Ticker

6/recent/ticker-posts

അരവിന്ദൻ സ്മരണ

വിനോദയാത്ര

അരവിന്ദൻ സ്മരണ

ജി.അരവിന്ദൻ എന്ന സംവിധായകന്‍റെ ഒരു സിനിമ ഞാൻ ആദ്യമായി കാണുന്നത് എനിക്ക് പത്ത് വയസ് പ്രായമുള്ളപ്പോൾ ആണ്.കറ്റാനം പോപ്പ് പയസ് ഹൈസ്കൂളിൽ നിന്നും 2 കിലോമീറ്റർ അകലെയുള്ള സുബി എന്ന സിനിമാ കൊട്ടകയിലേക്ക് പൊരിവെയിലിൽ കാൽനടയായി ആ സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും നടന്നു പോയി ''ഉത്തരായനം'' എന്ന സിനിമ കണ്ട ആ ദിവസം ഞാൻ ഇന്ന് ഓർക്കുന്നു.ഇന്ന് അരവിന്ദന്റെ ചരമവാർഷിക ദിനമാണ് എന്നതുകൊണ്ടാണ് ഞാൻ ആ വെയിൽ യാത്ര ഓർക്കുന്നത്.ഒരു പത്തു വയസുകാരന്റെ മനസിൽ കയറുന്നതായിരുന്നില്ല ഉത്തരായനം എന്ന സിനിമയുടെ പ്രമേയവും അവതരണവും.എന്നാലും സിനിമ എന്ന കൗതുകം നിറഞ്ഞ എന്റെ ബാല്യം ഒറ്റയിരിപ്പിന് ഉത്തരായനം കാണാൻ എന്നെ നിർബന്ധിതനാക്കി.വൈകിട്ട് വീട്ടിലെത്തിയപ്പോൾ അച്ഛനാണ് ജി.അരവിന്ദൻ എന്ന സിനിമാക്കാരനെക്കുറിച്ചും ഉത്തരായനം എന്ന സിനിമയെക്കുറിച്ചും കൂടുതലായി പറഞ്ഞു തന്നത്.അന്നു മുതൽ ഞാൻ എന്തു കൊണ്ടോ അരവിന്ദനെ സ്നേഹിക്കാൻ ആരംഭിച്ചു.ഉത്തരായനത്തിലെ രവിയേയും.പിന്നെ എവിടെയൊക്കെ രവി എന്ന പേരുകാരനെ കണ്ടാലും ഞാൻ അരവിന്ദൻ എന്ന സംവിധായകനെ ഓർക്കും.
''ഹൃദയത്തിൻ രോമാഞ്ചം സ്വരരാഗഗംഗയായ്
പകരുന്ന മണിവീണ മൂകമായി....''
ഈ ഗാനം ഓർമ്മയുള്ളവർ ഉണ്ടാകും ഇപ്പോഴും. കറകളഞ്ഞ ഗാന്ധിയനും ഓടക്കുഴൽ അവാർഡ് ജേതാവുമായ ജി.കുമാരപിള്ള എഴുതിയ വരികൾക്ക് രാഘവൻ മാസ്റ്റർ സംഗീതം നിർവ്വഹിച്ച് യേശുദാസ് പാടിയ ഈ ഗാനം ഉത്തരായനം എന്ന സിനിമയിലേതാണ്. സ്വാതന്ത്യാനന്തരഭാരതത്തിലെ അഭ്യസ്തവിദ്യരായ യുവതലമുറയുടെ ആശങ്കകളും സംഘർഷങ്ങളും പേറുന്ന രവി എന്ന നായകന്റെ പാട്ടാണ് ഇത്.സിനിമയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് അത്രയൊന്നും അറിവില്ലാത്ത ജി.