Ticker

6/recent/ticker-posts

തിരിച്ചറിവ്@ലിജീഷ് പള്ളിക്കര

തിരിച്ചറിവ്@ലിജീഷ് പള്ളിക്കര
---------------------------------------------------
കവിതയ്ക്ക് ലക്ഷ്യബോധമുണ്ടാകണമെന്നും അതിന് പേരിന് മാത്രമല്ല നേരായ അച്ചുകൂടമുണ്ടാകണമെന്നും നിർബന്ധമുള്ള ആളാണ് യുവകവികളിൽ ശ്രദ്ധേയനായ ശ്രീ.ലിജീഷ് പള്ളിക്കര.കവിത കാലങ്ങളോളം കനൽവഴി ഏറെ നടന്നിട്ടും കാലത്തോട് കവിത പല തവണ കലഹിച്ചിട്ടും ലിജീഷ് നിർബന്ധബുദ്ധികളിൽ നിന്നും അണുവിട ചലിക്കാതെ നടന്നത് കവിതയോടുള്ള ആരാധനയും സ്നേഹവും കൊണ്ടാണ്.ആർക്കും കൈയ്യിലെടുത്ത് കിളയ്ക്കാൻ പരുവത്തിലുള്ള മുനതേഞ്ഞ കൈക്കോട്ടല്ല കവിത എന്ന് ലിജീഷ് ഉറപ്പിച്ചു വിശ്വസിക്കുന്നു.അതുകൊണ്ടുതന്നെ തന്റെ രചനകളിലൊക്കെ മൂർച്ചയുള്ള തിളക്കം നിലനിർത്താൻ ലിജീഷ് ശ്രമിക്കാറുണ്ട്.ആ തിളക്കം വായനക്കാരന് ഒരിക്കൽ കൂടി പകർന്നു നൽകുന്നു നീലാംബരിയിൽ എഴുതിയ ''തിരിച്ചറിവ്'' എന്ന കവിത.
സർക്കസ് കൂടാരത്തിലെ കോമാളികൾ കാണികൾക്ക് നേരേ വലിച്ചെറിയുന്ന മാന്ത്രികവളയങ്ങളല്ല കവിത എന്ന് ഈ വിഷയം ലിജീഷ് കൈകാര്യം ചെയ്ത രീതിയിൽ നിന്നും നമുക്ക് മനസിലാകും.
മനുഷ്യൻ എന്ന വാക്കിന്റെ നിർവ്വചനം ബ്രാഹ്മണൻ ക്ഷത്രിയൻ വൈശ്യൻ ശൂദ്രൻ എന്ന ജാതികളും അതിന്‍റെ ഉപജാതികളുമാണെന്ന് വിശ്വസിക്കുന്ന ഒരു ന്യൂനപക്ഷമുണ്ട് ഇന്നും ഈ സമൂഹത്തിൽ.ആ പക്ഷത്തിനെതിരെ ചൂണ്ടുവിരൽ ചൂണ്ടുകയാണ് തിരിച്ചറിവിന്റെ കവിത.പറയിപെറ്റ പന്തിരുകുലത്തിന്റെ ആത്മീയ സാരാംശം അറിഞ്ഞ കവിക്ക് ആ ന്യൂനപക്ഷത്ത് നിൽക്കാൻ കഴിയില്ലല്ലോ.അതുകൊണ്ടാണ് കവിത അവസാനിപ്പിച്ച കവിയുടെ ചോദ്യം എന്നെ ചിന്തിപ്പിച്ചതും ആകർഷിച്ചതും.
''പറയിപെറ്റവൻ ഞാൻ പറയനോ മനുഷ്യനോ....?''
ഈ ചോദ്യത്തിന് മനുഷ്യന്റെ തിരിച്ചറിവോളം പ്രായമുണ്ട്.ചില ചോദ്യങ്ങൾ ഉത്തരത്തോടെ അവസാനിക്കും.എന്നാൽ ചിലത് എത്ര ഉത്തരങ്ങൾ കൊണ്ടും തൃപ്തിവരാതെ നമുക്കിടയിൽ കത്തിച്ചുവിട്ട വെടിമരുന്ന് പോലെ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കും.ആ ചോദ്യമാണ് പന്തിരുകുലം എന്ന മിത്ത് നമുക്ക് നൽകിയതും ലീജീഷ് കവിതയിലൂടെ നമ്മളോട് ചോദിച്ചതും.ഇന്നും ഉത്തരം തേടുന്ന ചോദ്യമായി അത് നമുക്ക് മുന്നിലുണ്ട്‌.
