Ticker

6/recent/ticker-posts

ദിനകരന്‍ ചെങ്ങമനാട്-നീലാംബരിയുടെ സൂര്യപ്രഭ.

ദിനകരന്‍ ചെങ്ങമനാട്-നീലാംബരിയുടെ സൂര്യപ്രഭ.
-----------------------------------------------------------------------------------
ദിനകരന്‍ എന്ന പേര് സൂര്യന്‍റെ പര്യായമാണ്.
അര്‍ത്ഥം പറഞ്ഞാല്‍ പകലിനെ ഉണ്ടാക്കുന്നവന്‍ ആണ് ദിനകരന്‍.എന്നുവെച്ചാല്‍ വെളിച്ചം വിതയ്ക്കുന്നവന്‍.
ആ വെളിച്ചം ദിനകരന്‍ ചെങ്ങമനാട് എന്ന കവിയില്‍ ഉള്ളതുകൊണ്ടാണ് ആ കവിയുടെ വരികള്‍ക്ക് എവിടെയും അംഗീകാരം ലഭിക്കുന്നത്.മികച്ച ബാലസാഹിത്യകൃതിക്കുള്ള പുരസ്‌കാരം 'മയിലാട്ടം' എന്ന പുസ്തകത്തിന്‌ ലഭിച്ചപ്പോള്‍ നീലാംബരി അഭിമാനിക്കുകയും ഞാന്‍ അല്പം അഹങ്കരിക്കുകയും ചെയ്തത് ആ വെളിച്ചം നീലാംബരിയിലൂടെ ഞാനും അനുഭവിക്കുന്നു എന്നതുകൊണ്ടാകാം.
കേരളത്തിന്‍റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലെ ആമ്പല്ലൂരിനടുത്തുള്ള കല്ലൂര്‍ എന്ന ഗ്രാമത്തിലാണ് ദിനകരന്‍ ചെങ്ങമനാട് എന്ന കവിയുടെ വേരുകള്‍.അവിടെ തുടങ്ങിയ ജീവിതം ഒഴുകി വന്ന് ചേര്‍ന്നത്‌ ചെങ്ങമനാട് എന്ന അമ്മവീട്ടില്‍.ഒരുപക്ഷെ ചെങ്ങമനാട് എന്ന ഗ്രാമം ദിനകരന്‍ എന്ന കവിയെ ആവാഹിച്ചു കൊണ്ടുവന്നതാകാം.അല്ല എന്ന് കവി പറഞ്ഞാലും സമ്മതിക്കാന്‍ ഞാന്‍ തയാറല്ല.ചെങ്ങമനാടിന്‍റെ ചരിത്രം പരിശോധിച്ചാല്‍ നമുക്കത് മനസിലാകും.വേണ്ടപ്പെട്ടവരെ എങ്ങനെ ആയാലും കൂട്ടിക്കൊണ്ടുവന്ന് കുടിയിരുത്തുന്ന പാരമ്പര്യം ഉണ്ട് ഈ നാടിന്.ആ നാടിന്‍റെ ഈ പേരിന് പിന്നിലും ഉണ്ട് അങ്ങനെ ഒരു കഥ.ജംഗമമുനി തപസ്സ് ചെയ്യാന്‍ തെരഞ്ഞെടുത്ത സ്ഥലം ആണ് അവിടം.മുനിയെയും ആ നാട് ആവാഹിച്ച് കൊണ്ടുവന്നതാകാം.അങ്ങനെ ആ നാടിന് പേര് ജംഗമനാട് എന്നായി.അത് പിന്നീട് ചെങ്ങമനാട് ആയതാണ് എന്ന് ചരിത്രം പറയുന്നു.പിന്നെയും വന്നു അവിടെ പല പ്രമുഖരും.ശ്രീനാരായണഗുരുവിനെയും ചട്ടമ്പിസ്വാമികളെയും ആ മണ്ണില്‍ കൊണ്ടുവന്നു ചെങ്ങമനാട്.മഹാകവി കുമാരനാശാന്‍ കവിതയോടൊപ്പം വ്യാവസായികവിപ്ലവവും തുടങ്ങി വെച്ചത് ഈ മണ്ണില്‍ ആണ്.മഹാകവിയുടെ സഹധര്‍മ്മിണിക്ക് ഇഷ്ടമുള്ള നാടും ചെങ്ങമനാട് ആണ്.
