Ticker

6/recent/ticker-posts

മുഖക്കുറി

മുഖപുസ്തകം മുഖക്കുറി ഇന്ന് സെഞ്ച്വറി തികച്ചു.......
ഒത്തിരി സന്തോഷവും അഭിമാനവും നല്‍കുന്ന ഒരു ദിവസമാണ് ഇന്ന്.ഏതാണ്ട് നാല് മാസങ്ങള്‍ക്ക് മുന്‍പ് ഈ സാഹിത്യഗ്രൂപ്പ്‌
സജ്ജീവമായി പുന:രാരംഭിച്ചപ്പോള്‍ മുഖക്കുറി എന്ന ഒരു പരമ്പരയെക്കുറിച്ചാണ് ഞങ്ങള്‍ ആദ്യം തന്നെ ചര്‍ച്ച ചെയ്തത്.
എന്തായിരിക്കണം മുഖക്കുറി എന്നതിനെപ്പറ്റി വിവിധ ഘട്ടങ്ങളിലായി ചര്‍ച്ച ചെയ്ത് തീരുമാനിച്ചതിന് ശേഷമാണ് ഗ്രൂപ്പിന്‍റെ
പ്രവര്‍ത്തനങ്ങള്‍ക്ക് തിരശ്ശീല ഉയര്‍ത്തിയത്‌.
ആരംഭത്തില്‍ ഈ പരമ്പരയെക്കുറിച്ച് പലതരത്തിലുള്ള ആശങ്കകള്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു.ഓരോ ദിവസവും ആ ദിവസത്തിന്
അനുയോജ്യമായ വിഷയങ്ങള്‍ തേടിക്കണ്ടുപിടിക്കുക എന്നതായിരുന്നു ഏറ്റവും ശ്രമകരമായ കാര്യം.അത്തരം വിഷയങ്ങള്‍ വായനക്കാര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുവാന്‍ കഴിവുള്ള എഴുത്തുകാരെ കണ്ടെത്തുക എന്നതും വലിയ ഒരു പ്രയത്നം തന്നെയായിരുന്നു.ഓരോ ദിവസത്തിന്‍റെയും വിഷയസൂചനകള്‍ നല്‍കുന്ന ചിത്രങ്ങളോ ചിഹ്നങ്ങളോ കണ്ടെത്തി അത് ഉള്‍പ്പെടുന്ന പോസ്റ്റര്‍ തയാറാക്കുന്നത് മറ്റൊരു
കടമ്പയായിരുന്നു.മുഖക്കുറിയുടെ ആരംഭം മുതല്‍ ഒരു ദിവസം പോലും മുടങ്ങാതെ രാവിലെ ആറുമണിക്ക് തന്നെ അത് വായനക്കാര്‍ക്ക്‌
എത്തിക്കുക എന്നതും സൂക്ഷ്മശ്രദ്ധ ആവശ്യമുള്ള കാര്യമാണ്.
ഇത്തരം നിരവധി ആശങ്കകളിലൂടെയാണ് ഞങ്ങള്‍ മുഖക്കുറി ആരംഭിച്ചത്.ഈ ആശങ്കകളെല്ലാം പലപ്പോഴും അതിക്രമിച്ച് കയറിയിട്ടും
ഒരു ദിവസവും മുടങ്ങാതെ മുഖക്കുറി എന്നും വായനക്കാരുടെ മുന്നിലെത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ഞങ്ങളുടെ അഭിമാനവും സന്തോഷവും.
ഈ ദൗത്യം സധൈര്യം ഏറ്റെടുത്ത മുഖപുസ്തകത്തിന്‍റെ അഡ്മിന്‍ ടീം അംഗങ്ങള്‍ക്ക് ഒരു ബിഗ്‌ സല്യൂട്ട്.
കവിതബിജു,ശ്രീകല.എസ്.ശങ്കര്‍,എം.എസ്.കാളാട്,സജ്ന അപ്പു,റസിയ സലിം,പ്രിയ പിച്ചു,ശ്രീനി സുരേഷ് എന്നിവര്‍ അടങ്ങുന്ന അഡ്മിന്‍ ടീമിന്‍റെ ജാഗ്രതയും ഉത്സാഹവുമാണ് ഈ മുഖക്കുറിയെ വിജയതിലകമണിയിച്ച് ഈ നൂറിന്‍റെ നിനവില്‍ എത്തിച്ചത്.
അഡ്മിന്‍ ടീമിനോടൊപ്പം നിന്ന് പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഗിരിജാ വാര്യര്‍,ജലജ പത്മന്‍,ബിന്ദു ഉണ്ണി,
ജലജ നമ്പ്യാര്‍,ഷാനവാസ്‌ അബൂബേക്കര്‍,സുബി സാജന്‍,ഷീബ.എം.ജോണ്‍,റാണി എന്നിവരുടെ പങ്കാളിത്തവും പ്രയത്നവും എടുത്തുപറയേണ്ടതും അഭിനന്ദിക്കേണ്ടതുമാണ്.മുഖക്കുറിയുടെ അണിയറശില്പ്പികളായ ഇവര്‍ ഓരോരുത്തരോടും ഗ്രൂപ്പിനുള്ള സ്നേഹവും കടപ്പാടും ഇവിടെ രേഖപ്പെടുത്തുന്നു.
ഇത്തരത്തിലുള്ള ഒരു പരമ്പര വായനക്കാര്‍ എങ്ങനെ സ്വീകരിക്കും എന്നതിനെക്കുറിച്ച് ആരംഭത്തില്‍ തോന്നിയ സംശയം ഇപ്പോള്‍ ഈ നൂറിന്‍റെ നിറത്തില്‍ ഞങ്ങള്‍ക്ക് പാടെ ഇല്ലെന്നുതന്നെ പറയാം.അതിന് കാരണക്കാരായത് ഈ ചെറിയ ഗ്രൂപ്പിലെ രണ്ടായിരത്തിന് താഴെമാത്രം അംഗങ്ങളായ വായനക്കാരാണ്.ഓരോ ലക്കത്തെയും ആവേശത്തോടെ സ്വീകരിച്ച പ്രിയപ്പെട്ട വായനക്കാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കി ഒപ്പം നിന്ന മറ്റ് എഴുത്തുകാര്‍ക്കും മുഖപുസ്തകം അഡ്മിന്‍ ടീമിന്‍റെ സ്നേഹം ഈ മുഖക്കുറിയിലൂടെ
