ നായകനായ ചന്ദ്രനും.നല്ല തെളിച്ചം..ശാന്തത...ഐശ്വര്യം...എല്ലാംകൊണ്ടും പൂര്‍ണ്ണചന്ദ്രന്‍.എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ചന്ദ്രന്‍റെ ഭാര്യ സ്വന്തം മകനെയും കൊണ്ട് ഏതോ ഒരു തമിഴനോടൊപ്പം ഒളിച്ചോടിപ്പോയി.'അങ്കുശമില്ലാത്ത ചാപല്യമേ നിന്നെ അംഗനയെന്ന് വിളിക്കട്ടെ....'എന്നാണല്ലോ കവിവാക്യം.അതോടെ ചന്ദ്രന്‍റെ ജീവിതം തകര്‍ന്നു.ഭാര്യ മറ്റൊരാളിനോടൊപ്പം ഒളിച്ചോടിപ്പോയാല്‍ സമൂഹത്തില്‍ അയാള്‍ക്ക് പിന്നെ എന്ത് വില.ഒടുവില്‍ ചന്ദ്രന്‍ ഒരു തീരുമാനം എടുത്തു.ജീവിതം ഉപേക്ഷിക്കുക,എന്നുവെച്ചാല്‍ ആത്മഹത്യ ചെയ്യുക.അങ്ങനെ ആത്മഹത്യ ചെയ്യാനുറച്ച് നന്നായി മദ്യപിച്ച് ചന്ദ്രന്‍ രാത്രിയില്‍ ജീപ്പുമായി പുറപ്പെട്ടു.ആ യാത്രയില്‍ എതിരെ വന്ന ബൈക്കിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ജീപ്പ് നിയന്ത്രണം വിട്ട് ഒരു മതിലില്‍ പോയി ഇടിച്ചു നിന്നു.ആ അപകടത്തില്‍ മതില്‍ ചാരി നിന്ന രാജപ്പന്‍ എന്ന നിരപരാധിയായ ഒരു മനുഷ്യന്‍ കൊല്ലപ്പെട്ടു.
ഇടി വെട്ടിയവന്‍റെ തലയില്‍ പാമ്പും കടിച്ചു എന്നപോലെ ആയി ചന്ദ്രന്‍റെ അവസ്ഥ.ആത്മഹത്യ നടന്നതും ഇല്ല,സംഭവം കേസ് ആയി,ചന്ദ്രന്‍ പ്രതിയായി.ഇത് നടന്നിട്ട് അഞ്ച് വര്‍ഷമായി.ആ കേസുമായി ബന്ധപ്പെട്ട വിചാരണ നടക്കുന്ന വഞ്ചിയൂര്‍ കോടതി വളപ്പില്‍ നിന്നാണ് സന്തോഷ്‌ ചെറുകടവ് ചന്ദ്രന്‍റെ ദിവസം ആരംഭിക്കുന്നത്.
