Ticker

6/recent/ticker-posts

വേട്ട@ഡോൺ ബോസ്കോ സണ്ണിയുടെ കഥ-ആസ്വാദനം@എം.എസ്.വിനോദ്.

വേട്ട@ഡോൺ ബോസ്കോ സണ്ണിയുടെ കഥ-ആസ്വാദനം@എം.എസ്.വിനോദ്.

തിരുവനന്തപുരം ജില്ലയിലെ ഒരു കടലോര ഗ്രാമത്തിൽ നിന്നും പരിമിതികൾക്കുള്ളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി ഉദ്യോഗാർത്ഥം വിദേശത്തേക്ക് പോയ ഈ ചെറുപ്പക്കാരന് മറ്റെല്ലാവർക്കുമുള്ള പോലെ ഒരേയൊരു സ്വപ്നമേ അന്ന് ഉണ്ടായിരുന്നുള്ളു.സ്വന്തമായി ഒരു വീട്.വാടകവീടിന്റെ അസൗകര്യങ്ങൾ അറിഞ്ഞിട്ടുള്ളവർക്ക് ഈ യുവാവിന്റെ സ്വപ്നം അതിരുകടന്നതാണെന്ന് പറയാൻ കഴിയില്ല. മണലാരണ്യത്തിലെ കൊടും ചൂടിലും,നാട്ടിൽ ഒരു കൂര പണിയാൻ വേണ്ടി നെട്ടോട്ടം ഓടുന്ന ജീവിത സഖിയുടെ പിന്തുണയും ഈ ചെറുപ്പക്കാരന് ഊർജ്ജം പകർന്നു.ഏറെ നാളത്തെ ശ്രമഫലമായി ഒരു സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടപ്പോൾ അതിന് പിന്നിലെ അനുഭവങ്ങൾ കത്തിന്റെ രൂപത്തിലാക്കി ഭാര്യക്ക്‌ അയച്ചുകൊടുത്തു.ആ കത്ത് വായിച്ച ഭാര്യ അതിൽ ഒരു കഥയുടെ അംശം ഒളിഞ്ഞു കിടക്കുന്നതായി കണ്ടെത്തുകയും അന്നത്തെ ഒരു പ്രമുഖ മുഖപുസ്തക ഗ്രൂപ്പിൽ ഒന്നു കൂടി ചിട്ടപ്പെടുത്തി പ്രസിദ്ധീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.വളരെ നല്ല പ്രതികരണം ലഭിച്ച ആ കഥയാണ് ഇന്ന് മുഖപുസ്തക ഗ്രൂപ്പുകളിലാകെ നിരവധി വായനക്കാരെ സമ്പാദിച്ച ഡോൺ ബോസ്കോ സണ്ണി എന്ന കഥാകൃത്തിന്റെ പിറവിക്ക് കാരണമായത്.

കഴിഞ്ഞ വർഷത്തെ ഉല്ലാസ് സുകുമാരൻ സ്മാരക ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹമായ ചെറുകഥ ഡോൺ ബോസ്കോ സണ്ണിയുടേതായിരുന്നു.ഡോൺ പങ്കെടുക്കുന്ന ആദ്യത്തെ ചെറുകഥാ മത്സരവും,ഡോണിന് ആദ്യമായി ലഭിക്കുന്ന പുരസ്ക്കാരവും അതു തന്നെ ആയിരുന്നു.
ആദ്യകാലത്ത് എഴുതിയ രചനകളിൽ വായനക്കാർ പ്രകടിപ്പിച്ച അഭിപ്രായങ്ങളിലൂടെ സ്വയം തിരുത്തി വളർന്ന എഴുത്തുകാരനാണ് ഡോൺ.ഡോണിന് സമ്മാനം നേടിക്കൊടുത്ത തിരുശേഷിപ്പ് എന്ന കഥ തന്നെയാണ് ഞാൻ വായിച്ച ഡോൺകഥകളിൽ ഏറ്റവും മികച്ചത്.
തിരുശേഷിപ്പ് ഒരു ആത്മീയ വാക്കാണ്.അതും അതുമായി ബന്ധപ്പെട്ട ആരാധനയും ഒരു തരം വീരാരാധാനയുടെ ഭാഗവുമാണ്.ക്രിസ്തുമതത്തിലും ബുദ്ധമതത്തിലും സർവ്വസാധാരണമായി കണ്ടുവരുന്ന ഈ ആരാധന ഇന്ന് എല്ലാ മതങ്ങളിലും വ്യാപകമാണ്.ഈ ആരാധനാരീതിയുടെ ആത്മാംശം കണ്ടെത്തുകയാണ് സോണിന്റെ തിരുശേഷിപ്പ് എന്ന കഥ.