''യജ്ഞോപവീതം പരമം പവിത്രം....'' എന്ന ഉപനയനമന്ത്രത്തിന്റെ ആദ്യശ്ലോകത്തിനെ മുന്നിൽ വെച്ച് തുടങ്ങുന്ന കവിത തുടർന്ന് മനുസ്മൃതിയുടെ താളുകളും പറയിപെറ്റ പുരാണവും പറഞ്ഞ് ഒടുവിൽ മനുഷ്യൻ എന്ന ശരിയായ സത്യത്തിലെത്തുന്നു.യജ്ഞോപവീതം എന്നാൽ ഉപനയനസംസ്ക്കാരത്തിന്റെ അടയാളമാണ്.അത് ശരീരത്തെ രണ്ടായി ഭാഗിക്കുന്ന പൂണൂലാണ്.ഈ അടയാളത്തിന് മനുഷ്യന്റെ രണ്ട് ജന്മങ്ങൾ എന്നാണ് അർത്ഥം.ജന്മത്തെ രണ്ടായിത്തിരിക്കുന്നത് വിദ്യാരംഭത്തിന്റെ അടിസ്ഥാനത്തിലുമാണ്.പഠനത്തിന് മുൻപുള്ള ജന്മവും പഠനത്തിന് ശേഷമുള്ള ജന്മവും എന്ന് വിവക്ഷ.
എന്നാൽ ഇന്നത്തെ അവസ്ഥ എന്താണ്.എല്ലാം പഠിച്ചു കഴിഞ്ഞു എന്ന് അവകാശപ്പെടുന്ന മനുഷ്യൻ ജാതിയുടേയും മതത്തിന്റെയും പേരിൽ പരസ്പരം ചേരിതിരിഞ്ഞ് നിന്ന് പോരടിക്കുന്നു.അത് കണ്ട് കരൾ ഉരുകുന്ന കവിയുടെ രോഷം ഈ കവിതയിൽ കാണാം.മനുഷ്യൻ ഒരു വർഗ്ഗമാണെന്നും അവന് ജാതിയോ ഉപജാതിയോ ഇല്ലെന്നും തെളിയിക്കാൻ ലിജീഷ് ബലമായി പിടിച്ചത് പന്തിരുകുലത്തിന്റെ മാഹാത്മ്യം തന്നെയാണ്.സത്യസന്ധമായി പറഞ്ഞാൽ ജാതിമതചിന്തകൾക്ക് എതിരായ നമ്മുടെ ചിന്തകളുടെയും നൂറ്റാണ്ടുകളായി ഉള്ള സമരങ്ങളുടേയും മാനിഫെസ്‌റ്റോ തന്നെയാണ് ഈ മിത്ത് എന്ന് പറയാം.കഥയ്ക്ക് ചില പ്രാദേശികന്യൂനതകൾ ഉണ്ടെങ്കിലും മലയാളി അത് അല്പം അഹങ്കാരത്തോടെ ഉയർത്തിപ്പിടിക്കുന്നുണ്ട്.
