Ticker

6/recent/ticker-posts

കാക്ക

കാക്ക കവികൾക്ക് ഒരു വിഷയമാകുന്നത് സാധാരണയായി കർക്കടകമാസത്തിലാണ്.പിതൃപൂജയുടെ ഓർമ്മകളിലേക്ക് കവിഭാവന പറന്നെത്തുന്നത്‌ കാക്കയുടെ ചിറകിലേറിയാണ്.സീബ മക്രേരിയെന്ന കവയിത്രിയുടെ വരികളിലും ഭാവനയിലും കർക്കടകത്തിൽ മാത്രമല്ല വർഷം മുഴുവനും കാക്കകൾ പറന്നു നടക്കുകയാണ്.അത് വൃശ്ചികക്കുളിർ നിറച്ച് നീലാംബരിയുടെ മുറ്റത്ത് പറന്നു കയറിയപ്പോൾ കൗതുകത്തോടെയാണ് വായിച്ചത്.
കവിതയെഴുത്ത് ഗൗരവമുള്ള ഒരു പ്രക്രിയയായി കാണുന്ന എഴുത്തുകാരിയാണ് സീബ.കവിതയിൽ മാത്രമല്ല എഴുത്തിന്റെ എല്ലാ മേഖലയിലും സീബ മക്രേരി സ്വന്തം വ്യക്തിത്വം പ്രതിഫലിപ്പിക്കാറുണ്ട്.അതുകൊണ്ടുതന്നെ സീബയുടെ കാകപുരാണം നീലാംബരിയിൽ കാക്ക എന്ന പേരിൽ വന്നപ്പോൾ വായന സുന്ദരമായ ഒരു അനുഭവമായി.ഒരു കവിതയ്ക്ക് അവശ്യമായ സർവ്വകലാശാല നിയമങ്ങളും കലാസൗന്ദര്യവും തത്വശാസ്ത്രജാഡയും പകിട്ടും പൊലിപ്പുമൊന്നും അത്ര ഗൗരവത്തോടെ ചിന്തിക്കാതെയാണ് സീബ കാക്കവിഷയത്തെ സമീപിച്ചിരിക്കുന്നത്.വായനക്കാരൻ കവിത വായിച്ച് മൂക്കത്ത് വിരൽ വെച്ചു കൊണ്ട് പറമ്പിലേക്കിറങ്ങി കാക്കയെ ആദ്യമായി കാണുന്ന പോലെ ഒന്ന് ചുറ്റി നോക്കും എന്ന് എനിക്ക് ഉറപ്പാണ്.നമ്മൾ കണ്ടിട്ടും കാണാതെ പോകുന്ന ഒന്നിനെ നമുക്ക് ചൂണ്ടിക്കാട്ടിത്തരുന്നു സീബ എന്നതാണ് ഈ കവിതയിൽ ഞാൻ കാണുന്ന മേന്മ.
കാക്കയുടെ നിറം കറുപ്പാണ്.ആ നിറത്തിന് അളവുകോലില്ല എന്ന് കവയിത്രി ഉറപ്പുപറയുന്ന ആദ്യത്തെ വരിതന്നെ ഒരു സാമൂഹ്യതത്വ ശാസ്ത്രമാണ്.കറുപ്പ് അത്ര മോശം നിറമാണെന്ന് ആരും പറയില്ല.കറുപ്പിന് ഏഴഴകാണെന്ന് പഴമക്കാർ മാത്രമല്ല 'കറുപ്പുതാൻ എനക്ക് പുടിച്ച കളറ്' എന്ന് ഇന്നത്തെ ന്യൂജനറേഷൻ കുട്ടികളും പറയും.ഒരു നിറത്തിൽ നിന്നും കറുപ്പിനെ മാറ്റി നിർത്താനാകില്ല എന്നത് ഒരു ശാസ്ത്രീയ സത്യവുമാണ്. അതു കൊണ്ടു തന്നെ കാക്കയ്ക്ക് കറുപ്പാണ് അതിന്റെ അസ്തിത്വം.ആ കറുപ്പിന്റെ മുഴുവൻ സൗന്ദര്യവും പ്രകൃതിയെ കൂവി ഉണർത്തുന്ന കാക്കയിൽ കവയിത്രി സീബ കാണുന്നതിൽ അത്ഭുതമെന്തിന്.നമ്മളോടൊപ്പം എപ്പോഴുമുള്ള ഈ പക്ഷിയെ ഒരു പക്ഷിയായിപ്പോലും അംഗീകരിക്കാൻ കഴിയാത്ത മനുഷ്യന്റെ മനസ്ഥിതി യോടുള്ള പ്രതിഷേധം കൂടിയാണ് ഈ വരികൾ എന്ന് പറഞ്ഞാൽ സീബ നിഷേധിക്കുമോ.
