Ticker

6/recent/ticker-posts

എനിക്കും നിനക്കും ഇടയില്‍.......ഇരുട്ട്.....?

എനിക്കും നിനക്കും ഇടയില്‍.......ഇരുട്ട്.....?
-------------------------------------------------------------------
കവികള്‍ താമസിക്കുന്നത് ഉഷ്ണമേഖലയിലാണ് എന്ന് പൊതുവെ ഒരു പറച്ചില്‍ ഉണ്ട്.അങ്ങനെയാണെങ്കില്‍ കൃത്യം ഭൂമധ്യരേഖയുടെ ഒത്ത നടുക്കുകൂടി എന്നും നടക്കുന്ന കവിയാണ്‌ ശ്രീ.താഹാ ജമാല്‍.
ഞാന്‍ അങ്ങനെ പറയുമ്പോള്‍ ഉടനെ ഉഷ്ണിച്ച് ചാടിപ്പുറപ്പെട്ട് ധ്രുവങ്ങളിലേക്ക്‌ ഓടുന്നവര്‍ ഉണ്ടാകാം.അവര്‍ക്ക് യഥാര്‍ത്ഥകവിതയുടെ ഉഷ്ണം സഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ് എന്ന് പറയാതെവയ്യ.സ്വയം ഉഷ്ണിക്കുന്നവനും അത് മറ്റുള്ളവരെ അനുഭവിപ്പിക്കുന്നവനും ആണ് നല്ല കവി.
നീലാംബരിയുടെ കാവ്യമുകുളങ്ങള്‍ എന്ന പുസ്തകത്തിലെ താഹാ ജമാലിന്‍റെ ഇരുട്ട് എന്ന കവിത എന്നില്‍ അങ്ങനെ ഒരു ഉഷ്ണം ഉണ്ടാക്കുന്നുണ്ട് എങ്കില്‍ അത് ആ പുസ്തകത്തിലെ മികച്ച രചനകളിലൊന്ന് ആയതുകൊണ്ടാണ്.
ചാരം മൂടി കിടക്കുന്ന കവിതകളിലൊക്കെ കനല്‍ കണ്ടെത്താനും അത് വേറിട്ട വായനയിലൂടെ ഊതി ഉണര്‍ത്തി അഗ്നിയാക്കാനും എന്നും ശ്രദ്ധിക്കുന്ന ഈ കവിയുടെ ഒരു കവിത ആസ്വദിക്കുന്നതുതന്നെ സുഖകരമായ ഒരു വ്യായാമമാണ്.
കവിതയുടെ പേരും കവിതയുടെ വിഷയവും ഇരുട്ട് തന്നെയാണ്.എന്നാല്‍ ഇരുട്ടിനെ നേരിടാന്‍ കവി നില്‍ക്കുന്നത് വെളിച്ചത്തിലും,വെളിച്ചത്തിന്‍റെ ഒപ്പവും ആണെന്ന് ഈ കവിത തന്നെ ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്.'തമസോ മാ ജോതിര്‍ഗമയാ' എന്ന കവിവാക്യം എല്ലാ കവികളുടെയും നയപ്രഖ്യാപനം തന്നെയാകുമ്പോള്‍ നമ്മുടെ ഈ കവിയും വെളിച്ചത്തിനൊപ്പം നില്‍ക്കുന്നതില്‍ അത്ഭുതം വേണ്ടല്ലോ.
സത്യത്തില്‍ എന്താണ് ഇരുട്ട്.കവിത വായിച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് ഇരുട്ട് എന്ന ഒരു അവസ്ഥ ഇല്ല എന്നുതന്നെയാണ്.ഇരുട്ട് ഒരു തോന്നല്‍ മാത്രമാണ്.ഈ ലോകത്ത് മുഴുവന്‍ വെളിച്ചം മാത്രമേയുള്ളൂ.അത് കവിതയിലെ ഒരു വരിയിലൂടെ കവി സുന്ദരമായി സമര്‍ത്ഥിക്കുന്നു.
