Ticker

6/recent/ticker-posts

അനീഷ്‌ ഫ്രാന്‍സിസ്-''ദി തിയറി ഓഫ് എ മര്‍ഡര്‍''

അനീഷ്‌ ഫ്രാന്‍സിസ്-''ദി തിയറി ഓഫ് എ മര്‍ഡര്‍''
----------------------------------------------------------------------------
വായനയില്‍ അടുത്ത കാലത്ത് മനസ്സ് ഉടക്കിയ ഒരു പേരാണ് ശ്രീ.അനീഷ്‌ ഫ്രാന്‍സിസ്.''ദി തിയറി ഓഫ് എ മര്‍ഡര്‍'' എന്ന ചെറുകഥ നീലംബരിയില്‍ കഴിഞ്ഞ ദിവസം വായിച്ചപ്പോള്‍ മുന്‍പ് മനസ്സില്‍ ഉടക്കിയ പേരിനോട് അടുപ്പം വര്‍ദ്ധിച്ചു.എനിക്ക് ചുറ്റും നടക്കുന്നത് കാണാനും കേള്‍ക്കാനുമുള്ള എന്‍റെ ജിജ്ഞാസയാണ് എനിക്ക് കഥ വായന.ചെറുകഥാസാഹിത്യത്തിന്‍റെ വളര്‍ച്ച തന്നെ വായനക്കാരുടെ അത്തരം ജിജ്ഞാസയുടെ അടിത്തറയിലാണ്.
''ദി തിയറി ഓഫ് എ മര്‍ഡര്‍'' എന്ന കഥയില്‍ കഥാകൃത്ത്‌ വായനക്കാരനെക്കാള്‍ 'ക്യൂരിയോസിറ്റി' തലക്കു പിടിച്ച ഒരു നായകനെയാണ് അവതരിപ്പിക്കുന്നത്‌.അതുകൊണ്ട് തന്നെ ജിജ്ഞാസയുടെ വാള്‍മുനയിലൂടെ നടന്ന് കഥയുടെ വഴിയിലൂടെ പോകാന്‍ വായനക്കാരനും ഉത്സാഹം കാണിക്കുന്നു.
കഥയുടെ തലക്കെട്ടില്‍ പറയുന്നപോലെ കൊലപാതകങ്ങളുടെ സിദ്ധാന്തം ഗവേഷണവിഷയമാക്കിയ ഒരാള്‍ -അയാള്‍ ആരാണ് എന്ന് കഥയില്‍ പരാമര്‍ശം ഇല്ല,തല്ക്കാലം നമുക്ക് അയാളെ ഡോക്ടര്‍ എന്ന് തന്നെ വിളിക്കാം-ആണ് നായകകഥാപാത്രം.ജോര്‍ജ്ജ് ഓര്‍വെലിന്‍റെ നിരീക്ഷണങ്ങളിലൂടെയും മൌലാനാ ജലാല്‍ മുഹമ്മദ്‌ റൂമിയുടെ ആത്മീയചിന്തകളിലൂടെയും കഥയിലേക്ക്‌ രംഗപ്രവേശം ചെയ്യുന്ന ഈ നായകകഥാപാത്രത്തിന് പേര്,നാട്,കുടുംബം,പൂര്‍വ്വബന്ധങ്ങള്‍ ഇവയൊന്നും കഥയില്‍ ഇല്ല.എന്നാല്‍ ചില രീതികളും ശീലങ്ങളും കൊണ്ട് നായകനെ വായനക്കാരന് മുന്നില്‍ അവതരിപ്പിക്കാന്‍ തുടക്കത്തില്‍ തന്നെ കഥാകൃത്തിന് സാധിച്ചു.ആള് ചില്ലറക്കാരനല്ല എന്ന് വായനക്കാരന്‍ ഉറപ്പിക്കുകയും ചെയ്യുന്നു.ലോകത്തില്‍ ഏറ്റവുമധികം പേര്‍ ഇഷ്ടപ്പെടുന്ന ജാക്ക് ഡാനിയേലിന്‍റെ വിസ്കി ശീലമാക്കിയ നായകന്‍ ഒരു അരക്കിറുക്കനും അല്പം വഷളനുമായി നമുക്ക് തോന്നാം.ഇമേജുകളില്‍ വിശ്വസിക്കുന്നില്ല എന്ന് പ്രഖ്യാപിക്കുന്നുണ്ട് കഥയില്‍ ഒരിടത്ത് ഈ കഥാപാത്രം.