അപ്പോള്‍ ഞാന്‍ പറഞ്ഞതില്‍ അല്പം യുക്തി ഇല്ലേ.നമ്മുടെ പ്രിയ കവി ദിനകരന്‍ ചെങ്ങമനാടിനെയും ഈ നാട് ആവാഹിച്ചു കൊണ്ടുവന്നതാകാം.അങ്ങനെ ചെയ്തത് ചിലപ്പോള്‍ മഹാകവി കുമാരനാശാന്‍റെ ആത്മാവ് തന്നെയായിരിക്കും എന്ന് പറയുന്നതിലും തെറ്റില്ല.കാരണം ബാലസാഹിത്യത്തില്‍ കുമാരനാശാനോളം ശ്രദ്ധയും ശുഷ്കാന്തിയും പ്രകടിപ്പിച്ച മറ്റൊരു കവി ഉണ്ടോ എന്നും സംശയം.
പെരിയാറിന്‍റെ വെള്ളം കുഴച്ചിട്ട ചെങ്ങമനാടിന്‍റെ മണ്ണിന് ബാലസാഹിത്യത്തിന്‍റെ നിഷ്ക്കളങ്കമായ പശിമയുണ്ടെന്ന് ദിനകരന്‍ ചെങ്ങമനാട് ബോധ്യപ്പെടുത്തുന്നു മയിലാട്ടം എന്ന പുസ്തകത്തിലൂടെ.ആ പുസ്തകത്തിന് ലഭിച്ച അംഗീകാരം ആ മണ്ണിന് മാത്രമല്ല മലയാളത്തിനും മലയാളിക്കും ആകമാനം അഭിമാനം നല്‍കുന്നതാണ്.
ദിനകരന്‍ ചെങ്ങമനാട് എഴുതുന്ന മിക്കവാറും കവിതകളുടെ തലക്കെട്ടിനൊപ്പം കുട്ടികള്‍ക്കുള്ള കവിത എന്ന് ബ്രാക്കറ്റില്‍ രേഖപ്പെടുത്തുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ ആണ് ഞാനും ഈ കവിയെ പിന്തുടരാന്‍ തുടങ്ങിയത്.ആ ബ്രാക്കറ്റ് ഈ കവിയുടെ നയപ്രഖ്യാപനമാണ് എന്ന് തിരിച്ചറിയാന്‍ ആ യാത്രയില്‍ എനിക്ക് കഴിഞ്ഞു.
സാഹിത്യത്തില്‍ ഏറ്റവും തിളക്കമുള്ള ശാഖയാണ് ബാലസാഹിത്യം.അതില്‍ കൈവെയ്ക്കാന്‍ ചിലരെങ്കിലും ഒന്ന് മടിക്കും.അത് അറിവും കഴിവും ഇല്ലാത്തതുകൊണ്ടല്ല.കൈവഴങ്ങില്ല എന്നതുകൊണ്ടാണ്.ആ വഴക്കം നന്നായി ഉണ്ട് ദിനകരന്‍ ചെങ്ങമനാട് എന്ന കവിക്ക്‌.എന്നാല്‍ അതിന് വഴക്കം മാത്രം പോരല്ലോ.നാളെയുടെ ഭാവി കുഞ്ഞുങ്ങളില്‍ ആണ് നമ്മള്‍ കാണുന്നത് എങ്കില്‍ അവരുടെ സ്വഭാവരൂപീകരണത്തിന് വേണ്ട സ്വാധീനം ചെലുത്താന്‍ കഴിയുന്ന വിധം സാഹിത്യത്തെയും രൂപപ്പെടുത്താനുള്ള വെളിച്ചം കൂടി ഉള്ളില്‍ ഉണ്ടാകണം.ആ വെളിച്ചവും ദിനകരന്‍ എന്ന പേരിലും ആ പേരുള്ള ആളിന്‍റെ ഉള്ളിലും ഉണ്ട്.ഒരു കുഞ്ഞിന്‍റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവന് ആവശ്യമായ മാനസികവും വൈജ്ഞാനികവും വൈകാരികവുമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുംവിധം സാഹിത്യത്തെ ഉപയോഗപ്പെടുത്താനുള്ള ദിനകരന്‍റെ കഴിവ് തെളിയിക്കുന്നതാണ് ഓരോ രചനകളും.അതുകൊണ്ടാണ് ഈ അംഗീകാരം ചെങ്ങമനാട് മണ്ണില്‍ തന്നെ എത്തിച്ചേര്‍ന്നത്.
