പി.ആര്‍.ശ്യാമള എന്ന സാഹിത്യകാരിയെ എനിക്ക് അത്ര പരിചയം ഇല്ല.എന്നുവെച്ചാല്‍ ഞാന്‍ കൂടുതലൊന്നും വായിച്ചിട്ടില്ല എന്ന് അര്‍ത്ഥം.എന്നാല്‍ ഇന്ന് പി.ആര്‍.ശ്യാമളയുടെ ചരമവാര്‍ഷികദിനമാണ്.
പി.ആര്‍.ശ്യാമള എന്ന സാഹിത്യകാരിയുടെ സാഹിത്യപ്രവര്‍ത്തനങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുള്ള മുഖപുസ്തകം അഡ്മിനും കഥാകാരിയുമായ ശ്രീമതി.ജലജ പത്മന്‍ ആണ് ഇന്നത്തെ മുഖക്കുറി എഴുതേണ്ടിയിരുന്നത്. അവിചാരിതമായ ഒരു യാത്ര വേണ്ടിവന്നതിനാല്‍ ശ്രീമതി.ജലജ പത്മന് മുഖക്കുറി എഴുതാന്‍ കഴിയാതെ വന്നതിനാല്‍ ആ ദൗത്യം പകരക്കാരനായിനിന്ന് എനിക്ക് ഏറ്റെടുക്കേണ്ടിവന്നു.ഞാന്‍ ഒരു പകരക്കാരന്‍ ആയതിനാല്‍ എനിക്ക് അത്ര പരിചയം ഇല്ലാത്ത പി.ആര്‍.ശ്യാമളയെക്കുറിച്ച് തെറ്റായി എന്തെങ്കിലും പറഞ്ഞാല്‍ പ്രിയപ്പെട്ട വായനക്കാര്‍ സദയം തിരുത്തണം എന്ന മുന്‍കൂര്‍ ജാമ്യത്തോടെ തന്നെ തുടങ്ങാം.
പി.ആര്‍.ശ്യാമളയെ എനിക്ക് അടുത്ത് പരിചയം ഇല്ല എന്ന് മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ.എന്നാല്‍ ഈ കഥാകാരിയുടെ ഒന്നുരണ്ട് പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട്.ഒന്നോ രണ്ടോ പുസ്തകം വായിച്ചാല്‍ അത്ര അടുപ്പം ഉണ്ടാകാന്‍ വഴിയില്ലല്ലോ.എന്നാല്‍ ഈ പി.ആര്‍.ശ്യാമളയുമായി അടുത്ത് ബന്ധമുള്ള ചിലരെ എനിക്ക് അടുത്ത് അറിയാം.അതില്‍ പ്രധാനി നമ്മുടെ ആര്‍.ബാലകൃഷ്ണപിള്ളയാണ്. അദ്ദേഹത്തെ അടുത്തറിയാത്തവര്‍ ആരാണ് അല്ലേ.
ആര്‍.ബാലകൃഷ്ണപിള്ളയുടെ ഭാര്യയും നമ്മുടെ ഗണേഷ്കുമാര്‍ MLA യുടെ അമ്മയുമായ ശ്രീമതി.പി.ആര്‍.വത്സലാമ്മ ഈ പി.ആര്‍.ശ്യാമളയുടെ സഹോദരിയാണ്.(അടുത്തിടെ പി.ആര്‍.വത്സലാമ്മയും അന്തരിച്ചു.)
അത് മാത്രമല്ല പ്രശസ്ത കവിയും നിരൂപകനും പത്രപ്രവര്‍ത്തകനുമായ ശ്രീ.കരൂര്‍ ശശി പി.ആര്‍.ശ്യാമളയുടെ ഭര്‍ത്താവ് ആണ്.ഇങ്ങനെയുള്ള ചില അടുപ്പങ്ങള്‍ ഉള്ളതുകൊണ്ട് ഈ പ്രിയപ്പെട്ട കഥാകാരി എനിക്കും പ്രിയപ്പെട്ട കഥാകാരിയായിരുന്നു.