കേസ് നടക്കട്ടെ ഇതിനിടയില്‍ ആത്മഹത്യ ചെയ്യാന്‍ ചന്ദ്രന് അവസരം ഉണ്ടല്ലോ എന്നാവും വായനക്കാര്‍ ചിന്തിക്കുന്നത്.ആ വഴിക്കും ചന്ദ്രന്‍ ചിന്തിക്കാതെയിരുന്നില്ല.കേസ് ഒരുവിധം നന്നായി നടന്ന് കിട്ടിയാല്‍ മിനിമം ഒരു തൂക്കുകയര്‍ ഉറപ്പാക്കാന്‍ കഴിയുന്ന വിധം വക്കാലത്ത് വക്കീല്‍ ഡേവിഡ് ചെത്തിപ്പറമ്പന് തന്നെ കൊടുത്തു ചന്ദ്രന്‍.പേര് കേള്‍ക്കുന്നപോലെ ചെത്തിപ്പറമ്പന്‍വക്കീല്‍ ആള് മിടുക്കനാണ്.ജനിച്ചിട്ട്‌ ഇന്നുവരെ കൈവെച്ച ഒരു കേസും ജയിപ്പിച്ച ചരിത്രം ചെത്തിപ്പറമ്പന് ഇല്ല.സാഹചര്യത്തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ ചന്ദ്രന് ശിക്ഷ ഉറപ്പ്.അതുകൊണ്ട് ആത്മഹത്യ ഒഴിവാക്കി തൂക്കുകയര്‍ മോഹിച്ച് സന്മനസ്സുള്ള ചന്ദ്രന്‍ ദിവസങ്ങള്‍ തള്ളിനീക്കി.കേസ് വിസ്താരം നീണ്ടുപോയ സാഹചര്യത്തില്‍ വെറുതെ തോന്നിയ കൌതുകത്തില്‍,കൊല്ലപ്പെട്ട രാജപ്പന്‍റെ വീടിന്‍റെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ഒന്ന് അറിയാന്‍ ചന്ദ്രന്‍ ഒരു ദിവസം പുറപ്പെട്ടു.കോടതിയില്‍ നിന്നും സംഘടിപ്പിച്ച മേല്‍വിലാസവുമായി രാജപ്പന്‍ താമസിക്കുന്ന കോളനിയില്‍ എത്തിയ ചന്ദ്രന്‍ ആ കുടുംബത്തിന്‍റെ അവസ്ഥ കണ്ട് ഒരു നിമിഷം മനസലിഞ്ഞു നിന്നു.രാജപ്പന്‍റെ വൃദ്ധയായ മാതാവ്‌ മാത്രമാണ് അപ്പോള്‍ അവിടെ ഉണ്ടായിരുന്നത്.ഭാര്യ കുഞ്ഞിന് സുഖമില്ലാതെ ആശുപത്രിയില്‍ ആയിരുന്നു.മറ്റാരും സഹായത്തിന് ഇല്ലാത്ത ആ കുടുംബത്തിന്‍റെ ഈ അവസ്ഥക്ക് കാരണക്കാരന്‍ താന്‍ ആണെന്ന ബോധ്യം ചന്ദ്രന് ഉണ്ടായത് അപ്പോള്‍ ആണ്.മടങ്ങി വരവില്‍ ചന്ദ്രന്‍ എടുത്ത തീരുമാനങ്ങളില്‍ ഒന്ന് ആ കുടുംബത്തെ സഹായിക്കണം എന്നതാണ്.സന്മനസ്സ് ഉള്ളവനാണല്ലോ ചന്ദ്രന്‍.
അന്നുമുതല്‍ കൃത്യമായി ഒരു വലിയ തുക അവരുടെ മേല്‍വിലാസത്തില്‍ ചന്ദ്രന്‍ എത്തിക്കാന്‍ തുടങ്ങി.എന്നാല്‍ അത് ആരാണ് എത്തിക്കുന്നത് എന്ന് അവര്‍ ഒരിക്കലും മനസ്സിലാക്കാതെ ചന്ദ്രന്‍ ശ്രദ്ധിച്ചിരുന്നു.സന്മനസ്സ് ഉള്ളവന്‍ ആണല്ലോ ചന്ദ്രന്‍.ഒരു കൈ ചെയ്യുന്ന സഹായം മറ്റേ കൈ അറിയാതെ ചെയ്യണം.അവരെ സഹായിക്കാന്‍ ചന്ദ്രന്‍ രാപ്പകല്‍ ഇല്ലാതെ ജോലി ചെയ്തു തുടങ്ങി.ദിവസങ്ങളും മാസങ്ങളും കടന്നുപോയി.