ദിനകരന്‍റെ രചനകളില്‍ പ്രകൃതിയും ചരിത്രവും വിനോദവും പുരാണവും യക്ഷിക്കഥകളും വീരാപദാനകഥകളും സാഹസിക കഥകളും വിജ്ഞാനവും എല്ലാമുണ്ട്.കുട്ടികള്‍ക്കെന്നല്ല മുതിര്‍ന്നവര്‍ക്കും രസകരമായ വായന നല്‍കുന്ന രീതിയാണ്‌ ദിനകരന്‍റെത്.
നീലാംബരിയിലെ നിത്യസാന്നിദ്ധ്യമായ ഈ തൂലികയിലൂടെ നമ്മള്‍ ആസ്വദിച്ച രചനകള്‍ നിരവധിയാണ്.ഒരിക്കല്‍ ഒന്ന് വായിച്ചാല്‍ നമ്മള്‍ ഈ കവിക്കൊപ്പം പോകാന്‍ തയാറാകുന്നത്,ഏത് വിഷയവും ലളിതമായി പറഞ്ഞ് നമ്മുടെ മനസ്സില്‍ ഒരിക്കലും മായാത്തവിധം പതിപ്പിച്ചു വെയ്ക്കാനുള്ള കവിയുടെ കഴിവുകൊണ്ടാണെന്ന് സമ്മതിക്കാതെ വയ്യ.
കുചേലചരിതം ലളിതമായി ദിനകരന്‍റെ എഴുത്തില്‍ അനുഭവിച്ചറിഞ്ഞ ഓര്‍മ്മകള്‍ നമുക്കിടയില്‍ പലര്‍ക്കും ഉണ്ടാകും.പലരും പാടിക്കേട്ടതാണ് കുചേലന്‍റെ കഥ.
''ആനന്ദമോടവല്‍ തിന്നുമവനുടെ-
യാനന്ദം നോക്കിയിരുന്നു ഞാനന്നേരം......''
എന്ന വരികളില്‍ കുചേലനെ നേരില്‍ കാണുക മാത്രമല്ല നമ്മള്‍ കുചേലനായി മാറുകയും,ആ ആനന്ദം അനുഭവിക്കുകയും ചെയ്യുന്നു.
''വീണ്ടുമൊരു പിടി വാരാനോരുങ്ങുമ്പോള്‍
'വേണ്ട' യെന്നോതി തടഞ്ഞുടന്‍ രുക്മിണി....''
എത്ര മധുരമായി വിവരിക്കുന്നു കവി ഈ പുരാണകഥാസന്ദര്‍ഭം.
രാമകഥയുടെ മൂലാധാരമായ കൈകേയി എന്ന കഥാപാത്രത്തെ അതേ പേരിലുള്ള ഒരു ചെറുകാവ്യത്തിലൂടെ അവതരിപ്പിച്ച ദിനകരന്‍ രാമായണകഥയ്ക്കുതന്നെ മറ്റൊരു ഭാഷ്യം നിര്‍മ്മിക്കുകയായിരുന്നു.