അരവിന്ദൻ എന്ന ചെറുപ്പക്കാരന്റെ ആദ്യത്തെ സിനിമയെ റഗുലർ ഷോയിൽ ഉൾപ്പെടുത്താൻ തീയേറ്റർ ഉടമകൾ തയ്യാറാകാതെ വന്നപ്പോൾ ഫിലിം സൊസൈറ്റികളുടെ നേതൃത്വത്തിൽ, സംവിധായകന്റെ തന്നെ മേൽനോട്ടത്തിൽ സിനിമ മലയാളികളെ കാണിക്കാൻ കേരളത്തിലങ്ങോളം നടത്തിയ പ്രദർശനങ്ങളുടെ ഭാഗമായാണ് പത്ത് വയസുള്ളപ്പോൾ ഈ സിനിമ കണ്ടത് എന്ന് എനിക്ക് പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് മനസിലായത്.അത് ഞാൻ നല്ല സിനിമയെക്കുറിച്ച് പഠിക്കാനും മനസിലാക്കാനും ആരംഭിച്ച കാലത്താണെന്ന് മാത്രം.അപ്പോഴേക്കും അരവിന്ദൻ എന്ന സംവിധായകൻ ഈ കൊച്ചുമലയാളസിനിമയെ ലോകസിനിമയുടെ നെറ്റിക്ക് മുകളിൽ കൊണ്ടുപോയി വെച്ചു കഴിഞ്ഞിരുന്നു.എനിക്കെന്നല്ല ഇന്ത്യൻസിനിമയുടെ ലോകമുഖമായ സാക്ഷാൽ സത്യജിത്ത് റായിക്ക് പോലും തൊടാൻ കഴിയാത്ത വിധം.
ആരായിരുന്നു ഈ അരവിന്ദൻ.പ്രശസ്തനായ അച്ഛന്റെ അത്രയൊന്നും പ്രശസ്തനല്ലാത്ത മകൻ.കോട്ടയം ബാറിലെ അഭിഭാഷകനായിരുന്ന എം.എൻ.ഗോവിന്ദൻനായരെ അന്ന് കേരളം മുഴുവൻ അറിയും.വെറുമൊരു വക്കീൽ മാത്രമായിരുന്നില്ല അദ്ദേഹം.പത്രപ്രവർത്തകനും സാഹിത്യപ്രവർത്തക സഹകരണ സംഘം സ്ഥാപകാംഗവും പിന്നീട് അതിന്റെ ഡയറക്റ്ററും ഒക്കെ ആയിരുന്നു എം.എൻ.ഗോവിന്ദൻ നായർ.നായരുടെ മൂക്ക്,ഗോപീവിലാസം,കടുവായുടെ ആത്മകഥ, എം.എന്റെ ഹാസ്യകൃതികൾ തുടങ്ങി നിരവധി പുസ്തകങ്ങൾ അദ്ദേഹത്തിന്റെ പേരിലുണ്ട്.കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവു കൂടിയായ അദ്ദേഹത്തിന്റെ മകനായി ജനിച്ച അരവിന്ദനിൽ ബാല്യം മുതൽ ചിത്രരചനയോടായിരുന്നു കമ്പം.മക്കളുടെ കലാവാസനകളെ എന്നും പ്രോത്സാഹിപ്പിക്കുന്ന ഗോവിന്ദൻ നായരാണ് അരവിന്ദനിലെ കാർട്ടൂണിസ്റ്റിനെ ആദ്യം കണ്ടെത്തിയത്.ലോക കാർട്ടൂൺ ക്ലാസിക്കുകൾ അടങ്ങുന്ന അമേരിക്കൻ പ്രസിദ്ധീകരണമായ മിൽവാക്കേ ജേർണലിന്റെ വാരാന്ത്യപ്പതിപ്പ് അരവിന്ദന് അച്ഛൻ സ്ഥിരമായി വരുത്തിക്കൊടുത്തു.കുമരകത്തെ അമ്മത്തറവാടിന്റെ ചുവരുകളിൽ ചിത്രം വരച്ചു തുടങ്ങിയ അരവിന്ദന്റെ തലയിലെഴുത്ത് അന്ന് ആ അച്ഛൻ മനസിലാക്കിയിട്ടുണ്ടാവില്ല.