തിരുവനന്തപുരം സ്ഥിരതാമസക്കാര്‍ക്ക് കേട്ടറിവ് എങ്കിലും ഉണ്ടാകും പ്രശസ്തനായ ന്യായാധിപന്‍ ശ്രീ.ആട്ടറ പരമേശ്വരൻപിള്ളയെക്കുറിച്ച്. പറയാനാണെങ്കില്‍ കുറേയുണ്ട് പറയാന്‍ ഇദ്ദേഹത്തെക്കുറിച്ച്.നീതിന്യായവകുപ്പില്‍ ആയിരുന്നു ഉദ്യോഗം എങ്കിലും സംഗീതോപാസകനും തികഞ്ഞ കലാകാരനുമായ ശ്രീ.ആട്ടറ പരമേശ്വരൻപിള്ള അന്നത്തെ സാഹിത്യകാരന്മാര്‍ക്ക് എപ്പോഴും ഏത് നിമിഷവും ആശ്രയിക്കാവുന്ന ഒരു അത്താണിയായിരുന്നു.കലാകാരന്മാരുടെയും സംഗീതക്കാരുടെയും എഴുത്തുകാരുടെയും വഴിയമ്പലം ആയിരുന്നു അദ്ദേഹത്തിന്‍റെ തിരുവനന്തപുരത്തെ വസതി.ഈ ആട്ടറ പരമേശ്വരൻപിള്ളയുടെ മകളാണ് കഥാകാരിയായ പി.ആര്‍.ശ്യാമള.
അപൂര്‍വ്വവും അസാധാരണവുമായ ഒരു ആത്മബന്ധവും അതേപോലെതന്നെ ജീവിതഅവസ്ഥയിലെ സാദൃശ്യവുമാണ് എന്നെ ഈ അച്ഛനെയും മകളെയും പറ്റി കൂടുതല്‍ മനസിലാക്കാന്‍ പ്രേരിപ്പിച്ചത്.
ആട്ടറ പരമേശ്വരൻപിള്ള സത്യത്തില്‍ ഒരു സംഗീതജ്ഞന്‍ ആകാനാണ് ആഗ്രഹിച്ചത്,അതിനുവേണ്ടിയാണ് പഠിച്ചത്.എന്നാല്‍ എത്തിപ്പെട്ടത് കോടതിയിലെ ന്യായാധിപന്‍റെ കസേരയില്‍.കോടതിക്കുള്ളിലെ കേസ് ഫയലുകളില്‍ക്കിടയില്‍ ജീവിതത്തിന്‍റെ കൂടുതല്‍ സമയവും ചിലവഴിച്ച ആ അച്ഛന്‍ ആഗ്രഹിച്ചത് തനിക്ക് കഴിയാതെ പോയത് തന്‍റെ മകള്‍ക്ക് കഴിയണം എന്നാണ്.ശ്യാമളയ്ക്ക് സംഗീതത്തോട് വല്ലാത്ത അഭിനിവേശം ഉണ്ടായിരുന്നു അന്ന്.അതുകൊണ്ടുതന്നെ അച്ഛന്‍ മകളെ സംഗീതം പഠിപ്പിക്കാന്‍ വിട്ടു.സംഗീതം തന്നെ പ്രധാന വിഷയമായി എടുത്ത് പി.ആര്‍.ശ്യാമള പഠിച്ചു.എന്നാല്‍ ശ്യാമള ഒരു സംഗീതജ്ഞയായില്ല.പകരം അവര്‍ സാഹിത്യകാരിയായി.
ആയിത്തീരേണ്ടിയിരുന്നത് ഒന്ന്,എന്നാല്‍ ആയിത്തീര്‍ന്നത് മറ്റൊന്ന്......വിധിവൈപരീത്യം......ന്യായശാസനങ്ങളുടെ വിധിയും കാലത്തിന്‍റെ വിധിയും എത്രയോ വിചിത്രം അല്ലേ.....
എന്തായാലും അതുകൊണ്ട് നമുക്ക് ഒരു നല്ല സാഹിത്യകാരിയെ ലഭിച്ചു എന്ന് ആശ്വസിക്കാം.ഒരു നല്ല ന്യായാധിപനേയും.....