''പുത്രസൗഖ്യത്തിനു മോഹമില്ലാത്തവ-
രെത്രയുണ്ടിന്നീ ഭുവനത്തില്‍,ലോകരേ...''
എന്ന കൈകേയിയുടെ ചോദ്യത്തിലൂടെ മാതൃത്വത്തിന് മറ്റൊരു ഭാവം നല്‍കുകയും, ആ കഥാപാത്രത്തെ മൊത്തത്തില്‍ അഴിച്ചു പണിയുകയും ചെയ്യുന്നു കവി.ഈ ചോദ്യം നമ്മള്‍ വായനയുടെ അവസാനം കുറച്ചൊക്കെ അംഗീകരിച്ചുപോകും ദിനകരഭാവന കൊണ്ട്.
കുട്ടികള്‍ക്കുള്ള രചനകള്‍ എന്ന പേരില്‍ ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും പേരുകള്‍ ചേര്‍ത്ത് കവിത എഴുതിയ ദിനകരന്‍, കേരളത്തിലെ ജില്ലകള്‍,നദികള്‍,മലകള്‍,പുഴകള്‍,എന്നല്ല താലൂക്കുകളുടെ പേരുകള്‍ വരെ ചേര്‍ത്ത് കവിതകളുണ്ടാക്കി.എന്നിട്ട് അത് രസകരമായി പാടാനും പഠിക്കാനും ഓര്‍ത്തുവെക്കാനും കഴിയുന്ന രൂപത്തില്‍ നമുക്ക് തന്നു.നേരിയ ഹാസ്യത്തിന്‍റെ നിറംപിടിപ്പിച്ച സാമൂഹ്യവിമര്‍ശനങ്ങളെ കൃത്യമായി കൊളളിക്കാനും ഈ കവിക്ക്‌ അറിയാം.'ഈശ്വരന്‍റെ നാട്' എന്ന കവിതയിലൂടെ ഇവിടുത്തെ കുരുത്തക്കേടും മനുഷ്യക്കുരുതിയും ശക്തമായി കവി അവതരിപ്പിച്ചു.അക്ഷരമാലാക്രമത്തില്‍ ഓണപ്പാട്ട് എഴുതി ഫലിപ്പിക്കുകയും വ്യത്യസ്തമായ പ്രണയഭാവം 'രാധയും കാളിന്ദിയും' എന്ന കവിതയില്‍ അവതരിപ്പിക്കുകയും ചെയ്തു കവി.
''അന്തിക്കൊരു കുപ്പി കള്ളുമോന്തി
അന്തപ്പന്‍ചേട്ടന്‍ വരുന്നു ചേലില്‍....''
എന്ന് തുടങ്ങുന്ന കവിതയില്‍ ഒരു മദ്യപാനിയുടെ 'ഭാവഹാവാദികള്‍' രസകരമായി പറഞ്ഞ കവി ആ കവിതയുടെ ഒടുവില്‍ മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പും എഴുതി വെയ്ക്കുന്നു.
കുട്ടപ്പനാശാന്‍റെ പട്ടണയാത്രയില്‍ അന്നോളം പട്ടണം കാണാത്ത ഒരു സംഘം ഗ്രാമീണരെ കാണിച്ചുകൊണ്ട് നമ്മളെ കുടുകുടാ ചിരിപ്പിക്കുന്ന കവി ഒടുവില്‍,
''പട്ടണം കാണേണ്ട,കൂട്ടരേ നമ്മള്‍ക്ക്
നാട്ടിന്‍പുറത്തേക്ക് പെട്ടന്ന് പോയിടാം.....''
എന്ന വരികളിലൂടെ ഗ്രാമവിശുദ്ധിയുടെ സുഖവും സൗന്ദര്യവും മാത്രമല്ല പട്ടണത്തിന്‍റെ ശ്വാസംമുട്ടലും നമ്മളെ അനുഭവിപ്പിക്കുന്നു.
