Ticker

6/recent/ticker-posts

ചെമ്മീന്‍

വിനോദയാത്ര

''ചെമ്മീനെന്ന് കരുതി കൈയ്യിലെടുത്തപ്പോള്‍ സ്രാവ്........''

തകഴിയുടെ പ്രസിദ്ധമായ ചെമ്മീന്‍ എന്ന നോവലിനെക്കുറിച്ച് ഉയര്‍ന്നുവന്ന പ്രധാനപ്പെട്ട ഒരു ഒരു പരാമര്‍ശമാണ് ഇത്.ഇത് ഉന്നയിച്ചത് നിരൂപണസാഹിത്യത്തിലെ മുടിചൂടാമന്നന്‍ സാക്ഷാല്‍ ജോസഫ്‌ മുണ്ടശ്ശേരിയാണ്.ഇത് ഒരു വിമര്‍ശനം ആണോ പ്രശംസയാണോ എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം പറയാന്‍ തല്ക്കാലം ഞാന്‍ ശ്രമിക്കുന്നില്ല. അതിന് ഞാന്‍ അടിമുടി ചെമ്മീന്‍ പൊളിക്കണം.അത് മറ്റൊരു അവസരത്തില്‍ ആകട്ടെ.ഇത്തവണ ചെമ്മീന്‍ ഉണ്ടായ ചരിത്രത്തിലേക്ക് നമുക്കൊന്ന്
പോകാം ആദ്യം.
തകഴിയുടെ അടുത്ത സുഹൃത്താണ്‌ ജോസഫ്‌ മുണ്ടശ്ശേരി.ഒരു സുഹൃത്ത്‌ മാത്രമല്ല രക്തബന്ധത്തെക്കാള്‍ ആഴത്തില്‍ വേരോടുന്ന ഒരു മാനസികബന്ധം ഉണ്ടായിരുന്നു തകഴിക്കും മുണ്ടശ്ശേരിക്കും ഇടയില്‍.തകഴി വടക്കോട്ട്‌ പോയാല്‍ മംഗളോദയം ആണ് ലക്‌ഷ്യം.അന്ന് മലയാളത്തിലെ സാഹിത്യഗജകേസരികള്‍ ഒത്തുകൂടുന്ന പ്രധാന ക്യാമ്പ് ആണ് മംഗളോദയം.സിംഹവും പുലിയും വെട്ടുപോത്തും കാകനും കഴുകനുമൊക്കെ വിഹരിക്കുന്ന കൊടുങ്കാടാണ് അന്നത്തെ മംഗളോദയം.അത്തരം ഒരു കാട്ടുക്യാമ്പില്‍ വെച്ചുള്ള വെടിവട്ടങ്ങള്‍ക്കിടയിലാണ് ചെമ്മീന്‍ എന്ന പേരില്‍ ഒരു നോവല്‍ മനസിലുണ്ടെന്ന കാര്യം ആദ്യമായി തകഴി പ്രഖ്യാപിക്കുന്നത്.നോവലിന്‍റെ പേര് ചെമ്മീന്‍ എന്നല്ലാതെ വിഷയമോ മറ്റ് വിവരങ്ങളോ തകഴി വെളിപ്പെടുത്തിയില്ല. നോവലിന്‍റെ പേര് കേട്ട മുണ്ടശ്ശേരി ഇതൊരു വര്‍ഗ്ഗസമരത്തിന്‍റെ കഥയായിരിക്കും എന്ന് പ്രവചനവും നടത്തി. അതിന്‍റെ കാരണം രണ്ടിടങ്ങഴി മലയാളത്തില്‍ പൂത്തുതളിര്‍ത്ത്‌ നില്‍ക്കുന്ന കാലമാണല്ലോ അത്. അതാണെങ്കില്‍ ഒരു എമണ്ടന്‍ വര്‍ഗസമരകഥയും. രണ്ടിടങ്ങഴി കര്‍ഷകതൊഴിലാളികളുടെ വര്‍ഗ്ഗസമരം ആണെങ്കില്‍ ചെമ്മീന്‍ മത്സ്യത്തൊഴിലാളികളുടെ വര്‍ഗ്ഗസമരം ആയിരിക്കും എന്ന് മുണ്ടശ്ശേരി അങ്ങ് സ്വപ്നം കണ്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ.വര്‍ഗ്ഗസമരത്തിന് നല്ല മാര്‍ക്കറ്റ് ഉള്ള കാലമായിരുന്നു അത്.രണ്ടിടങ്ങഴി ബംബര്‍ ഹിറ്റ്‌ ആയപ്പോള്‍ തകഴി വേറെ വഴി തേടില്ല എന്നൊരു നിഗമനം മുണ്ടശ്ശേരിക്ക്‌.
നിഗമനവും പ്രവചനവുമൊന്നും ഒട്ടും ഒളിച്ചുവെക്കുന്ന ശീലം മുണ്ടശ്ശേരിക്ക്‌ അന്നും ഇല്ല.മലയാളി എവിടെ ഉണ്ടോ അവിടെല്ലാം ഈ ചെമ്മീന്‍ കഥയ്ക്ക്‌ മുണ്ടശ്ശേരി കൊടുക്കാവുന്ന പ്രചരണം പരമാവധി കൊടുത്തു.കണ്ണിക്കണ്ടവരോടും പ്രസംഗവേദികളില്‍ പരസ്യമായും മുണ്ടശ്ശേരി തകഴിയുടെ ഇനിയും എഴുതി തുടങ്ങാത്ത ചെമ്മീന്‍ എന്ന നോവലിന്‍റെ വിശേഷങ്ങള്‍ പറഞ്ഞു നടന്നു.മുണ്ടശ്ശേരിയെ വിശ്വസിച്ച് സകലമാനപത്രങ്ങളും സാഹിത്യമാസികകളും എന്തിന് എന്‍.ബി.എസ് ബുള്ളറ്റിനും കാറ്റലോഗും ചെമ്മീന്‍ വിശേഷങ്ങള്‍ നൂറ് നാവില്‍ വിളമ്പാന്‍ തുടങ്ങി.ഒന്നും രണ്ടും അല്ല ഏതാണ്ട് രണ്ടരവര്‍ഷം ചര്‍ച്ച മാത്രം നടന്നു.തകഴി ഒരു വരിപോലും എഴുതുകയോ ചെമ്മീന്‍ എന്താണ് എന്ന് വെളിപ്പെടുത്തുകയോ ചെയ്തില്ല.