കുമരകത്തെയും കോട്ടയത്തേയും പഠനം കഴിഞ്ഞ് ഡിഗ്രിക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ബോട്ടണി പ്രധാന വിഷയമായി എടുത്ത് ബിരുദം നേടി പുറത്തിറങ്ങുമ്പോൾ തന്നെ റബർ ബോർഡിൽ ജോലി സമ്പാദിച്ച് അരവിന്ദൻ ഗൃഹസ്ഥാശ്രമം സ്വീകരിച്ചു.ഈ കാലഘട്ടത്തിൽ പല പ്രസിദ്ധീകരണങ്ങളിലും ചെറിയ കാർട്ടൂണുകൾ വരച്ച് വരയുടെ സാങ്കേതികവഴിയിൽ അരവിന്ദൻ ഹരിശ്രീ കുറിച്ചു.ഈ സമയത്തു തന്നെ കാർട്ടൂൺ സൃഷ്ടികൾക്കൊപ്പം ശാസ്ത്രീയ സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും അരവിന്ദൻ പ്രാവീണ്യം നേടി.
ഉദ്യോഗസംബന്ധമായി കോഴിക്കോട്ടേക്കുള്ള സ്ഥലം മാറ്റം അരവിന്ദൻ എന്ന കാർട്ടൂണിസ്റ്റിന്റെ വരയുടെ ഗതി മാറ്റി.എം.ടി.വാസുദേവൻനായരുമായുള്ള സൗഹൃദമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ അവസാനപുറത്ത് ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാർട്ടൂൺ പരമ്പര ആരംഭിക്കാൻ കാരണമായത്.ആ അവസാനപുറത്തെ വരയെ വളരെപ്പതുക്കെ മലയാളം ശ്രദ്ധിക്കാൻ തുടങ്ങി.ഈ പരമ്പരയിലൂടെ മലയാളി ലോകത്തെ കാണാൻ തുടങ്ങി.അരവിന്ദൻ സൃഷ്ടിച്ച കാർട്ടൂൺ കഥാപാത്രങ്ങളായ ഗുരുജിയും രാമുവുമൊക്കെ മലയാളിക്ക്‌ കൺമുന്നിലെ ജീവിക്കുന്ന കഥാപാത്രങ്ങളായി.ഏതാണ്ട് ആയിരത്തിലേറെ ചിത്രപടങ്ങൾ ചേർത്തിണക്കി അരവിന്ദൻ അവതരിപ്പിച്ച ഈ പരമ്പര ലോകത്തിലെ ആദ്യത്തെ ഗ്രാഫിക് നോവലാണെന്ന് പിന്നീട് വിലയിരുത്തപ്പെട്ടു.ഏഷ്യാനെറ്റിൽ ഇന്നും വിജയകരമായി തുടരുന്ന മുൻഷി എന്ന പരമ്പര അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന ഗ്രാഫിക് നോവലിന്റെ സ്വാധീനത്തിൽ പിറവിയെടുത്തതാണ്.
കോഴിക്കോടൻ സായാഹ്നങ്ങൾ അരവിന്ദന് ഒരു വലിയ സുഹൃത്ത് സംഘത്തെ നേടിക്കൊടുത്തു.അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരവും എം.ടി.വാസുദേവൻ നായരുടെ നിർമ്മാല്യവും മലയാളസിനിമയുടെ ഗതിമാറ്റിയ കാലഘട്ടം.കോഴിക്കോട്ടെ പാരഗൺ ലോഡ്ജിലെ അരവിന്ദന്റെ ചെറിയ മുറി പിന്നീടങ്ങോട്ട് നാടകത്തിന്റെയും സിനിമയുടേയും വലിയ ലോകമായി മാറി.നല്ല സിനിമയുടെ വക്താവായി അടൂർ രംഗപ്രവേശം ചെയ്തപ്പോൾ സ്വയംവരം എന്ന സിനിമയുടെ പോസ്റ്റർ ഡിസൈൻ ചെയ്യാൻ മാത്രമല്ല അത് കോഴിക്കോട് പട്ടണത്തിൽ ഒട്ടിക്കാനും അരവിന്ദൻ ഒപ്പം നിന്നു.ഇന്ത്യൻ സിനിമയുടെ കണ്ണ് ലോകോത്തര സിനിമകളായ റാഷമോൺ,ബൈസിക്കിൾ തീവ്സ് എന്നിവ തേടിപ്പോയപ്പോൾ അരവിന്ദൻ അതിനും മുൻപ് അവിടെ എത്തി.