ഫെഡറിക് ജോസഫ് കുരിശുംമൂട്ടിൽ എന്ന ഫിജോയുടെ വിചിത്രമായ ഒരു സ്വപ്നമാണ് കഥയുടെ കാതൽ.ഉയർത്തെഴുന്നേൽപ്പിന്റെ ഉത്സവമായ ഈസ്റ്ററുമായി ബന്ധപ്പെട്ട പാതിരാകുർബാന നടക്കുമ്പോൾ ഫിജോ എന്ന നായകൻ നൈറ്റ് അറ്റ് ദി മ്യൂസിയം - സീക്രട്ട് ഓഫ് ദി ടോംബ് എന്ന സിനിമ കണ്ടിരിക്കുകയായിരുന്നു. രാത്രികളിൽ ജീവൻ വെയ്ക്കുന്ന വസ്തുക്കളുള്ള ഒരു മ്യൂസിയത്തിലെ വാച്ച്മാൻ ആയ ലാറിയുടെ അനുഭവങ്ങളിലൂടെ വികസിക്കുന്ന ഒരു പോർച്ചുഗീസ് സിനിമയാണ് നൈറ്റ് അറ്റ് ദി മ്യൂസിയം. ഈസ്റ്റർ രാത്രിയിൽ സിനിമ കണ്ടുറങ്ങുന്ന ഫിജോയുടെ ഉറക്കത്തിൽ ഉണരുന്ന കാഴ്ചകൾ സിനിമയിലെ രംഗങ്ങൾ പോലെ വിചിത്രമാകുന്നതാണ് കഥയിൽ നമ്മൾ കാണുന്നത്.ആ ഭ്രമകല്പനയിൽ സാക്ഷാൽ കർത്താവും ഫിജോയുടെ പഴയ കോൺവെന്റ് മദർ സുപ്പീരിയറും റെവറൻറ് ഫാദർ ജോസപ്പങ്കിളും ഫിജോയുടെ അപ്പന്റെ രണ്ട് സഹോദരിമാരും എല്ലാം ഉയർത്തെഴുന്നേൽക്കപ്പെടുന്നു.
സ്വപ്നങ്ങളേക്കുറിച്ചുള്ള തർക്കത്തിൽ കർത്താവ് ഫിജോയെ കൂട്ടിക്കൊണ്ട് പോകുന്നത് പച്ചയായ ജീവിതത്തിന്റെ യഥാർത്ഥ്യങ്ങളിലേക്കാണ്‌. കഥയുടെ ഗ്രൗണ്ട് സ്വപ്നത്തിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് വഴുതിമാറുമ്പോൾ നമ്മൾ നിൽക്കുന്നത് ബ്രോഡ് വേ മാർക്കറ്റിലാണോ എന്ന് നമുക്കു തന്നെ തോന്നിപ്പോകും.ആരാധനയുടെ പൊള്ളയായ വിശ്വാസങ്ങളിൽ നിന്നും പച്ച ജീവിതത്തിന്റെ കാമ്പുള്ള യാഥാർത്ഥ്യങ്ങളിലേക്കാണ് ഡോൺ ഫിജോയേയും നമ്മളേയും നടത്തിക്കുന്നത്.കഥയുടെ അർത്ഥവും തലവും അപ്രതീക്ഷികമായി മാറിമറിയുന്നതും പ്രതീക്ഷിക്കാനാവാത്ത ബിംബങ്ങൾ കൊണ്ട് പഴുതടച്ച് നമ്മളെ കൂടുതൽ ചിന്തിപ്പിക്കുന്നതും ആണ് ഡോൺ കഥകളുടെ ശക്തിയും സൗന്ദര്യവും.
ഒരു വർഷത്തിന് ശേഷം ഡോൺ മുഖപുസ്തകത്തിൽ വേട്ട എന്ന ചെറുകഥയുമായി വന്നപ്പോൾ അത് വീണ്ടും എന്നെ വേട്ടയാടാനാണെന്ന് ഞാൻ മനസിലാക്കിയില്ല.ഡോണിന്റെ കഥാരചനയിലെ മറ്റൊരു സ്പെസിമെൻതന്നെയാണ് വേട്ട.
