എനിക്ക് എന്‍റെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷം നല്‍കുന്ന ദിവസങ്ങളില്‍ ഒന്നായി മാറുന്നു ജൂലൈ 7.ഒരു കൂട്ടായ്മയുടെ ജന്മദിനം അതില്‍ അംഗങ്ങളായ മുഴുവന്‍ സൗഹൃദങ്ങളുടെയും, അവരുടെ കുടുംബങ്ങളുടെയും സന്തോഷവും അഭിമാനവും ആണ്.
ഏതൊരു ജന്മദിനവും അതുവരെ കടന്നുവന്ന ദിവസങ്ങളുടെ വിലയിരുത്തലും അടുത്ത ദിവസങ്ങളിലേക്കുള്ള പ്രവര്‍ത്തനങ്ങളുടെ പദ്ധതികള്‍ തയ്യാറാക്കലും ആണ്.കടന്നുപോയ ഒരു വര്‍ഷത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മള്‍ ആഗ്രഹിച്ച തരത്തിലുള്ള വിജയങ്ങള്‍ അവകാശപ്പെടാന്‍ കഴിയുന്നില്ല എങ്കിലും നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ മനസ്സില്‍ സന്തോഷവും സംതൃപ്തിയും ഉണ്ട്.അത് നീലാംബരിയുടെ 7000 ത്തോളം വരുന്ന ഓരോ സൗഹൃദങ്ങള്‍ക്കും അവകാശപ്പെട്ടതാണ്.
തമിഴില്‍ ഒരു മൊഴിയുണ്ട്.ഞാന്‍ എന്ന് പറഞ്ഞാലോ നീ എന്ന് പറഞ്ഞാലോ അധരങ്ങള്‍ തമ്മില്‍ ഒട്ടില്ല.നമ്മള്‍ എന്ന് പറയുമ്പോള്‍ മാത്രമേ അത് ഒന്നായി ഒട്ടുകയുള്ളൂ എന്ന്.അതുപോലെ ഇവിടെ ഞാന്‍-നീ വ്യത്യാസങ്ങള്‍ ഇല്ലാതെ നമ്മള്‍ എന്ന മന്ത്രം ആയിരിക്കണം നീലാംബരിയുടെ വിജയമന്ത്രം.
പാളിച്ചകള്‍,തെറ്റുകള്‍,തെറ്റിദ്ധാരണകള്‍,അകല്‍ച്ചകള്‍,പിണക്കങ്ങള്‍ അങ്ങനെ പലതും സംഭവിച്ചിട്ടുണ്ടാകാം.വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് അപ്പുറം ഒരു സൗഹൃദത്തിന്‍റെ ഊടും പാവും നെയ്യാന്‍ വിട്ടുവീഴ്ചകള്‍ക്കും വിട്ടുകൊടുക്കലിനും നമ്മള്‍ ഓരോരുത്തരും തയാറാകണം.വിമര്‍ശനങ്ങളും ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്.വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനും ആക്രമണങ്ങളെ പ്രതിരോധിക്കാനും നീലാംബരിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.അനാവശ്യമായ വിവാദങ്ങളിലേക്ക് പോയി സമയവും ഊര്‍ജ്ജവും നഷ്ടപ്പെടുത്താന്‍ നീലാംബരി ശ്രമിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.ചെറിയ കാര്യങ്ങള്‍ മാത്രമല്ല ഈ ചെറിയ കാലയളവില്‍ വളരെ വലിയ കാര്യങ്ങളും ചെയ്തുതീര്‍ക്കാന്‍ നീലാംബരിക്ക് കഴിഞ്ഞിട്ടുണ്ട്.തുടര്‍ന്നുള്ള പ്രയാണത്തില്‍ കഴിഞ്ഞകാലഅനുഭവങ്ങള്‍ നമുക്ക് വഴിവിളക്കുകള്‍ ആകട്ടെ.
പല സാഹചര്യങ്ങളില്‍ നീലാംബരിയില്‍ നിന്നും പിരിഞ്ഞു പോകുകയും അകന്നുപോകുകയും ചെയ്ത സൗഹൃദങ്ങള്‍ വീണ്ടും കൂട്ടിച്ചേര്‍ക്കാനുള്ള അവസരമായി ഈ ജന്മദിനം ഉപയോഗപ്പെടുത്തും എന്നും ആശിക്കുന്നു.
നീലാംബരി ആരംഭിച്ച ദിവസം മുതല്‍ ഈ അക്ഷരസദസ്സില്‍ ഒരു വരിയെങ്കിലും എഴുതിയിട്ടുള്ളവരും, ഒരു വരയെങ്കിലും വരച്ചിട്ടുള്ളവരും, ഒരു സ്നേഹമെങ്കിലും രേഖപ്പെടുത്തിയിട്ടുള്ളവരും, ഒരു പിന്തുണയെങ്കിലും അറിയിച്ചിട്ടുള്ളവരുമായ മുഴുവന്‍ സൗഹൃദങ്ങളേയും ഓര്‍മ്മിച്ചുകൊണ്ട്....അവരെ സല്യൂട്ട് ചെയ്തുകൊണ്ട്..... നീലാംബരിക്ക് നന്മകള്‍ നേരുന്നു......
0 അഭിപ്രായങ്ങള്‍