അടൂർ രണ്ടാമതൊരു സിനിമയ്ക്ക് കളം വരച്ചു തുടങ്ങിയപ്പോൾ അരവിന്ദൻ കലാസംവിധായകനായി ഒപ്പം കൂടി.അതിന്റെ ലൊക്കേഷൻ തേടി മാവേലിക്കര അച്ചൻകോവിലാറിന്റെ തീരത്തും മാന്നാർ പരുമലക്കടവിലും അരവിന്ദനോടൊപ്പം ദിവസങ്ങളോളം അലഞ്ഞു നടന്ന കഥ അടൂർ ഗോപാലകൃഷ്ണൻ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.ഭാഗ്യം കൊണ്ടോ നിർഭാഗ്യം കൊണ്ടോ ആ പദ്ധതി നടന്നില്ല.നടന്നിരുന്നു എങ്കിൽ വെറുമൊരു കലാസംവിധായകനായോ കാർട്ടൂണിസ്റ്റായോ അരവിന്ദൻ ജീവിച്ച് ജീവിതമവസാനിപ്പിച്ചേന്നേം.
ഈ സമയത്ത് തന്നെ ആധുനിക നാടക പ്രസ്ഥാനത്തിന് അരവിന്ദൻ ചില്ലറ സംഭാവനകൾ നൽകിയിട്ടുണ്ട്.ജി.ശങ്കരപ്പിള്ളയോട് ചേർന്ന് നാടകപ്രസ്ഥാനത്തിന് ഒരു വേദി സജീവമാക്കുകയും കാവാലം നാരായണപ്പണിക്കരുടെ അവനവൻ കടമ്പ ഉൾപ്പെടെയുള്ള നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു.നാടകരംഗത്തെക്കുറിച്ച് ഗൗരവത്തോടെ ചിന്തിക്കാൻ കാവാലം നാരായണപ്പണിക്കരെ പ്രേരിപ്പിച്ചത് പോലും അരവിന്ദനാണ്.
കൊല്ലത്തു നിന്നും കോഴിക്കോട്ടെത്തിയ പട്ടത്തുവിള കരുണാകരനും കോഴിക്കോട്ടുകാരനായ തിക്കൊടിയനും അന്ന് അരവിന്ദന്റെ പാരഗൺ സദസിലെ സ്ഥിരം അംഗങ്ങളായിരുന്നു.ഈ മൂവർ സംഘം ഒരു സിനിമ നിർമ്മിക്കാൻ പദ്ധതിയിട്ടപ്പോൾ അത് സംവിധാനം ചെയ്യാൻ അടൂരിന്റെ പേര് നിർദ്ദേശിച്ചത് അരവിന്ദനാണ്.കഥ കേട്ട അടൂർ പിന്മാറിയപ്പോൾ അരവിന്ദൻ ആ ദൗത്യം ഏറ്റെടുത്തു.പട്ടത്തുവിള കരുണാകരന്റെ കഥക്ക് അരവിന്ദനും തിക്കൊടിയനും ചേർന്ന് തിരക്കഥയും സംഭാഷണവും തയ്യാറാക്കി.അങ്ങനെയാണ് ഉത്തരായനം എന്ന സിനിമ പിറക്കുന്നത്.ആ വർഷത്തെ ദേശീയ അവാർഡ് അടക്കം ഏഴ് സംസ്ഥാന അവാർഡുകൾ ഉത്തരായനം കരസ്ഥമാക്കി.മാത്രമല്ല ലോകത്താകമാനമുള്ള ചലച്ചിത്രമേളകളിൽ ഉത്തരായനം പ്രദർശിപ്പിക്കപ്പെട്ടു. പോയടത്തു നിന്നെല്ലാം സ്വർണ്ണവും വെള്ളിയും വെങ്കലവും വാരിക്കൊണ്ടുവന്ന് മലയാളസിനിമയുടെ കലവറയിലിട്ടു.സൂര്യന്റെ ദിനചലനപഥം വഴിമാറുന്ന പ്രതിഭാസമാണ് ഉത്തരായനം എന്ന് അറിയപ്പെടുന്നത്.മലയാളസിനിമയുടെ ചലനപഥത്തെത്തന്നെ അരവിന്ദൻ ഉത്തരായനം കൊണ്ട് മാറ്റിയെഴുതി.ആ സിനിമയാണ് ഞാന് കഥയറിയാതെ കുത്തിയിരുന്ന് കണ്ടത്.പിന്നെ വന്ന ഒരു അരവിന്ദന്‍‍ സിനിമയും ഞാന് കാണാതിരുന്നിട്ടുമില്ല.