''സര്‍വ്വപരിത്യാഗിയായ വെളിച്ചത്തിന്‍റെ രൂപമാണ്‌ ഇരുട്ട്....''ഈ ചരിത്രത്തെ ആരാണ് ഇരുട്ടില്‍ ഇരുന്ന് തിരുത്തി വായിച്ചത്.ആ ഇരുട്ടിലും വെളിച്ചം ഉണ്ടെന്ന് തോന്നിപ്പിക്കുന്ന കവി ഒരു ചരിത്രം കൂടി കീറി മുറിക്കുകയാണ്.സുന്ദരമായ പ്രത്യാശയുടെ ഈ ഒറ്റവരിയാണ് എന്നെ ഈ കവിതയിലൂടെ വീണ്ടും സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചത്.
അടിമുടി ഇരുട്ടിനെ പരാമര്‍ശിക്കുന്ന കവിതയില്‍ ഒരിടത്ത് മാത്രം ആണ് വെളിച്ചം എന്ന വാക്ക് കവി പ്രയോഗിച്ചത് എന്നതാണ് മറ്റൊരു പ്രത്യേകത.എന്നാല്‍ ഓരോ ഇരുട്ടും വ്യക്തമായി നിര്‍വ്വചിച്ച് വെളിച്ചമാക്കുന്നുമുണ്ട് കവി.ഓരോ വാക്കുകൊണ്ടും ഓരോ വരികള്‍ കൊണ്ടും വെളിച്ചത്തിന്‍റെ അറ്റവും ആഴവും അളന്ന് നമ്മളെ ബോധ്യപ്പെടുത്തുന്നു.അതിനുവേണ്ടി വെളിച്ചത്തിന്‍റെ അങ്ങേയറ്റം വരെ പോകാനും കവി മടിക്കുന്നില്ല.
എനിക്കും നിനക്കും ഇടയില്‍ ഇരുട്ട് എന്ന വരിയില്‍ ഇരുട്ടിന് ഒരു അലങ്കാരം കൂട്ടിക്കാണിക്കുന്ന പ്രയോഗത്തിലൂടെ വ്യക്തിജീവിതത്തിലെ ചില അപചയങ്ങള്‍ സംബന്ധിച്ച സൂചനകള്‍ ആണ് കവി നല്‍കുന്നത്.ഞാനും നീയും,അത് നമ്മള്‍ ആരൊക്കെയായാലും,നമ്മള്‍ തമ്മിലുള്ള അകലം ആണ് നമുക്കിടയിലെ ഇരുട്ട്.ആ ദൂരം കൂടുന്തോറും ഇരുട്ട് കൂരിരുട്ടായി മാറുന്നു.നീ എന്താണ് ഇരുട്ടില്‍ തിരയുന്നത് എന്ന ചോദ്യവും അതിന്‍റെ ഉത്തരമായി 'എന്നെയോ എന്‍റെ മക്കളെയോ..?' എന്ന ചോദ്യവും കവിതയില്‍ ഉണ്ട്.ഇവിടെ ചോദ്യവും ഉത്തരവും പരസ്പരം മാറി മറിയുന്നു.ഇരുട്ട് ചോദ്യോത്തരങ്ങള്‍ വ്യക്തമാകാത്ത അവസ്ഥ ആണ് എന്നും നമുക്ക് വിലയിരുത്താം.
