Ticker

6/recent/ticker-posts

സലിം അലി


പഴയ ബോംബയിലെ ഖേത്വാഡി എന്ന ഗ്രാമത്തിൽ ജനിച്ച അബ്ദുൾ അലി എന്ന ബാലൻ പിറന്ന് കണ്ണ് വിരിയും മുൻപ് അനാഥനായവനാണ്.മുന്നിലും പിന്നിലുമായി എട്ട് സഹോദരീസഹോദരങ്ങളുമായി അടുത്ത ബന്ധുക്കളുടെ കാരുണ്യത്തിൽ പിന്നീട് ജീവിച്ചവൻ.സാഹചര്യങ്ങളുടെ എല്ലാ സമ്മർദ്ദങ്ങളേയും പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിച്ച് പിന്നീട് നടന്നവൻ,നടക്കാൻ പഠിച്ചവൻ.ചെറിയ കുട്ടിയായിരുന്നപ്പോൾ തന്നെ നായാട്ടിലായിരുന്നു നമ്മുടെ കുഞ്ഞലിക്ക് കമ്പം.പത്താമത്തെ വയസിൽ എയർഗൺ വെച്ച് വേട്ടയാടാൻ ആരംഭിച്ച അലിയുടെ ഏറ്റവും വലിയ വിനോദം കുരുവികളെ വെടിവെച്ചിടുകയായിരുന്നു.വെടിവെച്ച് കൊല്ലുന്ന കുരുവികളെ പുഴുങ്ങിത്തിന്ന് രുചി പഠിച്ച അലി ഒരു ദിവസം ഒരു കുരുവിക്കൂട്ടിൽ മുട്ടകൾക്ക് മുകളിൽ അടയിരിക്കുന്ന ഒരു പെൺകുരുവിയെ കണ്ടു.ആൺകുരുവി തൊട്ടടുത്ത് തന്നെ അവർക്ക് കാവലിരിക്കുന്നുമുണ്ടായിരുന്നു.കുരുവികളെ അടുത്ത് കിട്ടിയ അലിയുടെ നാവിൽ വെള്ളമൂറി.കാവലിരിക്കുന്ന ആൺകുരുവിയെ ലക്ഷ്യം വെച്ച് അലി കാഞ്ചി വലിച്ചു.ഉന്നം തെറ്റാത്ത അലിയുടെ മുന്നിൽ ആ ആൺകിളി ചത്തുവീണു.മുട്ടകൾക്ക് അടയിരുന്ന പെൺകിളി ഉടൻതന്നെ കൂട്ടിൽ നിന്നും പറന്നു പോയി.എന്നാൽ നിമിഷങ്ങൾക്കകം പെൺകുരുവി മടങ്ങി വന്നത് മറ്റൊരു ആൺകുരുവിയുമായാണ്.കൂടെ കൊണ്ടുവന്ന ആൺകുരുവിയെ കാവലിരുത്തി പെൺകുരുവി മുട്ടകളിൽ അടയിരുന്നു.കിട്ടിയ അവസരം അലി പാഴാക്കിയില്ല.അടുത്ത ഉന്നം ഈ ആൺകുരുവിക്ക് നേരേ.വെടി കൊണ്ടു, ആൺകുരുവി വീണു.പെൺകിളി വീണ്ടും പറന്നു പോയി മറ്റൊരു ആൺകിളിയുമായി വന്നു.അലിക്ക് ആവേശം കൂടി.ഓരോ തവണയും പെൺകിളി പോയി ഓരോ ആൺകിളികളെ കൂട്ടിക്കൊണ്ട് വരികയും അവയെ എല്ലാം അലി വെടിവെച്ച് കൊല്ലുകയും ചെയ്തു.അങ്ങനെ അന്നത്തെ ദിവസം എട്ട് ആൺകുരുവികളെ അലി കൊന്നു തള്ളി.പെൺ കുരുവിയുടെ വിചിത്രമായ ഈ പെരുമാറ്റം ബാലനായിരുന്ന അലിയിൽ കൗതുകം ഉണർത്തി.ആ കൗതുകം അതേപോലെ അന്ന് രാത്രിയിൽ അലി സ്വന്തം നോട്ട്ബുക്കിൽ കുറിച്ചു വെച്ചു.സാലിം മുജിസുദ്ദീൻ അബ്ദുൾഅലിയെന്ന ലോകപ്രശസ്തനായ പക്ഷിശാസ്ത്രജ്ഞന്റെ ആദ്യത്തെ നിരീക്ഷണമായി മാറി ആ പക്ഷിവേട്ട.അന്നത്തെ ആ നിരീക്ഷണം,ആ കൗതുകം പിന്നെ ചിറകുവിരിച്ച് പറന്നു.പറന്ന് പറന്ന് പറന്ന് പക്ഷിക്കൂട്ടങ്ങളോടൊപ്പം ചേർന്ന് നാടായനാടും കാടായകാടും കയറിയിറങ്ങിയ ഡോ.സാലിം അലി ഒരു സാങ്കേതികപരിജ്ഞാനത്തിന്റെയും പിൻബലമില്ലാതെ അന്നുവരെ നമുക്ക് അജ്ഞാതമായിരുന്ന പക്ഷികളെയെല്ലാം നമുക്കിടയിലേക്ക് കൂട്ടിക്കൊണ്ടുവന്ന് നമുക്ക് പരിചയപ്പെടുത്തിത്തന്നു.പക്ഷിമനുഷ്യൻ എന്ന പേരിലറിയപ്പെടുന്ന ഈ മനുഷ്യന്റെ ആത്മകഥയുടെ തലക്കെട്ട് ''ഒരു കുരുവിയുടെ പതനം'' എന്നാണ്.