ഉത്തരായനത്തെ തുടര്ന്ന് കാര്ട്ടൂൺ തൂലിക അടച്ചു വെച്ച് ക്യാമറയുമായി അരവിന്ദൻ ഒരു പുതിയ അയനം ആരംഭിച്ചു.കാഞ്ചനസീത,തമ്പ്, കുമ്മാട്ടി,എസ്തപ്പാൻ,പോക്കുവെയിൽ,ചിദംബരം,ഒരിടത്ത്,വാസ്തുഹാര..... എല്ലാ സിനിമകളും വിശ്വോത്തരമായ സൃഷ്ടിക്കളാക്കി.സംവിധാനം ചെയ്ത സിനിമകൾക്കെല്ലാം അവാർഡ്.അരവിന്ദൻ എന്നാൽ സിനിമ എന്ന മാധ്യമത്തിന്റെ നിർവ്വചനവും ആ സിനിമകൾ അവാർഡിന്റെ പെരുക്കപ്പേരും ആയി മാറി.
ഉത്തരായനത്തിൽ ജി.കുമാരപിള്ളയെക്കൊണ്ട് പാട്ട് എഴുതിച്ച അരവിന്ദൻ കാഞ്ചനസീതയിൽ സിനിമ കണ്ടിട്ടില്ലാത്ത ആദിവാസികളെ നായികാനായകന്മാരാക്കി.വാത്മീകിയുടെ ശബ്ദം കൊടുക്കാൻ അരവിന്ദൻ തെരഞ്ഞെടുത്തത് പ്രശസ്ത സംവിധായകനായ ജോൺ എബ്രഹാമിനെ ആണ്.അതുകൊണ്ട് ജോൺ എബ്രഹാം സംസ്കൃതം പഠിച്ചു എന്ന് ആരോ ഫലിതവും പറഞ്ഞു.ചിത്രകാരനും എഴുത്തുകാരനും സാഹസിക സഞ്ചാരിയുമായ രാജൻ കാക്കനാടനാണ് എസ്തപ്പാനിൽ നായകനായത്.സാഹിത്യകാരനായ കാക്കനാടന്റെ സഹോദരനാണ് രാജൻ കാക്കനാടൻ. കവിയായ ബാലചന്ദ്രൻ ചുള്ളിക്കാട് പോക്കുവെയിലിൽ ചലച്ചിത്രതാരമായപ്പോൾ ചിദംബരത്തിൽ ഇന്ത്യൻസിനിമയിലെ തന്നെ മൂല്യമുള്ള നായിക സ്മിതാ പാട്ടിൽ പ്രധാന വേഷം ചെയ്തു.തമ്പിലെ ''കാനകപ്പെണ്ണ് ചെമ്മരത്തി.. കണ്ണേറാം കുന്നുമ്മേൽ ഭജനം പാർത്തൂ..'' എന്ന ഗാനം ചലച്ചിത്രഗാനചരിത്രത്തിൽ തന്നെ ഒരു പുതിയ അനുഭവമായി.
