Ticker

6/recent/ticker-posts

അച്ഛന്‍

"അച്ഛൻ കിഴക്കോട്ട് പോയി.....
ഉർബക്കിസ്ഥാനിൽ വെള്ളപ്പൊക്കത്തിൽ പത്ത് കുട്ടികൾ ചത്തു......"
എന്ന് കവിത എഴുതിയ ഒരു കവിയോട് ഞാൻ അടുത്ത കാലത്ത് ചോദിച്ചു എന്താ സർ ഇത് അച്ഛൻ പോയതും വന്നതും കുട്ടികൾ ചത്തതും ഒന്നും എനിക്ക് മനസിലായില്ലല്ലോ എന്ന്.കവി പറഞ്ഞു
അത് ഏതോ ഒരു 'ഇസം' ആണെന്ന്. വയസായതിനാൽ എനിക്ക് പറഞ്ഞാൽ മനസിലാകില്ല എന്നും കവി പറഞ്ഞു. പറഞ്ഞതിന്റെ സാരം ഇതാണ്.ഒരു വരി കേരളത്തിലാണ് എങ്കിൽ അടുത്ത വരി
അങ്ങ് ഉഗാണ്ടയിലായിരിക്കണം.പിന്നത്തെ വരി ഉട്ടോപ്യയിൽ..... അതാണ് ഇപ്പോഴത്തെ കവിത.ഞങ്ങൾ ഈ ആധുനിക കവികളുടെ
ഏറ്റവും പുതിയ തലമുറ ഇങ്ങനെയൊക്കെയാണ് എഴുതുന്നത്.
സൗകര്യമുണ്ടെങ്കിൽ വായിച്ചാൽ മതി. ഞങ്ങള്‍ ഈ ബാലചന്ദ്രന്‍ ചുള്ളിക്കാട്, കുരീപ്പുഴ,സച്ചിദാനന്ദന്‍,കടമ്മനിട്ട, അയ്യപ്പപ്പണിക്കര്‍ അങ്ങനെ കുറേപ്പേര്‍ ഒക്കെ എഴുതിയ പാതയില്‍ എഴുതുന്നവര്‍ ആണ്.
ഓഹോ....അത് ശരി,അപ്പോള്‍ ഈ ചുള്ളിക്കാട് എഴുതിയ ഈ വരികള്‍
ഒന്ന് നോക്കൂ സര്‍....
''പുലരുവാനേഴര രാവേയുള്ളു
പൂങ്കോഴി കൂവിക്കഴിഞ്ഞേയുള്ളു
കണ്ണീരിൽ മുങ്ങിക്കുളി കഴിഞ്ഞ്
വെണ്ണീറുകൊണ്ട് കുറിവരച്ച്
ദുരിതം കൊണ്ടൊരു നിറപറ നിറച്ച്
കൂളക്കുടുക്കയെറിഞ്ഞുടച്ച്
താളത്തിൽ മൂന്നു വലത്തുവെച്ച്
ഇല വാട്ടി ദുഃഖം പൊതിഞ്ഞുകെട്ടി
മാറാപ്പിൽ സ്വപ്നം നിറച്ചുകെട്ടി
ഏഴരക്കമ്പുള്ള വടിയെടുത്ത്
ഏഴരക്കമ്പുള്ള കുടയെടുത്ത്, വ്യഥ
വെച്ചുണ്ണാൻ ചിറ്റുരുളിയൊന്നെടുത്ത്
ഇടങ്കാലുവെച്ചു പടികടന്നേ
ഇടനെഞ്ചു പൊട്ടിത്തിരിഞ്ഞു നിന്നേ
അമ്മേ...
പിൻവിളി വിളിക്കാതെ,
മുടിനാരുകൊണ്ടെന്റെ കഴലു കെട്ടാതെ
പടി പാതി ചാരിത്തിരിച്ചു പോക.......''
''ഇത് എനിക്ക് നന്നായി മനസിലാകുന്നുണ്ടല്ലോ.....''