ഇവിടെ രേഖപ്പെടുത്തുന്നു.
കഴിഞ്ഞ മുഖക്കുറികളിലൂടെ തികച്ചും വ്യത്യസ്തമായ നിരവധി വിഷയങ്ങളെ വായനക്കാരില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.പ്രമുഖരായ വ്യക്തികളെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍,ചരിത്രസംഭവങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍,ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും നേര്‍കാഴ്ചകള്‍,പ്രധാന കണ്ടുപിടിത്തങ്ങളുടെ അണിയറനീക്കങ്ങള്‍,മഹാദുരന്തങ്ങള്‍ക്ക് നേരെയുള്ള ചൂണ്ടുപലകകള്‍,ചിലരുടെ ജീവിതക്കുറിപ്പുകളും പ്രവര്‍ത്തനങ്ങളും,ദേശീയവും അന്തര്‍ദേശീയവുമായ പ്രധാനദിനാചരണങ്ങള്‍ നല്‍കുന്ന സന്ദേശങ്ങള്‍,ശാസ്ത്ര-സാങ്കേതിക
രംഗത്തെ മുന്നേറ്റങ്ങള്‍,ആരോഗ്യമേഖലയിലെ വിവരങ്ങള്‍....തുടങ്ങി നിരവധി വ്യത്യസ്തവും വിജ്ഞാനകരവും കൗതുകവും നിറഞ്ഞ
വിഷയങ്ങളാണ് മുഖക്കുറിയിലൂടെ നമ്മള്‍ ചര്‍ച്ച ചെയ്തത്.വിശദമായ റഫറന്‍സുകള്‍ ആവശ്യമായ ഈ വിഷയങ്ങളില്‍ പലതും കണ്ടെത്താനും
അതിന് ആധികാരികത നല്‍കാനും പല മാധ്യമങ്ങളുടെയും സേവനം ഞങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.അത്തരത്തിലുള്ള എല്ലാ
മാധ്യമങ്ങള്‍ക്കും സ്നേഹവും കടപ്പാടും ഞങ്ങള്‍ പ്രഖ്യാപിക്കുന്നു.ഒപ്പം ഓരോ ദിവസത്തെയും റഫറന്‍സ് ചിത്രം ഉള്‍പ്പെടെ പോസ്റ്റര്‍ മുന്‍കൂട്ടി തയാറാക്കി നല്‍കുന്ന മുഖപുസ്തകം ഗ്രൂപ്പിന്‍റെ പ്രിയ സൗഹൃദം ശിവദാസ്‌ ശിവയോട് പ്രത്യേക സ്നേഹവും ആദരവും അറിയിക്കുന്നു.
മുഖക്കുറി ആരംഭിക്കുമ്പോള്‍ എവിടെ അവസാനിപ്പിക്കണം എന്ന് ആലോചിച്ചിട്ടുണ്ടായിരുന്നില്ല.ഇരുപതോ മുപ്പതോ ലക്കം എന്ന തീരുമാനത്തില്‍ നിന്നും അത് ഞങ്ങള്‍ പോലും അറിയാതെ ഇന്ന് നൂറാമത്തെ ലക്കത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ഇതിന്‍റെ വേഗതപോലും
നൂറ് കിലോമീറ്റര്‍ ആണെന്ന് ഞങ്ങള്‍ അനുഭവിച്ചറിയുന്നു.ആ വേഗത നിങ്ങള്‍ ഓരോരുത്തരുടെ വായനയുടെയും അടങ്ങാത്ത
വിജ്ഞാനദാഹത്തിന്‍റെയും കുതിപ്പില്‍ നിന്നും അളന്നെടുത്തതാണ്.വിഷയങ്ങളും വിവരങ്ങളും തേടിയുള്ള ഈ യാത്രതന്നെ സാഹസികം എന്ന്
എഴുതുന്നവരും വായിക്കുന്നവരും തിരിച്ചറിയുന്നു എന്ന് ബോധ്യമാണ്.അതുകൊണ്ടുതന്നെ ഈ നൂറ് നാളെ ആയിരമോ പതിനായിരമോ
ആയി മാറട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു.
വായനയുടെയും അതിലൂടെ നേടുന്ന സമ്പത്തിന്‍റെയും ഈ വേട്ടയില്‍ ഒപ്പം നിന്ന മുഴുവന്‍
നല്ല മനസ്സുകള്‍ക്കും ഈ നൂറിന്‍റെ വിജയത്തിളക്കം തൊടുകുറിയായി ഞങ്ങള്‍ അണിയിക്കുന്നു.
മുഖക്കുറിയുടെ യാഗാശ്വങ്ങളെ നമുക്ക് കെട്ടഴിച്ച് വിടാം....
വായനയുടെ അശ്വമേധങ്ങള്‍ അവസാനിക്കാതിരിക്കട്ടെ......
ആശംസകള്‍.....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