ഈ രണ്ട് കഥകളും ചേർത്ത് വെച്ച് വായിക്കുമ്പോൾ ഭ്രമകല്പനകൾ ഡോണിന്റെ ശക്തിയോ ദൗർബല്യമോ ആയി നമുക്ക് തോന്നാം.എന്നാൽ അത്ഭുതപ്പെടുത്തുന്ന റിയലിസത്തിന്റെ പ്രചാരകനും കൂടിയാണ് ഡോൺ എന്ന് തെളിയിക്കുന്ന പല കഥകളും ഇതിനിടയിൽ ഞാൻ വായിച്ചിട്ടുണ്ട്.
തിരുശേഷിപ്പിൽ നിന്നും വേട്ടയിലേക്കുള്ള ദൂരമാണ് ഈ കഥാകൃത്ത് സഞ്ചരിച്ച ആകെ ദൂരം എന്നും വിലയിരുത്താറായിട്ടില്ല.ഇതിനേക്കാൾ മികച്ച കഥകൾ ഡോണിൽ നിന്നും വരാനിരിക്കുന്നതേയുള്ളു എന്ന് വേട്ട തെളിയിക്കുന്നു.
വൈൽഡ് ഫോട്ടോഗ്രാഫിയിൽ കമ്പമുള്ള ജോൺ എന്ന ഫോട്ടോഗ്രാഫർ വെരുക് എന്ന ജീവി ഇണചേരുന്ന അപൂർവ്വമായ കാഴ്ച ക്യാമറയിൽ പകർത്താൻ കാട്ടിലേക്ക് പോകുന്നു.സാഹസികമായ ആ ദൗത്യത്തിനിടയിൽ അയാൾക്ക് ഒരു ചെന്നായയിൽ നിന്നും കടിയേൽക്കുന്നു.അവിടം മുതൽ ജോണിൽ സംഭവിക്കുന്ന വ്യത്യസ്തമായ മാനസിക വ്യാപാരമാണ് കഥയുടെ വിഷയം.ഫ്രാൻസ് കാഫ്കയുടെ രൂപാന്തരീകരണം -The Metamorphosis- എന്ന കഥയോട് ഘടനാപരമായി സാദൃശ്യമുണ്ടെന്ന് ആരോപിക്കപ്പെടാമെങ്കിലും കഥയുടെ ആന്തരിക ലക്ഷ്യം കാഫ്ക്കയെ മറികടന്ന് പോകുന്നു എന്ന് പറഞ്ഞാൽ അത് അതിശയോക്തി അല്ല.വിഭ്രമാത്മക യഥാതഥ്യത-Fantastic realism-പ്രയോഗത്തിൽ കൊണ്ടുവരുന്നതിൽ കഥാകൃത്തുക്കൾ ഒരേ സങ്കേതം പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട് എന്ന് നമുക്ക് വ്യക്തമാണ്.
ചെന്നായയുടെ കടിയേറ്റ് ചികിത്സയുമായി സ്വന്തം ഫ്ലാറ്റിൽ വിശ്രമിക്കുന്ന ജോണിൽ ജോണിന് മാത്രം കാണാൻ കഴിയുന്ന ചില മാറ്റങ്ങൾ പ്രകടമാക്കുന്നു.പത്രപ്രവർത്തകകൂടിയായ ഗേൾഫ്രണ്ട് ഷൈനയുടെ അഭാവത്തിൽ ജോൺ അനുഭവിക്കുന്ന ഏകാന്തതയിൽ അയാളിൽ വരുത്തുന്ന മാറ്റങ്ങൾ വിചിത്രമാണ്.സ്വന്തം ശരീരത്തിന്റെ ഗന്ധം ഒരു മൃഗത്തിന്റേതായി മാറുന്നതായി ജോണിന് തോന്നുന്നു.താടിയും മുടിയുമൊക്കെ ചെമ്പൻ നിറം വ്യാപിക്കുന്നു.പാചകം ചെയ്ത ഭക്ഷണത്തേക്കാൾ പച്ച മാംസത്തോട് ഒരു അഭിനിവേശം. ചുരുക്കിപ്പറഞ്ഞാൽ അയാൾ ഒരു ചെന്നായ് തന്നെയായി മനസുകൊണ്ട് രൂപന്തരം പ്രാപിക്കുന്നു.