കാകശബ്ദം ഒരു ദിവസം ഒരു തവണയെങ്കിലും കേൾക്കാതെ ഉറങ്ങുന്നവർ മലയാളത്തിലെന്നല്ല ഇന്ത്യാ രാജ്യത്ത് തന്നെ ഉണ്ടാകുമോ എന്ന് സംശയമാണ്.കാക്ക വന്നിരുന്ന് വിരുന്നു വിളിക്കാത്ത മുറ്റവും കാക്ക വിരുന്നു വിളിച്ചാൽ വരാത്ത വിരുന്നുകാരും ഇല്ല.ഒരു കൈ അകലത്തിൽ സൗഹൃദം എന്നും നിലനിർത്തി ഒരിക്കലും ഇണങ്ങാതെ എന്നാൽ പിണങ്ങാതെ നമ്മളോടൊപ്പം നമ്മുടെ ജനനം മുതൽ മരണം വരെയും ഒരു പക്ഷേ മരണാനന്തരം നമ്മുടെ ആത്മാവിനൊപ്പവും ചേർന്ന് നിൽക്കുന്ന മറ്റേത് ജന്മമാണ് ഈ ഭൂമിയിൽ ഉള്ളത്.
കാക്കയെ സീബ സുന്ദരമായി അവതരിപ്പിക്കുമ്പോൾ കാക്കയുടെ ഈ പ്രത്യേകതകളുടെ സൗന്ദര്യത്തേക്കാൾ എന്നെ ആകർഷിച്ചത് സീബയുടെ നിരീക്ഷണ പാടവമാണ്. കവിതയിലുടനീളം ഒരു കാകദൃഷ്ടി സീബയുടേതായി ഉണ്ടെന്ന് പറയാം.
വെറുതെ ഒരു കാക്കക്കാഴ്ച നടത്തുകയല്ല സീബയുടെ ഉദ്ദേശം എന്ന് വ്യക്തമാക്കുന്ന ചില പരാമർശനങ്ങൾ നമുക്ക് കവിതയിൽ കാണാം. നിറത്തിന്റെ പേരിൽ മനുഷ്യൻ മനുഷ്യനെത്തന്നെ അളക്കുകയും അടിമപ്പെടുത്തുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും കാലം എത്രയോ മുന്നോട്ടു പോയി.വർണ്ണവ്യത്യാസത്തിന്റെ കൊടികളെല്ലാം ഒന്നൊന്നായി താഴ്ത്തിക്കെട്ടിയ പുതിയ കാലത്തിലും കാക്കയുടെ പുറം കറുപ്പിനുള്ളിലെ മനസ് വ്യക്തമാക്കിക്കൊണ്ട് നമ്മളിലെ അകം കറുപ്പിനെ വെളിച്ചത്തു കൊണ്ടുവരാൻ സീബ ശ്രമിക്കുന്നുണ്ടെന്ന് എനിക്ക് വരികൾക്കിടയിലൂടെ വായിച്ചപ്പോൾ തോന്നി. ഇത്രമേൽ പുറം കറുത്തിരുന്നിട്ടും നമ്മളിൽ നിന്നും ഇത്തിരി ദൂരമകലത്തിൽ നിന്നു കൊണ്ട് ജന്മം കൊണ്ടും കർമ്മം കൊണ്ടും നമ്മളെ പുതിയ പാഠങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുന്ന ഈ പക്ഷി മനുഷ്യന്റെ ജീവിതത്തിൽ നമ്മൾ ശ്രദ്ധിച്ച് അനുകരിക്കേണ്ട ഒരു വലിയ സന്ദേശമാണെന്ന സൂചന കവിതയിലുണ്ട്.എത്ര ആട്ടിയോടിച്ചാലും പരിഹസിച്ചാലും ശകാരിച്ചാലും ഒരു പിണക്കവും പ്രകടിപ്പിക്കാതെ നമ്മളുടെ സാമൂഹ്യജീവിതത്തിൽ നമ്മളോടൊപ്പം നിന്ന് നമ്മളെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന കാക്ക ഇന്നിന്റെ മാത്രമല്ല എന്നത്തേയും പ്രതീകമാണെന്ന് കവിത സമർത്ഥിക്കുന്നുണ്ട്.
കാക്കക്കുളിയെന്ന് പരിഹസിച്ച് മൂന്ന് നേരം അടിച്ചു നനച്ച് കുളിക്കുന്ന നമുക്കുള്ള മാനസികവൃത്തി സ്വയം വിലയിരുത്താൻ ഈ വരികൾ പ്രേരണയാകുന്നുണ്ട്.കാര്യം നേടാൻ ഏത് കഴുതക്കാലും പിടിക്കുന്ന മനുഷ്യന്റെ വൃത്തികെട്ട സംസ്ക്കാരത്തെ സൗഹൃദമെന്ന് കൊട്ടിഘോഷിക്കുന്ന ഒരു കാലത്തിലാണ് നമ്മൾ നിൽക്കുന്നത്.
മനുഷ്യജീവിതത്തിന്റെ ഭൗതികവും ആത്മീയവുമായ പരിസരങ്ങളിലൊക്കെ പറന്നു നടക്കുന്ന ഈ കാക്കയെ ഒന്ന് നിന്ന് ശ്രദ്ധിക്കാനും അത് നൽകുന്ന നല്ല പാഠങ്ങൾ ഉൾക്കൊള്ളാനും ഉള്ളിന്റെ ഉള്ളിലെ കറുപ്പ് നിറം മായിച്ചു കളയാനും ശ്രമിക്കണമെന്ന നല്ല ഉദ്ദേശം ഈ കവിതയിലുണ്ട്.