ഇപ്പോള്‍ ചന്ദ്രന് ഒരു ലക്ഷ്യമുണ്ട്.ആ ലക്ഷ്യം ചന്ദ്രന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചു.താന്‍ കാരണം ഒരു വീടിന് ഉണ്ടായ നഷ്ടം പരിഹരിക്കാനുള്ള പരക്കം പാച്ചിലില്‍ ചന്ദ്രന്‍ ആത്മഹത്യ എന്ന ചിന്ത തന്നെ മറന്നു.ജീവിക്കാന്‍ ചന്ദ്രന് ഇപ്പോള്‍ ഒരു കാരണം ഉണ്ട്.ആ കാരണത്തിന് വേണ്ടി ജീവിക്കുമ്പോള്‍ ചന്ദ്രന് ജീവിക്കാനുള്ള ഒരു ആര്‍ത്തിയുണ്ട്.ആ ആഗ്രഹം കലശലായപ്പോള്‍ മരിക്കാന്‍ വേണ്ടി സ്വയം ഉണ്ടാക്കിയ കുരുക്കില്‍ നിന്നും രക്ഷപെടാന്‍ ചന്ദ്രന്‍ തീരുമാനിച്ചു.ഒരു സ്പെഷ്യല്‍ ഓര്‍ഡര്‍ ഉണ്ടാക്കി ന്യായാധിപനെ നേരില്‍ കണ്ട് ചന്ദ്രന്‍ എല്ലാ സത്യങ്ങളും തുറന്നുപറഞ്ഞു.സന്മനസ്സ് ഉള്ളവനാണ് ചന്ദ്രന്‍,ദുരിതങ്ങള്‍ ഒഴിയുമോ.പറഞ്ഞ കാര്യങ്ങള്‍ ചന്ദ്രന് എതിരായ കൂടുതല്‍ തെളിവായി എടുക്കാന്‍ ന്യായാധിപന്‍ തീരുമാനിച്ചു.അങ്ങനെയാണെങ്കില്‍ മദ്യപിച്ചു വാഹനമോടിച്ചതിനും കോടതിയേയും പോലീസിനെയും തെറ്റിദ്ധരിപ്പിച്ചതിനും കൂടി ശിക്ഷ ചന്ദ്രന്‍ അനുഭവിക്കണം എന്നതായി സ്ഥിതി.മജിസ്ട്രേറ്റ് പാപ്പച്ചന്‍ സാറ് നല്ല കണിശക്കാരന്‍ ആണ്.ഒരുത്തനെപ്പോലും വെറുതെവിടില്ല.
ചുരുക്കിപ്പറഞ്ഞാല്‍ കഴുത്തില്‍ കയറ് വീണു എന്ന് ചന്ദ്രന്‍ ഉറപ്പിച്ചു.അല്ലെങ്കില്‍ കുറെ നാള്‍ അകത്ത് കിടക്കേണ്ടിയെങ്കിലും വരും.
അത്തരം ഒരു അവസ്ഥയില്‍ വളരെ വിശദമായ ഒരു കത്ത് മരിച്ചുപോയ രാജപ്പന്‍റെ വീട്ടിലേക്ക് ചന്ദ്രന്‍ അയച്ചു.അതില്‍ ഇതുവരെ നടന്ന മുഴുവന്‍ കാര്യങ്ങളും ചന്ദ്രന്‍ തെളിവോടെ പറഞ്ഞു.ഇത്രയും നാള്‍ സഹായിക്കാന്‍ ഉണ്ടായ സാഹചര്യവും തുടര്‍ന്നു അത്തരത്തില്‍ സഹായം ഉണ്ടാകില്ല എന്നും,എന്നാല്‍ പ്രായശ്ചിത്തമായി തന്‍റെ എല്ലാ സമ്പാദ്യങ്ങളും രാജപ്പന്‍റെ വിധവക്കും കുഞ്ഞിനും എഴുതി വെക്കാനുള്ള സന്മനസ്സും ആ കത്തിലൂടെ ചന്ദ്രന്‍ പ്രകടിപ്പിച്ചു.ആ നടപടിക്രമങ്ങള്‍ക്കായി വക്കീലുമായി ബന്ധപ്പെടാനും പറഞ്ഞവസാനിപ്പിച്ച കത്ത് പോസ്റ്റ്‌ ചെയ്ത് ചന്ദ്രന്‍ കോടതിയില്‍ അവസാനത്തെ വിധി സ്വീകരിക്കാന്‍ എത്തുന്നു.എന്നാല്‍ കോടതി കൂടിയപ്പോള്‍ ന്യായാധിപന്‍ നിസ്സംശയം പ്രഖ്യാപിച്ച വിധിവാചകം കേട്ട് ചന്ദ്രന്‍റെ കണ്ണില്‍ ഇരുട്ട് കയറി.