ഒടുവില്‍ സാഹിത്യലോകം ആകെ സഹികെട്ടു.തീരെ സഹിക്കാന്‍ വയ്യാതെ വന്നത് ഡി.സി.കിഴക്കേമുറിക്കാണ്.കാരണം ഡി.സി.യാണ് അന്ന് എന്‍.ബി.എസ്.അമരക്കാരന്‍. ഈ ചെമ്മീന്‍ വെച്ച് സുന്ദരമായ ഒരു കച്ചവടം അദ്ദേഹം പ്ലാന്‍ ചെയ്തിട്ടുണ്ട്.ഒടുവില്‍ സഹികെട്ട ഡി.സി.കിഴക്കേമുറി ഒരു കൊച്ചുവെളുപ്പാന്‍കാലത്ത് തകഴിയിലെത്തി.തകഴിയെ തകഴിയില്‍ നിന്നും കയ്യോടെ പിടികൂടി നേരെ കോട്ടയത്തിന്‌ ഒറ്റവിടീല്‍. കോട്ടയത്തെ ബോട്ട്ഹൌസ് ലോഡ്ജില്‍ കൊണ്ടുപോയി ഒരു മുറിക്കുള്ളില്‍ പൂട്ടി.നോവല്‍ എഴുതിത്തീരാതെ മുറിക്ക് പുറത്ത് വിടരുത് എന്ന് ലോഡ്ജ് ഉടമ മത്തായിക്കുട്ടിയെ ചുമതലപ്പെടുത്തി.ഡി.സി.കിഴക്കേമുറിയുടെ മനസാക്ഷി സൂക്ഷിക്കുന്നത് ഈ മത്തായിക്കുട്ടിയാണ്.ഡി.സി.എന്ത് പറഞ്ഞാലും പറഞ്ഞപോലെ മത്തായി ചെയ്യും.മത്തായിയുടെ ശരിയായ പേര് ഇ.വി.മാത്യു എന്നാണ്.പുള്ളിക്ക് ഈ ബോട്ട്ഹൌസ് ലോഡ്ജ് മാത്രമല്ല അതിനോട് ചേര്‍ന്ന് ബോട്ട് ഹൌസ് കഫെ എന്ന ഒരു സ്ഥാപനം കൂടി ഉണ്ട്. മത്തായിപോറ്റി എന്ന പേരിലാണ് അദ്ദേഹം കോട്ടയത്ത്‌ അറിയപ്പെടുന്നത്. ഈ വിവരങ്ങളെക്കുറിച്ച് മലയാള മനോരമ എഡിറ്റര്‍ ആയിരുന്ന തോമസ്‌ ജേക്കബ് ഒരിടത്ത് വിശദമായി എഴിതിയിട്ടുണ്ട്.
അന്നത്തെക്കാലത്ത്‌ തകഴിക്ക് ഒരു ശീലം ഉണ്ടായിരുന്നു.തെങ്ങിന്‍റെ കൂമ്പില്‍ നിന്നും ഉണ്ടാക്കുന്ന ഒരു ജ്യൂസ് നിര്‍ബന്ധമാണ്‌.ഈ ജ്യൂസ് കുടിച്ചാല്‍ ചെമ്മീന്‍ പണി നടക്കില്ല എന്ന് അറിയാവുന്നതുകൊണ്ടാണ് ഡി.സി.തകഴിയെ പുറത്തിറക്കരുത് എന്ന് പറഞ്ഞത്.ജ്യൂസ് വേണമെന്ന് തോന്നിയാല്‍ വൈകുന്നേരങ്ങളില്‍ ഒരു ബോട്ടില്‍ ബിയര്‍ അനുവദിക്കാം എന്ന കല്പനയോടെ ഡി.സി. സ്ഥലം വിട്ടു.എന്നാല്‍ തകഴി ജ്യൂസും കുടിച്ചില്ല ബിയറും ചോദിച്ചില്ല.
ഒറ്റയിരുപ്പ്......അന്നുതൊട്ട് എണ്ണികൊണ്ട് എട്ട് ദിവസം.ചെമ്മീന്‍ എല്ലാ പണിയും തീര്‍ത്ത് എഴുതി പൂര്‍ത്തിയാക്കി. പണികഴിഞ്ഞ് ചെമ്മീന്‍ ഡി.സി.കിഴക്കേമുറിയെ ഏല്‍പ്പിച്ചു യാത്രപറയുമ്പോള്‍ ലോഡ്ജ് ഉടമ മത്തായിക്കുട്ടിയോടും തകഴി ഇത്തിരി കുശലം പറഞ്ഞു.വിശദമായി പരിചയപ്പെട്ടപ്പോളാണ് നമ്മുടെ മത്തായിക്കുട്ടിയുടെ വീട്ടുപേര് 'ശങ്കരമംഗലം' ആണെന്ന് തകഴി മനസിലാക്കുന്നത്‌. വീട്ടുപേര് കേട്ടപ്പോള്‍ തകഴി പറഞ്ഞു.
''എടൊ നല്ല പേരാണല്ലോ.....നിങ്ങള് ക്രിസ്ത്യാനികള്‍ക്ക് പറ്റിയ പേരല്ലല്ലോ ആ പേര്....അത് എനിക്കിങ്ങ് തന്നേക്ക്‌......''
ആരുടേയും അനുവാദത്തിന് കാത്തുനില്‍ക്കാതെ മത്തായിക്കുട്ടിയുടെ ശങ്കരമംഗലം എന്ന വീട്ടുപേരും ചുമന്നുകൊണ്ടു തകഴി, തകഴിക്ക് വണ്ടികയറി.
ചെമ്മീന്‍ നല്‍കിയ റോയല്‍റ്റി പണവും ചില സമ്പാദ്യങ്ങളും കൊണ്ട് പിന്നീട് തകഴിയില്‍ ഒരു വീട് വെച്ചപ്പോള്‍ ആ വീടിന് തകഴി ഇട്ട പേരാണ് ശങ്കരമംഗലം.ആ വീട്ടുപേര് ഇന്നു തകഴിക്ക് സ്വന്തം.തകഴി എന്ന സ്ഥലപ്പേരും ശങ്കരമംഗലം എന്ന വീട്ടുപേരും മലയാളം ഉള്ള കാലത്തോളം മലയാളി ഓര്‍ത്ത് വെക്കും.ഇതുരണ്ടും മലയാളത്തിന്‍റെ പ്രിയ കഥാകാരന്‍റെ പേരിന്‍റെ പര്യായപദങ്ങളാണ്.