രൂപാന്തരപ്രാപ്തി പ്രമേയമായുള്ള കഥകളുടെ സങ്കേതങ്ങൾ മലയാളത്തിൽ നിരവധിയാണ്.അത് ഒരു മാനസിക വ്യാപാരമാണ്.ഇവിടെയും അതാണ് സംഭവിക്കുന്നത്.കൂടുവിട്ട് കൂടുമാറുന്ന പോലെ ജോണിന്റെ മനസും ശരീരവും ചെന്നായായി മാറുകയും
അവന്റെ മനസാക്ഷി സ്വയം വിചാരണ ചെയ്യപ്പെടുകയും ചെയ്യുകയാണ് കഥയിൽ.
അതു വരെ നടന്നത് ഓർത്തെടുക്കാൻ ജോൺ ശ്രമിക്കുമ്പോൾ അതിൽ പ്രകൃതിയുടെ ജൈവ പ്രക്രിയയെ തടസപ്പെടുത്തിയ കുറ്റത്തെ ജോൺ തിരിച്ചറിയുന്നിടത്താണ് കഥയുടെ മേന്മ.മനുഷ്യൻ പ്രകൃതിയെ വേട്ടയാടുന്നതിന്റെ ഒരു ചിത്രം കൂടി ഈ കഥയിൽ ഉപകഥയായി വരുന്നു.പ്രകൃതിയുടെ നിലനിൽപ്പ് ഓരോ ജീവികളുടേയും പ്രജനനത്തിലും അതിന്റെ സന്താനോത്പാദനത്തിലും അധിഷ്ഠിതമാണെന്ന് മനുഷ്യൻ തിരിച്ചറിയണമെന്ന സന്ദേശം ആണ് ഡോൺ പറയാൻ ആഗ്രഹിച്ചത്.ആ കാര്യത്തിൽ പ്രകൃതിക്ക് മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ല.എന്നാൽ കാലങ്ങളായി മനുഷ്യൻ അറിഞ്ഞും അറിയാതെയും ഇതിനെ തടസപ്പെടുത്തുന്നു.അതിനെതിരായ പ്രകൃതിയുടെ പ്രതിരോധമാണ് ചെന്നായുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്.സുന്ദരമായ ഒരു സന്ദേശമായി ഇതിനെ വാർത്തെടുക്കാനും പ്രകൃതി നിയമങ്ങൾ മനുഷ്യനെന്ന പോലെ സർവ്വചരാചരങ്ങൾക്കും ഒരുപോലെ ബാധകമാണെന്ന് ബോധ്യപ്പെടുത്താനും സോണിന്റെ രചനയിലൂടെ സാധിച്ചു.പ്രകൃതിയെ ഊർജ്ജസ്ഥാനത്ത് നിർത്തിക്കൊണ്ട് ജോണിന്റെ മനോവ്യാപാരങ്ങളിലൂടെ ഉന്നതമായ ഒരു വിഷയം ആണ് ഡോൺ മുന്നിൽ വെച്ചത്.ഒരു വെരുകിന്റെ സന്താനോത്പാദനം മാത്രമല്ല വിഷയം.മണ്ണും ചെടിയും പഴവും പൂവും എല്ലാം സംരക്ഷിക്കപ്പെടണം എന്നും മനുഷ്യൻ അറിഞ്ഞോ അറിയാതെയോ അതിനെ തകർക്കരുതെന്നും കഥ ഉറപ്പിക്കുന്നു.പ്രകൃതിനിയമസംരക്ഷണങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം ചർച്ച ചെയ്യപ്പെടുന്ന ഈ പ്രളയാനന്തരകാലത്ത് വ്യത്യസ്തമായ ഒരു കണ്ണിലൂടെ അത് കാണാനും കനൽവഴിയിലൂടെ അവിടേയ്ക്ക് വായനക്കാരനെ നയിക്കാനും ഡോണിന് സാധിച്ചു.
മുഖപുസ്തക എഴുത്തുകാരിൽ വേറിട്ട ശൈലിയും എഴുത്തിനെക്കുറിച്ച് ധാരണയുമുള്ള ഡോൺ ബോസ്കോ സണ്ണിയ്ക്ക് സാഹിത്യ പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണയുമായി പ്രിയസഖി ബിനു ഡോൺ ഒപ്പമുണ്ട്.നിർമ്മൽ, നിശ്ചയ് എന്നിവർ ആണ് മക്കൾ.

എം.എസ്.വിനോദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