ഓരോ യാത്രയിലും നമ്മള്‍ പോലുമറിയാതെ ഒരു ലക്ഷ്യം നമുക്കായി ആരോ കരുതിവെച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്ന നായകന്‍ മഴ പെയ്യുന്ന ഒരു രാത്രിയില്‍ കോട്ടയത്തുനിന്നും കുമളിയിലേക്ക് നടത്തുന്ന ഒരു യാത്രയും,ആ യാത്ര നല്‍കുന്ന അനുഭവങ്ങളുമാണ് കഥയുടെ കാതല്‍.ഡോക്ടറുടെ ഗവേഷണലേഖനങ്ങള്‍ക്ക് ആവശ്യമായ രണ്ട് ഉരുപ്പടികള്‍ ആ യാത്രയില്‍ വീണു കിട്ടുന്നു.അതിലൊന്ന് സഹയാത്രികയായ നിമ്മി ആണ്.ഭര്‍ത്താവിന്‍റെ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തുകയും ഭര്‍ത്താവിനെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ വിചാരണത്തടവുകാരിയായ നിമ്മി കോടതിയിലേക്കുള്ള യാത്രാമദ്ധ്യേ പോലീസിന്‍റെ പിടിയില്‍ നിന്നും രക്ഷപെട്ടു പോകുന്നതിന് ഇടയിലാണ് ഡോക്ടറെ പരിചയപ്പെടുന്നത്.അവരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പാതി വഴിയില്‍ യാത്ര ഉപേക്ഷിക്കുന്ന ഡോക്ടര്‍ പിന്നീട് കണ്ടുമുട്ടുന്ന നിമ്മിയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ ആണ് മറ്റൊരു കഥാപാത്രം.ഒരാള്‍ ആകസ്മികമായി വന്നുചേരുകയും മറ്റൊരാളെ തേടി കണ്ടു പിടിക്കുകയും ആണ്.ഈ രണ്ട് കഥാപാത്രങ്ങളില്‍ നിന്നും നായകന് ശേഖരിക്കാനുള്ളത് കൊലപാതകങ്ങളുടെ സിദ്ധാന്തം എന്ന വിഷയത്തിന് ആവശ്യമായ ചേരുവകള്‍ മാത്രം.മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന മനസ്സിന്‍റെ അവസ്ഥയുടെ രഹസ്യം.
നിമ്മി-മാര്‍ട്ടിന്‍ ദമ്പതികളുടെ കഥയിലൂടെ കൊലയുടെ സിദ്ധാന്തം മന:ശാസ്ത്രപരമായി വിശകലനം ചെയ്യാനല്ല കഥാകൃത്ത്‌ ശ്രമിക്കുന്നത്.പകരം ഇവരില്‍ നിന്നും ശേഖരിക്കുന്ന സാമ്പിളുകള്‍ മുന്നില്‍ വെച്ച് വായനക്കാരനെക്കൊണ്ട് തന്നെ അത് വിശകലനം ചെയ്യിക്കാന്‍ പ്രേരിപ്പിക്കുന്ന അപൂര്‍വ്വമായ ഒരു രചനാരീതിയാണ്‌ ശ്രീ.അനീഷ്‌ കഥയില്‍ സ്വീകരിച്ചിരിക്കുന്നത്.
ഭര്‍ത്താവിന്‍റെ കാമുകിയായ റോസ് മേരിയെ നിമ്മി കൊലചെയ്യുന്നത് മുന്‍കൂട്ടി തയാറാക്കിയ ഒരു പദ്ധതിയുടെ അടിസ്ഥാനത്തില്‍ അല്ല.വര്‍ഷങ്ങളായി മനസ്സില്‍ രൂപപ്പെട്ട അസ്വസ്ഥത സൃഷ്ടിച്ച മാനസികപിരിമുറുക്കമാണ് നിമ്മിയെ ഒരു കൊലപാതകി ആക്കിയത്.ഒരു ചിലന്തിവല പോലെ ആ അസ്വസ്ഥത നിമ്മിയുടെ മനസ്സില്‍ വളരുകയും അത് കൊലപാതകത്തില്‍ അവസിനിക്കുകയുമാണ് ചെയ്യുന്നത്.നിമ്മിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ അവര്‍ ആ വല പൊട്ടിച്ച് എറിയുകയായിരുന്നു.ഇനി ഒരു കൊല ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല എന്നതിന് തെളിവാണ് മാര്‍ട്ടിന്‍ തലനാരിഴക്ക് അവിടെ നിന്നും രക്ഷപെടുന്നത്.
എന്നാല്‍ മാര്‍ട്ടിന്‍ തികച്ചും വ്യത്യസ്തനാണ്.റോസ്മേരിയുടെ മരണത്തിന് മുന്‍പും അതിനുശേഷവും മാര്‍ട്ടിന്‍ മൂന്ന് പേരെ കൊന്നിട്ടുണ്ട്.മാത്രമല്ല ഭാര്യയെയും കാമുകി റോസ്‌മേരിയെയും കൊല്ലാന്‍ അയാള്‍ നേരുത്തേ ആലോചിച്ചിരുന്നു.ഓരോ കൊലയും അയാള്‍ സ്വയം തീരുമാനിച്ചു നടപ്പാക്കുകയാണ്.അതിലൂടെ അയാള്‍ അസാധാരണമായ ശക്തിയും അമാനുഷികഭാവവും നേടുന്നു എന്ന് വിശ്വസിക്കുകയും ചെയ്യുന്നു.ഇനിയും ഒരു കൊലപാതകം അയാളില്‍ നിന്നും പ്രതീക്ഷിക്കുകയും ചെയ്യാം.