വിനോദയാത്ര @ എം.എസ്.വിനോദ്. 

(വിവരങ്ങള്‍ക്ക് കടപ്പാട്-എന്‍റെ വായന)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

3 അഭിപ്രായങ്ങള്‍

  1. പെട്ടെന്ന് തീർന്നു പോയി... കുറച്ചും കൂടിയുണ്ട് എന്ന ഒരു പ്രതീക്ഷ ഉണ്ടായിരുന്നു... അങ്ങനെ ഡി. സി.
    കിഴക്കേമുറി വിചാരിച്ചത് കൊണ്ട് ചെമ്മീൻ പിറന്നു.... തെങ്ങിൻ കൂമ്പ്
    ജ്യൂസ്‌.... ഹഹ....മനോഹരം ആയ എഴുത്ത്....ആശംസകൾ....

    മറുപടിഇല്ലാതാക്കൂ
  2. "ഒരു വരി കൂടി പ്പാടൂ
    പുണ്യ പുരാണം രാമകഥ....."
    എന്ന് ചേർത്തുവയ്ക്കുന്നു

    മറുപടിഇല്ലാതാക്കൂ
  3. "ഒരു വരി കൂടിപ്പാടൂ
    പുണ്യപുരാണം രാമകഥ...."
    എന്ന കവിതാശകലം ചേർത്തു വയ്ക്കുന്നു.

    മറുപടിഇല്ലാതാക്കൂ