''ചന്ദ്രനെ കോടതി വെറുതെ വിട്ടു....''
ഈ സന്തോഷവാര്‍ത്ത കേട്ട് തരിച്ചു നിന്ന വക്കീലിന്‍റെ ഫോണിലേക്ക് മരിച്ചുപോയ രാജപ്പന്‍റെ ഭാര്യയുടെ സന്ദേശം വരുന്നു.കോടതിക്ക് പുറത്തു ചന്ദ്രനെ കാണാന്‍ വേണ്ടി അവര്‍ കാത്തുനില്‍ക്കുന്നു എന്ന സന്ദേശം അനുസരിച്ച് പുറത്തിറങ്ങുന്ന ചന്ദ്രന്‍ കാണുന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഉപേക്ഷിച്ചു കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ ഭാര്യയെയും സ്വന്തം മകനെയുമാണ്.ചന്ദ്രന്‍റെ ഒരു ദിവസം അവിടെ അവസാനിച്ചു.എന്നാല്‍ തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളും ചന്ദ്രന്‍റെത് മാത്രം ആകട്ടെ എന്ന് വായനക്കാരന്‍ ആശ്വസിക്കുന്നു.
ഒറ്റ വായനയില്‍ തന്നെ സുന്ദരമായ ആസ്വാദനം പകര്‍ന്നുനല്‍കുന്ന ഈ കഥക്ക് സാങ്കേതികമായും ഘടനാപരമായും ചില കുറ്റങ്ങളോ കുറവുകളോ ഉണ്ടാകാം.അതൊക്കെ കഥ വായിക്കുന്ന വായനക്കാരന്‍ 'പോട്ടെ സാരമില്ല' എന്ന മട്ടില്‍ നിസ്സാരമായി തള്ളിക്കളയുന്നത് ഈ കഥയുടെ ആന്തരികഭാവം നന്മയില്‍ അടിയുറച്ചു നില്‍ക്കുന്നു എന്നതുകൊണ്ടാണ്.കവികളും ഗായകരും നീട്ടി പുകഴ്ത്തിപ്പാടുന്ന മഹാനായ,ആ മാനത്തു നില്‍ക്കുന്ന ചന്ദ്രനില്‍ പോലും ഉണ്ട് കറുത്ത പുള്ളികള്‍.അപ്പോള്‍ ഈ പാവം ചന്ദ്രന്‍റെ കഥയില്‍ ഇത്തിരി കുറ്റം വന്നാലും കുഴപ്പമില്ലെന്ന് വായനക്കാരനോടൊപ്പം ഞാനും ആശ്വസിക്കുന്നു.ചന്ദ്രന്‍ നന്മനിറഞ്ഞവന്‍ മാത്രമല്ല.ആ നന്മ വിതയ്ക്കുന്നവനും നൂറുമേനി കൊയ്യുന്നവനും ആണെന്ന് നമുക്ക് കഥ വായിക്കുമ്പോള്‍ ബോധ്യമാണ്.ആ നന്മ തിരിച്ചറിയാതെ പണ്ടെങ്ങോ ഒളിച്ചോടിയ ഭാര്യയെ നമുക്ക് തല്ക്കാലം മറക്കാം.ആ കഥാപാത്രത്തിന് ഒരു പേരുപോലും കഥാകൃത്ത്‌ കഥയില്‍ നല്‍കിയില്ല എന്നത് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.എന്നാല്‍ കഥയുടെ അവസാനം സ്വന്തം മകന്‍ ഒന്ന് വിളിക്കുമ്പോള്‍ ചന്ദ്രന്‍ അറിയാതെ അങ്ങ് നിന്നുപോകുന്നു.