ഇന്നത്തെ മദ്ധ്യപ്രദേശിലെ അന്നത്തെ ഉജ്ജയിനിയുടെ രാജാവ് വിക്രമാദിത്യൻ രാമായണത്തിന്റെ പ്രധാനവാക്യം തേടി മലയാളക്കരയിലെ വരരുചിയിൽ എത്തിയതിന് യുക്തിഭംഗം ആരോപിക്കുന്നവർ ഉണ്ട്.വിക്രമാദിത്യൻ എന്ന പേരിൽ നിരവധി രാജാക്കൻമാർ ഉജ്ജയിനി ഉൾപ്പെടുന്ന പ്രദേശങ്ങൾ ഭരിച്ചിരുന്നതിനാൽ കൃത്യമായ ഒരു വരരുചിക്കാലം ഗണിച്ചെടുക്കാനും പ്രയാസം.എന്നാലും ക്രിസ്തുവിന് ശേഷമുള്ള തൊട്ടടുത്ത നൂറ്റാണ്ടുകളിലാണ് ഈ പന്തിരുകുലത്തിന്റെ പിറവി എന്ന് അനുമാനിക്കാം.'രാമം ദശരഥം വിദ്ധി...' എന്ന ശ്ലോകവും അതിനോടൊപ്പം തന്റെ നിയോഗവും വനദേവതമാരിൽ നിന്നും സമ്പാദിച്ച വരരുചി ശ്ലോകം രാജാവിന് നൽകി പട്ടും വളയും നേടുകയും പറയിപ്പെണ്ണിനെ വിവാഹം കഴിക്കാനുള്ള നിയോഗത്തിൽ നിന്നും രക്ഷപെടാൻ മലയാളക്കരയിലേക്ക് ഒളിച്ചോടുകയും ചെയ്തു എന്ന കഥയിൽ നിന്നും അന്നത്തെ ജാതിവ്യവസ്ഥയുടെ നിയമങ്ങൾ നമുക്ക് ഊഹിക്കാവുന്നതാണ്.അത് കേരളത്തിലെന്നല്ല ഇന്ത്യ മുഴുവൻ നിലനിന്ന ആചാരങ്ങളുടെ പട്ടികയിൽ പെടും.അതിന് ബദലായി മലയാളം മെനഞ്ഞെടുത്ത കഥയിലെ നായകൻമാരാണ് പന്തിരുകുലത്തിലെ പതിനൊന്ന് വീരൻമാരും കാരയ്ക്കലമ്മയും.ഇനി ഭൂമിശാസ്ത്രപരമായി പരിശോദിച്ചാൽ വരരുചിയും പഞ്ചമിയും വിവാഹം കഴിഞ്ഞ് നമ്മുടെ സ്വന്തം നിളയുടെ തീരത്തുകൂടിയാണ് യാത്ര ചെയ്തിരുന്നതെന്ന് കാണാം.കാരണം പന്തിരുകുലത്തിലെ ഒന്നാമനായ മേഴത്തോൾ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് എന്ന അഗ്നിഹോത്രി മുതൽ വായില്ലാക്കുന്നിലപ്പൻവരെയുള്ള എല്ലാവരേയും നമ്മൾ കാണുന്നത് ഇന്നത്തെ പാലക്കാട് ജില്ലയുടെ പരിസരങ്ങളിലും നിളയുടെ തീരങ്ങളിലുമാണ്.
വായില്ലെങ്കിലും വായില്ലാകുന്നിലപ്പൻ അടക്കം പഞ്ചമിയുടെ മക്കളെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രഗത്ഭരുമാണ്.അതു മാത്രമല്ല അവരവരുടെ ജന്മരഹസ്യമറിയാവുന്ന വരുമാണ്.പറയിയുടെ ഗർഭപാത്രത്തിൽ ജനിച്ചിട്ടും ബ്രാഹ്മണൻ എടുത്തു വളർത്തിയ മേഴത്തോളിന് അഗ്നിഹോത്രങ്ങൾ നടത്താൻ അന്ന് ഒരു തടസവും ഉണ്ടായില്ല.മാത്രമല്ല അറിയാതെയെങ്കിലും പറയിപ്പെണ്ണിനെ ഭാര്യയാക്കിയതിൽ മനംനൊന്ത് സ്വസമുദായത്തിൽ നിന്നും സ്വയം ഭ്രഷ്ട് കല്പിച്ച് പടിയിറങ്ങി പിന്നെ മരണം വരെ അബ്രാഹ്മണനായി ജീവിച്ച വരരുചിയുടെ മകന് അഗ്നിഹോത്രയാഗങ്ങളുടെ ചക്രവർത്തിപദം നൽകി ആദരിച്ച് അദ്ദേഹത്തെ അഗ്നിഹോത്രിയാക്കിയതും സമൂഹമാണ്. അച്ഛന്റെ ശ്രാദ്ധത്തിന് എത്തിച്ചേരാൻ കഴിയാത്ത വായില്ലാക്കുന്നിലപ്പൻ ഒഴികെ മറ്റെല്ലാ ജാതിക്കാരും മേഴത്തോൾ ഇല്ലത്ത് ഒത്തുകൂടുന്നതായും പന്തിരുകുല ചരിത്രം പറയുന്നു.