സംവിധായകൻ എന്ന നിലയിൽ മാത്രമല്ല അരവിന്ദൻ സിനിമയിൽ അടയാളപ്പെടുത്തിയത്.സ്വന്തം സിനിമ ഉൾപ്പെടെ പല സിനിമകൾക്കും സംഗീതം നിർവ്വഹിച്ച അരവിന്ദന് ഒരേ തൂവൽപക്ഷികൾ എന്ന ചലച്ചിത്രത്തിൽ ഏറ്റവും മികച്ച സംഗീതസംവിധായൻ എന്ന ബഹുമതിയും ലഭിച്ചു.നിരവധി ഹൃസ്വചിത്രങ്ങളും ഡോക്കുമെന്ററികളും അരവിന്ദന്റെ പേരിൽ ഉണ്ട്.
വിന്ദൻ എന്ന പേരിനെ പൂർണ്ണതയുടെ വൃത്തമായി സങ്കല്പിച്ചാൽ ഈ മനുഷ്യൻ 'അര' വിന്ദൻ അല്ല 'മുഴുവിന്ദൻ' ആണെന്ന് പറയേണ്ടി വരും.പ്രശസ്ത സംവിധായകനായ പവിത്രൻ ഒരിക്കൽ അരവിന്ദനോട് തന്നെ ചോദിച്ചു ''നിന്റെ സമൃദ്ധമായ ഈ താടിയ്ക്കകത്ത് ഒരു കൂടുണ്ടാക്കി ഒരു അടയ്ക്കാക്കുരുവിയായി ഞാൻ ശിഷ്ടകാലം ജീവിച്ചോട്ടെ'' എന്ന് .... ശരിയല്ലേ.പവിത്രന്റെ ആഗ്രഹം മാറ്റി നിർത്തിയാൽ മലയാള സിനിമ ഇന്നും കൂടുകെട്ടി ജീവിക്കുന്നത് ആ അരവിന്ദസ്മരണയിൽ തന്നെയല്ലേ.
അരവിന്ദന്റെ കഴിഞ്ഞ ചരമവാർഷികത്തിന് നിളയുടെ തീരത്തൊരുക്കിയ വേദിയിൽ അരവിന്ദന്റെ ചിത്രം വരച്ച് തീർത്ത ആത്മമിത്രം ആർട്ടിസ്റ്റ് നമ്പൂതിരി പറഞ്ഞ വാക്കുകൾ ഇവിടെ ഓർത്തു പോകുന്നു.
''എത്ര വരച്ചാലും ഇനിയും വരയ്ക്കാനുണ്ടെന്ന തോന്നൽ ഉണ്ടാക്കുന്ന ഏകമുഖം അരവിന്ദന്റേത് മാത്രമാണ്‌''.
ആർട്ടിസ്റ്റ് നമ്പൂതിരിക്ക് കഴിയാത്തത് എനിക്കെങ്ങനെ കഴിയാൻ.എത്ര പറഞ്ഞാലും തീരാത്ത അരവിന്ദസ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.

വിനോദയാത്ര @ എം.എസ്.വിനോദ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

5 അഭിപ്രായങ്ങള്‍

  1. വിശദമായ ലേഖനം.
    വായനയിലൂടെ ജി അരവിന്ദൻ എന്ന മഹത്വ്യക്തിയെ വളരെ നന്നായി അറിയാൻ കഴിഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  2. മനോഹരമായ കുറിപ്പ്..അറിയാക്കഥകൾ കേൾക്കാൻ വിനോദിന്റെ തൂലികയാണ് ആശ്രയം..ആശംസകൾ വിനോദ്

    മറുപടിഇല്ലാതാക്കൂ
  3. എത്ര ആധികാരികമായ വിവരണം ആണ് അരവിന്ദനെ കുറിച്ച് സാർ എഴുതിയത്.
    ഒരുപാട് അറിയാൻ കഴിഞ്ഞു എന്നതാണ് ഈ പോസ്റ്റിലൂടെ ഒരു സന്തോഷം നിറഞ്ഞ കാര്യമാണ്..
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  4. അരവിന്ദൻ എന്ന മഹാപ്രതിഭയെപ്പറ്റി കൂടുതലറിയാൻ കഴിഞ്ഞു... നല്ലെഴുത്ത്.. നല്ല ഭാഷ... വിരസത തോന്നാത്ത വായനാനുഭവം

    മറുപടിഇല്ലാതാക്കൂ