കുരീപ്പുഴ എഴുതിയ ജെസ്സി കേള്‍ക്കണോ....
''ജെസ്സി നിനക്കെന്ത് തോന്നി
പെത്തഡിന്‍ തുന്നിയ മാന്ത്രിക പട്ടില്‍ നാം
സ്വപ്ന ശൈലങ്ങളില്‍ ചെന്നു ചുംബിയ്ക്കവേ
ഉത്തുംഗകതകളില്‍ പാ‍ര്‍വ്വതി ശങ്കര
തൃഷ്ണകള്‍ നേടി കിതച്ചാഴ്ന്നിറങ്ങവേ
തൃപ്തി തീത്ഥങ്ങളില്‍ പാപനാശത്തിന്റെ
വക്കോളമെത്തി തിരിച്ചു നീന്തീടവേ
ലോത്തിന്റെ പെണ്മക്കള്‍
അച്ചനെ പ്രാപിച്ച വാര്‍ത്തയില്‍
കൌമാര ഭാരം നടുങ്ങവേ
കുമ്പസാരക്കൂട്ടില്‍ നഗ്നയായ് നില്‍ക്കവേ
സംഭ്രമപ്പൂവില്‍ ചുവപ്പ് ചാലിയ്ക്കാവേ
ജെസ്സി നിനക്കെന്തു തോന്നി....''
''അതുപോലെ ഇതും....ഇവരെയൊക്കെ എനിക്ക് മനസിലാകുന്നു,എന്നിട്ടും
സാറിനെ എന്താ മനസിലാകാത്തത്.....''
പിന്നെ കടമ്മനിട്ട,സച്ചിദാനന്ദന്‍, അയ്യപ്പപ്പണിക്കര്‍ വരെയൊന്നും പോകാന്‍ കവി എന്നെ അനുവദിച്ചില്ല.സാഹിത്യ അക്കാദമിയില്‍ ഒരു കവിതാചര്‍ച്ച ഉണ്ടെന്ന് പറഞ്ഞ് കവി വണ്ടി വിട്ടു.പോകും മുന്‍പ്
അദ്ദേഹം ഒരു ഉപദേശം തന്നു.
''നിങ്ങള്‍ സാഹിത്യത്തിലെ പുതിയ
പ്രവണതകള്‍ ഒക്കെ ഒന്ന് പഠിക്കണം.വല്ലപ്പോഴും സാഹിത്യ അക്കാദമിയില്‍
ഒക്കെ വാ....ഞങ്ങളുടെ ചര്‍ച്ചകള്‍ ഒക്കെ ഒന്ന് കേള്‍ക്ക്,എല്ലാം ശരിയാകും......''
പകച്ച്‌ നിന്ന എന്നോട് ശിവന്‍കുട്ടി പറഞ്ഞു.
''ആ കവി പറഞ്ഞത് വാസ്തവം ആണ്....അണ്ണന് നല്ല ജനറെഷന്‍ ഗ്യാപ്പ്
ഉണ്ട്.ആധുനികത ഒന്നും അണ്ണന് പറ്റില്ല.അവരൊക്കെ മുട്ടന്‍ ആനകളാണ്.
അവര് വാ തുറക്കുന്നത് കണ്ട് അണ്ണാന്‍,അല്ല അണ്ണന്‍ വാ തുറക്കണ്ട.
അണ്ണന്‍ വീട്ടില്‍ പോ.....പോകുന്ന വഴി ആ ചങ്ങമ്പുഴ പാര്‍ക്ക് വഴി വിട്ടോ.....
അവിടെ അടുത്ത് അലിയാരുടെ പെട്ടിക്കടയില്‍ നല്ല ചൂട്
കപ്പലണ്ടി കിട്ടും.....അണ്ണന് അതാണ് ബെസ്റ്റ്.....''

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