ഈ രണ്ട് കഥാപാത്രങ്ങളുടെയും മാനസികാവസ്ഥയെ ചിലന്തിവലയോട് പ്രതീകാത്മകമായി ഇണക്കിചേര്‍ത്ത് ഒന്ന് എന്നെന്നേക്കുമായി പൊട്ടിപ്പോകുകയും മറ്റൊന്ന് ഓരോ ദിവസവും കൂടുതല്‍ ശക്തിപ്രാപിച്ചു രൂപപ്പെടുകയും ചെയ്യുന്നു എന്ന് കഥ പറയുന്നു.ഈ വ്യത്യസ്തത നായകനുമായുള്ള ഈ കഥാപാത്രങ്ങളുടെ കൂടികാഴ്ചയിലും പ്രകടമാണ്.നിമ്മി കുറ്റം ചെയ്തു എന്ന് പറയുന്ന സാഹചര്യം പോലെ ആകസ്മികമാണ് ഡോക്ടറുമായുള്ള അവരുടെ കൂടിക്കാഴ്ചയും.എല്ലാം മുന്‍കൂട്ടി തീരുമാനിച്ചു ഇരയെ തേടിപ്പിടിക്കുന്നപോലെ ഡോക്ടര്‍ മാര്‍ട്ടിനെ കാണാന്‍ തീരുമാനിക്കുകയും തേടി കണ്ടെത്തുകയും ചെയ്യുന്നു.ഒരാള്‍ നിയമത്തിന് മുന്നില്‍ എത്തുമ്പോള്‍ മറ്റൊരാള്‍ എല്ലാത്തില്‍ നിന്നും രക്ഷപെട്ട് കൂടുതല്‍ അപകടകാരിയായി നമുക്കിടയില്‍ ഇന്നും ജീവിക്കുന്നു.ഈ രണ്ട് അവസ്ഥകളും കൂടി യോജിപ്പിച്ചു സിദ്ധാന്തം രേഖപ്പെടുത്താന്‍ ശ്രമിക്കുന്ന ഡോക്ടറുടെ തലച്ചോറില്‍ ഒരു ചിലന്തിവലയുടെ പൊട്ട് രൂപപ്പെടുന്നു എന്ന സൂചനയിലൂടെ ആണ് കഥ അവസാനിക്കുന്നത്‌.ഓരോ മനുഷ്യനിലും അവന്‍ അറിഞ്ഞോ അറിയാതെയോ ഒരു ചിലന്തിവലയുടെ കറുത്ത പൊട്ട്,ഒന്നിനെ നശിപ്പിക്കാനോ ഇല്ലാതാക്കാനോ ഉള്ള വാസന കുടിയിരിക്കുന്നു എന്ന് കൂടി കഥ സൂചന നല്‍കുന്നുണ്ട്.
കഥയില്‍ കടന്നുവരുന്ന അപ്രധാനകഥാപാത്രങ്ങളില്‍ കൂടി സുപ്രധാനമായ സംഭാവനകള്‍ കഥഗതിക്ക് ഉണ്ടാക്കിക്കൊടുക്കാന്‍ കഥാകൃത്ത്‌ മിടുക്ക് കാണിച്ചിട്ടുണ്ട്.പോലീസ് ഇന്‍സ്പെക്ടര്‍ പറയുന്ന ഒരു വാചകവും ഓട്ടോ ഡ്രൈവര്‍ നല്‍കുന്ന വിവരണവും കഥയിലെ കഥാപാത്രങ്ങളുടെ പൂര്‍ണ്ണതക്ക് സഹായകരമാണ്.
ചെറുകഥയുടെ രൂപത്തെക്കുറിച്ച് നിലവിലുള്ള ധാരണകള്‍ ഓരോ ദിവസവും മാറിമറിയുന്ന ഈ കാലത്ത് ''ദി തിയറി ഓഫ് എ മര്‍ഡര്‍'' വായനക്കാരന് ഒരു അനുഭവം തന്നെയാണ്.കഥക്കുള്ളില്‍ തുടക്കം മുതല്‍ ഒടുക്കം വരെ കഥാകൃത്തിന്‍റെ സാന്നിദ്ധ്യം അനുഭവപ്പെടുത്താന്‍ ശ്രീ.അനീഷ്‌ ഫ്രാന്‍സിസിന് കഴിഞ്ഞു എന്ന് അഭിമാനിക്കാം.തുടര്‍ന്നും അങ്ങനെ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