കൗമുദി ആഴ്ചപ്പതിപ്പില്‍ ആണ് പി.ആര്‍.ശ്യാമളയുടെ ആദ്യത്തെ കഥ 'അഴകുള്ള കിളി' പ്രസിദ്ധീകരിക്കുന്നത്.തുടര്‍ന്ന് അവര്‍ നിരവധി കഥകള്‍ എഴുതി.ഹൃദയബന്ധങ്ങളുടെ കഥാകാരിയായി അവര്‍ അന്ന് അറിയപ്പെട്ടു. അവരുടെ കഥാപാത്രങ്ങള്‍ ജീവിതത്തെ അലസമായി വീക്ഷിക്കുന്നില്ല.എന്നാല്‍ ഒരിക്കലും പ്രശ്നസങ്കീര്‍ണ്ണമായ ഭാവതലങ്ങളിലേക്ക് കടന്നുകയറാന്‍ പി.ആര്‍.ശ്യാമളയുടെ കഥാപാത്രങ്ങള്‍ മടിച്ചു നിന്നു.സംഗീതം പഠിച്ച ശ്യാമള തന്‍റെ കഥാപാത്രങ്ങളുടെ ഏകാന്തതയിലേക്ക് സംഗീതം നിറച്ചുവെച്ച് അനശ്വരമാക്കി.പല കഥകളിലും തീവ്രമായ ആത്മദുഃഖങ്ങളും മനുഷ്യബന്ധങ്ങളുടെ ലോലഭാവങ്ങളും ഉണ്ട്. മണിപുഷ്പകം,ഹരിശ്രീ,മുത്തുകള്‍ ചിപ്പികള്‍ എന്നിവ പ്രധാന കഥാസമാഹാരങ്ങള്‍ ആണ്.
കരൂര്‍ ശശി നടത്തിയിരുന്ന സിന്ദൂരം വാരികയില്‍ അക്കാലത്ത് പി.ആര്‍.ശ്യാമളയുടെ ദുര്‍ഗ്ഗം എന്ന നോവല്‍ പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചു. അന്നുമുതല്‍ തുടങ്ങിയ പരിചയം പിന്നീട് വിവാഹത്തില്‍ എത്തിചേര്‍ന്നു.ഏതാണ്ട് അറുപതിനോടടുത്ത നോവലുകള്‍ പി.ആര്‍.ശ്യാമള എഴുതി.ഇനിയും പ്രസിദ്ധീകരിക്കാത്ത നോവലും ഉണ്ട് ഈ കഥാകാരിയുടെ നോവലുകളില്‍. ആകാശവാണിയില്‍ നിരവധി പരിപാടികളുടെ അവതാരകയായിരുന്നു.പല വാരികകളിലും ശാന്ത പുഷ്പഗിരി എന്ന തൂലികാനാമത്തില്‍ പാചകക്കുറിപ്പുകളും എഴുതിയിരുന്നു.ട്രയല്‍ വാരികയില്‍ അക്കാലത്ത് എഴുതിയ അറിയപ്പെടാത്ത പീഡനങ്ങള്‍ എന്ന പരമ്പര വളരെയധികം ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. പൂന്തോട്ടങ്ങള്‍ നിര്‍മ്മിക്കുകയും പൂക്കളെ സംരെക്ഷിക്കുകയും ചെയ്യുന്നത് ഈ കഥാകാരിയുടെ പ്രധാന ഹോബി ആയിരുന്നു.
പി.ആര്‍.ശ്യാമളയുടെ എന്നെ ആകര്‍ഷിച്ച നോവല്‍ ആണ് ''നിറയും പുത്തരിയും''. തിരുവനന്തപുരം നഗരത്തിന്‍റെ ഒരു നൂറ്റാണ്ടിന്‍റെ ചരിത്രപശ്ചാത്തലത്തില്‍ രചിച്ച ഈ നോവലില്‍ പ്രധാന കഥാപാത്രമായ അച്യുതന്‍ പി.ആര്‍.ശ്യാമളയുടെ അച്ഛന്‍ ആട്ടറ പരമേശ്വരൻപിള്ള തന്നെയാണ്.സ്വന്തം അച്ഛന്റെ ജീവിതത്തിലൂടെ തിരുവനന്തപുരം എന്ന നഗരത്തിന്‍റെ ജീവിതസ്പന്ദങ്ങളേയും ജനാധിപത്യപരിവര്‍ത്തനത്തിന്‍റെ ആദ്യഉദയ കിരണങ്ങളെയും ആവിഷ്ക്കരിക്കുക മാത്രമല്ല ആ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാത്ത ചിലരുടെയെങ്കിലും മനസ്സുകളെ തുറന്നുകാണിക്കാനും ശ്രമിക്കുന്നു നമ്മുടെ പ്രിയ കഥാകാരി.രാജഭരണം ജനകീയഭരണത്തിന് വഴിമാറുന്ന ദശാസന്ധി സുന്ദരമായി നമുക്ക് ഈ നോവലിലൂടെ അനുഭവപ്പെടും.