വേട്ടക്കമ്പം അല്പം പോലും ഇല്ലാതിരുന്ന അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ചിത്തിരതിരുനാൾ ബാലരാമവർമ്മയാണ് സാലിം അലിയെ കേരളത്തിലേക്ക് കൊണ്ടുവന്നത്.തിരുവിതാംകൂർ കൊച്ചിരാജ്യത്തെ പക്ഷികളുടെ കണക്കെടുക്കാനെത്തിയ സാലിംഅലിയെന്ന കണക്കപ്പിള്ള പിന്നീട് കേരളത്തിലെ പക്ഷിശാസ്ത്രത്തിന്റെ പിതാവായി മാറി.ഒന്നര വർഷം നീണ്ടു നിന്ന ആ സർവ്വേയിൽ മൂന്നാർ മുതൽ കൊടുങ്ങല്ലൂർ വരെയുള്ള യാത്രയിൽ പെരിയാറിന്റെ തീരത്ത് ഒരു രാത്രി തങ്ങിയ സാലിം അലി വിചിത്രമായ പക്ഷിക്കൂട്ടങ്ങളുടെ ചിറകടി ശബ്ദം കേട്ട് സമീപത്തെ കാട് കയറി.അന്ന് കാടരിച്ചു പെറുക്കി സാലിം അലി നമുക്ക് കാട്ടിത്തന്നത് ഇരുനൂറിലധികം വ്യത്യസ്ത ഇനത്തിലുള്ള പക്ഷികളെക്കുറിച്ചുള്ള വിശദമായ ഒരു റിപ്പോർട്ടും കേരളത്തിലെ പക്ഷികളെക്കുറിച്ചുള്ള സമഗ്രമായ ഒരു പഠനഗ്രന്ഥവും ആണ്.മാത്രമല്ല ഇന്ത്യയിലെ തന്നെ അപൂർവ്വമായ പക്ഷികളുടെ സങ്കേതമായ ഇന്നത്തെ തട്ടേക്കാട്ട് പക്ഷിസങ്കേതം കണ്ടെത്തിയത് സാലിംഅലിയാണ്.അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി ''ഡോ.സാലിം അലി പക്ഷിസങ്കേതം'' എന്ന് നമ്മൾ തട്ടേക്കാട്ട് പക്ഷിക്കൂട്ടത്തിന് പേരിട്ടു.
ഒരു മനുഷ്യായുസ് മുഴുവൻ പക്ഷികളെ സ്നേഹിച്ചു ജീവിച്ച ഈ വലിയ പക്ഷി സ്നേഹി നമ്മളെ പഠിപ്പിച്ച പാഠങ്ങൾ നിരവധിയാണ്.പക്ഷികളെ മാത്രമല്ല പക്ഷികളിലൂടെ പ്രകൃതിയെ മൊത്തത്തിൽ സ്നേഹിക്കാൻ സാലിം അലി ചൊല്ലിത്തന്ന പാഠങ്ങൾ നമുക്ക് ഈ ഒരു നിമിഷം കാണാപ്പാഠം പഠിക്കാം.
ഇന്ന് -നവംബർ 12- അദ്ദേഹത്തിന്റെ ജന്മദിനമാണ്.ഈ ദിവസം ദേശീയപക്ഷിനിരീക്ഷണദിനമായി നമ്മൾ ആചരിക്കുകയാണ്.എല്ലാ ആദരവോടും കൂടി നമുക്ക് പ്രകൃതിയിലേക്ക് ഇറങ്ങാം.ഒരു പക്ഷിക്കുഞ്ഞിന്റെയും ചോര ഈ മണ്ണിൽ ഇനി വീഴില്ല എന്നും പ്രകൃതിയുടെ മുഴുവൻ സമ്മാനങ്ങളേയും നമ്മൾ സംരക്ഷിക്കുമെന്നും പ്രതിജ്ഞ ചെയ്യാം.അതായിരിക്കട്ടെ സാലിം അലി നമുക്ക് പകർന്നു നൽകിയ അറിവുകൾക്കും അനുഭവങ്ങൾക്കും നമ്മൾ നൽകുന്ന ഗുരുദക്ഷിണ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