പുരോഗമന കവിതാചിന്തയുടെ സന്ദേശവാഹകർക്കും പരമ്പരാഗതരീതിയുടെ കാരണവൻമാർക്കും ഒരുപോലെ ദഹിക്കാത്ത വിധത്തിലുള്ള ഒരു രചനാരീതിയാണ് സീബ തെരഞ്ഞെടുത്തിട്ടുള്ളത്.എതിരഭിപ്രായം ഉള്ളവരുണ്ടാകും.എന്നാലും കാക്ക കറുത്തു തന്നെ ഇരിക്കും.അത് നമുക്കു ചുറ്റും പറന്നു കൊണ്ടിരിക്കും.ഒന്നും പ്രതികരിക്കാതെ.... അല്പം പോലും പ്രതിഷേധിക്കാതെ.സ്വന്തം നിലപാടുകളുടെ ശക്തമായ ചിറകുകൾ വിരിച്ച് അത് പറക്കട്ടെ....
കാക്ക- സീബ മക്രേരി
-----------------------------------
അളവുകോലില്ലാത്ത
കറുപ്പിന്റെ ഏഴഴകും
തന്നിലേക്കാവാഹിച്ച്
പ്രഭാതമുണരും മുമ്പേ
ഉണരുന്ന പ്രകൃതിയുടെ
കൂട്ടുകാരി....
നീയെത്ര സുന്ദരിയാണ്!
നിന്റെ ശബ്ദമില്ലാത്ത
ഒരു പകൽ പോലും
ചിന്തിക്കുക എത്ര ദുഷ്കരം
നീ വിരുന്നെത്താത്ത
എന്റെ മുറ്റം എത്ര ശൂന്യം
നിന്റെ സാന്നിദ്ധ്യമില്ലാതെ
എന്റെ ജന്മത്തിന്
അർത്ഥമുണ്ടാകുമോ...
വിരുന്നുകാരനെ വിളിക്കാനും
ഉണ്ണിക്ക് മാമുണ്ണാനും
നിന്റെ പാട്ടു വേണം.
കൗശലക്കാരനായിട്ടും
കുയിലിന്റെ ചതിയിൽ നിന്നും
നിനക്ക് മോചനമില്ലാത്തതെന്തേ ?
പ്രഭാതഭേരി മുഴക്കി
എന്നുമെന്നെ വിളിച്ചുണർത്തുന്ന
നിന്റെ കാത്തിരുപ്പ്
ക്ഷമനശിച്ച് മരക്കൊമ്പിൽ
നിന്നൂർന്ന് തുറന്നിട്ട
ജാലക വാതിലിലൂടെ
വീണ്ടും വീണ്ടും നിന്റെ
വിളിയൊച്ച കേട്ടുണരുന്ന
എന്റെ പുലരികൾ...
ഒരു കൈ അകലം പാലിച്ച്
ഇത്രയും അടുപ്പക്കാരിയാകാൻ
നിനക്കേ കഴിയൂ
പഴഞ്ചൊല്ലുകളിലും നീ നിറയുന്നു
കാക്കയ്ക്കും തൻകുഞ്ഞ്
പൊൻകുഞ്ഞ് എന്ന ചൊല്ല്
നിന്റെ മാതൃസ്നേഹം
ഉദാത്തമാക്കി
മനുഷ്യരെ ലജ്ജിപ്പിക്കുന്നു !!
നിന്റെ സംഘശക്തിക്കു മുന്നിൽ
ജയിക്കുന്നവരാര്..?
ചാഞ്ഞും ചെരിഞ്ഞുമുള്ള
നിന്റെ നോട്ടത്തിന്റെ
അർത്ഥമെന്താണ്
പണ്ട് ശ്രീരാമൻ പുൽ ശരം
എറിഞ്ഞതിനാലാണോ
നീ ഒറ്റക്കണ്ണിയായത്.?
രണ്ടു നേരം മുങ്ങിക്കുളിക്കുന്ന
നിന്നെച്ചൊല്ലി കുളിക്കാത്ത
ആരോ പറഞ്ഞതല്ലേ
കാക്കക്കുളിയെന്ന് .
മാധുര്യമില്ലെങ്കിലും എത്രയെത്ര
സ്വരഭേദങ്ങളാണ്
നിന്നിലൂടെ ഒഴുകുന്നത് .
നിന്റെ സൂക്ഷ്മ നിരിക്ഷണ പാടവം
കുശാഗ്രബുദ്ധി..
നിന്നിൽ നിന്നും പഠിക്കാനേറെ...
വീട്ടിൽ വളർത്താത്ത
വീട്ടിലെ പക്ഷിയായി
ഒടുവിൽ വീട്ടുകാരുടെ
നിത്യശാന്തിക്ക്
ബലിച്ചോറുണ്ണാനും
കാത്തിരിക്കുന്നത്
നിന്നെ തന്നെ.
കാക്കേ നീയെത്ര
പുണ്യവതിയാണ്....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