ഒരുകാലത്ത് വിത്തും വിതയും കൊണ്ട് സമ്പന്നമായിരുന്ന പുത്തരിക്കണ്ടം എന്ന പാടശേഖരം ഇന്നത്തെ തിരുവനന്തപുരം സ്നേഹിതര്‍ക്ക് ഒന്ന് ഓര്‍ത്തുനോക്കാനോ സങ്കല്പ്പിക്കാനോ കഴിയുമോ.നിറയും പുത്തരിയും ആ കാലത്തെ തിരുവനന്തപുരം നമ്മളെ കാണിച്ചുതരുമ്പോള്‍ മകയിരം കായല്‍ എന്ന നോവല്‍ കുട്ടനാടിന്‍റെ പശ്ചാത്തലത്തില്‍ വിടരുന്ന മറ്റൊരു ചരിത്രമാണ്.
നക്ഷത്രങ്ങളുടെ പാട്ട്,ദൂരെ ഒരു തീരം, സമാന്തരം,വല്മീകം തുടങ്ങി നിരവധി നോവലുകള്‍ പി.ആര്‍.ശ്യാമളയെ വായനക്കാരുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ പ്രിയങ്കരിയാക്കി.
സന്ധ്യക്ക് വിരിഞ്ഞ പൂവ് ഉള്‍പ്പെടെ നിരവധി ഹിറ്റ് സിനിമകള്‍ക്ക് കഥ എഴുതിയിട്ടുണ്ട് പി.ആര്‍.ശ്യാമള.മമ്മൂട്ടിയും മോഹന്‍ലാലും സീമയും അംബികയും ഒക്കെ അഭിനയിച്ച അന്നത്തെ ഹിറ്റ് സിനിമയായിരുന്നു സന്ധ്യക്ക് വിരിഞ്ഞ പൂവ്.അതേ പേരിലുള്ള പി.ആര്‍.ശ്യാമളയുടെ ഒരു നോവല്‍ ആണ് ഈ സിനിമ.തിരക്കഥ എഴുതിയതോ നമ്മുടെ പ്രിയപ്പെട്ട തോപ്പില്‍ ഭാസിയും.
കേരള സാഹിത്യഅക്കാദമിയിലും സാഹിത്യപ്രവര്‍ത്തകസഹകരണസംഘത്തിലും എന്തിന് കേരള ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡ് ഉപദേശകസമതിയിലും സജീവമായി പ്രവര്‍ത്തിച്ച പി.ആര്‍.ശ്യാമള മലയാളസാഹിത്യത്തില്‍ ഒരു നിറവിളക്കായി തെളിഞ്ഞു കത്തി നില്‍ക്കുമ്പോള്‍ ആണ് നമ്മളെ വിട്ടുപിരിഞ്ഞത്. പൂന്തോട്ടങ്ങളെയും അതിലെ ഓരോ കുഞ്ഞുപൂക്കളെപ്പോലും സ്നേഹിച്ചിരുന്ന ഈ സംഗീതരാഗം നിശബ്ദമാകുമ്പോള്‍ അന്നത്തെ പത്രത്തില്‍ മറ്റൊരു പ്രധാന വാര്‍ത്തയും ഉണ്ടായിരുന്നു.പി.ആര്‍.ശ്യാമളയെ കേന്ദ്ര ചലച്ചിത്ര സെന്‍സര്‍ബോര്‍ഡ് ഉപദേശകസമിതിയിലേക്ക് തൊട്ടുമുന്‍പുള്ള ദിവസം നാമനിര്‍ദ്ദേശം ചെയ്തിരുന്നു എന്നതായിരുന്നു ആ വാര്‍ത്ത.
0 അഭിപ്രായങ്ങള്‍