Ticker

6/recent/ticker-posts

വൈക്കം മുഹമ്മദ്‌ ബഷീര്‍-ഓര്‍മ്മ.

ജൂലൈ 5,
വൈക്കം മുഹമ്മദ്‌ ബഷീര്‍-ഓര്‍മ്മ.
=======================
'അമ്പരപ്പിക്കുന്ന മുട്ടന്‍ വാര്‍ത്തയാണ്.ഒരു മൂക്ക് ബുദ്ധിജീവികളുടെയും ദാര്‍ശനികരുടെയും ഇടയില്‍ വലിയ തര്‍ക്കവിഷയമായി കലാശിച്ചിരിക്കുന്നു.
വിശ്വവിഖ്യാതമായ മൂക്ക്......'
ശ്രീ.വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ഒരു ചെറുകഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്.65 വര്‍ഷത്തോളം പഴക്കമുണ്ട് ഈ മൂക്കിന്.എന്നാല്‍ ബേപ്പൂര്‍
സുല്‍ത്താന്‍ നാടുനീങ്ങിയിട്ടും വിശ്വവിഖ്യാതമായ മൂക്ക് നമുക്ക് മുന്നില്‍ ഇന്നും വളര്‍ന്നുകൊണ്ടിരിക്കുന്നു.പഴയ തിരുവിതാംകൂറിലെ, അതായത്
ഇന്നത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ തലയോലപ്പറമ്പില്‍ ഒരു ഗ്രാമത്തില്‍ ജനിച്ച മുഹമ്മദ്‌ ബഷീര്‍ എന്ന സുല്‍ത്താന്‍റെ ജീവിതവും സാഹിത്യവും നമുക്ക് നന്നായി അറിയാം.അതുകൊണ്ട് ഉള്ളടക്കമൊന്നും ബഷീര്‍ഭാഷയില്‍ പറഞ്ഞാല്‍ 'വിസ്താരഭയത്താല്‍'ഇവിടെ പറയുന്നില്ല.
സ്വാതന്ത്ര്യസമരം തലയ്ക്ക് പിടിച്ച് അതൊരു ഭ്രാന്തായി സ്കൂളില്‍ നിന്നും ഒളിച്ചോടിയ ഒരു ചരിത്രം ഉണ്ടായിരുന്നു ബഷീറിന്.പിന്നെ ആ ഭ്രാന്ത്
തീവ്രവാദസ്വാതന്ത്ര്യസമരങ്ങളില്‍ ആയി.ഭ്രാന്ത്‌,സ്വന്തം ഭാഷയില്‍ മുദ്രാവാക്യങ്ങളും ലേഖനങ്ങളുമായപ്പോള്‍ തൂലികാനാമം 'പ്രഭ' എന്ന ഒരു പെണ്‍പേര് ആയിരുന്നു.തുടര്‍ന്ന് ദേശാടനം.പിന്നെ പല പേരുകള്‍ നാടുകള്‍ ഭാഷകള്‍ വേഷങ്ങള്‍.....അങ്ങനെ ജീവിതം തന്നെ സാഹിത്യമായി.പിന്നെ ജീവിക്കാന്‍ വേണ്ടി
സാഹിത്യം എഴുതി.എഴുതിയെഴുതി സ്വന്തമായൊരു യുഗം തന്നെ സൃഷ്ടിച്ചു ഈ സുല്‍ത്താന്‍.പത്മശ്രീ മുതല്‍ വള്ളത്തോള്‍ പുരസ്‌കാരം വരെ വാങ്ങി.ഓരോ കാലത്തും ഓരോ ഭ്രാന്ത്.ഒടുവില്‍ സ്വയം ഭ്രാന്ത്.ബഷീറിന്‍റെ ഭ്രാന്ത് പകരാത്ത ഒരു സാഹിത്യകാരനും അന്നുമുതല്‍ ഇന്നു വരെ ജനിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല മലയാളത്തില്‍.വിവാദങ്ങളുടെയും നായകന്‍ ആയി 'ശബ്ദങ്ങള്‍'എന്ന നോവലിലൂടെയും 'ന്‍റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്' എന്ന പുസ്തകത്തിലൂടെയും.'പൂവന്‍പഴം'നമ്മളെ പൊട്ടിച്ചിരിപ്പിച്ചപ്പോള്‍ 'പാത്തുമ്മായുടെ ആട്' നോവലിന്‍റെ പരമ്പരാഗത അടിത്തറ തന്നെ ഇളക്കി.സ്ഥലത്തെ പ്രധാനദിവ്യന്‍,ആനവാരിയും പൊന്‍കുരിശും,മുച്ചീട്ടുകളിക്കാരന്‍റെ മകള്‍....അങ്ങനെ എത്രയെത്ര ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങള്‍.'അനുരാഗത്തിന്‍റെ ദിനങ്ങള്‍' വായിച്ചു കുട്ടികളില്‍ നിന്നും പുസ്തകം മറച്ചു വെച്ചവരും വായിച്ചു കത്തിച്ചു കളഞ്ഞവരും ഉണ്ട്.അതാണ് ബഷീര്‍.ജീവിതം അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും-ശരിയിലും തെറ്റിലും-ജീവിച്ച് സ്വയം രൂപപ്പെടുത്തിയ,സ്വന്തം സാഹിത്യം എന്ന് ബഷീര്‍ സാഹിത്യത്തെ നമുക്ക് പറയാം.അങ്ങനെയാണ് ഏറെ വായിക്കപ്പെടുകയും അതിലേറെ വിമര്‍ശിക്കപ്പെടുകയും ചെയ്ത എഴുത്തുകാരനായി ബഷീര്‍ മാറിയതും ഇന്നും മാറി നില്‍ക്കുന്നതും.പറഞ്ഞു വന്നത് മൂക്കിന്‍റെ കാര്യമാണ്.65 വര്‍ഷം പഴക്കമുള്ള ഈ ചെറുകഥ നമുക്ക് മുന്നില്‍ തുറന്നു വെക്കുന്നത് അടിമുടി ദുഷിച്ചു നാറിയ നമ്മുടെ നാടിന്‍റെ രാഷ്ടീയ-സാംസ്‌കാരിക-സാമൂഹ്യ അവസ്ഥയാണ്‌.അതുകൊണ്ടാകാം ബഷീറിനെ ഓര്‍ക്കുമ്പോള്‍ നമ്മള്‍ വിശ്വവിഖ്യാതമായ ഈ മൂക്ക് കണ്ട് അത്ഭുതപ്പെടുന്നത്......സ്വയം മൂക്കത്ത് വിരല്‍ വെച്ചുപോകുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