മധുസൂദനൻ നായരുടെ നാറാണത്ത് ഭ്രാന്തൻ എന്ന കവിതയിൽ
''ചാത്തമൂട്ടാനൊത്തുചേരുമാറുണ്ടെങ്ങൾ
ചേട്ടന്റെ ഇല്ലപ്പറമ്പിൽ.....'' എന്ന വരികളിലെ 'ചേട്ടൻ' പ്രയോഗം ശ്രദ്ധിക്കുക.വ്യത്യസ്ത ജാതിയിൽ വളർന്നിട്ടും അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന പഞ്ചമിയുടെ ഗർഭപാത്രത്തിനാണ് പന്തിരുകുലമഹിമയിൽ പ്രാമുഖ്യം.അല്ലാതെ വരരുചിയുടെ പിതൃത്വത്തിനല്ല എന്നതാണ് വ്യക്തം.
ഈ കഥയിലെ അഗ്നിഹോത്രിയെ ഹൃദയപക്ഷത്തുനിർത്തിയാണ് ലിജീഷ് പള്ളിക്കര തിരിച്ചറിവ് എന്ന കവിതയുടെ കാമ്പ് കടഞ്ഞെടുത്തത്. അഗ്നിഹോത്രം പൂർണ്ണമാക്കിയ മേഴത്തോൾ തിരുമേനിയുടെ പിൻതലമുറക്കാരിലൊരാൾക്ക് തോന്നുന്ന ഹൃദയവികാരത്തിന്റെ രൂപത്തിലാണ് കവിതയുടെ പുരോഗതി. കുറവനും പറയനും പുലയനും ഭ്രാന്തനും മൂകനും ബധിരനും അങ്ങനെ നാനാജാതിയും ചേരുന്ന മനുഷ്യൽ ഒരൊറ്റ ജാതിയാണെന്ന് അഗ്നിഹോത്രി സ്വന്തം ഭാര്യയെ ബോധ്യപ്പെടുത്തുന്ന ഐതിഹ്യകഥയിലൂടെ ഈ കാലത്തോട് ലിജീഷ് ചോദിക്കുന്ന ചോദ്യം പ്രസക്തമാണ്.അച്ഛന്റെ ജാതിയുടെ പേരിലോ അതോ അമ്മയുടെ വർഗ്ഗത്തിന്റെ പേരിലോ ഈ മനുഷ്യൻ ഇനി മുതൽ അറിയപ്പെടണം എന്ന ചോദ്യം ഈ കാലഘട്ടത്തിൽ ഒരു തവണ ചോദിച്ചാൽ പോര.
ജാതിയുടെ പേരിലുള്ള കലാപങ്ങൾ നമ്മുടെ നാട്ടിൽ മാത്രമല്ല ലോകത്ത് ആകമാനം കൊടികുത്തി വാഴുമ്പോൾ ഈ ചോദ്യം ഒരു പുതിയ ചിന്തയുടെ കൊടിനാട്ടുന്നു എന്നതാണ് ലിജീഷ് പള്ളിക്കരയുടെ 'തിരിച്ചറിവ്' എന്ന കവിതയുടെ പ്രസക്തി..
തിരിച്ചറിവ്-ലിജീഷ് പള്ളിക്കര
...........................................................
ഓം യജ്ഞാേപവീതം പരമം പവിത്രം
പ്രജാപതേര്യൽ സഹജം പുരസ്താൽ
ആയുഷ്യമഗ്ര്യം പ്രതിമുഞ്ചശുഭ്രം
യജ്ഞാേപവീതം ബലമസ്തുതേജഃ
മൂന്നായിമടക്കി പവിത്രക്കെട്ടിനാൽ ബന്ധിച്ച
യജ്ഞസൂത്രമെൻ നെഞ്ചിൻ കുറുകേ .