ചന്ദ്രന് അറിയാം നാളെ അവനാണ് ആ പൈതൃകം ഏറ്റു വാങ്ങി നന്മയുടെ കാവലാള്‍ ആകേണ്ടവന്‍ എന്ന്.ചന്ദ്രന്‍റെ കുടുംബത്തില്‍ ദുരന്തം വിതച്ച കാമുകന്‍ രാജപ്പന് ഈശ്വരന്‍ കൊടുത്ത ശിക്ഷയാണ് ഈ അപകടമരണം.ചന്ദ്രനിലെ നന്മ തിരിച്ചറിയുന്ന കോടതിയിലും ഉണ്ട് അല്പം നന്മ.അല്ലെങ്കില്‍ കണ്ണില്‍ ചോരയില്ലാത്ത മജിസ്ട്രേറ്റ് പാപ്പച്ചന്‍ സാറിന് ചന്ദ്രന്‍റെ മൊഴിയിലെ നന്മ തിരിച്ചറിയാന്‍ കഴിയുമോ. നിയമപുസ്തകങ്ങളില്‍ പോലും കാണാത്ത ആ നന്മ കോടതിക്ക് പോലും പകര്‍ന്നുകൊടുത്തത് ചന്ദ്രന്‍റെ രഹസ്യമൊഴി ആയിരിക്കാം.ഒറ്റ കേസ് പോലും ഇതുവരെ ജയിച്ചിട്ടില്ല എങ്കിലും വക്കീല്‍ ഡേവിഡ് ചെത്തിപ്പറമ്പനിലും ഉണ്ട് അല്പം നന്മ.അല്ലെങ്കില്‍ അയാള്‍ വിധി വിപരീതമായാല്‍ ചന്ദ്രനെ പുറത്തുകൊണ്ടുവരാന്‍ മുന്‍കൂട്ടി ജാമ്യക്കാരെ തയാറാക്കി വെക്കുമോ.കഥയുടെ അവസാനം ''തന്നോടൊപ്പം ഈശ്വരന്‍ ഉണ്ടടോ,ഇതു ചന്ദ്രന്‍റെ ദിവസമാണ്'' എന്ന് പറയുന്ന വക്കീലിലെ നന്മ നമ്മളും തിരിച്ചറിയുന്നു.ഇനിമുതല്‍ ഒരു കേസും തോല്‍ക്കാതെ വക്കീല്‍ ഡേവിഡ് ചെത്തിപ്പറമ്പന്‍ ചെത്തി മുന്നേറും എന്നത് നമുക്ക് ഉറപ്പാണ്‌.ഈ നന്മകള്‍ എല്ലാം കൂട്ടിചേര്‍ത്തപ്പോള്‍ സുഖകരമായ ഒരു വായന നല്‍കിയ കഥയായി മാറി സന്തോഷിന്‍റെ ഈ രചന.
രസകരമായ ഒരു സംഭവം കൂടി ഈ കഥയുമായി ബന്ധപ്പെട്ടു കിടപ്പുണ്ട്.കഥാകൃത്തോ വായനക്കാരനോ അറിയാതെ ഈ കഥയില്‍ ഒരു കഥാപാത്രം എത്തുന്നുണ്ട്.അത് മറ്റാരുമല്ല.കവിതകളിലൂടെയും കഥകളിലൂടെയും ലേഖനങ്ങളിലൂടെയും നീലംബരിയില്‍ സുപരിചിതനായ എന്‍റെ പ്രിയ സുഹൃത്ത്‌ ശ്രീകുമാര്‍ ശ്രീ ആണ് അത്.കഥ നടക്കുന്ന വഞ്ചിയൂര്‍ കോടതിയിലെ ഉദ്യോഗസ്ഥനാണ് ശ്രീകുമാര്‍.ഈ സാന്നിദ്ധ്യം കഥാകൃത്തുപോലും അറിഞ്ഞില്ല എന്നതാണ് സത്യം.കഥയെഴുതുന്ന ആള്‍ പോലും അറിയാതെ കഥയില്‍ ഒരു കഥാപാത്രമായി നമുക്ക് നന്നായി പരിചയമുള്ള മറ്റൊരാള്‍ എത്തുന്ന അപൂര്‍വ്വമായ കൌതുകം കൂടി ഈ കഥ സ്വന്തമാക്കുന്നു.

എം.എസ്.വിനോദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