ഭൂമിക്കും പാതാളത്തിനും ഇടയിലെ ഇരുട്ട്, രണ്ടിടത്തും വെളിച്ചം ഉണ്ടെന്ന് സമ്മതിക്കാനും അവ തമ്മില്‍ ഒട്ടും അകലമില്ലെന്ന് വ്യക്തമാക്കാനും കവി പ്രയോഗിച്ചതാകാം.പാടത്തിന്‍റെ അടിവയറ്റിലെ ഇരുട്ട് മണ്ണിനെയും,നാം കിളച്ചിട്ട മണ്ണിലെ ഇരുട്ട് അദ്ധ്വാനത്തെയും സൂചിപ്പിക്കുന്നു.ഇത് രണ്ടും കര്‍ഷകഹൃദയത്തിലെ വിഷമങ്ങള്‍ കവി അറിയുന്നതിന്‍റെ സൂചനയാണ്.നമ്മുടെ ചോറിലെ ഇരുട്ട് എന്ന പ്രയോഗത്തിലൂടെ കൃത്യമായ വിയപ്പില്‍ നിന്നും അല്ലാതെ നമ്മള്‍ സമ്പാദിക്കുന്ന ഭക്ഷണത്തെയാണ് വെളിപ്പെടുത്തുന്നത്.വെട്ടിയെറിഞ്ഞ കണ്ടല്‍ക്കാടുകളേയും കെട്ടി ഉയര്‍ത്തിയ മതിലുകളെയും പരാമര്‍ശിക്കുമ്പോള്‍ പരിസ്ഥിതിസംബന്ധിച്ച വിഷയത്തെയും, അതിനോട് ചേര്‍ന്ന് നിന്ന് ആവാസവ്യവസ്ഥയെ വെട്ടിമൂടുന്ന മന:സ്ഥിതിയേയും വിമര്‍ശിക്കാന്‍ കവി ആ അവസരം വിനിയോഗിക്കുന്നു.അധികാരം,പണം,ഭൂമി,കച്ചവടം തുടങ്ങിയ രാഷ്ട്രീയവിഷയങ്ങളിലെ പുഴുക്കുത്തുകളെയും ഇരുട്ടിന്‍റെ പ്രതിരൂപങ്ങള്‍ ആക്കി കവിതയില്‍ അവതരിപ്പിക്കുന്നു.
'ഇരുട്ട് കരയുന്നു,ആരും കാണാതെ,ഇരുട്ടത്ത് ഇരുന്നു തേങ്ങുന്നു ആരും കേള്‍ക്കാതെ.....' എന്ന കവിതാഭാഗത്തിലെ റൊമാന്റിസത്തിലൂടെ ഇരുട്ട് മൂടിയ വെളിച്ചത്തെ കാണിക്കുന്നു കവി.ഇരുട്ടിനെക്കുറിച്ച് എഴുതി വെളിച്ചത്തെ വാഴ്ത്തുകയാണ് കവി സത്യത്തില്‍ ചെയ്യുന്നത്.ഇതെല്ലാം വെളിച്ചത്തിന്‍റെ വേദനകള്‍ ആണെന്ന് തിരിച്ചറിയാന്‍ വായനക്കാരന് ഒട്ടും പ്രയാസം ഇല്ല.അതാണ് ഈ കവിതയിലെ വെളിച്ചം.വെളിച്ചം ദുഃഖമാണ്.... എന്ന് പാടിയ മഹാകവിക്കുള്ള മറുപടിയായി 'ഇതാണ് വെളിച്ചത്തിന്‍റെ ദുഃഖം.....' എന്ന് ഈ കവിതയെ വ്യാഖ്യാനിക്കാന്‍ ആണ് എനിക്ക് ഇഷ്ടം.
ചില കവികളിലേക്ക് നമ്മള്‍ നഗ്നപാദരായി തന്നെ ഇറങ്ങിചെല്ലണം.എന്‍റെ വിണ്ടകാലുകളിലൂടെ ആ ഉഷ്ണമേഖലയുടെ ചൂട് പകര്‍ന്നുതരാന്‍ ഒരുപക്ഷെ അവര്‍ക്ക് കഴിഞ്ഞേക്കാം.ആ ചൂട് ഞാന്‍ അനുഭവിക്കുന്നുണ്ട് ഈ കവിതയിലൂടെ.നമ്മള്‍ തേടിപ്പോയ ഇരുട്ടും നമ്മളെ തേടി വന്ന ഇരുട്ടും വെവ്വേറെ വ്യാഖ്യാനിച്ച് വെളിച്ചത്തിന് പുതിയ നിര്‍വ്വചനം എഴുതിവെക്കപ്പെടുമ്പോള്‍‍ വെളിച്ചം കൂടുന്ന ആ വരികളും ഓര്‍ക്കാതെ പോകാന്‍ ആകില്ലല്ലോ....
''തമസോ മാ ജോതിര്‍ഗമയ.......''

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