ബാല്യകൗതുകങ്ങള്‍ നിറഞ്ഞ പഴയ നടവഴികളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന 'നടവഴി' എന്ന കവിതയില്‍ നമുക്ക് നഷ്ടമാകുന്ന ചിലതൊക്കെ ഓര്‍മ്മിപ്പിക്കാനും കവിക്ക്‌ കഴിയുന്നു.
''അന്ന് നടന്ന വഴികളിലോരോന്നും
ഇന്നുമെനിക്കമ്മയെപ്പോലെ പ്രിയങ്കരം....''
എന്ന വരികളുടെ നമ്മളെയും സുഖകരമായ ഓര്‍മ്മയുടെയും നടവഴികളില്‍ എത്തിക്കുന്നു കവി.
കവിത മാത്രമല്ല ദിനകരന്‍റെ എഴുത്തില്‍ വരാറുള്ളത്.ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രം എഴുതിയിട്ടുള്ള ചെറിയ കഥകളും ലേഖനങ്ങളും ഓര്‍മ്മക്കുറിപ്പുകളും ഒക്കെ നീലാംബരിയുടെ താളുകളിലും നമുക്ക് ലഭിച്ചിട്ടുണ്ട്.
കുടുംബജീവിതത്തിലെ രസകരമായ സന്ദര്‍ഭങ്ങള്‍ ശുദ്ധനര്‍മ്മത്തില്‍ ചേര്‍ത്ത് എഴുതിയ 'ദിവസഫലം' ഉള്‍പ്പെടെയുള്ള കഥകളില്‍ പലപ്പോഴും നമ്മള്‍ പോലും കഥാപാത്രങ്ങള്‍ ആയി മാറിയിട്ടുണ്ടോ എന്ന് സംശയം തോന്നാം.ഓണക്കാലഓര്‍മ്മക്കുറിപ്പുകളിലെ 'പാഷാണംനമ്പൂരി' പോലുള്ള ചില രേഖാചിത്രങ്ങളും ശ്രദ്ധേയമാണ്.
ഗദ്യത്തിലും പദ്യത്തിലുമുള്ള എഴുത്തില്‍ മലയാളഭാഷയുടെ ശുദ്ധിയും പ്രയോഗത്തിലെ സൗന്ദര്യവും പരമാവധി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഈ കവി മറ്റുള്ളവരുടെ രചനകള്‍ വായിക്കാനും അവര്‍ക്ക് വേണ്ട പ്രോത്സാഹനം കൊടുക്കാനും ശ്രമിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്.
ഈ കവിയുടെ സാഹിത്യസഞ്ചാരപഥത്തില്‍ ഒരു കാഴ്ചക്കാരനായി നോക്കി നില്‍ക്കുന്ന എനിക്ക്,കവിക്ക്‌ ലഭിച്ച ഈ പുരസ്‌കാരം പകര്‍ന്നുതരുന്ന അഭിമാനവും സന്തോഷവും അത്രമാത്രം വലുതാണ്.ഈ കുറിപ്പ് ഞാന്‍ എഴുതി നിര്‍ത്തുമ്പോള്‍ സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞു.
എന്നാല്‍ അങ്ങ് ദൂരെ പെരിയാറിന്‍റെ തീരത്ത്‌ ചെങ്ങമനാട് എന്ന ഗ്രാമത്തില്‍ ഒരിക്കലും അസ്തമിക്കാത്ത ഒരു സൂര്യന്‍ ഇപ്പോഴും ഉദിച്ചു നില്‍ക്കുന്നുണ്ട്.മലയാളത്തെ സ്നേഹിക്കുന്ന എനിക്കും നിങ്ങള്‍ക്കും ഒരു വെളിച്ചമായി ആ സൂര്യന്‍ അവിടെ,അങ്ങനെ,ഏതു നേരത്തും ഉദിച്ചുതന്നെ നില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു.
-ഈ അഭിമാനനിമിഷം ക്യാമറയില്‍ പകര്‍ത്തി നല്‍കിയ എന്‍റെ പ്രിയ സ്നേഹിതന്‍ ശ്രീ.SMN.പ്രദീപിന് നന്ദി-

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