അച്ഛന്റെ താവഴിപ്പഴമയിൽ
ആദിശങ്കരൻതന്നുടെ ഗുരുവാം
ബ്രാഹ്മണശേഷ്ഠനാം
വരരുചിയുടെ പിന്മുറക്കാരൻ
ഉപനയനം കഴിഞ്ഞൊരു ബ്രാഹ്മണൻ ഞാൻ .
വിക്രമാദിത്യ രാജസദസ്സിൽ
മാം വിദ്ധി ശ്ലോകംതേടി -
യൂഴിയിലൂടലഞ്ഞവനെന്റെ താതൻ .
"മേഴത്തോളഗ്നിഹോത്രീ
രജകനുളിയനൂർ -
ത്തച്ചനും പിന്നെ വള്ളോൻ
വായില്ലാക്കുന്നിലപ്പൻ
വടുതല മരുവും
നായർ കാരയ്ക്കൽ മാത
ചെമ്മേ കേളുപ്പുകൂറ്റൻ
പെരിയതിരുവര-
ങ്കത്തെഴും പാണനാരും
നേരെ നാരായണഭ്രാന്തനു -
മുടനകവൂർ -
ചാത്തനും പാക്കനാരും ''
പുണ്യനൂലിൽ പരബ്രഹ്മത്തിൻ നടുക്കെട്ടിൽ
തെരുപ്പിടിപ്പിച്ചുകൊണ്ടെപ്പൊഴും
ഭ്രാതാക്കളെ തള്ളിക്കളഞ്ഞു
അച്ഛന്റെ കടിഞ്ഞൂലാം
മേഴത്തോൾ അഗ്നിഹോത്രിക്കു -
പിന്മുറക്കാരനെന്നു ഞാൻ ചൊല്ലുന്നു .
കുലമഹിമച്ചെങ്കോലുപേറുന്ന
ബ്രഹ്മമറിഞ്ഞൊരു ബ്രാഹ്മണൻ ഞാൻ .
പെരുമയുടെ ചെങ്കോലുപേറുന്നനേരം
അമ്മയുടെ കുലമൊന്നു തിരഞ്ഞു
ഒരു മാത്ര ഞെട്ടിത്തരിച്ചുപോയ്
പഞ്ചമി വെറുമൊരു പറയിപ്പെണ്ണോ ?
പന്തം തലയിൽത്തറച്ചു ,
പിണ്ടിച്ചങ്ങാടത്തിലൊഴുക്കിവിട്ടിട്ടും
നരിപ്പറ്റമനയിലോമനയായി .
ഭീഷ്മാഷ്ടമിനാളിലച്ഛന്റെ ശ്രാദ്ധത്തിനൊത്തുകൂടൽ
നീചജാതിക്കാരച്ഛനൊപ്പമോ ?
എന്റെ ചിന്തതന്നെയാ പത്നിക്കും .
നിശയിലൊരു സംശയ നിവാരണം
അഗ്നിഹോത്രിയെ തൊട്ടു വാമഭാഗം
ഫണംവിടത്തിയാടുമനന്തനുമുകളിൽ
ശംഖ,ചക്ര,ഗദാ, പത്മധാരികൾ
സുഖനിദ്രയിലമരുന്ന കാഴ്ചകണ്ടു .
നെഞ്ചിൻ കുറുകെയൊരു പൂണൂലെൻ -
കണ്ണുമറയ്ക്കും കരിമ്പടമെങ്കിൽ
പെട്ടിച്ചൂഴിയിലെറിയുന്നു ഞാൻ.
ബ്രാഹ്മണൻ ഞാനെങ്കിലെൻ
ഭ്രാതാക്കളും ഭ്രാഹ്മണർ
പാതിമെയ് വരരുചിയെങ്കിൽ
പാതിമെയ് പറയിപ്പെണ്ണുതന്നെ .
ബ്രഹ്മജ്ഞാനമേറും ഗുരുക്കളേ ചൊല്ലൂ
പറയിപെറ്റവൻ ഞാൻ പറയനോ മനുഷ്യനോ ?
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